Jump to content

ജോൺ കാൽവിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ കാൽവിൻ
പ്രൊട്ടസ്റ്റന്റ് നവീകർത്താവും കാൽവിൻവാദത്തിന്റെ ഉപജ്ഞാതാവും
ജനനംജീൻ കാൽവിൻ
(1509-07-10)10 ജൂലൈ 1509
നൊയോൺ, പിക്കാർഡി,
ഫ്രാൻസ്
മരണം27 മേയ് 1564(1564-05-27) (പ്രായം 54)
ജനീവ, സ്വിറ്റ്സർലൻഡ്
തൊഴിൽപാസ്റ്റർ, ലേഖകൻ
ആശയധാരകാൽവിൻവാദം
പ്രധാന കൃതികൾ"ക്രിസ്തുധർമ്മത്തിന്റെ നിയമങ്ങൾ"
ഒപ്പ്

പതിനാറാം നൂറ്റാണ്ടിൽ പാശ്ചാത്യക്രിസ്തീയതയിൽ നടന്ന നവീകരണത്തിന്റെ നേതാക്കളിൽ ഒരാളായ ഫ്രെഞ്ച് ദൈവശാസ്ത്രജ്ഞനും പാസ്റ്ററുമായിരുന്നു ജോൺ കാൽവിൻ (ജനനം: 10 ജൂലൈ 1509; മരണം: 27 മേയ് 1564). നവോത്ഥാനപാരമ്പര്യത്തിൽ ഒരു മാനവീയ അഭിഭാഷകനായി പരിശീലനം നേടിയ അദ്ദേഹം, 1530-നടുത്ത കാലത്ത് കത്തോലിക്കാസഭയുമായി തെറ്റിപ്പിരിഞ്ഞു. ക്രിസ്തീയദൈവശാസ്ത്രത്തിൽ പിൽക്കാലത്ത് കാൽവിൻവാദം(Calvinism) എന്നറിയപ്പെട്ട പക്ഷത്തിന്റെ വികാസത്തിൽ ഏറ്റവും പ്രധാനപങ്ക് കാൽവിന്റേതായിരുന്നു. ലത്തീൻ, ഫ്രെഞ്ച് ഭാഷകളിൽ സമർത്ഥനായ ഒരെഴുത്തുകാരനായിരുന്ന കാൽവിൻ ക്രിസ്തീയ ചിന്തയെ ആഴത്തിൽ സ്വാധീനിച്ച ഒട്ടേറെ ലേഖനങ്ങളുടേയും വേദപുസ്തകവ്യാഖ്യാനങ്ങളുടേയും പേരിലും ക്രിസ്തുധർമ്മത്തിന്റെ നിയമങ്ങൾ ('ഇൻസ്റ്റിട്യൂട്ടുകൾ') എന്ന മുഖ്യരചനയുടേയും പേരിലും അറിയപ്പെടുന്നു.

വടക്കൻ ഫ്രാൻസിൽ പിക്കാർഡി പ്രവിശ്യയിലെ നൊയോണിൽ ജനിച്ച കാൽവിന്റെ നവീകരണപ്രവർത്തനങ്ങൾ സ്വിറ്റ്സർലൻഡിലെ ജനീവ നഗരം കേന്ദ്രമാക്കിയായിരുന്നു. ജനീവയിൽ ഔദ്യോഗികപദവികളോ പൗരത്വമോ ഇല്ലാതെ കഴിഞ്ഞിട്ടും, നിയമദാതാവും മാർഗ്ഗദർശിയും എന്ന നിലയിൽ ഏറെക്കാലം അദ്ദേഹം ആ നഗരത്തിന്റെ ഭാഗധേയങ്ങളെ നിയന്ത്രിച്ചു.[1] പ്രൊട്ടസ്റ്റന്റ് ക്രിസ്തീയതയെ ഒരു ആഗോളധർമ്മമാക്കി മാറ്റുന്നതിൽ പ്രധാനപങ്കുവഹിച്ച കാൽവിൻ ആധുനികലോകത്തിന്റെ ചരിത്രത്തെ ഏറ്റവുമേറെ സ്വാധീനിച്ച വ്യക്തികളിൽ ഒരാളായി വിലയിരുത്തപ്പെടുന്നു. [2]

