Jump to content

അച്ചടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന പഴയ കാലത്തെ ഒരു അച്ചടി യന്ത്രം

ലിപികൾ, ചിത്രങ്ങൾ, ചിഹ്നങ്ങൾ, വരകൾ, വർണങ്ങൾ എന്നിവയെ ആലേഖനം ചെയ്യുവാൻ, അവയെ പലതരത്തിൽ അച്ചുകളിലേക്കു പകർത്തുകയും അത്തരം അച്ചുകളിൽനിന്നു കടലാസിലോ, മറ്റു പദാർഥങ്ങളിലോ, കൈകൊണ്ടോ യന്ത്രസഹായത്താലോ പതിപ്പുകൾ നിർമ്മിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണു് അച്ചടി (Printing) എന്നറിയപ്പെടുന്നത്. ആശയവിനിമയത്തിനുള്ള മുഖ്യോപാധികളിൽ ഒന്നാണ് അച്ചടി. മനുഷ്യ സമൂഹത്തിന്റെ പുരോഗതിയുടെ എല്ലാ വശങ്ങളെയും ഇത് ഒരുപോലെ സ്പർശിക്കുന്നു. വിദ്യാഭ്യാസം, വാർത്താവിനിമയം, പാക്കേജിങ്, തപാൽ സ്റ്റാമ്പുകൾ‍, മുദ്രപത്രങ്ങൾ‍, കടലാസ് നിർമിത നാണയങ്ങൾ‍, ബഹുവർണ ചിത്രങ്ങൾ തുടങ്ങി ആധുനിക സമൂഹത്തിനാവശ്യമായതെന്തിനും അച്ചടിയുടെ സഹായം ആവശ്യമാണ്.

അച്ചടി എന്ന പദംകൊണ്ടു സാധാരണ വിവക്ഷിക്കുന്നത് ഇംഗ്ലീഷിൽ 'ലറ്റർ പ്രസ് പ്രിന്റിംഗ്' (Letter Press Printing) എന്നു പറയപ്പെടുന്ന മുദ്രണവിഭാഗം ആണ്. സാങ്കേതികാർഥത്തിൽ ഇതു ശരിയല്ല 'ആലേഖനകലകൾ' (Graphic arts) എല്ലാംതന്നെ അച്ചടിയിൽ ഉൾപ്പെടുന്നു. അച്ചുകൾ എന്നതിനു പതിപ്പുകൾ എടുക്കാവുന്ന പ്രതിരൂപവസ്തു എന്നാണർഥം. കടലാസ്, തുണി, ചണച്ചാക്ക്, മരം, സെലഫെയ്ൻ (celophane), ഗ്ലാസ് (glass), കോർക്ക് (cork), കാർ‌ഡ്ബോർ‌ഡ് (card board), പ്ലാസ്റ്റിക് (plastic), ലോഹപദാർഥങ്ങൾ എന്നിങ്ങനെ പലതരം വസ്തുക്കളിൽ അച്ചടി നടത്താറുണ്ട്. അച്ചടിയുടെ പ്രവർത്തനം വ്യാപകമാകുന്തോറും അതിനുപയോഗിച്ചുവരുന്ന സാങ്കേതികകൌശലവും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അച്ചടിയുടെ വിവിധരീതികളാണ് പലതരം മുദ്രണങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത്. പുസ്തകങ്ങൾ അച്ചടിക്കുന്നതിനും ലോഹടിന്നുകളിൽ അച്ചടിക്കുന്നതിനും പ്രത്യേകം പ്രത്യേകം അച്ചടിസമ്പ്രദായങ്ങൾ ആവശ്യമാണ്. വർത്തമാനപ്പത്രം അച്ചടിക്കുന്ന 'റോട്ടറി (Rotary) ലറ്റർ പ്രസ്' തീപ്പെട്ടിപ്പടം അച്ചടിക്കുവാൻ ഉപയുക്തമല്ല. അച്ചടിയുടെ പരമ്പരാഗതരീതിയായ 'ലറ്റർ പ്രസ്' വിവിധ സാങ്കേതികപരിഷ്കാരങ്ങൾക്കു വിധേയമായിട്ടുണ്ട്. ഇന്ന് ഈ വ്യവസായം മുദ്രണചരിത്രത്തിന്റെ അവലോകനം എത്രത്തോളം പുരോഗമിച്ചിരിക്കുന്നുവെന്നു മനസ്സിലാക്കുവാൻ സഹായകമാണ് flex printing

ചരിത്രം[തിരുത്തുക]

ഇന്നറിയപ്പെടുന്ന രീതിയിലുള്ള അച്ചടി പതിനഞ്ചാം ശതകത്തിന്റെ മധ്യത്തോടുകൂടി ജർമനിയിലാണ് ആരംഭിച്ചത്. എന്നാൽ അതിനു വളരെക്കാലം മുമ്പുതന്നെ ഒരുതരത്തിൽ അച്ചടി നടപ്പിൽ വന്നിരുന്നു. കൊറിയക്കാരും, ചൈനക്കാരും, ജപ്പാൻകാരും പ്രാചീനകാലത്തുതന്നെ അച്ചടിയെപ്പറ്റി അറിയുകയും അച്ചടിവിദ്യ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ബി.സി. പതിനാറാം ശതകം മുതൽ നാലാം ശതകം വരെയുള്ള കാലഘട്ടത്തിൽ ആശയവിനിമയോപാധിയായി വരമൊഴി നിലവിൽ വന്നു. ചിത്രലിപികളും അക്ഷരമാലയും സങ്കീർണങ്ങളായ പല പരിവർത്തനങ്ങൾക്കു വിധേയമായി. ശിലാലിഖിതങ്ങളും ഇഷ്ടികപ്പുസ്തകങ്ങളും തുകൽ-പാപ്പിറസ് ചുരുളുകളും താളിയോലഗ്രന്ഥങ്ങളും ഉപയോഗിച്ചിരുന്ന അക്കാലത്ത് കൊത്തുപണി തൊഴിലാക്കിയിരുന്നവർ എഴുത്തുപണിയും നടത്തിപ്പോന്നു. എ.ഡി. ആദ്യശതകങ്ങളിൽ ചൈനക്കാർ കണ്ടുപിടിച്ചതും ക്രമേണ ലോകമെങ്ങും പ്രചരിച്ചതുമായ കടലാസ് നിർമ്മാണത്തോടെയാണ് എഴുത്തുവിദ്യയിൽ പരിവർത്തനമുണ്ടായതും അച്ചടിയുടെ ആരംഭം കുറിച്ചതും. ചൈനക്കാർ പേജിന്റെ വലിപ്പത്തിലുള്ള മരപ്പലകകളിൽ അക്ഷരങ്ങൾ കൊത്തിയെടുത്ത് അക്ഷരങ്ങളുടെ പുറത്ത് മഷി പുരട്ടി കടലാസ് അമർത്തി പല പ്രതികളെടുത്തിരുന്നു. ഇത്തരത്തിലുള്ള അച്ചടി സമ്പ്രദായം എന്നാണ് അവർ തുടങ്ങിയതെന്നതിനെക്കുറിച്ചു വിവരങ്ങൾ ലഭ്യമല്ല. ഈ രീതിയിൽ യൂറോപ്പിൽ ആദ്യമായി അച്ചടിച്ച പുസ്തകങ്ങളിൽ പ്രധാനപ്പെട്ടതാണ് പാവപ്പെട്ടവന്റെ വേദപുസ്തകം (poor man's bible). മരത്തിൽ കൊത്തിയ ബ്ലോക്ക് ഉപയോഗിച്ച് അച്ചടിക്കുന്നതിനാൽ ഇത്തരം പുസ്തകങ്ങൾ ബ്ലോക്ക് പുസ്തകങ്ങൾ (block books) എന്നറിയപ്പെട്ടിരുന്നു.

കടലാസിൽ മഷി പുരട്ടി പതിപ്പുകൾ ഉണ്ടാക്കിയത് അഞ്ചാം ശതകം മുതലാണ്. ജപ്പാനിലെ ചക്രവർത്തിനിയായിരുന്ന ഷോട്ടോകു എ.ഡി. 768-70-ൽ പുറപ്പെടുവിച്ച കല്പനയിൽ മുദ്രണം ചെയ്യപ്പെട്ടിരുന്ന ബൌദ്ധമന്ത്രത്തിന്റെ (Charm) ചിത്രമാണ് കണ്ടുകിട്ടിയിട്ടുള്ളതിൽവച്ച് ഏറ്റവും പഴക്കം ചെന്ന മുദ്രിതരേഖ. പത്തുലക്ഷത്തോളം പ്രതികൾ എടുത്ത ഈ മുദ്ര അച്ചടിക്കുവാൻ ഉപയോഗിച്ച ബ്ലോക്കുകൾ എന്തു വസ്തുകൊണ്ടാണ് നിർമിച്ചതെന്ന് അറിവായിട്ടില്ല. ഈ ചിത്രം ലോകപ്രസിദ്ധങ്ങളായ മിക്ക പ്രദർശനശാലകളിലും കാണാം. 868-ൽ അച്ചടിച്ചതെന്നു കരുതപ്പെടുന്ന വജ്രസൂത്രം ഒരു ബൌദ്ധസ്മാരകഗ്രന്ഥമാണ്. ആറു താളുകളിലാണ് ഈ ഗ്രന്ഥം അച്ചടിച്ചിട്ടുള്ളത്. ഒരു ചിത്രവും ഇതിൽ ഉണ്ട്. ഇതിന്റെ ഒരു പ്രതി 1900-ൽ തുർക്കിസ്താനിലെ ഒരു ഗുഹയിൽനിന്നും കണ്ടെടുത്തിട്ടുണ്ട്. 1907-ൽ സർ ആറെൽ സ്റ്റൈൻ ഈ പ്രതി സമ്പാദിച്ചു. ഇപ്പോൾ ബ്രിട്ടിഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ഈ ഗ്രന്ഥം നിലവിലുളളതിൽ ഏറ്റവും പഴക്കംചെന്ന പുസ്തകമാണ് എന്നു പറയപ്പെടുന്നു. 1041-നും 1049-നും ഇടയ്ക്ക് അക്ഷരങ്ങൾ കൊത്തിയ മൺകട്ടകൾ അടുക്കിവച്ച് അവയ്ക്കു മീതെ മഷിപുരട്ടി പീ-ഷെങ് എന്ന ചൈനക്കാരൻ ആദ്യമായി ഒരു ഗ്രന്ഥം അച്ചടിച്ചു. പീ-ഷെങിന്റെ ഈ കണ്ടുപിടിത്തത്തെ, അച്ചടി വ്യവസായത്തിൽ ഏർപ്പെട്ടിരുന്ന പലരും പില്ക്കാലത്ത് പരിഷ്കരിക്കുകയുണ്ടായി. പിന്നീട് പതിനാലാം ശതകത്തിലാണ് കൊറിയയിൽ ആദ്യമായി ലോഹനിർമിതവും ഇളക്കിമാറ്റാവുന്നതും ആയ അച്ചുകൾ ഉപയോഗിച്ചുതുടങ്ങിയത്. അച്ചുകൾ വാർക്കുന്ന സമ്പ്രദായം കൊറിയയിൽനിന്നു ജപ്പാനിലേക്കും ചൈനയിലേക്കും വ്യാപിച്ചു.

ഗുട്ടൻബർഗ്[തിരുത്തുക]

ഗുട്ടൻബർഗ്

അച്ചടിയുടെ പിതാവായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് ജർമൻകാരനായ യോഹാൻ ഗുട്ടൻബർഗ് (1398-1468) ആണ്. ഹോളണ്ടിൽ ഹാർലമിൽ ജനിച്ച ലോറൻസ് ജാൻസൂൺ കോസ്റ്റർ (1370-1440) ഗുട്ടൻബർഗിനു മുമ്പുതന്നെ അച്ചടി കണ്ടുപിടിച്ചുവെന്ന അവകാശവാദം ഉണ്ടായി. ഇതിനെക്കുറിച്ചു നടത്തിയ ഗവേഷണങ്ങൾ, ഗുട്ടൻബർഗാണ്, ഇളക്കിമാറ്റാവുന്നതും തിരുത്തലുകൾ ചെയ്യാവുന്നതുമായ ഒറ്റ അച്ചുകൾ നിർമിച്ചതെന്ന വസ്തുതയിലേക്കു വെളിച്ചം വീശുകയും അങ്ങനെ ഗുട്ടൻബർഗ് അച്ചടിയുടെ പിതാവ്' എന്ന ഖ്യാതിക്ക് അർഹനാവുകയും ചെയ്തു. ഗുട്ടൻബർഗ് 1398-നോടടുത്ത് ജർമനിയിൽ മെയിൻസിൽ ജനിച്ചു. എയ് ലാ ഷാപ്പലിൽ എത്തുന്ന തീർഥാടകർക്കു വില്ക്കുന്നതിനായി കണ്ണാടി നിർമിച്ചിരുന്ന ഒരു സ്ഥാപനത്തിൽ ഇദ്ദേഹം ജോലിനോക്കിയിരുന്നു. അക്കാലത്തുതന്നെ ഇദ്ദേഹം അച്ചടിയിൽ പരിഷ്കാരം വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയും അതിനായി യത്നിക്കുകയും ചെയ്തുകൊണ്ടിരുന്നു. 1450-ൽ ഗുട്ടൻബർഗ് ഓരോ അക്ഷരങ്ങൾക്കുമുള്ള അച്ചുകൾ വെവ്വേറെ വാർത്തെടുക്കുകയും അവ ചേർത്തുണ്ടാക്കിയ പേജുകൾ മുദ്രണം ചെയ്യാൻ തടികൊണ്ട് അച്ചടിയന്ത്രം നിർമ്മിക്കുകയും ചെയ്തു. അച്ചു വാർക്കുന്നതിനുള്ള മൂശയുടെ ആസൂത്രണം, മൂശയിൽ നിന്നു വേണ്ടത്ര അച്ചുകളുടെ നിർമ്മാണം, അച്ചുകൾക്കുപറ്റിയ ലോഹസങ്കര നിർണയം, അച്ചടിയന്ത്രനിർമ്മാണം, പേജ് അനുസരിച്ച് അച്ചുനിരത്തുന്ന സമ്പ്രദായം, അച്ചടി കഴിഞ്ഞ് അച്ചുകൾ പിരിച്ചെടുത്ത് വീണ്ടും ഉപയോഗിക്കുന്ന പദ്ധതി എന്നിവയായിരുന്നു ഗുട്ടൻബർഗിന്റെ സംഭാവനകൾ. ഗുട്ടൻബർഗ് 1455-ൽ അച്ചടിച്ച ഒരു കലണ്ടറും, 1456 ആഗ. 24-ന് 42 വരികൾ വീതം രണ്ടു കോളങ്ങളിലായി സംവിധാനം ചെയ്ത, 1282 പേജുകളുള്ള ഗുട്ടൻബർഗ് ബൈബിളും കണ്ടുകിട്ടിയിട്ടുണ്ട്. 170 പശുക്കുട്ടികളുടെ തോലാണ് ഈ ബൈബിൾ അച്ചടിക്കാൻ ഉപയോഗിച്ചിട്ടുണ്ടാവുക എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. മെയിൻസിൽനിന്ന് അച്ചടി ജർമനിയിലെ മറ്റു പട്ടണങ്ങളിലേക്കും, അവിടെനിന്ന് ഇറ്റലി, ഫ്രാൻസ്, ഓസ്ട്രിയ, തുർക്കി എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. 15-ാം ശ.-ത്തിന്റെ അവസാനത്തോടെ യൂറോപ്പിലെ എല്ലാ പ്രമുഖനഗരങ്ങളിലും അച്ചടിശാലകൾ സ്ഥാപിതമായി. ഇറ്റലിയിൽ ആദ്യമായി അച്ചുകൂടം സ്ഥാപിതമായത് 1464-ലാണ്. സ്വിറ്റ്സർലണ്ടിൽ 1465-ലും ഫ്രാൻസിലും നെതർലൻഡ്സിലും 1476-ലും സ്വീഡനിൽ 1483-ലും ആദ്യത്തെ പ്രസ്സുകൾ സ്ഥാപിതങ്ങളായി. 1563-ലാണ് സോവിയറ്റ് യൂണിയനിൽ ആദ്യത്തെ പ്രസ് സ്ഥാപിച്ചത്. സ്പെയിനിലും ഹംഗറിയിലും ആദ്യം പ്രസ് സ്ഥാപിച്ചത് 1473-ലാണ്. ഇംഗ്ലണ്ടിൽ 1476-ലാണ് ആദ്യത്തെ അച്ചുകൂടം തുടങ്ങിയത്. 1500-ൽ യൂറോപ്പിൽ 300 പട്ടണങ്ങളിലായി 1,700-ഓളം പ്രസ്സുകളുണ്ടായിരുന്നു. 1,500-ൽ 150 ലക്ഷത്തിനും 200 ലക്ഷത്തിനും മധ്യേവരുന്ന 40,000 പതിപ്പുകൾ ഇവയിൽനിന്നും പുറത്തുവന്നു.

കാക്സ്റ്റൺ[തിരുത്തുക]

കാക്സ്റ്റൺ തന്റെ അച്ചടിയുടെ ആദ്യ മാതൃക എഡ്വേർഡ് നാലാമന്റെയും എലിസബത്ത് രാജ്ഞിയുടെയും മുമ്പാകെ പ്രദർശിപ്പിക്കുന്നു. (ഡാനിയേൽ മെക്കാളൈസിന്റെ ചിത്രം)

1476-ൽ വില്യം കാക്സ്റ്റണാണ് (1422-91) ഇംഗ്ളണ്ടിൽ അച്ചടി അവതരിപ്പിച്ചത്. 1475-ൽ അച്ചടിച്ച The Recuyell of the Historyes of Troye ആണ് ഇംഗ്ലീഷ് ഭാഷയിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം. 1491-നു മുമ്പ് കാക്സ്റ്റൺ ഇംഗ്ലീഷ് സാഹിത്യത്തിലുള്ള മിക്ക പ്രധാനകൃതികളും ഇംഗ്ലീഷ് ഭാഷയിൽ അച്ചടിച്ചു. 15-ഉം 16-ഉം ശ.-ങ്ങളിൽ മെയിൻസ്, ഫ്രാങ്ക്ഫർട്ട്, കൊളോണ്‍, ലിയോണ്‍, വെനീസ്, ബേസിൽ എന്നീ നഗരങ്ങൾ അച്ചടി വ്യവസായത്തിന്റെ പ്രധാന കേന്ദ്രങ്ങളായിരുന്നു. ഈ കാലഘട്ടത്തിൽ അച്ചടിക്കപ്പെട്ടിരുന്നത് ഏറിയകൂറും ആധ്യാത്മികഗ്രന്ഥങ്ങളായിരുന്നു. കൂടാതെ അവകാശപത്രികകൾ, പരസ്യങ്ങൾ, ഉടമ്പടികൾ, കലണ്ടറുകൾ എന്നിവയും അച്ചടിക്കപ്പെട്ടിരുന്നു. സാമ്രാജ്യശക്തികളുടെ കോളനിവാഴ്ചയോടെയാണ് അച്ചടിപ്രചരിക്കുവാൻ തുടങ്ങിയത്. വില്യം ബ്രാഡ്ഫോർഡ് 1685-ൽ ഫിലാഡൽഫിയായിൽ ഒരു അച്ചുകൂടം സ്ഥാപിച്ചു. ലോകചരിത്രത്തിൽ അച്ചടി അതിന്റെ രാഷ്ട്രീയസ്വാധീനം ചെലുത്താൻ തുടങ്ങിയത് ഇതോടുകൂടിയാണ്. 15 മുതൽ 17 വരെയുള്ള ശ.-ങ്ങളിൽ പാശ്ചാത്യലോകത്ത് അച്ചടി നടത്തിയിരുന്നത് മരം കൊണ്ടുള്ള ഒരു ചട്ടക്കൂട്ടിൽ ആയിരുന്നു; ഈ പ്രക്രിയ നടത്തിയിരുന്നത് ആനുപാതിക ചലനത്താലുമായിരുന്നു. അതിനു മുൻപ് മുകളിലേക്കുയർത്തുകയും താഴേയ്ക്കമർത്തുകയും ചെയ്യുന്ന രീതിയാണ് അനുവർത്തിച്ചുവന്നത്. മറ്റൊരു പ്രത്യേകത ഉള്ളിലേക്കും പുറത്തേക്കുമുള്ള ഒരു പ്രത്യേക ചലനമായിരുന്നു. മുകളിലേക്കും താഴേയ്ക്കുമുള്ള ചലനം അച്ചുകളിൽ തേച്ചിരിക്കുന്ന മഷി കടലാസിൽ പതിയുന്നതിനുള്ള മർദ്ദം നല്കുന്നു. ഉള്ളിലേക്കും പുറത്തേക്കുമുള്ള ചലനം കടലാസും അച്ചുമായുള്ള സ്ഥാനം ശരിപ്പെടുത്തുന്നതിനാണ്. ഒരു ലിവർ (lever) വലിക്കുമ്പോൾ ഒരു സ്പിൻഡിൽ (spindle) തിരിയുകയും മഷി പുരട്ടിവച്ചിരിക്കുന്ന അച്ചുകളുടെ മുകളിൽ ഒരു തകിട് വന്ന് അമരുകയും അവയ്ക്കിടയിൽ വയ്ക്കുന്ന കടലാസിൽ അച്ചിൽനിന്നു മഷി പതിയുകയും ചെയ്യുന്നു. തകിട് പൊക്കിയതിനുശേഷം അച്ചുകളും മുദ്രണം ചെയ്ത കടലാസും അടങ്ങിയ ഫോറം പുറത്തേയ്ക്കു വലിച്ചെടുക്കുന്നു. മിനുസപ്പെടുത്തിയ തോൽകൊണ്ട് മറച്ചുള്ള ഒരു ഫോറത്തിൽ കടലാസുവച്ചിട്ടാണ് അച്ചടി നടത്തിയിരുന്നത്. കടലാസു വച്ചതിനുശേഷം അച്ചടിക്കുമ്പോൾ കോട്ടം വരാതിരിക്കുന്നതിനുവേണ്ടി പിരിയാണി ഇട്ടു ഫ്രെയിം മുറുക്കുന്നു. ഈ മുറുക്കിയ ഫോറം ടിംപാനു(Tympan)മായി ബന്ധിക്കുകയും കടലാസ്സിൽ ആവശ്യമില്ലാത്തയിടത്തു മഷി പുരളുന്നതു തടയുകയും ചെയ്യുന്നു. നന്നായി മഷി തേച്ചിട്ടുള്ള രണ്ടു കിഴികൾ കൊണ്ടാണ് അച്ചുകളിൽ മഷി പുരട്ടുന്നത്. അതിനുശേഷം അതിന്റെ മുകളിൽ കടലാസ് വയ്ക്കുന്നു. പൌരാണികകാലത്തു കൈകൊണ്ടു നടത്തിയിരുന്ന അച്ചടിയുടെ രീതി ഇതായിരുന്നു.

