നീലം സഞ്ജീവ റെഡ്ഡി
നീലം സഞ്ജീവ റെഡ്ഢി | |
---|---|
ഇന്ത്യയുടെ 6-ആം രാഷ്ട്രപതി | |
ഓഫീസിൽ ജൂലൈ 25, 1977 – ജൂലൈ 25, 1982 | |
മുൻഗാമി | ഫക്രുദ്ദീൻ അലി അഹമ്മദ് |
പിൻഗാമി | ഗ്യാനി സെയിൽ സിംഗ് |
ആന്ധ്രപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി | |
ഓഫീസിൽ നവംബർ 1, 1956 – ജനുവരി 11, 1960 | |
പിൻഗാമി | ദാമോദരം സഞ്ജീവയ്യ |
ചേരിചേരാ പ്രസ്ഥാനത്തിന്റെ 8-ആം സെക്രട്ടറി ജനറൽ | |
ഓഫീസിൽ മാർച്ച് 7, 1983 – മാർച്ച് 12, 1983 | |
മുൻഗാമി | ഫിഡൽ കാസ്ട്രോ |
പിൻഗാമി | ഗ്യാനി സെയിൽ സിംഗ് |
നീലം സഞ്ജീവ റെഡ്ഡി (തെലുഗ്: నీలం సంజీవ రెడ్డి) (മേയ് 19, 1913 - ജൂൺ 1, 1996) സ്വതന്ത്ര ഇന്ത്യയുടെ ആറാമത് രാഷ്ട്രപതി ആയിരുന്നു. 1977 മുതൽ 1982 വരെയാണ് ഇദ്ദേഹം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്. ഐകകണ്ഠേന രാഷ്ട്രപതിയായ ഒരു വ്യക്തിയും കൂടിയാണ് റെഡ്ഡി.
രണ്ടുതവണ ലോക്‌സഭാ സ്പീക്കറായിരുന്നിട്ടുണ്ട്. 1967 മാർച്ച് 17 മുതൽ 1969 ജൂലൈ 19 വരെയായിരുന്നു ആദ്യഘട്ടം. പിന്നീട് 1977 മാർച്ച് 22 മുതൽ ജൂലൈ 13 വരെയും സ്പീക്കറായി സേവനമനുഷ്ഠിച്ചു.
ജീവിതരേഖ
[തിരുത്തുക]1913 മെയ് 19-നു ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് അനന്ത്പൂർ ജില്ലയിലെ ഇല്ലൂരിൽ ജനിച്ചു. മദ്രാസിലെ തിയോസൊഫിക്കൽ സൊസൈറ്റി നടത്തിയിരുന്ന ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അനന്ത്പൂരിലെ ഗവണ്മെന്റ് ആർട്സ് കോളേജിൽ ഉന്നതവിദ്യാഭ്യാസത്തിനായി ചേർന്നു. 1958-ൽ തിരുപ്പതിയിലെ ശ്രീവെങ്കടേശ്വര സർവ്വകലാശാല നിയമത്തിൽ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]ഗാന്ധിജിയുടെ 1929-ലെ അനന്ത്പൂർ സന്ദർശനം നീലം സഞ്ജീവ റെഡ്ഡിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഗാന്ധിജിയുടെ വാക്കുകളും പ്രവൃത്തികളും റെഡ്ഡിയെ ആഴത്തിൽ സ്വാധീനിച്ചു. വിദേശവസ്ത്രങ്ങൾ ത്യജിച്ച് ഖാദി വസ്ത്രങ്ങൾ ഉപയോഗിച്ചു തുടങ്ങി. പഠനമുപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങിയ റെഡ്ഡി 1931-ൽ കോൺഗ്രസ് പാർട്ടിൽ അംഗമായി. 1946-ൽ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമായി. മദ്രാസ് കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി സെക്രട്ടറിയായി. 1947-ൽ ഇന്ത്യൻ കോൺസ്റ്റിറ്റ്യുവന്റ് കമ്മിറ്റിയിൽ അംഗമായ ഇദ്ദേഹം വനം, ഭവനനിർമ്മാണം, എക്സൈസ് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി. 1956-ൽ ഐക്യ ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു.
