Jump to content

വോൾട്ടയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസ്വ മരീ അറൗവേ
വോൾട്ടയർ 24-ആം വയസ്സിൽ
വോൾട്ടയർ 24-ആം വയസ്സിൽ
തൂലികാ നാമംവോൾട്ടയർ
തൊഴിൽതത്ത്വശാസ്ത്രജ്ഞൻ
ദേശീയതഫ്രഞ്ച്

വോൾട്ടയർ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഫ്രാൻസ്വ മരീ അറൗവേ ഒരു ഫ്രഞ്ച് എഴുത്തുകാരനും തത്ത്വശാസ്ത്രജ്ഞനുമായിരുന്നു (21 നവംബർ, 1694 - മേയ് 30, 1778). കവിതകൾ, നാടകങ്ങൾ‍, നോവലുകൾ‍, ഉപന്യാസങ്ങൾ, ചരിത്രപരവും ശാസ്ത്രപരവുമായ ഗ്രന്ഥങ്ങൾ എന്നിവയെല്ലാം അദ്ദേഹം രചിച്ചിട്ടുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിനു വേണ്ടിയും കത്തൊലിക്കാസഭയ്ക്കും നിലവിലുണ്ടായിരുന്ന ഫ്രഞ്ച് വ്യവസ്ഥയ്ക്കും എതിരേയും ശബ്ദിച്ച അദ്ദേഹത്തിന്റെ ചിന്തകൾ ഫ്രഞ്ച്, അമേരിക്കൻ വിപ്ലവങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തി.[1] [2]

ജീവിതരേഖ

[തിരുത്തുക]

ആദ്യ ജീവിതം

[തിരുത്തുക]

1694 നവംബർ 21 ന്‌ പാരീസിൽ ജനിച്ചു. ഫ്രാൻസ്വ അറൗവേ, മരീ മാർഗരിറ്റെ ദൗമാ എന്നിവരുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനായിരുന്നു. കോളെജ് ലൂയി ലെ ഗ്രാന്ദിൽ ജെസ്യൂട്ടുകളുടെ കീഴിൽ പഠിച്ചു. ലത്തീൻ, ഗ്രീക്ക് ഭാഷകൾ ഇവിടെവച്ചാണ്‌ പഠിച്ചത്. ഇതിനുശേഷം ഇറ്റാലിയൻ, സ്പാനിഷ്, ഇംഗ്ലീഷ് ഭാഷകൾ സ്വായത്തമാക്കി.

കോളേജ് വിദ്യാഭ്യാസം കഴിഞ്ഞപ്പോഴേ എഴുത്തുകാരനാകണമെന്ന് വോൾട്ടയർ തീരുമാനമെടുത്തിരുന്നു. പക്ഷെ പിതാവിന്‌ അദ്ദേഹത്തെ അഭിഭാഷകനാക്കാനായിരുന്നു ആഗ്രഹം. അദ്ദേഹം മകനെ പാരീസിലെ ഒരഭിഭാഷകന്റെ സഹായിയാക്കിയെങ്കിലും ആക്ഷേപഹാസ്യപരമായ കവിതകളെഴുതാനാണ്‌ അദ്ദേഹം കൂടുതൽ സമയവും ചെലവഴിച്ചത്. തുടർന്ന്, നിയമം പഠിക്കാനായി വോൾട്ടയർ ദൂരസംസ്ഥാനങ്ങളിലേക്കയക്കപ്പെട്ടുവെങ്കിലും അവിടെയും എഴുത്തു തുടരുകയാണുണ്ടായത്. നെതർലാന്റ്സിലെ ഫ്രഞ്ച് സ്ഥാനപതിയുടെ സഹായിയായി പിതാവ് വോൾട്ടയറിന്‌ ജോലി തരപ്പെടുത്തിക്കൊടുത്തു. അവിടെവച്ച് കാതറിൻ ഒളിമ്പെ ഡുനോയർ എന്ന ഫ്രഞ്ച് അഭയാർഥിയുമായി പ്രണയത്തിലായ വോൾട്ടയർ ഒളിച്ചോടാൻ നിശ്ചയിച്ചുവെങ്കിലും ആ പദ്ധതി പിതാവ് പൊളിച്ചു. ഫ്രാൻസിലേക്ക് തിരിച്ചുവരാൻ വോൾട്ടയർ നിർബന്ധിതനായി.

