Jump to content

വിക്കിപീഡിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപ്പീഡിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിക്കിപീഡിയ
Screenshot
വിക്കിപീഡിയയുടെ ബഹുഭാഷാ കവാടത്തിൽ പദ്ധതിയുടെ വിവിധ ഭാഷയിലുള്ള പതിപ്പുകൾ കാണിച്ചിരിക്കുന്നു.
വിക്കിപീഡിയയുടെ ബഹുഭാഷാ കവാടത്തിന്റെ സ്ക്രീൻ ഷോട്ട്.
യു.ആർ.എൽ.www.wikipedia.org
മുദ്രാവാക്യംആർക്കും തിരുത്തിയെഴുതാവുന്ന സ്വതന്ത്ര വിജ്ഞാനകോശം. (ഇംഗ്ലീഷ്: The free encyclopedia that anyone can edit).
വാണിജ്യപരം?അല്ല
സൈറ്റുതരംഓൺലൈൻ വിജ്ഞാനകോശം
രജിസ്ട്രേഷൻഐച്ഛികം
ലഭ്യമായ ഭാഷകൾ292 സജീവ പതിപ്പുകൾ (മൊത്തം:253)[1]
ഉടമസ്ഥതവിക്കിമീഡിയ ഫൗണ്ടേഷൻ
നിർമ്മിച്ചത്ജിമ്മി വെയിൽ‌സ്, ലാറി സാങർ[2]
തുടങ്ങിയ തീയതിജനുവരി 15, 2001; 23 വർഷങ്ങൾക്ക് മുമ്പ് (2001-01-15)
അലക്സ റാങ്ക്6 (July 2012—ലെ കണക്കുപ്രകാരം)[3]
നിജസ്ഥിതിനിത്യവും പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുന്നു[4]

എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂർണവുമായ വിജ്ഞാനകോശം നിർമ്മിക്കുവാനുള്ള ഒരു കൂട്ടായ സംരംഭമാണ് വിക്കിപീഡിയ (ഇംഗ്ലീഷ്: Wikipedia). ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷന്റെ പിന്തുണയോടെയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. വിക്കിപീഡിയയുടെ ഉള്ളടക്കം ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ലഭ്യമായതിനാൽ എപ്പോഴും സ്വതന്ത്രവും സൗജന്യവും ആയിരിക്കും. എങ്കിലും ചില പതിപ്പുകളിൽ സ്വതന്ത്രമല്ലാത്ത ഉള്ളടക്കവും നിലവിലുണ്ട്. വിക്കിപീഡിയ എന്ന പേര്, വിക്കി, എൻസൈക്ലോപീഡിയ എന്നീ പദങ്ങളുടെ ഒരു മിശ്രശബ്ദമാണ്.

ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്ന സന്നദ്ധ സേവന തൽപരരായ ഉപയോക്താക്കൾ സഹകരണത്തോടെ പ്രവർത്തിച്ചാണ് വിക്കിപീഡിയയിൽ ലേഖനങ്ങൾ എഴുതുന്നത്‌. ലേഖനം എഴുതുവാനും മിക്കവാറും എല്ലാ ലേഖനങ്ങളും തിരുത്തി എഴുതുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും വിക്കിപീഡിയ അനുവദിക്കുന്നുണ്ട്.

ജിമ്മി വെയിൽ‌സ്, ലാറി സാങർ എന്നിവർ 2001 ജനുവരി 15 നാണ്‌ വിക്കിപീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്‌. വിദഗ്ദന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ്‌ വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായാണ്‌ വിക്കിപീഡിയ ആരംഭിച്ചത്‌. ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെക്കാൾ പ്രശസ്തി കൈവരിക്കാൻ വിക്കിപീഡിയയ്ക്ക് സാധിച്ചു. ഇന്ന് ഇന്റർനെറ്റിൽ ഏറ്റവും പ്രശസ്തമായ പൊതു-അവലംബ ഉദ്യമമായി വിക്കിപീഡിയ കണക്കാക്കപ്പെടുന്നു.വിക്കിസോഫ്‌റ്റ്‌വെയർ എന്ന സംവിധാനമാണ്‌ ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം.

321 ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. 2022 ഡിസംബർ മാസത്തെ കണക്കനുസരിച്ച് 65 ലക്ഷത്തിൽ അധികം ലേഖനങ്ങളുള്ള ഇംഗ്ലീഷ്‌ പതിപ്പാണ്‌ (http://en.wikipedia.org) ഈ സംരംഭത്തിന്റെ പതാകവാഹക. മലയാളമടക്കം 20 ഇന്ത്യൻഭാഷകളിലും വിക്കിപീഡിയ പ്രവർത്തിക്കുന്നു.

വിക്കിപീഡിയ എന്ന വിശ്വവിജ്ഞാനകോശം

[തിരുത്തുക]
ജിമ്മി വെയ്ൽസ്

ആർക്കും എഴുതാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പ്രണേതാവായ റിച്ചാർഡ് സ്റ്റാൾമാൻ 1999-ൽ മുന്നോട്ടു വച്ചിരുന്നു.[5][6] ആ ആശയത്തിനെ പ്രാവർത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്സിന്റെ ഇന്റർപീഡിയ ആയിരുന്നു.[7][8] എങ്കിലും അത്‌ പ്ലാനിങ് ഘട്ടം കഴിഞ്ഞ് അധികം മുന്നോട്ടുപോയില്ല.

അതത് വിഷയങ്ങളിലെ പ്രമുഖരുടെ ലേഖനങ്ങൾക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ന്യൂപീഡിയ ആയിരുന്നു അടുത്തത്‌. ജിമ്മി വെയിൽ‌സും സഹായി ലാരി സാങറും ആയിരുന്നു അതിന്റെ ശിൽപ്പികൾ.[9][10] ലേഖനങ്ങളുടെ ഗുണമേന്മയ്ക്കു കൊടുത്തിരുന്ന അമിതപ്രാധാന്യമാവാം, അതിന്റെ വളർച്ച മെല്ലെയായിരുന്നു. അതുകൊണ്ട്‌, ന്യൂപീഡിയയെ സഹായിക്കാനായി പൊതുജനങ്ങൾക്കെല്ലാം ഒരു പോലെ എഡിറ്റ് ചെയ്യാനാവുന്ന വിക്കിപീഡിയ എന്ന സംരംഭം ജിമ്മി വെയിൽ‌സും സഹായി ലാരി സാങറും ചേർന്ന് ആരംഭിച്ചു.