ഇന്ത്യയിൽ[തിരുത്തുക]

16-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ പോർത്തുഗീസുകാരാണ് അച്ചടി ഇന്ത്യയിൽ പ്രചരിപ്പിച്ചത്. മതപരിവർത്തനം ആയിരുന്നു അവരുടെ ലക്ഷ്യം. ഇന്ത്യയിൽ ആദ്യമായി മുദ്രണം ചെയ്യപ്പെട്ടിട്ടുള്ളത് തമിഴ് ബൈബിളാണ് എന്നു ചില രേഖകളിൽ കാണുന്നു. കൊച്ചിക്കടുത്ത് 'അമ്പഴക്കാട്' എന്ന സ്ഥലത്താണ് കേരളത്തിൽ ആദ്യമായി ഒരു ഗ്രന്ഥം അച്ചടിച്ചത്. അതും തമിഴ് ബൈബിളായിരുന്നുവത്രേ. ജോൺ ഗൊൺസാൾവ്സ് എന്ന പാതിരിയാണ് അച്ചടിക്കാവശ്യമായ മരഅച്ചുകൾ നിർമിച്ചത്. 1579-ൽ എച്ച്. ഹെന്റിക്ക് ഒരു പ്രാർഥനാപുസ്തകം പ്രസിദ്ധപ്പെടുത്തി. ബംഗാളിൽ ഒരു പ്രസ്സിൽ 1778-ൽ ഒരു ബംഗാളിവ്യാകരണഗ്രന്ഥം അച്ചടിച്ചു. ഇതിനുവേണ്ട അച്ചുകളുണ്ടാക്കിയത് ചാൾസ് വിൽക്കിൻസ് ആണ്. 1811-ൽ ബോംബെ(മുംബൈ)യിലെ 'കൊറിയർ പ്രസ്സി'ൽ സുവിശേഷങ്ങൾ മലയാളത്തിൽ മുദ്രണം ചെയ്തിട്ടുണ്ട്. 1821-ൽ ബഞ്ചമിൻ ബെയ്ലി എന്ന പാതിരി കോട്ടയത്ത് ചർച്ച് മിഷൻ സൊസൈറ്റി പ്രസ് സ്ഥാപിച്ചു. കേരളത്തിലെ ആദ്യത്തെ മലയാളം അച്ചുകൂടം |സി.എം.എസ്. പ്രസ്സാണ്. ബെയ്ലി ചതുരവടിവായിരുന്ന അക്ഷരങ്ങളെ ഉരുണ്ട വടിവുള്ളവയാക്കിത്തീർത്തു. ഈ പുതിയ അച്ചുപയോഗിച്ചാണ് ബെയ്ലി 1829-ൽ 'പുതിയ നിയമം' അച്ചടിച്ചത്. 1842-ൽ ബൈബിൾ പൂർണമായി മുദ്രണം ചെയ്യപ്പെട്ടു. 1846-ൽ ഉത്കൃഷ്ടവും പ്രാദേശികവുമായ പദങ്ങളുടെ ഒരു മലയാളം ഇംഗ്ലീഷ് നിഘണ്ടുവും (A Dictionary of High and Colloquial Malayalam and English), 1848-ൽ ഇംഗ്ലീഷ് മലയാളം ക്രോഡീകൃതനിഘണ്ടുവും (A Concise Dictionary of English and Malayalam) ഇദ്ദേഹം തയ്യാറാക്കി മുദ്രണം ചെയ്തു പ്രകാശിപ്പിച്ചു.

ആധുനികപുരോഗതി[തിരുത്തുക]

1772-ൽ ബേസിലിൽ (സ്വിറ്റ്സർലണ്ട്) വില്യം ഹാസ് അച്ചടിയന്ത്രത്തിലെ മരംകൊണ്ടുള്ള ഭാഗം മുഴുവൻ ഇരുമ്പുകൊണ്ടു നിർമിച്ചു. 1814-ൽ ഫ്രീഡ്റിഷ് ക്യോനിഗ് എന്ന ജർമൻകാരൻ അച്ചുവയ്ക്കുന്ന പരന്ന പ്രതലമുള്ള പ്രസ്സിൽനിന്ന് 'ടൈംസ്' പത്രം പുറത്തിറക്കി. 'മുദ്രണകലയുടെ കണ്ടുപിടിത്തത്തിനുശേഷമുള്ള ഏറ്റവും വലിയ പുരോഗമനം' എന്ന് അച്ചടിച്ചുകൊണ്ടാണ് 1814 ന. 29-ലെ 'ടൈംസ്' പത്രം പുറത്തിറങ്ങിയത്. മണിക്കൂറിൽ 1,100 പ്രതികളാണ് അന്ന് അച്ചടിച്ചിരുന്നത്. ആവികൊണ്ടാണ് ഈ യന്ത്രം പ്രവർത്തിപ്പിച്ചിരുന്നത്. ഈ കണ്ടുപിടിത്തം മുദ്രണകലയിൽ പരിവർത്തനത്തിന്റെ തുടക്കം കുറിച്ചു. തന്റെ കണ്ടുപിടിത്തത്തെ കൂടുതൽ ഫലവത്താക്കിത്തീർക്കുന്നതിന് ക്യോനിഗ് ഒരു ഫ്ളാറ്റ്ബെഡ് ലിവർ പ്രസ് (Flat Bed Lever Press) കണ്ടുപിടിച്ചു. ഇതോടെ അച്ചടിവ്യവസായ വികസനത്തിൽ മറ്റൊരു നാഴികക്കല്ലുകൂടി സ്ഥാപിക്കപ്പെട്ടു.

ഇതിനിടയിൽ 1796-ൽ മ്യൂണിക്കിലെ അലോയ്സ് സെനിഫെൽഡർ ലിത്തോഗ്രാഫി (lithography) രീതിയിലുള്ള മുദ്രണം കണ്ടുപിടിച്ചു. ഈ രീതിയിൽ അച്ചടിച്ചാൽ സാധാരണഗതിയിൽ അച്ച് അമരുന്ന പാട് കടലാസ്സിൽ കാണുകയില്ല. ഇരുണ്ട ചുണ്ണാമ്പുകല്ലിൽ അച്ചടിച്ചുകിട്ടേണ്ടത് ക്രയോൺ (crayon) കൊണ്ടുവരയ്ക്കും. ചുണ്ണാമ്പുകല്ല് റോളർ വെള്ളത്തിൽ മുങ്ങിത്തിരിയുമ്പോൾ ക്രയോൺകൊണ്ടു വരച്ചിട്ടുള്ള ഭാഗത്തു വെള്ളം പിടിക്കാതിരിക്കുകയും, മഷിറോളറുമായി ഈ ഭാഗം മുട്ടുമ്പോൾ ഇവിടെമാത്രം മഷി പുരളുകയും ചെയ്യുന്നു; വെള്ളം പരന്നിട്ടുള്ള മറ്റു ഭാഗങ്ങളിൽ സ്വാഭാവികമായും മഷി പതിയുകയില്ല. ഇത്തരത്തിൽ അച്ചടിച്ചുകിട്ടുന്നതു വളരെ ഭംഗിയുള്ളതായിരിക്കും.

വർത്തമാനപത്രങ്ങൾ അച്ചടിക്കുന്നതിന്റെ വേഗത്തിനും ഉത്പാദനക്ഷമതയ്ക്കുമായി റോട്ടറിരീതിയിലുള്ള അച്ചടി സമ്പ്രദായം ഏറ്റവും ആവശ്യമായിവന്നു. 1866-ൽ ലണ്ടനിലെ 'ടൈംസ്' പത്രം റോട്ടറിയുടെ പ്രാഗ് രൂപമായ 'വാൾട്ടർ പ്രസ്' എന്ന അച്ചടിയന്ത്രം കണ്ടുപിടിച്ചതോടെ ആധുനികരീതിയിലുള്ള അച്ചടിസമ്പ്രദായം നിലവിൽവന്നു. വർത്തുളാകൃതിയിൽ വാർത്തുവച്ചിരിക്കുന്ന അച്ചുകളുടെ ഫലകത്തിൽനിന്നു ചുരുളുകളായി വച്ചിട്ടുള്ള കടലാസിൽ അനുസ്യൂതമായി അച്ചടിക്കുന്നതായിരുന്നു ഈ രീതി. മണിക്കൂറിൽ 25,000 പ്രതികൾ അച്ചടിക്കാൻ ഈ പ്രസ്സിനു കഴിയുമായിരുന്നു. ന്യൂയോർക്കിലെ റിച്ചാർഡ്ഹോ (1812-1886) വർത്തമാനപത്രത്തിനുവേണ്ടി റോട്ടറിപ്രസ് നിർമിച്ചതോടെ അച്ചടിയിൽ കൂടുതൽ പരിവർത്തനങ്ങളുണ്ടായി (1846). പത്രങ്ങൾ അച്ചടിക്കുന്നതു കൂടാതെ എണ്ണുന്നതിനും മടക്കുന്നതിനും മറ്റുമുള്ള സജ്ജീകരണങ്ങൾകൂടി ഈ യന്ത്രത്തിൽ സംഘടിപ്പിച്ചിരുന്നതിനാൽ വളരെ ലാഭം ഉണ്ടായി.

വർത്തമാനപത്രത്തിന്റെ അച്ചടിയിലുണ്ടായ ഈ പുരോഗതി മുദ്രണവ്യവസായരംഗത്ത് ഒരു പരിവർത്തനം ഉണ്ടാക്കി. ചെറിയ തോതിലുള്ള അച്ചടിവേലകൾക്കായി ലറ്റർപ്രസ് വിഭാഗത്തിലെ അച്ചടിയും ഇതോടെ വളർച്ച പ്രാപിച്ചു. 1777-ൽ ജാക്സണിലെ ജരായിൽ ജനിച്ച യോഹാൻ ഗോട്ട്ഫൈഡ് ഫ്രെയ്റ്റാഗ് ഒരു പ്രത്യേകതരത്തിലുള്ള ട്രെഡിൽ പ്രസ് നിർമിച്ചു. ബോസ്റ്റൺകാരനായ സ്റ്റീഫൻ പി. റിഗേൽസ് ഈ ട്രെഡിൽ പ്രസ്സിനു ചില പരിഷ്കാരങ്ങൾ വരുത്തി. മഷിപുരട്ടുന്ന റോളറുകളുള്ള ഈ പ്രസ്സിന്റെ പ്രവർത്തനം റോളറുകൾ കീഴോട്ടും മേലോട്ടും (vertical motion) ചലിപ്പിച്ചുകൊണ്ടായിരുന്നു. മറ്റു പ്രവർത്തനങ്ങൾ ട്രെഡിലിന്റേതു തന്നെ ആയിരുന്നു. അമേരിക്കയിലെ ജോർജ് ഫെനിസ് ഗോർഡൻ ഈ പ്രസ്സിനു ചില ഭേദഗതികൾ വരുത്തി; പുതിയ രീതിയിൽ മഷി പുരട്ടാനുള്ള പദ്ധതിയായിരുന്നു അത്. 1863-ൽ മെറിറ്റ് ഗാലി സമാന്തരമായി അച്ചു പതിയത്തക്കരീതിയിലുള്ള വലിയതരം അച്ചടി യന്ത്രം കണ്ടുപിടിച്ചു. ഇവയെല്ലാം തന്നെ കാലുകൾകൊണ്ടു ചവിട്ടി പ്രവർത്തിപ്പിക്കുകയും, കൈകൊണ്ട് കടലാസ് എടുത്തുവച്ച് അച്ചടിക്കുകയും ചെയ്യുന്ന തരത്തിലുള്ളതായിരുന്നു.

1885-ൽ ടോൽബർട് ലാന്റ്സ്റ്റൺ മോണോടൈപ്പ് (Monotype) അച്ചുനിരത്തൽ രീതിയും, ഫ്രെഡറിക് ഐവ്സ് ഫോട്ടോബ്ളോക്കുകൾ എടുക്കുന്നതിനുള്ള ലൈൻ സ്ക്രീനും കണ്ടുപിടിച്ചു. 1890-ൽ ഈ രീതിയെ മാക്സ് ലീവി സമ്പൂർണമാക്കി. ഇതെല്ലാം ഒരു നൂറു കൊല്ലക്കാലത്തെ പുരോഗതിയായിരുന്നു. മോണോടൈപ്പും ലൈനോടൈപ്പും കണ്ടുപിടിക്കുന്നതിനുമുമ്പ് കൈകൊണ്ട് അച്ചു നിരത്തുകയായിരുന്നു പതിവ്. ഇതിനു വേഗം കുറവും പ്രയാസം കൂടുതലും ആയിരുന്നു. ഈ കണ്ടുപിടിത്തത്തിനുശേഷം അച്ചുകളുടെ കാര്യത്തിൽ വൈവിധ്യവും ആധുനികത്വവും ഉണ്ടാകുകയും അത് അച്ചടിയെ വികസിപ്പിക്കുകയും ചെയ്തു. 19-ാം ശ.-ത്തിന്റെ അവസാനത്തോടെ രൂപപ്രതിഫലന (image carrier) സമ്പ്രദായ മുദ്രണത്തിൽ ഒരു വലിയ വ്യതിയാനം ഉണ്ടായി. ഉരുക്കിയ ലോഹം വഴിയുള്ള അച്ചുനിരത്തലും അച്ചടിയുടെ പുരോഗതിയെ സഹായിച്ചു. ഫോട്ടോ എൻഗ്രേവിങ്ങിന്റെ ആവിർഭാവം ചിത്രങ്ങളുടെ അച്ചടിയെ ത്വരിതപ്പെടുത്തി. 1884-ൽ ഓട്ട്മാർ മെർഗെന്താലർ ലൈനോടൈപ്പ് കമ്പോസിങ് കണ്ടുപിടിച്ചു.

20-ാം ശ.-ത്തിന്റെ മധ്യത്തോടെ എല്ലാ മുദ്രണയന്ത്രങ്ങളും സ്വയംപ്രവർത്തകങ്ങൾ ആയിത്തീർന്നു. തൻമൂലം ഏറ്റവും വേഗത്തിൽ അച്ചടി നടത്തുവാൻ കഴിയുന്നു. അതായത്, അടുക്കിവയ്ക്കുന്ന കടലാസ് സ്വയം എടുത്ത് അച്ചടിച്ചു മറുവശത്ത് അടുക്കിവയ്ക്കുന്നതടക്കമുള്ള എല്ലാ പ്രവർത്തനവും യന്ത്രം ചെയ്യുന്നു. ഈ ശ.-ത്തിന്റെ പൂർവാർധത്തിൽതന്നെ അച്ചടിവ്യവസായത്തിൽ പ്രയോഗക്ഷമത പ്രകടമായി. ഗുണം, വേഗം, ശാസ്ത്രീയ സമീപനം എന്നിവയായിരുന്നു ഈ കാലഘട്ടത്തിന്റെ ഉന്നം. ഫോട്ടോഗ്രാഫിയിൽ ശാസ്ത്രത്തിന്റെ പ്രയോഗം അച്ചടിയിലെ സാങ്കേതികഘടകങ്ങൾക്ക് നവചൈതന്യം നല്കുകയും അച്ചടിവ്യവസായത്തിൽ സമൂലപരിവർത്തനം ഉളവാകുകയും ചെയ്തു. ലിത്തോഗ്രാഫിയും, ഗ്രേവ്യൂർ (Gravure) പ്രിന്റിങ്ങും ചിത്രങ്ങൾ അച്ചടിക്കുന്ന കാര്യത്തിൽ ഏറ്റവും ഫലപ്രദമായിത്തീർന്നു. ഇപ്പോൾ ഒൻപതു നിറങ്ങൾ ഒരേ സമയത്ത് അച്ചടിച്ചെടുക്കാവുന്ന വർണമുദ്രണയന്ത്രങ്ങളുണ്ട്.

'കടലാസിൽ മഷിയിടുന്ന എല്ലാവരും അച്ചടിവ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു' എന്ന നൂതനാശയത്തെ ലക്ഷ്യമാക്കി 1945-ൽ അമേരിക്കൻ അച്ചടിവ്യവസായസംഘടന രൂപവത്കൃതമായി.

അച്ചുനിരത്തൽ[തിരുത്തുക]

അച്ചടിയിലെ ഒരു പ്രധാന വിഭാഗമാണ് അച്ചുനിരത്തൽ (composing). അച്ചുനിരത്തൽ ജോലി കൈകൊണ്ടും യന്ത്രസഹായത്താലും നടത്തുന്നു. അച്ചുകൾ ഉണ്ടാക്കുവാൻ തടി, വിവിധ ലോഹസങ്കരങ്ങൾ‍, പ്ലാസ്റ്റിക് എന്നിവ ഉപയോഗിക്കുന്നു. വലിയ പോസ്റ്ററുകൾ മുദ്രണം ചെയ്യാൻ എപ്പോഴും മര-അച്ചുകളാണുപയോഗിക്കുക. ഏറ്റവും പുതിയ ഏർപ്പാടാണ് പ്ലാസ്റ്റിക് അച്ചുകൾ.

അച്ചുനിരത്തൽ -കൈകൊണ്ട് (Hand composing)[തിരുത്തുക]

ഒരച്ചിന്റെ ഉയരം 0.918 ഇഞ്ച് ആണ്. ഈ അളവിന് ടൈപ്പ് ഹൈ (type high) എന്നാണ് പറയുന്നത്. വാക്കുകൾ തിരിക്കുന്നതിനു വാക്കുകൾക്കിടയ്ക്ക് ഈയക്കഷണങ്ങൾ (spaces) ഇടുന്നു.ഈ ഈയക്കഷണങ്ങൾ അച്ചിനെക്കാൾ ഉയരം കുറഞ്ഞതായിരിക്കും. കൈകൊണ്ട് അച്ചു നിരത്തുന്നയാളിനെ 'കമ്പോസിറ്റർ' എന്നു പറയും; അച്ചുകൾ നിരത്തുന്ന ജോലിക്ക് 'കമ്പോസിങ്' എന്നും. 'അച്ചുകൾ നിരത്തുന്ന' ഈ ജോലിക്കു പ്രത്യേകപരിശീലനം ആവശ്യമാണ്. അനവധി ചെറിയ അറകളുള്ള പെട്ടികളിലാണ് അച്ചുകൾ സൂക്ഷിക്കുന്നത്. ഒരേ പോയിന്റിലുള്ള അച്ചുകൾ ഒരു പെട്ടിയിലാണ് ഇടുന്നത്. ലോഹം കൊണ്ടും മരം കൊണ്ടും നിർമിച്ചിട്ടുള്ള പെട്ടികളാണ് ടൈപ്പ്കേസ്സുകളായി ഉപയോഗിക്കുക. ഈ കേസ്സുകളിൽ അച്ചുകൾ നിരത്തിയിരിക്കുന്നത് അകാരാദിക്രമത്തിലല്ല. കൂടുതൽ ആവശ്യം വരുന്ന അക്ഷരങ്ങളുടെ അച്ചുകൾ വേഗത്തിൽ എടുക്കാവുന്ന സ്ഥാനത്ത് ഇട്ടിരിക്കും. ഉദാ. അ, ആ, ക, ട. ഇംഗ്ലീഷ് അക്ഷരങ്ങൾ രണ്ടു കേസുകളിലാണ് അടുക്കിയിരിക്കുന്നത്; മുകളിലുള്ള കേസ്സിൽ വലിയ അക്ഷരങ്ങളും (capitals) താഴത്തെ കേസ്സിൽ ചെറിയ അക്ഷരങ്ങളും. ഇത്തരം സംവിധാനത്തിന്റെ തുടർച്ചയായ ഉപയോഗത്തെത്തുടർന്ന് ഇംഗ്ലീഷ് വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും യഥാക്രമം അപ്പർകേസ് ലറ്റേഴ്സ് (upper case letters) എന്നും ലോവർകേസ് ലറ്റേഴ്സ് (lower case letters) എന്നും അറിയപ്പെടുന്നു. ഒരു കൈയെഴുത്തുപ്രതി അച്ചടിക്കുന്നതിന് ആദ്യമായി കമ്പോസിറ്റർ അച്ചുകൾ അതത് അറകളിൽനിന്നും എടുത്തു കമ്പോസിങ് സ്റ്റിക്കിൽ (composing stick) വയ്ക്കുന്നു. 2" വീതിയും 6" മുതൽ 12" വരെ നീളവുമുള്ള സ്റ്റിക്കിന്റെ ഇടതുവശവും മുകൾവശവും ഉയർന്നു നില്ക്കുന്നു. ആവശ്യമായ വരികളുടെ നീളം കണക്കാക്കി ഇതിന്റെ വലതു വശം ശരിയാക്കുന്ന രീതിയിലാണ് സ്റ്റിക്കിന്റെ നിർമ്മാണം. അച്ചിന്റെ 'നിക്ക്' മുൻഭാഗത്തു വരത്തക്കവിധം അച്ചുകൾ സ്റ്റിക്കിൽ നിരത്തുന്നു; വേണ്ട നീളത്തിൽ സ്റ്റിക്ക് ക്രമപ്പെടുത്തി വേണം അച്ചുകൾ നിരത്തുക. വാക്കുകൾക്കിടയിൽ സ്പെയിസുകൾ വച്ചും വരികൾ തിരിച്ചും അച്ചുകൾ നിരത്തി, സ്റ്റിക്ക് നിറയുമ്പോൾ അതിൽ നിരത്തിയ അച്ചുകൾ തെറ്റാതെ ഒരു 'ട്രേ'യിലേക്കു മാറ്റുന്നു. മൂന്നുവശവും പൊങ്ങിയിരിക്കുന്ന ഒരു വലിയ തട്ടമാണ് ഇത്. ലോഹം കൊണ്ടോ മരം കൊണ്ടോ നിർമിച്ച ഈ ട്രേയ്ക്ക് 'ഗാലി' (galley) എന്നുപറയുന്നു. ഇങ്ങനെ ഗാലി നിറയുമ്പോൾ അച്ചുകൾ ചേർത്തുകെട്ടി അച്ചിന്റെ മുകളിൽ മഷി പുരട്ടി അതിന്റെ പുറത്തു കടലാസ് വച്ച് അച്ചുകളുടെ രൂപം കടലാസ്സിൽ പകർത്തുന്നു. ഈ പകർപ്പിന് 'പ്രൂഫ്' (proof) എന്നാണ് പറയുന്നത്. വാക്കുകൾക്കിടയിലും വരികൾക്കിടയിലും ആവശ്യമായ വിടവുകൾ സൃഷ്ടിക്കുന്നതിനു സ്പേസ് (space), ലെഡ് (lead), ക്വാഡ് (quad), കൊട്ടേഷൻ (quotation), ഫർണിച്ചർ (furniture) എന്നിവ ഉപയോഗിക്കുന്നു.

