Jump to content

സാമുവൽ ചോ ചുങ് ടിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാമുവൽ ചോ ചുങ് ടിങ്
Samuel Chao Chung Ting
Samuel Ting after a presentation at the Kennedy Space Center in October 2010
ജനനം (1936-01-27) ജനുവരി 27, 1936  (88 വയസ്സ്)
ദേശീയതഅമേരിക്ക
കലാലയംയൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ
അറിയപ്പെടുന്നത്Discovery of the J/ψ particle
ജീവിതപങ്കാളി(കൾ)Kay Kuhne, Susan Carol Marks
പുരസ്കാരങ്ങൾNobel Prize for Physics (1976)
Ernest Orlando Lawrence Award (1975)
De Gasperi Award (1988),
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഫിസിക്സ്
സ്ഥാപനങ്ങൾCERN
കൊളംബിയ യൂണിവേഴ്സിറ്റി
MIT
ഡോക്ടർ ബിരുദ ഉപദേശകൻL.W. Jones, M.L. Perl
വെബ്സൈറ്റ്[1]

ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ശാസ്ത്രജ്ഞനാണ് സാമുവൽ ചോ ചുങ് ടിങ്. 'J- കണം' എന്നറിയപ്പെടുന്ന മൗലിക കണത്തിന്റെ കണ്ടുപിടിത്തത്തിന് 1976-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ബർട്ടൻ റിക്റ്ററോടൊപ്പം പങ്കിട്ടു[1].

ജീവിതരേഖ[തിരുത്തുക]

1936 ജനുവരി 27-ന് അമേരിക്കയിലെ മിഷിഗണിലാണ് ടിങ്ങിന്റെ ജനനം. ചൈനയിലും തായ്‌വാനിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മിഷിഗണിൽ തിരിച്ചുവന്ന് ഭൗതികശാസ്ത്രത്തിലും ഗണിതത്തിലും ഡോക്ടറേറ്റു നേടി. യൂറോപ്യൻ കമ്മിഷന്റെ ഗവേഷണ സ്ഥാപനമായ സേൺ (CERN)-ൽ ഫോർഡ് ഫെലോ ആയി ഔദ്യോഗിക ജീവിതമാരംഭിച്ചു. 1966-ൽ ഹാംബർഗിലെ ജർമൻ ഇലക്ട്രോൺ സിൻക്രോട്രോൺ പ്രോജക്റ്റ് ആയ ഡെസി (DESY)-യുടെ ഗ്രൂപ്പ് ലീഡർ ആയിരുന്നു. 1969-ൽ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ ഭൗതികശാസ്ത്ര പ്രൊഫസറായി. ഇക്കാലത്താണ് ബ്രൂക്ക്ഹേവൻ നാഷണൽ ലബോറട്ടറിയിൽ ഗവേഷണം നടത്തി 'J-കണം' കണ്ടുപിടിച്ചത്. ഹൈഡ്രജൻ ആറ്റത്തിന്റെ മൂന്നിരട്ടി പിണ്ഡം (mass), മെസോണിന്റെ 100 മടങ്ങിലുമധികം ദൈർഘ്യമേറിയ ജീവിതകാലം (life time) എന്നീ സവിശേഷതകൾ 'J -കണ'ത്തിനുണ്ടെന്ന് ഇദ്ദേഹം ഗവേഷണങ്ങളിലൂടെ തെളിയിക്കുകയും ഫിസിക്കൽ റിവ്യൂ ലെറ്റേഴ്സ്-ൽ തന്റെ പ്രബന്ധം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു (1974).

എന്നാൽ ഇതേകാലത്തുതന്നെ സ്റ്റാൻഫോർഡ് ലീനിയർ ആക്സിലറേറ്റർ സെന്ററിലെ (SLAC) ബർട്ടൻ റിക്റ്ററും (Burton Richter) സഹപ്രവർത്തകരും ഇതേ കണ്ടുപിടിത്തം നടത്തുകയുണ്ടായി. ടിങ് പുതിയ കണത്തിന് J പാർട്ടിക്കിൾ' എന്ന പേര് നൽകിയപ്പോൾ റിക്റ്റർ സൈ (Psi-Ψ) എന്ന പേരാണ് നൽകിയതെന്നു മാത്രം. അങ്ങനെ ഒരേ കണ്ടുപിടിത്തത്തിന് 1976-ലെ നോബൽ സമ്മാനം ഇരുവരും ചേർന്ന് പങ്കുവച്ചു.

ബ്രൂക്ക് ഹേവൻ, സേൺ, ഡെസി എന്നീ മൂന്നു ഗവേഷണ സംഘങ്ങൾക്ക് ടിങ് മാർഗദർശനം നൽകിയിരുന്നു. 1975-ൽ അമേരിക്കൻ അക്കാദമി ഒഫ് ആർട്ട്സ് ആൻഡ് സയൻസസിൽ ഫെലോ ആയും 1977-ൽ നാഷണൽ അക്കാദമി ഒഫ് സയൻസസിൽ അംഗമായും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇ.ഒ. ലോറന്റ്സ് അവാർഡിനും ഇദ്ദേഹം അർഹനായി. മൗലികകണങ്ങളെ അധികരിച്ച് നാല്പതോളം ലേഖനങ്ങൾ ഇദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ സാമുവൽ ചോ ചുങ് ടിങ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം[തിരുത്തുക]

  1. http://nobelprize.org/nobel_prizes/physics/laureates/1976/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാമുവൽ_ചോ_ചുങ്_ടിങ്&oldid=3809050" എന്ന താളിൽനിന്ന് ശേഖരിച്ചത്