ദ്രൗപദി മുർമു
ദ്രൗപതി മുർമു | |
---|---|
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി | |
ഓഫീസിൽ 2022 ജൂലൈ 25 - തുടരുന്നു | |
മുൻഗാമി | രാംനാഥ് കോവിന്ദ് |
ജാർഖണ്ഡ്, ഗവർണർ | |
ഓഫീസിൽ 2015-2021 | |
മുൻഗാമി | സയിദ് അഹമ്മദ് |
പിൻഗാമി | രമേഷ് ബൈസ് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | പുടി ബിരാഞ്ചി ടുഡു 20 ജൂൺ 1958 ഉപേർബേദ, മയൂർബഞ്ജ്, ഒഡീസ |
രാഷ്ട്രീയ കക്ഷി | ബി.ജെ.പി |
പങ്കാളി | ശ്യാം ചരൺ മുർമു |
കുട്ടികൾ | 3 |
വെബ്‌വിലാസം | https://presidentofindia.nic.in/profile.htm |
As of 15 ഫെബ്രുവരി, 2023 ഉറവിടം: ഔദ്യോഗിക വെബ്സൈറ്റ് |
ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്ന് ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ വനിതയും, പ്രതിഭ പാട്ടീലിന് ശേഷം രാഷ്ട്രപതിയായ രണ്ടാമത്തെ വനിതയുമാണ് ദ്രൗപതി മുർമു.(ജനനം: 20 ജൂൺ 1958) 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണർ, 2000 മുതൽ 2009 വരെ ഒഡീഷ നിയമസഭാംഗം, 2000 മുതൽ 2004 വരെ സംസ്ഥാന മന്ത്രി എന്ന നിലകളിലും പ്രവർത്തിച്ചു. ഏറ്റവും കുറവ് പ്രായത്തിൽ രാഷ്ട്രപതിയായ ആദ്യ വനിതയും കൂടിയാണ് ദ്രൗപതി മുർമു. [1][2][3]
ജീവിതരേഖ
[തിരുത്തുക]ഒഡീഷയിലെ മയൂർബഞ്ച് ജില്ലയിലെ ഉപേർബേദയിലെ ഒരു സന്താളി കുടുംബത്തിൽ കർഷകനായിരുന്ന ബിർചി നാരായണൻ ടുഡുവിൻ്റെ മകളായി 1958 ജൂൺ 20ന് ജനനം. ഉപേർബേദയിലെ പ്രൈമറി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ദ്രൗപതി ഭുബനേശ്വറിൽ ഉള്ള ഹൈസ്കൂളിൽ നിന്ന് പത്താം തരവും രമാദേവി വിമൻസ് കോളേജിൽ നിന്ന് ബി.എ. ബിരുദവും നേടി.
1979 മുതൽ 1983 വരെ ജലവിഭവ വകുപ്പിൽ ജൂനിയർ അസിസ്റ്റൻറായി പ്രവർത്തിച്ച ദ്രൗപതി 1994 മുതൽ 1997 വരെ റായിരംഗ്പൂരിലെ അർബിന്ദോ സ്കൂളിൽ അധ്യാപികയായിരുന്നു.
1997-ൽ അധ്യാപന ജോലിയിൽ നിന്ന് രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങി. 1997-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ റായിരംഗ്പൂരിൽ നിന്ന് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ദ്രൗപതി 1997-ൽ ബി.ജെ.പിയിൽ ചേർന്നു.
2000-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ റായ്രംഗ്പൂരിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ആദ്യമായി നിയമസഭാംഗമായി. 2000 മുതൽ 2004 വരെ ഒഡീഷയിലെ ബി.ജെ.ഡി - ബി.ജെ.പി സഖ്യ സർക്കാരിലെ മന്ത്രിയായും പ്രവർത്തിച്ചു. 2004-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ റായ്രംഗ്പൂരിൽ നിന്ന് വീണ്ടും നിയമസഭയിലെത്തി. ബി.ജെ.ഡി - ബി.ജെ.പി സഖ്യം അവസാനിച്ച 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മയൂർബഞ്ചിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.ഡി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
2013-ൽ ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമായ ദ്രൗപതി 2013 മുതൽ 2015 വരെ പട്ടികജാതി മോർച്ച ഭാരവാഹിയായിരുന്നു. 2014-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ റായ്രംഗ്പൂരിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.ഡി സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. 2015 മുതൽ 2021 വരെ ജാർഖണ്ഡ് ഗവർണറായും പ്രവർത്തിച്ചു.
ഇന്ത്യയുടെ രാഷ്ട്രപതി
[തിരുത്തുക]ഭരണകക്ഷിയായ എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിച്ച ദ്രൗപതി മുർമു ഐക്യ-പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെ 947 വോട്ടിന് പരാജയപ്പെടുത്തി ഇന്ത്യയുടെ 15-മത് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡൻറ് ഇലക്ഷൻ 2022
- അംഗീകൃത വോട്ടർമാർ : 4809
- സാധുവായ വോട്ട് : 4754
- പോൾ ചെയ്തത് : 4701(98.89 %)
- അസാധു : 53(1.11 %)
- ദ്രൗപതി മുർമു(ബി.ജെ.പി) : 2824(64.03 %)
- യശ്വന്ത് സിൻഹ (പ്രതിപക്ഷം) : 1877(35.97 %)
- ഭൂരിപക്ഷം : 947
അവലംബം
[തിരുത്തുക]- ↑ https://www.manoramaonline.com/news/india/2022/07/22/draupadi-murmu-youngest-president-of-india.html
- ↑ https://www.manoramaonline.com/news/india/2022/07/25/draupadi-murmu-takes-oath-as-president-of-india.html
- ↑ https://www.manoramaonline.com/news/latest-news/2022/07/21/india-presidential-election-2022-results-live-news-updates-president-droupadi-murmu-yashwant-sinha.html