യൂസുഫ് അൽ ഖറദാവി
ജനനം | ഗർബിയ ഈജിപ്ത് | സെപ്റ്റംബർ 9, 1926
---|---|
കാലഘട്ടം | ആധുനിക കാലഘട്ടം |
പ്രദേശം | ഇസ്‌ലാമിക പണ്ഡിതൻ |
ചിന്താധാര | സുന്നി, മുസ്ലിം ബ്രെതെർഹുഡ് |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
ഒരു ഈജിപ്ഷ്യൻ മുസ്‌ലിം പണ്ഡിതനാണ് ശൈഖ് ഡോ.യൂസുഫ് അബ്ദുല്ല അൽ ഖർദാവി (ജനനം: സെപ്റ്റംബർ 9 1926). അന്തർദേശീയ മുസ്‌ലിം പണ്ഡിത സഭയുടെ(International Union of Muslim Scholars) അധ്യക്ഷനായിരുന്നു[1] അദ്ദേഹം[2]. സാമ്രാജ്യത്വ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചും ഏകാധിപത്യ ഭരണാധികരികൾക്കെതിരെ നിലകൊണ്ടും രാഷ്ട്രീയ സാന്നിദ്ധ്യം തെളിയിച്ച ഖറദാവി പശ്ചിമേഷ്യയിലും അറബ് രാജ്യങ്ങളിലും നടക്കുന്ന ജനാധിപത്യപ്രക്ഷോഭങ്ങൾക്ക് കരുത്ത് പകരുന്നു.[3]
ഇസ്രായേലികൾക്കെതിരെയുള്ള പലസ്തീനിയൻ ചാവേറാക്രമണങ്ങളെ അനുകൂലിക്കുന്നതുൾപ്പെടെയുള്ള ഖറദാവിയുടെ കാഴ്ചപ്പാടുകൾ പാശ്ചാത്യ ഗവണ്മെന്റുകളുടെ പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്.[4] യുണൈറ്റഡ് കിങ്ഡം 2008-ലും[5] ഫ്രാൻസ് 2012-ലും[6] ഖറദാവിക്ക് പ്രവേശനത്തിന് വിസ നിഷേധിച്ചു.
ജനനം[തിരുത്തുക]
1926 സെപ്റ്റംബർ 9-ന് ഈജിപ്തിലെ അൽഗർബിയ്യ ജില്ലയിലെ സിഫ്ത് തുറാബ് ഗ്രാമത്തിൽ ജനനം. രണ്ടാം വയസ്സിൽ പിതാവ് മരിച്ചതിനെ തുടർന്ന് അമ്മാവന്റെ സംരക്ഷണത്തിൽ വളർന്നു. ചെറുപ്പത്തിൽ തന്നെ വൈഭവം കാട്ടിയ യൂസുഫ് ഒമ്പതാം വയസ്സിൽ ഖുർആൻ ഹൃദിസ്ഥമാക്കി.
വിദ്യാഭ്യാസം[തിരുത്തുക]
പ്രൈമറി, സെക്കന്ററി വിദ്യാഭ്യാസം അൽഅസ്ഹറിൽ. ജയിൽ വാസമനുഭവിക്കേണ്ടിവന്നിട്ടും രണ്ടാം റാങ്കോടെ സെക്കന്ററി പൂർത്തിയാക്കി. തുടർന്ന് അൽഅസ്ഹർ സർവകലാശാലയിലെ ഉസ്വൂലുദ്ദീൻ കോളജിൽ ഉപരിപഠനത്തിന് ചേർന്ന യൂസുഫ് 1952-53ൽ ഒന്നാം റാങ്കോടെ പാസായി. 1954ൽ അറബി ഭാഷാ കോളജിൽ നിന്നും ഒന്നാം റാങ്കോടെ തന്നെ പുറത്തിറങ്ങി. 1958ൽ അറബി സാഹിത്യത്തിൽ ഡിപ്ലോമയും `1960-ൽ ഖുർആനും നബിചര്യയും എന്ന വിഷയത്തിൽ മാസ്റ്റർ ബിരുദവും 1973-ൽ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സകാത്തിന്റെ പങ്ക് എന്ന തീസിസിൽ ഫസ്റ്റ് ക്ലാസോടെ ഡോക്ടറേറ്റും നേടി.
