ഇന്ത്യയിലെ ഇസ്ലാമിക സാമ്രാജ്യങ്ങള്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മദ്ധ്യ കാലഘട്ടങ്ങളില്‍, തെക്കേ ഏഷ്യയില്‍ പല ഇസ്ലാമിക സാമ്രാജ്യങ്ങളും നിലനിന്നു.
ഉള്ളടക്കം |
[തിരുത്തുക] ദില്ലി സുല്‍ത്താനത്ത്
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ മുഹമ്മദ് ഘോറി സിന്ധൂ ഗംഗാ സമതലം ആക്രമിച്ച് ഘസ്നി, മുള്‍ത്താന്‍, സിന്ധ്, ലാഹോര്‍, ദില്ലി എന്നീ സ്ഥലങ്ങള്‍ യഥാക്രമം പിടിച്ചടക്കി. അദ്ദേഹത്തിന്റെ സേനാനായകരില്‍ ഒരാളായ കുത്തബ്ബുദ്ദീന്‍ ഐബക്ക് സ്വയം ദില്ലി സുല്‍ത്താന്‍ ആയി അവരോധിച്ചു. 13-ആം നൂറ്റാണ്ടില്‍ ഒരു മുന്‍-അടിമ സൈനികനായിരുന്ന ഷംസുദിന്‍ ഇല്‍ത്തുമിഷ് (1211 - 1236) ദില്ലിയില്‍ തുര്‍ക്കിക് സാമ്രാജ്യം സ്ഥാപിച്ചു. ഇത് പിന്‍കാല സുല്‍ത്താന്മാര്‍ക്ക് എല്ലാ ദിക്കിലേയ്ക്കും സാമ്രാജ്യം സ്ഥാപിക്കുന്നതിന് വഴിയൊരുക്കി. അടുത്ത നൂറുവര്‍ഷ കാലത്ത് ദില്ലി സുല്‍ത്താനത്ത് കിഴക്ക് ബംഗാളിലേക്കും തെക്ക് ഡെക്കാനിലേക്കും വ്യാപിച്ചു. ഇതേ സമയം സുല്‍ത്താനത്തിന് വടക്കുപടിഞ്ഞാറുനിന്നും പല ഭീഷണികളും നേരിടുകയും, പരാജിതരായ, സ്വതന്ത്ര ചിന്താഗതിയുള്ള രാജാക്കന്മാരില്‍ നിന്നും സാമ്രാജ്യത്തിനുള്ളില്‍ നിന്നുതന്നെ ലഹളകള്‍ നേരിടുകയും ചെയ്തു. അഞ്ച് രാജവംശങ്ങള്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തതുകൊണ്ട് ഈ സാമ്രാജ്യം തുടര്‍ച്ചയായി മാറ്റങ്ങള്‍ക്കു വിധേയമായിരുന്നു: അടിമ രാജവംശം (1206-90), ഖില്‍ജി രാജവംശം (1290-1320), തുഗ്ലക്ക് രാജവംശം (1320-1413), സയ്യിദ് രാജവംശം (1414-51), ലോധി രാജവംശം (1451-1526) എന്നിവയായിരുന്നു അവ. അലാവുദീന്‍ ഖില്‍ജിയുടെ കീഴില്‍ (1296 - 1316) ഖില്‍ജി രാജവംശം തെക്കേ ഇന്ത്യയുടെ ഭൂരിഭാഗവും ചുരുങ്ങിയ കാലത്തേക്ക് തങ്ങളുടെ ഭരണത്തിനു കീഴില്‍ കൊണ്ടുവന്നു, എന്നാല്‍ കീഴടക്കിയ പ്രദേശങ്ങള്‍ പെട്ടെന്ന് വിഘടിച്ചുപോയി. ദില്ലിയിലെ ഭരണം പലപ്പൊഴും കയ്യടക്കിയത് രക്തപങ്കിലമായി ആയിരുന്നു - മുപ്പത്തഞ്ച് സുല്‍ത്താന്മാരില്‍ പത്തൊന്‍പതുപേരും കൊല്ലപ്പെട്ടു. കൊട്ടാരത്തിലെ ഗൂഢാലോചനകളും കക്ഷി വഴക്കുകളും അനവധിയും ചതിനിറഞ്ഞതുമായിരുന്നു. സുല്‍ത്താന്മാരുടെ വ്യക്തിത്വവും ഭാഗ്യവുമനുസരിച്ച് അവരുടെ നിയന്ത്രണത്തിലുള്ള പ്രദേശവിസ്തൃതി വികസിക്കുകയും ചുരുങ്ങുകയും ചെയ്തു.
