Jump to content

മല്ലിക സാരാഭായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മല്ലിക സാരാഭായി
മല്ലിക സാരാഭായി
തൊഴിൽകുച്ചിപ്പുടി, ഭരതനാട്യം നർത്തകി
സജീവ കാലം1969 - ഇതുവരെ
ഉയരം5'6"
കുട്ടികൾരേവന്ത , അനഹിത
പുരസ്കാരങ്ങൾTheatre Pasta Theatre Awards,
2007

Nominated as one among 1000 women for Nobel Peace Prize ,
2005 Knight of the Order of Arts & Letters, French Government
2002 Sangeet Natak Akademi Award for Creative Dance,
2001 Chevalier des Palmes Academiques,
French Government,
1999 Film Critics Award for Best Supporting Actress for Sheesha ,
1984 Best Film Actress Award, Mena Gurjari,
Govt.of Gujarat,
1975

Film Critics Award for Best Actress,
Muthi Bhar Chawal 1974

പ്രശസ്തയായ ഒരു നർത്തകിയും സാമൂഹിക സന്നദ്ധപ്രവർത്തകയുമാണ്‌ മല്ലിക സാരാഭായ് (ജനനം: മേയ് 9, 1953). ക്ലാസിക്കൽ നർത്തകി മൃണാളിനി സാരാഭായിടേയും[1] പ്രഗല്ഭ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്ന വിക്രം സാരാഭായിടേയും മകളാണ്‌ മല്ലിക സാരാഭായ്. ഭരതനാട്യം,കുച്ചിപ്പുടി തുടങ്ങിയ നൃത്തകലകളിലാണ്‌ മല്ലികയുടെ മികവ്. കൂടാതെ നാടകം, ചലച്ചിത്രം, ടെലിവിഷൻ, രചന, പ്രസാധനം തുടങ്ങിയ മേഖലകളിലെ സംഭാവനകളിലൂടെയും പ്രശസ്തയാണിവർ.[2]

ആദ്യകാല ജീവിതം

[തിരുത്തുക]

പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമായ മൃണാളിനി സാരാഭായിടേയും വിക്രം സാരാഭായിടേയും മകളായി 1953 ൽ ഗുജറാത്തിലാണ്‌ മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്സ് കലാലയത്തിൽ പഠിച്ചു[3]. 1974 ൽ അഹമ്മദാബാദ് ഐ.ഐ.എംൽ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സർ‌വകലാശാലയിൽ നിന്ന് 1976 ൽ ഡോക്ട്രേറ്റും നേടി[4]. അഭിനയം,ചലച്ചിത്ര നിർമ്മാണം,ചിത്ര സം‌യോജനം,ടെലിവിഷൻ ആങ്കറിംഗ് എന്നിവയിലും പരിചയമുണ്ട് ഇവർക്ക്.

കലാ സാമൂഹിക രംഗത്ത്

[തിരുത്തുക]

