ഹമാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹമാസ്
രാഷ്ട്രീയകാര്യ നേതാവ്ഖാലിദ് മിശ്‌അൽ
രാഷ്ട്രീയകാര്യ ഉപനേതാവ്മൂസ അബു മർസൂഖ്
ഗസ്സ പ്രധാനമന്ത്രിഇസ്മായീൽ ഹനിയ്യ
വിദേശകാര്യ മന്ത്രിമഹ്‌മൂദ് സഹർ
സ്ഥാപകൻഅഹ്‌മദ് യാസീൻ & മഹ്‌മൂദ് സഹർ
രൂപീകരിക്കപ്പെട്ടത്1987 (1987)
മുൻഗാമിപലസ്തീനിയൻ മുസ്‌ലിം ബ്രദർഹുഡ്
തലസ്ഥാനംഗാസ, പലസ്തീൻ
Ideologyഇസ്‌ലാം
അന്താരാഷ്‌ട്ര അഫിലിയേഷൻമുസ്‌ലിം ബ്രദർഹുഡ്
Website
http://hamas.ps


ഇസ്രായേലിൽ നിന്ന് പലസ്തീൻ മണ്ണ് വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇസ്‌ലാമിക സംഘടനയാണ് ഹമാസ് (Hamas). ഇസ്‌ലാമിക ചെറുത്തുനില്പു പ്രസ്ഥാനം എന്നർത്ഥം വരുന്ന "ഹറകത്തുൽ മുഖാവമത്തുൽ ഇസ്‌ലാമിയ" എന്ന അറബിവാക്കിന്റെ ചുരുക്കെഴുത്താണ് ഹമാസ്. ഇസ്രയേലിന്റെ അധിനിവേശത്തിൽ നിന്നും പലസ്തീൻ രാജ്യം മോചിപ്പിച്ചു 1948-ലെ അതിർത്തികളോടെ സ്വതന്ത്ര രാജ്യമാക്കുക എന്നതാണ് ഹമാസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതുകൊണ്ട് തന്നെ ഇസ്രായേലിന്റെ സഖ്യരാജ്യങ്ങളായ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ പല രാജ്യങ്ങളും ഈ സംഘടനയെ ഭീകരവാദി പട്ടികയിൽപ്പെടുത്തിയിരിക്കുന്നു.

2006 ജനുവരിയിൽ പലസ്തീൻ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തനിച്ചു ഭൂരിപക്ഷം നേടിയിരുന്നു. അമേരിക്കൻ ഭരണകൂടത്തിന്റെ പിന്തുണയോടെ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പിൽ യു.എസിന്റെ കരിമ്പട്ടികയിലുള്ള സംഘടനതന്നെ വിജയം നേടിയത് നിർണ്ണായക രാഷ്ട്രീയസംഭവമായി വിലയിരുത്തപ്പെടുന്നു. എന്നാൽ പ്രസ്തുത തെരഞ്ഞെടുപ്പിൽ,‍ ഇസ്രയേൽ വിരുദ്ധതയേക്കൾ പലസ്തീനിലെ നിലവിലുണ്ടായിരുന്ന ഭരണകൂടത്തിന്റെ അഴിമതിയായിരുന്നു ഹമാസ് വിഷയമാക്കിയത് [1] [2].

ചരിത്രം[തിരുത്തുക]

മുസ്‌ലിം ബ്രദർഹുഡ്[തിരുത്തുക]

ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡിന്റെ ശാഖയായാണ് ഹമാസ് പ്രവർത്തനം തുടങ്ങിയത്. സേവന പ്രവർത്തനങ്ങളിലൂടെ ഗാസാ മുനമ്പ്, വെസ്റ്റ് ബാങ്ക് തുടങ്ങിയ പലസ്തീൻ കേന്ദ്രങ്ങളിൽ ഇവർ സ്വാധീനമുറപ്പിച്ചു. ഒന്നര ദശകത്തോളം ഇത്തരത്തിൽ പ്രവർത്തിച്ച് അടിത്തറ ശക്തമാക്കിയ ശേഷമാണ് 1987-ൽ ഔദ്യോഗികമായി ഹമാസ് എന്ന സംഘടനയായി രൂപംകൊള്ളുന്നത് [3]. ഔദ്യോഗികമായി തുടക്കം കുറിക്കുന്നതിനുമുമ്പു തന്നെ മുസ്‌ലിം ബ്രദർഹുഡ് ശാഖയെന്ന നിലയിൽ ഹമാസിന്റെ, പലസ്തീൻ കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങളെ സൗദി അറേബ്യ പോലുള്ള ഇസ്‌ലാമികരാജ്യങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്നു. ഒരു രാഷ്ട്രീയ അടവ് എന്നോണം ഹമാസിന്റെ രാഷ്ട്രീയസേവന പ്രവർത്തനങ്ങളെ ഇസ്രയേൽ പോലും പിന്തുണച്ചിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ യാസർ അറഫാത്തിന്റെ പലസ്തീൻ വിമോചന മുന്നണിയേയും ഫത്‌ഹ് രാഷ്ട്രീയ പാർട്ടിയെയും തളർത്താൻ ലക്ഷ്യം വെച്ച് ഹമാസിന്റെ ആദ്യരൂപത്തെ ഇസ്രയേൽ പ്രോത്സാഹിപ്പിച്ചിരുന്നു.

സായുധപോരാട്ടങ്ങൾ[തിരുത്തുക]

1970-കളിലും എൺപതുകളുടെ തുടക്കത്തിലും രാഷ്ട്രീയപ്രവർത്തനങ്ങളേക്കാൾ പലസ്തീനികൾക്കിടയിൽ സേവനപ്രവർത്തനങ്ങൾക്കാണ് ഹമാസ് മുൻ‌ഗണ നൽകിയത്. ഭരണതലത്തിലെ അഴിമതികൾ തുറന്നുകാട്ടുക, പലസ്തീൻ വികാരം വളർത്തുക എന്നീ മേഖലകളിൽ അവരുടെ പ്രവർത്തനം ഒതുങ്ങി. എന്നാൽ എൺപതുകളുടെ മധ്യത്തിൽ യുദ്ധത്തിലൂടെ ഗാസാ മുനമ്പും, വെസ്റ്റ് ബാങ്ക് പ്രദേശങ്ങളും ഇസ്രയേൽ പൂർണ്ണമായി അധിനിവേശപ്പെടുത്തുകയും അവിടെ ഇസ്രയേലി കുടിയേറ്റക്കാരെ കുടിയിരുത്തുകകയും ചെയ്തതോടെ, ഹമാസ്‌ ഷെയ്ക്ക് അഹമ്മദ് യാസീന്റെ നേതൃത്വത്തിൽ സായുധ പോരാട്ടത്തിലേക്ക് നീങ്ങി [4]. ഹമാസ് എന്ന സംഘടന ഔദ്യോഗികമായി ആരംഭിക്കുന്നതും യാസീനാണ്. ഇക്കാലയളവിൽ ഇസ്രയേലിനെതിരെ സായുധ പോരാട്ടങ്ങൾ നടത്താൻ ഈ സംഘടന മുന്നിട്ടിറങ്ങി. 1987 മുതൽ 1993 വരെ ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടലുകളുടെ പരമ്പരയായിരുന്നു. 1993-ലെ ഓസ്ലോ ഉടമ്പടിയോടെ സായുധ പോരാട്ടത്തിന്റെ ആദ്യഘട്ടം അവസാനിച്ചു. യാസർ അറഫാത്ത് പലസ്തീൻ വിമോചന മുന്നണി സമാധാന ചർച്ചകളുടെയും അമേരിക്കൻ സമ്മർ‍ദ്ദങ്ങളുടെയും ഫലമായി ഇസ്രായേലിനെ അംഗീകരിച്ചപ്പോൾ ഹമാസ് കീഴടങ്ങാൻ തയ്യാറായില്ല. മാത്രമല്ല പോരാട്ടം കൂടുതൽ ശക്തമാക്കുകയും ചെയ്തു[5].