തുടക്കം

[തിരുത്തുക]
ജോൺ കാൽവിൻ, യുവപ്രായത്തിലെ ഒരു ചിത്രം

നൊയോൺ നഗരത്തിലെ മെത്രാന്റെ സെക്രട്ടറിയായിരുന്ന ജെരാൾഡ് ഷോവിന്റേയും ജീൻ ലെ ഫ്രാങ്കിന്റെയും മൂന്ന് ആണ്മക്കളിൽ മൂത്തവനായിട്ടാണ് കാൽവിൻ ജനിച്ചത്. ബാലപ്രായത്തിൽ അമ്മ മരിച്ചതിനെ തുടർന്ന് പിതാവ് വീണ്ടും വിവാഹം ചെയ്തു. മകനെ പുരോഹിതനാക്കാൻ തീരുമാനിച്ച പിതാവ്, അതിനു ചേരുന്ന വിദ്യാഭ്യാസമാണ് ഏർപ്പാടു ചെയ്തത്. 12-ആം വയസ്സിൽ മെത്രാന്റെ കീഴിൽ ഗുമസ്തനായി ജോലി ചെയ്യാൻ അവസരം കിട്ടിയ കാൽവിന്റെ തലമുടി അന്നു തന്നെ പൗരോഹിത്യത്തിലേക്കുള്ള സമർപ്പണത്തിന്റെ സൂചനയായി പറ്റെ വെട്ടി. ബാലപ്രായം കഴിഞ്ഞപ്പോൾ, ഒരു സമ്പന്നകുടുംബത്തിന്റെ ഔദാര്യത്തിൽ അദ്ദേഹത്തിന് പാരിസ് സർവകലാശാലയിൽ പഠിക്കാൻ അവസരം കിട്ടി. ലത്തീനിലെ പഠനപദ്ധതി പൂർത്തിയാക്കിയ ശേഷം അദ്ദേഹം സർവകലാശാലയിലെ മൊണ്ടേയ്ഗു കോളേജിൽ തത്ത്വചിന്ത പഠിക്കാൻ തുടങ്ങിയെങ്കിലും പൗരോഹിത്യത്തേക്കാൾ വരുമാനമുള്ള തൊഴിൽ അഭിഭാഷകവൃത്തി ആണെന്നു തിരിച്ചറിഞ്ഞ പിതാവ്, 1528-ൽ മകനെ നിയമപഠനത്തിനയക്കാൻ തീരുമാനിച്ചു. അങ്ങനെ പാരിസിലെ പഠനം അവസാനിപ്പിച്ച കാൽവിൻ ആദ്യം ഓർലിയൻസ് സർവകലാശാലയിലും തുടർന്ന് 18 മാസക്കാലാം ബോർജസ് സർവകലാശാലയിലും നിയമം പഠിച്ചു. ബോർജസിലെ പഠനത്തിനിടെയാണ് അദ്ദേഹം, പുതിയനിയമത്തെ കൂടുതൽ അറിയാൻ ആവശ്യമായ ഗ്രീക്കു ഭാഷ പഠിച്ചത്.

ഇക്കാലത്തു തന്നെ അദ്ദേഹം ആത്മീയമായ ഒരു പരിവർത്തനാനുഭവത്തിലൂടെ കടന്നുപോയതായും പറയപ്പെടുന്നു. ബൈബിളിലൂടെ ദൈവം തന്നോടു സംസാരിച്ചതായുള്ള കാൽവിന്റെ ബോദ്ധ്യമൊഴിച്ച് ഈ അനുഭവത്തിന്റെ സ്വഭാവത്തെക്കുറിച്ച് മറ്റൊന്നും വ്യക്തമല്ല. ഈ അനുഭവം അദ്ദേഹത്തിന്റെ പിൽക്കാലജീവിതത്തേയും ചിന്തയേയും സ്വാധീനിച്ചു.[3]

1532-ൽ നിയമബിരുദം നേടിയ കാൽവിൻ അതേവർഷം തന്റെ ആദ്യരചന പ്രസിദ്ധീകരിച്ചു. സ്റ്റോയിക്ക് ചിന്തകനായ സെനെക്കായുടെ "ദയയെക്കുറിച്ച്" (De Clementia) എന്ന കൃതിയുടെ വ്യാഖ്യാനമായിരുന്നു അത്.

ബേസൽ, 'ഇൻസ്റ്റിട്യൂട്ടുകൾ'

[തിരുത്തുക]
കാൽവിന്റെ 'ഇൻസ്റ്റിട്യൂട്ടുകൾ' എന്ന മുഖ്യരചനയുടെ 1559-ലെ പതിപ്പിന്റെ പുറംചട്ട

അക്കാലത്ത് പാരിസിലെത്തിയ കാൽവിൻ അവിടത്തെ സർവകലാശാലയിലെ അദ്ധ്യാപകരിൽ മാനവീയവാദികളായ നവീകർത്താക്കളും യാഥാസ്ഥിതികരും തമ്മിലുള്ള തർക്കത്തിൽ പങ്കുചേർന്നു. നവീകരണവാദിയും കാൽവിന്റെ സുഹൃത്തുമായ നിക്കോളാസ് കോപ് സർവകലാശാലയുടെ റെക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. 1533 നവംബർ 1-ആം തിയതി കോപ് നടത്തിയ അരങ്ങേറ്റ പ്രഭാഷണം കത്തോലിക്കാസഭയിൽ പരിവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു. ആ പ്രസംഗം രചിച്ചത് കാൽവിൻ ആയിരുന്നെന്ന വാദത്തിനു തെളിവില്ലെങ്കിലും അതിലെ ആശയങ്ങളോട് കാൽവിനു യോജിപ്പായിരുന്നു.[3] പ്രസംഗം പാഷണ്ഡത നിറഞ്ഞതാണെന്ന ആരോപണത്തെ തുടർന്ന് കോപ്പിന് ഒളിവിൽ പോകേണ്ടി വന്നു. ആദ്യം ഫ്രാൻസിൽ തന്നെ പലയിടങ്ങളിലായി ഒളിച്ചു കഴിഞ്ഞ അദ്ദേഹത്തിന്, 1534-ൽ നവീകരണവാദികൾക്കെതിരെ വ്യാപകമായ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സ്വിറ്റ്സർലൻഡിലെ ബേസൽ നഗരത്തിലേക്കു പലായനം ചെയ്യേണ്ടി വന്നു. 1535-ൽ കാൽവിൻ കോപ്പിനെ പിന്തുടർന്നു ബേസലിലെത്തി.

