Jump to content

ജൂതവിരോധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൽഹെം മാറിന്റെ "യൂദായിസത്തിനെതിരെ ജർമ്മാനിസത്തിന്റെ വിജയത്തിനുള്ള വഴി" എന്ന യഹൂദവിരുദ്ധ പ്രചാരണ രചനയുടെ പുറം ചട്ട

മത, വംശീയ അടിസ്ഥാനങ്ങളിൽ യഹൂദരെ ലക്ഷ്യം വയ്ക്കുന്ന പ്രതികൂല മനോഭാവങ്ങളുടേയും നടപടികളുടേയും പേരാണ് ജൂതവിരോധം[1]. ജർമ്മൻ സംസ്കാരത്തിലെ യഹുദസ്വാധീനത്തിനെതിരെ പ്രചാരണം നടത്തിയിരുന്ന വിൽഹെം മാർ 1870-കളിൽ കണ്ടെത്തിയ ആന്റിസെമെറ്റിസം എന്ന പേരിലാണ് അതു വ്യാപകമായി അറിയപ്പെടുന്നത്. എങ്കിലും അറേബ്യൻ ഇസ്‌ലാം ഉൾപ്പെടെയുള്ള ഇതരജനവിഭാഗങ്ങൾക്കും 'സെമെറ്റിക്' മത-വംശ പശ്ചാത്തലങ്ങൾ ഉള്ളതിനാൽ, യഹൂദരോടു മാത്രമുള്ള വിരോധത്തിന്റെ സൂചകമെന്ന നിലയിൽ ആ പദത്തിന്റെ പ്രയോഗം അനുചിതമാണെന്നു കരുതുന്നവരുണ്ട്. അതിനാൽ, കേവലം വംശീയവും സാംസ്കാരികവുമായ ഒരു മനോഭാവവും ചെയ്തികളും എന്ന നിലയിൽ ആന്റിസെമെറ്റിസത്തെ കാണാനും മതാടിസ്ഥാനത്തിലുള്ള യഹൂദവിരോധത്തിൽ നിന്ന് അതിനെ വേർതിരിക്കാനും പ്രവണതയുണ്ട്. എങ്കിലും, മത-വംശീയമാനങ്ങൾ കൂടിക്കുഴഞ്ഞ യഹൂദവിരോധത്തിന്റെ പേരെന്ന നിലയിൽ ഇന്ന് അത് വ്യാപകമായി പ്രയോഗിക്കപ്പെടുന്നു.[2]ജൂതവെറി എന്ന പദപ്രയോഗവും വ്യാപകമായി നിലവിലുണ്ട്.

ഗ്രെക്കോ-റോമൻ ലോകം

[തിരുത്തുക]

ക്രൈസ്തവലോകത്തെ യഹൂദവിരോധം പുരാതനകാലത്തെ മനോഭാവങ്ങളുടെ പിന്തുടർച്ചയാണെന്നു തെളിയിക്കാനും ക്രിസ്തീയതയുടെ ഉത്തരവാദിത്തം ലഘൂകരിക്കാനും ശ്രമിക്കുന്നവർ, യഹൂദമതത്തെ "കാടൻ അന്ധവിശ്വാസം" എന്നു വിശേഷിപ്പിച്ച റോമൻ സെനറ്റർ സിസറോയുടെ അഭിപ്രായം എടുത്തുകാട്ടാറുണ്ട്. ഗ്രെക്കോ-റോമൻ സമൂഹങ്ങളിൽ യഹൂദർ പരിഹാസത്തിനും വിമർശനത്തിനും ഇരകളായിരുന്നു. റോമിലെ ഹാസ്യലേഖകർ, യഹൂദരുടെ പരിച്ഛേദന കർമ്മത്തെ ഏറെ പരിഹസിക്കുകയും ചെയ്തിരുന്നു. സാബത്താചരണത്തെ ചിലർ അലസതയായി ചിത്രീകരിച്ചു. അതേസമയം, ഒരു പുരാതനജനത എന്ന നിലയിൽ യഹൂദർ ബഹുമാനിക്കപ്പെടുകയും ദാർശനികരും ജ്ഞാനികളുമായി എണ്ണപ്പെടുകയും ചെയ്തിരുന്നു. അതിനാൽ പൗരാണികകാലത്ത് യഹൂദേതരജനതകൾക്ക് യഹൂദരോടുണ്ടായിരുന്ന മനോഭാവത്തിന്റെ ലഭ്യമായ ചിത്രം സമ്മിശ്രമാണ്.

ആദിമക്രിസ്തീയത

[തിരുത്തുക]

യഹൂദമതത്തിലെ ഒരു വിമതമുന്നേറ്റമായി ആരംഭിച്ച ക്രിസ്തീയതയുടെ വളർച്ചയോടെ, യഹൂദവിരോധത്തിന് മുൻപെങ്ങുമില്ലാതിരുന്ന മാനങ്ങളും തീവ്രതയും കൈവന്നു. യഹൂദരുടെ പ്രവചനപാരമ്പര്യത്തിന്റെ പരകോടിയും പൂർത്തീകരണവുമായി യേശുവിനേയും അദ്ദേഹത്തിന്റെ സന്ദേശത്തേയും കണക്കാക്കിയ ക്രിസ്തീയലോകത്തിന്, ആ അവകാശവാദങ്ങൾ തിരസ്കരിച്ച യഹൂദരോടു തോന്നിയ അസഹിഷ്ണുത, ജൂതവിരോധത്തിനു പുതിയ രൂക്ഷത നൽകി. യേശുവിന്റെ ജീവിതത്തിന്റേയും സന്ദേശത്തിന്റേയും കഥപറഞ്ഞ സുവിശേഷങ്ങൾ, യഹൂദമതനേതൃത്വത്തേയും യെരുശലേമിലെ ചഞ്ചലമനസ്കരായ സാധാരണ യഹൂദരുടെ ആൾക്കൂട്ടത്തേയും പോലും യേശുവിന്റെ പ്രതിയോഗികളും കുരിശുമരണത്തിന് ഉത്തരവാദികളുമായി ചിത്രീകരിക്കുകയും റോമൻ ഭരണകൂടത്തിന്റെ പങ്ക് കുറച്ചുകാണിക്കുകയും ചെയ്തു. ഈ ആഖ്യാനങ്ങളിൽ യെരുശലേമിലെ യഹൂദപൗരാവലി, യേശുവിന്റെ മരണത്തിനുവേണ്ടി മുറവിളികൂട്ടി, തങ്ങളുടേയും സന്തതികളുടേയും ശിരസ്സിൽ രക്തശാപം ഏറ്റുവാങ്ങിയവർ ആയിത്തീരുന്നു.[3]

കാനോനിക സുവിശേഷങ്ങളിൽ അവസാനത്തേതായ യോഹന്നാന്റെ സുവിശേഷത്തിലെ യേശു യഹൂദർക്കിടയിലെ തന്റെ പ്രതിയോഗികളെ സാത്താന്റെ മക്കളെന്നു പോലും വിളിക്കുന്നു. "നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽ നിന്നുള്ളവരാണ്. നിങ്ങളുടെ പിതാവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് നിങ്ങൾ ഇച്ഛിക്കുന്നത്. അവൻ ആദിമുതൽക്കേ കൊലയാളി ആയിരുന്നു. അവനു സത്യവുമായി ബന്ധമേ ഇല്ല....അവൻ നുണയനും നുണയുടെ പിതാവുമാണ്. സത്യം പറയുന്നതിനാൽ നിങ്ങൾ എന്നിൽ വിശ്വസിക്കുന്നില്ല"[4] എന്നിങ്ങനെ പോയ ആ വിമർശനം പിൽക്കാലത്ത് യഹൂദവിരുദ്ധർക്ക് എടുത്തുപയോഗിക്കാൻ ഏറെ സൗകര്യപ്പെടുന്നതായി.