സമാധാന നിർദ്ദേശങ്ങൾ[തിരുത്തുക]

2004 ജനുവരി 26ന് ഹമാസ് നേതാവ് അബ്ദുൽ അസീസ് അൽ രൻതീസി ഇസ്രയേലുമായി വെടിനിർത്തലിൽ താല്പര്യം പ്രകടിപ്പിച്ചു. പകരം വിവിധ കാലഘട്ടങ്ങളിലെ യുദ്ധങ്ങളിലൂടെ കൈവശപ്പെടുത്തിയ പലസ്തീൻ പ്രദേശങ്ങൾ വിട്ടുകൊടുക്കണമെന്നതായിരുന്നു പ്രധാന ആവശ്യം. വെസ്റ്റ് ബാങ്ക്, ഗാസാ മുനമ്പ് എന്നീ പ്രദേശങ്ങൾ മാത്രമുൾപ്പെടുത്തി പലസ്തീൻ രാജ്യം രൂപവത്കരിച്ചാൽപ്പോലും തങ്ങൾ പിന്തുണച്ച് ആക്രമണ പാത വെടിയുമെന്ന് ഹമാസിന്റെ പരമോന്നത നേതാവ് അഹമ്മദ് യാസിൻ ഉറപ്പിച്ചു പറയുകയും ചെയ്തു.

എന്നാൽ 2004 മാർച്ച് 22ന് ഇസ്രയേലി സൈന്യത്തിന്റെ മിസൈൽ ആക്രമണത്തിൽ അഹമ്മദ് യാസീൻ കൊല്ലപ്പെട്ടു. തുടർന്ന് നേതൃസ്ഥാനമേറ്റെടുത്ത രൻതീസിയും ഒരു മാസം തികയും മുൻപ് 2004 ഏപ്രിൽ 17ന് ഇസ്രയേൽ ബോംബിങ്ങിൽ മരണമടഞ്ഞു. ഇതിനുശേഷം ഖാലിദ് മിശ്‌അൽ ഹമാസ് മേധാവിയായി. പക്ഷേ അദ്ദേഹത്തിനു പലസ്തീനിൽ പ്രവേശനം നിഷേധിക്കപ്പെട്ടിട്ട് വർഷങ്ങളായി.

2002 മുതൽ വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേൽ കനത്ത ആക്രമണം നടത്തി. 2005 സെപ്റ്റംബറിൽ ഗാസാ മുനമ്പിൽ നിന്നും ഇസ്രയേൽ സേന പിന്മാറാൻ തയ്യാറായത് ഹമാസിന്റെ നിരന്തരമായ പോരാട്ടങ്ങളുടെ ഫലമായാണ്.[അവലംബം ആവശ്യമാണ്]

സമകാലിക സംഭവങ്ങൾ[തിരുത്തുക]

മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും വഴിമാറി നടന്നിരുന്ന ഹമാസ്, യാസിർ അറഫാത്തിന്റെ മരണത്തോടെ ആ മേഖലയിലേക്ക് ശ്രദ്ധതിരിച്ചു. അറഫാത്തിന്റെ മരണശേഷം അദ്ദേഹത്തിനോളം തലയെടുപ്പുള്ള നേതാക്കന്മാർ ഫത്ത പാർട്ടിയിൽ ഇല്ലാത്തത് ഹമാസിന്റെ വളർച്ചയ്ക്ക് കാരണമായി. 2004-ൽ പലസ്തീൻ പ്രാദേശിക തിരഞ്ഞെടുപ്പിൽ പങ്കെടുത്തുകൊണ്ട് ഹമാസ് മുഖ്യധാരാരാഷ്ട്രീയത്തിലേക്ക് തിരിച്ചുവന്നു.