"ക്രിസ്തുധർമ്മത്തിന്റെ നിയമങ്ങൾ" ('ഇൻസ്റ്റിട്യൂട്ടുകൾ') എന്ന വിഖ്യാതരചന കാൽവിൻ എഴുതി പ്രസിദ്ധീകരിച്ചത് ബേസലിൽ കഴിയുന്ന കാലത്താണ്. "മതനവീകരണത്തിന്റെ സാഹിത്യത്തിൽ ഏറ്റവും വാചാലവും, തീക്ഷ്ണവും, സ്വച്ഛവും, യുക്തിസഹവും, ജനപ്രീയവും, ഭയങ്കരവും ആയതെന്ന്" [൧] വിശേഷിക്കപ്പെട്ട ഈ കൃതി പൂർത്തിയാക്കുമ്പോൾ കാൽവിൻ 26 വയസ്സുള്ള യുവാവായിരുന്നു. പ്രൊട്ടസ്റ്റന്റ് വീക്ഷണം അനുസരിച്ചുള്ള ക്രിസ്തീയവിശ്വാസത്തിന്റെ അന്നേവരെ പ്രത്യക്ഷപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ക്രമീകൃതവും സമഗ്രവുമായ അവതരണമായിരുന്നു ആ കൃതി. ദൈവികസാർവഭൗമികതയുടെ കീഴിൽ അരങ്ങേറുന്ന പ്രപഞ്ചനാടകത്തിലെ സൃഷ്ടി-പതന-പരിത്രാണനങ്ങളുടെ സമഗ്രചിത്രമാണ് കാൽവിൻ അതിൽ വരച്ചുകാട്ടിയത്.[4] അതിന്റെ ആദ്യത്തെ രണ്ടു പതിപ്പുകൾ ലത്തീൻ ഭാഷയിലായിരുന്നു. ആദ്യപതിപ്പിന്റെ സമർപ്പണം ഫ്രാൻസിലെ ഫ്രാൻസിസ് ഒന്നാമൻ രാജാവിനായിരുന്നു. 1541-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഫ്രെഞ്ച് പരിഭാഷ വലിയ കോളിളക്കമുണ്ടാക്കി. പാരീസിൽ പാർലമെന്റ് അതു നിരോധിച്ചു. ഇരുഭാഷകളിലുമുള്ള അതിന്റെ പ്രതികൾ അഗ്നിക്കിരയാക്കപ്പെട്ടു. തന്റെ ജീവിതകാലം മുഴുവൻ കാൽവിൻ 'ഇൻസ്റ്റിട്യൂട്ടുകൾ' പരിഷ്കൃതവും വിപുലീകൃതവുമായ പുതിയ പതിപ്പുകളിൽ പ്രസിദ്ധീകരിക്കുന്നതു തുടർന്നു. അന്തിമരൂപത്തിൽ അതിൽ 1118 പുറങ്ങൾ ഉണ്ടായിരുന്നു.[5]

സ്ട്രാസ്‌ബർഗ്ഗ്, വിവാഹം

[തിരുത്തുക]
ജർമ്മനിയിലെ സ്ട്രാസ്ബർഗിൽ, കാൽവിൻ പാസ്റ്ററായിരുന്ന വിശുദ്ധ നിക്കോളാസിന്റെ പള്ളി

അതേവർഷം സ്വിറ്റ്സർലൻഡിലെ നവീകൃതസഭയിലെ സുവിശേഷപ്രചാരകനായിരുന്ന വില്യം ഫാരെൽ കാൽവിനെ ജെനീവയിലെ സഭയുടെ നവീകരണത്തിനു ചുമതലെപ്പെടുത്തി. എങ്കിലും നഗരത്തിലെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റം വരുത്തുകയെന്ന ലക്ഷ്യത്തോടു കൂടി അദ്ദേഹം മുന്നോട്ടു വച്ച പദ്ധതിയോടുള്ള എതിർപ്പ് ഒടുവിൽ ജനീവയിൽ നിന്നുള്ള കാൽവിന്റേയും ഫാരെലിന്റേയും നാടുകടത്തലിൽ കലാശിച്ചു. തുടർന്ന്, ജർമ്മനിയിൽ സ്ട്രാസ്ബർഗിലെ നവീകർത്താവ് മാർട്ടിൻ ബൂസറുടെ ക്ഷണം സ്വീകരിച്ച് അവിടെയെത്തിയ കാൽവിൻ ഫ്രാൻസിൽ നിന്നുള്ള അഭയാർത്ഥികളുടെ സമൂഹത്തിന്റെ ആത്മീയനേതാവായി. ഇക്കാലത്ത്, വിശ്വാസികളുടെ സമൂഹത്തിൽ നിന്നു ലഭിച്ചിരുന്ന അല്പവരുമാനത്തിൽ ഞെരുങ്ങിയ കാൽവിന് സ്വന്തം ഗ്രന്ഥശേഖരം വിൽക്കുകയും വാടകക്കാരായി വിദ്യാർത്ഥികളെ ഒപ്പം താമസിപ്പിക്കുകയും മറ്റും ചെയ്യേണ്ടി വന്നു. അദ്ദേഹം വിവാഹത്തെക്കുറിച്ചാലോചിച്ചതും ഇക്കാലത്താണ്. വധുവിനെ കണ്ടെത്താൻ സുഹൃത്തുക്കളോടാവശ്യപ്പെട്ട കാൽവിൻ തന്റെ വ്യവസ്ഥകൾ ഇങ്ങനെ വ്യക്തമാക്കി:-

ഏറെ അന്വേഷണങ്ങൾക്കൊടുവിൽ 1540-ൽ കാൽവിൻ, കുറേ മക്കളുടെ അമ്മയും വിധവയും ആയിരുന്ന ഇദെലെത്തെ ദെ ബൂറെ എന്നെ ദരിദ്രസ്ത്രീയെ വിവാഹം കഴിച്ചു. അവർക്കു പിറന്ന ഏകസന്താനം ശൈശവത്തിൽ മരിച്ചു. 1549-ൽ 'ഇദെലെത്തെ'-യുടെ മരണം കാൽവിനെ ദുഖവിവശനാക്കി.[1] അവശേഷിച്ച 15 വർഷക്കാലത്തെ ജീവിതത്തിൽ അദ്ദേഹം പിന്നെ വിവാഹം കഴിച്ചില്ല.