വിദഗ്ദ്ധന്മാർ ലേഖനങ്ങളെഴുതിയ നൂപീഡിയ എന്ന വെബ് വിജ്ഞാനകോശത്തിന്റെ പൂരകസംവിധാനമായി ആരംഭിച്ച വിക്കിപീഡിയ ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്സൈറ്റിനെയും കടത്തി വെട്ടി കാലാന്തരത്തിൽ തനതുവ്യക്തിത്വമുള്ള ഏറ്റവും വലിയ സ്വതന്ത്രവിജ്ഞാനകോശമായി മാറി.[അവലംബം ആവശ്യമാണ്]

അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ഒരു സ്വതന്ത്ര ഓൺ‌ലൈൻ വിജ്ഞാനകോശമാണ് വിക്കിപീഡിയ. വിക്കിപീഡിയയാണ് ഇന്നുള്ള ഏറ്റവും വലിയ വിക്കി.[11][12] 2001 ജനുവരി 15-നാണ് വിക്കിപീഡിയ പ്രൊജക്റ്റിനു തുടക്കംകുറിച്ചത്. ലക്ഷക്കണക്കിന് ഉപയോക്താക്കൾ തന്നെയാണ് ലാഭേച്ഛയില്ലാതെ വിക്കിപീഡിയയിലെ ലേഖനങ്ങൾ എഴുതുന്നത്. വിക്കിപീഡിയ വെബ് പേജില് ലേഖനങ്ങളെഴുതാനും അവ തിരുത്തുവാനും ഏവർക്കും സ്വാതന്ത്ര്യവും സൗകര്യവും നല്കുന്ന വിക്കിസോഫ്റ്റ് വെയർ ആണ് ഈ സ്വതന്ത്രവിജ്ഞാനകോശത്തിന്റെ അടിസ്ഥാനം. വളരെയധികം ഉപയോക്താക്കൾ തുടർച്ചയായി വിക്കിപീഡിയ മെച്ചപ്പെടുത്തുന്നുണ്ട്. ആയിരക്കണക്കിനു മാറ്റങ്ങൾ ഒരോ മണിക്കൂറിലും അവർ‍ നടത്തുന്നുമുണ്ട്. ഈ മാറ്റങ്ങൾ എല്ലാംതന്നെ വിക്കിപീഡിയ സൂക്ഷിച്ച് വെക്കുന്നുണ്ട്. അനാവശ്യ മാറ്റങ്ങൾ വളരെ പെട്ടെന്നു തന്നെ സാധാരണയായി ഒഴിവാക്കാറുണ്ട്. അതുപോലെ തുടർച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ മാറ്റങ്ങൾ വരുത്തുന്നതിൽ നിന്നും തടയാറുണ്ട്.

നിലവിൽ 321 ഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്. മൃതമായി കൊണ്ടിരുന്ന പല ഭാഷകളും ലിപികളും വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിലൂടെ പുനർജീവിച്ചു കൊണ്ടിരിക്കുന്നു.[13] അറുപത്തിമൂന്ന് ലക്ഷത്തിനടുത്ത് ലേഖനങ്ങളുള്ള വിക്കിപീഡിയയുടെ ഇംഗ്ലീഷ് പതിപ്പാണ് ഈ സംരംഭത്തിന്റെ പതാകവാഹക‍. തുടങ്ങിയ ആദ്യവർഷത്തിൽ തന്നെ ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. ഒരു ദിവസം 6 ലക്ഷത്തിൽ കൂടുതൽ ആളുകൾ ഇംഗ്ലീഷ് വിക്കിപീഡിയ റഫർ ചെയ്യുന്നു. മലയാളമടക്കം 21 ഇന്ത്യൻഭാഷകളിലും വിക്കിപീഡിയ പ്രവർത്തിക്കുന്നു. മലയാളം വിക്കിപീഡിയയിൽ നിലവിൽ 86,245 ഓളം ലേഖനങ്ങൾ ഉണ്ട്.

വിക്കിപീഡിയയിലെ ഉള്ളടക്കം ഗ്നു (GNU) Free Documentation License-നാൽ നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. അതിനാൽ വിക്കിപീഡിയയിലെ ഉള്ളടക്കം എല്ലാക്കാലവും സ്വതന്ത്രവും സൗജന്യവും ആയിരിക്കും. ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന സ്ഥാപനമാണ് ഇപ്പോൾ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്.

വിക്കിപീഡിയ എന്തൊക്കെയാണ് /എന്തൊക്കെയല്ല

[തിരുത്തുക]

വിക്കിപീഡിയ ഒരു ഓൺ‌ലൈൻ വിജ്ഞാനകോശമാണ്. അറിവു പങ്കു വെയ്കാനും, ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുകയും, പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് വിക്കിപീഡിയയുടെ ശക്തി. അതുകൊണ്ടൊക്കെ തന്നെ വിക്കിപീഡിയ ചിലമേഖലകളെ പ്രതിനിധാനം ചെയ്യുന്നില്ല.

