Jump to content

ചന്ദ്രശേഖര വെങ്കിട്ടരാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സി. വി. രാമൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി. വി. രാമൻ (ചന്ദ്രശേഖര വെങ്കിട്ടരാമൻ)
സി. വി. രാമൻ (ചന്ദ്രശേഖര വെങ്കിട്ടരാമൻ)
ജനനം1888 നവംബർ 7
മരണം1970 നവംബർ 21
ദേശീയത ഇന്ത്യൻ
കലാലയംപ്രെസിഡൻസി കോളേജ്
അറിയപ്പെടുന്നത്രാമൻ പ്രഭാവം
പുരസ്കാരങ്ങൾ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനം
ഭാരതരത്ന
ലെനിൻ സമാധാനസമ്മാനം
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതികശാസ്ത്രം
സ്ഥാപനങ്ങൾഇന്ത്യൻ ഫിനാൻസ് ഡിപ്പാർട്ട്മെന്റ്
ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സയൻസ്
രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
ഡോക്ടറൽ വിദ്യാർത്ഥികൾജി.എൻ. രാമചന്ദ്രൻ
ഒപ്പ്

ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ്‌ ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന്‌ 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന്‌ അർഹനായി. ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ്.[1]

ജീവചരിത്രം

[തിരുത്തുക]

ആദ്യകാലം

[തിരുത്തുക]

1888 നവംബർ 7-ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ, ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും രണ്ടാമത്തെ മകനായി ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചു. അഞ്ച് ആണ്മക്കളും മൂന്നു പെണ്മക്കളുമായി ഈ ദമ്പതികൾക്ക് എട്ട് മക്കളാണ് ഉണ്ടായിരുന്നത്. ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചതെങ്കിലും രാമന് ജാതി മത ചടങ്ങുകളിൽ അത്ര താത്പര്യമില്ലായിരുന്നു.[2] രാമന് നാലുവയസ്സുള്ളപ്പോൾ, പിതാവിന് വിശാഖപട്ടണത്തുള്ള കോളേജിൽ അദ്ധ്യാപകനായി ജോലി ലഭിച്ചു. അവിടെ അദ്ദേഹം ഭൗതികശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയാണ് പഠിപ്പിച്ചിരുന്നത്. അച്ചനോടൊപ്പം വിശാഖപട്ടണത്തെത്തിയ രാമന്‌ ഇതുകൊണ്ട് വിദ്യാഭ്യാസകാലഘട്ടത്തിൽ നല്ലൊരു പഠനാന്തരീക്ഷം ലഭിച്ചു.

സ്ക്കൂൾ വിദ്യാഭ്യാസകാലഘട്ടത്തിൽ, രാമൻ, പഠനത്തിൽ ഉന്നതനിലവാരം പുലർത്തി. സ്കോളർഷിപ്പുകളും സമ്മാനങ്ങളും വാരിക്കൂട്ടി. ചെറുപ്പത്തിൽതന്നെ രാമന് ഭൗതികശാസ്ത്രത്തിൽ ഏറെ താല്പര്യമുണ്ടായിരുന്നു. അദ്ദേഹം ഒരു ഡൈനാമോ അന്നേ സ്വയം നിർമ്മിച്ചു. ബുദ്ധിശക്തിയിൽ ഉന്നതനിലവാരം പുലർത്തിയെങ്കിലും രാമന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നു.

പതിനൊന്നാമത്തെ വയസ്സിൽ രാമൻ മെട്രിക്കുലേഷൻ ഒന്നാമനായി വിജയിച്ചു. പിന്നീടദ്ദേഹം അച്ഛൻ പഠിപ്പിച്ചിരുന്ന എ.വി.എൻ. കോളേജിൽത്തന്നെ ഇന്റർമീഡിയേറ്റിന് ചേർന്നു. ഒന്നാമനായിത്തന്നെ ഇന്റർമീഡിയേറ്റും വിജയിച്ചു.

