ആർ.കെ. ദാമോദരൻ
ആർ.കെ. ദാമോദരൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
സ്ഥാനപ്പേര് | കവി, ഗാനരചയിതാവ്, സംഗീതജ്ഞൻ |
ജീവിതപങ്കാളി(കൾ) | രാജലക്ഷ്മി |
കുട്ടികൾ | അനഘ |
വെബ്സൈറ്റ് | rkdamodaran |
പ്രമുഖ കവിയും ഗാനരചയിതാവുമാണ് ആർ.കെ. ദാമോദരൻ.ദീർഘകാലം മാതൃഭൂമിയിൽ ജീവനക്കാരനായിരുന്നു. ലളിത സംഗീത ശാഖയിൽ കേരള സംഗീതനാടക അക്കാദമിയുടെ 2013 ലെ കലാശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]1953 ഓഗസ്റ്റ് 1-ന് കർക്കടകമാസത്തിലെ രേവതി നക്ഷത്രത്തിൽ പാലക്കാട് ജില്ലയിലെ മഞ്ഞപ്രയിൽ പരേതരായ കൊടത്താനാട്ടുചിറയിൽ കളത്തിൽ രാമൻകുട്ടി നായരുടെയും പാലക്കാട് പള്ളത്തേരി കപ്പാടത്ത് പുത്തൻവീട്ടിൽ കല്യാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച ദാമോദരൻ, എന്നാൽ പഠിച്ചതും വളർന്നതുമെല്ലാം എറണാകുളത്താണ്. അച്ഛന്റെ ജോലി എറണാകുളത്തായിരുന്നതുകൊണ്ടാണ് അദ്ദേഹം എറണാകുളത്തുകാരനായത്. എറണാകുളം ഭാരതീയ വിദ്യാഭവൻ, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 1978-ൽ പുറത്തിറങ്ങിയ രാജു റഹീം എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഗാനരചന നിർവ്വഹിച്ചത്. ഈ ചിത്രത്തിലെ രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു. എം.കെ. അർജുനൻ ഈണം പകർന്ന ഈ ഗാനം ആലപിച്ചത് യേശുദാസാണ്. തുടർന്ന് 100-ഓളം ചിത്രങ്ങൾക്കുവേണ്ടി അദ്ദേഹം ഗാനരചന നിർവ്വഹിച്ചു. മലയാളത്തിലെ മിക്ക പ്രമുഖ സംഗീതസംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ, താളം തെറ്റിയ താരാട്ട്, ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധ ചലച്ചിത്രഗാനങ്ങളാണ്.
എങ്കിലും ദാമോദരനെ കൂടുതൽ അടുത്തറിയുന്നത് അദ്ദേഹം എഴുതിയ ഭക്തിഗാനങ്ങളിലൂടെയാണ്. 1980-ൽ പുറത്തിറങ്ങിയ ഹരിശ്രീ പ്രസാദം എന്ന ആൽബത്തിനുവേണ്ടിയാണ് അദ്ദേഹം ആദ്യമായി ഭക്തിഗാനങ്ങൾ എഴുതിയത്. മറ്റൊരു നവാഗതനായിരുന്ന ടി.എസ്. രാധാകൃഷ്ണനായിരുന്നു സംഗീതസംവിധായകൻ. പി. ജയചന്ദ്രൻ, കാഞ്ഞങ്ങാട് രാമചന്ദ്രൻ, കാവാലം ശ്രീകുമാർ, കല്യാണി മേനോൻ, മെഹബൂബ് എന്നിവർ ഗാനങ്ങൾ ആലപിച്ച് ഈ ആൽബം അക്കാലത്ത് വൻ ഹിറ്റായിരുന്നു. തുടർന്ന് 300-ഓളം ആൽബങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. കൂടുതലും അയ്യപ്പഭക്തിഗാനങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. അവയിൽ തന്നെ, ഖൽബിന്റെ വാനിൽ ഒരു ഹൂറിപ്പരുന്ത്, കൊച്ചുതൊമ്മൻ സ്വാമിയുണ്ട് കൂട്ടുകാരുണ്ട് തുടങ്ങിയ ഗാനങ്ങൾ അതുവരെ കേട്ട അയ്യപ്പഭക്തിഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മതേതരപശ്ചാത്തലത്തിൽ രചിച്ച ഗാനങ്ങളെന്ന നിലയിൽ ശ്രദ്ധേയമാണ്. ദാമോദരൻ-രാധാകൃഷ്ണൻ സഖ്യത്തിന്റേതുമാത്രമായി ഏകദേശം മുപ്പതിനടുത്ത് ആൽബങ്ങളുണ്ട്. അയ്യപ്പസ്തുതികളിൽ കൂടുതൽ വ്യത്യസ്തത പുലർത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. 1996-ൽ പുറത്തിറങ്ങിയ മകരോത്സവം എന്ന ആൽബത്തിനുവേണ്ടി അദ്ദേഹം രചിച്ച തറവാട്ടിൽ മലയാളിയ്ക്കയ്യനയ്യപ്പൻ സ്വാമിയ്ക്ക് എന്ന ഗാനത്തിന്റെ പല്ലവിയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാലുഭാഷകളിലെയും പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എം.എസ്. വിശ്വനാഥൻ ഈണം പകർന്ന ഈ ഗാനം ആലപിച്ചത് ബിജു നാരായണനാണ്.
