വിക്രം സാരാഭായി
വിക്രം അംബാലാൽ സാരാഭായി | |
---|---|
![]() വിക്രം സാരാഭായി (നാസയുടേ ശേഖരത്തിൽനിന്ന്) | |
ജനനം | |
മരണം | 30 ഡിസംബർ 1971 | (പ്രായം 52)
ദേശീയത | ![]() |
കലാലയം | ഗുജറാത്ത് കോളേജ് സെന്റ് ജോൺസ് കോളേജ്, കേംബ്രിഡ്ജ് |
അറിയപ്പെടുന്നത് | ഭാരതീയ ബഹിരാകാശഗവേഷണം |
ജീവിതപങ്കാളി(കൾ) | മൃണാളിനി സാരാഭായി |
പുരസ്കാരങ്ങൾ | പത്മഭൂഷൺ (1966) പത്മവിഭൂഷൺ (മരണാനന്തരം) (1972) |
Scientific career | |
Fields | ഭൗതികശാസ്ത്രം |
Institutions | ഇസ്രോ ഫിസിക്കൽ റിസേർച്ച് ലബോറട്ടറി |
Doctoral advisor | സർ സി.വി. രാമൻ![]() |
ലോകപ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു ഡോ. വിക്രം അംബാലാൽ സാരാഭായി (ഓഗസ്റ്റ് 12, 1919 - ഡിസംബർ 30, 1971). ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത് വിക്രം സാരാഭായി ആണ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്തെ മികവുറ്റതാക്കി മാറ്റിയവരിൽ പ്രധാനിയാണ് ഡോ. വിക്രം സാരാഭായ്. ബഹിരാകാശ ഗവേഷണങ്ങൾ എങ്ങനെ രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ഉന്നമനത്തിനുമായി ഉപയോഗിക്കാമെന്ന് വിക്രം സാരാഭായ് കാണിച്ചുതന്നു.
ജീവിതരേഖ[തിരുത്തുക]
1919 ഓഗസ്റ്റ് 12-നു ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു ധനിക ജൈന കുടുംബത്തിൽ വ്യവസായിയായ അംബലാൽ സാരാഭായുടേയും സരള ദേവിയുടെയും മകനായി ജനിച്ചു. ചെറുപ്പം മുതൽ തന്നെ ശാസ്ത്രത്തോട് അഭിനിവേശം പുലർത്തി. മാതാപിതാക്കൾ ഒരുക്കിക്കൊടുത്ത സൗകര്യങ്ങളും സർ സി.വി. രാമനെപ്പോലെ മഹാരഥൻമാരായ ശാസ്ത്രജ്ഞരുമായി നേരിട്ട് ഇടപഴകാൻ ലഭിച്ച അവസരങ്ങളുമൊക്കെ ശാസ്ത്രാഭിരുചിയെ ത്വരിതപ്പെടുത്തി. [1]സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഗുജറാത്തി കോളേജിൽനിന്ന് ഇന്റർമീഡിയേറ്റ് പരീക്ഷ പാസായ സാരാഭായി 1940-ൽ പ്രകൃതിശാസ്ത്രത്തിൽ ഇംഗ്ലണ്ടിലെ കേംബ്രിജ് സർവകലാശാലയിൽനിന്ന് ബിരുദം സ്വന്തമാക്കി. എന്നാൽ, രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് അദ്ദേഹത്തിന് ഇന്ത്യയിലേക്ക് തിരിച്ചുവരേണ്ടതായി വന്നു. തിരിച്ച് ഇന്ത്യയിലെത്തി സി.വി. രാമൻ നേതൃത്വം നൽകുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം ആരംഭിച്ചു. 1947-ൽ കോസ്‌മിക് റേകളെക്കുറിച്ച് ഗവേഷണം ചെയ്ത് കേംബ്രിഡ്‌ജിൽ നിന്ന് പി.എച്ച്.ഡി നേടി. 1945ൽ കേംബ്രിഡ്ജ് സർവകലാശാലയിൽനിന്നും പിഎച്ച്.ഡി നേടിയശേഷം വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയ സാരാഭായ് 1947 നവംബർ 11ന് അഹ്മദാബാദിൽ ഫിസിക്കൽ റിസർച്ച് ലബോറട്ടറി സ്ഥാപിച്ചു. ഇതിനിടെ ഇന്ത്യയിലെ അണുശക്തി കമ്മീഷനിൽ അദ്ദേഹം നിയമിതനായി. ഉപഗ്രഹ വിക്ഷേപണത്തിൽ അദ്ദേഹം പ്രത്യേകം താല്പര്യം കാട്ടി.