മുഗള്‍ സാമ്രാജ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഇന്ത്യയില്‍ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗള്‍ സാമ്രാജ്യം. (Persian: سلطنت مغولی هند , Urdu: مغلیہ سلطنت) പിതൃത്വം വഴി മദ്ധ്യേഷ്യന്‍ ഭരണാധികാരി തിമൂറിന്റെ പിന്‍ഗാമികളും, മാതൃത്വം വഴി മംഗോള്‍ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ് മുഗളര്‍[1]. മംഗോള്‍ എന്നതിന്റെ പേര്‍ഷ്യന്‍/ചഗതായ് രൂപഭേദമായ മുഗള്‍ എന്ന സ്വയം കല്പിത നാമം സ്വീകരിക്കുകയും ചെയ്തു[അവലംബം ആവശ്യമാണ്]. ആദ്യമായി ഇന്ത്യയില്‍ അവരുടെ സാമ്രാജ്യം സൃഷ്ടിച്ചത് ബാബര്‍ ആണ്. ഇന്ത്യ, പാക്കിസ്ഥാന്‍, പേര്‍ഷ്യ, അഫ്ഗാന്റെ ഭാഗങ്ങള്‍ എന്നിവയടങ്ങിയ വിസ്തൃതമായ ഭൂവിഭാഗമായിരുന്നു മുഗള്‍ സാമ്രാജ്യം.
ഉള്ളടക്കം |
[തിരുത്തുക] ആരംഭം
മുഗള്‍ സാമ്രാജ്യം സ്ഥാപിച്ചത് തിമൂറിന്റെ പരമ്പരയിലെ നേതാവായ ബാബര്‍ ആണ്. കാബൂള്‍ ഭരിച്ചിരുന്ന അദ്ദേഹം 1526-ല്‍ അന്ന് ദില്ലി ഭരിച്ചിരുന്ന ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി ഭരണം പിടിച്ചെടുത്തതോടേ പുതിയ ഒരു സാമ്രാജ്യത്തിന്റെ രൂപീകരണം ആയി. ഈ കാലത്ത് ഉത്തരേന്ത്യ പല സ്വതന്ത്ര സംസ്ഥാനങ്ങളുടെയും ഒരു സമൂഹമായിരുന്നു. ദില്ലിയും പരിസരപ്രദേശങ്ങളും ഭരിച്ച ഇബ്രാഹിം ലോധി മാത്രമാണ് കുറച്ചെങ്കിലും ശക്തി പ്രാപിച്ചിരുന്നത്. മറ്റുള്ളവര്‍ തമ്മിലെല്ലാം മാത്സര്യം വര്‍ദ്ധിക്കുക വഴി ദുര്‍ബലരായിരുന്നു. ബിഹാറില്‍ ഭരണം നടത്തിയിരുന്ന ദരിയാഖാന്‍ ലോഹാനിയും ഇബ്രാഹിം ലോധിയുടെ മേല്‍ക്കൊയ്മ അംഗീകരിച്ചില്ല. ഇതേ പോലെ ലാഹോറില്‍ ദൌലത്ത് ഖാനും ബംഗാളില്‍ നസ്രത്ത് ഷാ യും വിഘടിച്ച് നിന്നു. എന്നാല്‍ മറ്റൊരു ശക്തിയായിരുന്നത് മേവാര്‍ ഭരിച്ചിരുന്ന റാണാപ്രതാപ് ( റാണാസംഗ, സംഗ്രാമ്സിംഹ)ആയിരുന്നു.
1526-ല്‍ ചരിത്ര പ്രസിദ്ധമായ പാനിപ്പത് എന്ന സ്ഥലത്തു വച്ച് തന്റെ സൈന്യത്തേക്കാള്‍ പത്തിരട്ടിയോളം വലിപ്പമുണ്ടായിരുന്ന ഇബ്രാഹിം ലോധിയുടെ സൈന്യത്തോട് ഏറ്റു മുട്ടി വളരെ സാഹസികമായി ബാബര്‍ അവരെ കീഴ്പ്പെടുത്തി. പിന്നീട് ഒരു കനത്ത ചെറുത്ത് നില്‍പ്പ് ഉണ്ടായത് റാണാസംഗ്രാമ സിന്‍ഹനെ ഖ്വാനാ എന്ന സ്ഥലത്തു വച്ച് ചരിത്ര പ്രസിദ്ധവും ഇന്ത്യാ ചരിത്രത്തിലെ നിര്‍ണ്ണായകവുമായ യുദ്ധം ചെയ്ത് തോല്പിച്ചു. പിന്നീട് അദ്ദേഹം ഗൊഗ്രാ യുദ്ധത്തില്‍ അഫ്ഗാന്‍ മേധാവികളെയും തോല്പിച്ച് സാമ്രാജ്യസ്ഥപനം നടത്തി.
