Jump to content

ഉദാത്തബലതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഉദാത്ത ബലതന്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വസ്തുക്കളുടെ ചലനത്തെ ഗണിതപരമായി വിശദീകരിക്കുകയും ഇവയ്ക്ക് കാരണമാകുന്ന നിയമങ്ങളെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന ഭൗതികശാസ്ത്രശാഖയായ ബലതന്ത്രത്തിന്റെ രണ്ട് പ്രധാന ഉപവിഭാഗങ്ങളിലൊന്നാണ്‌ ഉദാത്ത ബലതന്ത്രം (ക്വാണ്ടം ബലതന്ത്രം ആണ്‌ രണ്ടാമത്തേത്). സ്ഥൂലവസ്തുക്കളുടെ ചലനമാണ്‌ ഈ ശാഖ വിശദീകരിക്കുന്നത്. നിത്യജീവിതത്തിൽ കാണുന്ന ചലിക്കുന്ന വസ്തുക്കൾ, ബഹിരാകാശവാഹനങ്ങൾ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവയുടെയെല്ലാം ചലനത്തെ വളരെ കൃത്യമായി വിശദീകരിക്കാൻ ഉദാത്ത ബലതന്ത്രത്തിന്‌ സാധിക്കുന്നു. ശാസ്ത്രസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഏറ്റവും പഴക്കം ചെന്നതും പ്രാധാന്യമേറിയതുമായ വിഷയങ്ങളിലൊന്നാണിത്.

വാതകങ്ങൾ, ദ്രാവകങ്ങൾ, ഖരവസ്തുക്കൾ എന്നിവയെക്കുറിച്ചെല്ലാം പഠിക്കാൻ ഉദാത്ത ബലതന്ത്രത്തിന്‌ ഉപവിഭാഗങ്ങളുണ്ട്. പ്രകാശവേഗത്തോടടുത്ത വേഗത്തിൽ സഞ്ചരിക്കുന്ന വസ്തുക്കളെക്കുറിച്ച് പഠിക്കാൻ വിശിഷ്ട ആപേക്ഷികതയും ഗുരുത്വാകർഷണത്തെക്കുറിച്ച് പഠിക്കാൻ സാമാന്യ ആപേക്ഷികതയും ഉപയോഗിക്കേണ്ടതുണ്ട്. സൂക്ഷ്മവസ്തുക്കളിൽ ദ്വൈതസ്വഭാവം ദൃശ്യമാകുന്നതിനാൽ അവയുടെ ചലനം വിശദീകരിക്കാൻ ക്വാണ്ടം ബലതന്ത്രവും ഉപയോഗിക്കേണ്ടി വരുന്നു.

ന്യൂട്ടണും പതിനേഴാം നൂറ്റാണ്ടിലെ മറ്റു ഭൗതികശാസ്ത്രജ്ഞരും ചേർന്ന് തുടങ്ങിവച്ച ഗണിതപരമായ ഭൗതികശാസ്ത്രരീതിയെ കുറിക്കാനാണ്‌ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആദ്യമായി ഈ പദം ഉപയോഗിക്കപ്പെട്ടത്. ഗലീലിയോ, ടൈക്കോ ബ്രാഹെ, കെപ്ലർ മുതലായവരുടെ നിരീക്ഷണങ്ങളെയും സിദ്ധാന്തങ്ങളെയും അടിസ്ഥാനമാക്കിയാണ്‌ ഈ ശാഖ ജന്മമെടുത്തത്. ആപേക്ഷികതയെ ചിലർ ഉദാത്ത ബലതന്ത്രത്തിൽ നിന്ന് വ്യത്യസ്തമായി കാണുന്നുവെങ്കിലും ക്വാണ്ടം ഭൗതികത്തിന്‌ മുമ്പുണ്ടായ ആപേക്ഷികതയടക്കമുള്ള സിദ്ധാന്തങ്ങളെ ഉദാത്ത ബലതന്ത്രം ഉൾക്കൊള്ളുന്നതായാണ്‌ കൂടുതൽ പേരും കണക്കാക്കുന്നത്. ന്യൂട്ടോണിയൻ ബലതന്ത്രം, ലഗ്രാഞ്ചിയൻ ബലതന്ത്രം, ഹാമിൽട്ടോണിയൻ ബലതന്ത്രം എന്നിവയാണ്‌ ഉദാത്ത ബലതന്ത്രത്തിന്റെ പ്രധാനപ്പെട്ട ആസൂത്രണങ്ങൾ.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉദാത്തബലതന്ത്രം&oldid=2816257" എന്ന താളിൽനിന്ന് ശേഖരിച്ചത്