ജനീവയിൽ

[തിരുത്തുക]
ജോൺ കാൽവിന്റെ പ്രഭാഷണങ്ങൾക്കു വേദിയായിട്ടുള്ള ജനീവയിലെ വിശുദ്ധ പിയറെയുടെ ഭദ്രാസനപ്പള്ളി

സ്ട്രാസ്ബർഗ്ഗിലായിരിക്കുമ്പോഴും ജനീവയിലെ നവീകരണശ്രമങ്ങൾക്കുള്ള പിന്തുണ കാൽവിൻ തുടർന്നിരുന്നു. ക്രമേണ അവിടെ കാര്യങ്ങൾ അദ്ദേഹത്തിന് അനുകൂലമായി മാറി. നവീകർത്താക്കൾ നാടുകടത്തപ്പെട്ടതിനെ തുടർന്ന് നഗരത്തിന്റെ ഭരണം പിടിച്ചെടുക്കാൻ നേരത്തേ അവിടെ നിന്നു പുറത്താക്കപ്പെട്ടിരുന്ന പുരോഹിതനേതൃത്വത്തിന്റെ ശ്രമം നഗരസഭയെ ഭയപ്പെടുത്തി. കാൽവിനും ഫാരെലിനും പകരം നിയമിക്കപ്പെട്ട പാസ്റ്റർമാർ മതപ്രഘോഷണത്തിലും പൊതുസദാചാരപരിപാലനത്തിലും പരാജയമായിരുന്നു. നഗരത്തിൽ നിയമരാഹിത്യവും അസാന്മാർഗികതയും വ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കാൽവിനെ ബഹിഷ്കരിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിച്ച നഗരസഭ, ജനീവയിലെ ക്രിസ്തീയസമൂഹത്തെ നയിക്കാൻ അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചു. പഴയ അനുഭവങ്ങളുടെ ഓർമ്മയിൽ, ക്ഷണം സ്വീകരിക്കാൻ കാൽവിൻ മടിച്ചു. "ലോകത്തിൽ മറ്റൊരിടത്തേയും ഞാൻ ഇത്രയധികം ഭയപ്പെടുന്നില്ല" എന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ കാൽവിൻ 1541-ൽ ജനീവയിൽ മടങ്ങിയെത്തിയത് സന്ദർശകനായാണ്. എന്നാൽ അവിടെ കിട്ടിയ ക്ഷമാപണങ്ങളുടേയും സ്വീകരണങ്ങളുടെയും ബഹുമതികളുടേയും ബാഹുല്യം അദ്ദേഹത്തിന്റെ മനസ്സു മാറ്റി. സന്ദർശകനായെത്തിയ കാൽവിൻ ജീവിതാന്ത്യം വരെ ജനീവയിൽ കഴിഞ്ഞു.[5]

ക്രമേണ അദ്ദേഹം, ഔദ്യോഗികപദവികൾ ഒന്നുമില്ലാതെയാണെങ്കിലും ജനീവയിലെ ഏറ്റവും അധികാരമുള്ള വ്യക്തിയായി മാറി. തന്റെ അധികാരത്തിനു കടിഞ്ഞാണിടാൻ ശ്രമിച്ച പ്രമുഖന്മാരുടെ എതിർപ്പിനെ അവഗണിച്ച്, സഭാ ഭരണത്തിലും ആരാധനാമുറയിലും സദാചാരനിഷ്ഠകളിലും അദ്ദേഹം വ്യാപകമായ പരിഷ്കാരങ്ങൾ വരുത്തി. വ്യക്തിപരവും സാമൂഹ്യവുമായ ജീവിതങ്ങൾ, ക്രിസ്തീയതയ്ക്ക് താൻ നൽകിയ കർക്കശഭാഷ്യമനുസരിച്ച് ചിട്ടപ്പെടുത്തപ്പെട്ട ദൈവനഗരമായി ജനീവയെ രൂപപ്പെടുത്താനാണ് അദ്ദേഹം തുനിഞ്ഞത്. ഈ ശ്രമത്തിൽ, വാക്കും വസ്ത്രവും ശീലങ്ങളും ഉൾപ്പെടെ, ജീവിതത്തിന്റെ എല്ലാ മേഖലകളും നിയന്ത്രണവിധേയമായി.[3]

ക്രിസ്തീയവിശ്വാസങ്ങളുമായി ചേർന്നു പോകാത്ത പാഷണ്ഡതയായി കാൽവിൻ കരുതിയ അത്രിത്വവാദം ഉൾപ്പെടെയുള്ള ആശയങ്ങൾ പുലർത്തിയിരുന്ന മൈക്കൽ സെർവെറ്റസ് എന്ന സ്പെയിൻകാരൻ[൨] ജനീവയിൽ എത്തിയത് ഇക്കാലത്തായിരുന്നു. അദ്ദേഹത്തിനു ജനീവയിലുണ്ടായ അനുഭവം, കാൽവിൻ നടപ്പാക്കിയ വ്യവസ്ഥിതിയുടെ കാർക്കശ്യത്തെ ഉദാഹരിക്കുന്നു. കാൽവിൻ അപലപിച്ച സെർവറ്റസിനെ ജനീവയിലെ നഗരസഭ വിചാരണയ്ക്കു ശേഷം, ജനീവാത്തടാകത്തെ അഭിമുഖീകരിച്ചു നിൽക്കുന്ന ചാമ്പെൽ കുന്നിൽ, മെല്ലെ കത്തുന്ന തീയിൽ എരിച്ചു കൊന്നു.[6][7]

