സാക്കിർ ഹുസൈൻ (രാഷ്ട്രീയപ്രവർത്തകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സാക്കിർ ഹുസൈൻ (രാഷ്ട്രപതി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാക്കിർ ഹുസൈൻ എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ സാക്കിർ ഹുസൈൻ (വിവക്ഷകൾ) എന്ന താൾ കാണുക. സാക്കിർ ഹുസൈൻ (വിവക്ഷകൾ)
സാക്കിർ ഹുസൈൻ
Zakir Hussain
زاکِر حسین
സാക്കിർ ഹുസൈൻ (രാഷ്ട്രീയപ്രവർത്തകൻ)

സാക്കിർ ഹുസൈൻ


ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി
ഔദ്യോഗിക കാലം
മേയ് 13 1967 – മേയ് 3 1969
മുൻ‌ഗാമി എസ്. രാധാകൃഷ്ണൻ
പിൻ‌ഗാമി വി.വി. ഗിരി

ഇന്ത്യയുടെ ഉപരാഷ്ട്രപതി
In office
മേയ് 13, 1962 – മേയ് 12, 1967
മുൻ‌ഗാമി എസ്. രാധാകൃഷ്ണൻ
പിൻ‌ഗാമി വി.വി ഗിരി

In office
ജൂലൈ 6, 1957 – മേയ് 11,1962
മുൻ‌ഗാമി ആർ.ആർ.ദിവാകർ
പിൻ‌ഗാമി എം.എ.അയ്യങ്കാർ

ജനനം 1897 ഫെബ്രുവരി 8(1897-02-08)
ഹൈദരാബാദ്, ഇന്ത്യ
മരണം 1969 മേയ് 3(1969-05-03) (പ്രായം 72)
ഡെൽഹി ഇന്ത്യ
രാഷ്ട്രീയ പാർട്ടി സ്വതന്ത്രൻ
ജീവിത പങ്കാളി ഷാജഹേൻ ബേഗം
മതം മുസ്ലീം

സാക്കിർ ഹുസൈൻ(ഉർദു:زاکِر حسین)(ഫെബ്രുവരി 8, 1897 - മേയ് 3 1969) മേയ് 13, 1967 മുതൽ മേയ് 3 1969 ന്‌ അദ്ദേഹം മരിക്കുന്നത് വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു.[1] ഹൈദരാബാദിലാണ്‌ ഹുസൈൻ ജനിച്ചത്. ഇന്ത്യയിലെ പരമോന്നത പൌര ബഹുമതിയായ ഭാരതരത്ന 1963 ൽ അദ്ദേഹത്തിനു ലഭിച്ചു.[2][3]

ആദ്യകാലജീവിതം[തിരുത്തുക]

സാക്കീർ ഹുസൈൻ ജനിച്ചത് ഇന്ത്യയിലെ ഹൈദരബാദിൽ ആയിരുന്നു.[4] ഫിദാ ഹുസ്സൈൻ ഖാന്റേയും നസ്നിൻ ബീഗത്തിന്റേയും ഏഴു മക്കളിൽ മൂന്നാമനായിരുന്നു സാക്കിർ. പിന്നീട് അദ്ദേഹത്തിന്റെ പിതാവ് ഫിദാ ഹുസ്സൈൻ ഖാൻ അവിടെ നിന്നും ഉത്തർ പ്രദേശിലേക്ക് പുനരധിവസിക്കുകയും പിന്നീടുള്ള അദ്ദേഹത്തിന്റെ ജീവിതം ഉത്തർപ്രദേശിലുമായിരുന്നു.[5] തന്റെ പതിനാലാമത്തെ വയ്യസ്സിൽ സാക്കിറിന്റെ മാതാവ് അന്തരിച്ചു. സാക്കിർ ഹുസ്സൈൻ തന്റെ പതിനെട്ടാമത്തെ വയസ്സിൽ ഷാജഹാൻ ബീഗത്തെ വിവാഹം കഴിച്ചു.[6]

അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഇറ്റാവയിലെ ഇസ്ലാമിയ സ്കൂൾ,മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, തുടർപഠനത്തിനായി സാക്കിർ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജിൽ ചേർന്നു.[7] സാക്കിർ ഒരു ഡോക്ടറായി തീരാൻ അദ്ദേഹത്തിന്റെ സഹോദരൻ ആഗ്രഹിച്ചിരുന്നു. ഇതിനാൽ സാക്കിർ ലക്നൗ ക്രിസ്ത്യൻ കോളേജിൽ വൈദ്യ വിദ്യാഭ്യാസത്തിനായി ചേർന്നു. എന്നാൽ അവിടെ വെച്ചുണ്ടായ കടുത്ത രോഗപീഢകൾ മൂലം വൈദ്യവിദ്യാഭ്യാസം തുടരാൻ സാക്കീറിനായില്ല. തിരികെ മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു.[8] ഇംഗ്ലീഷ് സാഹിത്യവും, സാമ്പത്തികശാസ്ത്രവും ഐഛികവിഷയമായെടുത്ത് സാക്കിർ 1918 ൽ ബിരുദം കരസ്ഥമാക്കി. വിദ്യാഭ്യാസകാലഘട്ടത്തിൽ തന്നെ സാക്കിർ നല്ലൊരു നേതൃപാടവം കാണിച്ചിരുന്നു.[9][10] 1926 ൽ ബെർലിൻ സർവ്വകലാശാലയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് സമ്പാദിച്ചു.[11]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ജാമിയ മില്ലിയ ഇസ്ലാമിയ[തിരുത്തുക]

ബ്രിട്ടീഷുകാരുടെ വിദ്യാഭ്യാസരീതിയിൽ ഇന്ത്യയിലെ മുസ്ലീം സമുദായക്കാർ തീരെ തൃപ്തരല്ലായിരുന്നു. തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസം മുസ്ലിം സമുദായത്തിന്റെ കരങ്ങളിലായിരിക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നുവെങ്കിലും രാഷ്ട്രീയവും സാമൂഹികവുമായി ധാരാളം തടസ്സങ്ങൾ ഉണ്ടായിരുന്നു. നിലവിലുള്ള വ്യവസ്ഥിതിയുമായി ഒത്തുപോകാനേ തൽക്കാലം അവർക്കു കഴിഞ്ഞിരുന്നുള്ളു.[12] സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഭാഗമായി കോളനിഭരണത്തിന്റെ കീഴിലുള്ള വിദ്യാഭ്യാസം ബഹിഷ്കരിക്കാൻ ഗാന്ധിജി ആഹ്വാനം ചെയ്തു. അലിഗഢ് സർവ്വകലാശാലയിലെ ഒരുകൂട്ടം അദ്ധ്യാപകരും വിദ്യാർത്ഥികളും ഈ സമരാഹ്വാനത്തിൽ ജോലിയും വിദ്യാഭ്യാസവും ബഹിഷ്കരിച്ച് കോളനി വിരുദ്ധ സമരത്തിൽ പങ്കാളികളായി. 1920 ഒക്ടോബർ 29 ന് ജാമിയ മില്ലിയ ഇസ്ലാമിയയുടെ ശിലാസ്ഥാപനം നടന്നു. നിസ്സഹകരണപ്രസ്ഥാനവും, മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും സർവ്വകലാശാലയെ വല്ലാത്തൊരു പ്രതിസന്ധിയിലേക്ക് എത്തിച്ചു.[13]

1927 ൽ വിദേശത്തുനിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ സാക്കിർ ഹുസ്സൈൻ ഇന്ത്യയിലേക്ക് തിരിച്ചുവരികയും അടച്ചുപൂട്ടുന്ന സ്ഥിതിയിലായ ജാമിയ ഇസ്ലാമിയ സർവ്വകലാശാലയുടെ നേതൃത്വപദവിയിലേക്ക് എത്തിച്ചേരുകയും ചെയ്തു.[14] പ്രതിമാസം നൂറ് ഇന്ത്യൻ രൂപയായിരുന്നു സാക്കിറിന്റെ ശമ്പളം. പിന്നീട് 20 വർഷം ആ സ്ഥാനത്ത് തന്നെ അദ്ദേഹം തുടർന്നു. തന്റെ നേതൃത്വ പാടവത്തിൽ ഈ സർവ്വകലാശാ‍ല ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ വിദ്യാഭ്യാസസമ്പ്രദായത്തിന് ധാരാളം സംഭാവനകൾ നൽകി. ഈ സമയത്ത് ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസവിദഗ്ദന്മാരിൽ ഒരാളായി ഹുസൈൻ അറിയപ്പെട്ടിരുന്നു. തന്റെ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന് തന്റെ രാഷ്ട്രീയ ശത്രുക്കളായ മുഹമ്മദ് ജിന്നയെ പോലുള്ളവരിൽ നിന്നും പോലും അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.