ചെറുപ്പത്തിലേ നൃത്തം പഠിക്കാൻ തുടങ്ങിയിരുന്നു മല്ലിക. പതിനഞ്ച് വയസ്സുള്ളപ്പോൾ സമാന്തര ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പീറ്റർ ബ്രൂക്ക്സിന്റെ "ദി മഹാഭാരത" എന്ന നാടകത്തിൽ ദ്രൗപതിയെ മല്ലികയാണ്‌ അവതരിപ്പിച്ചത്. 1977 ൽ പാരീസിലെ തിയേറ്റർ ഡി ചമ്പ്സ് എലൈസിയുടെ ഏറ്റവും നല്ല നൃത്ത സോളോയിസ്റ്റ് എന്ന പുരസ്കാരം നേടി. ഒരു നർത്തകി എന്നതോടൊപ്പം തന്നെ ഇവർ ഒരു സാമുഹിക പ്രവർത്തകയും കൂടിയാണ്‌. മല്ലികയും അമ്മ മൃണാളിനിയും ചേർന്ന് നടത്തുന്ന സ്ഥാപനമാണ്‌ അഹമ്മദാബാദിലെ "ദർപ്പണ അക്കാഡമി ഓഫ് പെർഫോർമിംഗ് ആർട്ട്സ്"[5]. 2002 ലെ ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോഡി സർക്കാറിന്റെ പങ്കിനെ പരസ്യമായി വിമർശിച്ചത് കാരണം ഗുജറാത്ത് സർക്കാർ തന്നെ പീഡിപ്പിക്കുകായാണെന്ന പരാതിയെ തുടർന്ന് വാർത്താ തലക്കെട്ടുകളിൽ ഇടം നേടുകയുണ്ടായി മല്ലിക സാരാഭായ്. 2002 ന്റെ ഒടുവിലായി മനുഷ്യക്കടത്ത് കുറ്റം ഇവർക്കെതിരെ ഗുജറാത്ത് സർക്കാർ ആരോപിച്ചങ്കിലും 2004 ഡിസംബറിൽ സർക്കാർ ആ കേസ് വേണ്ടെന്ന് വെച്ചു[6]. ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത ഡാനി എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് മല്ലിക സാരാഭായ്.

ഏതെങ്കിലുമൊരു വിശേഷണത്തിൽ ഒതുങ്ങിനിൽക്കുന്നതല്ല മല്ലിക സാരാഭായിയുടെ വ്യക്തിത്വം. നർത്തകിയായും ആക്ടിവിസ്റ്റായും എഴുത്തുകാരിയായും പ്രസാധകയായും പ്രാസംഗികയായും ബിസിനസ് മാനേജ്മെന്റിൽ ബിരുദധാരിയായും ‘ദർപ്പണ’യുടെ ഡയറക്ടറായും വിവിധ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന അസാമാന്യ വ്യക്തിത്വമാണ് മല്ലികയുടേത്.[7] ദർപ്പണയിലെ കലാവിദ്യാഭ്യാസ പദ്ധതി ലക്ഷ്യംവയ്‌ക്കുന്നത് കലയെ തനതായി പഠിക്കുകയെന്നതു മാത്രമല്ല, മറ്റു വൈജ്ഞാനിക മേഖലകളും ഒപ്പം ആധുനിക വിവരസാങ്കേതികതയും തന്റെ കലയിൽ എങ്ങനെ ഉപയോഗിക്കാമെന്ന വിശാലമായ കാഴ്ചപ്പാടുകൂടിയാണ്.[7] ഒരിക്കൽ  അഭിമുഖ സംഭാഷണത്തിനിടയിൽ, പ്രവർത്തിക്കുന്ന ഏതു മേഖലയാണ് ഏറ്റവും ആവേശം കൊള്ളിക്കുന്നതെന്ന ചോദ്യത്തിന് അവർ ഉത്തരമായി ഇങ്ങനെ പറഞ്ഞു, "എനിക്ക് തീവ്രമായ അഭിനിവേശം ജീവിതത്തോടാണ്. എന്റെ  ജീവിതത്തെ ഓരോ നിമിഷവും  ആവേശഭരിതമാക്കുന്നതാണ്  നൃത്തവും എഴുത്തും പ്രസംഗവും അഭിനയവുമെല്ലാം. എന്റെ നിലപാടുകളുടെ  സംവേദന മാധ്യമമാണ് എന്റെ നൃത്തം’. കല  സാംസ്കാരിക ഉപകരണമാണെന്നും സാമൂഹ്യ ഇടപെടലിന് കലയെ എങ്ങനെ ഉപയോഗിക്കാമെന്നും സ്വന്തം ജീവിതത്തിലൂടെ മല്ലിക തെളിയിച്ചു കൊണ്ടിരിക്കുന്നു.[7]

അരങ്ങിലൂടെ ബോധവത്കരണം

[തിരുത്തുക]

1989 ൽ ഏകാംഗ നാടകമായ "ശക്തി: ദ പവർ ഓഫ് വുമൺ" അവർ അവതരിപ്പിച്ചു. അതിൽ പിന്നെ സമകാലീന വിഷയവുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടികൾ മല്ലിക സം‌വിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. സാമൂഹിക പരിവർത്തനത്തിന്റെ ബോധമുണർത്തുന്നവയായിരുന്നു അവ.

