ആർ.കെ. ദാമോദരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർ.കെ. ദാമോദരൻ
ജനനം (1953-08-01) 1 ഓഗസ്റ്റ് 1953 (പ്രായം 66 വയസ്സ്)
കൊച്ചി, കേരളം
ദേശീയതഇന്ത്യൻ
പദവികവി, ഗാനരചയിതാവ്, സംഗീതജ്ഞൻ
ജീവിത പങ്കാളി(കൾ)രാജലക്ഷ്മി
കുട്ടി(കൾ)അനഘ
വെബ്സൈറ്റ്rkdamodaran.com

പ്രമുഖ കവിയും ഗാനരചയിതാവുമാണ് ആർ.കെ. ദാമോദരൻ.ദീർഘകാലം മാതൃഭൂമിയിൽ ജീവനക്കാരനായിരുന്നു. ലളിത സംഗീത ശാഖയിൽ കേരള സംഗീതനാടക അക്കാദമിയുടെ 2013 ലെ കലാശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[1] 1953 ഓഗസ്റ്റ് 1-ന് പാലക്കാട് ജില്ലയിൽ മഞ്ഞപ്രയിൽ രാമൻകുട്ടി നായരുടെയും കല്യാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. എന്നാൽ പഠിച്ചതും വളർന്നതുമെല്ലാം എറണാകുളത്താണ്. എറണാകുളം ഭാരതീയ വിദ്യാഭവൻ, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. 1978-ൽ പുറത്തിറങ്ങിയ രാജു റഹീം എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ഗാനരചന നിർവ്വഹിച്ചത്. ഈ ചിത്രത്തിലെ രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ എന്ന ഗാനം സൂപ്പർഹിറ്റായിരുന്നു. എം.കെ. അർജുനൻ ഈണം പകർന്ന ഈ ഗാനം ആലപിച്ചത് യേശുദാസാണ്. തുടർന്ന് 100-ഓളം ചിത്രങ്ങൾക്കുവേണ്ടി അദ്ദേഹം ഗാനരചന നിർവ്വഹിച്ചു. മലയാളത്തിലെ മിക്ക പ്രമുഖ സംഗീതസംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സുഖം ഒരു ഗ്രീഷ്മമിറങ്ങിയ ഭൂവിൽ, താളം തെറ്റിയ താരാട്ട്, ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധ ചലച്ചിത്രഗാനങ്ങളാണ്.

എങ്കിലും ദാമോദരനെ കൂടുതൽ അടുത്തറിയുന്നത് അദ്ദേഹം എഴുതിയ ഭക്തിഗാനങ്ങളിലൂടെയാണ്. 1980-ൽ പുറത്തിറങ്ങിയ ഹരിശ്രീ പ്രസാദം എന്ന ആൽബത്തിനുവേണ്ടിയാണ് അദ്ദേഹം ആദ്യമായി ഭക്തിഗാനങ്ങൾ എഴുതിയത്. മറ്റൊരു നവാഗതനായിരുന്ന ടി.എസ്. രാധാകൃഷ്ണനായിരുന്നു സംഗീതസംവിധായകൻ. പി. ജയചന്ദ്രൻ, കാഞ്ഞങ്ങാട് രാമചന്ദ്രൻ, കാവാലം ശ്രീകുമാർ, കല്യാണി മേനോൻ, മെഹബൂബ് എന്നിവർ ഗാനങ്ങൾ ആലപിച്ച് ഈ ആൽബം അക്കാലത്ത് വൻ ഹിറ്റായിരുന്നു. തുടർന്ന് 300-ഓളം ആൽബങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. കൂടുതലും അയ്യപ്പഭക്തിഗാനങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. അവയിൽ തന്നെ, ഖൽബിന്റെ വാനിൽ ഒരു ഹൂറിപ്പരുന്ത്, കൊച്ചുതൊമ്മൻ സ്വാമിയുണ്ട് കൂട്ടുകാരുണ്ട് തുടങ്ങിയ ഗാനങ്ങൾ അതുവരെ കേട്ട അയ്യപ്പഭക്തിഗാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മതേതരപശ്ചാത്തലത്തിൽ രചിച്ച ഗാനങ്ങളെന്ന നിലയിൽ ശ്രദ്ധേയമാണ്. ദാമോദരൻ-രാധാകൃഷ്ണൻ സഖ്യത്തിന്റേതുമാത്രമായി ഏകദേശം മുപ്പതിനടുത്ത് ആൽബങ്ങളുണ്ട്. അയ്യപ്പസ്തുതികളിൽ കൂടുതൽ വ്യത്യസ്തത പുലർത്തുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. 1996-ൽ പുറത്തിറങ്ങിയ മകരോത്സവം എന്ന ആൽബത്തിനുവേണ്ടി അദ്ദേഹം രചിച്ച തറവാട്ടിൽ മലയാളിയ്ക്കയ്യനയ്യപ്പൻ സ്വാമിയ്ക്ക് എന്ന ഗാനത്തിന്റെ പല്ലവിയിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ നാലുഭാഷകളിലെയും പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എം.എസ്. വിശ്വനാഥൻ ഈണം പകർന്ന ഈ ഗാനം ആലപിച്ചത് ബിജു നാരായണനാണ്.