എന്നാല്‍ പിന്നീട് വന്ന ഹുമായൂണ്‍, അക്ബര്‍ എന്നിവരാണ് രാജ്യത്ത് ഏകീകരണവും ഭരണക്രമവും സ്ഥാപിച്ചത്. പഷ്‍തൂണ്‍ നേതാവായ ഷേര്‍ഷാ സൂരി ഹുമായൂണിന്റെ കാലത്ത് പല ഭാഗങ്ങളും പിടിച്ചടക്കിയെങ്കിലും 10 വര്‍ഷത്തിനു ശേഷം ഹൂമായൂണ്‍ തന്നെ ഷേര്‍ഷായുടെ ദുര്‍ബ്ബലരായ പന്‌ഗാമികളെ തോല്പിച്ച് ഭരണം പിടിച്ചെടുത്തു. പീന്നീട് ഔറംഗസേബിന്റെ കാലത്തോളം സിംഹാസനം ഭദ്രമായിരുന്നു, ആംഗലേയരുടെ വരവോടെ വീണ്ടും ശിഥിലമായിത്തീര്‍ന്നു.
[തിരുത്തുക] ഭരണം
സാമ്രാജ്യം വികാസം പ്രാപിക്കാന്‍ തുടങ്ങിയതോടെ, മുഗളര്‍ അനേകം പ്രഭുക്കന്മാരെ ഭരണകൂടത്തിന്റെ പ്രമുഖസ്ഥാനങ്ങളില്‍ നിയമിച്ചു. തുറാനികള്‍ എന്നറിയപ്പെട്ട ഒരു ചെറിയ കൂട്ടം തുര്‍ക്കിപ്രഭുക്കന്മാര്‍ മാത്രമായിരുന്നു ആദ്യകാലങ്ങളില്‍ ഇങ്ങനെ നിയമിക്കപ്പെട്ടിരുന്നത്. എനാല്‍ പിന്നീട് ഇറാനികള്‍, ഇന്ത്യന്‍ മുസ്ലീങ്ങള്‍, അഫ്ഘാനികള്‍, രജപുത്രര്‍, മറാഠികള്‍ എന്നിങ്ങനെ ഈ വൃന്ദം വര്‍ദ്ധിച്ചു വന്നു. മുഗളരുടെ ഭരണത്തിനു കീഴില്‍ മാന്‍സബ്ദാര്‍ എന്ന ഒരു തസ്തികയിലായിരുന്നു ഈ പ്രഭുക്കന്മാര്‍ നിയമിക്കപ്പെട്ടിരുന്നത്[1]. ഒരു മാന്‍സബ് (സ്ഥാനം) വഹിക്കുന്നവര്‍ എന്നാണ് മന്‍സബ്ദാര്‍ എന്നതിന്റെ അര്‍ത്ഥം. ഓരോ മാന്‍സബ്ദാറിനും തന്റെ പദവി നിശ്ചയിക്കുന്ന സാറ്റ് എന്നറിയപ്പെട്ടിരുന്ന ഒരു സംഖ്യ നല്‍കിയിരുന്നു. സാറ്റ് സംഖ്യ വര്‍ദ്ധിക്കുന്തോറും അവരുടെ വേതനവും, സഭയിലെ സ്ഥാനവും, സൈനികചുമതലകളും വര്‍ദ്ധിച്ചിരുന്നു.
മാന്‍സബ്ദാറുകള്‍ അവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിന്ന് നികുതി പിരിച്ചു. ജഗീര്‍ എന്നാണ് ഈ പ്രദേശങ്ങളെ വിളിച്ചിരുന്നത്. എന്നാല്‍ മാന്‍സബ്ദാറുകള്‍ അവരുടെ ജഗീറുകളില്‍ താമസിച്ചിരുന്നില്ല പകരം ഭൃത്യന്മാരെ ഏര്‍പ്പെടുത്തിയാണ് നികുതി പിരിച്ചിരുന്നത്.
