ഗതികോർജ്ജം
ഉദാത്തബലതന്ത്രം |
---|
ഒരു വസ്തുവിന് അതിന്റെ ചലനം മൂലം സിദ്ധമാകുന്ന ഊർജ്ജമാണ് ഗതികോർജ്ജം. നിശ്ചലാവസ്ഥയിൽ നിന്ന് നിലവിലെ പ്രവേഗത്തിലേക്ക് ത്വരിതപ്പെടുത്താൻ ആവശ്യമായ പ്രവൃത്തിയായാണ് ഇതിനെ നിർവ്വചിക്കുന്നത്. വേഗതയിൽ മാറ്റം വരാത്തിടത്തോളം ഇതിനുശേഷം ഗതികോർജ്ജം സ്ഥിരമായി നിൽക്കുന്നു. ചലിക്കുന്ന ഒരു വസ്തുവിനെ നിശ്ചലമാക്കാൻ ഗതികോർജ്ജത്തിന്റെ അളവിൽ പ്രവൃത്തി വിപരീത ചിഹ്നത്തിൽ നൽകേണ്ടിവരുന്നു. ഗതികോർജ്ജത്തിന്റെ വില നിരീക്ഷകന്റെ നിർദ്ദേശാങ്കവ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. ഉദാഹരണമായി, ചലിക്കുന്ന കാറിലിരിക്കുന്ന ഒരു വ്യക്തിക്ക് റോഡരികിൽ സ്ഥിരമായുള്ള ഒരു നിർദ്ദേശാങ്കവ്യവസ്ഥയനുസരിച്ച് ഗതികോർജ്ജമുണ്ട്. എന്നാൽ കാറുമായി ബന്ധിക്കപ്പെട്ട നിർദ്ദേശാങ്കവ്യവസ്ഥയനുസരിച്ച് വ്യക്തിയുടെ ഗതികോർജ്ജം പൂജ്യമായിരിക്കും. നിരീക്ഷകന്റെ നിർദ്ദേശാങ്കവ്യവസ്ഥ മാറ്റുക വഴി ചില വ്യവസ്ഥകളുടെ ഗതികോർജ്ജം പൂജ്യമാക്കി മാറ്റാൻ സാധിക്കുകയില്ല