മല്ലിക സാരാഭായുടെ തിരക്കഥയിലുള്ള ഒരു നാടകമാണ്‌ അൻസുനി(Unsuni). ഹർഷ് മന്ദറിന്റെ "കേൾക്കാത്ത ശബ്ദം" എന്ന ഗ്രന്ഥത്തെ ആസ്പദിച്ചുള്ളതാണ്‌ അൻസുനിയുടെ കഥ. അരവിന്ദ് ഗൗർ ഇത് ഹിന്ദിയിലേക്ക് ഭാഷാന്തരം ചെയ്ത് ദർപ്പണ അക്കാഡമിക്ക് വേണ്ടി മല്ലിക സാരാഭായ് സം‌വിധാനം ചെയ്തു. അൻസുനി ഇന്ത്യയിലുടനീളം സഞ്ചരിക്കുന്നു. അഹമ്മദാബാദിലെ കലാ സ്ഥാപനമായ "ദർപ്പണ" , അൻസുനിയുടെ നിർമ്മാണത്തിലൂടെ ജനങ്ങളിൽ ഒരു ബോധവത്കരണ പ്രസ്ഥാനത്തിന്‌ തുടക്കമിട്ടു[8].

മല്ലികയെന്ന അഭിനേത്രിയെ ലോകം ശ്രദ്ധിക്കുന്നത് 1984ൽ പീറ്റർ ബ്രൂക്കിന്റെ വിഖ്യാതമായ മഹാഭാരതമെന്ന നാടകത്തിൽ പാഞ്ചാലിയായി വേഷമിടുന്നതോടുകൂടിയാണ്. [7]1984 മുതൽ നാലു വർഷം വിവിധ രാജ്യങ്ങളിൽ മഹാഭാരതം അവതരിപ്പിക്കപ്പെട്ടു. പീറ്റർ ബ്രൂക്കിന്റെ ശിക്ഷണത്തിൽ തിയറ്ററിന്റെ വലിയ അനുഭവസമ്പത്തുമായി ദർപ്പണയിലേക്ക് തിരിച്ചെത്തിയ മല്ലിക തന്റെ ആദ്യ തിയറ്റർ പ്രൊഡക്‌ഷന്റെ രചനയിൽ ഏർപ്പെട്ടു.‘ശക്തി-പവർ ഓഫ് വിമെൻ' ആയിരുന്നു അവരുടെ ആദ്യത്തെ കണ്ടമ്പററി കൊറിയോഗ്രഫി.[7] ശക്തിയുടെ അവതരണത്തോടുകൂടി  ശാസ്ത്രീയനൃത്ത ഭാഷ ഉപയോഗിച്ച്‌ തന്നെ  സമകാലവുമായി സംവദിക്കാൻ പ്രാപ്തമായ  നൂതനാവിഷ്കാരതന്ത്രത്തെ  അവർ വാർത്തെടുത്തു. ‘ശക്തി'യുടെ അവതരണത്തിനുശേഷം മല്ലിക ചിട്ടപ്പെടുത്തിയ അമ്പതോളം ആവിഷ്കാരങ്ങൾ  സാമൂഹ്യ വിഷയങ്ങളുമായി നേരിട്ടു സംവദിക്കുന്നവയായിരുന്നു. [7]മനുഷ്യനെ അവന്റെ ജാതിയുടെയും മതത്തിന്റെയും വർഗത്തിന്റെയും വർണത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിലല്ല അടയാളപ്പെടുത്തേണ്ടതെന്ന സന്ദേശമാണ് മല്ലികയുടെ അവതരണങ്ങൾ അടിവരയിട്ടു പറയുന്നത്[7]