പ്രസിഡൻസി കോളേജിൽ

[തിരുത്തുക]

1903-ൽ, മദ്രാസിലെ പ്രശസ്തമായ പ്രസിഡൻസി കോളേജിൽ രാമൻ ബി.എ.യ്ക്കു ചേർന്നു. പ്രസിഡൻസി കോളേജിൽ ബിരുദപഠനത്തിനെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായിരുന്നു അദ്ദേഹം. രാമന്റെ അദ്ധ്യാപകരെല്ലാം പ്രഗൽഭരായ യൂറോപ്യന്മാരായിരുന്നു. പഠനത്തിൽ അദ്ദേഹത്തിന്‌ ഏറെ ഗുണം ചെയ്തു. 1904-ൽ രാമൻ, ഇംഗ്ലീഷിലും ഭൗതികശാസ്ത്രത്തിലും സ്വർണമെഡലുകൾ നേടിക്കൊണ്ട് ബി.എ. ഒന്നാമനായി വിജയിച്ചു.

ഉപരിപഠനത്തിനായി ഇംഗ്ലണ്ടിൽ പോകണമെന്നായിരുന്നു രാമന്റെ അദ്ധ്യാപകരുടെ അഭിപ്രായം. ഇംഗ്ലണ്ടിലെ കാലാവസ്ഥയെ അതിജീവിക്കാൻ തക്ക ആരോഗ്യസ്ഥിതിയില്ലാതിരുന്നതിനാൽ, പ്രസിഡൻസി കോളേജിൽത്തന്നെ ഭൗതികശാസ്ത്രം പഠിക്കാനായി എം.എ. യ്ക്കു ചേർന്നു. 1907-ൽ, രാമൻ ഒന്നാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ട് തന്നെ എം.എ പാസ്സായി.

എഫ്.സി.എസ്.

[തിരുത്തുക]

ശാസ്ത്രപഠനം തുടരുന്നതിന്‌ രാമന്‌ ആഗ്രഹമുണ്ടായിരുന്നെങ്കിലും അന്നത്തെ കാലത്ത്, ഇന്ത്യയിൽ ശാസ്ത്രഗവേഷണത്തിനുള്ള സാഹചര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. അന്നുകാലത്ത് പല മിടുക്കന്മാരായ വിദ്യാർത്ഥികളുടേയും ലക്ഷ്യം, ഇന്ത്യൻ സിവിൽ സർവ്വീസ് പരീക്ഷ അഥവാ ഐ.സി.എസ് പാസ്സാകുക എന്നതായിരുന്നു. പക്ഷേ പഠിക്കാൻ ഇംഗ്ലണ്ടിൽ പോകണമെന്നത് ഇവിടെയും തടസമായി. തുടർന്ന് സ്വന്തം ജ്യേഷ്ഠന്റെ പാത പിന്തുടർന്ന് ഫിനാൻഷ്യൽ സിവിൽ സർവ്വീസിന് (എഫ്.സി.എസ്.) ശ്രമിക്കുകയും 1907-ൽ എഫ്.സി.എസ്. പരീക്ഷ വിജയിക്കുകയും ചെയ്തു.

വിവാഹം

[തിരുത്തുക]

പരീക്ഷ പാസ്സായി ജോലി ലഭിക്കുന്നതിനുതൊട്ടുമുമ്പുള്ള ആ ഒരു ചെറിയ ഇടവേളയിലായിരുന്നു രാമൻ "ലോകസുന്ദരി" എന്ന പെൺകുട്ടിയെ വിവാഹം ചെയ്തത്. അക്കാലത്തെ പരമ്പരാഗതരീതികളനുസരിച്ച് തങ്ങളുടെ വിവാഹകാര്യതീരുമാനത്തിൽ വരനോ വധുവിനോ യാതൊരുവിധ അഭിപ്രായ സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല. എന്നാൽ രാമന്റെ വിവാഹം അപ്രകാരമല്ല നടന്നത്. കോളേജിൽ പഠിക്കുമ്പോഴെത്തന്നെ, രാമൻ, തന്റെ സുഹൃത്തും തിയോസഫിസ്റ്റും പുരോഗമനവാദിയുമായ രാമസ്വാമിയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. രാമസ്വാമിയുടെ ബന്ധുവായ ലോകസുന്ദരിയെ അവിടെ വച്ച് കണ്ടുമുട്ടി പ്രണയത്തിലാകുകയും, ഈ പ്രണയം വിവാഹത്തിലേക്ക് ചെന്നെത്തുകയുമായിരുന്നു.