വിശ്വാസത്തിന്റേയും സദാചാരത്തിന്റേയും മേഖലകളിൽ കർക്കശമായ നിലപാടുകൾ സ്വീകരിച്ച കാൽവിൻ സാമ്പത്തികനയത്തിൽ ഉദാരത കാട്ടി. പലിശ വാങ്ങുന്നതിനെതിരെ മദ്ധ്യകാല ക്രിസ്തീയത ഏർപ്പെടുത്തിയിരുന്ന വിലക്ക് അദ്ദേഹം പിൻവലിച്ചു. ഇത് വ്യാപാരത്തെ സഹായിച്ച് സമ്പദ്ഘടനയുടെ വികാസത്തിനു വഴിതെളിച്ചു. കച്ചവടവിഭാഗങ്ങൾക്ക് കാൽവിൻവാദം സ്വീകാര്യമാക്കുന്നതിൽ ഈ നയം ഉപകരിച്ചു.[൩][8] കാൽവിൻ ജനാധിപത്യവാദി ആയിരുന്നില്ലെങ്കിലും, പാസ്റ്റർമാരേയും ആത്മീയാധികാരികളേയും വിശ്വാസികളുടെ സമൂഹം തെരഞ്ഞെടുക്കുകയെന്ന നയമാണ് അദ്ദേഹത്തിന്റെ കീഴിൽ ജനീവ പിന്തുടർന്നിരുന്നത്. ഇത് ആ നഗരത്തിലും, കാൽവിൽവാദത്തിന്റെ സ്വാധീനത്തിൽ വന്ന മറ്റു നാടുകളിലും ജനാധിപത്യത്തിന്റെ വളർച്ചയെ സഹായിച്ചു. യൂറോപ്പിലൊട്ടാകെയുള്ള പ്രൊട്ടസ്റ്റന്റുകൾ മാതൃകയായി കണക്കാക്കിയ തീർത്ഥഭൂമി ആയിത്തീർന്നു കാൽവിന്റെ ജനീവ. ഇതര നാടുകളിൽ പീഡിപ്പിക്കപ്പെട്ടിരുന്ന നവീകരണവാദികൾക്ക് ആ നഗരം അഭയകേന്ദ്രമായി. ഈ അഭയാർത്ഥികളുടെ പിന്തുണ, നഗരസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ, പ്രതിയോഗികളെ പുറത്താക്കുന്നതിൽ കാൽവിൻ പക്ഷത്തെ സഹായിച്ചു. കാൽവിൻവാദത്തിന്റെ മുദ്ര ഏറ്റുവാങ്ങിയാണ് ഈ അന്യദേശക്കാർ പിന്നീട് അവരുടെ നാടുകളിലേക്കു മടങ്ങിയത്. ഫ്രാൻസിലും, നെഥർലാൻഡ്സിലും, ജർമ്മനിയിലും, ഇംഗ്ലണ്ടിലും, സ്കോട്ട്‌ലണ്ടിലും, അവിടങ്ങളിൽ നിന്ന് ഒടുവിൽ അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് സംസ്ഥാനങ്ങളിലും, കാൽവിനീയ ക്രിസ്തീയതയുടെ വ്യാപനത്തിന് ഇതു വഴിയൊരുക്കി.[3]

ജീവിതാന്ത്യം

[തിരുത്തുക]
പരമ്പരാഗതമായി കാൽവിന്റേതായി പറയപ്പെടുന്ന ജനീവയിലെ ശവകുടീരം - യഥാർത്ഥ സംസ്കാരസ്ഥാനം അജ്ഞാതമായിരിക്കുന്നു.

ഒട്ടേറെ താർക്കിക, പക്ഷസ്ഥാപന രചനകളിൽ അവിശ്രമം മുഴുകിയ കാൽവിനെ അവ വിവാദപുരുഷനാക്കി. അസഹിഷ്ണുവും പരുക്കൻ സ്വഭാവക്കാരനും ആയി അറിയപ്പെട്ടെങ്കിലും, ഫിലിപ്പ് മെലാഞ്ഛ്തണേയും, ഹിൻറിച്ച് ബുള്ളിഞ്ഞറേയും പോലുള്ള ഇതരപക്ഷനവീകർത്താക്കളുമായി അദ്ദേഹം സൗഹാർദ്ദപൂർവം കത്തിടപാടുകൾ നടത്തി. ക്രിസ്തുധർമ്മത്തിന്റെ നിയമങ്ങൾ എന്ന വിഖ്യാതരചനയ്ക്കു പുറമേ കാൽവിൻ ബൈബിളിലെ മിക്കവാറും പുസ്തകങ്ങൾക്കും വ്യാഖ്യാനങ്ങളും, ദൈവശാസ്ത്രനിബന്ധങ്ങളും വിശ്വാസപ്രഘോഷണങ്ങളും എഴുതി. ആഴ്ചമുഴുവൻ അദ്ദേഹം ജനീവയിൽ പ്രഭാഷണങ്ങൾ നടത്തി.