ഒരു രാഷ്ട്രീയപ്പാർട്ടിയോടും അടുപ്പമില്ലെങ്കിലും നിരവധി രാഷ്ട്രീയഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കെ. കരുണാകരനെക്കുറിച്ചെഴുതിയ 'കരുത്ത് ജന്മമെടുത്തപ്പോൾ കരുണാകർജി ലീഡർജി എന്നുതുടങ്ങുന്ന ഗാനം കൊണ്ട് കരുണാകരന്റെ പ്രശംസയും അദ്ദേഹം നേടിയെടുത്തു. കേരള സ്കൂൾ കലോത്സവം അടക്കം നിരവധി പരിപാടികളിൽ പാടാൻ വേണ്ടിയും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ, ടി.എസ്. രാധാകൃഷ്ണൻ ഈണം നൽകി സതീഷ് ഭട്ട് ആലപിച്ച ഗാന്ധിജി ദർശിച്ച സ്വപ്നത്തിലൊന്നിലെ എന്ന ഗാനം സർവ്വകലാശാലാ കലോത്സവത്തിന്റെ സോണൽ-നാഷണൽ ഘട്ടങ്ങൾ കടന്ന് റഷ്യയിൽ നടന്ന അന്തർദ്ദേശീയ യുവജനോത്സവത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ഇന്ത്യൻ ക്രിക്കറ്റ്, ഫുട്ബോൾ ടീമുകൾക്കുവേണ്ടിയും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ടീം ഇന്ത്യ വിജയീ ഭവഃ, ഗോൾ ഫുട്ബോൾ എന്നിവ അവയിൽ ശ്രദ്ധേയമാണ്.
അധുനാതനം, കഥാ രാവണീയം എന്നീ രണ്ട് കാവ്യസമാഹാരങ്ങൾ ആർ.കെ. ദാമോദരൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്മേ നാരായണ, അരവണ മധുരം എന്നിവ ആർ.കെ. യുടെ ഗാനസമാഹാര ഗ്രന്ഥങ്ങളാണ്. കേരള സംഗീതനാടക അക്കാദമിയുടെ ‘കലാശ്രീ’ പുരസ്‌കാരം (2013), കുഞ്ഞുണ്ണിമാസ്റ്റർ പുരസ്‌കാരം (2008), വാദ്യമിത്ര സുവർണ്ണമുദ്ര (2006), അയ്യപ്പഗാനശ്രീ പുരസ്‌കാരം (1994), ഇപ്റ്റയുടെ ദേശീയോദ്ഗ്രഥന ഗാനപുരസ്‌കാരം (1992), നാന മിനിസ്‌ക്രീൻ അവാർഡ് (1991) തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
മഹാരാജാസ് കോളേജിലെ സഹപാഠിയായിരുന്ന വടക്കൻ പറവൂർ സ്വദേശിനി രാജലക്ഷ്മിയാണ് ദാമോദരന്റെ ഭാര്യ. 1985-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് അനഘ എന്ന പേരിൽ ഒരു മകളുണ്ട്. മകൾ ഇപ്പോൾ വിവാഹിതയായി വിദേശത്ത് താമസിയ്ക്കുന്നു. എറണാകുളം കലൂരിലാണ് ദാമോദരനും രാജലക്ഷ്മിയും താമസിയ്ക്കുന്നത്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം (2013)
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". കേരള കൗമുദി. 2013 നവംബർ 9. Retrieved 2013 നവംബർ 9.
{{cite news}}
: Check date values in:|accessdate=
and|date=
(help)