കാകാത്തിയ രാജവംശം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്നത്തെ ആന്ധ്രാപ്രദേശിന്റെ ഭാഗങ്ങള്‍ ഭരിച്ചിരുന്ന ഒരു തെക്കേ ഇന്ത്യന്‍ രാജവംശം ആയിരുന്നു കാകാത്തിയ രാജവംശം. എ.ഡി. 1083 മുതല്‍ 1323 വരെയായിരുന്നു കാകാത്തിയരുടെ ഭരണകാലം. തെലുഗു സാമ്രാജ്യങ്ങളില്‍ ഒന്നായിരുന്നു കാകാത്തിയര്‍.
പടിഞ്ഞാറന്‍ ചാലൂക്യരുടെ ഭരണകാലത്താണ് കാകാത്തിയരുടെ ഉദയം. അമ്മ II (ക്രി.വ. 945 - ക്രി.വ. 970) എന്ന കിഴക്കന്‍ ചാലൂക്യന്‍ രാജാവിന്റെ സാമന്തനായിരുന്ന കാകാത്തിയ ഗുണ്ട്യന ആണ് കാകാത്തിയ സാമ്രാജ്യം സ്ഥാപിച്ചത്. സാമ്രാജ്യത്തിന്റെ പേര് വന്നത് കാകാതിപുര എന്ന പട്ടണത്തിന്റെ പേരില്‍ നിന്നോ (രാജാക്കന്മാര്‍ "കാകാതിപുരവല്ലഭ" എന്ന് സ്ഥാനപ്പേരായി ചേര്‍ക്കാറുണ്ടായിരുന്നു) അല്ലെങ്കില്‍ കാകാതി എന്ന ദേവിയെ ആരാധിച്ചിരുന്നതില്‍ നിന്നോ ആയിരിക്കാം എന്ന് കരുതപ്പെടുന്നു. കാകാതമ്മയ്ക്ക് ഒരു അമ്പലം ഇന്നത്തെ വാറങ്കലില്‍ ഉണ്ട്. കാകാതിപുരം ഇന്നത്തെ വാറങ്കല്‍ ആണെന്ന് കരുതപ്പെടുന്നു.