ഒരു രാഷ്ട്രീയപ്പാർട്ടിയോടും അടുപ്പമില്ലെങ്കിലും നിരവധി രാഷ്ട്രീയഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കെ. കരുണാകരനെക്കുറിച്ചെഴുതിയ 'കരുത്ത് ജന്മമെടുത്തപ്പോൾ കരുണാകർജി ലീഡർജി എന്നുതുടങ്ങുന്ന ഗാനം കൊണ്ട് കരുണാകരന്റെ പ്രശംസയും അദ്ദേഹം നേടിയെടുത്തു. കേരള സ്കൂൾ കലോത്സവം അടക്കം നിരവധി പരിപാടികളിൽ പാടാൻ വേണ്ടിയും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ, ടി.എസ്. രാധാകൃഷ്ണൻ ഈണം നൽകി സതീഷ് ഭട്ട് ആലപിച്ച ഗാന്ധിജി ദർശിച്ച സ്വപ്നത്തിലൊന്നിലെ എന്ന ഗാനം സർവ്വകലാശാലാ കലോത്സവത്തിന്റെ സോണൽ-നാഷണൽ ഘട്ടങ്ങൾ കടന്ന് റഷ്യയിൽ നടന്ന അന്തർദ്ദേശീയ യുവജനോത്സവത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, ഇന്ത്യൻ ക്രിക്കറ്റ്, ഫുട്ബോൾ ടീമുകൾക്കുവേണ്ടിയും അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ടീം ഇന്ത്യ വിജയീ ഭവഃ, 'ൾ, ഫുട്ബോൾ എന്നിവ അവയിൽ ശ്രദ്ധേയമാണ്.

അധുനാതനം, കഥാ രാവണീയം എന്നീ രണ്ട് കാവ്യസമാഹാരങ്ങൾ ആർ.കെ. ദാമോദരൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമ്മേ നാരായണ, അരവണ മധുരം എന്നിവ ആർ.കെ. യുടെ ഗാനസമാഹാര ഗ്രന്ഥങ്ങളാണ്. കേരള സംഗീതനാടക അക്കാദമിയുടെ ‘കലാശ്രീ’ പുരസ്‌കാരം (2013), കുഞ്ഞുണ്ണിമാസ്റ്റർ പുരസ്‌കാരം (2008), വാദ്യമിത്ര സുവർണ്ണമുദ്ര (2006), അയ്യപ്പഗാനശ്രീ പുരസ്‌കാരം (1994), ഇപ്റ്റയുടെ ദേശീയോദ്ഗ്രഥന ഗാനപുരസ്‌കാരം (1992), നാന മിനിസ്‌ക്രീൻ അവാർഡ് (1991) തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം (2013)

ചലച്ചിത്രഗാനങ്ങൾ[തിരുത്തുക]