പ്രവർത്തനങ്ങൾ[തിരുത്തുക]
കൗമാര പ്രായത്തിൽ തന്നെ ഈജിപ്തിലെ ഇമാം ഹസനുൽ ബന്നാ ശഹീദിന്റെ പ്രസ്ഥാനമായ മുസ്‌ലിം ബ്രദർഹുഡിൽ (അൽഇഖ്‌വാനുൽ മുസ്ലിമൂൻ) ആകൃഷ്ടനായ അദ്ദേഹത്തെ നിരവധി തവണ ഈജിപ്ത് ഭരണകൂടം തടവിലിട്ടിട്ടുണ്ട്. 1949, '54, '56 കാലങ്ങളിൽ ജയിൽവാസമനുഷ്ഠിച്ചു. തന്റെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ ആശയപ്രചരണത്തിനുള്ള വേദിയായി അദ്ദേഹം ഉപയോഗപ്പെടുത്തുന്നു. ഫലസ്തീൻ വിമോചന പോരാട്ടത്തിന് അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനവും നൽകിവരുന്നു [7].
പാലസ്തീനിലെ സ്വാതന്ത്ര്യപോരാളികളുടെ ചാവേർ രീതിയെ ഒരു അനിവാര്യതയായി അംഗീകരിക്കുന്ന ഖർദാവി, തീവ്രവാദത്തെ ഒരിക്കലും അംഗീകരിക്കാൻ തയ്യാറായില്ല[8]. ബ്രിട്ടനും അമേരിക്കയും അദ്ദേഹത്തിന് വിസാനിരോധമേർപ്പെടുത്തിയിട്ടുണ്ട്. 2008 ഫെബ്രുവരി ഏഴിന് അദ്ദേഹത്തിന്റെ വിസാ അപേക്ഷ ബ്രിട്ടൻ നിരസിക്കുകയുണ്ടായി.ചികിത്സാർഥമാണ് അദ്ദേഹം സന്ദർശനാനുമതി തേടിയത്. അപേക്ഷ എമിഗ്രേഷൻ നിയമത്തിന് അനുരൂപമല്ലെന്നാണ് ബ്രിട്ടീഷ് അധികൃതർ കാരണം പറഞ്ഞതെങ്കിലും ബ്രിട്ടനിലെ വലതുപക്ഷ നവയാഥാസ്ഥിതികരുടെ സമ്മർദതന്ത്രമാണ് തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമാണ്[9].
2004 ലാണ് ഖറദാവി അവസാനമായി ബ്രിട്ടൻ സന്ദർശിച്ചത്. അന്തർദേശീയ മുസ്ലിം പണ്ഡിതസഭയുടെ രൂപവത്കരണയോഗത്തിൽ പങ്കെടുക്കാനായിരുന്നു പ്രസ്തുത യാത്ര. അന്നത് ബ്രിട്ടനിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഫലസ്തീനിലെ ചാവേറാക്രമണത്തെ പിന്തുണക്കുന്നതിനാൽ വിസയനുവദിക്കരുതെന്ന് തീവ്രവലതുപക്ഷകക്ഷികൾ അന്ന് ടോണിബ്ലയർ സർക്കാറിനോടാവശ്യപ്പെട്ടിരുന്നു. ലണ്ടൻ മേയർ കെൻ ലിവിങ്സ്റ്റൺ ഈ സമയത്ത് അദ്ദേഹവുമായി വേദി പങ്കിടുകയും അദ്ദേഹത്തെ ന്യായീകരിക്കുകയുമാണ് ചെയ്തത്[8]. ഫലസ്തീനിൽ അധിനിവേശം നടത്തി നിലവിൽ വന്ന ഇസ്രാഈലിന്റെ അസ്തിത്വം പോലും അംഗീകരിക്കരുതെന്ന വാദക്കാരനാണദ്ദേഹം. സയണിസ്റ്റുകളുമായുള്ള ചർച്ചകളെയും അദ്ദേഹം നിരാകരിക്കുന്നു.