  1. വിക്കിപീഡിയ കടലാസ് വിജ്ഞാനകോശമല്ല. അതു കൊണ്ടു തന്നെ ഒരു കടലാസ് വിജ്ഞാനകോശം പോലെ ഇതിനു പതിപ്പുകളോ ഒന്നുമില്ല.
  2. ഓൺലൈൻ വിജ്ഞാനകോശം ആയതുകൊണ്ട് തന്നെ വിക്കിപീഡിയയിൽ വിഷയങ്ങളുടെ എണ്ണത്തിൽ ഒരിക്കലും അവസാനം ഉണ്ടാവാൻ പാടില്ല. ഒരു ലേഖനത്തിന്റെ വലിപ്പം വളരെയധികം ആവുകയാണെങ്കിൽ ആ ലേഖനം വിഷയാധിഷ്ഠിതമായി വിഭജിക്കേണ്ടിവരും. ഒരു ലേഖനം കാരണങ്ങളില്ലാതെ വിഭജിക്കാമെന്ന് ഇതുകൊണ്ട് അർത്ഥമാക്കേണ്ടതില്ല.
  3. വിവരങ്ങൾ ആയി എന്നതുകൊണ്ടുമാത്രം വിക്കിപീഡിയ ചില കാര്യങ്ങൾ പ്രസിദ്ധീകരിക്കില്ല. 100% ശരിയായ കാര്യങ്ങൾ എന്നതിലുപരി വിജ്ഞാനകോശസ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്കനുയോജ്യം.
  4. വിക്കിപീഡിയ ചിലപ്പോൾ ചില വായനക്കാർക്ക് ആക്ഷേപകരമോ വ്രണപ്പെടുത്തുന്നതോ ആയ കാര്യങ്ങൾ ഉൾക്കൊള്ളാനിടയുണ്ട്. വിക്കിപീഡിയ ആർക്കുവേണമെങ്കിലും തിരുത്തുവാൻ പാകത്തിൽ സ്വതന്ത്രമായതുകൊണ്ട് ഒരു ലേഖനത്തിന്റെയും ഉള്ളടക്കത്തെ കുറിച്ച് ഉറപ്പു പറയാൻ വിക്കിപീഡിയക്കാവില്ല.
  5. വിക്കിപീഡിയ സ്വതന്ത്രവും ഏവർക്കുമായി തുറന്നിട്ടിട്ടുള്ളതുമാണ്. എന്നാൽ അതിന്റെ ഘടന സ്വതന്ത്രവും സരളവുമായ വിജ്ഞാനകോശം എന്ന നിലയിലുള്ളതാണ്.
  6. വിക്കിപീഡിയയിലെ വിവരങ്ങൾ ഗ്നു ഫ്രീ ഡോക്യുമെന്റേഷൻ അനുമതി അനുസരിച്ച് എവിടേയും സ്വതന്ത്രമായി ഉപയോഗിക്കാം. വിവരങ്ങൾ ആർക്കും സ്വന്തമല്ല എന്ന ആശയത്തിലാണ് വിക്കിപീഡിയ പടുത്തുയർത്തിയിരിക്കുന്നതു തന്നെ. വിക്കിപീഡിയയിൽ വിവരങ്ങൾ ആയുള്ള എന്തു തന്നെയും ചേർക്കാം. അതുകൊണ്ട് വിക്കിപീഡിയയിലെ വിവരങ്ങൾക്ക് പരിധിയില്ല.
  7. അതുപോലെ തന്നെ ഒരു ലേഖനം അനേകർ തിരുത്തുന്നതുമൂലം ഗുണനിലവാ‍രത്തിൽ ഉറപ്പു പറയാൻ വിക്കിപീഡിയക്കാവില്ല. ലേഖനം നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കാറുണ്ടെങ്കിലും അത് വളരെ പെട്ടെന്നു തന്നെ ശരിയാക്കാറുമുണ്ട്.
  8. വിക്കിപീഡിയയിൽ തിരുത്തുന്നതുമൂലം ലേഖകർക്ക് അവരുടെ അറിവു വർദ്ധിക്കും എന്നതൊഴിച്ച് വേറെ എന്തെങ്കിലും ഗുണമുണ്ടാകാനിടയില്ല. ബ്ലോഗുകളെ പോലെയോ, പത്രങ്ങളിൽ ലേഖനമെഴുതുന്നതു പോലെയോ വിക്കിപീഡിയയിൽ ലേഖനമെഴുതാറില്ല.

വിക്കിപീഡിയയിലെ തെളിവ് ചോദിക്കലും റെഫറൻ‌സുകൾ ചേർക്കലും

[തിരുത്തുക]

സ്വന്തം കണ്ടെത്തലുകളും കാഴ്ചപ്പാടുകളും മാറ്റിനിർത്തി ലേഖനങ്ങളെഴുതുക എന്നതാണ് വിക്കിപീഡിയയുടെ ശൈലിയും കീഴ്‌വഴക്കവും. അതായത് എഴുതപ്പെടുന്ന കാര്യങ്ങൾക്ക് വ്യക്തമായ തെളിവുകളുണ്ടാകണം. പത്രമാസികകളും ഇതര പ്രസിദ്ധീകരണങ്ങളും ഉദ്ധരിച്ചാണ് മിക്കവാറും വിക്കിപീഡിയയിലെ ലേഖനങ്ങൾ എഴുതപ്പെടുന്നത്. വിശ്വാസയോഗ്യമായ രേഖകൾ പരിശോധിച്ച് ലേഖനങ്ങളെഴുതുക എന്നതു തുടക്കത്തിൽ ശ്രമകരമായിത്തോന്നാം. എന്നാൽ വിക്കിപീഡിയയിലെ സജീവ പ്രവർത്തനത്തിലൂടെ ഇക്കാര്യത്തിലും പരിചയം നേടിയെടുക്കാവുന്നതേയുള്ളൂ. എഴുതുന്ന കാര്യങ്ങൾക്കെല്ലാം തെളിവുകൾ വേണം എന്നതുകൊണ്ട് എല്ലാവരികൾക്കും ഉറവിടം ചേർത്തുകൊള്ളണം എന്നില്ല. സാർവത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങൾക്കോ മറ്റുള്ളവർക്ക് അധികം സംശയമില്ലാത്ത കാര്യങ്ങൾക്കോ ഇപ്രകാരം റഫറൻസുകൾ ചേർക്കണം എന്നു നിർബന്ധമില്ല.

ഒട്ടുമിക്ക ലേഖനങ്ങളിലും പ്രധാന റഫറൻസ് ദിനപത്രങ്ങളാണ്. അതായത് ഏതെങ്കിലും വിഷയത്തെപ്പറ്റി ലേഖനമെഴുതാനുദ്ദേശിക്കുന്ന വിക്കിപീഡിയൻ അതുമായി ബന്ധപ്പെട്ട പത്രവാർത്തകളും ലേഖനങ്ങളും സേർച്ച് ചെയ്തെടുക്കുന്നു.

കേരളത്തിനുള്ളിൽ നിന്നും പ്രവർത്തിക്കുന്ന വിക്കിപീഡിയർ ഏറെയുണ്ടാകുന്നതുകൊണ്ടുള്ള മറ്റൊരു സുപ്രധാനനേട്ടവും ഈ റഫറൻസുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരള ചരിത്രത്തെപ്പറ്റിയും സംസ്കാരത്തെപ്പറ്റിയുമൊക്കെയുള്ള ഗ്രന്ഥങ്ങളും ലേഖനങ്ങളും എളുപ്പത്തിൽ കണ്ടെത്താം എന്നതിനാൽ കേരളത്തിലുള്ളവർക്ക് ആധികാരിക രേഖകൾ അടിസ്ഥാനമാക്കി ലേഖനങ്ങളെഴുതുക കൂടുതൽ സൗകര്യപ്രദമാണ്. മലയാളം വിക്കിപീഡിയ കേരളത്തിനുള്ളിൽ നിന്നും കൂടുതൽ പ്രവർത്തകരെ സ്വാഗതം ചെയ്യുന്നതും ഇക്കാരണം കൊണ്ടാണ്.

