Jump to content

സുനിൽ ഗംഗോപാധ്യായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുനിൽ ഗംഗോപാധ്യായ
সুনীল গঙ্গোপাধ্যায়
ജനനം(1934-09-07)സെപ്റ്റംബർ 7, 1934
മരണംഒക്ടോബർ 23, 2012(2012-10-23) (പ്രായം 78)
ദേശീയത India
വിദ്യാഭ്യാസംമാസ്റ്റർ ഓഫ് ആർട്ട്സ് (ബംഗാളി സാഹിത്യം)
കലാലയംയൂണിവേഴ്സിറ്റി ഓഫ് കൊൽക്കത്ത (1954)
തൊഴിൽസാഹിത്യകാരൻ, columnist
ജീവിതപങ്കാളി(കൾ)
സ്വാതി ബന്ദോപാധ്യായ
(m. 1967)
കുട്ടികൾസൗവിക് ഗംഗോപാധ്യായ (b. 1967)
പുരസ്കാരങ്ങൾആനന്ദപുരസ്‌കാരം (1972, 1989)
സാഹിത്യ അക്കാദമി അവാർഡ് (1985)

പ്രശസ്ത ബംഗാളി സാഹിത്യകാരനാണ് സുനിൽ ഗംഗോപാധ്യായ[1] (ജീവിതകാലം: 7 സെപ്റ്റംബർ 1934 – 23 ഒക്ടോബർ 2012). ആത്മപ്രകാശ് എന്ന ആദ്യ നോവലും നിഖിലേഷ് ആന്റ് നീര എന്ന കവിതാസമാഹാരവും ഏറെ നിരൂപക പ്രശംസ നേടിയവയാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഹൃദയാഘാതം മൂലം 2012 ഒക്ടോബർ 23 ന് കൊൽക്കത്തയിൽ മരിച്ചു.[2][3]

ജീവിതരേഖ

[തിരുത്തുക]

ഇപ്പോൾ ബംഗ്ലാദേശിലുള്ള ഫരീദ്പൂറിൽ 1934 സപ്തംബർ ഏഴിനാണ് സുനിൽ ഗംഗോപാധ്യായ ജനിച്ചത്. സുരേന്ദ്രനാഥ് കോളേജ്, ഡം ഡം മോത്തിജീൽ കോളേജ്, കൊൽക്കത്തയിലെ സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1954ൽ കൊൽക്കത്ത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബംഗാളി ഭാഷയിൽ ബിരുദാനന്തരബിരുദം നേടി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റായി അഞ്ചു കൊല്ലം പ്രവർത്തിച്ച ഗംഗോപാധ്യായ 2008ൽ മലയാള സാഹിത്യകാരനായ എം.ടി.വാസുദേവൻ നായരെ പരാജയപ്പെടുത്തി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[4]

കവിത, നോവൽ ചെറുകഥ, ചരിത്ര നോവലുകൾ, ബാല സാഹിത്യം, സഞ്ചാരം സാഹിത്യം, ലേഖനം തുടങ്ങിയ മേഖലകളിലെല്ലാം അദ്ദേഹം തന്റെ തൂലിക ചലിപ്പിച്ചിട്ടുണ്ട്. ഇരുന്നൂറിലധികം കൃതികൾ അദ്ദേഹം രചിച്ചു. നൂറിലേറെ നോവലുകൾ, 30 കവിതാസമാഹാരങ്ങൾ, 10 യാത്രാവിവരണങ്ങൾ എന്നിവ അവയിൽ ഉൾപ്പെടുന്നു. നീൽ ലോഹിത്, സനാഥൻ പഥക്, നീൽ ഉപാധ്യായ് എന്നിവ ഇദ്ദേഹത്തിന്റെ തൂലികാ നാമങ്ങളാണ്. സാഹിത്യ അക്കാദമി പുരസ്‌കാരം, ആനന്ദ പുരസ്‌കാരം, ഹിന്ദു ലിറ്റററി പ്രൈസ് എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സെയ് സൊമൊയ് (പോയ കാലം) എന്ന ചരിത്ര നോവലിന് 1985ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 1972ലെയും 1979ലെയും ആനന്ദ പുരസ്‌കാർ, 1982ലെ ബങ്കിം പുരസ്‌കാർ, പ്രഥം ആലോ എന്ന നോവലിന് 2004ൽ സരസ്വതി സമ്മാനും ലഭിച്ചു.