സമകാലിക അറബ് ലോകത്ത് സയണിസ്റ്റ് വിരുദ്ധ വികാരം വളർത്തുന്നതിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. വർത്തമാന ഇസ്ലാമിക ലോകത്തെ മധ്യമനിലപാടിന്റെ മുന്നണിപ്പോരാളിയായ അദ്ദേഹം പക്ഷേ ഭരണാധികാരികൾക്ക് സ്തുതിഗീതമോതാൻ ഒരിക്കലും തയ്യാറായില്ല. അറബ് മുസ്ലിം നാടുകളിലെ രാഷ്ട്രീയ,ഭരണ പരിഷ്കരണങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തുന്ന അദ്ദേഹം ഇസ്ലാമിക ജനാധിപത്യം എന്ന ബദൽ വ്യവസ്ഥ മുന്നോട്ടുവെക്കുന്നു. സമഗ്ര ഇസ്ലാമിക വ്യവസ്ഥയെ കാലികമായി സമർപ്പിച്ചു. മുസ്ലിം ഐക്യത്തിന്റെ ശക്തനായ വക്താവായ ഖറദാവി സുന്നി, ശീഈ, ഇബാദിയ്യ:, സൈദിയ്യ: തുടങ്ങിയ ഇസ്‌ലാമിക ചിന്താധാരകൾക്കിടയിൽ സംവാദപരിപാടികൾക്ക് മുൻകൈയെടുക്കുന്നു. ആധുനിക ലോകത്ത് ബഹുമത സംവാദത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്യുന്നു.[10] സർവമതനിന്ദക്കെതിരായ അദ്ദേഹത്തിന്റെ നിലപാടുകൾ ശ്രദ്ധേയമാണ്. അന്തർദേശീയ മുസ്ലിം പണ്ഡിതസഭയുടെ അധ്യക്ഷനാണിപ്പോൾ ഖറദാവി. നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. കേരളത്തിൽ പലതവണ സന്ദർശിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ പരന്നുകിടക്കുന്ന നിരവധി ശിഷ്യൻമാർ അദ്ദേഹത്തിനുണ്ട്.
ഈജിപ്റ്റിൽ തിരിച്ചെത്തുന്നു[തിരുത്തുക]
അറബ് ലോകത്തും മധ്യ പൗരസ്ത്യ ദേശങ്ങളിലും രൂപപ്പെട്ട ഭരണവിരുദ്ധ പോരാട്ടങ്ങളെ പിന്തുണച്ചു[11]. ഈജിപ്റ്റിലെ ഹുസ്നി മുബാറക്ക് ഭരണകൂടം കഴിഞ്ഞ 30 വർഷമായി യൂസുഫുൽ ഖറദാവിക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ സ്വാതന്ത്ര്യ പ്രഖ്യാപനം തഹ്രീർ സ്ക്വയറിൽ 2011 ഫെബ്രുവരി 18 ന് വെള്ളിയാഴ്ച ജുമുഅ പ്രഭാഷണത്തിലൂടെ അദ്ദേഹം തന്നെ നടത്തിയത് വിപ്ലവപ്രവർത്തകർക്ക് ആവേശമായി[12][13][14][15]
ഔദ്യോഗിക ജീവിതം[തിരുത്തുക]
ഏറെക്കാലം ഈജിപ്തിൽ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അസ്ഹറിലെ സാംസ്കാരിക വകുപ്പിൻറെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. 1961ൽ ഖത്തറിൽ സ്ഥിരതാമസമാക്കിയ ശേഷം ഖത്തർ സെക്കൻററി റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി. 1973ൽ ഖത്തർ യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക് സ്റ്റ്ഡീസ് ഫാക്കൽറ്റിക്ക് രൂപം നൽ കുകയും അതിൻറെ ഡീൻ ആയി പ്രവർത്തിക്കുകയും ചെയ്തു. 1977ൽ ഖത്തർ യൂണിവേഴ്സിറ്റിയിൽ ശരീഅ: ആൻറ് ഇസ്ലാമിക് സ്റ്റ്ഡീസ് കോളജ് ആരംഭിക്കുകയും 1989-90 വരെ അതിൻറെ ഡീൻ ആയി തുടരുകയും ചെയ്തു. യൂണിവേഴ്സിറ്റിയിലെ പ്രവാചകചര്യ ഗവേഷണ കേന്ദ്രത്തിൻറെ തലവനായി ഇന്നും തുടരുന്നു. 