വിക്കിപീഡിയയിലെ ലേഖനങ്ങളുടെ സ്വഭാവം

[തിരുത്തുക]

വിക്കിപീഡിയയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. അതായത്‌ ഒരു ലേഖനത്തിനു പിന്നിൽ പ്രവർത്തിച്ചവർ പലരുണ്ടാവും.അവരുടെ കാഴ്ചപ്പാടുകളും വ്യത്യസ്തമാവും. അതുകൊണ്ടുതന്നെ, എല്ലാവർക്കും ഒരു പോലെ യോജിക്കാനാവുന്ന ഒരു മധ്യമാ‍ർഗത്തിനേ വിക്കിയിലെ ലേഖനങ്ങളിൽ നിലനിൽപ്പുണ്ടാവൂ. അതായത്‌ വിക്കി വളരെ സ്വാഭാവികമായി തന്നെ നിഷ്പക്ഷത ഉറപ്പാക്കുന്നു. കാശ്മീർ, സിന്ധൂനദീതടസംസ്കാരം, ഇസ്രായേൽ-പാലസ്തീൻ എന്നിങ്ങനെയുള്ള ഏറ്റവും കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളിൽ പോലും ഏറ്റവും നിഷ്പക്ഷമായ സമീപനത്തിന് പേരുകേട്ടതാണ് വിക്കിപീഡിയ. വിക്കിപീഡിയയിലെ വിവരണം മാത്രമേ ഏതു പ്രശ്നത്തിന്റേയും രണ്ടു വശങ്ങളും ഒരുപോലെ വിവരിക്കുന്നുള്ളൂ എന്നു വിശ്വസിക്കുന്നവരിപ്പോൾ ഏറി വരികയാണ്. ഇങ്ങനെ അനേകം പേരുടെ കൂട്ടായ്മയിൽ നിന്നാണ് ഓരോ ലേഖനങ്ങളുടേയും ആധികാരികത ഉറപ്പാക്കപ്പെടുന്നത്‌. മറ്റൊരു രീതിയിൽ പറഞ്ഞാൽ തെറ്റെഴുതിയാൽ തിരുത്താനും ആളുണ്ടെന്നർഥം.

എല്ലാ ലേഖകരും, എല്ലാ വിവരസ്രോതസ്സുകളും വസ്തുതകളോട് പക്ഷപാതിത്വം ഉള്ളവരായിരിക്കും അതുകൊണ്ടുതന്നെ വലിയൊരു ലേഖകസംഘം തങ്ങളുടെ കാഴ്ചപ്പാടുകൾ സ്രോതസ്സുകളുടെ പിൻബലത്തോടെ ഒരു ലേഖനത്തിൽ അവതരിപ്പിക്കുമ്പോൾ ലേഖനത്തിന് സ്വതന്ത്രമായ ഒരു നിഷ്പക്ഷത ലഭിക്കേണ്ടതാണ്. ഇത്തരത്തിൽ ചേരുന്നതും ചേരാത്തതുമായ വിവിധ കാഴ്ചപ്പാടുകളെ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിനെ സന്തുലിതമായ കാഴ്ചപ്പാട് എന്നാണ് വിക്കിപീഡിയ സ്വയം വിളിക്കുന്നത്. ഇനി ഒരാൾക്ക് തന്റെ കാഴ്ചപ്പാട് വിക്കിപീഡിയയിൽ ഇല്ല എന്നു തോന്നിയെന്നിരിക്കട്ടെ, അയാൾക്ക് അത് സ്വയം സ്രോതസ്സിന്റെ പിൻബലത്തോടെ വിക്കിപീഡിയയിൽ ചേർക്കാവുന്നതാണ്. ചിലർക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ മറ്റു ചിലർക്ക് അത് ചീത്തയായി അനുഭവപ്പെട്ടേക്കാം, അതുകൊണ്ട് വിവരങ്ങളെ വസ്തുതകൾ ആക്കി ചേർക്കാനാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ജോർജ്ജ്. ഡബ്ല്യു. ബുഷ്. നല്ലവനാണോ ചീത്തയാണോ എന്ന് വിക്കിപീഡിയയിൽ നിന്ന് അറിയാൻ കഴിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ജനനം മുതലുള്ള എല്ലാ പ്രധാന കാര്യങ്ങളും വിക്കിപീഡിയയിൽ ഉണ്ടാവും. നിരൂപണങ്ങൾ വിക്കിപീഡിയയിൽ ഉണ്ടാവില്ലെന്നർത്ഥം.

തിരഞ്ഞെടുത്ത ലേഖനങ്ങൾ

[തിരുത്തുക]

വിക്കിപീഡിയയുടെ വെബ് വിലാസത്തിന്റെ ആദ്യതാളിൽ വരാനുള്ള ലേഖനങ്ങളാണ് തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഒരു വായനക്കാരന്റെ ശ്രദ്ധയിൽ ആദ്യം പെടുന്ന ലേഖനം ആയതുകൊണ്ട് ഈ ലേഖനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാൻ വിക്കിപീഡിയയിലെ ലേഖകർ പ്രത്യേകം ശ്രദ്ധപുലർത്തുന്നു.

എല്ലാ മാസവും തിരഞ്ഞെടുത്ത ലേഖനം ആകുവാൻ സമർപ്പിക്കപ്പെടുന്ന പല ലേഖനങ്ങൾ ഉണ്ടാവാം. ഇതിൽ നിന്ന് ജനാധിപത്യ പ്രക്രിയയിലൂടെ വിക്കിപീഡിയർ എല്ലാ മാസവും ഓരോ ലേഖനങ്ങളെ തിരഞ്ഞെടുക്കുന്നു. ഇംഗ്ലീഷ് പോലുള്ള വിക്കിപീഡിയകളിൽ എല്ലാ ദിവസവും പുതിയ ലേഖനങ്ങളെ തിരഞ്ഞെടുത്ത് പ്രധാന താൾ പുതുക്കാറുണ്ട്. സാമാന്യം പൂർണ്ണമായ ഉള്ളടക്കവും കൃത്യതയും ഉള്ള ലേഖനങ്ങളെ ആണ് തിരഞ്ഞെടുത്ത ലേഖനങ്ങളാവാൻ സമർപ്പിക്കുക. ഒരു ലേഖനം തിരഞ്ഞെടുത്ത ലേഖനം ആവുന്നതിനു മുൻപ് വിക്കിപീഡിയർ ഈ ലേഖനത്തിൽ ധാരാളം തിരുത്തലുകൾ വരുത്തുന്നു. ലേഖനത്തെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ചേർത്ത് ലേഖനം സമ്പൂർണ്ണമാക്കുന്നതിനും എല്ലാ ചെറുതും വലുതുമായ തെറ്റുകൾ തിരുത്തുന്നതിനും വിക്കിപീഡിയർ ശ്രദ്ധിക്കുന്നു. ലേഖനത്തിന്റെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ഗ്രന്ഥങ്ങളെയും മറ്റ് വിജ്ഞാന സ്രോതസ്സുകളെയും കുറിച്ചുള്ള വിവരങ്ങളും വിക്കിപീഡിയർ ലേഖനത്തിനു അവലംബമായി ചേർക്കുന്നു. ലേഖനത്തിനു ആവശ്യമായ ചിത്രങ്ങളും ചേർക്കുമ്പോൾ വിജ്ഞാനപ്രദമായ ഒരു സമ്പൂർണ്ണലേഖനം പിറക്കുകയായി.