ആദ്യകാലത്തുതന്നെ വോൾട്ടയറുടെ രചനകളിലെ സഭയ്ക്കും ഭരണത്തിനുമെതിരെയുള്ള ആക്രമണങ്ങൾ അദ്ദേഹത്തിന്‌ ധാരാളം പ്രശ്നങ്ങളുണ്ടാക്കി. ഇക്കാരണത്താൽ പലതവണ തടവിലാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. റീജെന്റിനെതിരെയുള്ള രചനയുടെ ഫലമായി പതിനോന്ന് മാസത്തോളം ബാസ്റ്റൈൽ കോട്ടയിൽ തടവിലാക്കപ്പെട്ടു. അവിടെവച്ച് എഴുതിയ ഈഡിപെ എന്ന ആദ്യനാടകമാണ്‌ വോൾട്ടയറെ പ്രശസ്തനാക്കിയത്.

1718-ലാണ്‌ വോൾട്ടയർ എന്ന തൂലികാനാമം സ്വീകരിച്ചത്. ലത്തീൻവത്കരിക്കപ്പെട്ട തന്റെ അവസാനനാമമായ AROVET, യുവ എന്നർത്ഥം വരുന്ന le jeune എന്നതിന്റെ ആദ്യ ഭാഗം എന്നിവ ചേർത്ത് നിർമ്മിച്ച AROVET LI എന്നതിലെ അക്ഷരങ്ങളെ കൂട്ടിക്കുഴച്ചാണ്‌ ഇത് ഉണ്ടാക്കിയത് എന്ന് കരുതപ്പെടുന്നു.

ഇംഗ്ലണ്ടിൽ

[തിരുത്തുക]

1725-ൽ ഫ്രാൻസിലെ ആഢ്യകുടുംബാംഗമായിരുന്ന ഷെവാലിയെർ ഡി റൊഹാനെ ആക്ഷേപിച്ചതിനാൽ റൊഹാൻ കുടുംബം രാജാവായിരുന്ന ലൂയി പതിനഞ്ചാമന്റെ കൈയൊപ്പുള്ള ഉത്തരവിലൂടെ വോൾട്ടയറിനെ നാടുകടത്തിച്ചു. വിചാരണ പോലുമില്ലാതെ ബാസ്റ്റൈൽ കോട്ടയിൽ തടവിലാക്കിയ ശേഷമായിരുന്നു നാടുകടത്തൽ. ഫ്രഞ്ച് നീതിന്യായവ്യവസ്ഥ നന്നാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ പ്രചോദനം ഈ അനുഭവമായിരുന്നു.

ഇംഗ്ലണ്ടിലാണ്‌ ഇക്കാലം വോൾട്ടയർ ചിലവഴിച്ചത്. അവിടത്തെ അനുഭവങ്ങൾ അദ്ദേഹത്തിന്റെ ചിന്തകളിൽ കാര്യമായ സ്വാധീനം ചെലുത്തി. ഫ്രാൻസിലെ സമ്പൂർണ്ണ രാജവാഴ്ചയിൽ നിന്ന് വ്യത്യസ്തമായി ഇംഗ്ലണ്ടിലുണ്ടായിരുന്ന ഭരണഘടനാപരമായ രാജവാഴ്ചയിലും വ്യക്തിസ്വാതന്ത്രത്തിന്‌ നൽകിയിരുന്ന പ്രാധാന്യവും അദ്ദേഹത്തെ ആകർഷിച്ചു. ആദ്യകാല ഇംഗ്ലീഷ് രചനകളിൽ താത്പര്യമെടുത്ത വോൾട്ടയർ ഷേക്സ്പിയറുടെ നാടകങ്ങൾ പ്രത്യേകം ഇഷ്ടപ്പെട്ടു. ഫ്രാൻസിലെ നാടകവേദിക്ക് നല്ല മാതൃകയാണ്‌ അവയെന്ന് അദ്ദേഹം കരുതി.

