ഗുരുവായൂർ ആനയോട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവാഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങാണ് ഗുരുവായൂർ ആനയോട്ടം. ഉത്സവകാലത്ത് ഭഗവാന്റെ സ്വർണ്ണതിടമ്പ് എഴുന്നള്ളിക്കുന്നതിനുള്ള ആനയെ തിരഞ്ഞെടുക്കുന്നത് ആനയോട്ടത്തിലൂടെയാണ്. ക്ഷേത്രത്തിന്റെ കിഴക്കുള്ള മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ആനയോട്ടം അമ്പലത്തിന്റെ ഉള്ളിൽ ഏഴു പ്രദക്ഷിണത്തോടെ അവസാനിക്കുന്നു. ആദ്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും.

ഐതിഹ്യം[തിരുത്തുക]

ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് കൊടുങ്ങല്ലൂരിലെ തൃക്കണാമതിലകം ശിവക്ഷേത്രത്തിൽ നിന്ന് ആനകളെ കൊണ്ടുവരുമായിരുന്നു. എന്തോ കാരണങ്ങൾകൊണ്ട് ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അന്ന് ഉച്ചയ്ക്കുശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം[1]. ഇതിന്റെ ഓർമ്മയ്ക്കായി എല്ലാവർഷവും ഗുരുവായൂർ ഉത്സവം ആരംഭിക്കുന്നത് ആനയോട്ടത്തോടെയാണ്. ആനകൾ ഓടിവന്ന സമയത്തെ അനുസ്മരിച്ചുകൊണ്ട് ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാണ് ആനയോട്ടം നടത്തുന്നത്.

ആനയില്ലാ ശീവേലി[തിരുത്തുക]

ക്ഷേത്രത്തിൽ ആനയില്ലാതിരുന്ന കാലത്തെ ശീവേലിയെ അനുസ്മരിപ്പിക്കുന്നതാണ് ഉത്സവാരംഭദിവസത്തെ ആനയില്ലാ ശീവേലി. രാവിലത്തെ ശീവേലിക്ക് കീഴ്ശാന്തി ഗുരുവായൂരപ്പന്റെ സ്വർണ്ണതിടന്പ് കൈയിലെടുത്ത് നടന്നാണ് മൂന്നു പ്രദക്ഷിണം വെയ്ക്കുക. അന്നേ ദിവസം ആനയോട്ടം കഴിയുന്നതുവരെ ആനകൾ ക്ഷേത്രപരിസരത്ത് വരരുത് എന്നാണ് വ്യവസ്ഥ.

ഒരുക്കങ്ങൾ[തിരുത്തുക]

പുന്നത്തൂർ കോട്ടയിലുള്ള ആനകളിൽനിന്നും നല്ല ആരോഗ്യസ്ഥിതിയും അക്രമസ്വഭാവമില്ലാത്തതുമായ തിരഞ്ഞെടുക്കപ്പെട്ട ആനകളാണ് ആനയോട്ടത്തിൽ പങ്കെടുക്കുക. തിരഞ്ഞെടുക്കപ്പെട്ട ആനകളിൽ നിന്നും അഞ്ച് ആനകളെ മുൻനിരയിൽ ഓടാൻവേണ്ടി നറുക്കിട്ട് തീരുമാനിക്കും. പങ്കെടുക്കുന്ന ആനകളെ കുളിപ്പിച്ച് തയ്യാറാക്കി രണ്ടരയോടെ മഞ്ജുളാലിന്റെ അടുത്ത് അണിനിരത്തും.

ചടങ്ങുകൾ[തിരുത്തുക]

ക്ഷേത്രത്തിലെ നാഴികമണി മൂന്നടിച്ചാൽ ആനയോട്ടചടങ്ങുകൾ ആരംഭിക്കും. പാരമ്പര്യ അവകാശികൾ എടുത്തുകൊടുക്കുന്ന കുടമണികളുംകൊണ്ട് പാപ്പാന്മാർ ക്ഷേത്രത്തിൽനിന്നും മഞ്ജുളാൽ പരിസരത്തേക്കു ഓടിയെത്തി ആനകളെ അണിയിക്കും. ക്ഷേത്രം മാരാർ ശംഖുവിളിക്കുന്നതോടെ ആനയോട്ടം ആരംഭിക്കും. ആദ്യം ഓടിയെത്തി കിഴക്കേ ഗോപുരം കടക്കുന്ന ആനയെ വിജയിയായി പ്രഖ്യാപിക്കും. മുന്നിലെത്തുന്ന മൂന്നാനകളെ മാത്രമേ ക്ഷേത്രമതിലകത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ആനകൾ ക്ഷേത്രത്തിനകത്ത് ഏഴ് പ്രദക്ഷിണം വച്ച് കൊടിമരം വണങ്ങുന്നതോടെ ആനയോട്ടചടങ്ങുകൾ പൂർത്തിയാകും[2]. ആനയോട്ടത്തിലെ വിജയിക്ക് ഉത്സവം കഴിയുന്നതുവരെ ക്ഷേത്രത്തിൽ പ്രത്യേക പരിഗണനയുണ്ടാവും.

സുരക്ഷാ ക്രമീകരണങ്ങൾ[തിരുത്തുക]

2011ലെ ആനയോട്ടത്തിൽ ഒരു ആന മറ്റൊരാനയെ ആക്രമിക്കുകയും ഭയാനകമായ അവസ്ഥ സൃഷ്ടിക്കുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വളരെയധികം ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്. ക്ഷേത്രമതിലകത്തേക്ക് കടക്കുന്ന ആനകളുടെ എണ്ണത്തിലും ആനകളോടൊപ്പം ഓടുന്ന ആളുകളുടെ എണ്ണത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.[3]

അവലംബം[തിരുത്തുക]

  1. "മാതൃഭൂമി ദിനപത്രം". Archived from the original on 2013-02-23. Retrieved 2013-02-25.
  2. ആനയോട്ടം മാതൃഭൂമി വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
  3. ഹിന്ദു ദിനപത്രത്തിൽ വന്ന വാർത്ത‍

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗുരുവായൂർ_ആനയോട്ടം&oldid=3898905" എന്ന താളിൽനിന്ന് ശേഖരിച്ചത്