സഭാപിതാക്കന്മാർ

[തിരുത്തുക]

ക്രിസ്തീയചിന്തയുടേയും പാരമ്പര്യങ്ങളുടേയും വികാസത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ആദ്യകാലസഭാപിതാക്കന്മാർ ക്രിസ്തുമതത്തിന്റെ യഹൂദപശ്ചാത്തലം ഏറ്റുപറഞ്ഞങ്കിലും, അവരിൽ പലരും യഹൂദജനതയെ ശത്രുതയോടെയാണ് വീക്ഷിച്ചത്. രക്തസാക്ഷി ജസ്റ്റിൻ (പൊതുവർഷം 103-165), തെർത്തുല്യൻ(160- 220), അംബ്രോസ് (338-397), യോഹന്നാൻ ക്രിസോസ്തമസ് (347-407) തുടങ്ങിയ പ്രഗല്ഭ സഭാചിന്തകർ യഹൂദവിരുദ്ധത പ്രകടിപ്പിച്ചവരാണ്. സഭാപിതാക്കന്മാരിൽ മിക്കവാറും എല്ലാവരും തന്നെ "യഹൂദർക്കെതിരെ" എന്ന പേരിൽ ഒരോ രചന ചമച്ചു. ക്രിസ്തീയചിന്തകൻ എന്ന നിലയിൽ അംഗീകാരം ലഭിക്കാൻ അത്തരമൊരു രചന എഴുതിയേ മതിയാവൂ എന്ന നില സ്ഥിതി തന്നെ ഉണ്ടായിരുന്നതായി ചാൾസ് ഫ്രീമാൻ(പുറങ്ങൾ 132-33) പറയുന്നു.[5]

ക്രി.വ. 386-87-ൽ നടത്തിയ ചില പ്രസംഗങ്ങളിൽ യോഹന്നാൻ ക്രിസോസ്തമസ്, യഹൂദമതവുമായി ബന്ധം പുലർത്തുകയും യഹൂദരീതികൾ പിന്തുടരുകയും ചെയ്യുന്ന ക്രിസ്ത്യാനികളേയും യഹൂദസമുദായത്തെ തന്നെയും നിശിതമായി വിമർശിച്ചു. ആ പ്രസംഗങ്ങളിൽ അദ്ദേഹം, തന്റെ വേദജ്ഞാനവും വാക്‌ചാതുരിയും വാദസാമർത്ഥ്യവും മുഴുവനായി, യഹൂദമതത്തേയും സമുദായത്തേയും കരിതേച്ചു കാണിക്കുന്നതിന് ഉപയോഗിച്ചു. യേശുവിന്റെ രക്തം ചൊരിഞ്ഞവരുമായി സഹവസിക്കുന്നവർക്ക്, യേശുവിന്റെ രക്തബലിയായ വിശുദ്ധ കുർബ്ബാനയിൽ എങ്ങനെ പങ്കെടുക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. യഹൂദരുരെ ക്രിസോസ്തം നായ്ക്കളോടുപമിച്ചു. "അവരുടെ ആഘോഷങ്ങൾ വിഷയാസക്തിയുടേയും വൈകൃതങ്ങളുടേയും പ്രകടനങ്ങളും സിനഗോഗുകൾ വേശ്യാലയങ്ങൾക്കു സമവുമാണ്. ലോകത്തിനു മുഴുവൻ ഭീഷണി ഉയർത്തുന്ന മഹാമാരിയായി അവരെ കണക്കാക്കേണ്ടതാണ്." ഗ്രീക്ക് ഭാഷയിൽ നിർവഹിക്കപ്പെട്ട ഈ പ്രഭാഷണങ്ങൾ അവയുടെ ശക്തിയും ആകർഷണീയതയും മൂലം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. അങ്ങനെ, അവയിലെ ആശയങ്ങൾ പൗരസ്ത്യസഭയിലെ എന്ന പോലെ പാശ്ചാത്യസഭയിലേയും യഹൂദവിരുദ്ധതയുടെ അടിസ്ഥാനപാഠങ്ങളിൽ പെട്ടു.[5]

മെസപ്പൊട്ടേമിയയിലെ കല്ലിനിക്കം എന്ന സ്ഥലത്ത്, അവിടത്തെ മെത്രാന്റെ ആഹ്വാനമനുസരിച്ച് ഒരു ക്രൈസ്തവ പുരുഷാരം യഹൂദന്മാരുടെ സിനഗോഗ് തകർത്തപ്പോൾ, റോമാസാമ്രാട്ട് തിയോഡോഷ്യസ്, മെത്രാനെതിരെ നിയമലംഘനത്തിന് നടപടിയെടുക്കാൻ മുതിർന്നു. അതിനെ എതിർത്ത മിലാനിലെ മെത്രാപ്പോലീത്ത അംബ്രോസ്, ക്രിസ്തുവിനെ നിന്ദിക്കുന്ന സ്ഥലമാണ് സിനഗോഗെന്നും, അത് നശിപ്പിച്ചതിൽ തെറ്റൊന്നുമില്ലെന്നും വാദിച്ചു. ഈ നിലപാടിനോട്‍ ചക്രവർത്തിക്ക് മനസ്സില്ലാതെയാണെങ്കിലും വഴങ്ങേണ്ടി വന്നു. ജൂതവിരോധത്തിന്റെ തുടക്കത്തിലെ നാഴികക്കല്ലുകളിൽ ഒന്നായാണ് ഈ സംഭവം പരിഗണിക്കപ്പെടുന്നത്.[5]

അംബ്രോസിന്റെ ശിഷ്യനും ആദിമക്രിസ്തീയതയിലെ ഏറ്റവും പേരെടുത്ത ചിന്തകനുമായിരുന്ന ഹിപ്പോയിലെ അഗസ്തീനോസ് (354-430) പോലും യഹൂദവിരുദ്ധതയിൽ നിന്നു മുക്തനായിരുന്നില്ല. യഹൂദർ തീർത്തും നശിക്കാതെ, താൻ വിഭാവന ചെയ്ത ദൈവനഗരത്തിൽ ക്രിസ്തീയതയുടെ വിജയം എടുത്തുകാട്ടുന്ന പരാജിതജനതയായി, ചിതറിയ അവസ്ഥയിൽ നിലനിൽക്കുന്നത് അഗസ്റ്റിൻ സങ്കല്പിച്ചു.[6] പരാജിതരായ തന്റെ ശത്രുക്കളെക്കുറിച്ച് ദാവീദു രാജാവ് പഴയനിയമത്തിലെ സങ്കീർത്തനങ്ങളിലൊന്നിൽ ദൈവത്തോടു നടത്തുന്ന അപേക്ഷ അനുസ്മരിക്കുകയായിരുന്നു അദ്ദേഹം ഇവിടെ.[7]

സഭാപിതാക്കന്മാരുടെ ചരിത്രവീക്ഷണം, യഹൂദരുടെ പരിതാപാവസ്ഥയെ, 'ക്രിസ്തുഹത്യ'-ക്കു ന്യായമായി ലഭിച്ച ദൈവശിക്ഷയായി വിലയിരുത്തി. നാലാം നൂറ്റാണ്ടിൽ ആദിമസഭയുടെ ചരിത്രമെഴുതിയ ക്രിസ്തീയചരിത്രകാരൻ യൂസീബിയസ്, തന്റെ രചനയുടെ ലക്ഷ്യങ്ങളിലൊന്ന് "നമ്മുടെ രക്ഷകനെതിരെ ഗൂഢാലോചന നടത്തി ഏറെ താമസിയാതെ യഹൂദവംശത്തിന് വന്നുപെട്ട സർ‌വ്വനാശത്തിന്റെ കഥ പറയുക" എന്നതാണെന്നു തുറന്നു പറയുന്നു.[8]

മദ്ധ്യയുഗങ്ങൾ

[തിരുത്തുക]

ഒറ്റപ്പെടൽ, അപമാനം

[തിരുത്തുക]
മദ്ധ്യയുഗങ്ങളിൽ യൂറോപ്യൻ നീതിവ്യവസ്ഥയിൽ യഹൂദർക്ക് നിർബ്ബന്ധിതമായിരുന്ന അപമാനകരമായ "മൊരേ ജുദായിക്കോ" എന്ന പ്രതിജ്ഞയെടുക്കുന്ന ഒരു യഹൂദൻ, 17-ആം നൂറ്റാണ്ടിലെ ഒരു കലാകാരന്റെ സങ്കല്പത്തിൽ