അച്ചുകൾ[തിരുത്തുക]

ഇരുമ്പിൽ തീർത്ത അച്ചുകൾ അടുക്കിയിട്ടുള്ള പാളികൾ

അച്ചടിക്കാവശ്യമായ അച്ചുകളെ മൂന്നു വിഭാഗത്തിൽപ്പെടുത്താം. ഫൌണ്ട്രി (Foundry) ടൈപ്പ്, യന്ത്രനിർമിത ടൈപ്പ്, ഫോട്ടോകമ്പോസ്ഡ് ടൈപ്പ്. ആദ്യത്തെ രണ്ടിലും അക്ഷരത്തിന്റെ വടിവ് ലോഹത്തിന്റെ ഒരു വശത്തായിരിക്കും. മഷി പുരട്ടുമ്പോൾ ഈ വടിവുകളുടെ പുറത്ത് മഷി പതിഞ്ഞാണ് പതിപ്പുകൾ ഉണ്ടാകുക. ഫോട്ടോ കോമ്പസിഷനിൽ ഫോട്ടോഗ്രാഫി സമ്പ്രദായത്തിലാണ് അച്ചുകൾ പകർത്തിക്കിട്ടുന്നത്. നോ: അച്ചുനിർമ്മാണശാല 1440-ൽ ഗുട്ടൻബർഗ് സംവിധാനം ചെയ്ത രീതിയിൽ തന്നെയാണ് ഇപ്പോഴും ഫൌണ്ട്രി ടൈപ്പ് വാർക്കുന്നത്. ഗുട്ടൻബർഗിന്റെ കാലത്തിനുശേഷം 30,000-ത്തോളം അച്ചുമാതൃകകൾ ഉണ്ടായിട്ടുണ്ട്. ഇതിൽ 3,000-ത്തോളം ഇന്നും ഉപയോഗത്തിലിരിക്കുന്നു. അക്ഷരങ്ങളുടെ വടിവ് അടിസ്ഥാനമാക്കി അച്ചുകൾ തരംതിരിച്ചിട്ടുണ്ട്. ഇങ്ങനെ തരംതിരിച്ചിരിക്കുന്ന രീതിയെ 'സെരിഫ്' എവലൂഷൻ സിസ്റ്റം (serif-evolution system) എന്നു പറയുന്നു. ഈ സമ്പ്രദായം അനുസരിച്ച് അച്ചുകളെ (ഇംഗ്ലീഷ്) എട്ട് തരങ്ങളുള്ളതായി കാണിച്ചിട്ടുണ്ട്. വെനീഷ്യൻ (Venetian), ഓൾഡ് സ്റ്റൈൽ (Old style Dutch,English and French) ട്രാൻസിഷനൽ (Transitional), മോഡേൺ (Modern), കണ്ടംപററി (Contemporary), ബ്ളാക്ക് ലറ്റർ (Black letter) സ്ക്രിപ്റ്റ്സ് (Scripts), ഡെക്കറേറ്റീവ് ലെറ്റേഴ്സ് (Decorative letters) എന്നിവയാണവ.

അച്ച്-അളവുകൾ[തിരുത്തുക]

അച്ചുകൾ വലിപ്പമനുസരിച്ച് തരംതിരിക്കപ്പെടുന്നു. 4 പോയിന്റ് മുതൽ 144 പോയിന്റ് വരെയുള്ള അച്ചുകളുണ്ട്. സാധാരണ ഉപയോഗിക്കുന്ന അച്ചുകളുടെ അളവ് 6, 7, 8, 9, 10, 11, 12, 14, 18, 24, 30, 36, 42, 48, 60, 72 പോയിന്റുകളാണ്. അച്ചുടലിന്റെ മുൻപിൻ ഭാഗങ്ങൾ തമ്മിലുള്ള അകലമാണ് പോയിന്റ് നിർണയിക്കുന്നതിനുള്ള അടിസ്ഥാനം. ഒരു പോയിന്റ് 0.01384 ഇഞ്ചാണ് (1/72). മുമ്പ് ഇത്തരം അളവ് ഉണ്ടായിരുന്നില്ല. ഓരോ അളവിലുള്ള അച്ചിനും പേരുകളുണ്ടായിരുന്നു. പേൾ (pearl), അഗേറ്റ് (Agate), നോൺ പരൈൽ (Non Pareil), ബ്രെവിയർ (Bravrevier), ലോങ് പ്രൈമർ (Long primer), പൈക്കാ (Pica) എന്നിവയാണ് പേരുകൾ. ഇതിൽ ചില പേരുകൾ മറ്റ് ആവശ്യങ്ങൾക്ക് ഇപ്പോഴും ഉപയോഗിച്ചുവരുന്നുണ്ട്. അഗേറ്റ് എന്നു പറയുന്നത് 5 1/2പോയിന്റിനു സമമാണ്. പരസ്യങ്ങൾക്കു വേണ്ട സ്ഥലം നിശ്ചയിക്കുന്നതിന് അഗേറ്റ് ഒരളവായി ഉപയോഗിക്കുന്നു. വരികളുടെ നീളം, പേജിന്റെ വീതി എന്നിവ കണക്കുകൂട്ടുന്നതിന് 'പൈക്കാ' ഇന്നും ഉപയോഗിച്ചുവരുന്നു. ഇതിനു സമാന്തരമായി, വെണ്ടയ്ക്കാ (24), വഴുതനങ്ങ (36), മത്തങ്ങ (48) എന്നെല്ലാം പേരുകൾ മലയാളത്തിലും പ്രചാരത്തിൽ ഉണ്ടായിരുന്നു. 72, 144 എന്നീ പോയിന്റുകൾ ഉള്ള അച്ചുകൾ തടിയിലാണ് നിർമ്മിക്കുന്നത്.

ടൈപ്പ് ഫോണ്ട്'(Type Font)[തിരുത്തുക]

ഒരേ പോയിന്റിലും മാതൃകയിലും ഉള്ള അക്ഷരങ്ങൾ, ആ പോയിന്റിലെ അക്ഷരങ്ങൾക്കു സമാനമായ അക്കങ്ങൾ, റഫറൻസ് അടയാളങ്ങൾ, ചിഹ്നങ്ങൾ എന്നിവ ഒന്നിച്ചുള്ള ഒരു കൂട്ടത്തിനു ടൈപ്പ് ഫോണ്ട് എന്നു പറയുന്നു. മിക്ക ഇംഗ്ലീഷ് ടൈപ്പ് ഫോണ്ടുകളിലും &,$ എന്നിവയും ff,f1,ff1,fl,ffl എന്നീ അക്ഷരങ്ങൾ കൂട്ടിച്ചേർത്തുള്ള 5 അച്ചുകളും ഉണ്ടായിരിക്കും. ഒരു മാറ്റർ അച്ചടിക്കുന്നതിന് ഒരേ ടൈപ്പ് ഫോണ്ടിലുള്ള അക്ഷരങ്ങളാണുപയോഗിക്കുക. വേറെ ടൈപ്പ് ഫോണ്ടിലുള്ള അക്ഷരം തെറ്റായി ചേർത്താൽ അതിന് റോങ് ഫോണ്ട് (wrong font) എന്നു പറയും. ഒരേ പോയിന്റിൽതന്നെ ലൈറ്റ് (light), മീഡിയം (medium), ബോൾഡ് (bold), എക്സ്ട്രാ ബോൾഡ് (extra bold), കണ്ടൻസ്ഡ് (condensed), ഷാഡോഡ് (shadowed) എന്നീ വക അച്ചുകളുണ്ട്. ഗണിതശാസ്ത്രം, രസതന്ത്രം, ജ്യോതിഃശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയ്ക്കു വേണ്ടിവരുന്ന ചിഹ്നങ്ങൾ, മുദ്രകൾ, വാക്കുകൾ, വരികൾ എന്നിവ യോജിപ്പിക്കാനുള്ള അടയാളങ്ങൾ - ( } ], ജ്യോതിശ്ചക്ര ചിഹ്നങ്ങൾ ഇവയൊക്കെ അച്ച് - കുടുംബത്തിൽപെട്ടതാണ്. ഇറ്റലിയിലെ നവോത്ഥാനത്തിനുശേഷം (14-ാം ശ.) ഓരോ കാലങ്ങളിലായി അച്ചുശില്പികൾ പുതിയ പുതിയ അച്ചുമാതൃകകൾ സംവിധാനം ചെയ്തിട്ടുണ്ട്. നിക്കോളാസ് ജെൻസണ്‍, ആൽഡസ് മനുഷ്യസ്, ക്ളാഡ് ഗാരമോണ്ട്, വില്യം കാസ്ലൺ, ജോൺ ബാസ്കർവിൽ‍, ഗിയാം ബാത്തിസ്താ ബൊഡോനി, ഫ്രെഡറിക് ഡബ്ള്യു ഗൂഡി, ഡബ്ള്യു എ. സ്വിഗ്ഗിന്സ്, റൂഡോൾഫ് കോഹ്, പാൾ റെന്നെർ‍, യാൻ ഫാൻ ക്രിംപെൻ‍, സ്റ്റാൻലി മോറിസൺ, ബ്രൂസ് റോജേഴ്സ്, ഹെർമൻ സാപ്ഫ് എന്നിവർ അച്ചു സംവിധാനത്തിൽ പ്രശസ്തി നേടിയവരാണ്. ചില ടൈപ്പുകൾ അവ സംവിധാനം ചെയ്തവരുടെ പേരിലാണ് അറിയപ്പെടുന്നത്.

അച്ചുനിരത്തൽ -യന്ത്രങ്ങൾമൂലം[തിരുത്തുക]

കൈകൊണ്ട് അച്ചു നിരത്തുന്നതിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും, സമയം ലാഭിക്കാനും, അക്ഷരങ്ങളുടെ വടിവ് നിലനിർത്താനും ഉപകരിക്കുംവിധം പരിഷ്ക്കാരങ്ങൾ ആവശ്യമായി വന്നു. ലൈനോടൈപ്പ്, മോണോടൈപ്പ് എന്നിവയാണ് പുതിയ യന്ത്രവത്കൃത-അച്ചുനിരത്തൽ സമ്പ്രദായങ്ങൾ. ടൈപ്പ്റൈറ്ററിലെപോലെ ഓരോ അക്ഷരത്തിന്റെയും ആണി (Key) അമർത്തി അതിന്റെ മൂശ പ്രവർത്തിപ്പിച്ച് ക്രമത്തിൽ അതിന്റെ അച്ച് വാർത്തെടുക്കുന്ന ഏർപ്പാടാണ് അത്.

ലൈനോടൈപ്പ് (Linotype)[തിരുത്തുക]

1878-ൽ ഓട്ട്മാർ മെർഗെന്താലർ ആണ് ലൈനോടൈപ്പ് വികസിപ്പിച്ചെടുത്തത്. പക്ഷേ ഇതിനു പത്തുവർഷത്തോളം വേണ്ടത്ര പ്രചാരം ലഭിച്ചില്ല. 1886 ജൂല. 3-ന് 'ന്യൂയോർക്ക് ട്രൈബൂൺ' എന്ന പത്രത്തിൽ ലൈനോടൈപ്പ് അച്ചുകൾ ഉപയോഗിച്ചതോടെയാണ് ഈ സമ്പ്രദായം പ്രചരിച്ചത്. ഏതക്ഷരമാണ് വേണ്ടതെന്നു നോക്കി ആ അക്ഷരത്തിന്റെ കീ അമർത്തുമ്പോൾ അതിന്റെ മാട്രിക്സ് (matrix) താഴെയുള്ള ഒരു നാടയിലേക്കു പതിക്കുന്നു. ഓരോ വാക്കും കഴിയുമ്പോൾ സ്പെയിസും നാടയിലേക്കു വീഴ്ത്തും. വരികൾ പൂർത്തിയാകുന്ന മുറയ്ക്ക് സ്പെയിസ് ഉയർത്തി വരി തനിയെ മുറുക്കുന്നു. ഈ വരി വാർക്കുന്ന പാത്രത്തോടു ബന്ധിപ്പിക്കുന്നതോടെ ഉരുകിയ ലോഹം അച്ചുകളിലേക്ക് തള്ളി, വരി വാർത്തുകിട്ടുന്നു. തുടർന്ന്, വാർത്ത വരികൾ ഘനീഭവിപ്പിക്കുന്നു. ഈ വരികൾ ഗാലിയിൽ നിറയുന്നു.

1912-ൽ ലൈനോടൈപ്പിനു സദൃശമായ ഇന്റർടൈപ് (Inter type) യന്ത്രം കണ്ടുപിടിക്കപ്പെട്ടു. ഇതിന്റെ പ്രവർത്തനതത്ത്വം ഏതാണ്ട് ലൈനോടൈപ്പിലേതുപോലെതന്നെയാണ്. ഈ യന്ത്രങ്ങൾ ഉപയോഗിച്ചു വർത്തമാനപത്രത്തിലെ ഒരു കോളത്തിലെ 7-8 വരികൾ ഒരു മിനിറ്റിൽ വാർക്കാം. പിന്നീടു നടത്തിയ ഗവേഷണങ്ങളുടെ ഫലമായി ഇതിന്റെ വേഗം 12-15 വരികളായി വർദ്ധിച്ചു. ഇപ്പോൾ ഓപ്പറേറ്ററുടെ സഹായം കൂടാതെതന്നെ കീബോർഡ് പ്രവർത്തിപ്പിക്കാം. 'ഫെയർചൈൽഡ് ടെലിടൈപ്പ്സെറ്റർ' (Fair child Tele type setter) ഇതിൽ ഏറ്റവും പുതിയതാണ്. യന്ത്രവത്കൃത-അച്ചുനിരത്തലിന്റെ മറ്റൊരു രീതിയാണ് 'ലഡ്ലോ ടൈപ്പോഗ്രാഫ്' (Ludlow typograph). പരസ്യങ്ങൾക്കും മറ്റും വേണ്ട വലിയ അച്ചുകൾ വാർക്കാൻ 'ലഡ്ലോ' സമ്പ്രദായമാണ് ഉപയോഗിക്കുന്നത്. 'ലഡ്ലോ'വിനു സമാനമായ മറ്റൊന്നാണ് 'എൽറോഡ്' (Elrod). 1 മുതൽ 18 വരെ പോയിന്റ് ഘനമുളള ലെഡ്, ബോർഡർ, സ്പേസ് എന്നീ സാധനങ്ങൾ ഇതിൽ വാർക്കുന്നു. യു.എസ്സിൽ ലൈനോടൈപ്പ് സമ്പ്രദായം ഇല്ലാത്ത ഒരച്ചടിശാലയോ വർത്തമാനപത്രമോ ഇല്ലെന്നുതന്നെ പറയാം.

മോണോടൈപ്പ് (Monotype)[തിരുത്തുക]

യന്ത്രത്തിന്റെ കീബോർഡും വാർപ്പുയന്ത്രവും വേറെവേറെയാണ്. കീബോർഡ് പ്രവർത്തിക്കുമ്പോൾ വീതി കുറഞ്ഞ ഒരു കടലാസുചുരുളിൽ പലവിധ ദ്വാരങ്ങളുണ്ടാകുന്നു. 'റിബൺ' എന്നുപേരുള്ള ഈ കടലാസുചുരുൾ വാർപ്പുയന്ത്രവുമായി ബന്ധിപ്പിക്കുന്നു. ദ്വാരങ്ങളിലൂടെ വായു ശക്തിയായി പ്രവേശിപ്പിച്ച് ഒരു മൂശയുമായി ബന്ധിപ്പിക്കുന്നു. ഇങ്ങനെ ഓരോ അക്ഷരവും വാർത്തെടുത്ത് വരിയാകുമ്പോൾ സ്വയം ഗാലിയിലേക്കു മാറും. 4 മുതൽ 18 വരെ പോയിന്റുള്ള 160-200 അച്ചുകൾ ഒരു മിനിറ്റിൽ തയ്യാറാകും.

വേഗത മാത്രമായിരുന്നില്ല മോണോടൈപ്പ് കൊണ്ടുള്ള ലാഭം. ഒന്നോ രണ്ടോ അക്ഷരങ്ങൾക്ക് പിശകുകൾ സംഭവിച്ചാൽ അവ പെട്ടെന്നുതന്നെ കെയ്സിൽ നിന്നും ടൈപ്പ് എടുത്ത് തിരുത്താമായിരുന്നു. ഫോണ്ടുകൾ നിർമ്മിക്കുന്നതിനും ലെഡ്ഡുകളും ക്വോട്ടുകളും (സ്പേസുകൾ) ഉണ്ടാക്കുന്നതിനും മോണോടൈപ്പ് ഉപയോഗിക്കാമെന്നായി. കീബോർഡ് വേറെ ആയതിനാൽ പ്രവർത്തിക്കുന്ന ആൾ മുഴുവൻ സമയവും ഈയപ്പുകയിൽ ഇരിക്കേണ്ട എന്നൊരു ഗുണവും ഉണ്ടായിരുന്നു.

ഫോട്ടോ ടൈപ്പ്സെറ്റിങ് (Phototype setting)[തിരുത്തുക]

1949-ലാണ് ഇന്റർടൈപ്പ് കമ്പനി ആദ്യത്തെ ഫോട്ടോ ടൈപ്പ്സെറ്റിങ് യന്ത്രം പുറത്തിറക്കിയത്. ഇതിന്റെ മാട്രിക്സിൽ ഫോട്ടോ പ്രതിബിംബങ്ങൾ (Photographic images) ആണുള്ളത്. ഈ പ്രതിബിംബങ്ങളെ ടററ്റ് (turret) മാതൃകയിലുള്ള ക്യാമറയിലൂടെ കടത്തുന്നു. നെഗറ്റീവ് ഫിലിമിലോ പോസിറ്റീവ് ഫിലിമിലോ പൂർത്തിയായ വരി പ്രത്യക്ഷപ്പെടും. ഫോട്ടോസെറ്റർ (photosetter) {ഫോട്ടോമാറ്റിക് - photomatic }യന്ത്രത്തിൽ ഫിലിമിലോ ഫോട്ടോഗ്രാഫിക് പേപ്പറിലോ ഗാലിയിലുള്ള രൂപത്തിൽ സ്പേസ് ഇട്ട് അകറ്റിയ വരികൾ ലഭ്യമാകുന്നു. 4 മുതൽ 36 വരെ പോയിന്റുകളിൽ 42 പൈക്കാ നീളത്തിലുള്ള വരികൾ ഇതിൽ ലഭിക്കും.

ഓഫ്സെറ്റ് ലിത്തോഗ്രാഫി (Offset Lithography) ലറ്റർപ്രസ് എൻഗ്രേവിങ് (Letterpress Engraving), സ്ക്രീൻ പ്രോസസ്സിനു (Screen Process) വേണ്ട സ്റ്റെൻസിൽ എന്നിവയ്ക്കാണ് ഫോട്ടോടൈപ്പ് സെറ്റിങ് ഉപയോഗിക്കുന്നത്.

കറങ്ങിക്കൊണ്ടിരിക്കുന്ന മാട്രിക്സ് ഡിസ്കിന്റെയും സ്റ്റോബോസ്കോപിക് ഫ്ളാഷിങ് ലൈറ്റിന്റെയും സഹായത്തോടെ അച്ചുകളുടെ പ്രതിബിംബം ഫോട്ടോപേപ്പറിലാക്കുന്ന രീതിയാണ് 'ഫോട്ടോണി'ൽ (Photon) ഉള്ളത്. ഒറ്റ കീബോർഡിൽനിന്ന് 17,280 അച്ചുകളുടെ പ്രതിബിംബം ഉണ്ടാക്കാൻ ഇതിനു കഴിയുന്നു. ഒരു സെക്കൻഡിൽ 8 മുതൽ 10 വരെ അച്ചുകളുടെ പ്രതിബിംബം ഇതിലൂടെ പതിപ്പിക്കാം. ഫിലിമുകളിൽ ടൈപ്പുണ്ടാക്കുന്നതിനു രൂപംകൊണ്ട ബ്രിട്ടിഷ് യന്ത്രമാണ് 'മോണോ ഫോട്ടോ' (Monophoto). മോണോടൈപ് കീബോർഡിലൂടെ ചെറുദ്വാരമിട്ട കടലാസു റിബൺ പ്രവർത്തിപ്പിച്ചാണ് മോണോഫോട്ടോ അക്ഷരങ്ങൾ തയ്യാറാക്കുന്നത്.

മെർഗന്താലർ ലൈനോടൈപ്പ് കമ്പനി 'ലിനോഫിലിം' (linofilm) എന്ന ഒരു പുതിയ ഫോട്ടോഗ്രാഫിക് ടൈപ്പ്സെറ്റിങ് യന്ത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഇതിന് നാല് യൂണിറ്റുകളുണ്ട്. കീബോർഡ് (key board), ഫോട്ടോഗ്രാഫിക് യൂണിറ്റ് (photographic unit), കറക്ടർ (corrector), കമ്പോസർ (composer). കീബോർഡ് ടൈപ്പ്റൈറ്ററിലേതുപോലെയാണ്. ലെഡിങ് (leading), ക്വാഡിങ് (quadding) എന്നിവ സാധ്യമാക്കുന്നതിനുള്ള ഒരു കൺട്രോൾ ബട്ടൺ കൂടി കീബോർഡിലുണ്ട്. ഫോട്ടോഗ്രാഫിക് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ തുടങ്ങത്തക്കവണ്ണം ഒരു കടലാസ്ടേപ്പിൽ കീബോർഡ് ഉപയോഗിച്ച് ദ്വാരങ്ങൾ ഉണ്ടാക്കുന്നു. അനവധി കീബോർഡുകളിൽനിന്നു കിട്ടുന്ന കടലാസ് ടേപ്പ് കൈകാര്യംചെയ്യാൻ ഫോട്ടോ യൂണിറ്റിനു കഴിയും. ഫോണ്ട്മാറ്റൽ, പോയിന്റ് മാറ്റൽ, ലെഡിങ്, വരിനീളം എന്നിവയെല്ലാം സ്വയം നടത്തും. ഒരു മിനിറ്റിൽ 42 പൈക്കാനീളത്തിൽ 16 ന്യൂസ്പേപ്പർ വരികൾ ഇതിൽ തയ്യാറാകും. ലിനോഫിലിം കറക്ടർ തെറ്റുകൾ സ്വയം തിരുത്തി, തിരുത്തിയ വരികൾ തനിയെ വേണ്ട സ്ഥലത്ത് വയ്ക്കുന്നു.

ഓഫ്സെറ്റിലും ഗ്രേവ്യൂർ പ്ളേറ്റ് മേക്കിങിലും ഉപയോഗിക്കാൻ കഴിയുന്ന ടൈപ്പുകൾ തയ്യാറാക്കുന്ന ഒരു യന്ത്രമാണ് അമേരിക്കൻ ടൈപ്പ് ഫൌണ്ടേഴ്സ് ടൈപ്പ് സെറ്റർ. 1960-നുശേഷം കംബ്യൂട്ടർ ഉപയോഗിച്ചും ടൈപ്പ് സെറ്റുചെയ്യാൻ തുടങ്ങി.