രാമൻ ബ്രാഹ്മണനും ലോകസുന്ദരി മറ്റൊരു ജാതിയിൽപ്പെട്ടയാളുമായതിനാൽ വിവാഹത്തിന് രാമന്റെ അമ്മയടക്കമുള്ള ബന്ധുക്കൾ എതിർപ്പുപ്രകടിപ്പിച്ചിരുന്നു. എന്നാൽ രാമന്റെ പിതാവിന്റെ പിന്തുണയും രാമന്റെ ദൃഢനിശ്ചയവും മൂലം ലോകസുന്ദരിയുമായുള്ള വിവാഹം നടന്നു.

ഗവേഷണത്തിന്റെ തുടക്കം

[തിരുത്തുക]

1907 ജൂണിൽ രാമൻ അസിസ്റ്റൻറ് അക്കൗണ്ടന്റ് ജനറലായി, കൽക്കട്ടയിൽ, ജോലിയിൽ പ്രവേശിച്ചു. അവിടെ രാമൻ വാടകക്ക് വീടെടുത്ത് താമസം ആരംഭിച്ചു. ഇതിനടുത്തായിരുന്നു ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (ഐ.എ.സി.എസ്.) എന്ന സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്. ജോലികഴിഞ്ഞുള്ള സമയം അവിടത്തെ പരീക്ഷണശാലയിൽ ഗവേഷണം നടത്തുന്നതിന് രാമന് അനുവാദം ലഭിച്ചു. ജോലിസമയത്തിനു ശേഷം അതിരാവിലേയും രാത്രിയിലുമായി രാമൻ ഇവിടെ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടു. ഇങ്ങനെ ജോലിയും ഗവേഷണവുമായി ജീവിതം നീങ്ങുന്നതിനിടയിൽ രാമന് റംഗൂണിലേയ്ക്കും തുടർന്ന് നാഗ്പൂരിലേക്കും സ്ഥലമാറ്റമുണ്ടായെങ്കിലും ഏറെ താമസിയാതെത്തന്നെ കൽക്കട്ടയിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. വീണ്ടും കൽക്കട്ടയിലെത്തിയപ്പോൾ, താമസിക്കാൻ യോജ്യമല്ലായിരുന്നെങ്കിലും എപ്പോഴും ലബോറട്ടറിയിൽ എത്തിച്ചേരുന്നതിനായി ഐ.എ.സി.എസിനു തൊട്ടടുത്തവീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്. രാമൻ തന്റെ ഗവേഷണഫലങ്ങൾ അപ്പപ്പോൾതന്നെ പ്രസിദ്ധീകരിച്ചിരുന്നു. തൽഫലമായി, 1912-ൽ കർസൺ റിസർച്ച് പ്രൈസും (Curzon Research Prize) 1913-ൽ വുഡ്‌ബേൺ റിസർച്ച് മെഡലും (Woodburn Research Medal) അദ്ദേഹത്തിനു ലഭിച്ചു.