മദ്ധ്യയുഗങ്ങളിൽ, ഒറ്റപ്പെട്ടു ജീവിച്ച യഹൂദർക്കെതിരെ ക്രിസ്തീയസമൂഹങ്ങളിൽ പേടിപ്പെടുത്തുന്ന പല കഥകളും പ്രചരിച്ചു. യഹൂദർ, ക്രിസ്തീയശിശുക്കളുടെ രക്തം പെസഹാ അപ്പത്തിൽ കലർത്തുന്നതായും, ക്രിസ്ത്യാനികൾക്ക് അതിപൂജ്യമായ വിശുദ്ധകുർബാനയിലെ ബലിയപ്പം മോഷ്ടിച്ചെടുത്ത് അവമതിക്കുന്നതായും, ക്രിസ്ത്യാനികളുടെ ജലസ്രോതസ്സുകളിൽ വിഷം ചേർക്കുന്നതായും വിശ്വസിക്കപ്പെട്ടു. പകർച്ചവ്യാധികൾ പടരുമ്പോൾ, അതിനു പിന്നിൽ യഹൂദരുടെ ചെയ്തികളാണെന്ന വിശ്വാസത്തിൽ അവർ ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികളെ സംബന്ധിച്ച് യഹൂദർക്കിടയിലും പലവിധം തെറ്റിദ്ധാരണകൾ പ്രചരിച്ചു. ക്രിസ്തുവിന്റെ ജനനകഥയ്ക്ക് മദ്ധ്യകാലയഹൂദതയും യഹൂദരുടെ താൽമുദും നൽകിയ ഭാഷ്യം, ക്രിസ്തീയതക്ക് അപമാനകരമായി. 1179-ലെ മൂന്നാം ലാറ്ററൻ സൂനഹദോസ്, ക്രിസ്തീയസൂതികർമ്മിണികൾ, യഹൂദസ്ത്രീകളുടെ പേറെടുക്കുന്നതു വിലക്കി. ക്രിസ്ത്യാനികളും യഹൂദരും തമ്മിലുള്ള വിവാഹവും വിലക്കപ്പെട്ടു.[9]

മദ്ധ്യയുഗങ്ങളിൽ യൂറോപ്യൻ ഭരണകൂടങ്ങളിലെ നീതിവ്യവസ്ഥ യഹൂദരെ പൗരാവകാശമില്ലാത്തവരോ രണ്ടാം തരം പൗരന്മാരോ ആയി കണക്കാക്കി. കോടതിവ്യവഹാരങ്ങളിൽ പങ്കെടുക്കുന്ന യഹൂദർ, "മൊരേ ജുദായ്ക്കോ" എന്ന അപമാനകരമായ പ്രതിജ്ഞയിലും അതിന്റെ അനുബന്ധച്ചടങ്ങുകളിലും കൂടി കടന്നു പോകാൻ നിർബ്ബന്ധിക്കപ്പെട്ടു. മൊഴി അസത്യമാണെങ്കിൽ ബൈബിളിലെ നിയമാവർത്തനപ്പുസ്തകത്തിലെ ശാപങ്ങളെല്ലാം യഹൂദൻ തലയിലേറ്റുന്നു എന്ന മട്ടിലായിരുന്നു ആ പ്രതിജ്ഞ.[10]

സ്പെയിനിൽ യഹൂദരുടെ പീഡനം ഒരു സഹസ്രാബ്ദം ദീർഘിച്ചു. നികുതി നിരക്കിലെ വിവേചനം, നിർബ്ബന്ധിച്ചുള്ള കടംമേടിക്കൽ, കണ്ടുകെട്ടൽ, കൊലപാതകം, നിർബ്ബന്ധിത മാമ്മോദീസ തുടങ്ങിയവയ്ക്ക് അവർ ഇരകളായി. മതപരിവർത്തനത്തിന് തങ്ങളെ ആഹ്വാനം ചെയ്യുന്ന പ്രഭാഷണങ്ങൾ സ്വന്തം സിനഗോഗുകളിൽ പോലും കേൾക്കാൻ അവർ നിർബ്ബന്ധിക്കപ്പെട്ടു. അതേസമയം, ക്രിസ്തുമതത്തിൽ നിന്ന് യഹൂദതയിലേക്കുള്ള പരിവർത്തനത്തിന് വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്. ക്രിസ്തീയ വേദാന്തികളുമായുള്ള സംവാദങ്ങൾക്ക് ക്ഷണിക്കപ്പെട്ട അവർക്ക് അവയിൽ പരാജയം അപമാനകരവും വിജയം അപകടകരവും ആയിരുന്നു.[11]

തീർത്തും പ്രതികൂലമായ ഈ ചുറ്റുപാടുകളോടു പ്രതികരിച്ച വ്യവസ്ഥാപിത യഹൂദത കൂടുതൽ ഇടുങ്ങിയതും യാഥാസ്ഥിതികവുമായി. ക്രിസ്ത്യാനികളും യഹൂദരും തമ്മിലുള്ള ബന്ധം ശത്രുത നിറഞ്ഞതയും ആഴമില്ലാത്തതും ആയിത്തീർന്നു. ഈ പരാധീനതകൾ, ക്രിസ്തീയരാഷ്ട്രങ്ങളിലെ യഹൂദരെ സമൂഹിക-സംസ്കാരികമേഖലകളുടെ വളർച്ചയിൽ പങ്കാളികളാകാൻ പ്രാപ്തിയില്ലാത്തവരാക്കി. മദ്ധ്യയുഗങ്ങളിൽ പൊതുവേ, യഹൂദർക്ക് താരതമ്യേനയുള്ള മനുഷ്യത്വവും അനുകൂലസാഹചര്യങ്ങളും ലഭിച്ചത് ഇസ്ലാമിക സമൂഹങ്ങളിലാണ്.[12]

പീഡനകാലം

[തിരുത്തുക]

ഇക്കാലത്ത് യഹൂദവിരുദ്ധത, ക്രിസ്തുമതത്തിലെ തിരുനാളുകളിൽ ചിലതിന്റെ ഭാഗം തന്നെയായി. യേശുവിന്റെ പീഡാനുഭവത്തിന്റേയും കുരിശുമരണത്തിന്റേയും അനുസ്മരണം നടക്കുന്ന വിശുദ്ധവാരം (holy week), യഹൂദർക്ക് പേടിസ്വപ്നമായിരുന്നു. ക്രിസ്തുഘാതകരായി കരുതപ്പെട്ട അവരോടുള്ള ശത്രുത വിശുദ്ധവാരത്തിൽ പലപ്പോഴും അക്രമത്തിന്റെ രൂപമെടുത്തതിനാൽ ആ നാളുകളിൽ യഹൂദർ, പുറത്തിറങ്ങാതെ, പാർപ്പിടങ്ങളിൽ ഒതുങ്ങിക്കഴിഞ്ഞു. പൊതുവർഷം 538-ലെ ഓർലിയൻസ് സൂനഹദോസ്, പീഡാനുഭവവാരത്തിൽ യഹൂദർ വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്ന് ഉത്തരവിട്ടു. ഫ്രാൻസിലെ ബെസിയേഴ്സ് നഗരത്തിൽ, യഹൂദച്ചേരികളുടെ മേലുള്ള ആക്രമണം പീഡാനുഭവവാരാചരണത്തിന്റെ ഭാഗം തന്നെ ആയിരുന്നു. ഒടുവിൽ അതു നിർത്തലാക്കിയത്, പകരമായി യഹൂദർ ഒരു പ്രത്യേക നികുതി കൊടുക്കണം എന്ന വ്യവസ്ഥയിലാണ്. ടൂളൂസിലെ യഹൂദർ, ദുഃഖവെള്ളിയാഴ്ചകളിൽ അവരുടെ ഒരു പ്രതിനിധിയെ നഗരത്തിലെ ഭദ്രാസനപ്പള്ളിയിലേക്ക് അയക്കാൻ ചുമതലപ്പെട്ടിരുന്നു. ക്രിസ്തുഹത്യാപാപത്തിന്റെ ഓർമ്മപ്പെടുത്തലായി, കരണത്ത് ഒരു പരസ്യതാഡനം എറ്റുവാങ്ങി മടങ്ങുകയായിരുന്നു അയാൾക്കു ചെയ്യാനുണ്ടായിരുന്നത്. [9]