കൃഷിക്കാരില്‍ നിന്നുള്ള നികുതിയായിരുന്നു മുഗളരുടെ പ്രധാന വരുമാനമാര്‍ഗ്ഗം. മിക്കവാറും കൃഷിക്കാരും പ്രാദേശിക ജന്മിമാര്‍ വഴിയാണ് നികുതി ഒടുക്കിയിരുന്നത്. ഇത്തരം പ്രാദേശികജന്മികളെ ജമീന്ദാര്‍ എന്നു വിളിച്ചു.
അക്ബറുടെ ധനമന്ത്രിയായിരുന്ന തോദാര്‍ മാല്‍ 1570-80 വരെയുള്ള പത്തുവര്‍ഷകാലയളവിലെ കാര്‍ഷികോല്പ്പാദനം ശ്രദ്ധയോടെ അളന്നു തിട്ടപ്പെടുത്തി അതിന്റെ അടിസ്ഥാനത്തില്‍ നികുതി നിശ്ചയിച്ചു. ഓരോ പ്രവിശ്യയേയും നികുതിപ്രദേശങ്ങളായി വിഭജിച്ച് അവിടെ ഓരോരോ കാര്‍ഷികവിഭവത്തിന്റെ വിളവിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം നികുതിപ്പട്ടിക പ്രസിദ്ധീകരിച്ചു. ഈ നികുതിരീതിയെ സബ്ത് എന്ന് വിളിച്ചു. എന്നാല്‍ ഗുജറാത്ത് ബംഗാള്‍ എന്നിവിടങ്ങളിലെ പ്രദേശങ്ങളില്‍ ഈ രീതി നടപ്പാക്കാന്‍ സാധിച്ചില്ല.
ഭരണത്തിലേയും സൈന്യത്തിലേയും കാര്യക്ഷമത മൂലം മുഗള്‍ സാമ്രാജ്യം സാമ്പത്തികപരായും, വാണിജ്യപരമായും അഭിവൃദ്ധി പ്രാപിച്ചു. സമ്പദ്സമൃദ്ധമായ നാടായിരുന്നു ഇതെന്ന് മറുനാടന്‍ സഞ്ചാരികള്‍ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താഴെത്തട്ടിലെ ജനങ്ങള്‍ക്കിടയില്‍ കടുത്ത ദാരിദ്ര്യവും ഇതോടൊപ്പം തന്നെ നിലനിന്നിരുന്നു എന്നും ഈ സഞ്ചാരികള്‍ വിലയിരുത്തുന്നു.
[തിരുത്തുക] പാരമ്പര്യവും പിന്തുടര്‍ച്ചാവകാശവും
തങ്ങളുടെ തിമൂര്‍ പാരമ്പര്യം വിളിച്ചോതുന്നതിന് ഓരോ മുഗള്‍ ചക്രവര്‍ത്തിമാരും തിമൂര്‍ മുതലുള്ള തങ്ങളുടെ മുന്‍ഗാമികളോടൊപ്പം താന്‍ കൂടി ഇരിക്കുന്ന രീതിയിലുള്ള ചിത്രം നിര്‍മ്മിച്ചിരുന്നു.
രാജാവിന്റെ മൂത്ത പുത്രന് രാജ്യത്തിന്റെ പിന്തുടര്‍ച്ചാവകാശം നല്‍കുക എന്ന സാമാന്യരീതി, മുഗളര്‍ പിന്തുടര്‍ന്നിരുന്നില്ല. മറിച്ച് തിമൂറിന്റെ രീതിയായിരുന്നു അവര്‍ അവലംബിച്ചത്. അതായത് രാജ്യാവകാശം ചക്രവര്‍ത്തിയുടെ എല്ലാ പുത്രന്മാര്‍ക്കുമായി വീതിച്ചു നല്‍കുക എന്ന രീതിയായിരുന്നു ഇത്. പലപ്പോഴും മുഗള്‍ രാജകുമാരന്മാര്‍ക്കിടയില്‍ കലഹം ഉണ്ടാക്കുന്നതിന് ഈ രീതി കാരണമായി[1].