ഡി.റ്റി.പി[തിരുത്തുക]

ഒരു കംപ്യൂട്ടറിന്റെ സഹായത്തോടുകൂടി അച്ചടിക്കായി മാറ്ററും ചിത്രങ്ങളും തയ്യാറാക്കുന്ന ആധുനിക രീതിയാണ് ഡി.റ്റി.പി. അഥവാ ഡസ്ക് റ്റോപ് പബ്ളിഷിങ്. ഇതിലേക്കായി പ്രത്യേകം തയ്യാറാക്കിയ സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിക്കുന്നു. ഉദാ: പേജ് മേക്കർ‍, ഇല്ലസ്ട്രേറ്റർ‍, ഫോട്ടോഷോപ്പ് മുതലായവ. ഡി.റ്റി.പി.യുടെ പ്രധാന കഴിവായി കണക്കാക്കുന്നത്. WYSIWYG-What You See Is What You Get - നിങ്ങൾ കാണുന്നത് എന്താണോ അത് നിങ്ങൾക്കു ലഭിക്കും എന്നതാണ്. കംപ്യൂട്ടറിന്റെ സ്ക്രീനിൽ സോഫ്ട്വെയറുകളുടെ സഹായത്തോടെ സൃഷ്ടിച്ചെടുക്കുന്ന പേജുകൾ അതേ രീതിയൽ അച്ചടിക്കാൻ സാധിക്കും.

കീബോർഡിന്റെ സഹായത്തോടുകൂടി അച്ചടിക്കാവശ്യമായ മാറ്റർ കംപ്യൂട്ടറിലേക്ക് പകർത്തുന്ന പ്രവൃത്തിയെ ഡേറ്റാ എൻട്രി എന്നു പറയുന്നു. അച്ചടിക്കാവശ്യമായ ചിത്രങ്ങൾ കംപ്യൂട്ടറിനോടു ഘടിപ്പിച്ചിരിക്കുന്ന സ്കാനർ, അഥവാ ഡിജിറ്റൽ ക്യാമറ മുഖേന കംപ്യൂട്ടറിലേക്ക് എത്തിച്ചശേഷം പേജ്മേക്കർ‍, ഫോട്ടോ ഷോപ്പ് തുടങ്ങിയ സോഫ്ട്വെയറുകൾ മുഖാന്തരം അച്ചടിക്കാവശ്യമായ വലിപ്പത്തിലും രൂപത്തിലുമുള്ള പേജുകളാക്കിമാറ്റുന്നു. പേജുകൾ തയ്യാറാകുന്ന സമയത്തു തന്നെ മാറ്ററും ചിത്രങ്ങളും കൂട്ടിക്കലർത്താൻ സാധിക്കും.

ഇപ്രകാരം തയ്യാറാക്കുന്ന പേജുകളുടെ ഔട്ട്പുട്ട് പലരീതിയിൽ എടുക്കാൻ കഴിയുന്നു. ഏറ്റവും ചെലവുകുറഞ്ഞ രീതി ലേസർ പ്രിന്റർ ഔട്ട്പുട്ട് ആണ്. ഇത് പേപ്പറിലോ ട്രേസിങ് പേപ്പറിലോ എടുക്കാവുന്നതാണ്. പ്രൂഫ് വായനക്കും ലെറ്റർപ്രസ് ബ്ളോക്കിനുവേണ്ട ക്യാമറാഫിലിം തയ്യാറാക്കുന്നതിനുമെല്ലാം പേപ്പർ പ്രിന്റൌട്ട് ഉപയോഗിക്കുന്നു. ട്രേസിങ് പേപ്പറിലെ ഔട്ട്പുട്ട് ക്യാമറാഫിലിമിനു പകരമായി ഓഫ്സെറ്റ് പ്ളേറ്റ്, സ്ക്രീൻ പ്രിന്റിങ്ങിനുള്ള സിൽക് സ്ക്രീൻ എന്നിവ തയ്യാറാക്കാനായി ഉപയോഗിക്കാം.

ലേസർപ്രിന്റിനു പകരം ഇമേജ്സെറ്റർ മുഖേന ഫിലിമിലേക്ക് ഔട്ട്പുട്ട് എടുക്കുന്ന രീതി ഇന്ന് സാധാരണമാണ്. ഈ പ്രക്രിയ സി.റ്റി.എഫ്.-കംപ്യൂട്ടറിൽ നിന്നും ഫിലിമിലേക്ക് (C.T.F-Computer to Film) എന്ന് അറിയപ്പെടുന്നു. ലേസർ പ്രിന്റിനേക്കാൾ വളരെയധികം വ്യക്തമായ ഔട്ട്പുട്ട് സി.റ്റി.എഫ്. മുഖാന്തരം ലഭിക്കുന്നു. മുന്തിയതരം അച്ചടിക്ക് പ്രത്യേകിച്ച് വർണചിത്രങ്ങളുടെ അച്ചടിക്ക് ഇമേജ്സെറ്റർ ഔട്ട്പുട്ട് ഉപയോഗിച്ചാണ് പ്ളേറ്റുകൾ തയ്യാറാക്കുന്നത്.

കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള അച്ചടിയിൽ ഏറ്റവും ആധുനിക വികാസമായി കണക്കാക്കുന്നത് സി.റ്റി.പി. സംവിധാനമാണ്. കംപ്യൂട്ടറിൽ നിന്നും ഫിലിമിലേക്കും (സി.റ്റി.എഫ്), തുടർന്ന് ഫോട്ടോ ഇമേജിങ് വഴി പ്ളേറ്റിലേക്കും അച്ചടിക്കേണ്ട രൂപങ്ങൾ മാറ്റുന്നതിനുപകരം, കംപ്യൂട്ടറിൽ നിന്ന് നേരിട്ട് പ്ളേറ്റിലേക്ക് പ്രതിരൂപം മാറ്റുന്ന രീതിയാണ് സി.റ്റി.പി. അഥവാ കംപ്യൂട്ടർ റ്റു പ്ളേറ്റ് (C.T.P). ഇതുമൂലം അച്ചടിയുടെ നിലവാരം വളരെ അധികം നന്നാകുന്നതിനോടൊപ്പം സമയലാഭവും ഉണ്ടാകുന്നു.

പ്രൂഫ് വായന (Proof Reading )[തിരുത്തുക]

അച്ചടിയിലെ ഒഴിച്ചുകൂടാൻ കഴിയാത്ത ജോലികളിലൊന്നാണ് പ്രൂഫ് വായന. നിരത്തിക്കിട്ടിയ അച്ചുകളിൽ തെറ്റുകൾ വന്നിട്ടുണ്ടോ എന്നു പരിശോധിക്കുന്നതിനെ 'പ്രൂഫ് വായന' എന്നും അങ്ങനെ വന്നിട്ടുള്ള തെറ്റുകളോ മാറ്റങ്ങളോ പരിഹരിക്കുന്നതിന് 'പ്രൂഫ് തിരുത്തൽ' എന്നും പറയുന്നു. പ്രൂഫ് വായിക്കുന്ന ആൾ 'പ്രൂഫ് റീഡർ' ആണ്. പ്രൂഫ് വായിച്ചുകൊണ്ട് പ്രൂഫ് റീഡർ തിരുത്തലുകൾ നടത്തുമ്പോൾ, അതു ശ്രദ്ധിച്ചുകൊണ്ടു മാറ്ററുമായി ഒത്തുനോക്കുന്ന ആൾ ആണ് കോപ്പിഹോൾഡർ. പ്രൂഫ് എടുക്കുന്നതിനു പ്രത്യേകതരം പ്രൂഫ് പ്രസ്സുകൾ ഉണ്ട്. പരിശീലനം നേടിയ പ്രൂഫ് വായനക്കാർ പ്രത്യേകം ചിഹ്നങ്ങൾ ഉപയോഗിച്ചാണ് തെറ്റുകളും മാറ്റങ്ങളും പ്രൂഫിൽ രേഖപ്പെടുത്തുന്നത്. ഈ ചിഹ്നങ്ങൾ അടിസ്ഥാനമാക്കി തിരുത്തലുകളും മാറ്റങ്ങളും വരുത്തുന്നു. സാധാരണഗതിയിൽ ഒന്നിലധികം പ്രൂഫുകൾ വായിച്ചു തിരുത്താറുണ്ട്.

പേജ് സംവിധാനം[തിരുത്തുക]

തെറ്റുകൾ തിരുത്തിയതിനുശേഷം ആവശ്യാനുസരണം പേജുകൾ ക്രമീകരിക്കുന്നു. ഈ പേജുകൾ ഇമ്പോസിങ് സ്റ്റോൺ (Impossing stone ) എന്നു പറയുന്ന നിരപ്പുള്ള മേശപ്പുറത്ത് 'ചേസ്' (Chase) എന്ന ഇരുമ്പുചട്ടക്കൂട്ടിൽ വച്ചു മുറുക്കി അച്ചടിയന്ത്രത്തിൽ ഘടിപ്പിക്കുന്നു. (ഇമ്പോസിങ് സ്റ്റോണിന്റെ മേല്പലക മിനുസപ്പെടുത്തിയ കല്ലോ ഇരുമ്പോ ആയിരിക്കും.) ചേസിൽ വയ്ക്കുമ്പോൾ പേജുകൾ മാറിപ്പോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ പേജുകൾ മാറാതിരിക്കാനും അച്ചുകൾ ഇളകിപ്പോകാതിരിക്കാനും ഫർണിച്ചർ, കോയിൻസ് (quoins) എന്നിവകൊണ്ടു മുറുക്കുന്നു. അവസാനമായി ഉപരിതലം ഒരേ നിരപ്പിലാക്കുന്നതിന് 'പ്ളെയിനർ' (planer) എന്ന മിനുസമുള്ള ഒരു തടിക്കഷണം വച്ച് കൊട്ടുവടികൊണ്ട് അടിക്കുന്നു. ചേസുകൾ ഫോറം (forme) മുറുക്കുന്നതിനുള്ള ചട്ടക്കൂടാണ്. പല വലിപ്പത്തിലുള്ള ഫോറങ്ങളുണ്ട്. 4, 8, 16 പേജുകളാണ് സാധാരണ ഫോറങ്ങളിൽ ചേർക്കുന്നത്. 32, 64 പേജുകൾ ചേർക്കുന്ന ഫോറങ്ങളും ഇല്ലാതില്ല.

ഓഫ്സെറ്റ് അഥവാ ഗ്രെവിയറിനായി ഫിലിം (ബട്ടർ പേപ്പർ പ്രിൻറ്) ആണ് ഉപയോഗിക്കുന്നതെങ്കിൽ, അവ അളവ് കണക്കാക്കി മുറിച്ചെടുത്ത് മാർജ്ജിനുകൾ അടയാളപ്പെടുത്തിയ കടലാസിനുമുകളിൽ വച്ച് പരസ്പരം ഒട്ടിച്ച് ചേർക്കുന്നു. ചിലപ്പോൾ അവ സുതാര്യമായ പ്ലാസ്റ്റിക്ക് കടലാസിൽ പതിച്ചും ഉപയോഗിക്കാറുണ്ട്. അതിനായി ഒരു ലൈറ്റ് ടേബിൾ ആണ് പ്രതലമായി ഉപയോഗിക്കുന്നത്.

ആധുനിക രീതിയിൽ, കമ്പ്യൂട്ടറുകളിൽ ലഭ്യമായ പ്രത്യേക സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് പേജ് ക്രമീകരണം നടത്തുന്നത്. ഈ സോഫ്റ്റ് വെയർ തന്നെയാണ് അച്ചടിക്കേണ്ട പേജുകളെ ഫിലിമുകളോ പ്ലെയിറ്റോ ആക്കി മാറ്റാൻ സഹായിക്കുന്നതും.

അച്ചടിരീതികൾ[തിരുത്തുക]

നിലവിലുള്ള അച്ചടിരീതികളെ പ്രധാനമായി അഞ്ചായി തിരിക്കാം: ലറ്റർപ്രസ്-ചിത്രങ്ങളുടെ മുദ്രണം ഉൾപ്പെടെ, ഫ്ളെക്സോഗ്രാഫി, ലിത്തോഗ്രാഫി (ഓഫ്സെറ്റ്), ഗ്രെവ്യൂർ, സ്ക്രീൻ പ്രോസസ്.

ലെറ്റർപ്രസ്[തിരുത്തുക]

ലെറ്റർപ്രസ് അച്ചടിയെ റിലീഫ് പ്രിന്റിങ് (relief printing) അഥവാ ടൈപ്പോഗ്രാഫി (typography) എന്നും പറഞ്ഞുവരുന്നു. ലോഹം കൊണ്ടുള്ള ഒറ്റയൊറ്റ അച്ചുകൾ നിരത്തി അച്ചടി നടത്താവുന്ന രീതിയാണ് ലെറ്റർപ്രസ്. പകർത്തേണ്ട ഭാഗങ്ങൾ ഉന്തിയും, വേണ്ടാത്ത ഭാഗങ്ങൾ താഴ്ന്നും ഇരിക്കുന്ന അച്ചുകളിലും ബ്ളോക്കുകളിലും മഷി പുരട്ടി കടലാസിലോ മറ്റു പദാർഥങ്ങളിലോ അമർത്തി പതിപ്പിച്ചെടുക്കുന്നു. പുസ്തകങ്ങൾ, ദിനപത്രങ്ങൾ‍, ആനുകാലികപ്രസിദ്ധീകരണങ്ങൾ എന്നിവ ഈ രീതിയിലാണ് മുമ്പ് അച്ചടിച്ചിരുന്നത്. ഓഫീസുകളിലും വീടുകളിലും വ്യവസായശാലകളിലും ആവശ്യമായ മുദ്രിതരേഖകൾ ലറ്റർപ്രസ് രീതിയിൽ ഇന്നും തയ്യാറാക്കുന്നുണ്ട്.

ചിത്രങ്ങളുടെ മുദ്രണം[തിരുത്തുക]

ലെറ്റർപ്രസ് രീതിയിൽ ഒരു ചിത്രം മുദ്രണം ചെയ്യുന്നതിനു പല മാർഗങ്ങളുണ്ട്. പൊതുവിൽ ഇതിന് 'ബ്ളോക്കു നിർമ്മാണം' എന്നു പറയുന്നു. കൊത്തുപണിക്കാരന് തടിയിലോ, ലോഹത്തിലോ ചിത്രത്തിന്റെ ബ്ളോക്ക് കൊത്തിയുണ്ടാക്കാം. തടിയിൽ കൊത്തിയുണ്ടാക്കുന്നതിന് 'വുഡ്കട്ട്' (woodcut) എന്നും ലോഹത്തിൽ കൊത്തിയെടുക്കുന്നതിന് 'എൻഗ്രേവിങ്' (engraving) എന്നും പറയുന്നു. എന്നാൽ എല്ലാ ചിത്രങ്ങളും എൻഗ്രേവ് ചെയ്യാൻ കഴിയുകയില്ല. ക്യാമറയുടെ സഹായത്താൽ ഛായാഗ്രഹണരീതിയിൽ ബ്ളോക്കുകൾ നിർമ്മിക്കുന്ന പദ്ധതി വളരെ പ്രചാരത്തിൽ വന്നിരുന്നു. ഇത്തരത്തിലുള്ള ബ്ളോക്കുകളാണ് ലൈൻബ്ളോക്ക് (line block), ഹാഫ്ടോൺ ബ്ളോക്ക് (halftone block) എന്നിവ.

പേന കൊണ്ടോ ബ്രഷ് കൊണ്ടോ പല വീതിയിലുള്ള വരകളും പല വലിപ്പത്തിലുള്ള കുത്തുകളും ഉപയോഗിച്ചു വരയ്ക്കുന്ന ചിത്രങ്ങളുമുണ്ട്. കറുപ്പിന്റെ ഭാഗങ്ങൾ ലോഹത്തകിടുകളിൽ ഉറപ്പിക്കുകയും വെളുപ്പിന്റെ ഭാഗം തുറന്നിടുകയും ചെയ്ത് ആസിഡിൽ നിക്ഷാരണം (etching) ചെയ്താൽ വെളുപ്പിന്റെ ഭാഗങ്ങൾ ആസിഡിൽ കാർന്നു ലയിച്ചു കറുപ്പിന്റെ ഭാഗങ്ങൾ എഴുന്നു നില്ക്കും. കറുപ്പും വെളുപ്പും കൂടിക്കലർന്ന ഭാഗങ്ങളില്ലാത്ത ഇത്തരം ബ്ളോക്കുകൾക്കു 'ലൈൻ ബ്ളോക്കുകൾ' എന്നാണ് പേര്. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ചിത്രീകരണങ്ങൾക്ക് ഏറിയകൂറും ലൈൻബ്ളോക്കുകളാണ് ഉപയോഗിക്കുക.

മൊത്തത്തിൽ പറയുന്നപക്ഷം അച്ചടിയിൽ ഹാഫ് ടോൺ ബ്ളോക്കുകളാണ് കൂടുതലായി ഉപയോഗിച്ചുവരുന്നത്. പകർത്തപ്പെടുന്ന ചിത്രത്തിന്റെ ടോണു (tone)കളെ വിഘടിപ്പിച്ച് നെഗറ്റീവിൽ (negative) പതിപ്പിക്കുവാൻ 'സ്ക്രീൻ' (screen) എന്ന ഒരു മാധ്യമം, ഫിലിമിനോടു ചേർത്തുവയ്ക്കുന്നു. ചിത്രങ്ങളെ മുഴുവൻ അതിന്റെ വർണസാന്ദ്രതയുടെ (tone) ഏറ്റക്കുറച്ചിൽ അനുസരിച്ചു നേരിയ കളങ്ങളായി തിരിച്ച് പ്രതിരൂപം ഉണ്ടാക്കാൻ ഈ സ്ക്രീൻ സഹായിക്കുന്നു. ഒരു മനുഷ്യന്റെ ചിത്രത്തിൽ തലമുടിയുടെ ഭാഗം നന്നെ കറുത്തും വെള്ള ഉടുപ്പിന്റെ പ്രകാശം തട്ടുന്ന ഭാഗങ്ങൾ നന്നെ വെളുത്തും ഇരിക്കും. നിഴലുകളുള്ള സ്ഥലങ്ങളിൽ നിഴലിന്റെ സാന്ദ്രതയനുസരിച്ചു കറുപ്പും വെളുപ്പും കൂടിയും കുറഞ്ഞും ഇരിക്കും. നല്ല വെളുപ്പിനും നല്ല കറുപ്പിനും ഇടയിൽ, രണ്ടും പല അനുപാതങ്ങളിൽ കലർന്ന നിരവധി ഭാഗങ്ങൾ ഉണ്ടാകും. ഈ ഭാഗങ്ങളെല്ലാം വിഘടിപ്പിച്ചു പതിപ്പിക്കുന്ന മാധ്യമമാണ് സ്ക്രീൻ. ഒരു ഫോട്ടോഗ്രാഫിക് പേപ്പറിൽ എന്നപോലെ ലോഹത്തകിടിൽ പ്രകാശഗ്രാഹക-രാസവസ്തുക്കൾ പുരട്ടിയിരിക്കുന്നതിനാൽ ഇത്തരം തകിടിലേക്കു മുൻപറഞ്ഞ നെഗറ്റീവ് ഫോട്ടോഗ്രാഫി രീതിയിൽ പകർത്തി പരുവപ്പെടുത്തുന്നു. രാസവസ്തുക്കളുടെ ഗുണങ്ങളാൽ ലോഹത്തകിടിൻമേൽ ഉണ്ടാകുന്ന പ്രതിരൂപത്തിന്റെ കറുത്ത ഭാഗങ്ങൾ ആസിഡിൽ അലിയാതെ ഉറപ്പുള്ളതായും വെളുത്തഭാഗങ്ങൾ ആസിഡിൽ അലിയത്തക്കവണ്ണം ഉറപ്പുകുറഞ്ഞതായും രൂപപ്പെടുന്നു. കളം കളങ്ങളായുള്ള പ്രതിരൂപത്തിന്റെ ഇത്തരം ഘടകങ്ങൾ, ലോഹത്തകിടിന്റെ ഉപരിതലം പൊതുവിൽ ആസിഡിൽ പ്രവർത്തിക്കുമ്പോൾ ഉയർന്നതും താണതും കറുത്തതും വെളുത്തതും നിഴലുള്ളതുമായ കളങ്ങളെ സൃഷ്ടിക്കുന്നു. ഇത്തരം ബ്ളോക്കിന് 'ഹാഫ്ടോൺ ബ്ളോക്ക്' എന്നാണ് പേർ. തടിക്കട്ടകളിലോ മറ്റോ തറച്ച് ഇത് അച്ചടിക്കുപയോഗിക്കുന്നു. ടോണുകളെ വിഘടിപ്പിച്ചു പതിപ്പിച്ച ബ്ളോക്കായതിനാലാണ് 'ഹാഫ്ടോൺബ്ളോക്ക്' എന്നു പറയുന്നത്.

ബഹുവർണചിത്രങ്ങളുടെ ബ്ളോക്ക് നിർമ്മാണരീതിയും ഏകദേശം ഇതുതന്നെയാണെങ്കിലും ഓരോ വർണത്തിനും ഓരോ ബ്ളോക്ക് ആവശ്യമാണ്. മഞ്ഞ, ചുവപ്പ്, നീല (Yellow, Magenta, Cyan) എന്നീ പ്രാഥമികവർണ്ണങ്ങൾ പല ക്രമങ്ങളിലും അനുപാതങ്ങളിലും കലർത്തിയാൽ എല്ലാനിറങ്ങളും ഉണ്ടാക്കാം എന്ന അടിസ്ഥാന പ്രമാണത്തെ ആസ്പദമാക്കിയാണ് ബഹുവർണബ്ളോക്കുകൾ നിർമ്മിക്കുന്നത്. മഞ്ഞയും ചുവപ്പും കലർത്തിയാൽ ഓറഞ്ചുനിറം കിട്ടും; മഞ്ഞയും നീലയുമാണ് കലർത്തുന്നതെങ്കിൽ പച്ചയും ചുവപ്പും നീലയും കലർത്തുമ്പോൾ വയലറ്റും ലഭ്യമാകുന്നു. ഇങ്ങനെ കിട്ടുന്ന നിറങ്ങൾ വീണ്ടും പരസ്പരം കലർത്തിയാൽ മറ്റു നിറങ്ങളുണ്ടാകും.

