മിസ് കുമാരി
മിസ് കുമാരി | |
---|---|
![]() | |
ജനനം | ത്രേസ്യാമ്മ തോമസ് ജൂൺ 1, 1932 |
മരണം | ജൂൺ 9, 1969 | (പ്രായം 37)
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1949 - 1969 |
ജീവിതപങ്കാളി(കൾ) | ഹോർമിസ് തളിയത്ത് |
കുട്ടികൾ | ജോണി തളിയത്ത്, തോമസ് തളിയത്ത്, ബാബു തളിയത്ത് |
ഒരു ആദ്യകാല മലയാളചലച്ചിത്ര അഭിനേത്രിയായിരുന്നു മിസ് കുമാരി.[1] 1940 മുതൽ 1960 വരെയായിരുന്നു മലയാളചലച്ചിത്രവേദിയിൽ ഇവർ സജീവമായി പ്രവർത്തിച്ചിരുന്നത്.[2]
ജീവചരിത്രം[തിരുത്തുക]
കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് 1932 ജൂൺ 1-ന് കൊല്ലംപറമ്പിൽ തോമസ് - ഏലിക്കുട്ടി ദമ്പതികളുടെ മകളായി പിറന്നു. മിസ് കുമാരിയുടെ യഥാർത്ഥനാമം ത്രേസ്യാമ്മ തോമസ് എന്നായിരുന്നു. ഭരണങ്ങാനം ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സിസ്റ്റേഴ്സ് നടത്തുന്ന പെൺകുട്ടികൾക്കുള്ള സ്കൂളായ ഭരണങ്ങാനം സേക്രഡ് ഹാർട്ട്സ് ഹൈസ്കൂളിൽ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പഠനത്തിന് ശേഷം അതേ സ്കൂളിൽ തന്നെ അദ്ധ്യാപികയായി ജോലി ചെയ്തു. ഉദയാ സ്റ്റുഡിയോ ആദ്യമായി നിർമ്മിച്ച് 1949-ൽ പുറത്തിറങ്ങിയ വെള്ളിനക്ഷത്രം എന്ന ചിത്രത്തിലൂടെയാണ് മിസ് കുമാരി മലയാളചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. ഈ ചിത്രം പരാജയപ്പെട്ടു. ഉദയായുടെ രണ്ടാം ചിത്രമായ നല്ലതങ്കയിൽ ത്രേസ്യാമ്മയായിരുന്നു നായിക. അതിന്റെ നിർമാതാക്കളിലൊരാളായ കെ.വി. കോശിയാണ് മിസ് കുമാരി എന്ന പേരു നൽകിയത്. നല്ല തങ്കയിലൂടെ ഇവർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. പിതാവ് തോമസിന്റെ കലാരംഗത്തെ സൗഹൃദങ്ങളാണ് ഇവരെ ചലച്ചിത്രമേഖലയിലേക്ക് എത്തിച്ചത്. 1963 ഫെബ്രുവരി 7-ന് എറണാകുളം സ്വദേശിയായ ഫാക്ട് കെമിക്കൽ എഞ്ചിനീയർ ഹോർമിസ് തളിയത്തുമായുള്ള വിവാഹശേഷം കുറച്ചു കാലം സിനിമയിൽ നിന്നു വിട്ടു നിന്നു.
1954-ൽ സത്യൻ നായകനായി പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിലൂടെ മിസ് കുമാരി ശ്രദ്ധേയ താരമായി മാറി. 50-ലധികം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 1969 ജൂൺ 9-ന് 37-ആം വയസ്സിൽ രോഗബാധയാൽ അന്തരിച്ചു.[3] 1984 ൽ ഭരണങ്ങാനത്തെ തറവാട്ടു വീടിനോടു ചേർന്ന് സ്ഥാപിച്ച മിസ് കുമാരി മിനി സ്റ്റേഡിയം പ്രേംനസീർ ഉദ്ഘാടനം ചെയ്തു. നടിയുടെ ഓർമ്മക്കായി അൽഫോൻസാമ്മയുടെ പള്ളിക്കു മുന്നിലെ റോഡിന‌് 2019-ൽ മിസ‌് കുമാരി റോഡ‌് എന്നു പേരു നൽകി.