ബഹിരാകാശഗവേഷണത്തെ വെറും ശൂന്യാകാശ യാത്രകളായി വഴിതിരിച്ചു വിടാതെ ,വാർത്താവിനിമയത്തിനും കാലാവസ്ഥാ നിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിന്റെ ശില്പി ഇദ്ദേഹമാണ്. അദ്ദേഹത്തോടുള്ള ബഹുന്മാനാർത്ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തെ “വിക്രം സാരാഭായ് സ്പേസ് സെൻറർ“ എന്ന് നാമകരണം ചെയ്തു.ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ശിൽപ്പിയും അദ്ദേഹമാണ് റോക്കറ്റുകളും ഉപഗ്രഹങ്ങളും നിർമ്മിക്കുന്നതിൽ കഴിവുള്ള ഒരു നല്ല സംഘത്തെ വാർത്തെടുക്കാനായി എന്നത് പിൽക്കാലത്ത് ഇന്ത്യയ്ക്ക് ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ സഹായകമായി.
അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, നെഹ്റു ഫൗണ്ടേഷൻ ഫോർ ഡവലപ്മെന്റ്, അഹമ്മദാബാദ് ടെക്സ്റ്റൈൽ ഇൻഡസ്ട്രീസ് റിസർച് അസോസിയേഷൻ, ദർപ്പണ അക്കാദമി ഓഫ് പെർഫോമിങ് ആർട്സ്, കൽപ്പാക്കം ഫാസ്റ്റർ ബ്രീഡർ ടെസ്റ്റ് റിയാക്ടർ, കൽക്കട്ടയിലെ വേരിയബിൾ എനർജി, സൈക്ലോട്രോൺ പ്രൊജക്ട്, ഹൈദരാബാദിലെ ഇലക്ട്രോണിക്സ് കോർപറേഷൻ ഓഫ് ഇന്ത്യ, ജഡുഗുണ്ടയിലെ യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ... തുടങ്ങി അദ്ദേഹം തുടക്കംകുറിച്ച ഓരോ സ്ഥാപനങ്ങളും ഇന്ത്യയുടെ വികസനം ത്വരിതപ്പെടുത്തി.[2]
വിക്രം സാരാഭായിയുടെ സാന്നിധ്യത്തിൽ 1963 നവംബർ 21–ന് തുമ്പയിൽ നിന്നും വിക്ഷേപിച്ച ‘നൈക്ക്–അപ്പാച്ചി’ എന്ന ചെറുറോക്കറ്റ് ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിലെ നാഴികക്കല്ലായി. പിന്നീട് ഉപഗ്രഹ വിക്ഷേപണങ്ങളിലൂടെ ടെലിവിഷൻ സംപ്രേഷണവും കാലാവസ്ഥാ പ്രവചനവുമൊക്കെ സുഗമമാക്കാൻ ഇന്ത്യയ്ക്കായി.[3]
ഐ.എസ്.ആർ.ഒ[തിരുത്തുക]
ഇന്ത്യയിൽ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിൽ വിക്രം സാരാഭായ് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 1969 ആഗസ്റ്റ് 15നാണ് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) രൂപം കൊണ്ടത്. അതിനുമുമ്പ് ഇന്ത്യൻ നാഷനൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് സെന്റർ (ഇൻകോസ്പാർ)എന്ന കമ്മിറ്റിയുടെ കീഴിലായിരുന്നു ബഹിരാകാശ ഗവേഷണം. ബഹിരാകാശ ഗവേഷണങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്ററിനായി അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് 1962ൽ അണുശക്തി വിഭാഗത്തിനുകീഴിൽ 'ഇൻകോസ്പാർ' രൂപവത്കരിച്ചു. ഇത് പിന്നീട് ഐ.എസ്.ആർ.ഒ ആയി മാറുകയായിരുന്നു.[4]
1975-76 കാലഘട്ടത്തിൽ നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ ടെലിവിഷൻ പരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടു. സൈറ്റ് (SITE- Satellite Instructional Television Experiment) എന്ന പേരിൽ നടത്തിയ ഈ സംവിധാനം ഉപയോഗിച്ച് 2,400 പിന്നാക്ക ഗ്രാമങ്ങളിൽ ആധുനികവിദ്യാഭ്യാസം എത്തിക്കുന്നതിന് ഇദ്ദേഹം പദ്ധതിയുണ്ടാക്കി.