കുരിശുയുദ്ധങ്ങൾ

[തിരുത്തുക]

യേശുവിന്റെ ജീവിത-മരണങ്ങളുമായി ബന്ധപ്പെട്ട മദ്ധ്യപൗരസ്ത്യദേശത്തെ 'വിശുദ്ധനാടിന്റെ' മേലുള്ള, ഇസ്ലാമിക ആധിപത്യം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 11 മുതൽ 13 വരെ നുറ്റാണ്ടുകളിൽ പാശ്ചാത്യക്രിസ്തീയത നടത്തിയ 'കുരിശുയുദ്ധങ്ങൾ' യഹൂദജനതയ്ക്ക് കണക്കില്ലാത്ത ദുരിതങ്ങൾ വരുത്തിവച്ചു. യെരുശലേമിലെക്കുള്ള വഴിയിൽ യഹൂദസമൂഹങ്ങളെ കൊന്നും കൊള്ളയടിച്ചും ക്രിസ്തുമതത്തിലേക്കു നിർബ്ബന്ധപൂർവം പരിവർത്തനം ചെയ്യിച്ചുമാണ് കുരിശുയോദ്ധാക്കൾ മുന്നേറിയത്. പലയിടങ്ങളിലും പ്രാദേശീയ ക്രിസ്തീയനേതൃത്വം യഹൂദരെ സംരക്ഷിക്കുവാൻ തയ്യാറായെങ്കിലും കുരിശുയോദ്ധാക്കളോട് എതിർത്തു നിൽക്കുക അവർക്കു എളുപ്പമല്ലായിരുന്നു. ജർമ്മനിയിലെ വേംസ് നഗരത്തിലെ യഹൂദർക്ക് ഒന്നാം കുരിശുയുദ്ധത്തിൽ ഉണ്ടായ ഗതി വിൽ ഡുറാന്റ് സംസ്കാരത്തിന്റെ കഥയിൽ ഇങ്ങനെ വിവരിക്കുന്നു:-

കുരിശുയുദ്ധങ്ങൾ തുടക്കമിട്ട ഈവിധം കൂട്ടക്കൊലകൾ ആ യുദ്ധങ്ങൾക്കു ശേഷവും യഹൂദർക്കെതിരെ ആവർത്തിക്കപ്പെടുകയും ഇരുപതാം നുറ്റാണ്ടിന്റെ ആദ്യപകുതിയിൽ പോലും തുടരുകയും ചെയ്തു.

സാമ്പത്തിക മാനം

[തിരുത്തുക]

മദ്ധ്യയുഗങ്ങളിലും മറ്റെല്ലാക്കാലങ്ങളിലും, യഹൂദവിരുദ്ധതയുടെ മതപരമായ മുഖം, യഹൂദരോടുള്ള സാമ്പത്തിക ശത്രുതക്ക് പലപ്പോഴും മറയായിരിരുന്നു. ഒട്ടേറെ തൊഴിലുകളിലും ഉദ്യോഗങ്ങളിലും പ്രവേശനവും സ്ഥാവരസ്വത്തുക്കളുടെ ഉടമസ്ഥതയും നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അവർ പണമിടപാടിലേക്കു തിരിഞ്ഞത്, അവർക്കെതിരെയുള്ള ശത്രുത വർദ്ധിപ്പിച്ചു. കുരിശുയോദ്ധാക്കളുടെ പോലും യഹൂദവിരോധത്തിന് സാമ്പത്തിക മാനം ഉണ്ടായിരുന്നു. യെരുശലേം പിടിച്ചെടുക്കാൻ വേണ്ടിയുള്ള സൈനികനീക്കത്തിൽ പല പ്രഭുക്കന്മാരും യഹൂദരായ പണമിടപാടുകാരിൽ നിന്ന് കടം വാങ്ങിയിരുന്നു. കടക്കാർക്ക് ഉത്തമർണ്ണമാരെ ഇല്ലായ്മ ചെയ്യുന്നതിലുള്ള സ്ഥാപിതതാത്പര്യവും, കുരിശുയുദ്ധങ്ങൾക്കിടെ യഹൂദർക്കെതിരെ നടന്ന ക്രൂരതകളുടെ കാരണങ്ങളിൽ പെട്ടു.

നവീകരണകാലം

[തിരുത്തുക]

മതത്തിനു പകരം മാനവീയതക്കു പ്രാധാന്യം കല്പിച്ച യൂറോപ്യൻ നവോത്ഥാനവും അതിനെ തുടർന്ന് ലൂഥറിന്റേയും കാൽവിന്റെയും മറ്റും നേതൃത്വത്തിൽ നടന്ന പാശ്ചാത്യക്രിസ്തീയതയുടെ നവീകരണവും ഭിന്നിപ്പും സാമൂഹ്യരാഷ്ട്രീയമേഖലകളിൽ വരുത്തിയ മാറ്റം, യഹൂദരുടെ പിൽക്കാലങ്ങളിലെ വിമോചനത്തിനു വഴിയൊരുക്കി. എന്നാൽ അവയൊന്നും യഹൂദർക്കനുകൂലമായ തുരന്തഫലങ്ങളൊന്നും ഉളവാക്കിയില്ല. നവീകർത്താക്കൾ പൊതുവേ, പ്രത്യേകിച്ച് ലൂഥർ, യഹൂദർക്കു നേരേ തീരെ മയമില്ലാത്ത സമീപനമാണ് പിന്തുടർന്നത്.

ക്രിസ്തീയതയ്ക്കു തങ്ങൾ നൽകിയ പുതിയ മുഖം യഹൂദരെ പെട്ടെന്ന് ആകർഷിക്കുമെന്നും അവർ ക്രിസ്തുമതം സ്വീകരിക്കുമെന്നും ലൂഥറും മറ്റും കരുതി. ആ പ്രതീക്ഷ ഫലിക്കാതിരുന്നത് അവരെ അരിശം കൊള്ളിച്ചു. തന്റെ ജീവിതത്തിന്റേയും നവീകരണദൗത്യത്തിന്റേയും അവസാനകാലത്ത് ലൂഥർ യഹൂദരോട് തീവ്രമായ വൈര്യം കാട്ടി. അവർക്കെതിരെ ആക്രമണത്തിനുള്ള പരസ്യാഹ്വാനത്തോളമെത്തി അദ്ദേഹത്തിന്റെ ശത്രുത. യഹൂദരുടെ പ്രാർത്ഥനാമജ്ഞരികളും താൽമുദും വേദപുസ്തകം തന്നെയും പിടിച്ചെടുക്കാനും, റബൈമാരെ പ്രബോധനത്തിൽ നിന്ന് മരണശിക്ഷയിൽ കീഴ് വിലക്കാനും ഇതൊന്നും ഫലിക്കാതിരുന്നാൽ പേപ്പട്ടികളെപ്പോലെ അവരെ നാട്ടിൽ നിന്നു തുരത്താനും അദ്ദേഹം ആഹ്വാനം ചെയ്തു.[13] ലൂഥറുടെ ജൂതവിരുദ്ധ രചനകളും പ്രഭാഷണങ്ങളും പിൽക്കാലമനോഭാവങ്ങളെ കാര്യമായി സ്വാധീനിച്ച്, ഇരുപതാം നൂറ്റാണ്ടിൽ നാത്സികളുടെ യഹൂദവിരുദ്ധതക്കു പോലും സൗകര്യപ്പെട്ട ചേരുവയായി.