മരണം[തിരുത്തുക]
ആത്മഹത്യചെയ്തുവെന്നും കാപ്പിയിൽ വിഷം ചേർത്ത് കൊന്നതാണെന്നും തുടങ്ങി പല ദുരൂഹകാരണങ്ങളും അക്കാലത്ത് സംശയിക്കപ്പെട്ടു. അവരുടെ ഭർത്താവിനെതിരെ പോലും സംശയം ഉയർന്നിരുന്നു.[4] വയറുവേദനയെ തുടർന്നാണ് മിസ്‌കുമാരിയുടെ മരണമെന്ന് അക്കാലത്തു പുറത്തു വന്ന മാധ്യമങ്ങളിൽ എഴുതിയിരുന്നു.[5] മിസ് കുമാരിയുടെ മൃതദേഹം മരണശേഷം ഒരു വർഷത്തിനു കഴിഞ്ഞ് പുറത്തെടുത്ത് പരിശോധിച്ചിരുന്നു. മൃതദേഹം അഴുകിയിരുന്നില്ലെന്നും അതിനുള്ള കാരണമെന്തെന്നും ബി. ഉമാദത്തൻ എന്ന പോലീസ് സർജന്റെ ‘ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ’ എന്ന പുസ്തകത്തിലുണ്ട്. മിസ് കുമാരിയുടെ മരണം കൊലപാതകമാണെന്ന ആരോപണം പോലീസിന്റെ അന്വേഷണത്തിൽ തെളിയിക്കാൻ സാധിച്ചില്ല.[6]
ചലച്ചിത്രങ്ങൾ[തിരുത്തുക]
വർഷം | ചലച്ചിത്രം | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
1963 | സ്നാപകയോഹന്നാൻ | മിറിയം | |
1962 | സ്നേഹദീപം | ലക്ഷ്മി | |
1962 | ദക്ഷയാഗ്നം | ||
1961 | ഭക്തകുചേല | സുശീല | |
1961 | മുടിയനായ പുത്രൻ | ചെല്ലമ്മ | |
1961 | "ക്രിസ്മസ് രാത്രി" | ആനി | |
1958 | മറിയക്കുട്ടി | മറിയക്കുട്ടി | |
1957 | ജയിൽപ്പുള്ളി | ശാന്ത | |
1957 | പാടാത്ത പൈങ്കിളി | ചിന്നമ്മ | |
1956 | മന്ത്രവാദി | ||
1954 | അനിയത്തി | അമ്മിണി | |
1955 | ഹരിശ്ചന്ദ്ര[7] | ചന്ദ്രമതി | |
1954 | നീലക്കുയിൽ | നീലി | |
1954 | ബാല്യസഖി | ലക്ഷ്മി | |
1954 | അവകാശി | കുമാരി | |
1954 | ശ്രീ കലഹസ്തിശ്വര മഹാത്യം | ഗൗരി | |
1951 | നവലോകം | ദേവകി | |
1950 | നല്ല തങ്ക | നല്ലതങ്ക | |
1941 | ദേവത | ലക്ഷ്മി | |
1940 | സുമംഗലി | സരസ്വതി |
കുടുംബം[തിരുത്തുക]
മിസ്കുമാരി മൂന്നു് ആണ്മക്കൾക്കു് ജന്മം നൽകി: ജോണി തളിയത്ത്, തോമസ് തളിയത്ത്, ബാബു തളിയത്ത്. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ മൗലികതത്വശാസ്ത്രത്തിലും പൂർവ്വാധുനിക ശാസ്ത്രചരിത്രത്തിലും പോസ്റ്റ് ഡോക്ടൊറൽ വിസിറ്റിംഗ് സ്കോളർ ആയിരുന്നു ബാബു തളിയത്തു്. തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ബിരുദമെടുത്തതിനുശേഷം അദ്ദേഹം ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽനിന്നും ജെർമ്മൻ സാഹിത്യത്തിലും തുടർന്നു് ജെർമ്മനിയിലെ ഫ്രെയ്‌ബുർഗ് സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിലും യൂറോപ്യൻ നവോത്ഥാന കലാചരിത്രത്തിലും ഡോക്ടറേറ്റ് കരസ്ഥമാക്കി. അടിസ്ഥാനശാസ്ത്രത്തിന്റെ ചരിത്രം, തത്ത്വശാസ്ത്രം എന്നീ രംഗങ്ങളിൽ ലോകത്തിലെ അറിയപ്പെടുന്ന ഒരു പ്രതിഭയാണു് ബാബു. കൂടാതെ, ഭാഷാശാസ്ത്രം, ചലച്ചിത്രം എന്നീ രംഗങ്ങളിലും അദ്ദേഹത്തിന്റേതായി ഗണ്യമായ സംഭാവനകളുണ്ടു്.