ചാലക്കുടി, ആന, ലാറി ബേക്കർ, റോമൻ റിപ്പബ്ലിക്ക്, ക്രിക്കറ്റ്, നൈട്രജൻ, ഇന്ത്യൻ റെയിൽ‌വേ എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള ലേഖനങ്ങൾ ഇതുവരെ തിരഞ്ഞെടുത്ത ലേഖനങ്ങളായി.

ലേഖനങ്ങളുടെ ഭാഷാപരമായ ഗുണങ്ങളും കോട്ടങ്ങളും

[തിരുത്തുക]

വലിയൊരു സംഘം വിക്കിപീഡിയർ ആണ് വിക്കിപീഡിയയിലെ ലേഖനങ്ങൾ തയ്യാറാക്കുന്നത്. ചിലർക്ക് അനേകം വിജ്ഞാനശകലങ്ങൾ കൈമുതലായുണ്ടാവും, ചിലർക്ക് അസാമാന്യമായ ഭാഷാസ്വാധീനമുണ്ടാവും. വിജ്ഞാനശകലങ്ങൾ ചേർക്കുന്നവർക്കുണ്ടായേക്കാവുന്ന ഭാഷാപരമായ തെറ്റുകൾ ഭാഷയിൽ സ്വാധീനമുള്ള ലേഖകർ ശരിയാക്കുന്നു. അങ്ങനെ അങ്ങനെ നിരന്തരമായ തിരുത്തലുകൾക്കൊടുവിൽ നല്ലൊരു ലേഖനം പിറക്കുന്നു. മലയാളം വിക്കിപീഡിയയിലെ ലേഖകർ മലയാളികളാണ് അതുകൊണ്ട് മലയാള ഭാഷയുമായി ബന്ധപ്പെട്ട എല്ലാ ചർച്ചകളും തിരുത്തലുകളും മലയാളം വിക്കിപീഡിയയിലുണ്ടാകാറുണ്ട്. ഇംഗ്ലീഷ് പദങ്ങളുടെ മലയാളീകരണമാണ് പ്രശ്നമുള്ള മറ്റൊരു മേഖല. പല ഇംഗ്ലീഷ് പദങ്ങൾക്കും തുല്യമായ മലയാളം പദമില്ലാത്തതിനാൽ ചിലർ അതേ പദം തന്നെ മലയാളം ലിപിയിൽ ഉപയോഗിക്കുന്നതാണ് ശരിയായ രീതി.

വിക്കിപീഡിയയിൽ ചിലപ്പോൾ ഭൂരിപക്ഷം ആളുകളുടെ അഭിപ്രായം സത്യം എന്ന രൂപത്തിൽ അടിച്ചേൽപ്പിക്കാൻ സാദ്ധ്യതയുണ്ടാവാറുണ്ട്। ഉദാ‍ഹരണത്തിന് കശ്മീർ പ്രശ്നം - ഇതിൽ പാകിസ്താൻ വംശജരെക്കാളും കൂടുതൽ വിക്കിപീഡിയ ഉപയോക്താക്കൾ ഇന്ത്യയിൽ നിന്ന് ഉള്ളവരായതിനാൽ ലേഖനത്തിന് ഇന്ത്യാ അനുകൂല ചായ്‌വ് വരാൻ സാദ്ധ്യതയുണ്ട്. അതുപോലെ തന്നെ ബെൽഗാം ജില്ലയെച്ചൊല്ലി മഹാരാഷ്ട്രയും കർണ്ണാടകയും തമ്മിൽ ഉള്ള തർക്കം. വിവിധ രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ, അന്താരാഷ്ട്ര തർക്കങ്ങൾ, അതിർത്തി തർക്കങ്ങൾ, രാഷ്ട്രീയ പാർട്ടികളെക്കുറിച്ചുള്ള ലേഖനങ്ങൾ, എന്നിവയൊക്കെ തർക്ക വിഷയങ്ങൾ ആവാറുണ്ട്. അനേകം ഉപയോക്താക്കൾ തങ്ങളുടെ കാഴ്ച്ചപ്പാട് അനുസരിച്ച് ലേഖനം മാറ്റി എഴുതുമ്പോൾ പലപ്പൊഴും ഒരാൾ എഴുതിയ കാര്യങ്ങൾ പുതുതായി എഴുതുന്ന ആൾ മായ്ച്ചുകളയാറുമുണ്ട്. ഇങ്ങനെ വരുമ്പൊൾ വിക്കിപീഡിയയുടെ കാര്യ നിർവ്വാഹകർ ലേഖനത്തിന്റെ നിഷ്പക്ഷത സംരക്ഷിക്കാൻ ശ്രമിക്കുന്നു. ലേഖനത്തെ തിരുത്തൽ യുദ്ധത്തിൽ നിന്നും സംരക്ഷിക്കേണ്ട ചുമതലയും പലപ്പോഴും ഇവർക്കാണ്.

വിക്കിപീഡിയർ

[തിരുത്തുക]

വിക്കിപീഡിയക്കായി സേവനങ്ങൾ ചെയ്യാൻ സന്നദ്ധരായവരെ പൊതുവേ വിക്കിപീഡിയർ എന്നു വിളിക്കുന്നു. ഇവരുടെ സമൂഹത്തെ വിക്കിസമൂഹമെന്നും പറയുന്നു. വിക്കിപീഡിയ എന്താണെന്ന വ്യക്തമായ അവബോധത്തോടെ സേവനങ്ങൾ ചെയ്യുകയും വിജ്ഞാനതൃഷ്ണയും, അറിവു പങ്ക് വെക്കാനുള്ള മനസ്സും, പരസ്പരബഹുമാനവും ഉള്ള സ്വതന്ത്ര സമൂഹമാണ് വിക്കിപീഡിയരുടേത്.

വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെയാണ് വിക്കിപീഡിയരുടെ എണ്ണം കണക്കാക്കുന്നത്. മലയാളത്തില് ഇതുവരെ 1,85,247 ഔദ്യോഗിക വിക്കിപീഡിയരുണ്ട്. എന്നിരുന്നാലും വിക്കിപീഡിയയിൽ രജിസ്റ്റർ ചെയ്യാത്ത വിക്കിപീഡിയരും കുറവല്ല. സാധാരണ മനുഷ്യർക്കിടയിൽ അവരിലൊരാളായി, അവർ ചെയ്യുന്ന പണികളിലേതെങ്കിലും ചെയ്താണ് വിക്കിപീഡിയരുടെ ജീവിതവും മുന്നോട്ടുപോകുന്നത്. എന്നാൽ ഇന്റർനെറ്റുമായി ബന്ധപ്പെടുത്തിയ കമ്പ്യൂട്ടർ ലഭിച്ചാൽ ഇവർ വിക്കിപീഡിയരായി മാറുന്നു.

