ജി.എം.സി. ബാലയോഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജി.എം.സി. ബാലയോഗി
GMC Balayogi.jpg
ജി.എം.സി. ബാലയോഗി
ലോക്‌സഭ സ്പീക്കർ
മുൻഗാമിപി.എ. സാംഗ്മ
പിൻഗാമിമനോഹർ ജോഷി
മണ്ഡലംമുമ്മിഡിവാരം

ഒരു അഭിഭാഷകനും പ്രമുഖ രാഷ്ട്രീയ നേതാവുമായിരുന്നു ഗന്തി മോഹന ചന്ദ്ര ബാലയോഗി എന്ന ജി.എം.സി ബാലയോഗി (1945 ഒക്ടോബർ 1 - 2002 മാർച്ച് 3). തെലുഗുദേശം പാർട്ടി അംഗമായിരുന്ന ബാലയോഗി രണ്ടു വട്ടം ലോക്‌സഭ സ്പീക്കർ പദവി വഹിച്ചിട്ടുണ്ട്. ദളിത് വിഭാഗത്തിൽ നിന്നും അതുപോലെ തന്നെ, പ്രാദേശിക രാഷ്ട്രീയ കക്ഷികളിൽ നിന്നും ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വ്യക്തിയാണ് അദ്ദേഹം.[1]

ജീവിതരേഖ[തിരുത്തുക]

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുൾപ്പെട്ട യെദുരുലംക ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ ഗണിയയുടെയും സത്യമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമനായി 1945 ഒക്ടോബർ 1-ന് ബാലയോഗി ജനിച്ചു. സ്വന്തം ഗ്രാമത്തിൽ അന്ന് വിദ്യാലയങ്ങളൊന്നും തന്നെയില്ലാതിരുന്നതിനാൽ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് തന്നെ മറ്റൊരു ഗ്രാമത്തിലെ സ്കൂളിനെ ആശ്രയിക്കേണ്ടി വന്നുവെങ്കിലും ബിരുദാനന്തര ബിരുദവും നിയമബിരുദവും നേടിയാണ് ബാലയോഗി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

1980-ൽ കാക്കിനഡയിലെ ബാറിൽ നിയമ പരിശീലനം ആരംഭിച്ച ബാലയോഗി 1985-ൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയി നിയമിതനായി. പക്ഷേ അദ്ദേഹം ആ ഉദ്യോഗം രാജിവെച്ച് വീണ്ടും നിയമ പരിശീലനം തുടർന്നു. 1982-ൽ എൻ.ടി.ആർ തെലുഗുദേശം പാർട്ടി സ്ഥാപിച്ചപ്പോൾ ആന്ധ്രയിലെ ഒട്ടനേകം ചെറുപ്പക്കാരെപ്പോലെ അദ്ദേഹത്തിന്റെ പ്രഭാവത്തിൽ ആകൃഷ്ടനായ ബാലയോഗിയും ടി.ഡി.പി-യിൽ അംഗമായി ചേർന്നു. പെട്ടെന്നു തന്നെ അംഗീകാരങ്ങൾ ബാലയോഗിയെ തേടിയെത്തി. 1986-ൽ കാക്കിനഡയിലെ സഹകരണ നഗര ബാങ്കിന്റെ സഹാധ്യക്ഷ സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു. 1987-ൽ ഈസ്റ്റ് ഗോദാവരി ജില്ല പ്രജാ പരിഷത്തിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1991 വരെ ആ പദവിയിൽ തുടർന്നു.

1991-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടു കൂടിയാണ് ബാലയോഗിയുടെ പാർലമെന്ററി ജീവിതം ആരംഭിക്കുന്നത്. അമലാപുരം നിയോജക മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹം വിജയിച്ച് പത്താം ലോക്‌സഭയിലെ അംഗങ്ങളിലൊരാളായി. 1996-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും നിരാശനാകാതെ തന്റെ രാഷ്ട്രീയ പ്രവർത്തനം തുടർന്ന അദ്ദേഹം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മുമ്മിഡിവാരം മണ്ഡലത്തിൽ നിന്നും വിജയിച്ച് സംസ്ഥാന നിയമസഭയിലെത്തുകയും തുടർന്ന് ഉന്നത വിദ്യാഭ്യാസകാര്യ വകുപ്പിന്റെ മന്ത്രിയാവുകയും ചെയ്തു.

1998-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമലാപുരം നിയോജക മണ്ഡലത്തിൽ തന്നെ മത്സരിച്ച ബാലയോഗി ഇത്തവണ 90,000-ത്തിൽ അധികം വോട്ടുകൾക്ക് വിജയിച്ചു. സ്വന്തം പാർട്ടിയായ ടി.ഡി.പി പുറത്തു നിന്ന് പിന്തുണ നൽകുന്ന മന്ത്രിസഭയിൽ ഭരണസഖ്യത്തിന്റെ സ്ഥാനാർഥിയായി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ച് അദ്ദേഹം 1998 മാർച്ച് 24-ന് ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഭരണ-പ്രതിപക്ഷങ്ങൾക്ക് ഏകദേശം തുല്യ അംഗബലം ഉണ്ടായിരുന്ന വളരെ സങ്കീർണമായ രാഷ്ട്രീയ സ്ഥിതിവിശേഷമുണ്ടായിരുന്ന ആ ലോക്‌സഭയുടെ സ്പീക്കർ പദവി അതുവരെ ആ സ്ഥാനം അലങ്കരിച്ചിരുന്നവരിൽ വെച്ച് ഏറ്റവും ചെറുപ്പമായിരുന്ന ബാലയോഗി പ്രശംസനീയമാം വിധം കൈകാര്യം ചെയ്തു. കക്ഷിവ്യത്യാസങ്ങൾക്കപ്പുറമായി നേടിയെടുത്ത പ്രിയങ്കരതയും അംഗീകാരവും 1999-ലെ പൊതു തെരഞ്ഞെടുപ്പിനെ തുടർന്ന് രൂപീകരിക്കപ്പെട്ട പതിമൂന്നാം ലോക്‌സഭയുടെ സ്പീക്കർ പദവിയിലേക്ക് അദ്ദേഹത്തെ ഐക്യകണ്ഠേനെ തെരഞ്ഞെടുക്കുവാൻ കാരണമായി. സ്പീക്കർ പദവിക്ക് പുറമേ പല സമിതികളുടെയും ചെയർമാൻ സ്ഥാനം വഹിക്കുകയും വിദേശ രാജ്യങ്ങളിലേക്കുള്ള പാർലമെന്ററി സംഘങ്ങളെ നയിക്കുകയും ചെയ്തിട്ടുണ്ട്.

പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കുമ്പോൾ 2002 മാർച്ച് 3-ന് ആന്ധ്രാപ്രദേശിലെ വടക്കൻ ഗോദാവരി ജില്ലയിലെ കൈകലൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം മരണമടഞ്ഞു.

ഭാര്യ വിജയകുമാരിയും, മൂന്നു പെൺമക്കളും ഒരു മകനും അടങ്ങുന്നതായിരുന്നു ജി.എം.സി. ബാലയോഗിയുടെ കുടുംബം . അദ്ദേഹത്തിന്റെ മരണ ശേഷം അമലാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കാൻ പാർട്ടി നിയോഗിച്ചത് വിജയകുമാരിയെ തന്നെയായിരുന്നു.

അവലംബം[തിരുത്തുക]

  1. http://speakerloksabha.nic.in/former/baalyogi.asp
"https://ml.wikipedia.org/w/index.php?title=ജി.എം.സി._ബാലയോഗി&oldid=2784480" എന്ന താളിൽനിന്ന് ശേഖരിച്ചത്