ക്യാമറയുടെ ലെൻസിനോടു ഘടിപ്പിക്കാവുന്ന ഒരു പ്രത്യേകതരം 'അരിപ്പ' (filter) ഇതിലേക്ക് ഉപയോഗിക്കുന്നു. ഒരു ബഹുവർണ ചിത്രത്തിന്റെ പ്രതിബിംബം പച്ചനിറത്തിലുള്ള അരിപ്പയിലൂടെ കടത്തിവിട്ടാൽ ആ ചിത്രത്തിലെ ചുവപ്പുഭാഗങ്ങൾ മാത്രം നെഗറ്റീവിൽ പതിപ്പിക്കാം. മൂന്നോ അതിലധികമോ അരിപ്പകളുപയോഗിച്ച് ഓരോ വർണത്തിനും പ്രത്യേകം നെഗറ്റീവുകളും ഓരോ നെഗറ്റീവിൽ നിന്നും പ്രത്യേകം ബ്ളോക്കുകളും ഉണ്ടാക്കുന്നു. ഓരോ നെഗറ്റീവിനും സ്ക്രീൻ അല്പം തിരിച്ചു വ്യത്യസ്തമായ കോണുകൾ സൃഷ്ടിച്ച് അച്ചടിയിൽ ഒരു കളത്തിനും മറ്റൊരു കളത്തിനും തമ്മിൽ സ്ഥാനവ്യതിയാനം ഉണ്ടാക്കാം. മഞ്ഞനിറത്തിലുള്ള ബ്ളോക്കിൽ മഞ്ഞമഷി പുരട്ടി മുദ്രണം നടത്താം. അതിനുമീതെ ചുവപ്പു ബ്ളോക്കുപയോഗിച്ചു ചുവപ്പുമഷിയിൽ അച്ചടിക്കാം; മൂന്നാമത് നീലനിറമുള്ളബ്ളോക്ക് അച്ചടിക്കുമ്പോൾ ത്രിവർണമുദ്രണമാകുന്നു; നാലാമത് കറുപ്പ് അച്ചടിക്കുന്ന ചതുർവർണമുദ്രണരീതിയുമുണ്ട്. നിറങ്ങളുടെ അച്ചടിക്രമം മാറ്റാറുണ്ട്.

ലോഹത്തകിടിനുപകരം പലപ്പോഴും പ്ളാസ്റ്റിക്, ബേക്ക്ലൈറ്റ് തുടങ്ങിയ പദാർഥങ്ങളും ബ്ളോക്കുനിർമ്മാണത്തിനുപയോഗിക്കുന്നു. ക്യാമറയും രാസവസ്തുക്കളും ഇരുട്ടുമുറിയും നെഗറ്റീവും ആസിഡും ആവശ്യമില്ലാത്തതും താരതമ്യേന അതിവേഗത്തിൽ ബ്ളോക്കുനിർമ്മാണം നടത്താവുന്നതുമായ ഇലക്ട്രോണിക് എൻഗ്രേവിങ് (Electronic Engraving) യന്ത്രങ്ങളും പ്രചാരത്തിൽ ഉണ്ടായിരുന്നു.

ഒരു ദിനപത്രത്തിന്റെ പേജുകൾ വിദൂരസ്ഥലങ്ങളിലേക്കു ടെലിവിഷൻ പോലെ പ്രക്ഷേപണം ചെയ്തു പ്ളാസ്റ്റിക് പാളിയിലോ ലോഹപ്പാളിയിലോ പതിപ്പിച്ച് അച്ചടിനടത്തുന്ന സംവിധാനവും നിലവിലുണ്ടായിരുന്നു. 'ഫാസിമിലെ ട്രാൻസ്മിഷൻ' (facsimile transmission) എന്നറിയപ്പെടുന്ന ഈ രീതിയിലുണ്ടാക്കുന്ന പ്ളാസ്റ്റിക് അല്ലെങ്കിൽ ലോഹപ്പാളികൾ വേഗതയേറിയ റോട്ടറിയന്ത്രങ്ങളിൽ ഘടിപ്പിച്ചു വിദൂരസ്ഥലങ്ങളിൽ, പത്രാധിപൻമാരുടെയോ, പ്രൂഫ് വായനക്കാരുടെയോ സഹായമില്ലാതെ യഥാതഥമായ പതിപ്പുകൾ അച്ചടിച്ചുവരുന്നു.

എംബോസിങ്[തിരുത്തുക]

പ്രതലത്തിൽനിന്നും അക്ഷരങ്ങൾ ഉയർന്നു നില്ക്കുംവിധം അച്ചടിക്കുന്ന സമ്പ്രദായമാണ് എംബോസിങ് (embossing). ഇതു രണ്ടുവിധം ഉണ്ട്: ഡൈ ഉപയോഗിച്ചുള്ളതും പൌഡർ ഉപയോഗിച്ചുള്ളതും. പൌഡർ ഉപയോഗിച്ചുള്ളതിനു റെയിസ്ഡ് പ്രിന്റിങ് (raised printing) എന്നാണ് സാധാരണ പറയുക. ഡൈ-എംബോസിങ്ങിന് ഉരുക്കുകൊണ്ട് പ്രത്യേകം ഉണ്ടാക്കിയ ഡൈ ആവശ്യമുണ്ട്. ഡൈയിൽ അക്ഷരവടിവിൽ കാണുന്ന കുഴിഞ്ഞ ഭാഗങ്ങളിൽ 'എംബോസിങ്മഷി' നിറയ്ക്കുന്നു. മുദ്രണം നടക്കുമ്പോൾ ഈ മഷി കടലാസിൽ മുഴച്ചു നില്ക്കും. മുദ്രകൾ പതിപ്പിക്കുന്നതിനാണ് സാധാരണ ഈ രീതി ഉപയോഗിക്കുന്നത്. താരതമ്യേന ആധുനികമാണ് 'റെയിസ്ഡ് പ്രിന്റിങ്' സമ്പ്രദായം. സാധാരണ ലറ്റർ പ്രസ്സിൽ മഷികുറച്ച് അടിച്ചശേഷം പൊടിപോലെയുള്ള 'റെയിസ്ഡ് പ്രിന്റിങ് കോമ്പൌണ്ട്' തൂകി നിരപ്പാക്കി അല്പം കഴിഞ്ഞ് കടലാസുകുടഞ്ഞ് എടുക്കുകയും പിന്നീട് ചൂടു പിടിപ്പിച്ച് കോമ്പൌണ്ട് ഉരുക്കിപ്പിടിപ്പിക്കുകയുമാണ് ഈ സമ്പ്രദായത്തിന്റെ മൌലികസ്വഭാവം.

ഗിൽഡിങ്[തിരുത്തുക]

അക്ഷരങ്ങൾക്കു സുവർണനിറം പിടിപ്പിക്കുന്ന കൌശലത്തിന് ഗിൽഡിങ് (gilding) എന്നു പറയുന്നു. ഇതു മൂന്നുതരത്തിൽ നടത്താറുണ്ട്:

  1. സാധാരണ മഷി ഉപയോഗിച്ച് അച്ചടിച്ചതലത്തിൽ മഷി ഉണങ്ങുംമുമ്പ് സുവർണഭസ്മം വിതറിപിടിപ്പിക്കുക.
  2. മെറ്റാലിക് ഗോൾഡു മഷി ഉപയോഗിച്ച് അച്ചടിക്കുക.
  3. ഉരുക്കിലോ താമ്രത്തിലോ കൊത്തിയുണ്ടാക്കിയ അച്ചുകൾ നിരത്തി ചൂടുപിടിപ്പിച്ചു ഗോൾഡു ലീഫിൽ അമർത്തിപ്പതിക്കുക.

ഫ്ളെക്സോഗ്രാഫി (Flexography)[തിരുത്തുക]

റബർസ്റ്റീരിയോ ഉപയോഗിച്ചുള്ള ലറ്റർപ്രസ് രീതി ആണ് ഫ്ളെക്സോഗ്രാഫി. ഈ രീതിയിലുള്ള അച്ചടിയിൽ ഒരേ നിരത്തിൽതന്നെ ചിത്രത്തിൽ വർണലയം വരുത്തുവാൻ കഴിയും. ഫ്ളെക്സോഗ്രാഫിക്ക് പ്രത്യേകതരം യന്ത്രങ്ങളുണ്ട്. അതിലേക്കുള്ള മഷികൾ ആൽക്കഹോൾ മാധ്യമത്തിൽ കലർത്തിയവയാണ്. ഇത് കട്ടികുറഞ്ഞു നേർത്തിരിക്കും. ഇത്തരം മഷി ഉപയോഗിക്കയാൽ, ഫ്ളെക്സോഗ്രാഫിയെ അനിലൈൻ പ്രിന്റിങ് (Aneline printing) എന്നും പറയുന്നു. പെട്ടെന്ന് ഉണങ്ങുന്നതരത്തിലുള്ള മഷി ആയതിനാൽ സെലഫെയ്ൻ, പേപ്പർ ബോർഡ്, പ്ലാസ്റ്റിക് എന്നിവയിലുള്ള അച്ചടിയാണ് ഫ്ളെക്സോഗ്രാഫി രീതിയിൽ പ്രധാനമായും നടത്തുന്നത്.

ലിത്തോഗ്രാഫി-ഓഫ്സെറ്റ് (Lithography-offset)[തിരുത്തുക]

'കല്ലിൻമേൽ എഴുത്ത്' എന്നാണ് ലിത്തോഗ്രാഫി എന്ന വാക്കിന് അർത്ഥം. മുദ്രണത്തിൽ പതിയേണ്ട ഭാഗങ്ങളും പതിയരുതാത്ത ഭാഗങ്ങളും ഒരേനിരപ്പിൽ തന്നെ ആയതിനാൽ ഈ രീതിയെ പ്ളേനോഗ്രാഫി എന്നും വിളിക്കുന്നു. എണ്ണയും വെള്ളവും തമ്മിൽ കലരുകയില്ല. എപ്പോഴും വേറിട്ടുതന്നെ നിൽക്കും എന്ന തത്ത്വം ഉപയോഗിച്ച് മ്യൂണിക്കുകാരനായ അലോസ് സെനിഫെൽഡർ 1796-ൽ കല്ലച്ച് അഥവാ ലിത്തോഗ്രാഫി എന്ന അച്ചടി സമ്പ്രദായം കണ്ടുപിടിച്ചു.

അച്ചടിക്കേണ്ട മാറ്റർ അഥവാ ചിത്രം മിനുസപ്പെടുത്തിയ ചുണ്ണാമ്പുകല്ലിൽ മെഴുകുചേർത്തു നിർമിച്ച ക്രയോൺ ഉപയോഗിച്ച് കണ്ണാടിയിൽ കാണുന്ന പ്രതിരൂപംപോലെ (mirror image) വരയ്ക്കുന്നു. ഇപ്രകാരം തയ്യാറാക്കിയ ചുണ്ണാമ്പുകല്ലിൽ വെള്ളം പുരട്ടിയ തുണി ചുറ്റിയ റോളർ ഉരുട്ടുമ്പോൾ, മെഴുക് പറ്റിയിട്ടില്ലാത്ത ഭാഗങ്ങൾ ജലത്തെ ആഗിരണം ചെയ്യുന്നു. തുടർന്ന് എണ്ണ ചേർത്തുണ്ടാക്കിയ മഷി മറ്റൊരു റോളറിന്റെ സഹായത്തോടെ ചുണ്ണാമ്പുകല്ലിൽ പുരട്ടുമ്പോൾ വെള്ളം പറ്റാത്ത, ക്രയോൺ കൊണ്ട് വരച്ച ഭാഗങ്ങളിൽ മാത്രം മഷി പുരളുന്നു. ഈ പ്രതലത്തിൽ കടലാസ് അമർത്തുമ്പോൾ ചുണ്ണാമ്പുകല്ലിലെ പ്രതിരൂപത്തിന്റെ ശരിരൂപം കടലാസ്സിൽ പതിയുന്നു. ലറ്റർപ്രസ് സിലിണ്ടർ മിഷ്യനുകൾ പോലെ കല്ലച്ച് അച്ചടിക്കും വിവിധയിനം മിഷ്യനുകൾ പ്രചാരത്തിലുണ്ടായിരുന്നു.

കല്ലച്ചിൽ നിന്നും വികസിപ്പിച്ചെടുത്ത അച്ചടിരീതിയാണ് ഓഫ്സെറ്റ്. അച്ചടിക്കേണ്ട പ്രതിരൂപം കല്ലച്ചിൽ എഴുതിയോ വരച്ചോ അച്ചടിക്കേണ്ട പ്രതലം രൂപപ്പെടുത്തുന്നതിനുപകരം ക്യാമറയുടെയോ കംപ്യൂട്ടറിന്റെയോ സഹായത്തോടെ തയ്യാറാക്കുന്ന ഫിലിം ഉപയോഗിച്ച് ഫോട്ടോ പതിപ്പിക്കുന്നതുപോലെ ഓഫ്സെറ്റ് പ്ളേറ്റ് തയ്യാറാക്കുന്നു. ഇതിനുപയോഗിക്കുന്ന പ്ളേറ്റ് നാകത്തകിടോ, അലൂമിനിയം തകിടോ ആകാം. ആധുനിക ഓഫ്സെറ്റ് യന്ത്രങ്ങളിൽ 0.2 മുതൽ 0.3 മി.മീ. വരെ ഘനമുള്ള അലൂമിനിയം തകിടാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഒരുവശത്ത് ഫോട്ടോഗ്രാഫിക് ഫിലിമിലുള്ളതുപോലെ പ്രകാശത്തിൽ രാസഭേദം വരുന്ന പദാർഥങ്ങൾ പുരട്ടിയിരിക്കും. പ്രസ്തുത പ്ളേറ്റുമായി അച്ചടിക്കേണ്ട മാറ്ററോ ചിത്രങ്ങളോ അടങ്ങിയ ഫിലിം ചേർത്തുവച്ച് പ്രകാശം കടത്തിവിട്ടശേഷം രാസപദാർഥങ്ങൾ ഉപയോഗിച്ച് കഴുകുമ്പോൾ ഫിലിമിലെ മാറ്ററും ചിത്രങ്ങളും പ്ളേറ്റിൽ തെളിഞ്ഞുവരും. ഇപ്രകാരം തയ്യാറാക്കിയ പ്ളേറ്റിലെ അച്ചടിയിൽ പതിയേണ്ട ഭാഗങ്ങൾ (image area) എണ്ണമയത്തെ ആകർഷിക്കാൻ കഴിവുള്ളതായിരിക്കും (oleophillic). ഇതേ പ്ളേറ്റിലെ മറ്റു ഭാഗങ്ങൾ വെള്ളത്തെ ആകർഷിക്കും (hydrophillic).

ഇപ്രകാരം തയ്യാറാക്കിയ പ്ളേറ്റ് ഓഫ്സെറ്റ് മിഷ്യന്റെ ഒന്നാമത്തെ ലോഹസിലിണ്ടറിൽ പിടിപ്പിക്കുന്നു. ഈ സിലിണ്ടറിനെ പ്ളേറ്റ് സിലിണ്ടർ എന്നു പറയുന്നു. പ്ളേറ്റ് സിലിണ്ടറിനോട് ചേർന്നു കറങ്ങുന്ന ബ്ളാങ്കറ്റ് സിലിണ്ടറും പ്രസ്തുത സിലിണ്ടറുമായി അമർന്നു കറങ്ങുന്ന ഇംപ്രഷൻ സിലിണ്ടറും ചേർന്ന സംവിധാനമാണ് ഓഫ്സെറ്റ് അച്ചടി സാധ്യമാക്കുന്നത്. പ്ളേറ്റ് സിലിണ്ടർ ആദ്യം വെള്ളം പുരട്ടിയ റോളറുമായും തുടർന്ന് മഷി പുരട്ടിയ റോളറുമായും ചേർന്നു കറങ്ങുമ്പോൾ എണ്ണമയത്തെ ആഗിരണം ചെയ്യുന്ന അച്ചടിക്കേണ്ട ഭാഗങ്ങളിൽ മഷി പുരളുന്നു. തുടർന്ന് പ്ളേറ്റ്സിലിണ്ടർ ബ്ളാങ്കറ്റ് സിലിണ്ടറുമായി അമർന്നു കറങ്ങും. ഒരു ലോഹസിലിണ്ടറിന്റെ പുറത്ത് തുണിയും റബറും ചേർത്ത് നിർമിച്ച ബ്ളാങ്കറ്റ് ചുറ്റിയതാണ് ബ്ളാങ്കറ്റ് സിലിണ്ടർ. വളരെ മാർദവമുള്ള മിനുസമായ റബർപ്രതലത്തിലേക്ക് പ്ളേറ്റിലെ അച്ചടിക്കേണ്ട ഭാഗത്തു പറ്റിയിരിക്കുന്ന മഷി പകരുന്നു. ബ്ളാങ്കറ്റ് സിലിണ്ടറിന്റെയും അതിനോടു അമർന്നു കറങ്ങുന്ന ഇംപ്രഷൻ സിലിണ്ടറിന്റെയും ഇടയിൽകൂടി കടന്നുപോകുന്ന കടലാസിലേക്ക് റബർ പ്രതലത്തിൽ നിന്നും മഷി പറ്റുന്നു. ഇങ്ങനെ ഒരു പ്രതലത്തിൽ നിന്നും (പ്ളേറ്റ്) അടുത്ത പ്രതലത്തിലേക്കും (ബ്ളാങ്കറ്റ്) അതിൽ നിന്നും കടലാസിലേക്കും മാറിവരുന്ന മഷി (Set-off) മുഖാന്തരം അച്ചടി നടക്കുന്നതിനാലാണ് ഈ രീതിയെ ഓഫ്സെറ്റ് എന്നു വിളിക്കുന്നത്. ശരിയായ രീതിയിൽ പ്ളേറ്റിൽ കാണുന്ന രൂപത്തിന്റെ പ്രതിരൂപം ബ്ളാങ്കറ്റിലും അവിടെനിന്ന് ശരിരൂപമായി പേപ്പറിലും പതിപ്പിച്ചാണ് മുദ്രണം നടക്കുന്നത്.

ഒരേ സമയം നിരവധി നിറങ്ങൾ പേപ്പറിന്റെ ഒരുവശത്തോ, ഇരുവശത്തുമായിട്ടോ അച്ചടിക്കാൻ സാധിക്കുന്ന ഓഫ്സെറ്റ് അച്ചടിയന്ത്രങ്ങൾ ലഭ്യമാണ്. കംപ്യൂട്ടർ നിയന്ത്രിത അച്ചടി (CPC-Computerised Print Control), അച്ചടിനിലവാര നിയന്ത്രണം (PQC -Print Quality Controll) എന്നീ സ്വയം പ്രവർത്തന സമ്പ്രദായ സംവിധാനങ്ങൾ ഇത്തരം യന്ത്രങ്ങളിൽ കാണുന്നു. മൂലചിത്രത്തിന്റെ സ്കാൻചെയ്ത വിവരം അനുസരിച്ച് പേപ്പറിൽ ഓരോ നിറത്തിലുള്ള മഷിയും പതിയേണ്ടതിന്റെ അളവ് നിയന്ത്രിക്കുവാൻ ഇതുമൂലം സാധിക്കുന്നു. അച്ചടിക്കാനുള്ള പ്ളേറ്റുകൾ സ്വയം ഉറപ്പിക്കുകയും അച്ചടി തീരുമ്പോൾ എടുത്തുമാറ്റിയശേഷം അടുത്ത അച്ചടിക്കുള്ള പ്ളേറ്റുകൾ ഉറപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങളും സാധാരണമാണ്.

അച്ചടിച്ച പ്രതലത്തിന്റെ തിളക്കം കൂട്ടുന്നതിനോ (ഗ്ളോസ്) കുറക്കുന്നതിനോ (മാറ്റ്) വേണ്ടി പ്രത്യേക സംവിധാനവും (coating units) ഇത്തരം ബഹുവർണ്ണ അച്ചടിയന്ത്രങ്ങളിൽ ലഭ്യമാണ്. കൂടാതെ ഗ്രേവ്യൂർ, ഫെക്സോ ഓഫ്സെറ്റ് സംവിധാനങ്ങൾ സമന്വയിപ്പിച്ച് പ്രത്യേകതരം അച്ചടികൾ സാധിക്കുന്ന സങ്കരയിനം യന്ത്രങ്ങളും (hybrid presses) പ്രചാരത്തിലുണ്ട്.

മുറിച്ച കടലാസുകൾ ഉപയോഗിച്ച് അച്ചടിക്കുന്ന യന്ത്രങ്ങൾ (sheet-fed) കൂടാതെ, വളരെയധികം പ്രതികൾ ആവശ്യമായ പുസ്തകങ്ങൾ എന്നിവ അച്ചടിക്കായി പേപ്പർ ചുരുൾ സ്വയം നിവർത്തി അച്ചടിക്കുന്ന (web-fed) യന്ത്രങ്ങളും നിലവിലുണ്ട്. വെബ് ഓഫ്സെറ്റ് യന്ത്രങ്ങളിൽ പത്രത്തിന്റെ 96 പേജുവരെ ഒറ്റനിറത്തിലോ ബഹുവർണത്തിലോ അച്ചടിക്കാൻ സാധിക്കുന്നവ വരെ പ്രചാരത്തിലുണ്ട്. ഇത്തരം യന്ത്രങ്ങളിൽ കടലാസ് മുറിച്ച് പേജ് ക്രമത്തിൽ അടുക്കി മടക്കി യന്ത്രത്തിൽ നിന്നും പുറത്തുവരുകയും ചെയ്യുന്നു.

ഗ്രെവ്യൂർ (Gravure)[തിരുത്തുക]

ഇന്റാഗ്ളിയോ (Intaglio) പ്രിന്റിങ് എന്ന വിഭാഗത്തിൽ വരുന്ന അച്ചടി രീതിയാണിത്. സമതലത്തിൽനിന്നു താണുനില്ക്കുന്ന കുഴികളിൽ നിറയുന്ന മഷി കടലാസിലേക്ക് ഒപ്പിയെടുത്ത് മുദ്രണം നിർവഹിക്കുന്ന രീതിയാണ് ഗ്രെവ്യൂർ. കുഴികളിൽനിന്നുള്ള മുദ്രണമാകയാലാണ് 'ഇന്റാഗ്ളിയോ' (intaglio) എന്നു പറയുന്നത്. ഒരു ലോഹക്കട്ടമേലോ തകിടിൻമേലോ അക്ഷരങ്ങളുടെ രൂപങ്ങളും മറ്റും കുഴിച്ചിട്ട് ആ കുഴിയിൽ പ്രത്യേകതരം മഷി നിറച്ച്, കുഴിയല്ലാത്ത ഉയർന്ന ഭാഗങ്ങൾ തുടച്ചു വൃത്തിയാക്കിയശേഷം കടലാസു വച്ചു ശക്തിയായി അമർത്തിയാണ് ഗ്രെവ്യൂർ അച്ചടി നടത്തുന്നത്. പ്ളേറ്റിന്റെ ഉപരിതലത്തിലേക്ക് മഷി റോളർവഴി കൊടുക്കുകയും കുഴിഞ്ഞ ഭാഗത്ത് അത് നിറയ്ക്കുകയും ചെയ്യുന്നു. റോളറിൽ ഉയർന്നുനില്ക്കുന്ന ഭാഗത്ത് പുരണ്ടിരിക്കുന്ന മഷി ഒരു കത്തി(blade)യുടെ സഹായത്താൽ നീക്കപ്പെടുന്നു. അച്ചടി നടക്കുമ്പോൾ കുഴിഞ്ഞ ഭാഗത്ത് ബാക്കി നില്ക്കുന്ന മഷി കടലാസിൽ പതിയുന്നു. സിലിണ്ടർ സദാ മഷി നിറച്ചിട്ടുള്ള ഒരു പാത്രത്തിൽ കിടന്നു കറങ്ങിക്കൊണ്ടിരിക്കും.