ജാമിയ ഇസ്ലാമിയ സർവ്വകലാശാലയുടെ നേതൃത്തിൽ ഇരിക്കുന്ന സമയത്ത് തന്നെ വിദ്യാഭ്യാസമേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു. ഇക്കാലഘട്ടത്തിൽ സാക്കിർ ഇന്ത്യയിലെ അറിയപ്പെടുന്ന വിദ്യാഭ്യാസവിദഗ്ദ്ധനായി അറിയപ്പെട്ടിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഹുസൈൻ അലിഗഡ് മുസ്ലീം സർവ്വകലാശായയുടെ വൈസ് ചാൻസലർ ആയി സേവനമനുഷ്ഠിച്ചു. സാക്കിർ അലിഡഢിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുമ്പോൾ അത് ഒരു പിളർപ്പിന്റെ പാതയിലായിരുന്നു. ഇന്ത്യാ വിഭജനത്തെത്തുടർന്ന് ഒരു വിഭാഗം അദ്ധ്യാപകരും, വിദ്യാർത്ഥികളും പുതിയ പാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ പിന്തുണക്കുന്നവരായി മാറിയിരുന്നു. ഈ സമയത്ത് ഹുസ്സൈൻ സർവ്വകലാശാലയുടെ നേതൃത്വം ഏറ്റെടുക്കുകയും, രാജ്യത്തെ മുൻനിര ഉന്നത പഠന വിദ്യാലയമായി അതിനെ ഉയർത്താൻ ശ്രമം നടത്തുകയും ചെയ്തു.

വിദേശത്തേക്ക്[തിരുത്തുക]

ഉന്നതപഠനത്തിനായി സാക്കിർ ജർമ്മനിയിലേക്ക് പോയി. ബെർലിൻ യൂണിവേഴ്സിറ്റിയിൽ നിന്നും സാമ്പത്തികശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടുകയും ചെയ്തു.

ദേശീയ രാഷ്ട്രീയം[തിരുത്തുക]

1948-1956 കാലഘട്ടത്തിൽ അലിഗഢ് സർവ്വകലാശാലയുടെ വൈസ് ചാൻസിലർ പദവിയിൽ തുടർന്ന അദ്ദേഹത്തിന് 1956 ൽ ഇന്ത്യൻ പാർലമെന്റിലേക്ക് ക്ഷണം ലഭിച്ചു. 1957 ൽ അദ്ദേഹം ബീഹാർ ഗവർണ്ണർ പദവിയിലേക്ക് എത്തുകയും ചെയ്തു.[15] 1957 മുതൽ 1962 വരെ ബീഹാർ ഗവർണ്ണർ പദവിയിൽ ഇരുന്ന ശേഷം അദ്ദേഹം പിന്നീട് 1962ൽ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 1967 വരെ ഉപരാഷ്ട്രപതിയായിരുന്ന അദ്ദേഹം മേയ് 13 1967 ൽ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.

മരണം[തിരുത്തുക]

രാഷ്ട്രപതിപദവിയിൽ തുടരവേ 1969 മേയ് 3-ന് തന്റെ 72ആം വയസ്സിൽ സാക്കിർ ഹുസൈൻ അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. പദവിയിലിരിയ്ക്കേ അന്തരിച്ച ആദ്യ രാഷ്ട്രപതിയായിരുന്നു അദ്ദേഹം. മൃതദേഹം രണ്ടുദിവസം രാഷ്ട്രപതിഭവനിൽ പൊതുദർശനത്തിന് വച്ചശേഷം അദ്ദേഹത്തിന്റെ അന്ത്യാഭിലാഷപ്രകാരം ജാമിയ ഇസ്ലാമിയ സർവ്വകലാശാലവളപ്പിൽ സംസ്കരിച്ചു. ആയിരങ്ങൾ അദ്ദേഹത്തിന് അന്തിമോപചാരമർപ്പിയ്ക്കാൻ തടിച്ചുകൂടിയിരുന്നു. സാക്കിർ ഹുസൈന്റെ മരണത്തെത്തുടർന്ന് ഉപരാഷ്ട്രപതി വി.വി. ഗിരി താത്കാലിക രാഷ്ട്രപതിയായി ചുമതലയേറ്റു. രണ്ടുമാസങ്ങൾക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

പ്രത്യേകതകൾ[തിരുത്തുക]

 • ഇന്ത്യയിലെ ആദ്യ മുസ്ലീം രാഷ്ട്രപതിയായിരുന്നു.
 • രാഷ്ട്രപതിയായിരിക്കുമ്പോൾ തന്നെ മരണമടയുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതി
 • ഏറ്റവും കുറച്ചുകാലം രാഷ്ട്രപതിയായിരുന്ന വ്യക്തിയാണിദ്ദേഹം.
 • ഏറ്റവും കൂടുതൽ പേർ മത്സരിച്ചപ്പോൾ രാഷ്ട്രപതിയായ വ്യക്തി.
 • രാജ്യസഭാംഗമായ ശേഷം രാഷ്ട്രപതിയായ ആദ്യവ്യക്തി.
 • 29ആം വയസ്സിൽ ജാമിയ മിലിയ ഇസ്ലാമികയൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാകുകയും പിന്നീട് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാകുകയും അതിനുശേഷം ഇന്ത്യൻ രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.
 • പ്ലേറ്റോയുടെ റിപ്പബ്ലിക് എന്ന കൃതി ഉറുദു ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത രാഷ്ട്രപതിയാണിദ്ദേഹം.

