അർധകുംഭകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(താഴികക്കുടം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോമിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ അർധകുംഭകം.മൈക്കെലാഞ്ജലോയാണ് ഇത് പ്രാധമികമായ് രൂപകല്പന ചെയ്തത്. 1590വരെ ഇതിന്റെ പണി പൂർത്തിയായിരുന്നില്ല

കെട്ടിടങ്ങൾക്ക് അർധഗോളാകൃതിയിലോ അതിനു സദൃശമായ മറ്റു രൂപങ്ങളിലോ പണിയുന്ന മേൽപ്പുരയാണ് അർധകുംഭകം(Dome). പകുതി മുറിച്ച കുടത്തിന്റെ ആകൃതിയിൽനിന്നും അർധകുംഭകം എന്ന പേരു വന്നത്. ഗോളാകൃതിയിലുള്ള മേൽക്കൂരകൾ പണ്ടു നിർമിച്ചിരുന്നത് ചെളിയും പുല്ലും കൂട്ടിക്കുഴച്ചാണ്. എസ്കിമോകളുടെ ഇഗ്ലൂ (Igloo) മറ്റൊരുദാഹരണമാണ്. ആകാശത്തിന്റെ ആകൃതിയുള്ളതുകൊണ്ട് അർധകുംഭകം പ്രപഞ്ചാത്മാവിന്റെ പ്രതീകമായി. അതുകൊണ്ടുതന്നെ അധികാരത്തിന്റെ ചിഹ്നമായും ഇവയെ പരിഗണിച്ചുപോന്നു.

ഓരോ സംസ്കാരത്തിലും ഇങ്ങനെ ഭിന്നങ്ങളായ ആശയപ്രതീകമായി വാസ്തുവിദ്യയിൽ അർധകുംഭകനിർമ്മാണപ്രവണത നിലനിന്നു. ഇന്ത്യയിൽ വേദകാലം മുതൽ ക്ഷേത്രങ്ങൾക്ക് ഈ ആകൃതി ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. സാഞ്ചിസ്തൂപത്തിലെ കൊത്തുവേലകളിൽ ഈ രൂപം ചിത്രീകരിക്കപ്പെട്ടിട്ടുമുണ്ട്. ബുദ്ധമത സ്തൂപങ്ങളിൽ അർധകുംഭകം സ്ഥിരപ്രതിഷ്ഠ നേടി. ചൈനയിലെ പഴയ കാലത്തെ ശവകുടീരങ്ങൾ അർധകുംഭക മേൽപ്പുരയുള്ള കുടിലുകളുടെ രൂപത്തിലാണ്. ഗ്രീസിലെ വൃത്താകൃതിയുള്ള ക്ഷേത്രങ്ങൾ (Tholos) ജനനമരണ ചക്രത്തിന്റെ അടയാളമായിരുന്നു. റോമിലെ പാന്തിയോൺ (Pantheon) ക്ഷേത്രം പ്രപഞ്ചശക്തിയുടെ പ്രതിമാനമായി നിർമിച്ചതാണ്. റോമിൽ നിന്നും ക്രിസ്ത്യാനികൾ ഈ ആശയം സ്വീകരിച്ചു. കോൺസ്റ്റാന്റിനോപ്പിളിലെ ഹോളി വിസ്ഡം പള്ളി എ.ഡി. 561-ൽ പുനരുദ്ധരിച്ചപ്പോൾ നിർമിച്ച അർധകുംഭകാകൃതിയിലുള്ള മേൽപ്പുര ഈശ്വരമാഹാത്മ്യത്തിന്റെയും ക്രിസ്തുവിന്റെ അധികാരത്തിന്റെയും ചക്രവർത്തിമാരുടെ ശക്തിയുടെയും ജസ്റ്റീനിയൻ ചക്രവർത്തിയുടെ ശവകുടീരത്തിന്റെയും ഒക്കെ പ്രതീകമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്.

ഈ നിർമ്മാണരീതി മധ്യേഷ്യയിലും ഇന്ത്യയിലും പ്രചാരം നേടിയത് ഇസ്ലാമിക സംസ്കാരവ്യാപനത്തിൽ കൂടിയാണ്. അതേസമയം മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ ഇതിന്റെ പ്രചാരം കുറഞ്ഞുവന്നു. നവോത്ഥാനത്തിനുശേഷം അർധകുംഭകം വീണ്ടും പ്രചാരത്തിലായപ്പോൾ അതിനോടനുബന്ധിച്ച പ്രതീകസൂചനകൾ അവഗണിക്കപ്പെടാൻ തുടങ്ങിയിരുന്നു. പിന്നീട് കാണാൻ കൗതുകമുള്ള ഒരു സംരചനാരൂപം എന്ന നിലയിലാണ് അർധകുംഭകത്തെ അധികവും പ്രയോജനപ്പെടുത്തിയത്.