വിക്രം സാരാഭായ് സ്പേസ് സെന്റർ[തിരുത്തുക]
1962ൽ തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സ്ഥാപിതമായതോടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് പുത്തനുണർവ് ഉണ്ടായി. ഭൂമധ്യരേഖയോട് അടുത്തുകിടക്കുന്ന തുമ്പയെ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി തെരഞ്ഞെടുത്തത് ആറ്റോമിക് എനർജി മേധാവി ആയിരുന്ന ഹോമിജെ ബാബയും വിക്രം സാരാഭായും ചേർന്നാണ്. 1963 നവംബർ 21ന് തുമ്പയിൽ നിന്നും ആദ്യ റോക്കറ്റ് വിക്ഷേപിച്ചു. സാരാഭായിയുടെ സാന്നിധ്യത്തിലായിരുന്നു വിക്ഷേപണം. നൈക്ക് -അപ്പാഷെ എന്ന ചെറു റോക്കറ്റിന്റെ വിക്ഷേപണ വിജയം ബഹിരാകാശ ഗവേഷണത്തിലെ ഇന്ത്യൻ കുതിപ്പിന് തുടക്കമിട്ടു. വിക്രം സാരാഭായോടുള്ള ബഹുമാനാർഥം തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന് വിക്രം സാരാഭായ് സ്പേസ് സെന്റർ എന്ന പേരു നൽകുകയായിരുന്നു. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ടയുടെ രൂപവത്കരണത്തിലും സാരാഭായ് മുഖ്യ പങ്കുവഹിച്ചു. എന്നാൽ, സാരാഭായുടെ മരണശേഷം 1975ലാണ് ആര്യഭട്ട വിക്ഷേപിക്കുന്നത്.[5] ആദ്യകാലത്ത് ബഹിരാകാശ പര്യവേക്ഷണങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ കാലാവസ്ഥ പഠനത്തിനും വാർത്താവിനിമയത്തിനും ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചതും വിക്രം സാരാഭായിയുടെ നേതൃത്വത്തിലായിരുന്നു [6]
1975ൽ സാറ്റലൈറ്റ് ഇൻസ്ട്രക്ഷനൽ ടെലിവിഷൻ എക്സിപിരിമെന്റ് എന്ന പദ്ധതിയും വിക്രം സാരാഭായി ആവിഷ്കരിച്ചതായിരുന്നു. ഇന്ത്യയിലെ ഗ്രാമങ്ങളിലെ ജനങ്ങളെ വിവിധ വിഷയങ്ങളിൽ ബോധവത്കരിക്കുക, ഉപഗ്രഹ സഹായത്തോടെ ടെലിവിഷൻ പ്രേക്ഷ പണം രാജ്യത്ത് കൊണ്ടുവരുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. 1966ൽ വിക്രം സാരാഭായി നാസയുമായി നടത്തിയ ചർച്ചയുടെ ഫലമായാണ് പദ്ധതി യാഥാർഥ്യമായത്.
മലയാളിയും പ്രശസ്ത നർത്തകിയും ആയ മൃണാളിനി സാരാഭായിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്.മകൾ മല്ലികാ സാരാഭായിയും പ്രശസ്ത നർത്തകിയാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മൃദുല സാരാഭായി ഇദ്ദേഹത്തിന്റെ സഹോദരിയാണ്.