[തിരുത്തുക] മുഗള്‍ ചക്രവര്‍ത്തിമാര്‍
| മുഗള്‍ സാമ്രാജ്യം | ||||||||||||
| ചക്രവര്‍ത്തി | മുഴുവന്‍ പേര് | ഭരണം തുടക്കം | ഭരണം അവസാനം | |||||||||
|---|---|---|---|---|---|---|---|---|---|---|---|---|
| ബാബര്‍ | സഹീറുദ്ദീന്‍ മുഹമ്മദ് | 1526 | 1530 | |||||||||
| ഹുമായൂണ്‍ | നസീറുദ്ദീന്‍ മുഹമ്മദ് | 1530 | 1540 | |||||||||
| ഇടവേള (ഷേര്‍ഷാ) * | - | 1540 | 1555 | |||||||||
| ഹുമായൂണ്‍ | നസീറുദ്ദീന്‍ മുഹമ്മദ് | 1555 | 1556 | |||||||||
| അക്‍ബര്‍ | ജലാലുദ്ദീന്‍ മുഹമ്മദ് | 1556 | 1605 | |||||||||
| ജഹാംഗീര്‍ | നൂറുദ്ദീന്‍ മുഹമ്മദ് | 1605 | 1627 | |||||||||
| ഷാ ജഹാന്‍ | ഷഹാബുദ്ദീന്‍ മുഹമ്മദ് | 1627 | 1658 | |||||||||
| ഔറംഗസേബ് | മൊഹിയുദ്ദീന്‍ മുഹമ്മദ് | 1658 | 1707 | |||||||||
[തിരുത്തുക] ഇതരഭരണാധികാരികളുമായുള്ള ബന്ധം
തങ്ങളുടെ മേല്‍ക്കോയ്മ അംഗീകരിക്കാത്ത രാജാക്കന്മാരോട് മുഗളര്‍ നിരന്തരം യുദ്ധം നടത്തിയിരുന്നു. എന്നാല്‍ മുഗളര്‍ ശക്തി പ്രാപിച്ചഠോടെ അനേകം ഭരണാധികഅരികള്‍ സ്വയമേവ മുഗളരോടൊപ്പം ചേര്‍ന്നു. രജപുത്രര്‍ ഇതിന് ഉത്തമോദാഹരണങ്ങളഅണ്. മുഗളര്‍ രജപുത്രരുമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. രജപുത്രരില്‍ പലരും അവരുടെ പെണ്മക്കളെ മുഗള്‍ ഭരണാധികാരികള്‍ക്ക് വിവാഹം ചെയ്തു നല്‍കി ഉന്നതസ്ഥാനമാനങ്ങള്‍ നേടുകയും ചെയ്തു. ജഹാംഗീറിന്റെ മാതാവ് ഒരു കച്ച്വാഹ രാജകുമാരിയായിരുന്നു. ആംബരിലെ (ഇന്നത്തെ ജയ്പൂര്‍) രജപുത്രരാജാവിന്റെ പുത്രിയായിരുന്നു അവര്‍. ഷാ ജഹാന്റെ മാതാവ് മാര്‍വാഡിലെ (ജോധ്പൂര്‍) രജപുത്രരാജകുമാരിയായിരുന്നു[1].
എന്നാല്‍ ചില രാജാക്കന്മാര്‍ മുഗളരെ എതിര്‍ത്തും നിലകൊണ്ടു. ഇത്തരത്തില്‍ ഒരു കൂട്ടരായ സിസോദിയ രജപുത്രര്‍ മുഗളരുടെ മേല്‍ക്കോയ്മ അംഗീകരിക്കാന്‍ വളരെക്കാലം വിസമ്മതിച്ചു. മുഗളര്‍ ഇവരെ ഒരിക്കല്‍ എതിര്‍ത്തു തോല്പ്പിച്ചെങ്കിലും അവരുടെ വീര്യത്തിന് ബഹുമാനമായി അവരുടെ ഭൂമി തിരിച്ചു നല്‍കി.
എതിരാളികളോടുള്ള ഇത്തരം മാന്യമായ പെരുമാറ്റം അനേകം രാജാക്കന്മാര്‍ക്കും പ്രഭുക്കള്‍ക്കുമിടയില്‍ മുഗളരുടെ മതിപ്പ് വര്‍ദ്ധിപ്പിച്ചു. എന്നാല്‍ മറാഠ നേതാവ് ശിവജിയോടുള്ള ഔറംഗസേബിന്റെ സമീപനം ഇതിനൊരു അപവാദമാണ്[1].