തന്റെ അന്തിമവർഷങ്ങൾ കാൽവിൻ ചെലവഴിച്ചത് ജനീവയിലും, യൂറോപ്പിൽ പൊതുവേയും, നവീകരണാശയങ്ങൾ പ്രചരിപ്പിക്കുന്നതിലാണ്. ലളിതമായി ജീവിച്ച അദ്ദേഹം തന്റെ വ്യക്തിത്വത്തിന്റേയും അനുയായികളുടെ വിശ്വസ്തതയുടേയും ബലത്തിൽ ജനീവയുടെ മേലുള്ള അധികാരം നിലനിർത്തി. കാലക്രമേണ അവിടെ അദ്ദേഹത്തിന്റെ നില കൂടുതൽ ഭദ്രമായി. അദ്ദേഹത്തിനു നേരിടേണ്ടി വന്ന ബലഹീനതകൾ ശാരീരികമായിരുന്നു. തലവേദന, കാസരോഗം, ഉദരരോഗങ്ങൾ, മൂത്രാശയരോഗങ്ങൾ, സന്ധിവാതം എന്നിവയെല്ലാം അദ്ദേഹത്തെ ദുർബ്ബലനാക്കി. ശ്വാസകോശത്തിൽ നിന്നുള്ള രക്തശ്രാവമായിരുന്നു മറ്റൊരു പ്രശ്നം. മിക്കവാറും ശയ്യാലവംബിയായി കഴിയേണ്ടി വന്നെപ്പോഴും, അദ്ദേഹം പഠനവും പ്രഭാഷണങ്ങളും തുടർന്നു. 1564 ഏപ്രിൽ 25-നു എഴുതിയ മരണപത്രത്തിൽ കാൽവിൻ, സ്വർഗ്ഗസമ്മാനത്തിലേക്കുള്ള തന്റെ തെരെഞ്ഞെടുപ്പിൽ തികഞ്ഞ വിശ്വാസം പ്രകടിപ്പിച്ചു. ജനീവയിലെ ഭരണസമിതിയംഗങ്ങളായ സഹപ്രവർത്തകർ സന്ദർശിക്കാനെത്തിയപ്പോൾ കാൽവിൻ അവരോട്, താൻ നടത്തിയിട്ടുള്ള രോഷപ്രകടനങ്ങൾക്കു മാപ്പു ചോദിക്കുകയും കലർപ്പില്ലാത്ത വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. 1564 മേയ് 27-നു അദ്ദേഹം മരിച്ചു.[5]

കാൽവിൻവാദം

[തിരുത്തുക]
കാൽവിൻ: പതിനാറാം നൂറ്റാണ്ടിലെ ഒരു ചിത്രം

ക്രിസ്തീയചിന്തയിൽ ഹിപ്പോയിലെ അഗസ്റ്റിന്റെ പാരമ്പര്യം പിന്തുടർന്ന കാൽവിൻ, രക്ഷാ-ശിക്ഷകളുടെ വഴിയിൽ മനുഷ്യാത്മാക്കളുടെ ഗതി, തന്റെ നിരുപാധികമായ പരമാധികാരം അനുസരിച്ചുള്ള ദൈവത്തിന്റെ 'മുൻനിശ്ചയത്തെ' (predestination) ആശ്രയിച്ചിരിക്കുന്നുവെന്നു വാദിച്ചു.[3] കാൽവിൻവാദം എന്നറിയപ്പെടുന്ന ദൈവശാസ്ത്രപക്ഷത്തിന്റെ കാതൽ കാൽവിന്റെ രചനകളിലും പ്രഭാഷണങ്ങളിലും അടങ്ങിയിരുന്ന ഈ വാദമാണ്.

നിസ്സാരനും ഹീനപാപിയുമായ മനുഷ്യന്റെ സത്പ്രവൃത്തികളൊന്നും സ്വർഗ്ഗസമ്മാനം നേടാൻ പര്യാപ്തമല്ലെന്നു കാൽവിൻ കരുതി. ദൈവത്തിന്റെ നീതി പാപത്താൽ കളങ്കപ്പെട്ട മുഴുവൻ മനുഷ്യവർഗ്ഗത്തിന്റേയും നാശമാണ് ആവശ്യപ്പെടുന്നത്. എങ്കിലും അവന്റെ കരുണ, ചുരുക്കം ചിലരെ രക്ഷയ്ക്കും നിത്യസമ്മാനത്തിനുമായി തെരഞ്ഞെടുത്തിരിക്കുന്നു. അപ്രകാരം തെരഞ്ഞെടുക്കപ്പെട്ടവർക്ക് അവൻ, ക്രിസ്തുവിലൂടെയുള്ള രക്ഷയിൽ വിശ്വാസം നൽകുന്നു. അർഹതയുടെ അടിസ്ഥാനത്തിലല്ലാതെ ദൈവം, ചുരുക്കം ചിലരെ നിത്യസമ്മാനത്തിനും അവശേഷിക്കുന്നവരെ നിത്യശിക്ഷയ്ക്കുമായി അനാദിയിലേ തെരഞ്ഞെടുത്തിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷ ദൈവത്തിന്റെ കരുണയേയും, അഭിശപ്തരുടെ ശിക്ഷ അവന്റെ നീതിയേയും പ്രഘോഷിക്കുന്നു. ആദിമാതാപിതാക്കളുടെ പതനം പോലും ദൈവികജ്ഞാനത്താൽ പൂർവനിശ്ചിതമായിരുന്നു എന്നു കാൽവിൻ കരുതി.