തങ്ങൾ ചെയ്യുന്നതും വിക്കിപീഡിയക്ക് നല്കുന്നതുമായ എന്തും മറ്റു വിക്കിപീഡിയർക്കോ, വിക്കിപീഡിയയുടെ വായനക്കാർക്കോ സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അനുവാദം വിക്കിപീഡിയർ നല്കിയിരിക്കുന്നു. പലതുള്ളി പെരുവെള്ളം എന്ന തത്ത്വത്തിലാണ് വിക്കിപീഡിയർ വിശ്വസിക്കുന്നത്. റാണിയില്ലാത്ത ഉറുമ്പുകൂട്ടത്തെ പോലെയാണിവർ. ചിലർ വിക്കിപീഡിയക്കായി ലേഖനങ്ങൾ എഴുതുന്നു, ചിലർ പുതിയതായി സമൂഹത്തിൽ ചേരുന്നവരെ സ്വാഗതം ചെയ്യുന്നു, ചിലർ തെറ്റുകൾ തിരുത്തുന്നു, ചിലർ ചിത്രങ്ങൾ ചേർക്കുന്നു, ചിലർ ലേഖനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. അങ്ങനെ അങ്ങനെ നാനാവിധ ജോലികൾ വിക്കിപീഡിയർ ചെയ്യുന്നു . വിക്കിപീഡിയർക്ക് പോലീസോ, കോടതിയോ, ഒരു കെട്ടുറപ്പുള്ള നിയമസംഹിതയോ ഇല്ല. തങ്ങളുടെ പ്രവർത്തനങ്ങളിൽ ചിലപ്പോൾ അവർ തമ്മിൽ ആശയസംഘട്ടനങ്ങൾ സൃഷ്ടിക്കാറുണ്ടെങ്കിലും അവർ അത് സമവായത്തിലൂടെ പരിഹരിക്കുന്നു. വിക്കിപീഡിയയിൽ വിക്കിപീഡിയർക്കായുള്ള താളുകളിൽ ഇവരെ പരിചയപ്പെടാം. ഇത്തരം താളുകളിൽ ചെറുപെട്ടികളിൽ (user box) ഉപയോഗിച്ച് സ്വന്തം ശൈലി വെളിപ്പെടുത്തുന്നു എന്നത് ഇവരുടെ മറ്റൊരു പ്രത്യേകതയാണ്.

കാര്യനിർവ്വാഹകർ

[തിരുത്തുക]

വിക്കിപീഡിയരിൽ ചിലരെ കാര്യനിർവ്വാഹകർ (സിസോപ്പുകൾ) ആയി തിരഞ്ഞെടുക്കുന്നു. വിക്കിപീഡിയയിൽ ഉണ്ടായേക്കാവുന്ന ചപ്പും ചവറും എടുത്തുമാറ്റുക എന്നതാണ് കാര്യനിർവ്വാഹകരുടെ പ്രധാന ജോലി. തങ്ങളുടെ ഇടയിൽ നുഴഞ്ഞുകയറിയിട്ടുണ്ടായേക്കാവുന്ന വിക്കിവിരുദ്ധരെ ഭയന്ന്, സമൂഹത്തിന് നേരിട്ട് തിരുത്താൻ കഴിയാത്ത രീതിയിലേക്ക് നിർദ്ദേശിച്ചിട്ടുള്ള താളുകളിൽ മാറ്റം വരുത്തുവാൻ വിക്കിപീഡിയർ കാര്യനിർവ്വാഹകരെ നിയോഗിച്ചിരിക്കുന്നു. ഇത്തരം ആൾക്കാരെ കണ്ടെത്തിയാൽ അവരെ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നു തടയേണ്ട ചുമതലയും കാര്യനിർവ്വാഹർക്കുണ്ട്. ഒരേ സമയം വിക്കിസമൂഹത്തിന്റെ പടയാളികളും തൂപ്പുകാരുമാണ് കാര്യനിർവ്വാഹകർ. അതിനുപുറമേ സാധാരണ വിക്കിപീഡിയർ ചെയ്യുന്നതെന്തും ഇവരും ചെയ്യുന്നു.

ബ്യൂറോക്രാറ്റുകൾ

[തിരുത്തുക]

സാധാരണ വിക്കിപീഡിയരേയും സിസോപ്പുകളേയും അപേക്ഷിച്ച് ജോലിഭാരം കൂടിയ ഉപവിഭാഗമാണ് ബ്യൂറോക്രാറ്റുകൾ. ഇവരേയും മറ്റു വിക്കിപീഡിയർ തിരഞ്ഞെടുക്കുന്നതാണ്. വൃത്തിയാക്കൽ, തങ്ങളുടെ സൃഷ്ടികളേയും മറ്റും സംരക്ഷിക്കുക, എന്നീ ജോലികൾക്കു പുറമേ വിക്കിപീഡിയർ നിയോഗിക്കുന്ന സിസോപ്പുകളേയും മറ്റു ബ്യൂറോക്രാറ്റുകളേയും അത്തരത്തിൽ മാറ്റുക, വിക്കിപീഡിയയുടെ സ്രോതസ്സ് രൂപത്തിൽ എന്തെങ്കിലും മാറ്റം വരുത്തുക എന്നീ കാര്യങ്ങളും ബ്യൂറോക്രാറ്റുകൾ ചെയ്യുന്നു.

വാൻ‌ഡലിസവും അജ്ഞാത ഉപയോക്താക്കളുടെ തിരുത്തലുകളും

[തിരുത്തുക]

ദുരുദ്ദേശ്യത്തോടുകൂടി വിക്കിപീഡിയയിൽ മോശമായ തിരുത്തലുകൾ നടത്തുന്നതിനാണ് വാൻഡലിസം എന്നുപറയുക. ആർക്കും വിക്കിപീഡിയയിൽ എഴുതാവുന്നതുകൊണ്ട് നല്ല ലേഖനങ്ങൾ ചില ഉപയോക്താക്കൾ വന്ന് പാടേ മായ്ച്ചുകളയുന്നതും, പരസ്പരബന്ധമില്ലാത്ത കാര്യങ്ങളും തമാശകളും എഴുതിവെക്കുന്നതും, ലേഖനങ്ങളിൽ അശ്ലീല ചിത്രങ്ങൾ ചേർക്കുന്നതും ഒക്കെ വാൻഡലിസത്തിന് ഉദാഹരണമാണ്. വാൻഡലിസം കാണിക്കുന്ന ഉപയോക്താവിന് അങ്ങനെ ചെയ്യരുത് എന്ന് മറ്റു വിക്കിപീഡിയർ താക്കീതു കൊടുക്കുന്നു. താക്കീതുകൾ കേൾക്കാതെ വീണ്ടും ദുഷ്:പ്രവൃത്തി തുടരുകയാണെങ്കിൽ ഈ ഉപയോക്താവിനെ ഏതെങ്കിലും അഡ്മിന്മാർ വീണ്ടും തിരുത്തുകൾ നടത്തുന്നതിൽ നിന്നും തടയുന്നു.