[തിരുത്തുക] വെല്ലുവിളികള്‍
അക്ബറുടെ കാലത്ത് ജഗീറുകളില്‍ നിന്നു പിരിക്കുന്ന നികുതിയും മാന്‍സബ്ദാറുകള്‍ക്കുള്ള വേതനവും ഒരു തുലനാവസ്ഥയിലായിരുന്നു. എന്നാല്‍ ഔറംഗസേബിന്റെ കാലമായപ്പോഴേക്കും മാന്‍സബ്ദാറുകളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. 5000-ത്തിലധികം സാറ്റ് സംഖ്യയുള്ള 29 മാന്‍സബ്ദാറുകള്‍ മാത്രമേ അക്ബര്‍ക്കു കീഴിലുണ്ടായിരുന്നെങ്കില്‍ ഔറംഗസേബിന്റെ കാലമായപ്പോഴേക്കും ഇത് 29-ല്‍ നിന്ന് 79 ആയി വര്‍ദ്ധിച്ചു[1]. ഇവര്‍ക്കനുവദിക്കുന്ന വേതനതുകയേക്കാള്‍ കുറവായിരുന്നു ജഗീറുകളില്‍ നിന്നുള്ള നികുതിവരുമാനം. ഇതിനെ മറികടക്കുന്നതിന് ജഗീറുകളില്‍ നിന്നുള്ള കാര്‍ഷികനികുതിപിരിവിന്റെ തോത് ഉയര്‍ത്തേണ്ടി വന്നു. അങ്ങനെ ഔറംഗസേബിന്റെ അവസാനകാലത്ത് കൃഷിക്കാര്‍ പൊറുതിമുട്ടി.
ചില പ്രദേശങ്ങളില്‍ ജമീന്ദാര്‍മാര്‍ക്ക് കാര്യമായ സ്വാധീനശക്തിയുണ്ടായിരുന്നു. മുഗളന്മാരുടെ ചൂഷണം കര്‍ഷകരില്‍ കാര്യമായ എതിര്‍പ്പിന് കാരണമായി. ചിലയിടങ്ങളില്‍ ജമീന്ദാര്‍മാരും കൃഷിക്കാരും ഒന്നു ചേര്‍ന്ന് മുഗള്‍ ഭരണാധികാരികളെ വെല്ലുവിളിക്കാനാരംഭിച്ചു. കര്‍ഷകരുടെ ഇത്തരം എതിര്‍പ്പുകള്‍ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും സാമ്രാജ്യത്തിന്റെ നിലനില്പ്പിനെത്തന്നെ ചോദ്യം ചെയ്തു.
പ്രഭുക്കള്‍ പിരിക്കുന്ന നികുതിയില്‍ നിന്നും ചക്രവര്‍ത്തിക്കുള്ള വിഹിതം ആദ്യകാലങ്ങള്‍ കാര്യക്ഷമമായി എത്തിയിരുന്നു. എന്നാല്‍ 17-ആം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും പ്രഭുക്കളുടെ സ്വാര്‍ത്ഥത മൂലം സാമ്രാജ്യത്തിലേക്കുള്ള നികുതിവരവ് ഗണ്യമായി കുറഞ്ഞു.
മുഗള്‍ ഭരണകാലത്ത് സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ളവര്‍ അഭിവൃദ്ധി പ്രാപിച്ചെങ്കിലും ജനങ്ങള്‍ക്കിടയിലെ സാമ്പത്തികമായ അന്തരം വളരെ വലുതായിരുന്നു. ഷാജഹാന്റെ ഭരണകാലത്തെ ഇരുപതാം വര്‍ഷത്തെ രേഖകള്‍ അനുസരിച്ച് ആകെ 8000 മാസബ്ദാറുകളില്‍ 445 പേര്‍ ഏറ്റവും ഉയര്‍ന്ന സാറ്റ് സംഖ്യ ഉള്ളവരായിരുന്നു. മാന്‍സബ്ദാറുകളില്‍ വെറും അഞ്ചു ശതമാനത്തിനു മുകളില്‍ വരുന്ന ഇക്കൂട്ടര്‍ ആകെ നികുതിവരുമാനത്തിന്റെ 61.5 ശതമാനം തുക അവരുടേയും, അവരുടെ കീഴിലുള്ളവരുടേയും വേതനമായി കൈപ്പറ്റിയിരുന്നു[1].