പൂർവനിശ്ചിതമായ രക്ഷാ-ശിക്ഷകളെക്കുറിച്ചുള്ള ഈ വാദം യുക്തിയ്ക്ക് അറപ്പുളവാക്കുന്നതാണെന്നു സമ്മതിക്കുന്ന കാൽവിൻ, ദൈവികരഹസ്യങ്ങൾ ചുഴിഞ്ഞറിയാമെന്ന മനുഷ്യന്റെ മോഹവും യുക്തിസഹമല്ലെന്നു ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുടെ തെറ്റുകളും അനീതികളും ദൈവത്താൽ പൂർവനിശ്ചിതമാണെങ്കിലും, ദൈവം അവയിൽ കുറ്റക്കാരനല്ല. കുറ്റം മനുഷ്യന്റേതു മാത്രമാണ്. ഈ വാദത്തിന്റെ വൈരുദ്ധ്യം പരിഹരിക്കാൻ കാൽവിൻ തുനിഞ്ഞില്ല. ഇതു ബൈബിളിലെ ദൈവവെളിപാടിനനുസൃതമാണെന്നു കരുതിയ അദ്ദേഹം, മനുഷ്യർ അതിനെ വിനയപൂർവം അംഗീകരിക്കുകയാണു വെണ്ടതെന്നു വാദിച്ചു.[4] ദൈവത്തിന്റെ നിസ്സീമമായ മഹിമയെ എടുത്തുകാട്ടുന്ന കാൽവിൻവാദം, ദൈവപ്രതാപത്തിനു മുൻപിൽ മനുഷ്യന്റെ അതിനിസ്സരതയിലേക്കും പാപപങ്കിലവും ഹീനവുമായ മനുഷ്യാവസ്ഥയിലേക്കും വിരൽചൂണ്ടുന്നു. നീചകൃമിയായ മനുഷ്യന്, എണ്ണിയാലൊടുങ്ങാത്ത താരാപഥങ്ങളെ നിയന്ത്രിക്കുന്ന ദൈവജ്ഞാനത്തെ മനസ്സിലാക്കാനാവില്ല. രക്ഷാ-ശിക്ഷകളുടെ ഈ വിധിതീർപ്പ് ഭയാനകമാണെങ്കിലും അതു ദൈവമഹത്ത്വത്തിനായി സംഭവിക്കുന്നുവെന്ന് അദ്ദേഹം കരുതി.[5]

വിലയിരുത്തൽ

[തിരുത്തുക]
കാൽവിൻ: ടിഷ്യൻ വരച്ച ചിത്രം

കാൽവിന്റെ വ്യക്തിത്വത്തിന്റേയും അദ്ദേഹത്തിന്റെ പ്രബോധനങ്ങളിൽ നിന്നു പിറന്ന കാൽവിൻവാദത്തിന്റേയും അസാധാരണത, ഏറെ വൈവിദ്ധ്യം നിറഞ്ഞ പ്രതികരണങ്ങൾ ഉളവാക്കിയിട്ടുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ബാപ്റ്റിസ്റ്റ് വേദപ്രചാരകൻ ചാൾസ് സ്പർജന്റെ ഈ വിലയിരുത്തൽ ആരാധനാഭാവം നിറഞ്ഞതാണ്:-

സംസ്കാരത്തിന്റെ കഥ എന്ന ചരിത്രപരമ്പരയുടെ ഭാഗമായി മതനവീകരണത്തെക്കുറിച്ചുള്ള ബൃഹദ്‌വാല്യത്തിൽ വിഖ്യാതചരിത്രകാരനായ വിൽ ഡുറാന്റ് നടത്തുന്ന നിരീക്ഷണം ഇതിനു നേർവിപരീതമാണ്. രക്ഷാ-വിനാശങ്ങളുടെ മുൻനിശ്ചയത്തേയും ഭൂരിപക്ഷം മനുഷ്യരേയും കാത്തിരിക്കുന്ന നരകവിധിയേയും കുറിച്ചുള്ള കാൽവിന്റെ നിലപാടുകൾ, അദ്ദേഹത്തിന്റെ പിന്മുറക്കാരായ കാൽവിൻവാദികൾ തന്നെ പിൽക്കാലങ്ങളിൽ മയപ്പെടുത്തിയ കാര്യം ചൂണ്ടിക്കാട്ടിയ ശേഷം ഡുറാന്റ് ഇങ്ങനെ എഴുതുന്നു:-

പ്രൊട്ടസ്റ്റന്റ് നവീകർത്താവെന്ന നിലയിൽ ലൂഥർ തെളിച്ച വഴി പിന്തുടർന്നെങ്കിലും ലൂഥറിനേയും അതിലംഘിക്കുന്നതാണ് കാൽവിന്റെ സ്വാധീനം എന്നു പറയാം. മാർപ്പാപ്പയുടെ നേതൃത്വത്തിലുള്ള റോമിന്റെ ശാസനത്തിനെതിരെ ലൂഥർ ഉയർത്തിയ കലാപം വലിയരളവു വരെ ജർമ്മൻ ദേശീയതയുടെ പ്രകടനമായിരുന്നു.[൪] മതനവീകർത്താവെന്നതിനൊപ്പം ജർമ്മൻ ദേശീയവാദി കൂടി ആയിരുന്നു ലൂഥർ. ഈ പ്രത്യേകത, ലൂഥറുടെ നവീകരണത്തെ ട്യൂട്ടൻ ജനവർഗ്ഗങ്ങൾക്കിടയിൽ ഒതുക്കി നിർത്തി. കാൽവിനെ ഈ പരിമിതി തീണ്ടിയില്ല. ഫ്രാൻസിനെ സ്നേഹിച്ചിരുന്നെങ്കിലും അദ്ദേഹം ഒരു ഫ്രെഞ്ചു ദേശീയവാദി ആയിരുന്നില്ല.[5] ദേശീയതയുടെ പരിമിതികൾ ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ നവീകരണപ്രസ്ഥാനം ദേശാന്തരങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രോട്ടസ്റ്റന്റ് ക്രിസ്തീയത ഒരു ആഗോളധർമ്മമായത്. തങ്ങളുടെ വിശ്വാസത്തിന്റെ സ്പഷ്ടീകർത്താക്കളിൽ മുഖ്യനായി കാൽവിനെ കണക്കാക്കുന്ന നവീകൃത, പ്രിസ്ബിറ്റേറിയൻ സഭകൾ ഇന്നു ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്നു.