ഇന്ത്യക്കാരനായ ആദ്യ സർവകലാശാല വൈസ് ചാൻസലർ സർ. അഷുതോഷ് മുഖർജിയുടെ ക്ഷണം സ്വീകരിച്ച് 1917ൽ സർക്കാർ ഉദ്യോഗം രാജിവെച്ച് കൽക്കത്ത യൂണിവേഴ്‌സിറ്റി സയൻസ് കോളേജിൽ ഭൗതികശാസ്ത്ര വിഭാഗം മേധാവിയായി രാമൻ സ്ഥാനമേറ്റു. സർക്കാർ ജോലിയിൽ ലഭിച്ചിരുന്നതിന്റെ പകുതി ശമ്പളത്തിലാണ് കൽക്കത്ത സർവകലാശാലയിൽ പാലിറ്റ് പ്രൊഫസറായി രാമൻ നിയമിതനാകുന്നത്. അതോടെ രാമന് ഉദ്യോഗത്തിന്റെ തലവേദനകളില്ലാതെ മുഴുവൻ സമയവും ശാസ്ത്രഗവേഷണം നടത്താൻ കഴിഞ്ഞു. സർവകലാശാലയിൽ പ്രൊഫസറാണെങ്കിലും, രാമന്റെ ഗവേഷണം മുഴുവൻ ഇന്ത്യൻ അസോസിയേഷനിൽ തന്നെയായിരുന്നു. രാമനൊപ്പം ഇന്ത്യൻ അസോസിയേഷനും വളർന്നു. പുതിയ കണ്ടുപിടിത്തങ്ങളും ശാസ്ത്രപ്രസിദ്ധീകരണങ്ങളും അവിടുന്നുണ്ടായി. രാമന് കീഴിൽ ഗവേഷണം നടത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വിദ്യാർഥികളും ഇന്ത്യൻ അസോസിയേഷനിലാണ് ഗവേഷണം നടത്തിയത്. തുടർച്ചയായി ശാസ്ത്രക്ലാസുകളും അവിടെ നടന്നു. ഒടുവിൽ രാമൻ ഇന്ത്യൻ അസോസിയേഷന്റെ സെക്രട്ടറിയുമായി. ആ സ്ഥാപനത്തെക്കുറിച്ച് മഹേന്ദ്ര ലാൽ സിർക്കാർ കണ്ട സ്വപ്‌നം രാമൻ യാഥാർഥ്യമാക്കുകയായിരുന്നു.

1921ൽ യൂറോപ്പിൽ നിന്നുള്ള കപ്പൽയാത്രയിൽ കടലിന്റെ നീലനിറം നിരീക്ഷിച്ചുകൊണ്ട് രാമൻ ആരംഭിച്ച പ്രകാശപഠനത്തിന്റെ തുടർച്ചയായാണ് അദ്ദേഹവും വിദ്യാർഥികളും ചേർന്ന് 1928ൽ 'രാമൻ പ്രഭാവം' കണ്ടുപിടിച്ചത്. 1930ൽ നൊബേൽ പുരസ്‌കാരം നേടിയ രാമൻ, 1933ൽ ബാംഗ്ലൂരിലെ 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസി'ന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടറായി ചുമതലയേറ്റു. ആരോടും വിട്ടുവീഴ്ച ചെയ്യാത്ത സ്വാഭാവമായിരുന്നു രാമന്റേത്. അത് കൊൽക്കത്തയിൽ ഒട്ടേറെ ശത്രുക്കളെ ഉണ്ടാക്കി. ആരെയും അനുനയിപ്പിക്കാനോ ശത്രുത അവസാനിപ്പിക്കാനോ രാമൻ ശ്രമിച്ചില്ല. അതൊടുവിൽ കൊൽക്കത്തയുമായുള്ള ബന്ധം തന്നെ പൂർണമായും വിടർത്തുന്ന അവസ്ഥയിലായി.1933-ൽ കൊൽക്കത്ത വിട്ട് ബാംഗ്ലൂരിലേക്ക് രാമൻ ചെക്കേറുമ്പോൾ ഭൗമശാസ്ത്രജ്ഞൻ സർ എൽ.എൽ. ഫെർമോർ ഇങ്ങനെ അഭിപ്രായപ്പെട്ടു: 'കൽക്കത്തയുടെ നഷ്ടം ബാംഗ്ലൂരിന്റെ നേട്ടമാകും. നിലവിൽ ഇന്ത്യയിൽ ശാസ്ത്രഗവേഷണത്തിന്റെ ആസ്ഥാനം കൽക്കത്തയാണ്. എന്നാൽ, ഇവിടുത്തെ പ്രധാന ശാസ്ത്രജ്ഞരിലൊരാൾ ബാംഗ്ലൂരിലേക്ക് മാറുന്നതോടെ കൽക്കത്തയ്ക്ക് ആ ആടയാഭരണം അഴിച്ചുവെയ്‌ക്കേണ്ടി വരും'.1930കളുടെ തുടക്കംവരെ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ബാംഗ്ലൂർ ഇന്ന് ഇന്ത്യയുടെ 'ശാസ്ത്ര തലസ്ഥാനം' എന്ന വിശേഷണം പേറുന്നത് രാമന്റെ സാന്നിധ്യമാണ്.