മുഗള്‍ ചക്രവര്‍ത്തിമാരും അവരുടെ മാന്‍സബ്ദാര്‍മാരും വരുമാനത്തിന്റെ ഏറിയ പങ്കും ശമ്പളം കൊടുക്കുന്നതിനും സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതിനുമാണ് ചെലവഴിച്ചിരുന്നത്. അവര്‍ക്ക് സാധനങ്ങള്‍ നല്‍കിയിരുന്ന കൃഷിക്കാരും കരകൗശലവിദഗ്ദ്ധര്‍ക്കും ഇതു കൊണ്ട് ഗുണം ലഭിച്ചുവെങ്കിലും അവരില്‍ നിന്ന് ഈടാക്കിയുന്ന ഭീമമായ നികുതി കിഴിച്ചാല്‍ അവരുടെ കൈയ്യില്‍ നീക്കിയിരുപ്പ് ഒന്നും തന്നെയുണ്ടായിരുന്നില്ല. വന്‍കിട കൃഷിക്കാരും, നിര്‍മ്മാതാക്കളും, കച്ചവടക്കാരും, പണമിടപാടുകാരും ഇക്കാലത്ത് ധാരാളം ലാഭം നേടി.
[തിരുത്തുക] അവസാനം
പതിനേഴാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ധാരാളം ധനവും വിഭവങ്ങളും കൈകാര്യം ചെയ്തിരുന്ന പ്രഭുക്കന്മാര്‍ വളരെ ശക്തിശാലികളായി. കാലക്രമേണ മുഗള്‍ ചക്രവര്‍ത്തിക്ക് സ്വാധീനം കുറഞ്ഞതോടെ ചക്രവര്‍ത്തിയുടെ സേവകര്‍ അവരവരുടെ മേഖലകളില്‍ ശക്തമായ അധികാരകേന്ദ്രങ്ങളായി പരിണമിച്ചു. ഹൈദരബാദ്, അവാധ്, ബംഗാള്‍ തുടങ്ങിയ ഇടങ്ങളിലെ അധികാരം അവര്‍ സ്വതന്ത്രമായി പിടീച്ചെടുത്ത് സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചു. എന്നിരുന്നാലും ദില്ലിയിലെ മുഗള്‍ ചക്രവര്‍ത്തിയെ അവരുടെ നേതാവായി അപ്പോഴും അംഗീകരിച്ചിരുന്നു[1][2]..
സാമ്പത്തികവും രാഷ്ട്രീയവുമായ ഈ പ്രശ്നങ്ങള്‍ക്കിടയില്‍ 1739-ല്‍ ഇറാനിലെ ഭരണാധികഅരി നാദിര്‍ ഷാ ദില്ലി ആക്രമിച്ചു കീഴടക്കുകയും ധാരാളം സമ്പത്തു കൊള്ളയടിച്ചുകൊണ്ടു പോകുകയും ചെയ്തു. അറുപതു ലക്ഷം രൂപ, ആയിരക്കണക്കിന് സ്വര്‍ണനാണയങ്ങള്‍, ഒരു കോടിയോളം വിലമതിക്കുന്ന സ്വര്‍ണപാത്രങ്ങള്‍, അമ്പതു കോടിയോളം വിലമതിക്കുന്ന ആഭരണങ്ങള്‍, ഇതിനുപുറമേ മയൂരസിംഹാസനവും ഈ കൊള്ളയടിച്ച സാധനങ്ങളില്‍പ്പെടുന്നു.
തുടര്‍ന്ന് അഫ്ഘാന്‍ ഭരണാധികാരിയായിരുന്ന അഹ്മദ് ഷാ അബ്ദാലിയും 1748 മുതല്‍ 1761 വരെയുള്ള കാലയളവില്‍ അഞ്ചു തവണ ഉത്തരേന്ത്യ ആക്രമിച്ചു. ഇതിനിടയില്‍ സാമ്രാജ്യത്തിനു കീഴിലുള്ള പ്രഭുക്കന്മാര്‍ രണ്ടു വിഭാഗങ്ങളായി (ഇറാനികളും തുറാനികളും) പിരിഞ്ഞ് പരസ്പരം മല്‍സരിക്കാനാരംഭിച്ചത് സാമ്രാജ്യത്തിന്റെ ശക്തി വീണ്ടും ക്ഷയിക്കാനിടയാക്കി. ഇങ്ങനെ കുറേക്കാലത്തോളം അവസാനത്തെ മുഗള്‍ ചക്രവര്‍ത്തിമാര്‍ ഇതില്‍ ഒരു വിഭാഗത്തിന്റെ കൈയിലെ കളിപ്പാവയായി മാറി. ചക്രവര്‍ത്തിമാരായിരുന്ന ഫാറൂഖ് സിയാര്‍ (1713-1719), ആലംഗീര്‍ രണ്ടാമന്‍ (1754-1759) എന്നിവര്‍ പ്രഭുക്കളാല്‍ വധിക്കപ്പെട്ടു. അഹ്മദ് ഷാ (1748-1754), ഷാ ആലം രണ്ടാമന്‍ (1759-1816) എന്നീ ചക്രവര്‍ത്തിമാരെ പ്രഭുക്കള്‍ അന്ധരാക്കി[2].