'ഡൈ സ്റ്റമ്പിങ്' (dye stum-ping) എന്ന അച്ചടിരീതിയേയും ഈ വിഭാഗത്തിൽപ്പെടുത്താം. കുഴികളുടെ ആഴവും പരപ്പും വ്യത്യസ്തമാകയാൽ പല കനങ്ങളിൽ മഷി കടലാസിലേക്കു പകർത്തുവാനുള്ള ഗ്രെവ്യൂർ രീതിയുടെ കഴിവ് വലുതാണ്. പ്ളേറ്റിന്റെ സ്വഭാവമനുസരിച്ച് മൂന്നുതരം യന്ത്രങ്ങളുണ്ട്. ഗ്രേവ്യൂർ, ഫോട്ടോഗ്രെവ്യൂർ (photo-gravure), റോട്ടോഗ്രെവ്യൂർ (roto-gravure). റോട്ടറി ഗ്രെവ്യൂർ തന്നെയാണ് റോട്ടോഗ്രെവ്യൂർ. ആൽക്കഹോൾ മാധ്യമത്തിലുള്ള മഷിയാണ് ഇതിൽ ഉപയോഗിക്കുന്നത്. റോട്ടോഗ്രെവ്യൂർ യന്ത്രത്തിൽ മഷി പുരളേണ്ടാത്ത പ്രതലത്തിലുള്ള സമതലത്തെ തുടച്ചു വൃത്തിയാക്കുന്നത് 'ഡക്ടർബ്ളേഡ്' എന്ന കത്തിയാണ്.

യന്ത്രത്തിന്റെ പ്ളേറ്റ്സിലിണ്ടറിന്റെ പുറംതോട് ചെമ്പ് കൊണ്ടുണ്ടാക്കിയിരിക്കുന്നു. കടച്ചിൽ യന്ത്രത്തിൽ പിടിച്ച് ഈ സിലിണ്ടറിന്റെ ഉപരിതലത്തിലെ പഴയ പ്രതിരൂപങ്ങൾ (കുഴികൾ) മാറ്റി നിരപ്പാക്കാം. വിദ്യുലേപന (electro-plating) രീതിയിൽ പുതിയ ചെമ്പ് പിടിപ്പിച്ച് സിലിണ്ടറിന്റെ കനം പൂർവസ്ഥിതിയിലാക്കാം. ഉപരിതലം മിനുസമാക്കിയിട്ട് ആ സിലിണ്ടറിൽ 'കാർബൺ ടിഷ്യു' എന്നറിയപ്പെടുന്ന നെഗറ്റീവിൽ നിന്നും പ്രതിരൂപം പകർത്തും. അടുത്തപടി നിക്ഷാരണം (etching) ആണ്. അങ്ങനെ സിലിണ്ടർ അച്ചടിക്കു തയ്യാറാകുന്നു. ഇലക്ട്രോണിക്ക് എൻഗ്രേവിങ് കൊണ്ടും സിലിണ്ടർ തയ്യാറാക്കാം.

ഫോട്ടോഗ്രെവ്യൂറിൽ ഒരേ അളവിൽ മുറിച്ച കടലാസുകളും റോട്ടോഗ്രെവ്യൂറിൽ കടലാസുചുരുളുകളും അച്ചടിക്കാൻ ഉപയോഗിക്കുന്നു. താരതമ്യേന ചെലവു കൂടിയ രീതിയാണ് ഗ്രെവ്യൂർ. ആകർഷകങ്ങളായ അച്ചടിക്കാണ് ഇതുപയോഗിക്കുന്നത്. തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, സെലഫെയ്ൻ, കടലാസ് പൊതികൾ എന്നിവയിലും ഗ്രെവ്യൂർ രീതിയിൽ അച്ചടി നടത്തിവരുന്നു. ബഹുവർണചിത്രങ്ങളുടെ മുദ്രണത്തിന് ഗ്രെവ്യൂർപദ്ധതി വളരെ പറ്റിയതാണ്. മുദ്രപ്പത്രങ്ങളും ബാങ്ക് നോട്ടുകളും റോട്ടോഗ്രെവ്യൂർ രീതിയിലാണ് അച്ചടിക്കുന്നത്.

സിൽക്ക് സ്ക്രീൻ (Skil Screen)[തിരുത്തുക]

സ്ക്രീൻ പ്രോസസ് (Silk process) എന്നും ഇതിനു പേരുണ്ട്. സ്റ്റെൻസിൽ (stencil) ചെയ്ത ഒരു സ്ക്രീനിൽക്കൂടി മഷി ശക്തിയായി കടത്തിവിടുന്ന രീതിയാണ് സിൽക്ക് സ്ക്രീൻ അച്ചടി. പലകയോ തകരമോ കാർഡോ ഉപയോഗിച്ച് സ്റ്റെൻസിൽ ഉണ്ടാക്കാം. അക്ഷരമോ ചിത്രമോ വരച്ച് അവ വെട്ടിമാറ്റി തുറന്ന സ്റ്റെൻസിൽ ഉണ്ടാക്കി ആ സ്റ്റെൻസിൽ ചുവരിൻമേലോ മറ്റോ വച്ച് മഷിപുരട്ടി എത്ര വേണമെങ്കിലും സദൃശരൂപങ്ങൾ പതിപ്പിക്കാവുന്നതാണ്. ഇതാണ് സ്റ്റെൻസിൽ അച്ചടി. ഈ രീതിക്ക് ഒരു തകരാറുണ്ട്. 'ഛ' എന്ന അക്ഷരം സ്റ്റെൻസിൽ വെട്ടിയാൽ 'ഛ'യ്ക്കു നടുവിലുള്ള ഭാഗവും കൂടി നഷ്ടപ്പെടും. ദ്വീപുകൾപോലുള്ള ഇത്തരം ഭാഗങ്ങൾ നഷ്ടപ്പെടാതിരിക്കാൻ കാലുകൾ നിർത്തുന്നതുകൊണ്ട് സ്റ്റെൻസിൽ അച്ചടിയിൽ അക്ഷരങ്ങൾ മുറിഞ്ഞതുപോലെ കാണപ്പെടുന്നു. ഇതൊഴിവാക്കാൻ കാലുകളുടെ സ്ഥാനങ്ങൾ മാറ്റിയ മറ്റൊരു സ്റ്റെൻസിൽ രണ്ടാമത് ഉപയോഗിക്കുകയോ കൈകൊണ്ട് ബ്രഷും മറ്റും ഉപയോഗിച്ച് മുറിപ്പാട് ചേർക്കുകയോ ചെയ്യാം. ഇതു ശ്രമകരമായ ജോലിയാണ്.

1914-ൽ പ്രചാരത്തിൽ വന്ന 'സിൽക്ക്-സ്ക്രീൻ അച്ചടി' സ്റ്റെൻസിലിന്റെ അപാകതകൾ പരിഹരിച്ചു. ബലമുള്ള നേരിയ സിൽക്കുതുണി (bolting cloth) ഒരു മരച്ചട്ടക്കൂട്ടിൽ വലിച്ച് ബലമായി തറയ്ക്കുന്നു. ഇങ്ങനെ ചട്ടക്കൂട്ടിൽ തറച്ച സിൽക്കിന് 'സ്ക്രീൻ' എന്നു പറയുന്നു. കടലാസുകൊണ്ട് വെട്ടിയുണ്ടാക്കിയ സ്റ്റെൻസിൽ ഈ സ്ക്രീനിൽ ഒട്ടിക്കുന്നു. ദ്വീപുകൾ കാലുകളുടെ സഹായമില്ലാതെ ഒട്ടിച്ചുനിർത്താം. മഷി ചോർന്ന് അച്ചടി നടക്കേണ്ട ഭാഗങ്ങളിൽ തുറന്ന സിൽക്ക് മാത്രമാണുള്ളത്. അച്ചടിക്കേണ്ട കടലാസിനു മീതെ ഈ സ്ക്രീൻ വച്ച്, സ്ക്രീനിന്റെ ഉള്ളിൽ മഷിനിറച്ച് 'സ്ക്വീജി' (squeegee) എന്ന റബർ ഉരുളുകൊണ്ട് വടിച്ചുനിരത്തുമ്പോൾ തുറന്ന സ്ഥലങ്ങളിലൂടെ മഷി ചോർന്ന് കടലാസിൽ അച്ചടി നടക്കുന്നു. സിൽക്കുതുണിയുടെ സ്ഥാനത്ത് ഉരുക്ക്, പിച്ചള തുടങ്ങിയ ലോഹങ്ങളുടെ നാരുകൾകൊണ്ടുണ്ടാക്കിയ നേർത്ത സ്ക്രീനുകളും, പെർലോൺ‍, നൈലോൺ തുടങ്ങിയവയും ഉപയോഗിക്കുന്നുണ്ട്. ഇതു വലിച്ചു മുറുക്കിപിടിപ്പിക്കുന്ന ചട്ടക്കൂട്ടിന് 'പ്രിന്റിങ് ഫ്രെയിം' എന്നു പറയുന്നു.

ഇതിലേക്ക് നാലുതരം സ്റ്റെൻസിൽ ഉപയോഗിച്ചുവരുന്നുണ്ട്:

  • കടലാസ് വെട്ടിയുണ്ടാക്കുന്ന സ്റ്റെൻസിൽ- ഇത് പ്രത്യേക പശകൊണ്ട് ചുളുക്കമില്ലാതെ സ്ക്രീനിൽ ഒട്ടിച്ച് ഉണക്കി അച്ചടിക്കു തയ്യാറാക്കുന്നു;
  • പരസ്പരം ഒട്ടിച്ച രണ്ടു പാളികൾ ഉള്ള സ്റ്റെൻസിൽ - ഇതിൽ ഒരു പാളി കടലാസും മറ്റേ പാളി മെഴുകോ ജെലാറ്റിനോ കൊണ്ടുള്ള സുതാര്യമായ പാളിയും ആയിരിക്കും. ഇതിൽ സ്റ്റെൻസിൽ വെട്ടിയാൽ ദ്വീപുകൾ കടലാസുപാളിയായ അടിത്തറയിൽ ഒട്ടിനില്ക്കും. വെട്ടിക്കഴിഞ്ഞ സ്റ്റെൻസിൽ സ്ക്രീനിൽവച്ച് ഇസ്തിരി ഇട്ടാൽ അത് സ്ക്രീനിൽ പറ്റിപ്പിടിക്കും. കടലാസ് വലിച്ചുരിച്ചുകളഞ്ഞാൽ പ്രിന്റിങ് ഫ്രെയിം അച്ചടിക്കു തയ്യാറായി;
  • സ്ക്രീനിൽ നേരിട്ട് ബ്രഷ്കൊണ്ട് അരക്കോ മെഴുകോ പുരട്ടിയുണ്ടാക്കുന്ന സ്റ്റെൻസിൽ;
  • ഫോട്ടോഗ്രാഫിക് സ്റ്റെൻസിൽ - ഇതു രണ്ടു തരത്തിലുണ്ട്: ഛായാഗ്രാഹക രാസവസ്തുക്കൾ പുരട്ടിയ സ്ക്രീനിലേക്ക് ഛായാഗ്രഹണരീതിയിൽ രൂപങ്ങൾ പകർത്തുന്നതാണ് ഒന്ന്. പിഗ്മെന്റ് പേപ്പറിൽ പ്രതിരൂപം പകർത്തി രാസവസ്തുക്കളുടെ സഹായത്താലുണ്ടാക്കുന്ന സ്റ്റെൻസിൽ സ്ക്രീനിൽ പതിപ്പിക്കുന്നതാണ് മറ്റൊന്ന്.

അച്ചടിക്കുന്ന സാധനങ്ങളുടെ വ്യത്യാസമനുസരിച്ച് വിവിധതരം മഷി ഉപയോഗിക്കുന്നു. രാത്രിയിൽ തിളങ്ങുന്ന നിറങ്ങളിൽ സിനിമാപോസ്റ്ററുകൾ അടിക്കുന്നത് സിൽക്ക് സ്ക്രീൻ രീതിയിലാണ്. ഇലക്ട്രോണിക്ക് വ്യവസായത്തിന്നാവശ്യമായ പ്രിന്റഡ് സർക്യൂട്ടും ഇങ്ങനെയാണ് അടിക്കുന്നത്. കൈകൊണ്ട് നിസ്സാരമായി മേശമേൽവച്ച് പ്രവർത്തിപ്പിക്കുന്ന 'പ്രിന്റിങ് ഫ്രെയിം' ഉപയോഗിച്ചും മഷി ഉണങ്ങുന്നതിനുള്ള ചൂടുപോലും നല്കുന്ന വിധത്തിൽ എല്ലാ പ്രവർത്തനങ്ങളും യന്ത്രവത്കരിച്ചും സിൽക് സ്ക്രീൻ അച്ചടി നടത്തിവരുന്നു. അച്ചടിക്കപ്പെട്ട മഷി പ്രതലത്തിൽനിന്ന് അല്പം ഉയർന്നിരിക്കും. തിളക്കമുള്ള വർണങ്ങൾ ഉപയോഗിക്കുവാനും ഏതു സാധനത്തിൻമേലും ഏതു ആകൃതിയിലുമുള്ള ഉപരിതലത്തിലും അച്ചടിക്കുവാനും സിൽക് സ്ക്രീൻ സമ്പ്രദായംകൊണ്ട് കഴിയുന്നു. ഉരുണ്ടതും സമനിരപ്പില്ലാത്തതുമായ പ്രതലങ്ങളിൽ അച്ചടി നടത്തുന്നതിനാണ് സിൽക്ക് സ്ക്രീൻ സമ്പ്രദായം പ്രധാനമായും ഉപയോഗിച്ചുവരുന്നത്. ഗ്ലാസ്, പ്ലാസ്റ്റിക്ക്, കടലാസ്, ബോർഡ്, പിഞ്ഞാണം, തടി, ലോഹം, തുണി, റബർ‍, തുകൽ തുടങ്ങി ഏതു സാധനത്തിൻമേലും സിൽക് സ്ക്രീൻ രീതിയിൽ അച്ചടിക്കാം. കുപ്പി, കപ്പ്, പെട്ടി, ട്യൂബ് എന്നിങ്ങനെ വിവിധ ആകൃതികളിലുള്ള വസ്തുക്കളിൽ അച്ചടിക്കുവാൻ ഈ രീതികൊണ്ടു മാത്രമേ കഴിയൂ. ഈ രീതിയിലെ അച്ചടിക്ക് ആദ്യകാലങ്ങളിൽ സിൽക് ഉപയോഗിച്ചിരുന്നതിനാലാണ് ഇത് സിൽക് സ്ക്രീൻ പ്രിന്റിങ് എന്ന പേരിൽ ഇന്നും അറിയപ്പെടുന്നത്.

ഡിജിറ്റൽ അച്ചടി[തിരുത്തുക]

അടുത്തകാലത്ത് മുദ്രണവിദ്യയിൽ ഉണ്ടായിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ വികാസമാണ് ഡിജിറ്റൽ അച്ചടി. കബ്യൂട്ടറിൽ ശേഖരിച്ചിട്ടുള്ള അച്ചടിക്കേണ്ട വിവരങ്ങൾ ഡിജിറ്റൽ അച്ചടി യന്ത്രത്തിലേക്ക് നൽകി പേപ്പറിലോ പ്ലാസ്റ്റിക് പോലെയുള്ള പ്രതലത്തിലോ അച്ചടിക്കാൻ സാധിക്കുന്നു. രണ്ടുവിധത്തിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ യന്ത്രങ്ങളുണ്ട്. ഇംപാക്ട് അച്ചടിയിനത്തിൽപെട്ട ലേസർ യന്ത്രത്തിൽ, അച്ചടിക്കേണ്ട വിവരം ലേസർരശ്മി ഉപയോഗിച്ച് സെലീനിയം എന്ന ലോഹം കൊണ്ടു നിർമ്മിച്ച കുഴലിന്റെ പുറത്ത് എഴുതുന്നു. ഈ കുഴലിനു മുകളിൽ പ്രത്യേക ഇനം പൊടി വിതറുന്നു. സ്റ്റാറ്റിക് വൈദ്യുതി ആകർഷണം മൂലം ഈ പൊടി എഴുത്തിനുമുകളിൽ പറ്റിയിരിക്കും. എഴുത്തില്ലാത്ത ഭാഗങ്ങളിൽ പൊടിപറ്റുകയില്ല. ഈ കുഴൽ പേപ്പറുമായി അമർന്ന് ചുറ്റുമ്പോൾ പൊടി പേപ്പറിൽ പറ്റുന്നു. യന്ത്രത്തിനുള്ളിൽ വച്ചുതന്നെ പ്രസ്തുത പേപ്പർ ചൂടാക്കുന്നു. അപ്പോൾ പൊടി ഉരുകി പേപ്പറിൽ ഒട്ടിയിരിക്കും. സാധാരണ ലേസർ യന്ത്രം ഉപയോഗിച്ച് കറുപ്പുനിറത്തിലോ കളർ ലേസർ യന്ത്രം ഉപയോഗിച്ച് ബഹുവർണങ്ങളായോ അച്ചടി നടത്താൻ സാധിക്കും.

നോൺ ഇംപാക്ട് മുദ്രണം[തിരുത്തുക]

അച്ചടിക്കേണ്ട പ്രതലത്തിലേക്ക് ആവശ്യമായ നിറങ്ങൾ ശരിയായ അനുപാതത്തിൽ തെറിപ്പിച്ച് അച്ചടിക്കുന്ന രീതിയാണ് ഇത്. ഈ പ്രക്രിയയിൽ യന്ത്രത്തിന്റെ മുദ്രണത്തിനായി ഉപയോഗിക്കുന്ന ഭാഗവും മുദ്രണം ചെയ്യപ്പെടുന്ന പ്രതലവും തമ്മിൽ തൊടുന്നില്ല. അതിനാലാണ് ഈ രീതിയെ നോൺ ഇംപാക്ട് മുദ്രണം എന്നു പറയുന്നത്. ഇങ്ക്ജറ്റ് എന്ന വിഭാഗത്തിൽ പെട്ട യന്ത്രങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവയിൽ ചിലതിന് 12 അടി വരെ വീതിയും ആവശ്യത്തിന് നീളവുമുള്ള പ്രത്യേകയിനം പ്ളാസ്റ്റിക്കിൽ മുദ്രണം ചെയ്യാനാകും. പരസ്യപ്പലകകളിൽ ഉറപ്പിക്കുന്ന വർണചിത്രങ്ങളടങ്ങിയ വലിയ ഫെക്സോഷീറ്റുകളും മറ്റും ഇപ്രകാരം തയ്യാറാക്കാവുന്നതാണ്.

ആവശ്യാനുസൃത മുദ്രണം (print on demand)[തിരുത്തുക]

പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ വിൽക്കാനുദ്ദേശിക്കുന്ന പ്രതികൾ മൊത്തമായി അച്ചടിച്ച് വിറ്റുതീരുന്നതു വരെ സൂക്ഷിക്കുക എന്നത് പ്രസാധകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിറ്റുതീർക്കാൻ താമസം നേരിടുമ്പോൾ പുസ്തകങ്ങളുടെ പ്രതികൾ പലപ്പോഴും നശിക്കുകയും ചെയ്യും. ഈ പ്രശ്നപരിഹാരത്തിനായി ഇപ്പോൾ പ്രചാരത്തിലായിരിക്കുന്ന ഒരു മുദ്രണരീതിയാണ് ആവശ്യാനുസൃത മുദ്രണം. യന്ത്രത്തോടു ഘടിപ്പിച്ചിരിക്കുന്ന കംപ്യൂട്ടറിൽ അച്ചടിക്കേണ്ട പുസ്തകത്തിന്റെ എല്ലാ പേജുകളും ഡേറ്റാ എൻട്രി വഴി സൂക്ഷിക്കുന്നു. ആവശ്യമുള്ള പ്രതികളുടെ എണ്ണം യന്ത്രത്തിനു നൽകുമ്പോൾ ഓരോ പ്രതിയുടേയും ആദ്യ പേജു മുതൽ അവസാന പേജുവരെ തുടർച്ചയായി മുദ്രണം ചെയ്ത് അടുക്കി ബൈൻഡുചെയ്ത് പുറംചട്ടയും പിടിപ്പിച്ചു യന്ത്രത്തിനു പുറത്തുവരുന്നു. ആവശ്യപ്പെട്ട പ്രതികൾ മുദ്രണംചെയ്തു കഴിഞ്ഞാൽ യന്ത്രം സ്വയം പ്രവർത്തനം നിർത്തുന്നു. ഏതെങ്കിലും പ്രത്യേക രീതിയിൽ ബൈൻഡുചെയ്യണമെങ്കിൽ മുദ്രണം ചെയ്ത താളുകൾ മാത്രമായി യന്ത്രത്തിനു പുറത്തെടുക്കാം. കുറച്ചു പ്രതികൾ മാത്രം വേണ്ടുന്ന അവസരത്തിൽ ഈ ഇനം മുദ്രണം വളരെ പ്രയോജനപ്രദമാണ്.