1967ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം റെഡ്ഡി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. 1969ൽ ഇന്ദിരാ ഗാന്ധിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അദ്ദേഹം സ്പീക്കർ സ്ഥാനം രാജിവച്ചു. കോൺഗ്രസ് പാർട്ടി സംഘടനയെന്നും പുനഃസംഘടനയെന്നും രണ്ടായി പിളർന്നപ്പോൾ റെഡ്ഡി സംഘടനപക്ഷത്തായിരുന്നു. രാഷ്ട്രപതിയായിരുന്ന ഡോ. സാക്കിർ ഹുസൈന്റെ അപ്രതീക്ഷിതമരണത്തെത്തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ സംഘടനക്കാരുടെ സ്ഥാനാർത്ഥിയായി അദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേയ്ക്ക് മത്സരിച്ചെങ്കിലും എതിർസ്ഥാനാർത്ഥിയും മുൻ ഉപരാഷ്ട്രപതിയുമായ വി.വി. ഗിരിയോട് അദ്ദേഹം പരാജയപ്പെട്ടു. തുടർന്നും രാഷ്ട്രീയത്തിൽ സജീവമായി നിന്ന അദ്ദേഹം 1975ൽ ജനതാ പാർട്ടിയിൽ അംഗമായി. 1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനതാ പാർട്ടി വൻ ഭൂരിപക്ഷം നേടിയപ്പോൾ റെഡ്ഡി വീണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. അതിനിടയിൽ തിരഞ്ഞെടുപ്പിനുമുമ്പ് അപ്രതീക്ഷിതമായി അന്തരിച്ച രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ഒഴിവിൽ രാഷ്ട്രപതിസ്ഥാനത്തേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തരത്തിൽ അധികാരത്തിലേറിയ ഏക രാഷ്ട്രപതിയാണ് അദ്ദേഹം. 64ആം വയസ്സിൽ ഈ സ്ഥാനത്തെത്തിയ അദ്ദേഹം തന്നെയാണ് ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ പദവിയിലെത്തിയതും. അഞ്ചുവർഷം അധികാരത്തിൽ തുടർന്ന അദ്ദേഹം 1982ൽ സ്ഥാനമൊഴിഞ്ഞു. 1996 ജൂൺ 1-ന് തന്റെ 83ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
പ്രത്യേകതകൾ
[തിരുത്തുക]- ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ രാഷ്ട്രപതി.
- എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി.
- സംസ്ഥാന മുഖ്യമന്ത്രി(ആന്ധ്രാപ്രദേശ്), കേന്ദ്രമന്ത്രി, ലോക്സഭാ സ്പീക്കർ, രാഷ്ട്രപതി എന്നീ സ്ഥാനങ്ങൾ വഹിച്ച ഏക വ്യക്തി.
- ഒരുതവണ പരാജയപ്പെട്ടശേഷം പിന്നീട് രാഷ്ട്രപതിയായ വ്യക്തി.
- ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി.
Without Fear or Favour:Reminiscences and Reflections of a president എന്ന പുസ്തകം രചിച്ചു
ഇതും കാണുക
[തിരുത്തുക]
- ലോക്സഭാ സ്പീക്കർമാർ
- 1913-ൽ ജനിച്ചവർ
- 1996-ൽ മരിച്ചവർ
- മേയ് 19-ന് ജനിച്ചവർ
- ജൂൺ 1-ന് മരിച്ചവർ
- ഇന്ത്യയുടെ രാഷ്ട്രപതിമാർ
- നാലാം ലോക്സഭയിലെ അംഗങ്ങൾ
- ആറാം ലോക്സഭയിലെ അംഗങ്ങൾ
- ആന്ധ്രാപ്രദേശിലെ മുഖ്യമന്ത്രിമാർ
- അനന്ത്പൂർ ജില്ലയിൽ നിന്നുള്ള വ്യക്തികൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റുമാർ
- തെലുഗു ജനത
- ആന്ധ്രാപ്രദേശിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ
- ഇന്ത്യയിലെ കേന്ദ്രമന്ത്രിന്മാർ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകർ
- കേന്ദ്രമന്ത്രിമാർ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ
- ഭരണഘടനാ നിർമ്മാണസഭയിലെ അംഗങ്ങൾ
- അപൂർണ്ണ ജീവചരിത്രങ്ങൾ