[8][9][10] മക്കൾ മൂവരും ചേർന്ന് ചില പ്രമുഖ വ്യക്തികളുടെ സഹകരണത്തോടെ പാലായിൽ മിസ് കുമാരി ഫൗണ്ടേഷൻ രൂപീകരിച്ചിട്ടുണ്ട്.[11]
പുരസ്കാരങ്ങൾ[തിരുത്തുക]
നീലക്കുയിലിലെ അഭിനയത്തിന് ചിത്രത്തിനു രാഷ്ട്രപതിയുടെ വെള്ളി മെഡൽ ലഭിച്ചു.[11] മദ്രാസ‌് ഫിലിം ഫെയർ അസോസിയേഷൻ മികച്ച നടിക്കുള്ള വെള്ളിയിലും പിച്ചളയിലും തീർത്ത ശിൽപങ്ങൾ നൽകി ആദരിച്ചു.
അവലംബം[തിരുത്തുക]
- ↑ "NALLA THANKA 1950". മൂലതാളിൽ നിന്നും 2010-09-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-20.
- ↑ "എല്ലാരും ചൊല്ലണ്... മിസ് യു കുമാരി". മനോരമ. മൂലതാളിൽ നിന്നും 28 ജൂലൈ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ജൂലൈ 2019.
- ↑ "ആദ്യകാല നടി മിസ് കുമാരിയുടെ ഓർമകൾക്ക് അമ്പതാണ്ട്". മാതൃഭൂമി. മൂലതാളിൽ നിന്നും 28 ജൂലൈ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ജൂലൈ 2019.
- ↑ "മിസ് കുമാരി: നീലക്കുയിലിൻറെ ഓർമ്മ". മലയാളം വെബ്ദുനിയ. ശേഖരിച്ചത് 28 ജൂലൈ 2019. Check
|archiveurl=
value (help) - ↑ "ആരാധകരെ ഞെട്ടിച്ച സിനിമയിലെ ദുരൂഹമരണങ്ങൾ". ഈസ്റ്റ് കോസ്റ്റ് ഡെയിലി. മൂലതാളിൽ നിന്നും 28 ജൂലൈ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ജൂലൈ 2019.
- ↑ "മിസ് കുമാരി മുതൽ ചാക്കോ വധം വരെ...ഡോ. ബി. ഉമാദത്തൻ കുറ്റാന്വേഷകരുടെ വഴികാട്ടി". മാതൃഭൂമി. മൂലതാളിൽ നിന്നും 28 ജൂലൈ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ജൂലൈ 2019.
- ↑ "HARISHCHANDRA 1955". The Hindu. Chennai, India. 3 January 2009. മൂലതാളിൽ നിന്നും 2011-10-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-02-04.
- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/living-a-legacy-on-screen/article2803139.ece
- ↑ http://www.babu-thaliath.com/
- ↑ http://hu-berlin.academia.edu/babuthaliath
- ↑ 11.0 11.1 "'മിസ് കുമാരി' വിട പറഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട്, നീലക്കുയിലിന്റെ ഓർമ്മ". മൂലതാളിൽ നിന്നും 28 ജൂലൈ 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ജൂലൈ 2019.