ജമാലുദ്ദീൻ അഫ്ഗാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jamal-ad-Din (al-Afghani)
ജമാലുദ്ദീൻ അഫ്ഗാനി
മതം Islam, Shia
Personal
ജനനം 19 June 1838
Asadabad, Iran
മരണം 1897 സെപ്റ്റംബർ 1(1897-09-01) (പ്രായം 59)
Istanbul, Ottoman Empire

19-ആം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന നായകനായിരുന്നു ‍സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി. തത്ത്വചിന്തകൻ, എഴുത്തുകാരൻ, വാഗ്‌മി, പത്രപ്രവർ‌ത്തകൻ, രാഷ്ട്രീയ പ്രവർ‌ത്തകൻ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്[1]. ഒരു നൂറ്റാണ്ടു കാലത്തിനിടക്ക് മുസ്ലിം രാജ്യങ്ങളിൽ ഉയർ‌ത്തെഴുന്നേറ്റ സ്വാതന്ത്ര്യ സമരങ്ങളിലും ഭരണഘടനാ പ്രസ്ഥാനങ്ങളിലും അഫ്‌ഗാനി വലിയ പങ്കു വഹിച്ചു. ഇരുപതാം നൂറ്റാണ്ടിൽ ഉയർ‌ന്നു വന്ന ഇസ്ലാമിക നവോത്ഥാന-നവീകരണ ശ്രമങ്ങളുടെ പ്രോൽ‌ഘാടകനായും അദ്ദേഹം അറിയപ്പെടുന്നു. പാൻ ഇസ്ലാമിസത്തിന്റെ ശക്തനായ വക്താവും അറബ്-ഇസ്ലാമിക രാജ്യങ്ങളിൽ ഉയർ‌ന്നു വന്ന അപകോളനീകരണ പ്രസ്ഥാനങ്ങളുടെ സൈദ്ധാന്തിക പ്രായോഗിക ആചാര്യനുമായിരുന്നു അദ്ദേഹം.

പത്തൊമ്പതാം നൂറ്റാണ്ടിൽ നേരിട്ടുള്ള വിദേശാധിപത്യത്തിലാകാതിരുന്ന ചുരുക്കം ഇസ്ലാമികരാജ്യങ്ങളിലൊന്നായ അഫ്ഗാനിസ്താന്റെ സ്ഥാനത്തെ, ഇസ്ലാമികനവോത്ഥാനത്തിന്റെ ചിഹ്നമായിക്കരുതിയായിരിക്കണം, അദ്ദേഹം തന്റെ തൂലികാനാമം അഫ്ഗാനി എന്ന് സ്വീകരിച്ചത് എന്നു കരുതുന്നു[2].

ജീവിതരേഖ[തിരുത്തുക]

ശരിയായ പേര് അസ്സയ്യിദ് മുഹമ്മദുബ്‌നു സഫ്ദർ. 1838 -ൽ ഇറാനിലാണ് ഇദ്ദേഹം ജനിച്ചതെന്നാണ് പൊതുവേ കരുതപ്പെടുന്നത്.[2] ഇദ്ദേഹത്തിന്റെ കുടും‌ബ പരമ്പര പ്രവാചകപൗത്രൻ ഹുസൈനുബ്‌നു അലി വഴി മുഹമ്മദ് നബിയിൽ ചെന്നെത്തുന്നു. 12 വയസ്സിനു മുൻപ് കാബൂളിൽ വെച്ച് ഇസ്ലാമിക വിജ്ഞാന ശാഖകളിൽ വെച്ച് പ്രാവീണ്യം നേടിയ അദ്ദേഹം പിന്നീട് തത്ത്വശാസ്ത്ര-ഗണിതശാസ്ത്ര പഠനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. പിന്നീട് ഇന്ത്യയിലെത്തിയ അഫ്‌ഗാനി അവിടെ വെച്ചാണ് ആധുനിക വിദ്യാഭ്യാസം നേടിയത്. ഇന്ത്യയിലും അഫ്‌ഗാനിസ്ഥാനിലും അപകോളനീകരണ പ്രവർ‌ത്തനങ്ങളിലൂടെ ബ്രിട്ടീഷ് ഗവൺ‌മെന്റിന്റെ നോട്ടപ്പുള്ളിയായി മാറിയ അദ്ദേഹം പിന്നീട് ഈജിപ്തിൽ പ്രശസ്തമായ അൽ‌അസ്‌ഹർ യൂനിവേഴ്സിറ്റിയിൽ അദ്ധ്യാപകനായി.