മരണവും നിഗൂഢതയും[തിരുത്തുക]
അദ്ദേഹം 1971 ഡിസംബർ 30-ന് കോവളത്ത് പഞ്ചനക്ഷത്ര റിസോർട്ടിനുള്ളിൽ വച്ച് മരിച്ച നിലയിൽ കാണപ്പെട്ടു.
തന്റെ അമ്പത്തിരണ്ടാമത്തെ വയസ്സിൽ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന് തറക്കല്ലിടാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം.[7] മരിക്കുന്നതിന്റെ തലേന്ന് ഒരു റഷ്യൻ റോക്കറ്റിന്റെ പരീക്ഷണം നേരിട്ടുകണ്ടു. തുമ്പ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. അതിന് തൊട്ടടുത്ത ദിവസമാണ് സാരാഭായി 'ഹാൽക്കിയോൺ കാസിൽ' എന്നറിയപ്പെട്ടിരുന്ന, പിന്നീട് ലീലാ കെമ്പിൻസ്കി ആയി മാറിയ, ഇപ്പോൾ റാവിസ് എന്നപേരിലുള്ള കോവളം പഞ്ചനക്ഷത്ര റിസോർട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. [8]അദ്ദേഹത്തിന്റെ കുടുംബം 'ഓട്ടോപ്സി' നടത്താൻ താല്പര്യമില്ല എന്നറിയിച്ചതുകൊണ്ട് അദ്ദേഹത്തെ ഒരു പരിശോധനകളും ചെയ്യാതെ ദഹിപ്പിക്കുകയായിരുന്നു. [9] അന്ന് ഒപ്പം എരിഞ്ഞടങ്ങിയത് ആ മരണത്തെക്കുറിച്ചുള്ള രഹസ്യങ്ങൾ കൂടിയാണ്. മരണത്തിനു തൊട്ടുമുമ്പുള്ള ദിവസം വരെയും അദ്ദേഹത്തിന് പറയത്തക്ക ഒരു അസുഖവും ഉണ്ടായിരുന്നില്ല. [10]കാര്യമായ രോഗചരിത്രങ്ങൾ ഒന്നുമില്ലാത്തവരും മരണത്തിന് പൊടുന്നനെ കീഴടങ്ങാറുണ്ട്. പക്ഷേ, സാരാഭായി ഇന്ത്യയിലെ ശാസ്ത്രദൗത്യങ്ങളുടെയും മറ്റും ചുക്കാൻ പിടിച്ചിരുന്ന വ്യക്തി എന്ന നിലയ്ക്ക് സവിശേഷ സുരക്ഷ ഏർപ്പെടുത്തിയിരുന്ന ഒരു വിഐപി ആയിരുന്നു. വിമാനങ്ങളിൽ അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റ് കാലിയാക്കി ഇടുമായിരുന്നു. അദ്ദേഹം തീവണ്ടിയിൽ സഞ്ചരിച്ചാൽ ഫസ്റ്റ് ക്‌ളാസിൽ ഒരു കൂപ്പെ തന്നെ അദ്ദേഹത്തിനായി ഒഴിച്ചിട്ടിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയടക്കമുള്ള രാജ്യങ്ങളിലെ ചാരസംഘടനകളുടെ വാച്ച് ലിസ്റ്റിൽ ഉള്ള ആളായിരുന്നു അദ്ദേഹവും. ഇറാന്റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട പല ശാസ്ത്രജ്ഞരുടെയും ദുരൂഹമരണങ്ങളിൽ മൊസ്സാദിനുള്ള പങ്ക് പിൽക്കാലത്ത് വെളിപ്പെട്ടിട്ടുണ്ട്. [11]റോബർട്ട് ക്രോളി എന്ന സിഐഎ ഏജന്റുമായി ഗ്രിഗറി ഡഗ്ലസ് എന്ന ജേർണലിസ്റ്റ് നടത്തിയ സംഭാഷണങ്ങൾ പിൽക്കാലത്ത് 'കോൺവെർസേഷൻസ് വിത്ത് ദി ക്രോ' എന്നപേരിൽ പുസ്തകമാവുകയുണ്ടായി. [12]അതിൽ ക്രോളി അവകാശപ്പെടുന്നത് ഹോമി ജെ ഭാഭയുടെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും ദുരൂഹമരണങ്ങളിൽ സിഐഎയ്ക്ക് പങ്കുണ്ടെന്നാണ്.[13] ഇതിനോടൊക്കെ ചേർത്തുവായിക്കുമ്പോൾ അറ്റോമിക് എനർജി കമ്മീഷന്റെ താക്കോൽ സ്ഥാനമലങ്കരിച്ചിരുന്ന വിക്രം സാരാഭായിയുടെ അകാലമരണവും തുടർന്ന് ഓട്ടോപ്സി- ഇൻക്വസ്റ്റ് നടപടിക്രമങ്ങൾ പാലിക്കാതെ പോയതിലുള്ള അസ്വാഭാവികതയും ഒക്കെ ചേർന്ന് അതിന് ഒരു ദുരൂഹഛായ പകരുന്നുണ്ട്.[14]
