യൂസഫലി കേച്ചേരി
യൂസഫലി കേച്ചേരി | |
---|---|
![]() യൂസഫലി കേച്ചേരി | |
ജനനം | |
മരണം | 2015 മാർച്ച് 21 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി, ഗാനരചയിതാവ്, ചലച്ചിത്രസംവിധായകൻ |
അറിയപ്പെടുന്നത് | ചലച്ചിത്രഗാനങ്ങൾ |
ജീവിതപങ്കാളി(കൾ) | ഖദീജ |
കുട്ടികൾ | അജിത, ബൈജി, ഹസീന, സബീന, സൂരജ് അലി |
മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ചലച്ചിത്രസംവിധായകനുമായിരുന്നു യൂസഫലി കേച്ചേരി (1934 മേയ് 16 - 2015 മാർച്ച് 21). കേരള സാഹിത്യ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനായിരുന്നു.
ജീവിതരേഖ[തിരുത്തുക]
1934 മെയ് 16-ന് തൃശ്ശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു. തൃശ്ശൂർ കേരളവർമ്മ കോളേജിൽ നിന്ന് ബി.എ. എടുത്ത അദ്ദേഹം പിന്നീട് ബി.എൽ (ഇന്നത്തെ LLB) നേടി. വക്കീലായി ജോലിചെയ്തിട്ടുണ്ട് അദ്ദേഹം.
മൂത്ത സഹോദരൻ എ.വി. അഹമ്മദിന്റെ പ്രോത്സാഹനവും പ്രേരണയുമാണ് യൂസഫലിയെ സാഹിത്യരംഗത്ത് ചുവടുറപ്പിക്കാൻ സഹായിച്ചത്. 1954 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ യൂസഫലിയുടെ ആദ്യ കവിത "കൃതാർത്ഥൻ ഞാൻ" പ്രസിദ്ധീകരിച്ചു. പ്രശസ്ത സംസ്കൃതപണ്ഡിതൻ കെ.പി. നാരായണപിഷാരടിയുടെ കീഴിൽ സംസ്കൃതം പഠിച്ചു അദ്ദേഹം. ഇന്ത്യയിൽതന്നെ സംസ്കൃതത്തിൽ മുഴുനീളഗാനങ്ങൾ എഴുതിയ ഒരേയൊരു കവി യൂസഫലിയാണ്. യൂസഫലിയുടെ ആദ്യത്തെ ഗ്രന്ഥം "സൈനബ"യാണ്. മധു സംവിധാനം ചെയ്ത സിന്ദൂരച്ചെപ്പ് എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം എഴുതി.[1]
1963-ലാണ് ചലച്ചിത്രഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. "മൂടുപടം" എന്ന ചിത്രത്തിനാണ് ആദ്യമായി ഗാനങ്ങൾ രചിച്ചത്. "മഴ" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ൽ ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സംവിധാനം ചെയ്തിട്ടുണ്ട്. 1979-ൽ സംവിധാനം ചെയ്ത "നീലത്താമര" എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009-ൽ ലാൽജോസ് പുന:സൃഷ്ടിച്ച് (റീമേക്ക്)നീലത്താമര എന്ന പേരിൽ തന്നെ സംവിധാനം ചെയ്ത് ഇറക്കി. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.
ഏറെക്കാലം വാർദ്ധക്യസഹജവും അല്ലാത്തതുമായ വിവിധ രോഗങ്ങൾ മൂലം ബുദ്ധിമുട്ടിയ അദ്ദേഹം ശ്വാസകോശ അണുബാധ മൂലം 2015 മാർച്ച് 21-ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് അന്തരിച്ചു.[2] മരിയ്ക്കുമ്പോൾ 81 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം കേച്ചേരി പട്ടിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഖദീജയാണ് ഭാര്യ. അഞ്ചുമക്കളുണ്ട്.