2006 ജനുവരിയിൽ പലസ്തീൻ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ഫതഹ്‌ പാർട്ടിയെ ബഹുദൂരം പിന്തള്ളിക്കൊണ്ട് ഹമാസ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. തീവ്രനിലപാടുകളുള്ള ഹമാസിന്റെ വിജയം രാജാന്ത്യന്തര രാഷ്ട്രീയനിരീക്ഷകർക്കിടയിൽ അത്ഭുതം പടർത്തിയിരുന്നു. പലസ്തീൻ സ്വയം ഭരണ പ്രദേശത്ത് ഹമാസിന്റെ നേതൃത്വത്തിലുള്ള ഗവൺ‌മെന്റ് അധികാരത്തിലെത്തുന്നത് ഇസ്രയേൽ-പലസ്തീൻ സമാധാന ചർച്ചകളുടെ വഴിതിരിച്ചു വിടുമെന്നാണ് നിരീക്ഷകർ കരുതുന്നത്.[6]

ആശയ സംഹിതകൾ[തിരുത്തുക]

ഹമാസ് പ്രവർത്തകർ ഉപയോഗിക്കുന്ന പതാക.

1988-ൽ എഴുതപ്പെട്ട "ഹമാസ് ഉടമ്പടി"യാണ് ഹമാസിന്റെ ഔദ്യോഗിക നയരേഖയായി കരുതപ്പെടുന്നത്.[7] "ദൈവത്തിന്റെ കൊടി പലസ്തീനിലെ ഓരോ ഇഞ്ചിലും ഉയർത്താനാണ്" ഈ രേഖ ആഹ്വാനം ചെയ്യുന്നത്. ഇസ്രയേലിനെ ഇല്ലാതാക്കി പകരം പലസ്തീൻ എന്ന ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യങ്ങളുടെ സാരാംശം. പലസ്തീൻ രാജ്യം രൂപവത്കരിക്കുമ്പോൾ അതു മതേതരമാകരുതെന്ന നിർബന്ധവും ഹമാസ് പ്രവർത്തകർക്കുണ്ട്. മതനിരപേക്ഷ പലസ്തീനെ പിന്തുണച്ച യാസിർ അറഫാത്തിനെപ്പോലുള്ളവരുടെ നിലപാടുകൾക്ക് ഘടകവിരുദ്ധമാണിത്.

38 ഭാഗങ്ങളുള്ള ഹമാസ് ഉടമ്പടി യിൽ സംഘടനയുടെ ഇസ്‌ലാമിക തത്ത്വസംഹിതയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇസ്‌ലാമിക വിശ്വാസ പ്രമാണങ്ങൾ പ്രാവർത്തികമാക്കാനാണ് ഉടമ്പടി നിർദ്ദേശിക്കുന്നത്. ഇസ്‌ലാമിക നിലപാടുകൾക്കെതിരെ നിൽക്കുന്നവരെല്ലാം ശത്രുക്കളാണ്. അവരെ നേരിടാനും ഇല്ലാതാക്കാനും ഓരോ മുസൽമാനും, സ്ത്രീയാകട്ടെ പുരുഷനാകട്ടെ ജീവിത സാഹചര്യം എന്തുമാകട്ടെ, കടമയുണ്ട്.

"ദൈവം ഞങ്ങളുടെ ലക്ഷ്യം, പ്രവാചകൻ ഞങ്ങളുടെ മാതൃക, ഖുർആൻ ഞങ്ങളുടെ ഭരണഘടന, ജിഹാദ് ഞങ്ങളുടെ മാർഗ്ഗം, ദൈവത്തിനുവേണ്ടിയുള്ള മരണം ഞങ്ങളുടെ അദം‌മ്യമായ ആഗ്രഹം" -ഇതാണ് ഹമാസിന്റെ മുദ്രാവാക്യം. പലസ്തീൻ എന്ന ഭൂപ്രദേശം "അന്തിമവിധിനാൾ" വരേക്കുമുള്ള മുസ്‌ലിം ജനതയ്ക്കായി ദൈവം തയ്യാറാക്കിയിരിക്കുന്നതാണെന്നും ഹമാസ് വിശ്വസിക്കുന്നു[അവലംബം ആവശ്യമാണ്].

