ഭീംസെൻ ജോഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭീംസെൻ ജോഷി
ജീവിതരേഖ
ജനനനാമം ഭീംസെൻ ഗുരുരാജ് ജോഷി
അറിയപ്പെടുന്നത് ഈ പേരിലും പണ്ഡിറ്റ് (പ.) ഭീംസെൻ ജോഷി, പഡിറ്റ്ജി, ഭാരത്‌രത്ന പണ്ഡിറ്റ് ഭീംസെൻ ജോഷി , ഭീം-അണ്ണ, അണ്ണ, മുതലായ
ജനനം 1922 ഫെബ്രുവരി 4(1922-02-04)
ഗഡഗ്, കർണ്ണാടകം
സ്വദേശം ഗഡഗ്, കർണ്ണാടകം
മരണം 2011 ജനുവരി 24(2011-01-24) (പ്രായം 88)
പൂനെ, മഹാരാഷ്ട്ര
സംഗീതശൈലി ഹിന്ദുസ്ഥാനി ശാസ്ത്രീയസംഗീതംl, ഖയാൽ, തുമ്രി, ഭജൻ, അഭംഗ്, മുതലായ.
തൊഴിലുകൾ ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ
സജീവമായ കാലയളവ് 1941–2011

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിൽ, വിശേഷിച്ച് ഖയാൽ വായ്പ്പാട്ടിൽ വിശാരദനായ സംഗീതജ്ഞനാണ് ഭീംസെൻ ഗുരുരാജ് ജോഷി (ജ. ഫെബ്രുവരി 14, 1922 - മ.ജനുവരി 24, 2011). സംഗീതക്കച്ചേരികൾക്കും പഠനത്തിനും ഗവേഷണത്തിനും പ്രചരണത്തിനും ശിഷ്യന്മാരെ അഭ്യസിപ്പിക്കുന്നതിനുമൊക്കെയായി ജീവിതം ഉഴിഞ്ഞു വച്ച അദ്ദേഹം ഖാൻ സാഹിബ് അബ്ദുൾകരീം ഖാന്റെ പ്രശസ്തമായ കിരാന ഘരാനയുടെ പ്രയോക്താവായിരുന്നു.

പണ്ഡിറ്റ് ഭീംസെൻ ജോഷി എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ഭാരതരത്നം 2008-ൽ ഭീംസെൻ ജോഷിയ്ക്കാണ് ലഭിച്ചത്. [1] 1999-ൽ അദ്ദേഹത്തിന്‌ ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ ലഭിച്ചിരുന്നു.

തന്റെ ഗുരു സവായ് ഗന്ധർവയുടെ അറുപതാം ജന്മദിനം പ്രമാണിച്ച് 1947-ൽ പൂനയിൽ വച്ചു നടന്ന സുപ്രധാന സംഗീതോത്സവമായ സവായ് ഗാന്ധർവ സംഗീതോത്സവത്തിൽ കച്ചേരി അവതരിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രശസ്തിയിലേക്കുള്ള യാത്രയുടെ തുടക്കം. പൂനയിലെ സുപ്രധാന സംഗീതോത്സവമായ സവായ് ഗാന്ധർവ സംഗീതോത്സവം എല്ലാ വർഷവും ഡിസംബറിൽ ആഘോഷിച്ചു വരുന്നു.

വാർദ്ധക്യസഹജമായ അസുഖം മൂലം 2011-ജനുവരി 24-ന് രാവിലെ 8 മണിക്ക് പൂനയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.

ജീവിതരേഖ[തിരുത്തുക]

കർണാടകത്തിലെ ധാർവാഡ് ജില്ലയിൽ ബ്രാഹ്മണ കുടുംബത്തിലാണ് ഭീംസെൻ ജോഷി ജനിച്ചത്. പിതാവ്, അധ്യാപകനായ ഗുരു രാജ് ജോഷി. ഭാര്യ സുനന്ദ കാത്തി. (ഇവർ മരിച്ചതിനെത്തുടർന്ന് വത്സല മുധോൽക്കറിനെ വിവാഹം കഴിച്ചു). ഏഴ് മക്കളുണ്ട്.

ദൂരദർശനിലൂടെ പ്രശസ്തമായ 'മിലേ സുർ മേരാ തുമാരാ...' എന്ന ദേശഭക്തിഗാനം വഴി സാധാരണക്കാർക്കുകൂടി പരിചിതനായ ഭീംസെൻ, ഘനഗംഭീര ശബ്ദം, പാടുമ്പോഴുള്ള കൃത്യമായ ശ്വാസനിയന്ത്രണം, സംഗീതത്തിൽ ആഴത്തിലുള്ള അവഗാഹം എന്നിവ കാരണം ഹിന്ദുസ്ഥാനി സംഗീതലോകത്തെ ഇതിഹാസമായി മാറുകയായിരുന്നു.

ഫുല ദേശ് പാണ്ഡെയുടെ മറാത്തി ചലച്ചിത്രമായ 'ഗുൽച്ച ഗണപതി'യിലും 'ബസന്ത് ബഹർ', 'ഭൈരവി' എന്നീ ഹിന്ദി സിനിമകളിലും പാടിയിട്ടുണ്ട്. മറാഠി ഭക്തിസംഗീതത്തിന്റെ പാരമ്പര്യവഴികളെ തൊട്ടറിഞ്ഞ 'സന്ത് വാണി' ആലാപനത്തിലൂടെ മഹാരാഷ്ട്രയിലും കർണാടകയിലും അദ്ദേഹം ജനകീയനായിരുന്നു. താൻസന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ബംഗാളി സിനിമയിൽ അദ്ദേഹം ധ്രുപദ് സംഗീതം ആലപിച്ചിരുന്നു. [2]

ലഭിച്ച ബഹുമതികൾ[തിരുത്തുക]

 • 1972 - പദ്മശ്രീ [3]
 • 1976 - സംഗീതനാടക അക്കാദമി പുരസ്‌കാരം[3]
 • 1985 - പദ്മഭൂഷൺ[3]
 • 1985 - മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര അവാർഡ്
 • 1986 - "പ്രഥമ പ്ലാറ്റിനം ഡിസ്ക് " [4]
 • 1999 - പദ്മവിഭൂഷൺ[3]
 • 2000 - "ആദിത്യ വിക്രം ബിർള കലാശിക്കർ പുരസ്കാരം" [5]
 • 2001 - "കന്നഡ സർവകലാശാലയുടെ നാദോജ അവാർഡ് " [6]
 • 2002 - മഹാരാഷ്ട്ര ഭൂഷൺ അവാർഡ് [7]
 • 2003 - കേരള സർക്കാരിൻറെ "സ്വാതി സംഗീത പുരസ്കാരം" [8]
 • 2005 - കർണാടകരത്ന [3]
 • 2008 - ഭാരതരത്നം[3]
 • 2008 - "സ്വാമി ഹരിദാസ് അവാർഡ് " [9]
 • 2009 - ഡൽഹി സർക്കാരിൻറെ "ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് " [10]
 • 2010 - ബാംഗളൂർ രാമസേവാമണ്ഡലിൻറെ "എസ്.വി. നാരായണ സ്വാമി റാവു നാഷണൽ അവാർഡ് "

മൂന്ന് 'പദ്മ' പുരസ്കാരങ്ങളും പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നവും നേടിയ രണ്ടു പേരിൽ ഒരാളാണ് പണ്ഡിറ്റ് ഭീം സെൻ ജോഷി

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഭീംസെൻ_ജോഷി&oldid=1910935" എന്ന താളിൽനിന്നു ശേഖരിച്ചത്