1990-91ൽ അൽജീരിയൻ യൂണിവേഴ്സിറ്റികളിൽ നേതൃസ്ഥനങ്ങൾ വഹിച്ചു. 1961ൽ ദോഹയിലെത്തിയതുമുതൽ ദോഹ ഉമർ ബിൻ ഖത്താബ് പള്ളിയിൽ ജുമുഅ ഖുതുബ(പ്രഭാഷണം)നിർവഹിക്കുന്നു. ഖത്തർ ടെലിവിഷൻ ചാനൽ തൽസമയ സംപ്രേഷണം നടത്തുന്ന ഖറദാവിയുടെ പരിപാടിക്ക് അറബ് ലോകത്ത് നിരവധി ശ്രോതാക്കളുണ്ട്. സമകാലിക ഇസ്ലാമിക സമൂഹത്തിൻറെ പ്രശ്നങ്ങളിൽ അദ്ദേഹത്തിൻറെ നിലപാടുകൾ മുസ്ലിം ലോകത്തിൻറെ തന്നെ നിലപാടെന്ന നിലയ്ക്കാണ് വിലയിരുത്തപ്പെടാറുള്ളത്. അൽജസീറ ചാനലിൽ അവതരിപ്പിക്കുന്ന ശരീഅത്തും ജീവിതവും പരിപാടി അറബ് ലോകത്തെ ഏറ്റവും പ്രേക്ഷകരുള്ള ടെലിവിഷൻ പരിപാടികളിലൊന്നാണ് [16]
വൈജ്ഞാനിക സംഭാവനകൾ[തിരുത്തുക]
1973-ൽ ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. അൽ-അമീർ അബ്ദുൽ ഖാദിർ യൂണിവേഴ്സിറ്റിയിൽ അക്കാദമിക് കൗൺസിൽ ചെയർമാൻ പദവി അടക്കം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കരണ സമിതികളിൽ അംഗമായിരുന്നു. നൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. ഈ ഗ്രന്ഥങ്ങൾ മലയാളമടക്കം നിരവധി ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിൻറെ നിരവധി പ്രഭാഷണങ്ങളും പുസ്തക രൂപത്തിൽ ലഭ്യമാണ്. ഫിഖ്ഹുസ്സകാത്ത്(സകാത്തിൻറെ കർമശാസ്ത്രം)എന്ന ഗ്രന്ഥം സകാത്ത് വ്യവസ്ഥയെ കുറിച്ച് നിലവിലുള്ള ഏറ്റവും ആധികാരിക രചനയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.
മലയാളത്തിലുള്ള പുസ്തകങ്ങൾ[തിരുത്തുക]
മലയാളത്തിൽ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്)കോഴിക്കോട് ഖറദാവിയുടെ അനേകം പുസ്തകങ്ങൾ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്[17].അവയിൽ ചിലത്
- വിശ്വാസവും ജീവിതവും
- തവക്കുൽ (ഭരമേൽപ്പിക്കൽ)
- സഹനം
- പ്രബോധകൻറെ സംസ്കാരം
- സമയം വിശ്വാസിയുടെ ജീവിതത്തിൽ
- ആഗോളവൽകരണവും മുസ്ലിംകളും
- ഇസ്ലാമിക ശരീഅത്ത്-തത്വവും പ്രയോഗവും
- ഇസ്ലാമും കലയും
- മതതീവ്രവാദം
- മുസ്ലിം ഐക്യം സാധുതയും സാധ്യതയും
- വിധിവിലക്കുകൾ
- ഖറദാവിയുടെ ഫത്വകൾ ഭാഗം 1,2
ഖറദാവി കേരളത്തിൽ[തിരുത്തുക]
കേരളത്തിൽ രണ്ട് തവണ യുസുഫുൽ ഖറദാവി സന്ദർശനം നടത്തി. ജമാഅത്തെ ഇസ്ലാമിക്ക് കീഴിലെ വിദ്യാഭ്യാസ സ്ഥാപനമായ ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ്യയുടെ പ്രഖ്യാപനത്തിനായിരുന്നു ഒടുവിൽ കേരളത്തിലെത്തിയത്. ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ്യയുടെ ഉപദേശക സമിതി ചെയർമാനും കൂടിയാണ് ഖറദാവി.[18] കഴിഞ്ഞ വർഷം തിരുവന്തപുരത്ത് ഒരു പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ എത്താനായില്ല[19].