ബഹുവർണ അച്ചടി[തിരുത്തുക]

പ്രകൃതിയിൽ കാണുന്ന എല്ലാ നിറങ്ങളും ചുമപ്പ്, പച്ച, നീല എന്നീ അടിസ്ഥാന (Basic) നിറങ്ങളും അവയുടെ വ്യത്യസ്ത അനുപാതത്തിലുള്ള സ്തരങ്ങളും മുഖേന ഉണ്ടാകുന്നവയാണ്. അതിനാൽ ചുവപ്പ്, പച്ച, നീല എന്നീ നിറങ്ങളെ പ്രകൃതിയുടെ പ്രാഥമിക നിറങ്ങളായി (Primary Colours of nature) കണക്കാക്കുന്നു. ചുവപ്പും നീലയും കലരുമ്പോഴുണ്ടാകുന്ന മജന്ത, നീലയും പച്ചയും ചേരുന്ന സ്യാന്‍, പച്ചയുടെയും ചുവപ്പിന്റെയും സങ്കലനഫലമായ മഞ്ഞ എന്നീ നിറങ്ങളാണ് അച്ചടിയുടെ പ്രാഥമിക നിറങ്ങൾ. ചുവപ്പ്, പച്ച, നീല എന്നീ മൂന്നുവർണങ്ങളും ഒരേ അനുപാതത്തിൽ കലർത്തിയാൽ വെള്ളനിറം ലഭിക്കും. സൂര്യപ്രകാശം പ്രിസത്തിലൂടെ കടത്തിവിടുമ്പോൾ ലഭിക്കുന്ന മാരിവിൽവർണ്ണങ്ങൾ ഇതിനു തെളിവാണ്. പ്രകൃതിയിലെ അടിസ്ഥാന നിറങ്ങളെ കൂട്ടുവർണങ്ങൾ (addictive colours) എന്നു വിളിക്കുന്നു. ഇതിനു വിപരീതമായി, അച്ചടിയുടെ പ്രാഥമിക നിറങ്ങളായ മജന്ത, സ്യാൻ‍, മഞ്ഞ എന്നിവ വെളുത്ത പ്രതലത്തിൽ ഒരേ അനുപാതത്തിൽ ഒന്നിനുമുകളിൽ ഒന്നായി പുരട്ടിയാൽ കറുപ്പുനിറം ലഭിക്കും. വെളുത്ത പ്രതലത്തിൽ നിന്നും പ്രതിഫലിക്കുന്ന മാരിവിൽവർണങ്ങൾ കലർന്നുണ്ടാകുന്ന വെളുത്ത നിറത്തിൽ നിന്നും മജന്ത, സ്യാൻ, മഞ്ഞ എന്നീ നിറങ്ങൾ ഒന്നൊന്നായി രശ്മികളെ കുറച്ച് ഒരു രശ്മിയും പ്രതിഫലിക്കാത്ത അവസ്ഥ സൃഷ്ടിക്കുന്നു. തന്മൂലം ഈ നിറങ്ങളെ സബ്ട്രാക്ടീവ് നിറങ്ങൾ (Subtractive colours) എന്നു വിളിക്കുന്നു. വെളുത്ത പ്രതലത്തിൽ നിന്നും പ്രതിഫലിക്കുന്ന മാരിവിൽ വർണങ്ങളുടെ സങ്കലനഫലമായുള്ള വെളുത്ത പ്രകാശത്തിൽ നിന്നും സബ്ട്രാക്ടീവ് നിറങ്ങളുപയോഗിച്ച് ഒരു വർണചിത്രത്തിൽ കാണേണ്ടഭാഗങ്ങളൊഴിച്ച് ബാക്കി നിറങ്ങളെ പ്രതിഫലിപ്പിക്കാതാക്കിയാണ് ബഹുവർണ അച്ചടി നടത്തുന്നത്. ഇതിനായി ആദ്യം അച്ചടിക്കേണ്ട ബഹുവർണചിത്രം സ്കാൻചെയ്യുന്നു. ചിത്രത്തിൽ നിന്നും സൂര്യപ്രകാശത്തിലോ തത്തുല്യമായ വെളിച്ചത്തിലോ പ്രതിഫലിക്കുന്ന വിവിധ നിറങ്ങളിലുള്ള രശ്മികളെ സ്കാനറിന്റെ സഹായത്തോടെ അച്ചടിയുടെ അടിസ്ഥാന നിറങ്ങളായ മജന്ത, സ്യാൻ, മഞ്ഞ എന്നീ നിറങ്ങളുടെ ഗണങ്ങളായി വേർതിരിച്ച് ഓരോ നിറത്തിലുമുള്ള പ്രതിഛായ ഇമേജ്സെറ്റർ എന്ന സംവിധാനത്തിലൂടെ ഫിലിമിലേക്കോ, സി.റ്റി.പി. മുഖാന്തരം നേരിട്ട് പ്ളേറ്റിലേക്കോ പകർത്തുന്നു. ഇപ്രകാരം നിറങ്ങളെ വേർതിരിക്കുമ്പോൾ ഓരോ നിറത്തിലും അടങ്ങിയിരിക്കുന്ന കറുപ്പിന്റെ അംശം നഷ്ടപ്പെടുന്നു. മൂന്നു നിറങ്ങളിൽ നിന്നും മൊത്തമായി നഷ്ടപ്പെടുന്ന കറുപ്പിന്റെ അംശങ്ങൾ ചേർത്ത് നാലാമത് കറുപ്പിന്റെ ഫിലിം കൂടി (സി.റ്റി.പി.യിൽ കറുപ്പിന്റെ പ്ളേറ്റ്) തയ്യാറാക്കുന്നു. ഈ പ്രക്രിയയെ ഗ്രേസ്കെയിൽ കോമ്പൻസേഷൻ (Grayscale Compensation) എന്നു പറയുന്നു. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന ഫിലിമുകൾ ഉപയോഗിച്ച് ഓഫ്സെറ്റ് പ്ളേറ്റുകൾ തയ്യാറാക്കുന്നു. ഇതേ ഫിലിമുകൾ അല്പം വ്യതിയാനത്തോടുകൂടി തയ്യാറാക്കിയാൽ ലറ്റർപ്രസ്സ് ബ്ളോക്കിനോ, സ്ക്രീൻപ്രിന്റിങ്ങിനുള്ള സ്ക്രീൻ തയ്യാറാക്കുന്നതിലോ ഗ്രേവ്യൂർ രീതിയിലുള്ള അച്ചടിക്കോ ഉപയോഗിക്കാം. ഓരോ ഫിലിമിന്റെയും നിറത്തിനനുയോജ്യമായ മഷി ഉപയോഗിച്ച് ഒന്നിനുമീതെ ഒന്നായി നാലു നിറങ്ങളും കൃത്യമായി അച്ചടിച്ചാൽ വർണചിത്രത്തിന്റെ പ്രതിരൂപം കടലാസിലോ, അച്ചടിക്കുപയോഗിക്കുന്ന മറ്റു മാധ്യമങ്ങളിലോ തെളിയും. സ്കാൻ ചെയ്ത ചിത്രത്തെ ഫിലിമിലേക്കോ പ്ളേറ്റിലേക്കോ ഗ്രേവ്യൂവർ സിലണ്ടറിലേക്കോ പകർത്തുന്നതിന് സ്ക്രീൻ എന്ന മാധ്യമം ആവശ്യമാണ്. സ്ക്രീൻ ഉപയോഗിച്ച് പ്രകാശരശ്മികളെ വളരെ ചെറിയ കുത്തുകളായി മാറ്റുന്നു. കുത്തുകളുടെ വലിപ്പമനുസരിച്ച് അച്ചടിക്കുന്ന ചിത്രത്തിന്റെ വ്യക്തത വ്യത്യാസപ്പെടും. കുത്തുകൾ ചെറുതാകുന്തോറും ചിത്രത്തിന് കൂടുതൽ തെളിച്ചം ലഭിക്കും. അച്ചടിക്കുപയോഗിക്കുന്ന കടലാസിന്റെ മേനിക്കനുസരണമായി സ്ക്രീൻ കുത്തുകൾ വ്യത്യാസപ്പെടുത്തും. ന്യൂസ്പേപ്പർ അച്ചടിക്കാനുപയോഗിക്കുന്ന കടലാസ്, സാധാരണ വെള്ളക്കടലാസ് എന്നിവയിൽ വലിയ കുത്തുകളും (75 1pi മുതൽ 120 1pi വരെ) (1pi-lines per inch) ആർട്ട്പേപ്പറുകളിൽ അച്ചടിയന്ത്രത്തിന്റെ കഴിവ് അനുസരിച്ച് 135 1pi മുതൽ 250 1pi വരെ സ്ക്രീൻ കുത്തുകളും ഉപയോഗിക്കുന്നു. കമ്പ്യൂട്ടർ മുഖേന ഈ കുത്തുകൾ ജനിപ്പിക്കുന്ന രീതിയെ എ.എം. സ്ക്രീനിങ് (Amplitude Modulated Screen) എന്നു പറയുന്നു. കുത്തുകൾ തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ വളരെ ചെറിയ സ്ക്രീൻ കുത്തുകൾ സൃഷ്ടിക്കാൻ എഫ്.എം. സ്ക്രീൻ (Frequency Modulated Screen) ഉപയോഗിക്കുന്നു. ഇത്തരത്തിലുള്ള അച്ചടിക്ക് അതിസൂക്ഷ്മതയുള്ള അച്ചടിയന്ത്രങ്ങൾ ആവശ്യമാണ്.

ഛായാഗ്രഹണം (Photography)[തിരുത്തുക]

എല്ലാ വിഭാഗങ്ങളിലുംപെട്ട അച്ചടിക്ക് ഛായാഗ്രഹണസഹായം ആവശ്യമുണ്ട്. കൂടാതെ കുറച്ചു പ്രതികൾമാത്രം ആവശ്യമുള്ളപ്പോൾ പലപ്പോഴും മൂലത്തിൽനിന്നും ഫോട്ടോ പതിപ്പുകൾ എടുക്കുകയാണ് പതിവ്. ഫോട്ടോസ്റ്റാറ്റുകൾ, ബ്ളൂപ്രിന്റുകൾ തുടങ്ങിയവ ഈ വിഭാഗത്തിൽപ്പെടുന്നു. നോ: ഛായാഗ്രഹണം

അച്ചടിക്കടലാസ്[തിരുത്തുക]

മഷി പെട്ടെന്ന് പിടിക്കുന്നതിനും അതിലടങ്ങിയിരിക്കുന്ന എണ്ണയുടെ അംശം പടർന്നുപിടിക്കാത്തവിധം വലിച്ചെടുക്കുന്നതിനും കഴിവുള്ള മട്ടിലാണ് അച്ചടിക്കടലാസ് നിർമ്മിക്കുന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങൾ, വിജ്ഞാപനങ്ങൾ, പരസ്യങ്ങൾ എന്നിവ അച്ചടിക്കുന്നതിനുള്ള 'ബിസിനസ്' കടലാസ്സുകൾ; വളരെക്കാലം സൂക്ഷിച്ചുവയ്ക്കേണ്ട ഗ്രന്ഥങ്ങൾ, രേഖകൾ മുതലായവ അച്ചടിക്കുന്നതിനുള്ള 'കൾച്ചറൽ' കടലാസുകൾ എന്നിവയെല്ലാം തന്നെ അച്ചടികടലാസ്സിൽപെടും. ബിസിനസ്സ് പേപ്പറിന്റെ നിർമ്മാണത്തിന്റെ തോത് കൾച്ചറൽ പേപ്പറിന്റേതിൽനിന്നും തികച്ചും ഭിന്നമാണ്. ഒരു രാജ്യത്തിന്റെ ഭരണപരവും വാണിജ്യപരവുമായ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ബിസിനസ് പേപ്പറിന്റെ ആവശ്യം നിർണയിക്കുന്നത്. അസംസ്കൃത പദാർഥങ്ങളുടെ വൈവിധ്യം അനുസരിച്ച് പല ഗ്രേഡുകളിൽ കടലാസ് നിർമ്മിക്കുന്നു. വർത്തമാനപത്രങ്ങൾ അടിക്കുന്നതിനു വളരെ മിനുസമുള്ളതോ ഈടുനില്ക്കുന്നതോ ആയ കടലാസ് നിർമ്മിക്കാറില്ല. വർത്തമാനപത്രക്കടലാസ് ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന അടിസ്ഥാനപദാർഥം ചതച്ച തടിയാണ്. കോണിഫർ (conifer) മരങ്ങളാണ് ഇതിന് ഏറ്റവും അനുയോജ്യം. ഇത് 'സൽഫൈറ്റ്' രീതി ഉപയോഗിച്ച് വേഗത്തിൽ പൾപ്പാക്കി മാറ്റാം. പൈൻ മരങ്ങളും ഇതിനുപയോഗിക്കാറുണ്ട്. ഈടു കുറഞ്ഞ മരങ്ങൾ ലഭ്യമല്ലാത്ത രാജ്യങ്ങളിൽ മറ്റു മരങ്ങൾ ഉപയോഗിക്കുന്നു. ചുണ്ണാമ്പിന്റെ ബൈസർഫൈറ്റ് ഉപയോഗിച്ച് മരക്കഷണങ്ങളിൽനിന്ന് നാരു വേർപെടുത്തുന്നതാണ് പുതിയ രീതി. ഈടു കുറഞ്ഞ പോപ്ളാർ മരങ്ങളും വില്ലൊ മരങ്ങളും അച്ചടിക്കടലാസ് നിർമ്മാണത്തിന് ധാരാളമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ആസ്റ്റ്രേലിയയിൽ പത്രക്കടലാസ് നിർമ്മാണത്തിന് (80 ശ.മാ.വും) യൂക്കാലിപ്റ്റസ് മരങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ചെലവുകുറവ്, പൾപ്പ് കൂടുതൽ കിട്ടാനുള്ള സാധ്യത, അച്ചടിച്ചാലുള്ള മെച്ചം, അതാര്യത, ..ബലം എന്നീ ഗുണങ്ങളാണ് അച്ചടിക്കടലാസ് നിർമ്മാണത്തിനുപയോഗിക്കുന്ന 'സെല്ലുലോസി'ന് ആവശ്യമായിട്ടുള്ളത്. പത്രക്കടലാസ് നിർമ്മാണത്തിൽ നാരും പൾപ്പും ചേർക്കുന്ന അനുപാതത്തിന് വളരെ പ്രാധാന്യമുണ്ട്. സാധാരണ ഇവ 85:15 എന്ന അനുപാതത്തിലാണ് നിർമ്മിക്കുക. ഇതിന്റെ കൂടെ നീലയും ചുവപ്പും ചായങ്ങൾ കലർത്തി കടലാസിന് വെൺമയുണ്ടാക്കുന്നു. 'റിഫൈനിങ്' എന്ന പ്രത്യേക രീതിയിലാണ് മാസികകൾ, പുസ്തകങ്ങൾ എന്നിവയ്ക്കുവേണ്ടിയുള്ള മെച്ചപ്പെട്ട കടലാസുകളുണ്ടാക്കുന്നത്. സൂപ്പർ കലണ്ടർ യന്ത്രം ഉപയോഗിച്ച് കടലാസിന്റെ പ്രതലം മിനുസപ്പെടുത്തും. കടലാസിലുള്ള കുഴികളും വിള്ളലുകളും മാറ്റുന്നതിന് ടാൽക്, കളിമണ്ണ്, കാൽസിയം കാർബണേറ്റ്, ടൈറ്റാനിയം ഡയോക്സൈഡ് എന്നിവ ഉപയോഗിക്കുന്നു. വെളുത്ത കളിമണ്ണും പശയും പലതരം ചായങ്ങളും കടലാസിന്റെ പുറത്തു പുരട്ടുന്നു. നീർനായുടെ (Badger) രോമം കൊണ്ടു നിർമിച്ച ബ്രഷാണ് ഇതിനുപയോഗിക്കുന്നത്. പത്രക്കടലാസ് നിർമ്മാണത്തിൽ ഇന്ത്യ വളരെയധികം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. സാങ്കേതികപ്രശ്നങ്ങളേക്കാളേറെ സാമ്പത്തികപ്രശ്നങ്ങളാണ് ഇന്ത്യൻ അച്ചടിക്കടലാസ് വ്യവസായത്തെ ബാധിച്ചിരിക്കുന്നത്. കോണിഫർ മരങ്ങൾ ഇന്ത്യയിൽ ദുർലഭമായേ ലഭിക്കുന്നുള്ളൂ. ഫർ, സ്പ്രൂസ് എന്നീ മരങ്ങളും സുലഭമല്ല. മരങ്ങൾ സംഭരിക്കുന്നതിനുള്ള പ്രയാസവും ചെലവും വളരെയാണ്. പത്രക്കടലാസിന്റെ ദൌർലഭ്യംനിമിത്തം പത്രം അച്ചടിക്കുന്നതിന് വെള്ളക്കടലാസ് ഉപയോഗിക്കേണ്ടതായി വരുന്നു. ഈർച്ചമില്ലുകൾ, പ്ളൈവുഡ് വ്യവസായം എന്നിവയും പത്രക്കടലാസ് വ്യവസായത്തിന് കനത്ത ആഘാതമുണ്ടാക്കുന്നുണ്ട്. കടലാസ്സിന്റെ ഉപയോഗം വർദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, കടലാസ് നിർമ്മാണത്തിനായി ലോകത്താകമാനം മരങ്ങൾ വെട്ടിനശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരായി പല ഗവൺമെന്റുകളും സന്നദ്ധസംഘടനകളും പ്രവർത്തിക്കുന്നതിന്റെ ഫലമായി ഇപ്പോൾ തടിരഹിത (woodfree) കടലാസ് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. പല വികസിത രാജ്യങ്ങളിലും ഈ ഇനം പേപ്പർ ഉപയോഗിക്കുന്നവർക്ക് പാരിതോഷികങ്ങൾ നൽകുന്നുണ്ട്.

അച്ചടിമഷി[തിരുത്തുക]

അച്ചടിമഷി ആദ്യമായി നിർമിച്ചത് ചൈനയിലാണ്. അഞ്ചാം ശ.-ത്തിൽ ചെടികളിൽ നിന്നുള്ള വസ്തുക്കളും പുകക്കരിയും മറ്റും ചേർത്താണ് ചൈനക്കാർ അച്ചടി മഷി നിർമിച്ചിരുന്നത്. ഗുട്ടൻബർഗിന്റെ കാലത്ത് വാർണീഷോ തിളപ്പിച്ച ലിൻസീഡ് എണ്ണയോ പുകക്കരിയോടുചേർത്ത് കുഴച്ചു മഷിയുണ്ടാക്കിയിരുന്നു. കടലാസ്, തുണി, ഗ്ലാസ്, തടി, കോർക്ക്, മൺപാത്രങ്ങൾ, റബർ തുടങ്ങിയ സാധനങ്ങളിൽ അച്ചടിക്കുന്നതിനാണ് അച്ചടിമഷി ഉപയോഗിക്കുന്നത്. എഴുത്തുമഷിപോലെ അത്ര ദ്രവരൂപത്തിലുള്ളതല്ല അച്ചടിമഷി; ഏതാണ്ട് പെയിന്റിനോടു സാദൃശ്യമുള്ളതാണ്. 1772-ൽ മഷി ഉത്പാദിപ്പിക്കുന്നതിനുള്ള ഒരു കമ്പനി ഇംഗ്ളണ്ടിൽ തുടങ്ങി. 19-ാം ശ.-ത്തിന്റെ ഉത്തരാർധത്തോടെ അച്ചടിമഷി നിർമ്മാണത്തിൽ പല പരിഷ്കാരങ്ങളും ഏർപ്പെടുത്തി. 20-ാം ശ.-ത്തിൽ അച്ചടിമഷി നിർമ്മാണം സങ്കീർണമായ ഒരു വ്യാവസായിക പ്രക്രിയയായിത്തീർന്നു. അച്ചടിമഷിയിൽ മൂന്നു ഘടകങ്ങളാണുള്ളത്: മാധ്യമങ്ങൾ (vehicles), വർണകങ്ങൾ (pigments), ശോഷകങ്ങൾ (driers). ഉണങ്ങുന്നതിനുവേണ്ടിവരുന്ന സമയം കുറയ്ക്കുന്നതിനാണ് ശോഷകങ്ങൾ ഉപയോഗിക്കുന്നത്. ചില പ്രത്യേക മഷികളിൽ 15 വരെ ഘടകപദാർഥങ്ങൾ ഉണ്ടാകും. ലിൻസീഡ് എണ്ണ, സംശ്ളിഷ്ട റെസിനുകൾ, ഖനിയെണ്ണകൾ‍, പെട്രോളിയം ഉത്പന്നങ്ങൾ, ആൽക്കഹോൾ‍, ഗ്ളൈക്കോൾ എന്നിവയുടെ യൌഗികങ്ങൾ, ഹൈഡ്രോകാർബണുകൾ, പരുത്തിക്കുരു എണ്ണ എന്നിവയാണ് സാധാരണ മാധ്യമങ്ങൾ. ഈ മാധ്യമങ്ങൾ ഒറ്റയ്ക്കോ പലതും കൂട്ടിക്കലർത്തിയോ ഉപയോഗിക്കാം. മാധ്യമങ്ങൾ കൂട്ടിക്കലർത്തുന്നതിന് പല മാർഗങ്ങളുണ്ട്. പ്രകൃതിയിൽനിന്നും ലഭിക്കുന്ന വർണകങ്ങൾ, ഖനിജങ്ങൾ, സസ്യജങ്ങൾ, ജന്തുജങ്ങൾ എന്നിങ്ങനെ മൂന്നുവിധത്തിലാണ്. നീലക്കല്ല് (വൈഡൂര്യം-lapiz lazuli), കാവിമണ്ണ് (ochre) എന്നിവ ആദ്യത്തെ ഇനത്തിലും, ഇൻഡിഗോ, മരപ്പശകൾ മുതലായവ രണ്ടാമത്തെ ഇനത്തിലും, ചെഞ്ചായം (രക്തവർണമുള്ള കൊച്ചിനീൽ (Cochineal) എന്ന പ്രാണിയിൽനിന്നും എടുക്കുന്നത്) ഒട്ടകങ്ങളുടെയും പശുക്കളുടെയും മൂത്രം വറ്റിച്ചു കിട്ടുന്ന മഞ്ഞച്ചായം എന്നിവ മൂന്നാമത്തെ ഇനത്തിലും പെടുന്നു. കോബാൾട്ട്, മാൻഗനീസ്, ലെഡ് എന്നീ ലോഹങ്ങളുടെ ലവണങ്ങളാണ് ശോഷകങ്ങളായി ഉപയോഗിക്കുന്നത്. ശോഷകം മാധ്യമത്തിൽ കലർത്തുകയാണ് പതിവ്. അച്ചടിച്ച ഉടനെ മഷി ഉണങ്ങുന്ന വിധവും വേഗവും ശോഷകം ചേർന്നുളള മാധ്യമത്തെ ആശ്രയിച്ചിരിക്കും. ഓക്സീകരണം, അവശോഷണം, ബാഷ്പനം (evaporation), അവസ്കന്ദനം (coagulation), അവക്ഷേപണം (precipitation), പോളിമറീകരണം (polymerization) എന്നിങ്ങനെ ഏതെങ്കിലും ഒരു പ്രക്രിയയിലൂടെയാണ് മഷി ഉണങ്ങുക. അച്ചടിക്കേണ്ട പ്രതലം, അച്ചടിരീതി, മുദ്രണോപകരണങ്ങൾ എന്നിവ പരിഗണിച്ച് മഷി കലർത്തി എടുക്കാവുന്നതാണ്. മഞ്ഞ, ചുവപ്പ്, നീല എന്നീ വർണങ്ങളും കറുപ്പും സ്വതന്ത്രമായും പല അനുപാതത്തിൽ കൂട്ടിക്കലർത്തിയും ബഹുവർണങ്ങളിൽ അച്ചടി സാധ്യമാക്കുന്നു. ഇങ്ങനെ കൂട്ടിക്കലർത്തുന്നതുൾപ്പെടെ മൊത്തം 900000 ഇങ്ക് ഫോർമുലകൾ ഉണ്ടെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. ഒരു പൌണ്ട് കറുപ്പു മഷികൊണ്ട് 100 ച. ഇഞ്ച് സ്ഥലത്ത് 1,000 പതിപ്പുകൾ ഉണ്ടാക്കാം. മറ്റുള്ള നിറങ്ങൾ ഇത്രയും അളവു മഷികൊണ്ട് സാധ്യമല്ല, നീല, ചുവപ്പ്, മഞ്ഞ, വെള്ള എന്നീ നിറങ്ങളിൽ ഒരു പൌണ്ട് മഷികൊണ്ട് 1,000 പതിപ്പുകൾക്ക് യഥാക്രമം 90, 80, 70, 60 ച. ഇഞ്ച് മാത്രം അടിക്കാനേ കഴിയൂ. മിനുസമുളള പ്രതലങ്ങളിലും മിനുസമില്ലാത്ത പ്രതലങ്ങളിലും അച്ചടിക്കുന്നതിന് പ്രത്യേകം മഷികളുണ്ട്. കടലാസിന്റെ നിറഭേദമനുസരിച്ച് പല നിറത്തിലുള്ള മഷികൾ ആവശ്യമാണ്. വെള്ളക്കടലാസിൽ ചുവപ്പു നിറമടിക്കാൻ ഉപയോഗിക്കുന്ന മഷി പച്ചക്കടലാസിൽ അടിക്കുമ്പോൾ ബ്രൌൺനിറമായിമാറുന്നു. മിനുസം കുറഞ്ഞ പേപ്പറിൽ അടിക്കുന്നതിന് മിനുസം കൂടിയ പേപ്പറിൽ അച്ചടിക്കുന്നതിനാവശ്യമായ മഷിയുടെ അളവിന്റെ ഇരട്ടി വേണം. ചില പ്രത്യേകതരം മഷികളുണ്ട്. ഉദാ. ഹീറ്റ്സെറ്റ് ഇങ്ക് (heatset ink), കോൾഡ്സെറ്റ് ഇങ്ക് (coldset ink), സ്റ്റീംസെറ്റ് ഇങ്ക് (steamset ink), മെറ്റാലിക് ഇങ്ക് (metallic ink), ഫ്ളൂറസെന്റ് ഇങ്ക് (fluorescent ink) എന്നിവ. വേഗം കൂടുതലുള്ള യന്ത്രങ്ങളിൽ ഹീറ്റ്സെറ്റ് ഇങ്ക് ഉപയോഗിക്കുന്നു. പാക്കേജിങ് അച്ചടി, ലോഹത്തകിടിൻമേലുള്ള അച്ചടി എന്നിവയ്ക്ക് മെറ്റാലിക് അച്ചടിമഷി ഉപയോഗിക്കുന്നു. അലുമിനിയം പൊടി കലർത്തിയാണ് സിൽവർ ഇങ്ക് ഉണ്ടാക്കുന്നത്. വർണോജ്വലത (colour brilliance) കൂടുതൽ ആവശ്യമായി വരുമ്പോൾ ഫ്ളൂറസെന്റ് ഇങ്ക് ഉപയോഗിക്കും. ഇവയെ ഓപ്റ്റിക്കൽ ബ്രൈറ്റനേഴ്സ് (optical brighteners) എന്നു പറയുന്നു. സാധാരണ വർണകങ്ങളേക്കാൾ 4-5 ഇരട്ടി പ്രകാശം ജനിപ്പിക്കുന്നതാണ് പ്രതിദീപ്തി (fluorescent) വർണകങ്ങൾ. ചെക്ക്, ബിസിനസ്ഫാറങ്ങൾ എന്നിവ അച്ചടിക്കുന്നതിന് മാഗ്നറ്റിക് മഷികളുണ്ട്. വർണകങ്ങളും മാധ്യമവും കൂട്ടിക്കലർത്തി കുഴമ്പു പാകത്തിൽ ഒരു മില്ലിലൂടെയോ രണ്ടു റോളറുകൾക്കിടയിലൂടെയോ 3 മുതൽ 10 വരെ തവണ കടത്തിവിടും. ഇങ്ങനെ കടത്തിവിടുന്നതിനിടയിലാണ് ശോഷകങ്ങൾ കലർത്തുന്നതും മഷിയിലുള്ള ജലാംശം നീക്കുന്നതും. പ്രകൃതിയിൽനിന്നു ലഭിക്കുന്ന വർണകങ്ങൾക്കുപകരം സിന്തറ്റിക് (Synthetic) വർണകങ്ങൾ ഉപയോഗിക്കുന്നുണ്ട്. സിന്തറ്റിക് വർണകങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ ഇത്രയും കൂടുതൽ സമയം കുഴയ്ക്കേണ്ടിവരില്ല. ഓരോ അച്ചുകൂടത്തിന്റെയും വലിപ്പമനുസരിച്ച് അച്ചടിമഷിയുടെ ആവശ്യത്തിന് വ്യത്യാസമുണ്ടാകും. ഒരു ലറ്റർ ഹെഡ് അടിക്കുന്നതിന് ഒരു ഔൺസിന്റെ ചെറിയ ഒരു ഭാഗം മഷി മതി. എന്നാൽ ഒരു വൻകിട പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പ് അടിക്കുന്നതിന് ഉദ്ദേശം 200,000 പൌണ്ട് മഷി വേണ്ടിവരും. അമേരിക്കയിലെ ദിനപത്രങ്ങളെല്ലാം ഒരു സാധാരണ ദിവസം അടിക്കുന്നതിന് 600,000-700,000 പൌണ്ട് മഷിവേണ്ടിവരുമെന്ന് കണക്കാക്കിയിരിക്കുന്നു. മിക്ക മഷിനിർമ്മാണ സ്ഥാപനങ്ങളും മഷിയെപ്പറ്റി ഗവേഷണം നടത്തുന്നുണ്ട്. അമേരിക്കയിലെ മഷി ഉത്പാദകരുടെ സംഘടനയായ ദി നാഷണൽ അസോസിയേഷൻ ഒഫ് പ്രിന്റിങ് ഇങ്ക് മേക്കേഴ്സ് (The National Association of Printing Ink Makers) പ്രിന്റിങ് ഇങ്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (Printing Ink Research Institute) എന്ന സ്ഥാപനം നടത്തിവരുന്നു.