1948 നവംബറിൽ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ടിൽ നിന്ന് വിരമിച്ച രാമൻ, അതിനടുത്തു തന്നെ തന്റെ സ്വന്തം സ്ഥാപനമായ 'രാമൻ റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട്' (RRI) സ്ഥാപിച്ച് ഗവേഷണം തുടർന്നു. 1970 നവംബർ 21 ന് മരിക്കും വരെയും പ്രകൃതിരഹസ്യങ്ങൾ തേടാനുള്ള ജിജ്ഞാസ അദ്ദേഹം കാത്തുസൂക്ഷിച്ചു.[3]

അംഗീകാരങ്ങളും വിദേശപര്യടനങ്ങളും

[തിരുത്തുക]

1921-ൽ അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക് ആദ്യമായി യാത്ര നടത്തി. ഓക്സ്ഫോർഡിൽ നടന്ന സയൻസ് കോൺഗ്രസ്സിൽ കൽക്കട്ടാ സർ‌വകലാശാലയെ പ്രതിനിധീകരിച്ചായിരുന്നു രാമൻ എത്തിയത്. അവിടെ വെച്ച് അദ്ദേഹം പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്മാരായ ജെ.ജെ. തോംസൺ, ബ്രാഗ്ഗ്, റുഥർഫോർഡ് എന്നിവരെ പരിചയപ്പെട്ടു.

ഇംഗ്ലണ്ടിൽനിന്ന് തിരിച്ചുള്ള യാത്ര, ചരിത്രപ്രസിദ്ധമായ കണ്ടുപിടിത്തത്തിന് വഴിതെളിച്ചു മധ്യധരണ്യാഴിയിലൂടെയുള്ള ആ കപ്പൽയാത്രയിൽ, സമുദ്രത്തിന്റെ നീലനിറത്തെക്കുറിച്ച് അന്വേഷിക്കുന്നതിൽ അദ്ദേഹത്തിന് താല്പര്യം ജനിച്ചു. അങ്ങനെ പ്രകാശത്തിന്റെ വിസരണം (Scattering of Light) എന്ന പ്രതിഭാസത്തെക്കുറിച്ച് പഠിയ്ക്കാനും അതുവഴി രാമൻ പ്രഭാവം (Raman Effect) എന്ന കണ്ടെത്തലിന് തുടക്കം കുറിയ്ക്കാനും സാധിച്ചു.

