Jump to content

സി.എം.എസ്. പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1821-ൽ ബെഞ്ചമിൻ ബെയ്‌ലി എന്ന ഇംഗ്ലീഷുകാരനായ മിഷണറി സ്ഥാപിച്ച സി.എം.എസ്. പ്രസ്സ് കേരളത്തിലെ ആദ്യത്തെ മുദ്രണാലയമാണ്. കോട്ടയം ജില്ലയിലെ ഗോവിന്ദാപുരം എന്ന ചുങ്കത്താണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

ബെഞ്ചമിൻ ബെയ്‌ലി പരിഭാഷപ്പെടുത്തി, 1824'ൽ ഇവിടെ അച്ചടിച്ചു് പ്രസിദ്ധീകരിച്ച "ചെറുപൈതങ്ങൾക്ക ഉപകാരാർത്ഥം ഇംക്ലീശിൽനിന്ന പരിഭാഷപ്പെടുത്തിയ കഥകൾ" ആണു് കേരളത്തിൽ അച്ചടിച്ച ആദ്യത്തെ മലയാള പുസ്തകം.[1]

1848 പ്രസിദ്ധീകരണം ആരംഭിച്ച മലയാളത്തിലെ ആദ്യത്തെ വർത്തമാനപ്പത്രം ജ്ഞാനനിക്ഷേപം ഇവിടെയാണ് അച്ചടിച്ചത്.

ചരിത്രം

[തിരുത്തുക]

ക്രൈസ്തവ പാതിരിമാരുടെ നേതൃത്വത്തിൽ മുദ്രണവിദ്യയിലൂടെയുള്ള വിജ്ഞാനവിതരണ സംരംഭങ്ങൾ നേരത്തെ തുടങ്ങിയെങ്കിലും കേരളത്തിൽ അച്ചടി സാർവജനീനമായ പ്രയോജനത്തിനുളള ഒരു മാധ്യമമാകുന്നത് തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനും റസിഡന്റുമായി സേവനം അനുഷ്ഠിച്ച കേണൽ മൺറോയുടെ കാലത്താണ് (1810-19). ഇദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് കോട്ടയത്ത് ചർച്ച് മിഷൻ സൊസൈറ്റി (സി.എം.എസ്.) ഒരു പ്രസ് സ്ഥാപിക്കുവാൻ തീരുമാനിച്ചത്. റവ. ബെഞ്ചമിൻ ബെയിലിയുടെ നേതൃത്വത്തിൽ 1821-ൽ സി.എം.എസ്. പ്രസ് സ്ഥാപിതമായി. അവിടെ സ്ഥാപിച്ച ആദ്യത്തെ പ്രസ്, എൻസൈക്ളോപീഡിയ ബ്രിട്ടാനിക്ക നോക്കി ബെയിലി ധ്വര സംവിധാനം ചെയ്തതാണ്. ഇതിൽ മുദ്രണം ചെയ്യപ്പെട്ട കൃതികൾ ക്രമേണ പ്രചരിച്ചു തുടങ്ങി. ഈ പ്രസ്സിന്റെ പ്രാരംഭകാലപ്രവർത്തനങ്ങളുടെ സകല ചുമതലകളും വഹിച്ചിരുന്ന റവ. ബെയിലി തന്നെ. ബൈബിൾ തുടങ്ങിയ ക്രൈസ്തവഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തും ശബ്ദകോശങ്ങൾ നിർമിച്ചും ഇതിന്റെ പ്രവർത്തനങ്ങളെ വിപുലീകരിച്ചു. യഥാർഥത്തിൽ അച്ചടി ഒരു വ്യവസായമെന്ന നിലയിൽ കേരളത്തിലാരംഭിക്കാൻ തുടക്കമിട്ടത് കോട്ടയത്തെ സി.എം.എസ്. പ്രസ് ആണെന്നു പറയാം.

അച്ചുകൾ നിർമ്മിക്കാനും സംവിധാനം ചെയ്യാനും റവ. ബെയിലി ഒരു മരപ്പണിക്കാരനെയും രണ്ടു കൊല്ലൻമാരെയും തന്നോടൊത്ത് പ്രസ്സിൽ താമസിപ്പിച്ചിരുന്നു. അതുവരെയുണ്ടായിരുന്ന ചതുരവടിവ് ഉപേക്ഷിച്ചിട്ട് വട്ടത്തിൽ മലയാളലിപികൾക്ക് അച്ചു തയ്യാറാക്കാൻ തുടങ്ങിയതും ഈ പ്രസ്സിന്റെ ആവിർഭാവത്തോടുകൂടിയാണ്. സംക്ഷേപവേദാർഥം മുദ്രണം ചെയ്യാൻ ഉപയോഗിച്ച ചതുരവടിവിലുള്ള അച്ചുകളുടെ എണ്ണം 1,128 ആണെന്നു പ്രസ്താവിച്ചുവല്ലോ. മുംബൈയിലെ കൊറിയർ പ്രസ്സിലും ഇത്തരം ചതുരവടിവിലുള്ള അച്ചുകളാണ് ഉപയോഗിച്ചിരുന്നത്. അച്ചുകളുടെ എണ്ണം അഞ്ഞൂറിൽപരമായി കുറച്ചത് ബെയിലി ആണ്. ചതുരവടിവിൽ വള്ളികൾ ( ി, ീ) വ്യഞ്ജനാക്ഷരങ്ങളോടു ചേർത്ത് മുകളിലായി കൊടുത്തിരുന്നു. അവ വേർപെടുത്തിയതു മൂലമാണ് എണ്ണം കുറഞ്ഞു കിട്ടിയത്. 'നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പുതിയ നിയമം മലയാഴ്മയിൽ പരിഭാഷയാക്കപ്പെട്ടത്; കോട്ടയം ചർച്ച് മിശോൻ അച്ചിൽ ബൈബിൾ സൊസൈറ്റിക്കുവേണ്ടി മിശിഹ സംവത്സരം 1829-ൽ അച്ചടിക്കപ്പെട്ടു', എന്ന പരാമർശനത്തിൽനിന്ന് അക്കാലത്ത് മലയാളഗദ്യം നേടിയ നവചൈതന്യത്തെക്കുറിച്ചുള്ള തെളിവും ലഭിക്കുന്നു.

1834-ൽ സ്വാതിതിരുനാൾ രാമവർമ തിരുവനന്തപുരത്ത് ആദ്യമായി ഗവൺമെന്റ് പ്രസ് സ്ഥാപിച്ചു. അതുവരെ ഗവൺമെന്റിനാവശ്യമായ സകല മുദ്രണജോലികളും കോട്ടയം സി.എം.എസ്. പ്രസ്സിലാണ് നടത്തിവന്നത്.

അവലംബം

[തിരുത്തുക]
  1. "മലയാളത്തിനു മഷി പുരണ്ടപ്പോൾ". മലയാള മനോരമ ശതോത്തര രജതജൂബിലിപ്പതിപ്പ്: 174. 2013. {{cite journal}}: |access-date= requires |url= (help); Check date values in: |accessdate= (help)

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ "അച്ചടി - മലയാളത്തിൽ" "അച്ചടി - മലയാളത്തിൽ" എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=സി.എം.എസ്._പ്രസ്സ്&oldid=3456090" എന്ന താളിൽനിന്ന് ശേഖരിച്ചത്