ഡോ. നമ്പി നാരായണനും സാരാഭായുടെ കീഴിലായിരുന്നു ഗവേഷണം നടത്തിയിരുന്നത്. നമ്പി നാരായണന്റെ 'റെഡി ടു ഫയർ: ഹൗ ഇന്ത്യാ ആൻഡ് ഐ സർവൈവ്ഡ് ISRO സ്പൈ കേസ്' എന്ന പുസ്തകത്തിൽ വിക്രം സാരാഭായുടെ പേരിൽ ഒരു അദ്ധ്യായം തന്നെയുണ്ട്. [15]ആ അദ്ധ്യായം നമ്പി നാരായണൻ അവസാനിപ്പിക്കുന്നതും ഈ ഒരു ദുരൂഹതയെപ്പറ്റി പരാമർശിച്ചുകൊണ്ടാണ്. പക്ഷേ, മേൽപ്പറഞ്ഞ കോൺസ്പിരസി തിയറികളൊക്കെയും അതിൽ അദ്ദേഹം നിഷേധിക്കുന്നു. " ആളുകൾ പലതും പറഞ്ഞിരുന്നു സാരാഭായുടെ മരണത്തിലെ ദുരൂഹതകളെപ്പറ്റി. അകാലത്തിലുള്ള അസ്വാഭാവികമായ ഒരു മരണത്തെപ്പറ്റി ആളുകൾ കഥകൾ പറഞ്ഞു പരത്തുന്നതിൽ അസ്വാഭാവികമായൊന്നുമില്ലെന്ന് ഞാൻ കരുതുന്നു. അമ്പത്തിരണ്ടുവയസ്സുവരെ ജീവിച്ചിരുന്ന, ഒരുപാട് നന്മകളുണ്ടായിരുന്ന, വിശേഷിച്ചൊരു തിന്മയും ആരാലും ആരോപിക്കപ്പെട്ടിട്ടില്ലാത്ത ഒരാൾ. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെ പട്ടുമെത്തയിൽ സുഖദമായ ഒരു നിദ്രയ്ക്ക് ശേഷം അങ്ങ് മരിച്ചുപോയിക്കാണും എന്ന് വിശ്വസിക്കാൻ ഞാൻ താത്പര്യപ്പെടുന്നു. [16] സാരാഭായി ജീവിതത്തിൽ ഒരിക്കലും മദ്യമോ സിഗരറ്റോ കൈകൊണ്ടുപോലും സ്പർശിച്ചിട്ടില്ല. എല്ലാ പാർട്ടികളിലും മുടങ്ങാതെ പങ്കെടുക്കുന്ന സാരാഭായുടെ കയ്യിൽ ഒരു ഗ്ലാസ്സുണ്ടാവുമെങ്കിലും ഒരു സിപ്പെടുക്കുന്നത് ഞാനിന്നുവരെ കണ്ടിട്ടില്ല. തന്റെ സൗഹൃദങ്ങൾ വളർത്താനുള്ള ഒരിടമായി മാത്രമാണ് അദ്ദേഹം പാർട്ടികളെ കണ്ടിരുന്നത്. തന്റെ ആരോഗ്യത്തിൽ ബദ്ധശ്രദ്ധനായിരുന്ന അദ്ദേഹം മുടങ്ങാതെ പ്രഭാത സവാരികൾക്ക് പോകുമായിരുന്നു. ഒടുവിൽ ഒരു പോസ്റ്റുമോർട്ടത്തിന്റെ ഒരു പാടുപോലും അവശേഷിപ്പിക്കാതെ മരിക്കാൻ ഭാഗ്യം സിദ്ധിച്ച അദ്ദേഹത്തിന്റെ മരണത്തിന്റെ കാരണം അജ്ഞാതമാണെങ്കിലും ദുരൂഹമാണെന്നു കരുതേണ്ടതില്ല.. " എന്നദ്ദേഹം പറഞ്ഞവസാനിപ്പിക്കുന്നു. [17]
പുരസ്കാരം[തിരുത്തുക]
1966-ൽ പത്മഭൂഷണും 1972-ൽ മരണാനന്തരബഹുമതിയായി പത്മവിഭൂഷണും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു
ശ്രദ്ധേയമായ വാചകം[തിരുത്തുക]
“‘‘ബഹളങ്ങൾക്കിടയിൽ സംഗീതം ശ്രവിക്കാൻ കഴിയുന്നവർക്കേ ഉന്നതമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയൂ’’. സാരാഭായിയുടെ പ്രസിദ്ധമായ വാചകമാണിത്.
- ↑ https://www.manoramaonline.com/education/expert-column/be-positive/2018/08/29/vikram-sarabhai.html