1965 ലാണ് അദ്ദേഹം തന്റെ ആദ്യ നോവൽ 'ആത്മ പ്രകാശ്' (ആത്മപ്രകാശനം) എഴുതുന്നത്. ബംഗാളിലെ വിഖ്യാതമായ ദേശ് പത്രികയിലായിരുന്നു ഈ നോവൽ പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ പ്രതിദ്വന്ദിയും ആരണ്യേർ ദിൻ രാത്രിയും സത്യജിത് റേ സിനിമയാക്കി. സ്മൃതി ശൊഹൊർ (ഓർമ്മകളുടെ നഗരം) എന്ന കവിത പ്രശസ്ത സിനിമ സംവിധായക അപർണ സെൻ തന്റെ 'ഇതി മൃണാളിനി' (എന്ന് മൃണാളിനി) എന്ന സിനിമയിലെ ഗാനമായി ഉപയോഗിച്ചിരുന്നു. പ്രഥം ആലോ (ആദ്യ വെളിച്ചം), പൂർബോ പൊശ്ചിം (കിഴക്ക്പടിഞ്ഞാറ്) എന്നിവ അദ്ദേഹത്തിന്റെ ചരിത്ര നോവലുകളാണ്. നിരവധി ബാല സാഹിത്യ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ബാല സാഹിത്യത്തിലെ അദ്ദേഹത്തിന്റെ തുടർ നോവലുകൾ 'കാക്ക ബാബു' (പിതൃ സഹോദരൻ) എന്ന കഥാപാത്രം കൊണ്ട് വിഖ്യാതമാണ്. 35 ജനപ്രിയ നോവലുകൾ അദ്ദേഹത്തിന്റെതായുണ്ട്. മിക്കവയും പ്രസിദ്ധീകരിച്ചത് ആനന്ദ മേള എന്ന പ്രശസ്ത ആനുകാലികത്തിലാണ്.[5]

ഒരു സ്വകാര്യ ടി.വി ചാനലിന് ഒരിക്കൽ അനുവദിച്ച അഭിമുഖത്തിൽ തന്റെ സൃഷ്ടികളുടെ പ്രധാന പ്രമേയം പ്രണയമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തന്റെ സൃഷ്ടികളിൽ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങൾക്ക് പ്രാധാന്യമില്ലായിരുന്നെന്നും അദ്ദേഹംപറഞ്ഞു. പക്ഷെ, സാമൂഹ്യരാഷ്ട്രീയ സംഭവ വികാസങ്ങളോട് അദ്ദേഹം തന്റെ സൃഷ്ടികളിലൂടെ സദാ പ്രതികരിച്ചിരുന്നു. സിംഗൂർ, നന്ദിഗ്രാം സംഭവവികാസങ്ങളിൽ തന്റെ ആശങ്കയും പ്രതിഷേധവും അദ്ദേഹം രേഖപ്പെടുത്തിയത് ഉദാഹരണങ്ങളാണ്. സിംഗൂർ, നന്ദിഗ്രാം സമരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ കൊൽക്കത്ത നഗരവീഥികളിൽ അദ്ദേഹവും എത്തിയിരുന്നു. ബംഗ്ലാ ഭാഷ നിലനിർത്താനും പരിപോഷിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള പ്രവർത്തങ്ങളിൽ ഗംഗോപാധ്യായ എന്നും മുൻനിരയിൽ തന്നെയായിരുന്നു. ഈ വിഷയത്തിൽ തെരുവിൽ ജാഥയും അദ്ദേഹം നയിച്ചിട്ടുണ്ട്.[5]

ചില പ്രധാന കൃതികൾ

[തിരുത്തുക]
 • 'ആത്മ പ്രകാശ്' (ആത്മപ്രകാശനം)
 • 'അർജുൻ'
 • 'പ്രതിദ്വന്ദി' (എതിരാളി)

1960-കളിലെ കൊൽക്കത്ത. അഭ്യസ്തവിദ്യരായ യുവതലമുറയുടെ ജോലിയന്വേഷിച്ചുളള അലച്ചിൽ. ഹതാശയും, അനിശ്ചിതഭാവിയും അവരെ നിർണ്ണായക ഘട്ടത്തിലെത്തിക്കുന്നു.