വ്യക്തി ജീവിതം

[തിരുത്തുക]

"കാര്യങ്ങൾ എപ്പോഴും ഒളിച്ചു വെക്കാതെയാണ്‌ ഞാൻ ചെയ്തത്" എന്ന മല്ലിക തന്റെ കലാലയ ജീവിതം ഓർത്തുകൊണ്ട് പറയുന്നു. മിനിസ്കർട്ട് ധരിക്കലും ഡേറ്റിംഗും, വിവാഹേതര ബന്ധവും അക്കാലത്ത് മല്ലികയുടെ പതിവുകളായിരുന്നു[9].

പഠിക്കുന്ന കാലത്ത് കണ്ടുമുട്ടിയ ബിപിൻ ഷായെ പിന്നീട് വിവാഹം കഴിച്ചു. പക്ഷേ ഏഴ് വർഷത്തിന്‌ ശേഷം ഇവർ വിവാഹ മോചിതരായി. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് കുട്ടികളുണ്ട്.മകൻ രെവാന്തയും മകൾ അനഹിതയും[10]. ബിപിൻ ഷായുമായി വിവാഹബന്ധം വേർപിരിഞ്ഞെങ്കിലും "മാപ്പിൻ പബ്ലിഷിംഗ്" എന്നൊരു സ്ഥാപനം രണ്ടു പേരുംകൂടി ചേർന്ന് നടത്തി വരുന്നു.

രാഷ്ട്രീയ രംഗത്ത്

[തിരുത്തുക]

ഗാന്ധിനഗർ ലോകസഭ സീറ്റിൽ ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാർഥി എൽ.കെ. അദ്വാനിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന വിവരം 2009 മാർച്ച് 1ന് മല്ലിക പ്രഖ്യാപിച്ചു[11]. ഗുജറാത്ത് കോൺഗ്രസ്സ് ഘടകത്തോട് മല്ലികയെ പിന്തുണക്കണമെന്ന് കോൺഗ്രസ്സിന്റെ ഉന്നതാതികാര സമിതിയായ ഹൈക്കമാൻഡ് ആവശ്യപ്പെട്ടു എന്ന ഉഹോപാഹങ്ങൾക്കിടയിൽ, മല്ലിക കോൺഗ്രസ്സ് സ്ഥാനാർഥിയല്ല എന്ന് കോൺഗ്രസ്സ് വക്താവ് വ്യക്തമാക്കുകയാണുണ്ടായത്. സ്ഥാനാർഥിത്വത്തിനായി താൻ കോൺഗ്രസിനെ സമീപിക്കുകയോ തന്നെ സ്ഥാനാർഥിയാക്കാമെന്ന് വാഗ്ദാനം കോൺഗ്രസ്സ് നൽകുകയോ ചെയ്തിട്ടില്ലന്ന് ഒരു ചോദ്യത്തിനുള്ള മറുപടിയിൽ അവർ വ്യക്തമാക്കി. എങ്കിലും മുൻ‌കാലങ്ങളിൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനായി കോൺഗ്രസ്സിൽ നിന്ന് പലവട്ടം വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. ഇതിൽ ആദ്യത്തേത് 1984 ൽ രാജീവ് ഗാന്ധിയിൽ നിന്നായിരുന്നു[12],[13]. അഹമ്മാദാബാദിൽ അദ്വാനിക്കെതിരായ ഈ സ്ഥാനാർഥിത്വം വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള തന്റെ സത്യാഗ്രഹമായി മല്ലിക വിശേഷിപ്പിക്കുന്നു.[13]. എന്നാൽ അദ്വാനിക്കെതിരെ മല്ലികക്ക് കനത്ത് തോൽ‌വി നേരിടേണ്ടി വന്നു. കെട്ടിവെച്ച പണവും അവർക്ക് നഷ്ടപ്പെട്ടു.