- ↑ https://www.manoramaonline.com/education/expert-column/be-positive/2018/08/29/vikram-sarabhai.html
- ↑ https://www.manoramaonline.com/education/expert-column/be-positive/2018/08/29/vikram-sarabhai.html
- ↑ https://www.madhyamam.com/velicham/students-corner/vikram-sarabhai-father-of-indian-space-programme-1061038
- ↑ https://www.madhyamam.com/velicham/students-corner/vikram-sarabhai-father-of-indian-space-programme-1061038
- ↑ https://www.madhyamam.com/velicham/students-corner/vikram-sarabhai-father-of-indian-space-programme-1061038
- ↑ https://www.madhyamam.com/velicham/students-corner/vikram-sarabhai-father-of-indian-space-programme-1061038
- ↑ https://www.asianetnews.com/magazine/vikram-sarabhais-death-is-the-secret-for-ever-plhcdl
- ↑ https://www.asianetnews.com/magazine/vikram-sarabhais-death-is-the-secret-for-ever-plhcdl
- ↑ https://www.asianetnews.com/magazine/vikram-sarabhais-death-is-the-secret-for-ever-plhcdl
- ↑ https://www.asianetnews.com/magazine/vikram-sarabhais-death-is-the-secret-for-ever-plhcdl
- ↑ https://www.asianetnews.com/magazine/vikram-sarabhais-death-is-the-secret-for-ever-plhcdl
- ↑ https://www.asianetnews.com/magazine/vikram-sarabhais-death-is-the-secret-for-ever-plhcdl
- ↑ https://www.asianetnews.com/magazine/vikram-sarabhais-death-is-the-secret-for-ever-plhcdl
- ↑ https://www.asianetnews.com/magazine/vikram-sarabhais-death-is-the-secret-for-ever-plhcdl
- ↑ https://www.asianetnews.com/magazine/vikram-sarabhais-death-is-the-secret-for-ever-plhcdl
- ↑ https://www.asianetnews.com/magazine/vikram-sarabhais-death-is-the-secret-for-ever-plhcdl
- Pages using infobox scientist with unknown parameters
- 1919-ൽ ജനിച്ചവർ
- 1971-ൽ മരിച്ചവർ
- ഓഗസ്റ്റ് 12-ന് ജനിച്ചവർ
- ഡിസംബർ 30-ന് മരിച്ചവർ
- ഇന്ത്യൻ ഭൗതികശാസ്ത്രജ്ഞർ
- പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ
- പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ
- ഗുജറാത്തിൽ നിന്നുള്ള വ്യക്തികൾ
- ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ ജീവനക്കാർ
- ഗുജറാത്തികൾ
- കേരളത്തിന്റെ മരുമക്കൾ