നിർമ്മാണരീതി[തിരുത്തുക]

19-ആം ശതകത്തിൽ വാസ്തുവിദ്യയിൽ പല നൂതനപ്രവണതകളും ദൃശ്യമായി. കോൺക്രീറ്റിന്റെയും പ്രബലിത കോൺക്രീറ്റിന്റെയും കണ്ടുപിടിത്തം പഴയ നിർമ്മാണവസ്തുക്കളുടെ പരിമിതികളിൽനിന്നും വാസ്തുവിദ്യയെ സ്വതന്ത്രമാക്കി. വിസ്താരമുള്ള അകത്തളങ്ങൾക്ക് തൂണുകളുടെ പ്രതിബന്ധമില്ലാതെ മേൽപ്പുര പണിയാനുതകുന്ന ഒരു നിർമ്മാണരീതിയായിട്ടാണ് അർധകുംഭകം ഇന്നുപയോഗിക്കപ്പെടുന്നത്. സംരചനാവിശ്ലേഷണരീതിയുടെ പുരോഗതി ഇതിന്റെ രൂപകല്പന (design) കളിലും മാറ്റങ്ങൾ വരുത്തി. മെസോപ്പൊട്ടോമിയയിലെ നിനവേ നഗരത്തിൽനിന്നും കിട്ടിയ ഒരു കുംഭകത്തിന്റെ ശിലാഫലകത്തിന് അഞ്ച് സഹസ്രാബ്ദങ്ങൾ പഴക്കമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നു.

മാമത്തുകളുടെ കൊമ്പുകളും എല്ലുകളും കൊണ്ട് നിർമ്മിക്കപ്പെട്ട അർധകുംഭകങ്ങളുടെ അവശിഷ്ടങ്ങൾ ഉക്രൈനിലെ മെസ്റിച് എന്ന സ്ഥലത്തുനിന്ന് 1965-ൽ കണ്ടെത്തി.[1] ബി.സി.19,280 -നും ബി.സി. 11,700 നും ഇടയിലുള്ള കാലഘട്ടത്തിലുള്ളവയാണ് ഇവയെന്ന് കരുതപ്പെടുന്നു.[2]

അർധകുംഭകത്തിന്റെ പൂളുകൾക്കുള്ളിലെ മർദവും വലിവും നിർമ്മാണവസ്തുക്കൾ തന്നെ താങ്ങണം. കല്ല്, ഇഷ്ടിക മുതലായ നിർമ്മാണവസ്തുക്കൾക്ക് മർദ്ദം താങ്ങാനുള്ള ശക്തിയുണ്ട്. പക്ഷേ, വലിവിന്റെ കാര്യത്തിൽ ദുർബലമാണവ. ഇക്കാരണത്താൽ അധോമേഖലയിൽ നേർത്ത വിള്ളലുകൾ പ്രത്യക്ഷമാകാം. അപ്പോൾ ഓരോ പൂളും സ്വതന്ത്രമായ ഓരോ കമാനംപോലെ പ്രവർത്തിക്കാൻ ഇടവരാം. ഈ സാധ്യതയിലും ഭദ്രത കൈവരുത്തുന്നതിന് കുംഭകത്തിന്റെ കനം കൂട്ടേണ്ടതായി വരുന്നു. അതിന്റെ ഭാരം ആധാരത്തിന്മേൽ ചുറ്റും ഏകദേശം സമമായി പ്രസരിക്കുന്നു; അതുകൊണ്ട് അർധകുംഭകം നിർമ്മിക്കുന്നത് വൃത്താകൃതിയിൽ ബലമുള്ള ആധാരത്തിലായിരിക്കണം. മറ്റാകൃതികളിലുള്ള കെട്ടിടങ്ങൾക്ക് മേൽപ്പുരയായി ഇവ പണിയുന്നതിനുള്ള പ്രതിബന്ധമിതാണ്.

ബൈസാന്തിയൻ ശില്പികൾ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി; അർധകുംഭകത്തിന്റെ ഭാരപ്രസരണം തൂണുകളിലേക്കാക്കുന്നത് നന്നായിരിക്കുമെന്ന് അവർ സ്ഥാപിച്ചു. സമചതുരാകൃതിയിലുള്ള മുറിയുടെ മൂലകളിൽനിന്നും ഗോള ത്രികോണങ്ങൾ (spherical triangles) പോലെ തള്ളിനില്ക്കുന്ന പ്രലംബിനികൾ (pendatives) നിർമിച്ചാൽ അവ മേൽപ്പുരയുടെ വിതാനത്തിൽ വൃത്താകൃതിയുള്ള ആധാരമായിത്തീരും; മൂലകൾ പരസ്പരം ബന്ധിപ്പിക്കുന്ന കമാനങ്ങളായും ഈ പ്രലംബിനികൾ പ്രവർത്തിക്കും. അർധകുംഭകത്തിന്റെ ഭാരം ഇവവഴി മൂലകളിലെ തൂണുകളിലേക്ക് പകർന്നു കൊടുക്കാൻ കഴിയും.