കൃതികൾ[തിരുത്തുക]
- സൈനബ
- സ്തന്യ ബ്രഹ്മം
- ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം)
- അഞ്ചു കന്യകകൾ
- നാദബ്രഹ്മം
- അമൃത്
- മുഖപടമില്ലാതെ
- കേച്ചേരിപ്പുഴ
- ആലില
- കഥയെ പ്രേമിച്ച കവിത
- ഹജ്ജിന്റെ മതേതര ദർശനം
- പേരറിയാത്ത നൊമ്പരം
സംവിധാനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]
ഗാനരചന നിർവ്വഹിച്ച ഏതാനും ചലച്ചിത്രങ്ങൾ[തിരുത്തുക]
- ചൂണ്ട (2003)
- ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ (2002)
- കരുമാടികുട്ടൻ(2001)
- മഴ(2000)
- ദാദാ സാഹിബ്(2000)
- ചിത്രശലഭം(1998)
- പരിണയം(1994)
- സർഗം(1992)
- ഗസൽ[3]
- പട്ടണപ്രവേശം(1988)
- ധ്വനി
- ഇതിലേ ഇനിയും വരൂ(1986)
- ഇനിയെങ്കിലും(1983)
- പിൻനിലാവ്(1983)
- ശരപഞ്ചരം(1979)
- ഈറ്റ(1978)
- മൂടുപടം(1962)
സംസ്കൃത ഭാഷയിലെഴുതിയ മലയാളചലച്ചിത്രങ്ങളിലെ ഗാനങ്ങൾ[തിരുത്തുക]
ലോകസിനിമയിൽ തന്നെ സംസ്കൃതഭാഷയിൽ ചലച്ചിത്രഗാനമെഴുതിയ ഒരേയൊരു വ്യക്തി യൂസഫലി കേച്ചേരി ആണ്. മൂന്നുഗാനങ്ങളാണ് അദ്ദേഹം സംസ്കൃതത്തിൽ രചിച്ചത്.
ക്ര.നം. | ഗാനം | വർഷം | ചലച്ചിത്രം | പാടിയത് | സംഗീതം | രാഗം |
---|---|---|---|---|---|---|
1 | ജാനകീ ജാനേ | 1988 | ധ്വനി | പി. സുശീല /യേശുദാസ് | നൗഷാദ് അലി | യമുനാ കല്യാണി |
2 | കൃഷ്ണകൃപാസാഗരം | 1992 | സർഗം | യേശുദാസ് | ബോംബെ രവി | ചാരുകേശി |
3 | ഗേയം ഹരിനാമധേയം | 2000 | മഴ | യേശുദാസ് | രവീന്ദ്രൻ | ചാരുകേശി |
സംസ്കൃതത്തിൽ എഴുതിയ ഗാനത്തിന് ദേശീയ അവാർഡ് ലഭിച്ച ഏക കവിയാണ് യൂസഫലി. 2000-ൽ 'ഗേയം ഹരിനാമധേയം' എന്ന ഗാനത്തിനാണ് ഈ നേട്ടം അദ്ദേഹം കരസ്ഥമാക്കിയത്.
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള സാഹിത്യ അക്കാദമി അവാർഡ്,
- കവനകൗതുകം അവാർഡ്,
- ഓടക്കുഴൽ അവാർഡ്,
- ആശാൻ പ്രൈസ്,
- രാമാശ്രമം അവാർഡ്,
- ചങ്ങമ്പുഴ അവാർഡ്,
- നാലപ്പാടൻ അവാർഡ്
- വള്ളത്തോൾ പുരസ്കാരം - 2012[4]
അവലംബം[തിരുത്തുക]
- ↑ http://buy.mathrubhumi.com/books/autherdetails.php?id=558
- ↑ "യൂസഫലി കേച്ചേരി അന്തരിച്ചു". മനോരമ. ശേഖരിച്ചത് 2015 മാർച്ച് 21. Check date values in:
|accessdate=
(help) - ↑ "പാട്ടോർമ്മ". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 701. 2011 ആഗസ്ത് 01. ശേഖരിച്ചത് 2013 മാർച്ച് 23. Check date values in:
|accessdate=
and|date=
(help) - ↑ "വള്ളത്തോൾ പുരസ്‌കാരം യൂസഫലി കേച്ചേരിക്ക്". മാതൃഭൂമി. ശേഖരിച്ചത് 2012 ഒക്ടോബർ 3. Check date values in:
|accessdate=
(help)
- മലയാളം വാരിക:2004 മെയ് 14-കേച്ചേരിപ്പുഴയുടെ സ്നേഹവൈഖരിയിൽ
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് യൂസഫലി കേച്ചേരി
- Hits of Yusaf Ali Kecheri
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- മലയാളകവികൾ
- മലയാളചലച്ചിത്രഗാനരചയിതാക്കൾ
- തൃശ്ശൂർ ജില്ലയിൽ ജനിച്ചവർ
- ഓടക്കുഴൽ പുരസ്കാരജേതാക്കൾ
- മികച്ച ഗാനരചയിതാവിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- മികച്ച ഗാനരചയിതാവിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- വള്ളത്തോൾ പുരസ്കാരം ലഭിച്ചവർ
- 1934-ൽ ജനിച്ചവർ
- 2015-ൽ മരിച്ചവർ
- മേയ് 16-ന് ജനിച്ചവർ
- മാർച്ച് 21-ന് മരിച്ചവർ