നുറുങ്ങുകൾ

[തിരുത്തുക]

കാൽവിന്റെ ജനീവയിൽ കുട്ടികൾക്ക് മാമ്മോദീസയിൽ നൽകാവുന്ന പേരുകളും നിയന്ത്രിക്കപ്പെട്ടിരുന്നു. നഗരത്തിലെ ഒരു ക്ഷുരകൻ തനിക്കു ജനിച്ച കുഞ്ഞിനെ മമ്മോദീസാ മുക്കാൻ കൊണ്ടുപോയ കഥ പ്രസിദ്ധമാണ്. ജനീവയിൽ ഏറെ പ്രചാരത്തിലിരുന്ന 'ക്ലാദ്' (Claude) എന്ന പേര് കുട്ടിയ്ക്കു നൽകാൻ അയാൾ ആഗ്രഹിച്ചു. എങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. പകരം 'അബ്രാഹാം' എന്ന പേരാണ് അധികാരികൾ നിർദ്ദേശിച്ചത്. അതിഷ്ടപ്പെടാതിരുന്ന ക്ഷുരകൻ പാതിരിമാരിൽ നിന്ന് കുഞ്ഞിനെ പിടിച്ചുവാങ്ങി വീട്ടിൽ പോയി. ഈ ധിക്കാരത്തിന് അയാൾക്ക് 4 ദിവസത്തെ ജയിൽ ശിക്ഷ ലഭിച്ചു.[5][7]

കുറിപ്പുകൾ

[തിരുത്തുക]
Institutio christianae religionis, 1597

^ "The most eloquent, fervent, lucid, logical, influential, and terrible work in all the literature of the religious revolution."[5]

^ ശരീരത്തിൽ രക്തത്തിന്റെ ശ്വാസകോശചംക്രമണത്തെ (Pulmonary circulation) തിരിച്ചറിഞ്ഞ ആദ്യത്തെ യൂറോപ്യൻ കൂടിയായിരുന്നു മൈക്കൾ സെർവെറ്റസ്.

^ "കച്ചവടത്തിൽ ലാഭവും പലിശയ്ക്കു കൊടുക്കലും പ്രോത്സാഹിപ്പിക്കപ്പെട്ടതിനാൽ പഴയവിശ്വാസത്തിന്റെ ഈ പുതിയപതിപ്പിനെ ആശ്ലേഷിച്ച പുതുബൂർഷ്വാസി, തികച്ചും സ്വച്ഛമായ മനസ്സക്ഷിയോടെ ധനമാർജ്ജിക്കാൻ തുടങ്ങി." (Profits in business and credit were encouraged. So the new bourgeoisie adopted this new version of the old faith and, with a perfectly easy conscience, went on making money.)[8]

^ "ജർമ്മൻകാരായ നമുക്ക് പത്രോസുമായി എന്തു ബന്ധം" എന്ന ലൂഥറുടെ ചോദ്യം ഉദ്ധരിക്കുന്ന എസ്. രാധാകൃഷ്ണൻ, ലൂഥറുടെ നവീകരണം കത്തോലിക്കരുടെ യൂറോപ്യൻ ദൈവത്തെ ദേശവൽക്കരിച്ച് ജർമ്മൻകാരൻ ആക്കിയെന്നു പരിഹസിക്കുന്നു.[6]

അവലംബം

[തിരുത്തുക]
  1. 1.0 1.1 വിവിയൻ ഗ്രീൻ, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറങ്ങൾ 133-37)
  2. ദ ഹൻഡ്രഡ്എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം. അതിലെ നൂറു മഹദ്‌വ്യക്തികളുടെ പട്ടികയിൽ അമ്പത്തിയേഴാം സ്ഥാനക്കാരനാണ് കാൽവിൻ.
  3. 3.0 3.1 3.2 3.3 3.4 John A. Hutchison, Paths of Faith, പ്രസാധനം, MacGraw-Hill Book Company (പുറങ്ങൾ 538-43)
  4. 4.0 4.1 Kenneth Scott Latourette, A History of Christianity (പുറങ്ങൾ 751-60)
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 വിൽ ഡുറാന്റ്,"ദ റിഫർമേഷൻ", സംസ്കാരത്തിന്റെ കഥ 6-ആം ഭാഗം, അദ്ധ്യായം XXI (പുറങ്ങൾ 459-490)
  6. 6.0 6.1 എസ്. രാധാകൃഷ്ണൻ, പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും (പുറങ്ങൾ 281-83)
  7. 7.0 7.1 Geoffrey Blainey, A Short History of the World (പുറങ്ങൾ 338-43)
  8. 8.0 8.1 ജവഹർലാൽ നെഹ്രു, വിശ്വചരിത്രാവലോകനം, അദ്ധ്യായം 84 (പുറം 285)
  9. The Autobiography of Charles H. Spurgeon, Compiled from His Diaries, Letters, and Records by His Wife and His Private Secretary, 1899, Fleming H. Revell, Vol. 2, (1854–1860), പുറം 372.
"https://ml.wikipedia.org/w/index.php?title=ജോൺ_കാൽവിൻ&oldid=2621350" എന്ന താളിൽനിന്ന് ശേഖരിച്ചത്