പലപ്പോഴും പുതിയ ഉപയോക്താക്കൾ തങ്ങൾക്ക് തിരുത്തലുകൾ വരുത്താൻ പറ്റുമോ എന്ന് പരീക്ഷിച്ചുനോക്കാൻ താളുകളിൽ അർത്ഥമില്ലാത്ത തിരുത്തലുകൾ നടത്തി നോക്കാറുണ്ട്. ഇത് വാൻഡലിസം അല്ല. മറ്റ് വിക്കിപീഡിയർ സാധാരണയായി ഇത്തരം തിരുത്തലുകളോട് സഹിഷ്ണുക്കൾ ആണ്.

വിക്കിപീഡിയയിൽ ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്തും അല്ലാതെയും തിരുത്തലുകൾ നടത്താനും ലേഖനങ്ങൾ സൃഷ്ടിക്കാനും സൗകര്യമുണ്ട്. ചില ഉപയോക്താക്കൾ ലോഗിൻ ചെയ്യാതെ തിരുത്തലുകൾ നടത്തുവാൻ ഇഷ്ടപ്പെടുന്നു. വിക്കിപീഡിയ ഇവരെ തടയുന്നില്ല.

വിക്കിപീഡിയയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്നല്ല. ചിലപ്പോഴെല്ലാം ചില സാമൂഹ്യവിരുദ്ധർ സത്യവിരുദ്ധമായ വസ്തുതകളും സ്വകാര്യലാഭത്തിനു വേണ്ടി പരസ്യപ്രചരണമോ ചില താളുകളിൽ കൂട്ടിച്ചേർത്തെന്നുവരും. എന്നാലും ആ താളുകൾ‍ ശ്രദ്ധിക്കുന്നവർ അവയെല്ലാം പെട്ടെന്നുതന്നെ മാച്ചു കളയുന്നു. ഇംഗ്ലീഷ് വിക്കിപീഡിയ ഇത്തരം പ്രശ്നങ്ങളിൽ നിന്നു പൂർവ്വസ്ഥിതിയിലെത്തുവാൻ എത്ര സമയം എടുക്കുന്നു എന്നറിയുവാൻ വിക്കിമീഡിയ ഓർഗനൈസേഷൻ ഒരു ടെസ്റ്റു നടത്തി. അഞ്ചുമിനിറ്റിനുള്ളിൽ അനാശാസ്യമായ എഡിറ്റുകളെല്ലാം പൂർവ്വസ്ഥിതിയിലായി. ഒരു വലിയ സന്നദ്ധസമൂഹം ഇതിനു പിന്നിലുണ്ടെങ്കിലേ ഇതൊക്കെ സാധ്യമാ‍വുകയുള്ളൂ. എന്നാൽ അതൊട്ട്‌ അപ്രാപ്യമല്ല താനും. ഇംഗ്ലീഷ് വിക്കിപീഡിയ കാണിച്ചു തരുന്നതതാണ്.

ആർക്കൊക്കെ വിക്കിയിലെഴുതാം?

[തിരുത്തുക]
സൗദി പ്രവാസിമലയാളികളുടെ കീഴിൽ ജിദ്ദയിലെ കിലൊ 7ൽ നടന്ന വിക്കിമീറ്റിന്റെ ഭാഗമായി വിക്കിയിൽ എങ്ങനെ എഴുതാം എന്ന ക്ലാസിൽ നിന്ന്.

പണ്ഡിതനും പാമരനും സംഭാവന ചെയ്യാനും രണ്ടു പേർക്കും ഒരേ പരിഗണനയും കിട്ടുന്ന ഒരു സംവിധാനം ആണ് വിക്കിപീഡിയയിൽ. ഓണത്തെപ്പറ്റി പത്തുവാചകം എഴുതാൻപോരുന്നവരാ‍യാൽ വിക്കിയിലേക്കും എന്തെങ്കിലും ഒക്കെ സംഭാവന ചെയ്യാം. സ്കൂൾ കുട്ടികൾ മുതൽ ശാസ്ത്രജ്ഞന്മാർ വരെ വിക്കിപീഡിയയിൽ എഴുതുന്നുണ്ട്. വിക്കിഎഴുതുന്നതെല്ലാം പെർഫക്റ്റാവണം എന്ന വാശി ആർക്കും വേണ്ട; പുറകേ വരുന്നവർ തിരുത്തിക്കോളും അല്ലെങ്കിൽ കൂട്ടിച്ചേർത്തോളും എന്ന അവബോധം വിക്കിയിൽ എഴുതുന്ന സാധാരണ ഉപയോക്താക്കൾക്ക് വലിയൊരാത്മവിശ്വാസം നൽകുന്നുണ്ട്‌.

ഒരു പ്രൈമറി സ്ക്കൂൾ ടീച്ചർ അവരുടെ സ്കൂളിനെ പറ്റിയെഴുതുന്നു; പ്രൈമറി വിദ്യാ‍ഭ്യാസത്തിന്റെ വിവിധഘട്ടങ്ങളെ പറ്റിയെഴുതുന്നു. ഒരു ബാങ്ക്‌ ജീവനക്കാരൻ ബാങ്കിങ് മേഖലയെ കുറിച്ചും സ്വന്തം ബാങ്കിന്റെ ചരിത്രവും; ഒരു ഡിഗ്രിവിദ്യാർത്ഥി അവൻ പഠിക്കുന്ന വിഷയത്തിലെ ചില വാക്കുകൾ എന്താണെന്ന്‌ നിർവ്വചിക്കുന്നു. പാർട്ടിപ്രവർത്തകൻ നേതാക്കന്മാരുടെ ജീവിതരേഖ കുറിക്കുന്നു. ഒരു വീട്ടമ്മ അന്നുകണ്ട സിനിമ ആരുണ്ടാക്കി, അഭിനയിക്കുന്നവരാരെല്ലാം എന്നെഴുതുന്നു. ഒരു കർഷകൻ കൃഷിയെപറ്റിയുള്ള അനേകം നാട്ടറിവുകൾ പങ്കുവയ്ക്കുന്നു. അങ്ങനെ അങ്ങനെ അനേകം പേരുടെ സംഭാവനകൾ ചേർന്നതാണ് വിക്കിപീഡിയ.