യഹൂദരോടുള്ള ജോൺ കാൽവിന്റെ മനോഭാവം കൂടുതൽ സങ്കീർണ്ണവും വിശകലനം ആവശ്യപ്പെടുന്നതുമാണെങ്കിലും യഹൂദരെ നിന്ദിക്കുന്ന പ്രസ്താവനകൾ അദ്ദേഹത്തിന്റെ രചനകളിലും സുലഭമാണ്. ബൈബിളിലെ ദാനിയേലിന്റെ പുസ്തകത്തിന്റെ വ്യാഖ്യാനത്തിൽ കാൽവിൻ ഇങ്ങനെ എഴുതി: "ഏറെ യഹൂദരുമായി ഞാൻ സംഭാഷണം നടത്തിയിട്ടുണ്ട്. അവരുടെ കണ്ടെത്തലുകളിൽ ഭക്തിയുടേയോ സത്യത്തിന്റേയോ തരിമ്പുപോലും എനിക്കു കാണായില്ല. മാത്രമല്ല, ഒരു യഹൂദനിൽ സാമാന്യബുദ്ധി തന്നെ ഞാൻ ഇതേവരെ കണ്ടിട്ടില്ല."[14]

ജ്ഞാനോദയം

[തിരുത്തുക]

റുസ്സോ

[തിരുത്തുക]

പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്യൻ സമൂഹത്തെ മാറ്റി മറിച്ച ബൗദ്ധിക ഉണർവായ 'ജ്ഞാനോദയം', രാഷ്ട്രീയസാമൂഹ്യമേഖലകളിൽ മതത്തിനുണ്ടായിരുന്ന മേൽക്കോയ്മ ഇല്ലാതാക്കി. ജൂതവിരോധത്തിന്റെ വേരുകൾ മതപരമായിരുന്നതിനാൽ ജ്ഞാനോദയം അതിനെ പൊതുവേ ദുർബ്ബലപ്പെടുത്തി, യഹൂദരുടെ വിമോചനത്തെ സഹായിച്ചു. ജ്ഞാനോദയപാരമ്പര്യത്തിലെ വിഖ്യാതചിന്തകൻ റുസ്സോ, യഹൂദരെ സഹാനുഭൂതിയോടെ വീക്ഷിക്കുകയും അങ്ങേയറ്റം ബഹുമാനിക്കുകയും ചെയ്തിരുന്നു. യഹൂദരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഈ നിരീക്ഷണം അതു വെളിവാക്കുന്നു:-

വോൾട്ടയർ

[തിരുത്തുക]

എങ്കിലും യഹൂദരുടെ നേരേയുള്ള മുൻവിധികൾ പെട്ടെന്ന് അപ്രത്യക്ഷമായില്ല. ജ്ഞാനോദയപാരമ്പര്യത്തിലെ ഏറ്റവും അറിയപ്പെടുന്ന ചിന്തകൻ വോൾട്ടയർ പോലും അവയിൽ നിന്നു മുക്തനായിരുന്നില്ല. യഹൂദരുടെ തോറയെ വോൾട്ടയർ കൂട്ടക്കൊലകളുടേയും വിഷയാസക്തിയുടേയും രേഖയെന്നു വിശേഷിപ്പിച്ചു. വ്യവസ്ഥാപിത ക്രിസ്തീയതയുടെ തന്നെ തീവ്രശശത്രുവായിരുന്ന വോൾട്ടയർക്ക് യഹൂദമതത്തോടുണ്ടായിരുന്ന വെറുപ്പിന് ഒരു കാരണം, അത് ക്രിസ്തുമതത്തിന്റെ പിറവിയ്ക്കു പശ്ചാത്തലമൊരുക്കി എന്നതായിരുന്നു.[൧] യാഥാസ്ഥിതിക ക്രിസ്ത്യാനികൾ യഹൂദരെ ശപിക്കുന്നതു കാണുമ്പോൾ മക്കൾ അപ്പനെ തല്ലുന്നതായി തനിക്കു തോന്നുമെന്ന് വോൾട്ടയർ പറഞ്ഞു. യഹൂദരായ ഓഹരി ദല്ലാളന്മാരും മറ്റുമായുള്ള വ്യക്തിപരമായ ഇടപാടുകളിൽ സംഭവിച്ച സാമ്പത്തിക നഷ്ടത്തിന്റെ കയ്പ് വോൾട്ടയറുടെ നിരീക്ഷണത്തെ സ്വാധീനിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[16]

'ഹസ്കല'

[തിരുത്തുക]

യൂറോപ്യൻ ജ്ഞാനോദയത്തിന്റെ പ്രചോദത്തിൽ യഹൂദർക്കിടയിൽ തന്നെ പതിനെട്ടാം നൂറ്റാണ്ടിനൊടുവിൽ ഉണ്ടായ ചിന്താപരമായ ഉണർവ് അവർക്കെതിരെയുള്ള ശത്രുതാഭാവം കുറയ്ക്കാനും ഇതരസമൂഹങ്ങളുമായി അവരെ ഐക്യപ്പെടുത്താനും സഹായിച്ചു. 'ഹസ്കല' എന്നറിയപ്പെട്ട ആ ജൂതജ്ഞാനോദയത്തിന്റെ ഏറ്റവും അറിയപ്പെടുന്ന പ്രതിനിധി ജർമ്മൻകാരനായ മോസസ് മെൻഡൽസൻ ആയിരുന്നു. വിഖ്യാതജർമ്മൻ ലേഖകനും ചിന്തകനുമായ ഗോട്ടോൾഡ് എഫ്രായീം ലെസ്സിങ്ങ്, മെൻഡൽസന്റെ ഉറ്റസുഹൃത്തായിരുന്നു. ജ്ഞാനോദയത്തിന്റെ സ്വാധീനത്തിൽ, യഹൂദ-ക്രിസ്തീയ ബുദ്ധിജീവികൾക്കിടയിൽ ഉണ്ടായ സഹകരണത്തിന്റെയും സൗഹൃദത്തിന്റേയും ഏറ്റവും പ്രസിദ്ധമായ ഉദാഹരണമായിരുന്നു അവർ തമ്മിലുള്ള ബന്ധം.

രാഷ്ട്രീയമേഖലയിലെ സംഭവവികാസങ്ങളും യഹൂദരുടെ വിമോചനത്തെ സഹായിച്ചു. 18-19 നൂറ്റാണ്ടുകളുടെ പകർച്ചയിൽ യൂറോപ്പിന്റെ ഭാഗധേയങ്ങളെ നിർണ്ണായകമായി സ്വാധീനിച്ച നെപ്പോളിയൻ യഹൂദരോട് അനുകൂലമനോഭാവം കാട്ടിയ ഭരണാധികാരി ആയിരുന്നു. നെപ്പോളിയന്റെ സൈന്യം അവർ മുന്നേറിയ വഴികളിൽ യഹൂദരെ വിമോചിപ്പിച്ചു.[17] റോമിൽ ജൂതച്ചേരികളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന യഹൂദർക്ക് നെപ്പോളിയൻ വിമോചകനായി.

19-ആം നൂറ്റാണ്ട്

[തിരുത്തുക]

നെപ്പോളിയൻ

[തിരുത്തുക]

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ യൂറോപ്പിൽ പൊതുവേ, യഹൂദർക്കെതിരെയുള്ള മനോഭാവങ്ങൾ കൂടുതൽ ഉദാരമായി. ഫ്രാൻസിലും ഇംഗ്ലണ്ടിലും റഷ്യയിലും,ഭരണാധികാരികൾ യഹൂദരുടെ അവസ്ഥ മെച്ചപ്പെടുത്താനായി നിയമനിർമ്മാണം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു. ഫ്രാൻസിൽ നെപ്പോളിയനും റഷ്യയിൽ അലക്സാണ്ടർ ഒന്നാമനും യഹൂരോട് അനുഭാവം കാട്ടിയ സാമ്രാട്ടുകൾ ആയിരുന്നു. യൂറോപ്യൻ യഹൂദരുടെ അവസ്ഥ മെച്ചപ്പെടുത്താനായി പുരാതനകാലത്തെ യഹൂദസഭയായ സെൻഹിദ്രിന്റെ മാതൃകയിൽ, അതേപേരിലുള്ള ഒരു പ്രതിനിധിസഭ വിളിച്ചുകൂട്ടാൻ പോലും നെപ്പോളിയൻ മുൻകൈയ്യെടുത്തു.