അച്ചടിയന്ത്രങ്ങൾ[തിരുത്തുക]

അച്ചടിസമ്പ്രദായങ്ങളുടെ സ്വഭാവമനുസരിച്ച് വിവിധ രീതിയിലുള്ള അച്ചടിയന്ത്രങ്ങൾ ഉപയോഗിച്ചുവരുന്നു. റിലീഫ് പ്രിന്റിങ് (ലറ്റർ പ്രസ്) ലിത്തോഗ്രാഫി, ഇന്റാഗ്ളിയോ പ്രിന്റിങ്, സ്ക്രീൻ പ്രിന്റിങ് എന്നിവയ്ക്കു പ്രത്യേകം പ്രത്യേകം അച്ചടിയന്ത്രങ്ങളുണ്ട്. അച്ചടിയന്ത്രങ്ങളെ മറ്റുതരത്തിലും വിഭജിക്കാറുണ്ട്. പേപ്പർ ഷീറ്റുകളായോ റോളുകളായോ കടത്തിവിടുക, യന്ത്രസഹായംകൊണ്ടോ കൈകൾകൊണ്ടോ കടലാസ് നീക്കിക്കൊടുക്കുക, ഓരോ പതിപ്പ് എടുക്കുമ്പോഴും സിലിണ്ടർ ചുറ്റുന്നതിന്റെ അളവ്, അടിക്കാവുന്ന പേജുകളുടെ വലിപ്പം, മഷി ഉപയോഗിക്കുന്നരീതി (ഉദാ. ഹീറ്റ്സെറ്റ് ഇങ്ക്) എന്നിങ്ങനെ പല അടിസ്ഥാനത്തിലും അച്ചടിയന്ത്രങ്ങളെ തരംതിരിക്കാറുണ്ട്.

റിലീഫ് പ്രസ്സുകൾ[തിരുത്തുക]

ലറ്റർ പ്രസ്സിനെ മൂന്നായി തരംതിരിക്കാം: പ്ളാറ്റൻപ്രസ് (Platen Press), ഫ്ളാറ്റ് ബെഡ് പ്രസ് (Flat Bed Press), റോട്ടറി പ്രസ് (Rotary Press). ചെറിയ കടലാസുകൾ, ടിക്കറ്റുകൾ, ബില്ലുകൾ എന്നിവ അച്ചടിക്കുന്നതിനാണ് പ്ളേറ്റൺ പ്രസ് ഉപയോഗിക്കുക. ഇതിന് ജോബ് പ്രസ് (job press) എന്നും പറയുന്നു. അച്ചുകൾ നിരത്തുന്നതിനും കടലാസുവയ്ക്കുന്നതിനുമായി രണ്ടു ഭാഗങ്ങളുണ്ട്. അച്ചുകൾ നിരത്തിവച്ചിരിക്കുന്നഭാഗം അനങ്ങുകയില്ല. കടലാസുവച്ചിരിക്കുന്നഭാഗം മുന്നോട്ടു പോകുമ്പോൾ അച്ചുകൾ നിരത്തിയിരിക്കുന്ന ഭാഗവുമായി തൊട്ട് പതിപ്പുകൾ ഉണ്ടാക്കുന്നു. കൈകൾ കൊണ്ടാണ് ഇതിൽ പേപ്പർ നീക്കിക്കൊടുക്കുന്നത്. പില്ക്കാലത്ത് യന്ത്ര സഹായംകൊണ്ട് കടലാസ് കൊടുക്കാൻ കഴിഞ്ഞതോടെ കൂടുതൽ വേഗത്തിൽ കൂടുതൽ പതിപ്പെടുക്കാൻ കഴിയുന്നു. 'ഫ്ളാറ്റ്ബെഡ് പ്രസ്'(സിലിണ്ടർ പ്രസ്)-ൽ അച്ചുകൾ നിരത്തിയിരിക്കുന്ന ഭാഗവും സിലിണ്ടറും ഓടിക്കൊണ്ടിരിക്കും. അച്ചുകൾ നിരത്തിയിരിക്കുന്ന ഭാഗം മുന്നോട്ടു നീങ്ങുന്ന വേഗത്തിൽത്തന്നെ സിലിണ്ടറും നീങ്ങുന്നു. അച്ചുനിരത്തിയിരിക്കുന്ന ഭാഗവും സിലിണ്ടറും ഒരു നിശ്ചിത സമയത്ത് ബന്ധിക്കുകയും പതിപ്പുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അച്ചുനിരത്തിയിരിക്കുന്നഭാഗം പുറകോട്ടുപോകുമ്പോൾ അച്ചടിച്ച കടലാസ് മാറ്റുകയും വേറെ കടലാസ് വച്ചുകൊടുക്കുകയും ചെയ്യും. സിലിണ്ടർപ്രസ്സിലും പല പരിഷ്ക്കാരങ്ങൾ വരുത്തിയിട്ടുണ്ട്. യന്ത്രവത്കരണത്തോടെ കടലാസ് വച്ചുകൊടുക്കുന്നതിന് ഓപ്പറേറ്ററുടെ ആവശ്യമില്ലാതായി. ഒരു കടലാസിന്റെ രണ്ടു വശവും ഒരേസമയം അടിക്കാവുന്ന സിലിണ്ടർ പ്രസ്സുകളും ഇപ്പോൾ പ്രചാരത്തിലുണ്ട്. റോട്ടറി പ്രസ്സുകളിൽ കടലാസ് റോളുകളാണ് ഉപയോഗിക്കുന്നത്. കടലാസ് തനിയെ നിവർന്ന് അച്ചടി കഴിഞ്ഞ് ആവശ്യംപോലെ മുറിഞ്ഞു മടങ്ങി തയ്ച്ചുകിട്ടുന്ന റോട്ടറി യന്ത്രങ്ങളുണ്ട്. വളഞ്ഞ പ്ളേറ്റും സിലിണ്ടറും പ്രവർത്തിച്ചാണ് അച്ചടി നടക്കുന്നത്. അഞ്ച് വർണങ്ങളിൽ ഒരേ സമയം അച്ചടിക്കാവുന്ന റോട്ടറി പ്രസ്സുകളും ഉണ്ട്. ഫ്ളോങ് തയ്യാറാക്കി അതിൽ അച്ചുപതിപ്പിക്കുന്നു. അച്ചുള്ള ഭാഗം അകത്തു വരുന്ന രീതിയിൽ ഫ്ളോങ് അകം പൊള്ളയായ സിലിണ്ടറിൽ പിടിപ്പിക്കുന്നു. ഉരുകിയ ലോഹം ഈ സിലിണ്ടറിലേക്കു കടത്തിവിടുന്നു. ലോഹം തണുത്തതിനുശേഷം യന്ത്രത്തിൽ ബന്ധിപ്പിക്കുന്നു. കടലാസ് ചുരുളിന്റെ അറ്റം അച്ചു സിലിണ്ടറിന്റെയും അച്ചടിക്കുന്ന സിലിണ്ടറിന്റെയും ഇടയിൽ ബന്ധിപ്പിച്ച് പതിപ്പുകൾ എടുക്കുന്നു.

ഓഫ്‌‌സെറ്റ് പ്രസ്സുകൾ[തിരുത്തുക]

ഇതിന്റെ ലോഹ അച്ചടിപ്ളേറ്റിനു 0.25 ഇഞ്ച് കനമേയുള്ളു. സിങ്ക്, അലൂമിനിയം, ചെമ്പ് എന്നീ ലോഹങ്ങളോ അവയുടെ സങ്കരങ്ങളോ ഉപയോഗിച്ചാണ് പ്ളേറ്റുകൾ ഉണ്ടാക്കുന്നത്. ചെറിയതരം പ്രസ്സുകളിൽ പ്ളാസ്റ്റിക് ലേപനം ചെയ്ത പ്ളേറ്റുകളും ഉപയോഗിക്കുന്നു. ഈ യന്ത്രത്തിന് യന്ത്രവത്കൃത ഫീഡറുകൾ ഉണ്ട്. 10 x 14 മുതൽ 55 x 78 ഇഞ്ചുവരെ വലിപ്പമുള്ള കടലാസുകൾ ഇതിലുപയോഗിക്കാം. ബ്ളാങ്കറ്റ്-റ്റു-ബ്ളാങ്കറ്റ് രീതി (Blanket to Blanket Method) ഉപയോഗിച്ച് ഒരു കടലാസിന്റെ രണ്ടുവശവും അടിക്കാവുന്ന ഓഫ്സെറ്റ് പെർഫെക്ടിങ് പ്രസ്സുകളും (Offset Perfecting Press) ഉണ്ട്. വെള്ളം ഉപയോഗിക്കേണ്ടാത്ത ഡ്രൈ ഓഫ്സെറ്റ് പ്രസ്സുകളും (Dry offset Press) ഉണ്ട്.

ഇന്റാഗ്ളിയോ പ്രസ് (Intaglio Press)[തിരുത്തുക]

കൈകൊണ്ടും യന്ത്രംകൊണ്ടും പ്രവർത്തിക്കുവാൻ കഴിയുന്നതാണ് ഇന്റാഗ്ളിയോ പ്രസ്സുകൾ. ഫ്ളാറ്റ് ബെഡ് സിലിണ്ടർ പ്രസ്സിനോട് സാദൃശ്യമുള്ള രീതിയിലാണ് ഇതിന്റെയും സംവിധാനം. എൻഗ്രേവ് ചെയ്തിരിക്കുന്ന പ്ളേറ്റിലേക്ക് ഷീറ്റ് കടത്തി വിടേണ്ടതുകൊണ്ട് വലിയ മർദം ഇതിന് ആവശ്യമാണ്.

റോട്ടോ ഗ്രെവ്യൂർ പ്രസ് ഫോട്ടോഗ്രെവ്യൂർ (Roto-gravure/photogravure)[തിരുത്തുക]

ഛായാഗ്രഹണരീതിയിൽ നിർമിച്ച പ്ളേറ്റുകളിൽ നിന്നാണ് ഇതിൽ പതിപ്പുകളെടുക്കുന്നത്. മഷിയിൽക്കിടന്നു കറങ്ങുന്ന ചെമ്പുസിലിണ്ടറിലുള്ള കുഴികളിൽനിന്ന് പതിപ്പുകൾ ഉണ്ടാകുന്നു. ഫോട്ടോഗ്രെവ്യൂർ ഫ്ളാറ്റ് ബെഡ്, ലറ്റർ പ്രസ് സിലിണ്ടർ പ്രസ്സിന്റെ രീതിയിലാണ് പ്രവർത്തിക്കുന്നത്. റോട്ടറി ഫോട്ടോ ഗ്രെവ്യൂർ പ്രസ്സുകളിൽ സിലിണ്ടറിനോടു, കുഴിച്ചിട്ടുള്ള ചെമ്പ് അച്ചടിപ്ളേറ്റ് (നോ: ഗ്രെവ്യൂർ) ബന്ധിപ്പിക്കുന്നു. അച്ചടിക്കേണ്ട പ്രതലങ്ങളിൽ കൂടുതലായി മഷിവരുന്നത് തുടയ്ക്കുന്നതിന് ഡോക്ടർ ബ്ളേഡുമുണ്ട്. റോട്ടറിപ്രസ് മാതൃകയിലാണ് കടലാസ് നീക്കിക്കൊടുക്കുന്നത്.

സ്ക്രീൻ പ്രോസസ് പ്രസ് (Screen Process)[തിരുത്തുക]

കൈകൾകൊണ്ട് ഈ യന്ത്രം പ്രവർത്തിപ്പിക്കാം. ഇപ്പോൾ മണിക്കൂറിൽ 1,500 മുതൽ 3,500 പ്രതികൾവരെ അച്ചടിക്കാൻ കഴിയുന്ന യന്ത്രവത്കൃത സ്ക്രീൻ പ്രോസസ് അച്ചടി യന്ത്രങ്ങളുണ്ട്. 13*20 മുതൽ 52* 76 ഇഞ്ചുവരെ വലിപ്പത്തിലുള്ള അച്ചടികൾ ഇതിൽ നടക്കുന്നു. കുപ്പി, ബാരലുകൾ എന്നിങ്ങനെയുള്ള വളഞ്ഞ തലങ്ങളിൽ അച്ചടിക്കാനാണ് ഇതുപയോഗിക്കുന്നത്.

വ്യവസായ പ്രാധാന്യം[തിരുത്തുക]

വിവിധ സ്വഭാവമുള്ള മറ്റനേകം രീതികളുള്ളതിൽ പ്രധാനമായവയാണ് മേൽവിവിരിച്ചിരിക്കുന്നത്. വിസിറ്റിങ് കാർഡു മുതൽ വിവിധവർണങ്ങളുടെ ചിത്രണംവരെ ഉള്ള ഒട്ടുവളരെ അച്ചടിവേലകൾക്കായി ഈ പ്രക്രിയകളെല്ലാം പ്രധാനമായും ചെയ്തുവരുന്നു. പല തരത്തിലുള്ള ജോലികൾക്ക് പല തരത്തിലുള്ള മുദ്രണ പ്രക്രിയകൾ ആവശ്യമായി വരുന്നുവെന്നത് ശ്രദ്ധേയവും രസാവഹവുമാണ്. വിജ്ഞാന വിതരണത്തിനുള്ള ഉപാധിയെന്ന നിലയ്ക്ക് അച്ചടി ഉന്നതമായ പങ്കുവഹിച്ചിട്ടുണ്ട്. ബുദ്ധിപരവും ശാസ്ത്രീയവുമായ വികസനത്തിന് ഇത് മഹത്തായ ഉപകരണമായി ഭവിച്ചു. അന്തർലീനമായിക്കിടന്നിരുന്ന ആശയങ്ങളും വിജ്ഞാനങ്ങളും വെളിച്ചത്തേക്കു കൊണ്ടുവന്നത് അച്ചടി പ്രക്രിയ വഴിയാണ്. പുസ്തകങ്ങളുടെ പ്രകാശനത്തിൽ അച്ചടി മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്. അച്ചടിയും പ്രസാധനവും ചേർന്ന് ഒരു പ്രധാനവ്യവസായമായി വളർന്നു. 16-ാം ശ.-ത്തിൽ യൂറോപ്പിൽ അച്ചടിവ്യവസായവും ആധുനിക പ്രസാധന സംവിധാനങ്ങളും വികസിച്ചു. 17-ാം ശ.-ത്തിന്റെ ആരംഭത്തിൽ അച്ചടി ലോകത്തിലെ പ്രധാനവ്യവസായങ്ങളുടെ പട്ടികയിൽ സ്ഥാനം നേടി. പുസ്തകപ്രസാധനം അച്ചടിവ്യവസായത്തോടു വളരെ ബന്ധപ്പെട്ടിരിക്കുന്നു. മഹത്തായ ഗ്രന്ഥങ്ങളുടെ വിലകുറഞ്ഞ പതിപ്പുകളുടെ പ്രസാധനവും ഈ വ്യവസായത്തെ വികസിപ്പിച്ചു. 19-ാം ശ.-ത്തിന്റെ അവസാനത്തോടുകൂടി തത്ത്വശാസ്ത്രം, മതം, വൈദ്യശാസ്ത്രം, രാഷ്ട്രതന്ത്രം, എന്നീ വിഷയങ്ങളിൽ ഗ്രന്ഥങ്ങളുടെ വൻതോതിൽ ഉള്ള ഉത്പാദനം കേരളത്തിൽ ആരംഭിച്ചു കഴിഞ്ഞിരുന്നു. അമേരിക്കയിൽ വിലകുറഞ്ഞ പ്രസിദ്ധീകരണങ്ങൾ ആവിർഭവിക്കുന്നതിനു മുമ്പുതന്നെ, സാധാരണക്കാരനുപോലും വാങ്ങി വായിക്കാവുന്നത്ര ചുരുങ്ങിയ വിലയ്ക്ക് പുസ്തകങ്ങൾ കേരളത്തിൽ പ്രസാധനം ചെയ്തു വില്പന നടത്തുകയുണ്ടായി. പത്രമാസികകൾ, പുസ്തകങ്ങൾ പാക്കേജിങ് ഉപകരണങ്ങൾ എന്നിവയുടെ ഉത്പാദനം സാധ്യമാക്കിയതും അഭിവൃദ്ധിപ്പെടുത്തിയതും അച്ചടിയാണ്. 17-ാം ശ.-ത്തിലാണ് ഈ വികാസത്തിന്റെ ആരംഭം. മറ്റുരംഗങ്ങളിലുണ്ടായ പുരോഗതിക്കൊത്തു നീങ്ങാൻ ഈ വ്യവസായത്തിനു കഴിഞ്ഞു എന്നതു മുദ്രണരംഗത്തെ ബഹുമുഖവികാസങ്ങൾക്ക് കാരണമാകുകയും ചെയ്തു.


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അച്ചടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അച്ചടി&oldid=3931893" എന്ന താളിൽനിന്ന് ശേഖരിച്ചത്