ദേശീയ അഖണ്ഡത, ഐക്യം എന്നിവ പ്രചരിപ്പിക്കുന്നതിനായി 1988 ൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഒരു വീഡിയോ ഗാനമാണ് ഏക് സുർ (ഒരേ സ്വരം) അല്ലെങ്കിൽ മിലേ സുർ മേരാ തുമാരാ എന്ന് അറിയപ്പെടുന്നത് . ദൂരദർശനും ഇന്ത്യൻ വാർത്താവിനിമയ മന്ത്രാലയവും ചേർന്ന് "ലോക് സേവാ സഞ്ചാർ പരിഷത്തിന്റെ" പേരിൽ നിർമ്മിക്കപ്പെട്ട ഈ വീഡിയോ ഗാനത്തിന്റെ സംഗീതം നിർവ്വഹിച്ചത് ലൂയിസ് ബാങ്ക്സും[1] അശോക് പഥ്കെയും ആയിരുന്നു[അവലംബം ആവശ്യമാണ്]. ഗാനരചന പീയൂഷ് പാണ്ഡേയും ആയിരുന്നു[അവലംബം ആവശ്യമാണ്]. ജീവിതത്തിലെ നാനാ തുറകളിലുള്ള പ്രമുഖ വ്യക്തികൾ ഇതിൽ ചിത്രീകരിക്കപ്പെട്ടു. "സൂപ്പർ ഗ്രൂപ്പിൽ" പെടുന്ന സംഗീതജ്ഞർ,കായിക പ്രതിഭകൾ, ചലച്ചിത്ര താരങ്ങൾ തുടങ്ങിയവരായിരുന്നു അവർ.
നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ മുദ്രാവാക്യം ജനങ്ങളിൽ ഊട്ടിയുറപ്പിച്ച് അവരിൽ ഐക്യ ബോധവും അഭിമാനവും സൃഷ്ടിക്കാനുദ്ദേശിച്ചായിരുന്നു ഇത്തരമൊരു സംഗീത വീഡിയോ ഇറക്കിയത്.
1988 ലെ സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പ് കോട്ടയിലെ കൊത്തളത്തിൽ വെച്ചായിരുന്നു ഈ ഗാനം ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ടത്. [2]
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ തൊട്ടുടനെയായിരുന്നു അത്. വൈകാതെ ഇന്ത്യയിലെ ജനലക്ഷങ്ങൾ ഈ ഗാനം നെഞ്ചോട് ചേർത്തു വച്ചു. ദേശീയ ഗാനത്തിന്റെ തൊട്ടടുത്ത സ്ഥാനം ഈ ഗാനം നേടുകയുണ്ടായി.
മിലേ സുർ മേരാ തുമാരാ എന്ന ഗാനം ചില സവിശേഷതകളുള്ളവയായിരുന്നു. അതിലെ ഒരു വാചകം പതിനാല് ഇന്ത്യൻ ഭാഷകളിൽ ആവർത്തിക്കപ്പെടുന്നു. "മിലേ സുർ മേരാ തുമാരാ ,തോ സുർ ബനേ ഹമാരാ" (എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേർന്നു നമ്മുടെ സ്വരമായ്) എന്ന വരിയാണ് വിവിധ ഭാഷകളിൽ ആവർത്തിക്കുന്നത്. ഈ ഗാനത്തിലെ വരികൾ തനതു ലിപികളിലും മലയാളം ലിപിയിലും ചുവടെ കൊടുത്തിരിക്കുന്നു