'ജൂതപ്രശ്നം'

[തിരുത്തുക]

എങ്കിലും ഇമ്മാതിരി നടപടികളോടുള്ള എതിർപ്പ് വ്യാപകമായിരുന്നു. സാമൂഹ്യമായ തുല്യതയും പൗരാവകാശങ്ങളും ആവശ്യപ്പെട്ട യഹൂദർ അതിനൊപ്പം സാംസ്കാരികവും വംശീയവുമായ വ്യതിരിക്തത നിലനിർത്താൻ കൂടി ആഗ്രഹിച്ചത് കാപട്യമായി പലരും വ്യാഖ്യാനിച്ചു. യഹൂദരുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട പരാധീനതകളുടെ അനീതി തിരിച്ചറിഞ്ഞവർ പോലും, വ്യതിരിക്ത സമൂഹമായുള്ള അവരുടെ നിലനിപ്പ് യൂറോപ്യൻ സംസ്കാരത്തിനു നേരിടാനുള്ള വെല്ലുവിളിയോ പരിഹരിക്കാനുള്ള പ്രശ്നമോ ആയി കണ്ടു. മതാടിസ്ഥാനത്തിലുള്ള ഒരു മനഃസ്ഥിതി എന്ന നിലയിൽ അപ്രത്യക്ഷമാകാൻ തുടങ്ങിയ ജൂതവിരോധം അതോടെ കൂടുതൽ മാന്യമായ പുതിയ രൂപങ്ങളിൽ അവതരിപ്പിക്കപ്പെട്ടു. "ജൂതപ്രശ്നം" (Jewish Question) എന്ന ആശയം തന്നെ ഒരു സജീവസമസ്യ എന്ന നിലയിൽ അവതരിപ്പിക്കപ്പെട്ടു.

ജർമ്മൻ സംസ്കാരത്തിൽ നിന്ന് ജൂതസ്വാധീനത്തെ ഉന്മൂലനം ചെയ്യാൻ വില്യം മാറിന്റെ 'ആന്റിസെമെറ്റിക്' പ്രചാരണം നടന്നതും പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആയിരുന്നു. ആ പ്രചരണത്തിന്റെ പേര്, പിന്നീട് ജൂതവിദ്വേഷത്തിന്റെ സൂചകശബ്ദമെന്ന നിലയിൽ കുപ്രസിദ്ധി നേടി.


പുതുചിന്തകൾ

[തിരുത്തുക]

സ്ഥിതിസമത്വത്തിനും വർഗ്ഗരഹിതസമൂഹത്തിനും വേണ്ടി വാദിച്ചുകൊണ്ട് സാമ്പത്തികവും സാമൂഹ്യവുമായ വ്യവസ്ഥാപിതകളെ തകിടം മറിക്കാൻ ശ്രമിച്ച കമ്മ്യൂണിസം പോലുള്ള പുത്തൻ തത്ത്വസംഹിതകൾ സൃഷ്ടിച്ച കോളിളക്കങ്ങളിൽ യഹൂദരെ കുറ്റവാളികളാക്കാനുള്ള ശ്രമവും 19-ആം നൂറ്റാണ്ടിൽ ഉണ്ടായി. പുത്തൻ സിദ്ധാന്തങ്ങൾ, ലോകമേധാവിത്വത്തിനു വേണ്ടിയുള്ള യഹൂദരുടെ ശ്രമത്തിന്റെ ഫലമായി വ്യാഖ്യാനിക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് ആചാര്യനായ കാറൽ മാർക്സിന്റെ യഹൂദപശ്ചാത്തലം ഈ ആരോപണങ്ങളെ ഗൗരവമായെടുക്കാൻ ചിലരെയെങ്കിലും പ്രേരിപ്പിച്ചു. യൂറോപ്യൻ സമൂഹത്തിലെ ഏറ്റവും അധ:സ്ഥിതമായ വിഭാഗങ്ങളിൽ ഒന്നായിരുന്ന യഹൂദർക്കിടയിൽ പലരും പുതുസിദ്ധാന്തങ്ങളോട് അനുഭാവം പ്രകടിപ്പിച്ചതും ജൂതന്മാരുടെ ഗൂഢപദ്ധതിക്കു തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടു.

പത്തൊൻപതാം നൂറ്റാണ്ടിലെ ജർമ്മൻ ആശയവാദചിന്തകൻ ഹേഗലിന്റെ ദർശനം ജർമ്മൻ ജനതയുടെ വംശമഹിമയെ പുകഴ്ത്തി. ക്രൈസ്തവ-ജൂത മതങ്ങൾ പിന്തുടരുന്ന സെമറ്റിക് ധാർമ്മികതയിലെ ബലഹീനന്റെ പക്ഷം നിൽക്കുന്ന ദൈവത്തേയും, ജനാധിപത്യവും സോഷ്യലിസവും ഉൾപ്പെടെ സമത്വവാദത്തിന്റെ എല്ലാ രൂപങ്ങളേയും തള്ളിപ്പറഞ്ഞ നീച്ചയും 19-20 നൂറ്റാണ്ടുകളെ ആഴത്തിൽ സ്വാധീനിച്ച മറ്റൊരു ജർമ്മൻ ദാർശനികനായിരുന്നു. ഈ ചിന്തകന്മാരുടെ ആശയങ്ങൾ 19-ആം നൂറ്റാണ്ടിലും പിന്നീടും ജൂതവിരോധത്തെ പിന്തുണക്കും വിധം വ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

ഡ്രൈഫസ് സംഭവം

[തിരുത്തുക]
ഞാൻ ആരോപിക്കുന്നു - ഡ്രൈഫസ് സംഭവത്തിൽ ഫ്രെഞ്ച് ഭരണകൂടത്തിനെതിരെ കുറ്റാരോപണം നടത്തി എമിലി സോള പ്രസിദ്ധീകരിച്ച തുറന്ന കത്ത്

ഫ്രാൻസിൽ ഇക്കാലത്തു നടന്ന "ഡ്രൈഫസ് സംഭവം" (Dreyfus Affair) ജൂതവിരോധം മൂലം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് ഇരകളാകേണ്ടി വരുന്ന യഹൂദർക്ക് ഭരണവ്യവസ്ഥകളിൽ നിന്ന് നീതിലഭിക്കുന്നതിലുള്ള ബുദ്ധിമുട്ടിനെ ഉദാഹരിച്ചു. 1890-കളിൽ, വ്യാജാരോപണങ്ങളെ തുടർന്ന് ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട യഹൂദപശ്ചാത്തലത്തിൽ പെട്ട ഫ്രെഞ്ച് സൈനികോദ്യോഗസ്ഥനായിരുന്നു ആൽഫ്രെഡ് ഡ്രൈഫസ്. അദ്ദേഹത്തിന്റെ വിചാരണയും ശിക്ഷാവിധിയും വ്യാപകമായ യഹൂദവിരുദ്ധ ലഹളകൾക്ക് അവസരമൊരുക്കി. തെക്കേ അമേരിക്കയിൽ ഗയാനയുടെ തീരത്തുള്ള ചെകുത്താന്റെ ദ്വീപിൽ (ഡെവിൾസ് ഐലന്റ്) ദീർഘകാലം തടവിൽ കഴിയേണ്ടി ഡ്രൈഫസിന്റെ നിരപരാധിത്വം സ്ഥാപിക്കപ്പെട്ടത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മാത്രമാണ്. ഡ്രൈഫസിന്റെ പക്ഷം വാദിച്ച്, "ഞാൻ ആരോപിക്കുന്നു" (J'accuse) എന്ന പേരിൽ വിഖ്യാത ഫ്രെഞ്ച് സാഹിത്യകാരൻ എമിലി സോള എഴുതിയ തുറന്ന കത്ത്, യഹൂദരോടുള്ള മനോഭാവങ്ങളുടെ കാഠിന്യവും കാപട്യവും തുറന്നു കാട്ടി ഫ്രെഞ്ച് സമൂഹത്തേയും ഭരണകൂടത്തേയും അതിനിശിതമായി വിമർശിച്ചു.[18]

ഇരുപതാം നൂറ്റാണ്ട്

[തിരുത്തുക]

'ചട്ടങ്ങൾ'

[തിരുത്തുക]