അവിടെ പ്രവാചകത്വത്തിന്റെ സാമൂഹികദൗത്യത്തെക്കുറിച്ച് അദ്ദേഹം ഉയർ‌ത്തിയ കാഴ്ച്ചപ്പാടുകൾ യാഥാസ്ഥിതിക മതപണ്ഢിതരെ അദ്ദേഹത്തിനെതിരാക്കി. അറബി ലോകത്തെ നവജാഗരണത്തിന്റേയും ഇസ്ലാമികനവോത്ഥോനത്തിന്റേയും മുന്നണിപ്പോരാളികളായി മാറിയ സ‌അദ് സഗ്‌ലൂൽ, മുഹമ്മദ് അബ്ദു തുടങ്ങിയ ധിഷണാശാലികൾ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. അഫ്‌ഗാനിയുടെ പ്രേരണ മൂലം നിരവധി ചെറുപ്പക്കാർ പത്രപ്രവർ‌ത്തന രം‌ഗത്തേക്ക് കടന്നു വന്നു. ഈ പത്രങ്ങളിൽ പലതിലും അദ്ദേഹം സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെക്കുറിച്ച് ലേഖനങ്ങളെഴുതിയിരുന്നു.

1878-ൽ ഫ്രഞ്ച് ഫ്രീ മേസണ്സ്യ പ്രസ്ഥാനത്തിൽ ചേർ‌ന്നുവെങ്കിലും അതിൽ അസംതൃപ്തനായി മറ്റൊരു സം‌ഘടന രൂപവത്കരിച്ചു. ദേശീയബോധമുള്ള സമരോൽ‌സുകരായ 300 ഓളം ചെറുപ്പക്കാരെ ഇതിൽ ചേർ‌ത്തുകൊണ്ട് അഫ്ഗാനി അവർ‌ക്ക് രാഷ്ട്രീയ പരിശീലനം നൽ‌കി. പാർ‌ലമെന്ററി ഭരണകൂത്തിന് വേണ്ടി അദ്ദേഹം വാദിച്ചു. ഈജിപ്തിലെ കൊളോണിയൽ വിരുദ്ധ ദേശീയ പ്രസ്ഥാനത്തിന്റെ ഉയർ‌ത്തെഴുന്നേൽ‌പ്പിൽ അഫ്‌ഗാനിക്ക് വലിയ പങ്കുണ്ടായിരുന്നു.

1881-ൽ ഈജിപ്തിലെ ഖിദൈവിക്കെതിരെ രം‌ഗത്ത് വന്ന ഉറാബീ പാഷ നയിച്ച വിപ്ലവത്തിൽ അഫ്‌ഗാനിയുടെ പ്രവർ‌ത്തനങ്ങൾക്ക് വലിയ പങ്കുണ്ടായിരുന്നു. സൈന്യത്തിലെ വൈദേശിക-കോളനീകരണ ഘടകങ്ങൾ‌ക്കെതിരെ ഉയർ‌ന്നു വന്ന ഈ വിപ്ലവം ബ്രിട്ടീഷ് ഇടപെടലിനെത്തുടർ‌ന്ന് പരാജയപ്പെടുകയുണ്ടായി. അഫ്‌ഗാനിയോടുള്ള ബ്രിട്ടീഷ് കൊളോണിയൽ രോഷം ഒന്നു കൂടി ശക്തിപ്പെടാൻ ഇത് കാരണമായി. തുടർ‌ന്ന് അദ്ദേഹം അമേരിക്കയിലേക്ക് തിരിക്കുകയും അമേരിക്കൻ പൗരത്വം നേടാൻ ശ്രമിക്കുകയുണ്ടായെന്നും അദ്ദേഹത്തിന്റെന ജീവചരിത്രകാരനായ ഡബ്ലിയു.എസ്. ബ്ലന്റ്ട അദ്ദേഹത്തിന്റെ് ഓർ‌മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്.

1883-ൽ അഫ്ഗാനി ലണ്ടനിലെത്തി. അവിടെ അൽ‌പകാലം തങ്ങിയ ശേഷം പാരീസിലേക്ക് തിരിച്ചു. അവിടെ വെച്ച് സ്വന്തം ശിഷ്യനും ഇസ്ലാമിക നവോത്ഥാനത്തിന്റെ മുന്നണിപ്പോരാളിയുമായിരുന്ന മുഹമ്മദ് അബ്ദുവിനോടോപ്പം ബ്രിട്ടീഷ് കൊളോണിയൽ ശക്തികൾ‌ക്കെതിരായ ശക്തമായ തൂലികാസമരം ആരംഭിച്ചു. പൗരസ്ത്യനാടുകളിൽ ബ്രിട്ടന്റേയും റഷ്യയുടേയും രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചും ഈജിപ്തിലേയും തുർ‌ക്കിയിലേയും സം‌ഭവവികാസങ്ങളെക്കുറിച്ചും സുഡാനിൽ അക്കാലത്ത് ഉയിർ‌കൊണ്ട മഹ്‌ദീ പ്രസ്ഥാനത്തെക്കുറിച്ചും അദ്ദേഹം എഴുതിയ ലേഖനങ്ങൾ പ്രമുഖ പാശ്ചാത്യ പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാലത്ത് തന്നെയാണ് ഏണെസ്റ്റ് റെനനുമായി അഫ്ഗാനി ഇസ്ലാമിനെക്കുറിച്ച് സം‌വാദത്തിലേർ‌പ്പെടുന്നത്. ഇസ്ലാം ശാസ്ത്രചിന്തക്കെതിരാണെന്ന റെനന്റെ ആരോപണത്തിനെതിരെ അഫ്‌ഗാനി എഴുതിയ മറുപടി Journal des Debats എന്ന ഫ്രഞ്ച് പത്രത്തിൽ വെളിച്ചം കണ്ടു.