A compound dome (red) with pendentives (yellow) from a sphere of greater radius than the dome.
Comparison of a generic "true" arch (left) and a corbel arch (right).

മൂലകളിൽനിന്ന് പടിപടിയായി തള്ളിനില്ക്കുന്ന 'ഉത്സേധ'ങ്ങൾ (Corbels) നിർമിച്ച് ചതുരാകൃതിയിലുള്ള ആധാരം അഷ്ടഭുജാകൃതിയിലും, പിന്നീട് വൃത്താകൃതിയിലും ആക്കിയെടുക്കുന്ന ഒരു നിർമ്മാണരീതിയാണ് മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ പരക്കെ സ്വീകരിച്ചിരുന്നത്; കൂടെ മറ്റു രീതികളും പ്രചാരത്തിലുണ്ടായിരുന്നു. ബിജാപ്പൂരിലെ ഗോൾഗുംബാസിന്റെ നിർമ്മാണരീതിയാണ് ഇവയിലേറ്റവും ശ്രദ്ധാർഹമായിട്ടുള്ളത്. ഇവിടെ പരസ്പരം ബന്ധിക്കപ്പെട്ട അനേകം കമാനങ്ങൾ കെട്ടിടത്തിന്റെ അകത്തേക്കു ചരിഞ്ഞ് ഏതാണ്ട് വൃത്താകൃതിയിലുള്ള ആധാരം സൃഷ്ടിക്കുന്നു. അർധകുംഭകത്തിന്റെ ഭാരം ഈ കമാനങ്ങളിലേക്കാണ് പ്രസരിക്കുന്നത്

അർധകുംഭകത്തിന്റെ നിർമ്മാണം കമാനത്തിന്റേതെന്നപോലെ ആധാരങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. ഓരോ വിതാനത്തിലുമുള്ള വലയാകാരമായ നിരകൾ ക്രമേണ ചെറുതാക്കിക്കൊണ്ടുവന്ന് ഉച്ചിയിലെത്തിക്കുന്നു. ആധാരത്തിൽ നിന്നും തുടങ്ങുന്ന കമാനങ്ങളുടെ ഒരു നിരയുണ്ടാക്കി ഇവയ്ക്കിടയിലെ ഭാഗം അടച്ചും നിർമ്മാണം സാധിക്കാം. ഇത്തരം അർധകുംഭകങ്ങൾക്ക് 'ചാപകമാനകുംഭകം' (vaulted dome) എന്നു പറയുന്നു.

പ്രസിദ്ധമാതൃകകൾ[തിരുത്തുക]

അകത്തുനിന്നും നോക്കുമ്പോൾ കാഴ്ചയ്ക്ക് ഭംഗി അർധഗോളാകൃതിയിലുള്ള നിർമിതിക്കാണ്. പക്ഷേ, പുറമേ നിന്നും നോക്കുമ്പോൾ ഇതിന് ഉയരം കുറവായതായി തോന്നിക്കും; ഭംഗിയും കുറയും. ഇതുകൊണ്ട് കെട്ടിടങ്ങൾക്ക് രണ്ടോ മൂന്നോ പാളികളു(shells)ള്ള മേൽപ്പുര നിർമ്മിക്കാറുണ്ട്. ഒന്നിൽ കൂടുതൽ പാളികളാവുമ്പോൾ സീലിംഗിന്റെ ഉപയോഗം നിർവഹിക്കപ്പെടുമെന്ന മെച്ചവുമുണ്ട്. പാന്തിയോണിന്റെ മേൽപ്പുര ഒറ്റ അർധകുംഭകമാണ്. റോമിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിനു (ചി. 6) രണ്ടു പാളികളുണ്ട്; ലണ്ടനിലെ സെന്റ് പോൾസ് പള്ളിക്കാകട്ടെ മൂന്നു പാളികളാണുള്ളത്-ഏറ്റവും അകത്തേത് ഇഷ്ടികകൊണ്ടുള്ളതും, ഏറ്റവും പുറത്തേത് മരത്തിന്റെ ചട്ടക്കൂടിൽ ഈയത്തകിടുകൊണ്ട് പൊതിഞ്ഞതുമാണ്. ഇവയ്ക്കിടയിൽ ഇഷ്ടികകൊണ്ടുള്ള ഒരു വൃത്തസ്തൂപികയും നിർമിച്ചിട്ടുണ്ട്. ഈ പാളി പ്രധാനമായും മേൽപ്പുരയിലെ വിളക്കിന്റെ ഭാരം താങ്ങാൻ ഉദ്ദേശിച്ചുണ്ടാക്കിയതാണ്. ഇന്ത്യയിൽ താജ്മഹലിന് ഉള്ളിയുടെ ആകൃതിയിൽ കാണുന്ന ഒരെണ്ണം പുറത്തും അർധഗോളാകൃതിയിലുള്ള മറ്റൊരെണ്ണം അകത്തും ഉണ്ട്.