യഹൂദജനതയുടെ ലോകമേധാവിത്വത്തിനുള്ള രഹസ്യപദ്ധതി വിവരിക്കുന്നതെന്ന മട്ടിൽ പ്രചരിച്ച "സെഹിയോൻ മൂപ്പന്മാരുടെ ചട്ടങ്ങൾ" എന്ന വ്യാജരചനയുടെ പ്രസിദ്ധീകരണം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യഹൂദവിരുദ്ധതയെ പ്രോത്സാഹിപ്പിച്ച ഒരു സംഭവമായിരുന്നു. 1903-ൽ റഷ്യയിലായിരുന്നു ഇതിന്റെ ആദ്യപ്രസിദ്ധീകരണം. ഒട്ടേറെ സ്വതന്ത്രഗവേഷണങ്ങൾ അത് ഒരു തട്ടിപ്പാണെന്ന് ആവർത്തിച്ച് തെളിയിച്ചെങ്കിലും, അതിന്റെ ഉള്ളടക്കത്തെ യഹൂദവിരുദ്ധത വ്യാപകമായുള്ള നാടുകളിൽ ഒട്ടേറെപ്പേർ യാഥാർത്ഥ്യമായെടുത്തു. മാധ്യമങ്ങളേയും സമ്പദ്‌വ്യവസ്ഥയേയും നിയന്ത്രിച്ചും, പരമ്പരാഗത സാമൂഹ്യക്രമത്തെ തകിടം മറിച്ച് അതിന്റെ സ്ഥാനത്ത് മനുഷ്യമനസ്സുകളെ ആഗോളതലത്തിൽ കൗശലപൂർവം സ്വാധീനിക്കുന്ന മറ്റൊരു വ്യവസ്ഥ പ്രതിഷ്ഠിച്ചും, യഹൂദന്മാർ എങ്ങനെ ലോകത്തെ നിയന്ത്രിക്കുമെന്ന് ഈ രചന വിവരിക്കുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യയിലെ വിപ്ലവമുന്നേറ്റങ്ങളെ എതിർത്തവരായിരുന്നു ഇതിന്റെ പ്രചരണത്തിനു പിന്നിൽ. 1905-ലെ ആദ്യവിപ്ലവത്തെ തുടർന്ന് അതിന് കുറേ പ്രചാരം കിട്ടി. 1917-ലെ ബോൾഷെവിക് വിപ്ലവം കഴിഞ്ഞപ്പോൾ, ലോകമേധാവിത്വത്തിനു വേണ്ടിയുള്ള യഹൂദപദ്ധതിയാണ് "ബോൾഷെവിഷം" എന്ന പ്രചാരണത്തിന്റെ ബലത്തിൽ "ചട്ടങ്ങൾ" പിന്നെയും ശ്രദ്ധിക്കപ്പെട്ടു. 1920-കളിലും 30-കളിലും അത് പാശ്ചാത്യലോകത്ത് വ്യാപകമായി പ്രചരിച്ചു. 1921-ൽ ബ്രിട്ടണിലെ "ദി ടൈംസ് " ദിനപത്രം പ്രസിദ്ധീകരിച്ച ഒരു ലേഖന പരമ്പര, "ചട്ടങ്ങളുടെ" ഉള്ളടക്കത്തിൽ ഏറെയും, യഹൂദന്മാരുമായി ഒരു ബന്ധവുമില്ലാതെ മുൻകാലങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട രാഷ്ട്രീയഹാസ്യരചനകളുടെ ചോരണമാണെന്ന് വെളിവാക്കി.[19] രണ്ടാം ലോകമഹായുദ്ധത്തിൽ നാത്സികളുടെ പരാജയത്തെ തുടർന്ന് ഒരു പ്രചാരണായുധമെന്ന നിലയിൽ 'ചട്ടങ്ങളുടെ' ശക്തി ക്ഷയിച്ചെങ്കിലും, യഹൂദവിരുദ്ധതയുടെ ആയുധങ്ങളിലൊന്നായി അത് ഇന്നും തുടരുന്നു.[20]

നാസി കക്ഷി

[തിരുത്തുക]

ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ, യുദ്ധത്തിൽ ജർമ്മനിക്കു സംഭവിച്ച പരാജയത്തിന്റേയും വേഴ്സായ് സന്ധിയുടെ അപമാനത്തിന്റേയും കാരണങ്ങൾ അന്വേഷിച്ച തീവ്രദേശീയവാദികളിൽ ഒരു വിഭാഗം, ജർമ്മനിയുടെ പരാജയത്തിന് യഹൂദരെ ഉത്തരവാദികളാക്കി. അക്രമത്തിന്റേയും നുണപ്രചരണത്തിന്റേയും മാർഗ്ഗം പിന്തുടർന്ന ഈ തീവ്രവാദികളുടെ നേതാവായി ഉയർന്നുവന്നത് ജർമ്മൻ സൈന്യത്തിലെ ഒരു താഴേക്കിട ഉദ്യോഗസ്ഥനായിരുന്ന അഡോൾഫ് ഹിറ്റ്ലർ ആണ്. ഹിറ്റലറുടെ അനുയായികൾ "ദേശീയ സോഷ്യലിസ്റ്റ് ജർമ്മൻ തൊഴിലാളി കക്ഷി" (നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി) എന്ന പേരിൽ സംഘടിച്ചു. "നാത്സി കക്ഷി" എന്ന ചുരുക്കപ്പേരും അവർക്കു കിട്ടി. ജൂതവിരോധം നാത്സി കക്ഷിയുടെ പ്രവർത്തനപദ്ധതിയിൽ വ്യക്തമായി എഴുതിച്ചേർത്തിരുന്നു. 1920-ൽ നാസി കക്ഷി പ്രസിദ്ധീകരിച്ച 25-ഇനങ്ങൾ അടങ്ങിയ നയസംഗ്രഹത്തിൽ നാലാമത്തെ ഇനം ഇതായിരുന്നു:-

യഹൂദർ നിർബന്ധമായും ധരിക്കേണ്ടിയിരുന്ന മഞ്ഞ നക്ഷത്രം

1933 ജനുവരിയിൽ ജർമ്മനിയിൽ അധികാരത്തിൽ വന്ന നാസി സർക്കാർ യഹൂദരുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന ഒട്ടേറെ നടപടികൾ സ്വീകരിച്ചു. 1935-ലെ "ന്യൂറംബർഗ്ഗ് നിയമങ്ങൾ", അവരുടെ പൗരാവകാശങ്ങൾ എടുത്തുകളയുകയും അവരും യഹൂദേതരരുമായുള്ള വിവാഹബന്ധം നിരോധിക്കുകയും ചെയ്തു. ഹിറ്റ്ലറുടെ സായുധസേനയായ 'കൊടുങ്കാറ്റുപട' (സ്റ്റോം ട്രൂപ്പേഴ്സ്) യഹൂദർക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. യഹൂദരുമായുള്ള കച്ചവടബന്ധങ്ങൾ നിരുത്സാഹപ്പെടുത്തപെട്ടതോടെ, "യഹൂദർക്ക് പ്രവേശനമില്ല" എന്ന അറിയിപ്പ് വ്യാപാരസ്ഥാപനങ്ങളിൽ പതിവായി. 1938-ൽ ഒരു യഹൂദൻ നാസി ഉദ്യോഗസ്ഥരിൽ ഒരുവനെ വധിച്ചത് യഹൂദർക്കെതിരെ ഭീകരത അഴിച്ചുവിടാൻ നാസികൾ അവസരമാക്കി. 1938 നവംബർ 10, "ഭഗ്നസ്ഫടികത്തിന്റെ രാത്രി" (Night of Broken Glass) എന്നറിയപ്പെടുന്നു. അന്ന് ഹിറ്റ്ലറുടെ പോലീസ് മന്ത്രി ഹിംലറുടെ ഉത്തരവനുസരിച്ച് നാസിപ്പട, ജാലകങ്ങൾ തകർത്ത്, പതിനായിരത്തോളം ജൂതവ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിച്ചു. ആ രാത്രിയിൽ യഹൂദഭവനങ്ങളും സിനഗോഗുകളും വെന്തെരിഞ്ഞു.[22]

'അന്തിമപരിഹാരം'

[തിരുത്തുക]

