റഷ്യൻ വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1917-ൽ റഷ്യ യിൽ നടന്ന വിപ്ലങ്ങളുടെ പരമ്പരയാണിത്. ഫിബ്രവരിയിൽ നടന്ന ഒന്നാമത്തെ വിപ്ലവത്തിൽ ത്സാറിസ്റ്റ് ഏകാധിപത്യം അട്ടിമറിച്ച് ഒരു താത്കാലിക ഭരണകൂടം സ്ഥാപിതമായി. ലെനിൻറെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ വിപ്ലവം ഈ താത്കാലിക ഭരണകൂടത്തെ അട്ടിമറിക്കുകയും സോവിയറ്റ് യൂണിയന്റെ സ്ഥാപനത്തിലേക്കു നയിക്കുകയും ചെയ്തു. 1917 ഫെബ്രുവരിയിലും ഒക്ടോബറിലുമായി(ജൂലിയൻ കലണ്ടർ പ്രകാരം) നടന്ന രണ്ടു വിപ്ലവങ്ങളുടെ ആകെത്തുകയാണ്‌ റഷ്യൻ വിപ്ലവം.

ഫെബ്രുവരി വിപ്ലവം[തിരുത്തുക]

റഷ്യയിൽ അന്ന് നിലവിലിരുന്ന[൧] ജൂലിയൻ കലണ്ടർ അനുസരിച്ച് 1917 ഫെബ്രുവരി 27-ന് (ഇപ്പോൾ പൊതുവേ ഉപയോഗത്തിലുള്ള ജോർജ്ജിയൻ കലണ്ടർ പ്രകാരം മാർച്ച് 2-ന്‌) സാർ നിക്കോളാസ് രണ്ടാമൻ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുകയും തുടർന്ന് ജോർജി ലവേവിന്റെ നേതൃത്വത്തിലുള്ള താൽക്കാലികസർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. സാർ നിക്കോളാസ് നിയമിച്ച ലവേവിന് സർക്കാറിൽ പിന്തുണ ഉറപ്പാക്കാനാവാതെ വന്നതിനെത്തുടർന്ന് അദ്ദേഹത്തിന്റെ കീഴിൽ നിയമമന്ത്രിയായിരുന്ന സോഷ്യൽ റെവല്യൂഷനറി പാർട്ടിയിലെ അലക്സാണ്ടർ കെറൻസ്കി താൽക്കാലികസർക്കാറിന്റെ ഭരണനേതൃത്വം ഏറ്റെടുത്തു. തത്ത്വത്തിൽ ഫെബ്രുവരി വിപ്ലവം എന്നറിയപ്പെടുന്ന ഈ വിപ്ലവം വ്ലാഡിമർ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിക്ക് വളരാൻ സാഹചര്യമൊരുക്കി. ഫെബ്രുവരി വിപ്ലവകാലത്ത് ലെനിൻ പലായനം ചെയ്തിരിക്കുകയായിരുന്നു.

ബോൾഷെവിക് വിപ്ലവം[തിരുത്തുക]

1917 ഏപ്രിലിൽ പെട്രോഗ്രാഡിൽ നടന്ന പ്രകടനത്തിനെതിരെ താൽക്കാലികസർക്കാറിന്റെ സേന നിറയൊഴിച്ചപ്പോൾ

ഫെബ്രുവരി വിപ്ലവത്തിനു ശേഷം റഷ്യയിലാകെ ബോൾഷെവിക്കുകളും താൽക്കാലികസർക്കാറിന്റെ അനുയായികളും തമ്മിൽ സംഘർഷം നിലനിന്നു. തുടക്കത്തിൽ ഈ മുന്നേറ്റങ്ങളെ സൈനികശേഷി ഉപയോഗിച്ച് താൽക്കാലികസർക്കാർ തടഞ്ഞുനിർത്തി. എന്നാൽ ഓട്ടൊമൻ തുർക്കിയുടെ ആക്രമണത്തെ തടയാൻ, കോക്കസസിൽ 5 ലക്ഷത്തോളം പട്ടാളക്കാരെ സർക്കാറിന് വിന്യസിക്കേണ്ടി വന്നിരുന്നു. യുദ്ധം, റഷ്യൻ സർക്കാരിൽ കടുത്ത രാഷ്ട്രീയസാമ്പത്തികപ്രശ്നങ്ങളും ഉണ്ടാക്കി. ഈ സ്ഥിതി മുതലെടുത്ത് ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ സായുധവിപ്ലവത്തിലൂടെ കെറൻസ്കിയുടെ താത്കാലികസർക്കാരിനെ അട്ടിമറിച്ചു. ജൂലിയൻ കലണ്ടർ 1917 ഒക്ടോബർ 24,25 തിയതികളിലാണ് (ജോർജ്ജിയൻ കലണ്ടർ പ്രകാരം നവംബർ 6,7) ബോൾഷെവിക് വിപ്ലവം നടന്നത്. അതുകൊണ്ട് ഈ വിപ്ലവത്തെ ഒക്ടോബർ വിപ്ലവം എന്നും പറയുന്നു.[1]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 33. ISBN 978-1-59020-221-0.
"https://ml.wikipedia.org/w/index.php?title=റഷ്യൻ_വിപ്ലവം&oldid=3056950" എന്ന താളിൽനിന്ന് ശേഖരിച്ചത്