ഷാജഹാൻ ആഗ്രയിൽ നിർമ്മിച്ച താജ്‌ മഹൽ.

മർദത്തിലും വലിവിലും കൂടുതൽ ശക്തിയുള്ള നിർമ്മാണവസ്തുക്കൾ ഉപയോഗിച്ചാൽ കനം കുറഞ്ഞ അർധകുംഭകങ്ങൾ കൂടുതൽ വിസ്താരത്തിൽ നിർമ്മിക്കാം. ഷെല്ലുകൾ പോലെയാണ് ഇവയുടെ പ്രവർത്തനം. പ്രബലിത സിമന്റ് കോൺക്രീറ്റ് (reinforced cement concrete ) ഉപയോഗിച്ചു നിർമിച്ച ആദ്യത്തെ ഇത്തരം അർധകുംഭകം ജേനയിലെ ത്സെയ്സ്പ്ളാനറ്റേറിയ(Zeiss planetarium)ത്തിന്റേതാണ്. കോൺക്രീറ്റിൽ വെവ്വേറെ വാർത്തുണ്ടാക്കിയ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ലൂഗിനർവി എന്ന ശില്പി റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിന്റെ അർധകുംഭകം നിർമിച്ചു. അർധകുംഭകനിർമ്മാണത്തിൽ ഏറ്റവും ആധുനികമായ സംഭാവന ബക്മിൻസ്റ്റർ ഫുള്ളർ എന്ന ശില്പിയുടെ 'അല്പാന്തരീയകുംഭകം' (Deodesic dome) ആണ്. ഗോളത്തെ അടിസ്ഥാനപരമായി ത്രികോണങ്ങളായി ഭാഗിച്ച് ലോഹക്കുഴലുകൾ കൊണ്ട് ഈ ത്രികോണങ്ങൾ ഉണ്ടാക്കുകയും അവയ്ക്ക് അലുമിനിയത്തകിടോ കനംകുറഞ്ഞ മറ്റു വസ്തുക്കളോ കൊണ്ട് ഒരു നേർത്ത ആവരണം കൊടുക്കുകയും ചെയ്യുക എന്ന നിർമ്മാണരീതിയാണ് ഇതിൽ സ്വീകരിച്ചിരിക്കുന്നത്. കനം കുറഞ്ഞ ചുവരിലോ, നേരിട്ടു ഭൂമിയിലോ ഉറപ്പിക്കാവുന്നവയാണ് ഇത്തരം അർധകുംഭകങ്ങൾ.

താഴികക്കുടം[തിരുത്തുക]

ക്ഷേത്രങ്ങൾ പള്ളികൾ, അതുപോലെയുള്ള വലിയ മന്ദിരങ്ങളുടെ മുകളിൽ അർദ്ധഗോളാകൃതിയിൽ നിർമ്മിക്കുന്ന അർദ്ധകുംഭകങ്ങളെ താഴികക്കുടം അഥവാ കുംഭഗോപുരം എന്നു പറയുന്നു. ഒരു താഴികയും അതിനുമുകളിൽ ഒരു കുടവും കമഴ്ത്തിവച്ചതുപോലെയാണ്‌ ഇതിന്റെ ആകൃതി, കുടത്തിനുമുകളിൽ കൂർത്തഒരു സ്തൂപമുള്ള താഴികക്കുടങ്ങളുമുണ്ട്‌[3].

അവലംബം[തിരുത്തുക]

  1. Hitchcock, Don. Don's Maps. "Mezhirich - Mammoth Camp". Retrieved August 15, 2009.
  2. Palmer, Douglas, Paul Pettitt and Paul G. Bahn. Unearthing the past: the great archaeological discoveries that have changed history[പ്രവർത്തിക്കാത്ത കണ്ണി]. Globe Pequot, 2005. Illustrated edition. ISBN 978-1-592-28718-5.
  3. കേരളഭാഷാനിഘണ്ടു. 1997.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അർധകുംഭകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അർധകുംഭകം&oldid=3838327" എന്ന താളിൽനിന്ന് ശേഖരിച്ചത്