യഹൂദർ ഉൾപ്പെടെയുള്ള അവരുടെ ശത്രുക്കളെ ഇല്ലാതാക്കാൻ എറ്റവും ഫലപ്രദമായ മാർഗ്ഗം വൻതോതിലുള്ള കൂട്ടക്കൊലയാണെന്ന് നാത്സികൾ കരുതി. യൂറോപ്പിലെ "ജൂതപ്രശ്നത്തിന്റെ അന്തിമപരിഹാരം" ഇതാണെന്നായിരുന്നു അവരുടെ ബോദ്ധ്യം. ജർമ്മനിയിലും ജർമ്മൻ അധിനിവേശ മേഖലകളിലും 'കൂട്ടത്താവളങ്ങൾ' (കോൺസൻട്രേഷൻ ക്യാമ്പുകൾ) എന്ന പേരിൽ ഉന്മൂലനാശസങ്കേതങ്ങൾ ഉയർന്നു വന്നു. അവയുടെ കാര്യക്ഷമത വർദ്ധിപ്പിച്ച് 'അന്തിമപരിഹാരം' ത്വരിതമാക്കാൻ നാത്സിനേതൃത്വം തിടുക്കം കാട്ടി. രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ നടന്ന ന്യൂറംബർഗ്ഗ് കുറ്റവിചാരണയിൽ, കൂട്ടത്താവളങ്ങളിൽ പലതിന്റേയും കാര്യസ്ഥനായിരുന്ന നാത്സി നേതാവ് റുഡോൾഫ് ഹോസ് ഇങ്ങനെ മൊഴികൊടുത്തു:-

1942 മുതൽ 45 വരെ ഈ ഉന്മൂലനവ്യവസ്ഥകളിൽ മൊത്തം നാലര ദശലക്ഷം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. എങ്കിലും, യുദ്ധത്തിനു മുൻപേ തന്നെ സ്ഥാപിക്കപ്പെട്ട ക്യാമ്പുകളിൽ കൂട്ടവധങ്ങൾ നേരത്തെ നടന്നിരുന്നതിനാൽ, നാത്സികളുടെ 'അന്തിമപരിഹാരത്തിന്' ഇരകളായവരുടെ മൊത്തം സംഖ്യ ആറുദശലക്ഷത്തോളം വരുമെന്നു കരുതപ്പെടുന്നു.

കൊലക്കളങ്ങളിലേക്കു യാത്രയാക്കപ്പെട്ടിരുന്നവരിൽ മിക്കവർക്കും അവരെ കാത്തിരുന്ന വിധിയെക്കുറിച്ചുള്ള ശരിയായ അറിവ് ഉണ്ടായിരുന്നില്ല. "ഞങ്ങൾ ഇവിടെ ജോലിയും മറ്റുമായി സുഖമായി കഴിയുന്നു. നിങ്ങളുടെ വരവു കാത്തിരിക്കുകയും ചെയ്യുന്നു" എന്നെഴുതിയ സുന്ദരമായ തപാൽ കാർഡുകൾ ബന്ധുക്കൾക്ക് അയക്കാനായി തടവുകാർക്ക് കൊടുത്തിരുന്നു. ജർമ്മൻ ജനത ഈ കൊടുംപാതകത്തിനെതിരെ വ്യാപകമായി പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിനു പല മറുപടികളും ചരിത്രകാരന്മാർ മുന്നോട്ടുവച്ചിട്ടുണ്ട്. കൂട്ടത്താവളങ്ങളിലെ പാതകങ്ങളെക്കുറിച്ചുള്ള അറിവ് പരിമിതമായിരുന്നു എന്നും ജനങ്ങൾ ഭീതിയുടെ പിടിയിലായിരുന്നു എന്നും മറ്റുമാണ് സാധാരണ മറുപടികൾ. എന്നാൽ യഹൂദരെ മറ്റൊരു വർഗ്ഗത്തിലോ ലോകത്തിലോ പെട്ട ജീവികളായി കാണാനുള്ള വ്യാപകമായ പ്രവണത മൂലം, അവരുടെ ദുരിതം അവഗണിക്കപ്പെട്ടു എന്ന വിശദീകരണമാണ് ചരിത്രകാരനായ റിച്ചാർഡ് ഗ്രുൻബർഗർ നൽകുന്നത്.[22]

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

^ കന്യാമറിയം 'ജൂതത്തി' ആയിരുന്നെന്നു കേട്ടു ഞെട്ടിപ്പോയ ഒരു ഭക്തസ്ത്രീയെക്കുറിച്ചുള്ള തമാശ, ഇംഗ്ലീഷ് നവോത്ഥാനചിന്തകൻ തോമസ് മൂർ പറയുന്നുണ്ട്. "കർത്താവേ എന്നെ രക്ഷിക്കുക, ഇനിയുള്ള കാലം എനിക്ക് മാതാവിനെ കുറച്ചു മാത്രമേ സ്നേഹിക്കാൻ കഴിയുകയുള്ളു" എന്നായിരുന്നത്രെ അവരുടെ പ്രതികരണം.[23]

അവലംബം

[തിരുത്തുക]
  1. "anti-Semitism". Oxford Dictionaries - English. Archived from the original on 2018-08-08. Retrieved 27 October 2018.
  2. Anti-Semetism, ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിൽ ക്രിസ്റ്റർ സ്റ്റെന്ഥാൾ എഴുതിയ ലേഖനം (പുറങ്ങൾ 32-34)
  3. മത്തായി എഴുതിയ സുവിശേഷം 27:24-25
  4. യോഹന്നാന്റെ സുവിശേഷം 8:44-45
  5. 5.0 5.1 5.2 ചാൾസ് ഫ്രീമാൻ, ക്ലോസിങ്ങ് ഓഫ് ദ വെസ്റ്റേൺ മൈൻഡ്
  6. ദൈവനഗരം, 18:46
  7. സങ്കീർത്തനങ്ങൾ 59:11
  8. യൂസീബിയസിന്റെ സഭാചരിത്രം (ഒന്നാം പുസ്തകം), ജി.എ.വില്യംസന്റെ ഇംഗ്ലീഷ് പരിഭാഷ - ഡോർസെറ്റ് പ്രസാധനം(പുറം 31)
  9. 9.0 9.1 9.2 വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറങ്ങൾ 385-94)
  10. മൊരേ ജുദായിക്കോ പ്രതിജ്ഞ, യഹൂദവിജ്ഞാനകോശത്തിലെ ലേഖനം
  11. വിൽ ഡുറാന്റ്, "ദ റിഫർമേഷൻ", സംസ്കാരത്തിന്റെ കഥ(ആറാം ഭാഗം പുറം 200)
  12. ബെർട്രാൻഡ് റസ്സൽ, പാശ്ചാത്യ തത്ത്വചിന്തയുടെ ചരിത്രം (പുറങ്ങൾ 322-23)
  13. വിൽ ഡുറാന്റ്, "ദ റിഫർമേഷൻ" (പുറം 422)
  14. ദാനിയേലിന്റെ പുസ്തകം 2:44–45-നുള്ള കാൽവിന്റെ വ്യാഖ്യാനം
  15. വിൽ, ഏരിയൽ ഡുറാന്റുമാർ, "റുസ്സോയും വിപ്ലവവും", സംസ്കാരത്തിന്റെ കഥ ഒൻപതാം ഭാഗം (പുറങ്ങൾ 629-31)
  16. വിൽ, ഏരിയൽ ഡുറാന്റുമാർ, "റുസ്സോയും വിപ്ലവവും" (പുറങ്ങൾ 149-51)
  17. Michael Goldfarb 2007 മാർച്ച് 18-ലെ ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിൽ എഴുതിയ ലേഖനം "Napoleon, the Jews and French Muslims"
  18. BBC Radio 4 Now, In our Time The Dreyfus Affair
  19. Rense.com, [The Protocols Of Zion, a Literary Forgery http://www.rense.com/general45/proto.htm]
  20. Biblebelievers.org, World Conquest through world Jewish Government The Protocols of the Learned Elders of Zion Archived 2012-05-03 at the Wayback Machine.
  21. Longman 20th Century History Series, Weimar Germany (1918-33)(പുറം 19)
  22. 22.0 22.1 22.2 Longman 20th Century History Series, Hitler's Germany (1933-45)
  23. Richard Marius, Thomas More, A biography (പുറം 8)
"https://ml.wikipedia.org/w/index.php?title=ജൂതവിരോധം&oldid=3903681" എന്ന താളിൽനിന്ന് ശേഖരിച്ചത്