പുരസ്കാരങ്ങളും അംഗീകാരങ്ങളും

[തിരുത്തുക]
  • 2008 ൽ വേൾഡ് എകണോമിക് ഫോറത്തിന്റെ ക്രിസ്റ്റൽ അവാർഡ് (ആഗോള സമാധാനത്തിന്‌ കലാ സാംസകരിക രംഗത്തെ സംഭാവന പരിഗണിച്ച്)
  • 2007 ൽ തിയേറ്റർ പാസ്റ്റ തിയേറ്റർ അവാർഡ്
  • 2005 ൽ നോബൽ സമ്മാനത്തിന്‌ തിരഞ്ഞെടുക്കാനുള്ള ആയിരം സ്ത്രീകളിൽ ഉൾപ്പെട്ടു.
  • 2000 ൽ സംഗീത നാടക അക്കാദമി പുരസ്കാരം
  • 1999 ൽ ഫ്രെഞ്ച് സർക്കാറിന്റെ ഷെവലിയർ ഡി പാംസ് അക്കാഡെമിക്
  • 1984 ൽ ഷീഷ എന്ന ചിത്രത്തിലെ അഭിനയത്തിന്‌ ഏറ്റവും നല്ല സഹ നടിക്കുള്ള ഫിലിം ക്രിട്ടിക്സ് പുരസ്കാരം
  • 1975 ൽ ഗുജറാത്ത് സർക്കാറിന്റെ ഏറ്റവും നല്ല നടിക്കുള്ള അവാർഡ്

ഇത് കൂടി കാണുക

[തിരുത്തുക]

ചിത്രങ്ങൾ

[തിരുത്തുക]

[14]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

കൂടുതൽ വായനക്ക്

[തിരുത്തുക]
ഇംഗ്ലീഷ്
  1. "അഭിമുഖം". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 749. 2012 ജൂലൈ 02. Retrieved 2013 മെയ് 08. {{cite news}}: Check date values in: |accessdate= and |date= (help)
  2. "About India's leading choreographer and dancer Mallika Sarabhai". Archived from the original on 2011-10-02. Retrieved 2009-11-23.
  3. dancers indobase
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-28. Retrieved 2009-11-23.
  5. the darpana academy of performing arts | usmanpura, ahmedabad - 380013, india
  6. "The Hindu : Why am I being crucified, asks Mallika Sarabhai". Archived from the original on 2010-09-01. Retrieved 2009-11-23.
  7. 7.0 7.1 7.2 7.3 7.4 7.5 7.6 "മല്ലിക സാരാഭായി വരുമ്പോൾ". Retrieved 2022-12-14.
  8. "Unsuni Movement". Archived from the original on 2010-10-01. Retrieved 2009-11-23.
  9. http://www.telegraphindia.com/1090329/jsp/7days/story_10740051.jsp ‘The fact that I am standing, Mr. Advani, means the world is watching’
  10. Mallika on a mission, Aditi Tandon, http://www.tribuneindia.com/2007/20071013/saturday/main1.htm
  11. "Mallika Sarabhai to take on Advani from Gandhinagar". Ahmedabad: Prokerala News. 19 March 2009. Retrieved 14 April 2009.
  12. "Mallika Sarabhai and L. K. Advani in Gandhinagar". Archived from the original on 2012-09-23. Retrieved 2009-11-23.
  13. 13.0 13.1 Mallika to contest against LK from Gandhinagar
  14. "മല്ലിക സാരാഭായിയെ കേരള കലാമണ്ഡലം ചാൻസലറായി നിയമിച്ചു.–"https://www.malabarupdates.net/2022/12/mallika-sarabhai-chancellor-of-kerala-kalamandalam.html Archived 2022-12-07 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=മല്ലിക_സാരാഭായ്&oldid=3835685" എന്ന താളിൽനിന്ന് ശേഖരിച്ചത്