ഫ്രീ മേസൺസ്, റോട്ടറി ക്ലബ്, ലയൺസ് ക്ലബ് എന്നിങ്ങനെയുള്ള സന്നദ്ധ സംഘടനകൾക്കെതിരെയും ഹമാസ് ഉടമ്പടി നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ഇസ്‌ലാമിനെതിരായ "സിയോണിസ്റ്റ് ഗൂഢാലോചനയുടെ ഭാഗ"മായാണ് ഇത്തരം സംഘടനകളെ അവർ ചിത്രീകരിക്കുന്നത്[8].

ആശയ സംഹിതകളുടെ ഭാഷ തീവ്രമാണെങ്കിലും കാലാകാലങ്ങളായി ഹമാസ് നിലപാടുകൾ മയപ്പെടുത്തിയതായി കാണാം. പലസ്തീനിലെ ജനാധിപത്യാടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പുകളിൽ പങ്കെടുത്തതും വെസ്റ്റ് ബാങ്ക്, ഗാസ എന്നീ ഭാഗങ്ങൾ മാത്രം ചേർത്തുള്ള പലസ്തീൻ രാജ്യത്തെ അംഗീകരിക്കാമെന്നുമുള്ള അവരുടെ സമീപകാല നിലപാടുകൾ ഈ മാറ്റത്തെയാണ് സുചിപ്പിക്കുന്നത്.

പലസ്തീനികൾക്കിടയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഹമാസ് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പാവപ്പെട്ടവർക്കായി ആശുപത്രികളും സ്കൂളുകളും സ്ഥാപിച്ച ഹമാസ് പലസ്തീൻ ജനതയുടെ വിശ്വാസം നേടിയെടുത്തു[9].

അവലംബം[തിരുത്തുക]

  1. "Fatah and Hamas kick off election campaigns" (ഭാഷ: ഇംഗ്ലീഷ്). ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ. 2006-01-10. മൂലതാളിൽ നിന്നും 2011-12-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-03-31.
  2. "At Campaign's End, Hamas Says Israeli Negotiations Possible" (ഭാഷ: ഇംഗ്ലീഷ്). കോക്സ് ന്യൂസ്. 2006-01-26. മൂലതാളിൽ നിന്നും 2011-12-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-03-31.
  3. "Sheikh Yassin: Spiritual figurehead" (ഭാഷ: ഇംഗ്ലീഷ്). ബി.ബി.സി. ന്യൂസ്. 2004-03-24. ശേഖരിച്ചത് 2007-03-31.
  4. "Sheikh Yassin: Spiritual figurehead" (ഭാഷ: ഇംഗ്ലീഷ്). ബി.ബി.സി. ന്യൂസ്. 2004-03-24. ശേഖരിച്ചത് 2007-03-31.
  5. http://www.tomhull.com/ocston/projects/ajvp/wp7.php
  6. http://www.washingtonpost.com/wp-dyn/content/article/2006/01/26/AR2006012600372.html
  7. ഹമാസ്‌ ഉടമ്പടി[പ്രവർത്തിക്കാത്ത കണ്ണി]
  8. ഹമാസ് ഉടമ്പടി, പതിനേഴാം അനുച്ഛേദം
  9. ലോസ് ഏൻജൽസ് ടൈംസ് 2006 മാർച്ച് 02

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹമാസ്&oldid=3780449" എന്ന താളിൽനിന്ന് ശേഖരിച്ചത്