മൂന്നുവർഷത്തിനുശേഷം വോൾട്ടയർ പാരീസിൽ തിരിച്ചെത്തി. ഭരണം, സാഹിത്യം, മതം എന്നിവയെക്കുറിച്ചുള്ള ബ്രിട്ടീഷ് വീക്ഷണങ്ങളെപ്പറ്റി Lettres philosophiques sur les Anglais എന്നപേരിൽ കത്തുകളുടെ രൂപത്തിലുള്ള ഉപന്യാസങ്ങൾ അദ്ദേഹം എഴുതി. ബ്രിട്ടീഷ് രാജഭരണം ഫ്രാൻസിലേതിനെക്കാൾ പരിണമിച്ചതും വ്യക്തിസ്വാതന്ത്ര്യത്തിന്‌ കൂടുതൽ പ്രാധാന്യം നൽകുന്നതുമാണ്‌ എന്ന് ചൂണ്ടിക്കാട്ടിയ ഈ ലേഖനങ്ങൾ, ഫ്രാൻസിൽ വിവാദമുണ്ടാക്കി. വിമർശകർ അവയുടെ പ്രതികൾ തീയിലിട്ടു. വോൾട്ടയർക്ക് ഒരിക്കൽക്കൂടി നാടുവിടുകയും ചെയ്യേണ്ടിവന്നു.

ഷാതോ ഡി സിറേ

[തിരുത്തുക]
എമിലി ദു ഷാത്‌ലെറ്റ്

ഷാമ്പെയ്ൻ-ലൊറെയ്ൻ അതിർത്തിയിലെ ഷാതോ ഡി സിറേയിലാണ്‌ വോൾട്ടയർ ഇതിനുശേഷം താമസിച്ചത്. ഗണിതശാസ്ത്രജ്ഞയും ഭൗതികശാസ്ത്രജ്ഞയുമായിരുന്ന എമിലി ദു ഷാത്‌ലെറ്റുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെ ആരംഭം ഇവിടെവച്ചായിരുന്നു. എമിലിയുടെ ഭർത്താവായിരുന്ന മാർക്വിസ് ഫ്ലോറെന്റ് ക്ലോഡ് ദു ഷാത്‌ലെറ്റ് ആയിരുന്നു സിറേയുടെ ഉടമസ്ഥൻ. ഭാര്യയെയും കാമുകനെയും സന്ദർശിക്കാൻ മാർക്വിസ് ഇടയ്ക്ക് സിറേയിൽ വരുമായിരുന്നു. വോൾട്ടയറുടെയും എമിലിയുടെയും പതിനഞ്ച് വർഷത്തോളമുള്ള ബന്ധത്തിനിടയ്ക്ക് അവർ ചേർന്ന് ഇരുപത്തൊന്നായിരത്തോളം പുസ്തകങ്ങൾ ശേഖരിക്കുകയും ശാസ്ത്രസംബന്ധമായ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു.

Elémens de la philosophie de Neuton എന്ന വോൾട്ടയർ കൃതിയുടെ പുറംചട്ട. ന്യൂട്ടന്റെ അന്തർവീക്ഷണങ്ങൾ വോൾട്ടയറിന്‌ കാണാൻ എമിലി പ്രതിഫലിപ്പിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു

സിറേയിൽ വച്ചും രചനകൾ തുടർന്നെങ്കിലും മുൻകാല അനുഭവങ്ങളോർത്ത്, തനിക്കുതന്നെ ഉപദ്രവമുണ്ടാക്കിവയ്ക്കാതിരിക്കുവാൻ വോൾട്ടയർ ശ്രദ്ധിച്ചു. മെറോപീ എന്ന നാടകവും ഏതാനും ചെറുകഥകളും ഇക്കാലത്ത് രചിക്കപ്പെട്ടവയാണ്‌. ഇംഗ്ലണ്ടിലെ അനുഭവങ്ങളായിരുന്നു രചനകൾക്ക് കൂടുതലും പ്രചോദനമായത്. ഐസക് ന്യൂട്ടന്റെ കൃതികളും അദ്ദേഹത്തിൽ കാര്യമായ സ്വാധീനം ചെലുത്തി. പ്രകാശികം, ഗുരുത്വാകർഷണം മുതലായവയെക്കുറിച്ചുള്ള ന്യൂട്ടന്റെ സിദ്ധാന്തങ്ങളിൽ അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. Essai sur la poésie épique എന്ന വോൾട്ടയർ കൃതിയിൽ ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണ സംഭവത്തെക്കുറിച്ചുള്ള പരാമർശമുണ്ട്. ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും തത്ത്വശാസ്ത്രജ്ഞനും ന്യൂട്ടന്റെ എതിരാളിയുമായിരുന്ന ലെയ്ബ്നിസിന്റെ ദർശനങ്ങളാൽ ആകർഷിക്കപ്പെട്ടിരുന്നുവെങ്കിലും വോൾട്ടയറും എമിലിയും ന്യൂട്ടോണിയന്മാരായിത്തന്നെ നിലകൊണ്ടു. Eléments de la philosophie de Newton എന്ന പുസ്തകം വോൾട്ടയർ രചിച്ചത് എമിലിയോടൊത്താണെന്ന് കരുതപ്പെടുന്നു.