ചിത്രം വർഷം സംഗീതം സംവിധാനം സഹരചയിതാക്കൾ
രാജു റഹിം 1978 എം.കെ. അർജ്ജുനൻ എ.ബി. രാജ് ഭരണിക്കാവ് ശിവകുമാർ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ
അനുഭവങ്ങളേ നന്ദി 1979 ജി. ദേവരാജൻ ഐ വി ശശി യൂസഫലി കേച്ചേരി
ഇരുമ്പഴികൾ 1979 എം.കെ. അർജ്ജുനൻ എ.ബി. രാജ്
അകലങ്ങളിൽ അഭയം 1980 ജി. ദേവരാജൻ ജേസി
വയൽ 1981 ജി. ദേവരാജൻ ആന്റണി ഈസ്റ്റ്മാൻ
ഇണയെ തേടി 1981 ജോൺസൺ ആന്റണി ഈസ്റ്റ്മാൻ
രക്തം 1981 ജോൺസൺ ജോഷി
അടിമച്ചങ്ങല 1981 എം.കെ. അർജ്ജുനൻ എ.ബി. രാജ്
വഴികൾ യാത്രക്കാർ 1981 ബെൻ സുരേന്ദ്രൻ എ.ബി. രാജ്
കർത്തവ്യം 1982 സത്യം ജോഷി
പ്രതിജ്ഞ 1983 ബെൻ സുരേന്ദ്രൻ പി എൻ സുന്ദരം പൂവച്ചൽ ഖാദർ
താളം തെറ്റിയ താരാട്ട് 1983 രവീന്ദ്രൻ എ.ബി. രാജ്
ഒരു സന്ദേശം കൂടി 1985 ശ്യാം കൊച്ചിൻ ഹനീഫ
മിഴിനീർപ്പൂവുകൾ 1986 എം.കെ. അർജ്ജുനൻ കമൽ
പപ്പൻ പ്രിയപ്പെട്ട പപ്പൻ 1986 ആലപ്പി രംഗനാഥ് സത്യൻ അന്തിക്കാട് സത്യൻ അന്തിക്കാട്
എന്റെ എന്റേതുമാത്രം 1986 ജോൺസൺ ജെ.ശശികുമാർ
തടവറയിലെ രാജാക്കന്മാർ 1989 വിദ്യാധരൻ പി ചന്ദ്രകുമാർ
മിസ്സ് പമീല 1989 വിദ്യാധരൻ തേവലക്കര ചെല്ലപ്പൻ പൂവച്ചൽ ഖാദർ
പൊന്നരഞ്ഞാണം 1990 കോഴിക്കോട്‌ യേശുദാസ്‌ പി ആർ എസ് ബാബു
ഇരിക്കു എം ഡി അകത്തുണ്ട്‌ 1991 ശ്യാം പി.ജി. വിശ്വംഭരൻ രഞ്ജിത്ത് മട്ടാഞ്ചേരി പ്രദീപ് അഷ്ടമിച്ചിറ
ഈഗിൾ 1991 രവീന്ദ്രൻ അമ്പിളി
കള്ളൻ കപ്പലിൽ തന്നെ 1992 മോഹൻ സിതാര തേവലക്കര ചെല്ലപ്പൻ
മാന്ത്രികച്ചെപ്പ് 1992 ജോൺസൺ അനിൽ ബാബു കൈതപ്രം,പൂവച്ചൽ ഖാദർ
അവളറിയാതെ 1992 എസ്.പി. വെങ്കിടേഷ് ആഷാ ഖാൻ ചന്ദു നായർ
സ്ത്രീധനം 1993 എസ്.പി. വെങ്കിടേഷ് അനിൽ ബാബു

അവലംബം[തിരുത്തുക]

  1. "കലാശ്രീ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". കേരള കൗമുദി. 2013 നവംബർ 9. ശേഖരിച്ചത് 2013 നവംബർ 9.
"https://ml.wikipedia.org/w/index.php?title=ആർ.കെ._ദാമോദരൻ&oldid=3211630" എന്ന താളിൽനിന്ന് ശേഖരിച്ചത്