അപകേന്ദ്ര പ്രതിപ്രവർത്തനം
ഉദാത്തബലതന്ത്രം |
---|
പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്മേൽ അതിന്റെ പരിക്രമണം തുടർന്നുകൊണ്ടിരിക്കാൻ വേണ്ടി പരിക്രമണപാതയുടെ കേന്ദ്രത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ബലമാണ് അഭികേന്ദ്രബലം (centripetal force). ചരടിൽ കെട്ടി കറക്കിക്കൊണ്ടിരിക്കുന്ന കല്ലിന്റെ കാര്യത്തിൽ നമ്മുടെ കൈ കല്ലിന്മേൽ പ്രയോഗിക്കുന്ന ബലമാണ് അഭികേന്ദ്ര ബലം. ന്യൂട്ടന്റെ മൂന്നാം ചലനനിയമമനുസരിച്ച് കറങ്ങിക്കൊണ്ടിരിരിക്കുന്ന വസ്തു ഒരു തുല്യബലം കൈയിലും പ്രയോഗിക്കുന്നു. ഈ പ്രതിപ്രവർത്തന ബലത്തിന്റെ ദിശ കേന്ദ്രത്തിൽ നിന്നും പുറത്തേക്കുമായിരിക്കും. ഈ പ്രതിപ്രവർത്തന ബലമാണ് അപകേന്ദ്ര പ്രതിപ്രവർത്തനം. അതിനെ അപകേന്ദ്രബലം (centrifugal force) എന്നും പറയുന്നു.
അപകേന്ദ്ര ബലത്തിന്റെ പരിമാണം mv2/ r ആണ്. അതിന്റെ ദിശ കേന്ദ്രത്തിൽ നിന്നും പുറത്തേക്കാണ്. അതിനാൽ അഭികേന്ദ്ര ബലത്തിന്റെ യും അപകേന്ദ്രബലത്തിന്റെയും അളവ് തുല്യവും ദിശ വിപരീതവുമാണ്. അവ ഒരിക്കലും പരസ്പരം റദ്ദാക്കപ്പെടുന്നില്ല. എന്തുകൊണ്ടെന്നാൽ ഒരേ വസ്തുവിലല്ല അവ പ്രവർത്തിക്കുന്നത്. അഭികേന്ദ്രബലം പ്രവർത്തിക്കുന്നത് പരിക്രമണം ചെയ്യുന്ന വസ്തുവിലും അപകേന്ദ്ര ബലം പ്രവർത്തിക്കുന്നത് അഭികേന്ദ്ര ബലത്തിനു കാരണമായ വസ്തുവിന്മേലുമാണ്.
അഭികേന്ദ്ര ബലത്തിന്റെ ദിശ വൃത്തകേന്ദ്രത്തിലേക്കാണ്. എന്നാൽ പരിക്രമണം ചെയ്യുന്ന വസ്തു ആ ദിശയിൽ ചലിക്കുന്നില്ല. അതായത് അഭികേന്ദ്ര ബലത്തിന്റെ ദിശയിൽ വസ്തുവിനുണ്ടാവുന്ന സ്ഥാനാന്തരം പൂജ്യമാണ്. അതു കൊണ്ട് വർത്തുള ചലനത്തിൽ അഭികേന്ദ്ര ബലം ചെയ്യുന്ന പ്രവൃത്തി പൂജ്യമാണ്.