അവലംബം[തിരുത്തുക]

 1. ഇന്ത്യയുടെ മുൻ രാഷ്ട്രപതിമാർ. ഭാരതസർക്കാർ. ശേഖരിച്ചത് 01-ജൂലൈ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 2. "ഭാരതരത്ന പുരസ്കാരം". ആഭ്യന്തരമന്ത്രകാര്യാലയം (ഭാരത സർക്കാർ). ശേഖരിച്ചത് 30-ജൂൺ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 3. "ഭാരതരത്ന പുരസ്കാര ജേതാക്കൾ". എൻ.ഡി.ടി.വി.വാർത്ത. 24-ജനുവരി-2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 4. "ഹിസ്റ്ററി അണ്ടർ ത്രെട്ട്". ദ ഹിന്ദു. 10-ഒക്ടോബർ-2011.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 5. സാക്കിർ ഹുസ്സൈൻ ക്വസ്റ്റ് ഫോർ ട്രൂത്ത് - സിയാവുൾ ഫാറൂഖി ഫാമിലി ബാക്ക്ഗ്രൗണ്ട് എന്ന അദ്ധ്യായം - പുറം 8-10
 6. ജെയ്, ജനക് രാജ് (2003). പ്രസിഡന്റ്സ് ഓഫ് ഇന്ത്യ: 1950-2003. ന്യൂ ഡെൽഹി: റീജൻസി പബ്ലിക്കേഷൻസ്. p. 52. 
 7. സാക്കിർ ഹുസ്സൈൻ ക്വസ്റ്റ് ഫോർ ട്രൂത്ത് - സിയാവുൾ ഫാറൂഖി മൂന്നാം അദ്ധ്യായം - പുറം 31
 8. സാക്കിർ ഹുസ്സൈൻ ക്വസ്റ്റ് ഫോർ ട്രൂത്ത് - സിയാവുൾ ഫാറൂഖി മൂന്നാം അദ്ധ്യായം - പുറം 31
 9. സാക്കിർ ഹുസ്സൈൻ ക്വസ്റ്റ് ഫോർ ട്രൂത്ത് - സിയാവുൾ ഫാറൂഖി മൂന്നാം അദ്ധ്യായം - പുറം 37-38
 10. സാക്കിർ ഹുസ്സൈൻ ക്വസ്റ്റ് ഫോർ ട്രൂത്ത് - സിയാവുൾ ഫാറൂഖി ഇസ്ലാമിക ഹൈസ്കൂൾ ഇത്വ എന്ന അദ്ധ്യായം - പുറം 22
 11. "സാക്കിർ ഹുസ്സൈൻ". എൻ.എൻ.ഡി.ബി. 
 12. സാക്കിർ ഹുസ്സൈൻ ക്വസ്റ്റ് ഫോർ ട്രൂത്ത് - സിയാവുൾ ഫാറൂഖി പുറം 48
 13. "ജാമിയ മില്ലിയ ഇസ്ലാമിയ". ജാമിയ മില്ലിയ ഇസ്ലാമിയ. ശേഖരിച്ചത് 01-ജൂലൈ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 14. "ജാമിയ മില്ലിയ ഇസ്ലാമിയ". ജാമിയ മില്ലിയ ഇസ്ലാമിയ. ശേഖരിച്ചത് 01-ജൂലൈ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 15. സാക്കിർ ഹുസ്സൈൻ ക്വസ്റ്റ് ഫോർ ട്രൂത്ത് - സിയാവുൾ ഫാറൂഖി ഗവർണർ ഓഫ് ബീഹാർ എന്ന അദ്ധ്യായം - പുറം 287

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

പദവികൾ
മുൻഗാമി
എസ്. രാധാകൃഷ്ണൻ
ഇന്ത്യൻ ഉപരാഷ്ട്രപതി
മെയ് 13, 1962 - മെയ് 12, 1967
പിൻഗാമി
വി.വി.ഗിരി
മുൻഗാമി
എസ്. രാധാകൃഷ്ണൻ
ഇന്ത്യൻ രാഷ്ട്രപതി
മെയ് 13, 1967 - മെയ് 3, 1969
പിൻഗാമി
വി.വി.ഗിരി