പതിനെട്ടാം നൂറ്റാണ്ടോടെ സാമ്രാജ്യത്തിലെ പ്രവിശ്യകളോരോന്നും സ്വതന്ത്രമായ നിലനില്പ്പ് കൈവരിച്ചു.
[തിരുത്തുക] വാസ്തുകല
മുഗളരുടെ കാലത്ത് ഇന്ത്യയിലെ വാസ്തുവിദ്യ അത്യധികം സങ്കീര്‍ണ്ണമായി. ബാബര്‍ മുതല്‍ ഷാ ജഹാന്‍ വരെയുള്ള ചക്രവര്‍ത്തിമാര്‍ (പ്രത്യേകിച്ചും ഷാ ജഹാന്‍) കലയില്‍ സാഹിത്യത്തിലും വാസ്തുവിദ്യയിലും പ്രത്യേക താല്പര്യം പുലര്‍ത്തിയിരുന്നു.
[തിരുത്തുക] ചഹാര്‍ ബാഗ്
ചതുരത്തിലുള്ള പൂന്തോട്ടവും നെടുകെയും കുറുകേയുമായി അതിനെ നാലായി വിഭജിച്ച് നിര്‍മ്മിക്കുന്ന ചാലുകളും ഉള്‍ക്കൊള്ളുന്ന രൂപകല്‍പ്പനയെപ്പറ്റി ബാബര്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നു. ഇങ്ങനെ ഒരു തോട്ടത്തെ നാലായി വിഭജിക്കുന്നതു കൊണ്ട് ഇത്തരം തോട്ടങ്ങളെ ചഹാര്‍ ബാഗ് എന്നു വിളിച്ചു[3]. അക്ബര്‍, ജഹാംഗീര്‍, ഷാ ജഹാന്‍ എന്നിവര്‍ ഇത്തരത്തിലുള്ള മനോഹരമായ കുറേ ചഹാര്‍ ബാഗുകള്‍ കശ്മീര്‍, ആഗ്ര, ദില്ലി എന്നിവിടങ്ങളിലായി നിര്‍മ്മിച്ചു.
[തിരുത്തുക] കെട്ടിടനിര്‍മ്മാണം
അക്ബറിന്റെ കാലത്ത് കെട്ടിടനിര്‍മ്മാണത്തില്‍ പുതിയ രീതികള്‍ പരീക്ഷിക്കപ്പെട്ടു. തങ്ങളുടെ മദ്ധ്യേഷ്യന്‍ പൂര്വികനായ തിമൂറിന്റെ ശവകുടീരങ്ങളുടെ വാസ്തുശില്പരീതിയാണ് അക്ബറിന്റെ ശില്പികള്‍ക്ക് ഇതില്‍ പ്രേരകമായത്. മദ്ധ്യഭാഗത്ത് ശിഖരത്തോടുകൂടിയ ഗോളാകാരത്തിലുള്‍ല താഴികക്കുടവും, പിഷ്താഖ് എന്നു വിളിക്കുന്ന ഉയരത്തിലുള്ള കമാനകവാടവും മുഗള്‍ വാസ്തുകലയുടെ പ്രധാന അടയാളമായി. ഹുമയൂണിന്റെ ശവകുടീരത്തിലാണ് ഈ രീതികള്‍ ആദ്യമായി പ്രതിഫലിച്ചത്[3].
[തിരുത്തുക] ചിഹില്‍ സുതുന്‍
ഷാജഹാന്റെ കാലത്ത് മുഗള്‍ വാസ്തുവിദ്യയുടെ വിവിധ ഘടകങ്ങള്‍ സംയോജിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കാലത്ത് നിരവധി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നു (പ്രത്യേകിച്ച് ആഗ്രയിലും ദില്ലിയിലും).