പാരീസിൽ അഫ്ഗാനിയുടെ രാഷ്ട്രീയ-സാംസ്കാരിക പ്രവർ‌ത്തനങ്ങൾ മിക്കവാറും മുഹമ്മദ് അബ്ദുവുമായി കൂട്ടു ചേർ‌ന്ന് പ്രസിദ്ധീകരിച്ചിരുന്ന 'അൽ-ഉർ‌വതുൽ വുസ്ഖാ' എന്ന അറബി വാരികയെ ആശ്രയിച്ചായിരുന്നു. ഇന്ത്യയിലും ഈജിപ്തിലും ഇതര നാടുകളിലും ബ്രിട്ടീഷുകാർ അനുവർ‌ത്തിച്ചിരുന്ന കൊളോണിയൽ രാഷ്ട്രീയ നയത്തിനെതിരെ അതിശക്തമായ വിമർ‌ശനങ്ങളാണ് ഈ പത്രം അഴിച്ചു വിട്ടത്. എന്നാൽ പത്രത്തിന്റെ ഒന്നാം ലക്കം തന്നെ ബ്രിട്ടീഷ് ഗവൺ‌മന്റ് കണ്ടു കെട്ടുകയും ഇന്ത്യയിലേക്കും ഈജിപ്തിലേക്കുമുള്ള പ്രവേശനം തടയുകയും ചെയ്തു. തുടക്കത്തിൽ തന്നെ ഇത്തരം പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന പത്രം എട്ടു മാസത്തിനിടയിൽ പതിനെട്ട് ലക്കങ്ങൾ പ്രസിദ്ധീകരിച്ച് സ്വയം പിൻ‌വലിഞ്ഞു.

ആശയങ്ങൾ[തിരുത്തുക]

അഴിമതിക്കാരായ ഏകാധിപതികളിൽ നിന്നും അജ്ഞാനികളായ പുരോഹിതരിൽ നിന്നും രക്ഷപ്പെട്ടാൽ മാത്രമേ ഇസ്ലാമിന് നിലനിൽപ്പുള്ളൂ എന്ന വാദം ജമാലുദ്ദീൻ അഫ്ഗാനി മുറുകെപ്പിടിച്ചിരുന്നു. പടീഞ്ഞാറൻ സംസ്കാരത്തിലെ തിരഞ്ഞെടുത്ത ആശയങ്ങൾ സ്വായത്തമാക്കുന്നതിലൂടെ പാശ്ചാത്യസ്വാധീനത്തിന്റെ മലവെള്ളപ്പാച്ചിലിനെതിരെ പിടീച്ചുനിൽക്കാൻ ഇസ്ലാമികലോകത്തിനാകും എന്നും അഫ്ഗാനി, വിശ്വസിച്ചിരുന്നു.[2],അഫ്ഗാനി സയണിസ്റ്റ് ചാരനാണന്ന് ആക്ഷേപമുണ്ട്

മരണം[തിരുത്തുക]

1897 മാർച്ച് 9 ന്‌ ഇസ്തംബൂളിൽ ജമാലുദ്ദീൻ അഫ്ഗാനി മരണമടഞ്ഞു. 1944 ഒടുവിൽ അഫ്ഗാനിസ്താൻ സർക്കാറിന്റെ അഭ്യർഥനമാനിച്ച് അദ്ദേഹത്തിന്റെ ശരീരാവശിഷ്ടങ്ങൾ അഫ്ഗാനിസ്താനിലേക്ക് കൊണ്ടുവരികയും കാബൂൾ സർവകലാശാല വളപ്പിൽ മറവുചെയ്തു.

അവലം‌ബം[തിരുത്തുക]

  1. EncyclopaediaDictionaryIslamMuslimWorld. Brill. p. 416. ശേഖരിച്ചത് 2016-03-14. 
  2. 2.0 2.1 2.2 Vogelsang, Willem (2002). "17-The dynasty of Amir Abd al Rahman Khan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 273. ഐ.എസ്.ബി.എൻ. 978-1-4051-8243-0. 

1. ഇസ്ലാമിക വിജ്ഞാനകോശം, വാല്യം 3, ഇസ്ലാമിക് പബ്ലിഷിം‌ഗ് ഹൗസ്

കൂടുതൽ വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജമാലുദ്ദീൻ_അഫ്ഗാനി&oldid=2323679" എന്ന താളിൽനിന്നു ശേഖരിച്ചത്