പുരസ്കാരങ്ങൾ[തിരുത്തുക]
2004ൽ ഇസ്ലാമിക വൈജ്ഞാനിക മേഖലയിലെ സംഭാവനകൾക്ക് കിംഗ് ഫൈസൽ ഇൻറർനാഷണൽ അവാർഡ് ലഭിച്ചു.[20]
ഓൺലൈൻ[തിരുത്തുക]
ഖറദാവി.നെറ്റ് എന്നതാണ് ഖറദാവിയുടെ വെബ്സൈറ്റ്. ഇസ്ലാം ഓൺലൈൻ എന്ന വെബ്സൈറ്റ് യൂസുഫുൽ ഖറദാവിയെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത് എന്നാൽ ഇടക്കാലത്ത് അതിൻറെ സ്വഭാവം ഔദ്യോഗികവൽകരിക്കപ്പെടുകയും സ്വതന്ത്രസ്വഭാവം നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ, ഓൺഇസ്‌ലാം എന്ന പേരിൽ സൈറ്റ് ആരംഭിച്ചു. ഖറദാവിയുടെ ലേഖനങ്ങൾ ഇവിടെ കാണാം.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
MERIA Journal 12/1 By Ana Belén Soage (March 2008), pp. 51–65.
Portrait of Sheikh Dr. Yusuf Abdallah al-Qaradawi: A “Moderate” Islamist?
[1]
അവലംബം[തിരുത്തുക]
- ↑ "Yusuf Al-Qaradawi". www.themuslim500.com. ശേഖരിച്ചത് 26 നവംബർ 2019.
- ↑ "ലേഖനം" (ഭാഷ: ഇംഗ്ലീഷ്). ദ നാഷനൽ ദിനപത്രം. 2013 ആഗസ്റ്റ് 18. ശേഖരിച്ചത് 2013 ആഗസ്റ്റ് 18.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-06-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-06-07.
- ↑ Controversial preacher with 'star status' BBC article, by agdi Abdelhadi on 7 July 2004
- ↑ "Muslim cleric not allowed into UK". BBC News. 7 February 2008. മൂലതാളിൽ നിന്നും 2008-02-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 February 2008.
- ↑ "France bars Muslim clerics from entering France". CBS News. 29 മാർച്ച് 2012. മൂലതാളിൽ നിന്നും 30 March 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 March 2012.
{{cite news}}
: Unknown parameter|deadurl=
ignored (|url-status=
suggested) (help) - ↑ അൽ ജസീറ
- ↑ 8.0 8.1 "കെൻ ലിവിങ്സ്റ്റൺ-ഖർദാവി ഡോസിയർ" (PDF). മൂലതാളിൽ (PDF) നിന്നും 2013-01-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-01-11.
- ↑ വിസാ നിയന്ത്രണം
- ↑ http://globalmbreport.org/?p=1692
- ↑ http://www.csmonitor.com/World/Middle-East/2011/0218/Egypt-revolution-unfinished-Qaradawi-tells-Tahrir-masses
- ↑ http://vladtepesblog.com/?p=30709
- ↑ http://www.onislam.net/english/news/africa/451075-qaradawi-to-address-egypts-friday-of-victory.html
- ↑ THE WORLD’S 500 MOST INFLUENTIAL MUSLIMS (PDF). Jordan National Library. പുറം. 95. doi:10.1093/oxfordhb/9780195395891.013.0027. ശേഖരിച്ചത് 26 നവംബർ 2019.
- ↑ Bettina, Gräf. "The Oxford Handbook of Islam and Politics, Yusuf Al-Qaradawi". Oxford Handbooks online. Oxford University. ശേഖരിച്ചത് 27 December 2020.
- ↑ ശരീഅത്തും ജീവിതവും
- ↑ http://iphkerala.com
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-02-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-21.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-05-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-02-21.
- ↑ "കിംഗ് ഫൈസൽ അവാർഡ് ജേതാക്കൾ" (PDF). മൂലതാളിൽ (PDF) നിന്നും 2012-04-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-15.