 • 'ആരണ്യെർ ദിൻ രാത്രി' (കാട്ടിലെ രാപ്പകലുകൾ)

നഗരത്തിലെ ബഹളങ്ങളിൽ നിന്ന് രക്ഷപ്പെട്ട് താത്കാലികമായെങ്കിലും പ്രകൃതിയുടെ മടിത്തട്ടിൽ അഭയം തേടി കാട്ടിലെത്തിലെത്തുന്ന നാലഞ്ചു സുഹൃത്തുക്കളുടെ ബോധോദയത്തിന്റെ കഥ

 • 'ഏകാ എബം കൊയേക് ജൊൻ' (ഒറ്റക്കും കൂട്ടായും),
 • 'ഷെയി ഷൊമൊയ് ( കഴിഞ്ഞ കാലം)

സാഹിത്യ അക്കാദമി അവാർഡു നേടിയ ഈ നോവൽ പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാളി നവോത്ഥാനത്തിന്റെ കഥയാണ്. ആ കാലഘട്ടത്തലെ ഈശ്വരചന്ദ്ര വിദ്യാസാഗർ, മൈക്കേൽ മധുസൂദൻ ദത്ത്, കേശബ് ചന്ദ്ര സെൻ തുടങ്ങി ഒട്ടനേകം ചരിത്രപുരുഷന്മാർ നോവലിന്റെ താളുകളിലൂടെ വായനക്കാരുടെ സമക്ഷം പ്രത്യക്ഷപ്പെടുന്നു.

 • 'പ്രഥം ആലോ' (ആദ്യ കിരണങ്ങൾ )

ഇരുപതാം നൂറ്റാണ്ടിന്റെ ഉദയം. കൊൽക്കത്തയാണ് പശ്ചാത്തലം. സമകാലികരായിരുന്ന രബീന്ദ്രനാഥ ടാഗോറിന്റെയും പീന്നീട് സ്വാമി വിവേകാനന്ദയായി പ്രസിദ്ധനായ നരേന്ദ്ര ദത്തിന്റേയും കാലഘട്ടം.

 • 'പൂർബോ പൊശ്ചിം' I & II (കിഴക്കും പടിഞ്ഞാറും)

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്ക് അനിവാര്യമായിത്തീർന്ന ബംഗാൾ വിഭജനം, സാംസ്കാരികമായി ഒന്നായിരുന്ന ഒരു ജനതയെ വൈകാരികമായും.രാഷ്ട്രീയമായും ആഴത്തിൽ മുറിവേല്പിക്കുന്നു. പൂർവ്വ ബംഗാളിൽ നിന്ന് പശ്ചിമ ബംഗാളിലേക്കും, പിന്നീട് പശ്ചിമാർധഗോളത്തിലേക്കും കുടിയേറിപ്പാർക്കേണ്ടി വന്നവരുടെ കഥ.

 • 'മനേർ മാനുഷ്

പതിനെട്ടാം നൂറ്റാണ്ടിൽ മതങ്ങൾ കെട്ടിയുയർത്തുന്ന മതിലുകൾക്കെതിരായി പാടി നടന്ന ദാർശനികകവി ലാലൻ ഫക്കീറാണ് കേന്ദ്രകഥാപാത്രം

 • മഹാപൃഥ്വി
 • ധൂലോ ബാസൻ

സമൂഹത്തിന്റെ കെട്ടുപാടുകളിൽ നിന്ന് വിമുക്തയായി സ്വന്തം വഴി തിരഞ്ഞെടുക്കാനുയുളള ഒരു സ്ത്രീയുടെ വ്യഗ്രത

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
 1. "വിസ്മയിപ്പിക്കുന്ന സാഹിത്യസഞ്ചാരം" (PDF) (in മലയാളം). മലയാളം വാരിക. 2012 നവംബർ 02. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 11. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
 2. "പ്രശസ്ത ബംഗാളി സാഹിത്യകാരൻ സുനിൽ ഗംഗോപാധ്യായ അന്തരിച്ചു". Archived from the original on 2016-03-04. Retrieved 2012-10-24.
 3. "ബംഗാളി സാഹിത്യകാരൻ സുനിൽ ഗംഗോപാധ്യായ അന്തരിച്ചു". Archived from the original on 2012-10-27. Retrieved 2012-10-23.
 4. "സുനിൽ ഗംഗോപാധ്യായ അന്തരിച്ചു". Archived from the original on 2012-10-23. Retrieved 2012-10-23.
 5. 5.0 5.1 "'നീൽ ലോഹിതി'ന്റെ തൂലിക നിലച്ചു". Archived from the original on 2012-10-23. Retrieved 2012-10-23.

അധിക വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുനിൽ_ഗംഗോപാധ്യായ&oldid=3987822" എന്ന താളിൽനിന്ന് ശേഖരിച്ചത്