ചരിത്രത്തെക്കുറിച്ചും സംസ്കാരത്തിന്‌ സംഭാവനകൾ നൽകിയ വ്യക്തികളെക്കുറിച്ചും വോൾട്ടയറും എമിലിയും പഠനം നടത്തിയിരുന്നു. ചാൾസ് രണ്ടാമനെക്കുറിച്ചുള്ള ജീവചരിത്രപരമായ ഉപന്യാസത്തിലാണ്‌ വോൾട്ടയർ സ്ഥാപിതമായ മതങ്ങളെ വിമർശിക്കാൻ തുടങ്ങിയത്. തത്ത്വമീമാംസയെക്കുറിച്ചും ബൈബിളിന്റെ കാലികപ്രസ്കതിയെക്കുറിച്ചും അവർ പഠനങ്ങൾ നടത്തി. രാഷ്ട്രത്തെയും മതത്തെയും വേർതിരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള വോൾട്ടയറിന്റെ അഭിപ്രായങ്ങളിൽ ഇംഗ്ലീഷ് വാസക്കാലത്തെ സ്വാധീനം പ്രകടമാണ്‌.

എമിലിയുമായി പ്രതിജ്ഞാബദ്ധനായിരുന്നുവെങ്കിലും 1744 ആയപ്പോഴേക്കും ഷാതോയിലെ ജീവിതം വല്ലാതെ അടക്കിനിർത്തുന്നതായി അദ്ദേഹത്തിന്‌ അനുഭവപ്പെട്ടു. ആ വർഷത്തെ പാരീസ് സന്ദർശനത്തിനിടെ തന്റെ അനന്തരവളായ മരീ ലൂയിസ മിഞ്ഞോയിൽ വോൾട്ടയർ പുതിയ പ്രണയിനിയെ കണ്ടെത്തി. ആദ്യകാലത്ത് മരീയോടുള്ള അദ്ദേഹത്തിന്റെ ആകർഷണം കാമമായിരുന്നു എന്ന് അവർക്ക് വോൾട്ടയർ അയച്ച അശ്ലീലമടങ്ങുന്ന കത്തുകളിൽ നിന്ന് (1957 ലേ ഇവ പുറത്തറിഞ്ഞുള്ളൂ) മനസ്സിലാക്കാം. എങ്കിലും ഇതിനുശേഷം അവർ വോൾട്ടയറുടെ മരണം വരെ ഒരുമിച്ചു ജീവിക്കുകയുണ്ടായി. എമിലിയും മാർക്വിസ് ദി സെന്റ് ലാംബെർട്ടിനെ കാമുകനായി സ്വീകരിച്ചു.