1924-ൽ, ഇംഗ്ലണ്ടിലെ റോയൽ സൊസൈറ്റിയിലെ അംഗമായി (Fellow of Royal Society) രാമൻ തെരഞ്ഞെടുക്കപ്പെട്ടു. അന്നദ്ദേഹത്തിന് 36 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1924-ൽ ബ്രിട്ടീഷ് അസോസിയേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസ് (British Association For Advancement of Science)-ന്റെ ക്ഷണപ്രകാരം രാമൻ കാനഡയിലേക്കു പോയി. അവിടെ വെച്ച് പ്രസിദ്ധശാസ്ത്രജ്ഞനായ ടൊറെന്റോയുമായി (Torento) പ്രകാശത്തിന്റെ വിസരണം എന്ന പ്രതിഭാസത്തെക്കുറിച്ച് ചർച്ചചെയ്തു. കാനഡയിൽ നിന്നും ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (Franklin Institute) ശതാബ്ദി ആഘോഷങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി അമേരിക്കയിലെത്തി. ഇതിനെത്തുടർന്ന്, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നോർമൻ ബ്രിഡ്ജ് പരീക്ഷണശാലയിൽ (Norman Bridge Laboratory) വിസിറ്റിംഗ് പ്രോഫസറായി നാലുമാസം ജോലിനോക്കി. അമേരിക്കയിൽ വച്ച് പല ശാസ്ത്രജ്ഞരേയും, പല പരീക്ഷണശാലകളും സന്ദർശിക്കാൻ രാമന്‌ അവസരം ലഭിച്ചു. 1925 ൽ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി, ആ വർഷം ഓഗസ്റ്റിൽ അദ്ദേഹം റഷ്യയിലെ സയൻസ് അക്കാദമിയുടെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ പോയി. 1929-ൽ ബ്രിട്ടനിൽ നിന്നും സർ ബഹുമതിയും ലഭിച്ചു.

രാമൻ പ്രഭാവം

[തിരുത്തുക]
പ്രധാന ലേഖനം: രാമൻ പ്രഭാവം

ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യമാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം കണ്ടെത്താൻ രാമനെ പ്രേരിപ്പിച്ചത്. 1928 ഫെബ്രുവരി 28 ന് ഇത് പ്രസിദ്ധീകരിക്കുകയും 1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു[4]. 'ഒരു സുതാര്യമാധ്യമത്തിലൂടെ കടന്നു പോകുമ്പോൾ പ്രകീർണ്ണനം (dispersion) സംഭവിക്കുന്ന ഏകവർണ്ണപ്രകാശത്തിൽ (monochromatic light) ചെറിയൊരു ഭാഗത്തിന് തരംഗദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകുന്ന പ്രതിഭാസം ആണ് രാമൻ പ്രഭാവം' (Raman effect)'.

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം ആയി ആചരിക്കുന്നു.

അവസാനകാലം

[തിരുത്തുക]

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻ‌സിൽ നിന്നു 1948-ൽ അദ്ദേഹം വിരമിച്ചു. അതിനു ശേഷം ബാംഗ്ലൂരിൽ അദ്ദേഹം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. മരിക്കുന്നതു വരെ അദ്ദേഹം അതിന്റെ ഡയറക്ടറായി പ്രവർത്തിച്ചു. 1954-ൽ അദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു [5]. 1970 നവംബർ 21 ശനിയാഴ്ച വെളുപ്പിന് 82-മത്തെ വയസ്സിൽ സി .വി. രാമൻ മരണമടഞ്ഞു. നിശ്ചയിച്ചുറപ്പിച്ചപ്രകാരം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം യാതൊരുവിധത്തിലുള്ള മതപരമായ ചടങ്ങുകളും നടന്നില്ല.

അവലംബം

[തിരുത്തുക]
  1. http://nobelprize.org/nobel_prizes/physics/laureates/1930/index.html
  2. https://www.famousscientists.org/c-v-raman/. {{cite web}}: Missing or empty |title= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-02-28. Retrieved 2018-02-27.
  4. "പാരമ്പര്യത്തിൽ അഭിരമിച്ച ശാസ്ത്രജ്ഞൻ" (PDF). മലയാളം വാരിക. 2013 ഫെബ്രുവരി 15. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 19. {{cite news}}: Check date values in: |accessdate= and |date= (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-15. Retrieved 2008-06-10.