പലഭാഷകളിലുള്ള വിക്കിപീഡിയകൾ

[തിരുത്തുക]
മലയാളം വിക്കിപീഡിയ

2001 ജനുവരി 15 ന് ഇംഗ്ലീഷിലാണ് ആദ്യ വിക്കിപീഡിയ തുടങ്ങുന്നത്. 2001 മാർച്ച് 16 ന് ആരംഭിച്ച ജർമ്മൻ ഭാഷയിലുള്ള വിക്കിപീഡിയയാണ് രണ്ടാമത്തെ വിക്കിപീഡിയ. തുടർന്നുള്ള മാസങ്ങളിൽ ഫ്രഞ്ച്, ചൈനീസ്, ഡച്ച്, ഹീബ്രു, ഇറ്റാലിയൻ, റഷ്യൻ തുടങ്ങിയ ഭാഷകളിൽ വിക്കിപീഡിയ ആരംഭിച്ചു.

വർഷം ഒന്നു കഴിഞ്ഞ് 2002 പകുതി ആയിട്ടും ഒരു ഇന്ത്യൻ ഭാഷയിൽ പോലും വിക്കി ആരംഭിക്കാനുള്ള ശ്രമങ്ങൾ‍ ഉണ്ടായില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായത് 2002 ജൂൺ മാസത്തിൽ പഞ്ചാബി, അസ്സാമീസ്, ഒറിയ ഭാഷകളിൽ ഉള്ള വിക്കിപീഡിയ ആരംഭിച്ചപ്പോഴാണ്. പക്ഷേ ഇന്ത്യൻ ഭാ‍ഷകളിലെ ആദ്യത്തെ വിക്കിപീഡിയകളായ ഇവ മൂന്നും ഇപ്പോൾ നിർജീവമാണ്. ഈ മൂന്നു വിക്കിപീഡിയകളിലും ലേഖനങ്ങളുടെ എണ്ണം ഇപ്പോഴും 10000-ൽ താഴെയാണ്. ഈ മൂന്നു ഭാഷകൾ കഴിഞ്ഞാൽ വേറൊരു ഇന്ത്യൻ ഭാഷയിൽ വിക്കിപീഡിയ ആരംഭിക്കുന്നത് മലയാളത്തിലാണ്.

മലയാളത്തിനു ശേഷം 2003 ഫെബ്രുവരിയിൽ‍ ബീഹാറി, മെയ് 2003 ന് മറാഠി, ജൂൺ 2003 ന് കന്നഡ, ജൂലൈ 2003 ന് ഹിന്ദി, സെപ്റ്റംബർ 2003 ന് തമിഴ്, ഡിസംബർ 2003 ന് തെലുഗ്, ഗുജറാത്തി, ജനുവരി 2004 ന് ബംഗാളി എന്നിങ്ങനെ വിവിധ ഇന്ത്യൻ ഭാഷകളിൽ ഉള്ള വിക്കിപീഡിയകൾ ആരംഭിച്ചു.

വിക്കിപീഡിയ ദിനം

[തിരുത്തുക]

വിക്കിപീഡിയ സ്ഥാപിതമായതും ക്രിയേറ്റീവ് കോമൺസ് വെബ്സൈറ്റ് രജിസ്റ്റർ ചെയ്തതുമായ ജനുവരി 15 വിക്കിപീഡിയ ദിനമായി ആചരിക്കുന്നു. വിക്കിപീഡിയ പ്രവർത്തകർ ജനുവരി 15 ന് വിക്കിപീഡിയയെ കുറിച്ച് ചർച്ച ചെയ്യുന്നു. വിക്കിപീഡിയ എഡിറ്റർമാർ തങ്ങൾ കഴിഞ്ഞ വർഷം വിക്കിപീഡിയയിൽ ചെയ്ത കാര്യങ്ങളും അടുത്ത വർഷം വിക്കിപീഡിയയിൽ വിവരങ്ങൾ പങ്കിടാൻ താല്പര്യമുള്ള പുതുമുഖങ്ങൾക്ക് നല്കേണ്ട പരിശീലനങ്ങളെക്കുറിച്ചും കർമ്മ പദ്ധതികൾരൂപീകരിക്കുന്നു.[14]

അവലംബം

[തിരുത്തുക]
  1. "Statistics". English Wikipedia. Retrieved 2008-06-21.
  2. Jonathan Sidener. "Everyone's Encyclopedia". The San Diego Union-Tribune. Retrieved 2006-10-15.
  3. "Wikipedia.org Site Info". Alexa Internet. Archived from the original on 2018-12-25. Retrieved 2012-07-02.
  4. "Wikipedia:Wikipedia is a work in progress". Wikipedia. Retrieved 2008-07-03.
  5. http://www.stallman.org/
  6. http://www.gnu.org/encyclopedia/free-encyclopedia.html
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-28. Retrieved 2008-01-29.
  8. http://www.faqs.org/ftp/usenet/news.announce.newgroups/comp/comp.infosystems.interpedia
  9. http://en.wikipedia.org/wiki/Wikipedia:About
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-02-17. Retrieved 2008-01-29.
  11. http://www.donau-uni.ac.at/imperia/md/content/department/ike/ike_publications/2007/refereedconferenceandworkshoparticles/hoisl_2007_hcii_social-rewarding.pdf[പ്രവർത്തിക്കാത്ത കണ്ണി]
  12. http://www.usemod.com/cgi-bin/mb.pl?WikiPedia
  13. "Wikipedia:List of Wikipedias". English Wikipedia. Retrieved February 3, 2013.
  14. "Wikipedia:Wikipedia Day".

കുറിപ്പുകൾ

[തിരുത്തുക]
  • ^ ബ്രിട്ടാണിക്കയിലേയും വിക്കിപീഡിയയിലേയും ലേഖനങ്ങൾ എവിടെ നിന്നെടുത്തതാണെന്നറിയിക്കാതെ അതത്‌ വിഷയങ്ങളിലെ പ്രമുഖരെ കാണിച്ചു. അവയിലെ തെറ്റുകളും കുറവുകളും രേഖപ്പെടുത്തി. അവസാനം കൂട്ടിനോക്കിയപ്പോൾ രണ്ടിന്റേയും വിവിധ വിഷയങ്ങളിലെ ശരാശരി സ്കോർ ഒപ്പത്തിനൊപ്പമായിരുന്നു.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ&oldid=4091597" എന്ന താളിൽനിന്ന് ശേഖരിച്ചത്