സാൻസൂസി

[തിരുത്തുക]
വോൾട്ടയർ സാൻസൂസ്സിയിൽ : പിയറി ബാക്വോയിയുടെ സൃഷ്ടി

1749 സെപ്റ്റംബറിൽ എമിലി പ്രസവസമയത്ത് മരണമടഞ്ഞു. കുറഞ്ഞകാലത്തേക്ക് പാരീസിലേക്കു മടങ്ങിയ വോൾട്ടയർ 1751-ൽ തന്നെ ആദരിച്ചിരുന്ന ഫ്രഡറിക് ദി ഗ്രേറ്റിന്റെ പോട്സ്ഡാമിലെ സാൻസൂസി കൊട്ടാരത്തിലേക്ക് പോയി. രാജാവ് അദ്ദേഹത്തെ പലതവണ കൊട്ടാരത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇരുപതിനായിരം ഫ്രാങ്ക് ആയിരുന്നു കൊട്ടാരത്തിൽ വോൾട്ടയറിന്റെ ഒരുവർഷത്തെ ശമ്പളം. സയൻസ് ഫിക്ഷൻ രചനയായ Micromégas 1952-ൽ സാൻസൂസിയിൽ വച്ച് എഴുതിയതാണ്‌. ആദ്യകാലത്ത് അവിടെ വോൾട്ടയറുടെ ജീവിതം വളരെ സുഖകരമായിരുന്നു. എന്നാൽ വൈകാതെ രാജാവുമായുള്ള ബന്ധം വഷളായിത്തുടങ്ങി. ബർലിൻ ശാസ്ത്ര അക്കാദമിയുടെ പ്രസിഡന്റായിരുന്ന പിയറി ലൂയി മോപർറ്റൂയിയുമായുണ്ടായ തർക്കത്തെത്തുടർന്ന് മോപർറ്റൂയിയെ ആക്ഷേപിക്കുന്ന Diatribe du docteur Akakia വോൾട്ടയർ എഴുതി. രോഷാകുലനായ രാജാവ് രചനയുടെ കോപ്പികളെല്ലാം ചുട്ടുകരിക്കുകയും വോൾട്ടയറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജനീവ, ഫെർണി

[തിരുത്തുക]
വോൾട്ടയറുടെ ഫെർണിയിലെ ഭവനം

വോൾട്ടയർ പാരീസിലേക്ക് തിരിച്ചെങ്കിലും ലൂയി പതിനഞ്ചാമൻ രാജാവ് അദ്ദേഹത്തെ നഗരത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കി. അതിനാൽ ജനീവയിലേക്ക് പോയ വോൾട്ടയർ Les Délices എന്ന വലിയൊരു എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. ആദ്യകാലത്ത് ജനീവയിലും വളരെ നല്ല സ്വീകരണമായിരുന്നു ലഭിച്ചത്. എന്നാൽ The Maid of Orleans എന്ന കൃതിയുടെ പ്രസിദ്ധീകരണവും നാടകാവതരണവും നിരോധിക്കപ്പെട്ടതിനാൽ ഫ്രഞ്ച് അതിർത്തി കടന്ന് വോൾട്ടയർ ഫെർണിയിലേക്ക് മാറി. 1758-ലായിരുന്നു ഇത്.

ഴാങ് കാലാസ്

വോൾട്ടയറുടെ ഏറ്റവും പ്രശസ്തമായ രചനയായ "കാൻഡീഡ് അല്ലെങ്കിൽ ശുഭാപ്തിവിശ്വാസം",' ഫെർണി ജീവിതകാലത്ത് 1759-ലാണ്‌ പുറത്തുവന്നത്. ലെയ്ബ്നിസിന്റെ optimistic determinism തത്ത്വശാസ്ത്രത്തിന്റെ ആക്ഷേപമായിരുന്നു ഇത്. ജെയിംസ് ബോസ്‌വെൽ, ജിയാകോമോ കസനോവ, എഡ്‌വേഡ് ഗിബ്ബൺ തുടങ്ങിയ പ്രശസ്തർ ഫെർണിയിൽ അദ്ദേഹത്തിന്റെ അതിഥികളായിരുന്നു. പ്രധാന കൃതികളിലൊന്നായ Dictionnaire Philosophique എന്ന തത്ത്വശാസ്ത്രഗ്രന്ഥം 1764-ൽ പുറത്തുവന്നു.