ഖുറാന്‍, ഷരിയ നിയമം എന്നിവ ഇന്ത്യയിലെ ഹിന്ദു രാജാക്കന്മാരുടെ മേല്‍ ഇസ്ലാമിക നിയമം നടപ്പിലാക്കുന്നതിന് അടിസ്ഥാനമായി, എന്നാല്‍ സുല്‍ത്താനത്ത് ആദ്യകാലത്ത് ചെറിയ പുരോഗതിയേ നേടിയുള്ളൂ; പല യുദ്ധങ്ങളും കൊള്ളയടിക്കുന്നതിനും കോട്ടകളുടെ ശക്തി കുറയ്ക്കുന്നതിനും ആയിരുന്നു. ഒരു സുല്‍ത്താന്റെ ഭരണത്തിന്റെ സ്വാധീനം നിര്‍ണ്ണയിച്ചത് അദ്ദേഹം നിയന്ത്രിച്ചിരുന്ന സൈനിക പാതകളും വാണിജ്യപാതകളും ഉള്‍പ്പെട്ട തന്ത്രപ്രധാനമായ സ്ഥലങ്ങള്‍, വര്‍ഷാവര്‍ഷം ഭൂനികുതി പിരിക്കുന്നതിനുള്ള കഴിവ്, സൈന്യത്തിന്റെയും പ്രവിശ്യാ ഗവര്‍ണ്ണര്‍മാരുടെയും മേലുള്ള വ്യക്തിപരമായ നിയന്ത്രണം, തുടങ്ങിയവയായിരുന്നു. സുല്‍ത്താന്‍ അലാവുദ്ദിന്‍ ഭൂനികുതികളും പട്ടണ നികുതികളും പുനര്‍നിര്‍ണ്ണയിക്കുന്നതിനും ക്രമീകരിക്കുന്നതിനും ഒരുമിപ്പിക്കുന്നതിനും ശ്രമിച്ചു, എന്നാല്‍ ഈ ശ്രമങ്ങള്‍ പരാജയപ്പെട്ടു. വടക്കേ ഇന്ത്യയിലെ കൃഷി പുതിയ കനാല്‍ നിര്‍മ്മിതികളുടെയും ജലസേചനമാര്‍ഗ്ഗങ്ങളുടെയും ഫലമായി (ഇതില്‍ പേര്‍ഷ്യന്‍ ചക്രം എന്ന് അറിയപ്പെട്ട സമ്പ്രദായവും ഉള്‍പ്പെട്ടു) അഭിവൃദ്ധിപ്പെട്ടെങ്കിലും, നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വവും നികുതി ശേഖരിക്കുന്നതിന്റെ ചൂഷണമാര്‍ഗ്ഗങ്ങളും കര്‍ഷകരെ ദുരിതത്തിലാക്കി. എങ്കിലും വാണിജ്യവും കമ്പോള സമ്പദ്‌വ്യവസ്ഥയും ഉപഭൂഖണ്ഡത്തിലും വിദേശരാജ്യങ്ങളുമായും അഭിവൃദ്ധിപ്പെട്ടു. ഉപരിവര്‍ഗ്ഗത്തിന്റെ ലോഭമില്ലാതെ പണം ചിലവാക്കുന്ന ശീലം ഇതിനെ സഹായിച്ചു. കൊല്ലന്മാര്‍, കല്ലാശാരിമാര്‍, തുണി ഉല്പ്പാദനം, എന്നിവ മുഗള്‍ ഭരണത്തിന്റെ പിന്തുണയോടെ അഭിവൃദ്ധി പ്രാപിച്ചു. ഈ കാലയളവില്‍ പേര്‍ഷ്യന്‍ ഭാഷയും പല പേര്‍ഷ്യന്‍ സാംസ്കാരിക ഘടകങ്ങളും ഇന്ത്യയിലെ അധികാരകേന്ദ്രങ്ങളില്‍ പ്രധാനമായി.
[തിരുത്തുക] തെക്കന്‍ രാജവംശങ്ങള്‍
ദില്ലി സുല്‍ത്താന്മാര്‍ ഡെക്കാനും തെക്കേ ഇന്ത്യയും തങ്ങളുടെ നിയന്ത്രണത്തില്‍ നിറുത്തുന്നതില്‍ പരാജയപ്പെട്ടത് മുസ്ലിം ബഹ്മനി സുല്‍ത്താനത്ത് (1347-1527), ഹിന്ദു വിജയനഗര സാമ്രാജ്യം (1336-1585) എന്നീ പരസ്പരം മത്സരിക്കുന്ന തെക്കന്‍ സാമ്രാജ്യങ്ങളുടെ ഉദയത്തിനു കാരണമായി. തുഗ്ലക്കുകളുടെ ഒരു പ്രവിശ്യാ ഭരണാധികാരിയായിരുന്ന സഫര്‍ ഖാന്‍ തന്റെ തുര്‍ക്കിക്ക് യജമാനന് എതിരായി കലാപമുയര്‍ത്തി, സ്വയം സുല്‍ത്താനായി അവരോധിച്ചു, 1347-ല്‍ അലാവുദിന്‍ ബഹ്മന്‍ ഷാ എന്ന പേര് സ്വീകരിച്ചു. വടക്കേ ഡെക്കാനില്‍ കേന്ദ്രീകരിച്ച ബഹ്മനി സുല്‍ത്താനത്ത് ഏകദേശം രണ്ട് നൂറ്റാണ്ടുകള്‍ നിലനിന്നു, അതിനുശേഷം അഞ്ച് ചെറിയ രാജ്യങ്ങളായി ഛിദ്രമായി. ഡെക്കാന്‍ സുല്‍ത്താനത്തുകള്‍ എന്നറിയപ്പെട്ട ഇവ ബിജാപ്പൂര്‍, ഗോല്‍ക്കൊണ്ട, അഹ്മദ്നഗര്‍, ബീരാര്‍, ബിദാര്‍ എന്നിവയായിരുന്നു. 1527-ല്‍ ആണ് ഈ വിഘടനം നടന്നത്. ദില്ലി സുല്‍ത്താന്മാര്‍ നികുതി പിരിവിനും ഭരണത്തിനും ഉപയോഗിച്ച വ്യവസ്ഥകള്‍ ബഹ്മനി സുല്‍ത്താന്മാരും പിന്തുടര്‍ന്നു. ബഹ്മനി സുല്‍ത്താനത്തിന്റെ പതനത്തിനു പ്രധാനമായും കാരണമായത് ഡെക്കാനികള്‍ (തദ്ദേശീയരായി മാറിയ മുസ്ലീം കുടിയേറ്റക്കാരും മതപരിവര്‍ത്തനം ചെയ്ത പ്രദേശവാസികളും) പരദേശികളും (താല്‍ക്കാലിക സേവനത്തിനുവന്ന വിദേശികളും ഉദ്യോഗസ്ഥരും) തമ്മില്‍ നിലനിന്ന മത്സരവും വെറുപ്പുമായിരുന്നു. ബഹ്മനി സുല്‍ത്താന്മാര്‍ ആരംഭിച്ച സാംസ്കാരിക സമന്വയ പ്രക്രിയയുടെ ഉദാഹരണങ്ങള്‍ ഇന്നും ഹൈദ്രബാദില്‍ പുഷ്കലമായി തുടരുന്ന ഡെക്കാനി വാസ്തുവിദ്യയിലും ചിത്രകലയിലും കാണാം.
1336-ല്‍ സ്ഥാപിച്ച വിജയനഗര സാമ്രാജ്യം (തലസ്ഥാനമായ [[[വിജയനഗരം|വിജയനഗരത്തിന്റെ]] (വിജയത്തിന്റെ നഗരം എന്ന് അര്‍ത്ഥം വരുന്നത്) പേരില്‍ നിന്നാണ് സാമ്രാജ്യത്തിന് ആ പേരുവന്നത്) വേഗത്തില്‍ തെക്ക് മധുര വരെയും പടിഞ്ഞാറ് ഗോവ വരെയും വ്യാപിച്ചു. ഇവര്‍ കിഴക്കേ തീരത്തിനുമേല്‍ക്കും തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തികള്‍ വരെയും ഇടവിട്ട് അധികാരം സ്ഥാപിച്ചു. തങ്ങളുടെ ചോള മുന്‍ഗാമികളുടെ മാതൃകയില്‍ ഇവര്‍ കാര്‍ഷിക, വാണിജ്യ നികുതികള്‍ പിരിക്കുകയും വാണിജ്യ സംഘങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ക്ഷേത്രങ്ങള്‍ക്ക് വലിയതോതില്‍ പ്രോല്‍സാഹനവും സഹായങ്ങളും നല്‍കുകയും ചെയ്തു. ബഹ്മനി സുല്‍ത്താന്മാരോട് യുദ്ധം ചെയ്യുന്നതിനുള്ള അധിക വരുമാനം സ്വരൂപിച്ചത് വാണിജ്യ സ്ഥാപനങ്ങള്‍ക്കും ഉദ്യോഗങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും മേല്‍ ഒരു കൂട്ടം നികുതികള്‍ ചെലുത്തിക്കൊണ്ടായിരുന്നു. ബഹ്മനി, വിജയനഗര ഭരണാധികാരികള്‍ക്ക് ഇടയില്‍ നിലനിന്ന രാഷ്ട്രീയ ശത്രുതയില്‍ കൃഷ്ണ - തുംഗഭദ്ര നദീതടത്തിന്റെ നിയന്ത്രണവും ഭാഗമായിരുന്നു, ഏത് ഭരണാധികാരിയാണോ കൂടുതല്‍ ശക്തന്‍, അതനുസരിച്ച് ഈ നദീതടത്തിന്റെ നിയന്ത്രണം മാറിക്കൊണ്ടിരുന്നു. ശത്രുക്കളുടെ മേല്‍ വിജയം നേടാനുള്ള വിജയനഗര സാമ്രാജ്യത്തിന്റെ കഴിവ് രണ്ട് ഘടകങ്ങളെ അനുസരിച്ചിരുന്നു: കുതിരകളുടെ ലഭ്യത -ആദ്യകാലത്ത് അറബ് വ്യാപാരികളില്‍ നിന്നും പിന്നീട് പോര്‍ച്ചുഗീസുകാരില്‍ നിന്നും ഇവര്‍ കുതിരകളെ വാങ്ങി; പാതകളും വിനിമയമാര്‍ഗ്ഗങ്ങളും പ്രവര്‍ത്തനക്ഷമമായി സംരക്ഷിക്കുന്നത് എന്നിവയെ.
[തിരുത്തുക] മുഗള്‍ കാലഘട്ടം
മുഗള്‍ സാമ്രാജ്യം (Persian: مغل بادشاہ) അതിന്റെ സാമ്രാജ്യോന്നതിയില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും ഭരിച്ച സാമ്രാജ്യമാണ്. 1526 മുതല്‍ 1857 വരെയായിരുന്നു ഈ സാമ്രാജ്യത്തിന്റെ ഭരണകാലം. 1526-ല്‍ ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ദില്ലി സുല്‍ത്താനത്തിലെ അവസാന രാജാവായ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിക്കൊണ്ട് മംഗോള്‍ വംശജനായ ബാബര്‍ ആണ് ഈ സാമ്രാജ്യം സ്ഥാപിച്ചത്.
| പ്രശസ്തരായ മുഗള്‍ ഭരണാധികാരികള്‍ | ||||||||||||
| ചക്രവര്‍ത്തി | ഭരണകാലത്തിന്റെ ആരംഭം | ഭരണകാലത്തിന്റെ അന്ത്യം | ||||||||||
|---|---|---|---|---|---|---|---|---|---|---|---|---|
| ബാബര്‍ | 1526 | 1530 | ||||||||||
| ഹുമയൂണ്‍ | 1530 | 1556 | ||||||||||
| അക്ബര്‍ | 1556 | 1605 | ||||||||||
| ജഹാംഗീര്‍ | 1605 | 1627 | ||||||||||
| ഷാ ജഹാന്‍ | 1627 | 1658 | ||||||||||
| ഔറംഗസേബ് | 1658 | 1707 | ||||||||||
[തിരുത്തുക] ഡെക്കാനിലെ അസഫ് ഷാഹി
1719-ല്‍ അസഫ് ഷാ രാജവംശം തുടങ്ങിയതുമുതല്‍ ഇന്ത്യയിലെ ഹൈദ്രബാദ് രാജ്യത്തിലെ ഭരണാധികാരികളുടെ സ്ഥാനപ്പേരായിരുന്നു പ്രദേശത്തിന്റെ ഭരണാധികാരി എന്ന് അര്‍ത്ഥം വരുന്ന നിസാം-ഉള്‍-മുല്‍ക്ക് (Urdu: نظامالملک) എന്നതിന്റെ ചുരുക്കമായ നിസാം. 1724-ല്‍ ഈ രാജവംശം സ്ഥാപിച്ചത് മുഗളരുടെ കീഴില്‍ 1713 മുതല്‍ 1721 വരെ വൈസ്രോയി ആയിരുന്ന Qamar-ud-din Khan, Asaf Jah Iമിര്‍ കമറുദ്ദീന്‍ സിദ്ദിഖി ആണ്. കമറുദ്ദീന്‍ സിദ്ദിഖി അസഫ് ഷാ എന്ന സ്ഥാനപ്പേരില്‍ ഇടവിട്ട് ഭരിച്ചിരുന്നു. 1707-ല്‍ ഔറംഗസേബിന്റെ മരണത്തിനുശേഷം മുഗള്‍ സാമ്രാജ്യം നാനാവശേഷമായതിനു പിന്നാലെ, ഹൈദ്രബാദിലെ വൈസ്രോയി ആയ അസഫ് ഷാ സ്വയം സ്വതന്ത്ര രാജാവായി പ്രഖ്യാപിച്ചു.
[തിരുത്തുക] അവലംബം
- ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സര്‍ക്കാര്‍ പബ്ലിക്ക് ഡൊമെയ്ന്‍ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോണ്‍ഗ്രസ് കണ്ട്രി സ്റ്റഡീസ്-ല്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. - ഇന്ത്യ, പാക്കിസ്ഥാന്‍
[തിരുത്തുക] ഗ്രന്ഥാവലി
- Majumdar, R. C. (ed.), The History and Culture of the Indian People, Volume VI, The Delhi Sultanate, Bombay, 1960; Volume VII, The Mughal Empire, Bombay, 1973.
- Elliot, Sir H. M., Edited by Dowson, John. The History of India, as Told by Its Own Historians. The Muhammadan Period; published by London Trubner Company 1867–1877.