മൃദുല സാരാഭായ്
മൃദുല സാരാഭായ് | |
---|---|
ജനനം | |
മരണം | ഒക്ടോബർ 6, 1974 | (പ്രായം 63)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സ്വാതന്ത്ര്യസമരം, രാഷ്ട്രീയം |
ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു മൃദുല സാരാഭായ്(6 മേയ് 1911 - 26 ഒക്റ്റോബർ 1974).
ആദ്യകാല ജീവിതം
[തിരുത്തുക]വ്യവസായപ്രമുഖനായ അംബാലാൽ സാരാഭായിയുടെയും സരളാദേവിയുടേയും എട്ട് മക്കളിലൊരാളായി അഹമ്മദാബാദിലെ പ്രശസ്തമായ സാരാഭായ് കുടുംബത്തിൽ ജനിച്ചു. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെട്ട ശാസ്ത്രജ്ഞൻ വിക്രം സാരാഭായ് സഹോദരനായിരുന്നു. മൃദുലയുടെ സ്കൂൾ വിദ്യാഭ്യാസം വീട്ടിൽ തന്നെയായിരുന്നു. 1928-ൽ ഗുജറാത്ത് വിദ്യാപീഠിൽ കോളേജ് വിദ്യാഭ്യാസം ആരംഭിച്ചുവെങ്കിലും ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് അതവസാനിച്ചു. വിദേശോൽപ്പന്നങ്ങൾ ബഹിഷ്കരിക്കുവാനുള്ള ഗാന്ധിജിയുടെ ആഹ്വാനം മൃദുലയെ സ്വാധീനിച്ചു. ഇതേത്തുടർന്ന് വിദേശവിദ്യാഭ്യാസവും അവർ തിരസ്ക്കരിച്ചതായി പറയപ്പെടുന്നു.
ദേശീയപ്രസ്ഥാനത്തിൽ
[തിരുത്തുക]പത്താം വയസ്സിൽ തന്നെ കുട്ടികളുടെ ദേശീയ പ്രസ്ഥാനമെന്ന നിലക്ക് ഇന്ദിരാ ഗാന്ധി സംഘടിപ്പിച്ച വാനരസേനയിൽ അംഗമായിരുന്നു. 1927-ൽ രാജ്കോട്ടിൽ നടന്ന യൂത്ത് കോൺഫ്രൻസിന്റെ സംഘാടകയായിരുന്നു. ഉപ്പ് സത്യാഗ്രഹത്തിന്റെ സമയത്ത് അവർ കോൺഗ്രസ് സേവാദളിൽ ചേർന്നു. 1934-ൽ ഗുജറാത്തിൽ നിന്നുള്ള എ.ഐ.സി.സി ഡെലിഗേറ്റായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള വർഷങ്ങളിൽ മൃദുലയുടെ സ്വതന്ത്ര നിലപാടുകൾ പല നേതാക്കളേയും ചൊടിപ്പിച്ചു. പിന്നീട് പാർട്ടി നാമനിർദ്ദേശം ചെയ്യാൻ വിസമ്മതിച്ചപ്പോൾ സ്വതന്ത്രയായി മത്സരിക്കുകയും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. 1930-1944 കാലഘട്ടത്തിൽ നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. "മൃദുലയെ പോലെ 100 സ്ത്രീകളുണ്ടായിരുന്നുവെങ്കിൽ ഇന്ത്യയിൽ എനിക്കൊരു വിപ്ലവം നടത്താനാകുമായിരുന്നു" എന്ന് മഹാത്മാ ഗാന്ധി പറയുകയുണ്ടായി[1].
1946-ൽ ജവഹർലാൽ നെഹ്രു അവരെ കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിമാരിലൊരാളായും കോൺഗ്രസ് വർക്കിങ്ങ് കമ്മറ്റി അംഗമായും നിയമിച്ചു. നവ്‌ഖാലിയിലെ കലാപസമയത്ത് അവർ സ്ഥാനങ്ങൾ രാജിവക്കുകയും ഗാന്ധിജിയോടൊത്ത് കലാപഭൂമിയിൽ പ്രവർത്തിക്കുകയും ചെയ്തു. ഇന്ത്യാ-പാക് വിഭജനസമയത്ത് പഞ്ചാബിൽ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോൾ മൃദുല അവിടെയെത്തി സമാധാനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു[2]. ഈ ശ്രമങ്ങളെ ഇരു രാജ്യങ്ങളിലേയും നേതാക്കൾ പ്രശംസിക്കുകയുണ്ടായി.
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അവർ കോൺഗ്രസ്സുമായി അകന്നു. കാശ്മീർ ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ട് തന്റെ സുഹൃത്തായിരുന്ന ഷെയ്ഖ് അബ്ദുള്ളക്ക് വേണ്ടി അവർ ധനസമാഹരണം നടത്തുകയുണ്ടായി. ഈ കേസിൽ വിചാരണ കൂടാതെ കുറച്ചുകാലം അവർക്ക് തടവിൽ കഴിയേണ്ടിവന്നു[3].
മൃദുല സാരാഭായ്: റിബൽ വിത്ത് എ കോസ് എന്ന പേരിൽ അപർണ്ണ ബസു രചിച്ച ജീവചരിത്രം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ചു[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 മൃദുല സാരാഭായ്: റിബൽ വിത്ത് എ കോസ്, ഗൂഗ്ൾ ബുക്സ്
- ↑ റിബൽ വിത്ത് എ കോസ്
- ↑ [1] India, Pakistan and the secret jihad: the covert war in Kashmir, 1947-2004 By Praveen Swami