ദിവാന്‍ ഇ ആം എന്നറിയപ്പെട്ടിരുന്ന പൊതുജനസഭകളും, ദിവാന്‍ ഇ ഖാസ് എന്നറിയപ്പെട്ടിരുന്ന സ്വകാര്യസഭകളും ഷാ ജഹാന്റെ കാലത്ത് വളരെ ശ്രദ്ധാപൂര്‍മായിരുന്നു രൂപകല്പ്പന ചെയ്യപ്പെട്ടിരുന്നത്. മോസ്കിന്റേതു പോലുള്ള രൂപകല്പ്പനയായിരുന്നു ഇക്കാലത്ത് സഭകള്‍ക്ക് നല്‍കിയിരുന്നത്. ഒരു വലിയ മുറ്റവും, 40 തൂണുകളും ഉള്‍ക്കൊള്ളുന്ന ഈ സഭകളെ ചിഹില്‍ സുതുന്‍ (chihil sutun) എന്നു വിളീക്കുന്നു.
സഭ നടക്കുമ്പോള്‍ എല്ലാവരും ചക്രവര്‍ത്തിയുടെ ഇരിപ്പിടം സ്ഥിതി ചെയ്തിരുന്ന പീഠത്തിനഭിമുഖമായി നിലകൊണ്ടിരുന്നതിനാല്‍ ആ പീഠം പൊതുവേ ഖിബ്ല ആയി കണക്കാക്കിയിരുന്നു. രാജാവിനെ ദൈവത്തിന്റെ പ്രതിനിധിയായി കണക്കാക്കുന്ന രീതിയിലാണ് ഈ വാസ്തുശില്പ്പരീതി[3].
മുഗള്‍ വാസ്തുശില്പരീതി ഉത്തരേന്തയിലെ ക്ഷേത്രനിര്‍മ്മാണത്തേയും സ്വാധീനിച്ചിട്ടുണ്ട്. ഫത്തേപ്പൂര്‍ സിക്രിയിലെ മുഗള്‍ കൊട്ടാരങ്ങളുടെ വാസ്തുശില്പശൈലിക്കു സമാനമായ രീതിയിലാണ് മഥുര വൃന്ദാവനിലെ ക്ഷേത്രങ്ങള്‍ പണിതീര്‍ത്തിരിക്കുന്നത്. 1590-ല്‍ പണീത വൃന്ദാവനിലെ ഗോവിന്ദ് ദേവക്ഷേത്രം ചുവന്ന മണല്‍ക്കല്ലു കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ മച്ചിലെ പരസ്പരം മുറിച്ചു കടക്കുന്ന കമാനങ്ങള്‍ വടക്കു പടീഞ്ഞാറന്‍ ഇറാനില്‍ (ഖുറാസാന്‍) നിന്നുള്ള വാസ്തുശില്പ്പരീതിയാണ്. ഫത്തേപ്പൂര്‍ സിക്രിയില്‍ ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്
തങ്ങളുടെ വാസ്തുശില്പ്പരീതിയില്‍ പ്രാദേശികശൈലികള്‍ കൂടി ഉള്‍ക്കൊള്ളിക്കാന്‍ മുഗളര്‍ ശ്രദ്ധിച്ചിരുന്നു. ബംഗാളികളുടെ, ഓലമേഞ്ഞ കുടിലിന്റെ രീതിയിലുള്ള ബംഗ്ല ഡോം രീതി ഇതിനൊരുദാഹരണമാണ്. അക്ബറുടെ തലസ്ഥാനമായ ഫത്തേപ്പൂര്‍ സിക്രിയിലെ കെട്ടിടങ്ങളില്‍ ഗുജറാത്തിലേയും മാള്‍വയിലേയും വാസ്തുവിദ്യാരീതികളുടെ സ്വാധീനം പ്രകടമാണ്. സിക്രിയിലെ ജോധാബായ് കൊട്ടാരത്തില്‍ ഇത്തരത്തിലുള്ള ഗുജറാത്തി വാസ്തുവിദ്യയുടെ ബാഹുല്യം ശ്രദ്ധേയമാണ്.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "4-The Mughal Empire". Social Science - Our Pasts-II. New Delhi: NCERT. 2007. pp. 45-59. ISBN 81-7450-724-8.
- ↑ 2.0 2.1 "10-Eighteenth Century Political Formations". Social Science - Our Pasts-II. New Delhi: NCERT. 2007. pp. 145. ISBN 81-7450-724-8. http://www.ncert.nic.in/textbooks/testing/Index.htm.
- ↑ 3.0 3.1 3.2 "5-Rulers and Buildings". Social Science - Our Pasts-II. New Delhi: NCERT. 2007. pp. 66-72. ISBN 81-7450-724-8.
[തിരുത്തുക] കുറിപ്പുകള്‍