1762 മുതൽ അന്യായമായി വിദ്രോഹിക്കപ്പെട്ട വ്യക്തികൾക്കുവേണ്ടി വോൾട്ടയർ നിരന്തരമായി ശബ്ദമുയർത്തിത്തുടങ്ങി. ഴാങ് കാലാസ് ആണ്‌ ഇവരിൽ ശ്രദ്ധേയനായ ഒരു വ്യക്തി. പ്രൊട്ടസ്റ്റന്റായിരുന്ന കാലാസിന്റെ ഒരു മകൻ കാത്തോലിക്കാമതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു. മറ്റൊരു മകൻ ആത്മഹത്യ ചെയ്തപ്പോൾ മതപരിവർത്തനമാഗ്രഹിച്ചതിനാൽ കാലാസ് മകനെ വധിച്ചതാണെന്നാരോപിച്ച് അദ്ദേഹത്തെ 1763-ൽ ക്രൂരമായ രീതിയിൽ വധിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ മറ്റു മക്കളെ തന്റെ വിധവയിൽ നിന്ന് അകറ്റി ഒരു മഠത്തിൽ ചേരാൻ നിർബന്ധിക്കുകയും ചെയ്തു. മതത്തിന്റെ പേരിലുള്ള വിദ്രോഹമായി ഇതിനെ കണ്ട വോൾട്ടയർ വിധിക്കെതിരെ ശബ്ദമുയത്തി. 1765-ൽ കാലാസ് നിരപരാധിയായിരുന്നുവെന്ന് വിധിക്കപ്പെട്ടു.

വോൾട്ടയറുടെ പാന്തിയോണിലെ കല്ലറ

1778 ഫെബ്രുവരിയിൽ ഇരുപത് വർഷങ്ങൾക്കുശേഷം വോൾട്ടയർ പാരിസിലേക്ക് തിരിച്ചുവന്നു. Irene എന്ന തന്റെ നാടകത്തിന്റെ അവതരണം കാണാനായിരുന്നു ഇത്. 83 വയസ്സുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യത്തെ അഞ്ചുദിവസത്തെ യാത്ര ദോഷകരമായി ബാധിച്ചു. താൻ മരിക്കാൻ പോവുകയാണെന്ന് വോൾട്ടയർ കരുതി. എന്നാൽ അസുഖം ഭേദമാവുകയും മാർച്ചിൽ നാടകാവതരണം കാണുകയും ചെയ്തു. എന്നാൽ ഇതിനുശേഷം വീണ്ടും രോഗാതുരനായ വോൾട്ടയർ മേയ് 30-ന്‌ അന്തരിച്ചു

സഭയ്ക്കെതിരായ വിമർശനങ്ങൾ മരണത്തിനുമുമ്പ് തിരിച്ചെടുക്കാൻ കൂട്ടാക്കാതിരുന്നതിനാൽ വോൾട്ടയർക്ക് ക്രിസ്തീയരീതിയിലുള്ള ശവസംസ്കാരം നിഷേധിക്കപ്പെട്ടു. എന്നാൽ ഈ നിഷേധം പ്രസിദ്ധപ്പെടുത്തുന്നതിനുമുമ്പ് സുഹൃത്തുക്കൾ ഷാം‌പെയ്നിലെ സെയ്ലെറെയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ തലച്ചോറും ഹൃദയവും പ്രത്യേകം എംബാം ചെയ്യപ്പെട്ടിരുന്നു. വോൾട്ടയറെ ഫ്രഞ്ച് വിപ്ലവത്തിന്റെ ആചാര്യന്മാരിലൊരാളായി കണക്കാക്കിയിരുന്ന ദേശീയ അസംബ്ലി 1791-ൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പാരീസിലേക്ക് കൊണ്ടുവന്ന് പാന്തിയോണിൽ സംസ്കരിച്ചു.

വോൾട്ടയറുടെ ഏറ്റവുമാദ്യം പ്രസിദ്ധീകരിക്കപ്പെട്ട രചന തന്നെ പദ്യത്തിലായിരുന്നു. Henriade, The Maid of Orleans എന്നീ നീണ്ട കാവ്യങ്ങളും അനേകം ചെറുകവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. വിർജിലിന്റെ അനുകരണമായായിരുന്നു Henriade രചിച്ചത്. വിഷയത്തിലുള്ള ധാരണക്കുറവും അതിനോടുള്ള ഉത്സാഹമില്ലായ്മയും രചനയെ മോശമായി ബാധിച്ചു. The Maid of Orleans മതത്തെയും ചരിത്രത്തെയും ആക്ഷേപിക്കുന്ന രചനയുമായിരുന്നു. വോൾട്ടയറുടെ ചെറുകവിതകളാണ്‌ ഇവയെക്കാൾ മികച്ചുനിൽക്കുന്നവയായി കരുതപ്പെടുന്നത്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2006-05-12. Retrieved 2010-08-16.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-02-17. Retrieved 2010-08-16.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • App, