സ്ത്രീധനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിവാഹസമയത്ത് പുരുഷന് വധുവിന്റെ രക്ഷിതാക്കളിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ലഭിക്കുന്ന ഭൗതികആസ്തികളെ (പണം, സ്വർണം, സ്വത്തുവകകൾ, വാഹനം തുടങ്ങിയവ) യാണ്‌ പൊതുവേ സ്ത്രീധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പുരുഷാധിപത്യ സമൂഹത്തിൽ കാണപ്പെടുന്ന സ്ത്രീവിരുദ്ധമായ ഒരു ദുരാചാരമായിട്ടാണ് സ്ത്രീധനത്തെ കണക്കാക്കപ്പെടുന്നത്. വിദ്യാഭ്യാസമോ തൊഴിലോ മറ്റ് വരുമാന മാർഗമോ ഒന്നുമില്ലാത്ത സ്ത്രീയെ അവളുടെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുന്നതിന് പകരമായി പുരുഷൻ കൈപ്പറ്റുന്ന ധനമാണ് സ്‌ത്രീധനം എന്നും പറയാറുണ്ട്.

സ്ത്രീധനസമ്പ്രദായം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. 1961 - ലെ സ്ത്രീധന നിരോധ നിയമത്തിൽ നൽകിയിരിക്കുന്ന സ്ത്രീധനത്തെ സംബന്ധിച്ച നിർവ്വചനം കുറേക്കൂടി വിപുലമാണ്. അതുപ്രകാരം, വിവാഹത്തിനുമുൻപോ, വിവാഹ സമയത്തോ, വിവാഹശേഷം വിവാഹവുമായി ബന്ധപ്പെട്ടോ വിവാഹത്തിലെ ഏതെങ്കിലും ഒരുകക്ഷി മറുകക്ഷിക്ക് നൽകുന്നതോ നൽകാമെന്ന് സമ്മതിക്കുന്നതോ ആയ സ്വത്തിനെയോ സ്വർണത്തെയോ മൂല്യമുള്ള ഈടിനെയോ സ്ത്രീധനമെന്ന് വിശേഷിപ്പിക്കാം. ഇത് ഏതെങ്കിലും ഒരു കക്ഷിയോ, മാതാപിതാക്കളോ മറുകക്ഷിക്ക് നേരിട്ടോ, പരോക്ഷമായോ നൽകുന്നതുമാകാം. അതേസമയം മുസ്ലീം വ്യക്തിനിയപ്രകാരമുളള മഹർ ഈ നിർവ്വചനത്തിൽപെടുന്നുമില്ല. [1]

സ്ത്രീധനം ഇസ്ലാമിൽ[തിരുത്തുക]

വിവാഹസമയത്ത്, പുരുഷൻ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം (മഹർ) നൽകണമെന്ന് ഇസ്ലാം മതം അനുശാസിക്കുന്നു. ഇതിലൂടെ പുരുഷ മേൽക്കോയ്‌മയുള്ള സമൂഹം സ്ത്രീയെ ഒരു ഭോഗവസ്തുവായി കൈമാറ്റം ചെയ്യുകയാണ് എന്ന് വിമർശകർ വാദിക്കാറുണ്ട്. വിവാഹമൂല്യം നിശ്ചയിക്കാതെയും നൽകാതെയുള്ള വിവാഹങ്ങൾ സാധുവാകുകയില്ല. സ്ത്രീയുടെ സൗന്ദര്യം, സാമൂഹികാവസ്ഥ എന്നിവയൊക്കെ ഇക്കാര്യത്തിൽ പ്രധാന പങ്കുവഹിക്കാറുണ്ട്. എന്നാൽ നിശ്ചയിച്ച ഈ വിവാഹമൂല്യസമ്പ്രദായം ഇന്ത്യയിൽ ഒരു ചടങ്ങ് മാത്രമാണ്. ഇതിനു പകരം പുരുഷൻ സ്ത്രീയിൽനിന്ന് ഈടാക്കുന്ന സ്ത്രീധനം എന്ന സമ്പ്രദായമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. മഹ്റിനേക്കാൾ കൂടിയ തുകയാണ് സ്ത്രീകളുടെ രക്ഷിതാക്കളിൽനിന്നും പുരുഷൻ സ്ത്രീധനമെന്ന പേരിൽ വാങ്ങിക്കൊണ്ടിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. ദി ഡൗറി പ്രൊഹിബിഷൻ ആക്ട്
"https://ml.wikipedia.org/w/index.php?title=സ്ത്രീധനം&oldid=3349483" എന്ന താളിൽനിന്ന് ശേഖരിച്ചത്