Jump to content

ദേശാടനം (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേശാടനം
സംവിധാനംജയരാജ്
നിർമ്മാണംജയരാജ്
കഥശ്രീകുമാർ അരൂക്കുറ്റി
തിരക്കഥമാടമ്പ് കുഞ്ഞുക്കുട്ടൻ
അഭിനേതാക്കൾമാസ്റ്റർ കുമാർ
വിജയരാഘവൻ
മിനി നായർ
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി
സംഗീതംകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംബി. ലെനിൻ
വി. റ്റി. വിജയൻ
റിലീസിങ് തീയതി1996
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം95 മിനിറ്റുകൾ

ജയരാജ് സംവിധാനം നിർവഹിച്ച് 1997 -ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദേശാടനം. സംസ്ഥാന-ദേശീയപുരസ്കാരങ്ങൾ ഈ ചിത്രം സ്വന്തമാക്കി. അതുവരെ വാണിജ്യ ചലച്ചിത്രങ്ങളുടെ സംവിധായകനെന്ന് പരക്കെ അറിയപ്പെട്ടിരുന്ന ജയരാജ്, തന്റെ മുൻചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ചുരുങ്ങിയ ചെലവിൽ, താരബാഹുല്യമില്ലാതെ നിർമിച്ച ചലച്ചിത്രമാണ് ഇത്. 'ന്യൂ ജനറേഷന്റെ' ബാനറിൽ ജയരാജ് നിർമ്മാണവും സംവിധാനവും നിർവഹിച്ച ഈ ചിത്രം സന്ന്യാസത്തിലേക്ക് ദത്തെടുക്കപ്പെട്ട ഒരു നമ്പൂതിരിബാലന്റെ കഥ പറയുന്നു. ജനപ്രീതിയും കലാമൂല്യവും ഒത്തിണങ്ങിയ ഈ ചിത്രം ചെലവുകുറഞ്ഞ ദീപവിതാന-നിർമ്മാണ പ്രക്രിയകളാൽ ചരിത്രത്തിൽ ഇടം നേടുകയുണ്ടായി. ഈ ചിത്രത്തിൽ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മിനി നായർ, മാസ്റ്റർ കുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇതിവൃത്തം

[തിരുത്തുക]

പാച്ചു എന്ന പരമേശ്വരനാണ് ഇതിലെ പ്രധാന കഥാപാത്രം. വേദപഠനത്തിൽ അസാമാന്യ ജ്ഞാനം കൈവരിക്കാൻ കഴിഞ്ഞ പാച്ചു ബാല്യത്തിൽത്തന്നെ കടവല്ലൂർ അന്യോന്യത്തിൽ കടന്നിരുന്നു. പാച്ചുവിന്റെ ഈ സിദ്ധിയുടെ അപൂർവനേട്ടം അവന്റെ വീട്ടുകാർക്കും നാട്ടുകാർക്കും ഏറെ അഭിമാനിക്കാൻ വകയായി. സ്വാമിയാർ മഠത്തിലെ നിലവിലുള്ള സന്ന്യാസിയുടെ കാലം കഴിയാറായതിനാൽ ഭാവിയിൽ മഠാധിപതിയാകാൻ ഒരു കുട്ടിയെ ദത്തെടുക്കണം. അതിന് മഠത്തിലെ പ്രമുഖർ കണ്ടെത്തിയത് പാച്ചു എന്ന പരമേശ്വരനെയാണ്. ചെറുമകന് ലഭിച്ച അപൂർവ സൌഭാഗ്യത്തിൽ സന്തോഷിച്ച മുത്തച്ഛന് അതിന് സമ്മതവും അതിൽ അഭിമാനവുമായിരുന്നു. അച്ഛനും അമ്മയ്ക്കും മകനെ നഷ്ടപ്പെടുന്നത് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ചെറുമകൻ തന്നിൽനിന്ന് നഷ്ടപ്പെടുകയാണെന്ന യാഥാർഥ്യം മനസ്സിലാക്കിയ മുത്തച്ഛനും പിന്നീട് ഏറെ വേദനിച്ചു. ആർക്കും തടയാവുന്നതായിരുന്നില്ല അവന്റെ പരിവ്രാജക യോഗം. സന്ന്യാസിമഠത്തിലെ വേദപുരാണങ്ങൾ അഭ്യസിക്കുന്നതിന് പാച്ചു ആനയിക്കപ്പെട്ടു. മതപരമായ ആചാരാനുഷ്ഠാനങ്ങൾ അഭ്യസിക്കുമ്പോഴുള്ള കർക്കശമായ നടപടിക്രമങ്ങൾ പാച്ചുവിന് താങ്ങാനായില്ല. അന്നുവരെ ഉണ്ടായിരുന്ന ജീവിതത്തിലെ എല്ലാ വർണങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമായ മറ്റൊരു സാഹചര്യത്തിലേക്കുള്ള ഒറ്റപ്പെടലിനോട് 'കുഞ്ഞുമഠാധിപതി'ക്ക് ഒട്ടും പൊരുത്തപ്പെടാനായില്ല. പാച്ചു സ്വാഭാവികമായും തിരിച്ചു വീട്ടിലെത്തുന്നു. പക്ഷേ, അവനെ കുടുംബത്തിലെ ആർക്കും കുരുന്നു പൊന്നോമനയായി കാണാൻ മനസ്സുവന്നില്ല. അവൻ അവരുടെയുള്ളിൽ ബഹുമാന്യനായ മഠാധിപതിയാണ്. പാച്ചു ഉത്ക്കടമായ ദുഃഖം ഉള്ളിലൊതുക്കി തിരികെ മഠത്തിലേക്കായി സ്വന്തം വീടിന്റെ പടിയിറങ്ങി.

പുരസ്കാരങ്ങൾ

[തിരുത്തുക]

മികച്ച പ്രാദേശിക ചലച്ചിത്രം, മികച്ച ബാലതാരം, മികച്ച ശബ്ദലേഖനം എന്നിവയ്ക്കുള്ള ദേശീയപുരസ്കാരം ഈ ചിത്രം നേടി.

ശബ്ദട്രാക്ക്

[തിരുത്തുക]

സിനിമയിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകർ നല്ല രീതിയിൽ സ്വീകരിച്ചു. പ്രശസ്ത സംഗീത സംവിധായകൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി അദ്ദേഹം തന്നെ വരികൾ രചിക്കുകയും ചിത്രത്തിൽ ഒരു പങ്ക് വഹിക്കുകയും ചെയ്തു.[1]

Track Song Title Singer(s) Raga
1 "കളിവീടുറങ്ങിയല്ലോ" Dr. കെ. ജെ. യേശുദാസ് മോഹനം
2 "Yathrayayi" Dr. കെ. ജെ. യേശുദാസ്, Chorus Shyama
3 "Engane Njan" Sujatha Mohan ആരഭി
4 "Naava Mukunda Hare" Manju Menon, Deepankuran Bihag
5 "Vettakkoru Makan" Prakash Chandran, Chorus Mukhari
6 "Nanmayerunnoru" Manju Menon
7 "Neelakarmukil" Manju Menon, Kunjanujathi Thamburatti ആരഭി
8 "കളിവീടുറങ്ങിയല്ലോ" Manju Menon മോഹനം
9 "Engane Njan" Dr. കെ. ജെ. യേശുദാസ് ആരഭി
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദേശാടനം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; imdb എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ദേശാടനം_(സിനിമ)&oldid=3385187" എന്ന താളിൽനിന്ന് ശേഖരിച്ചത്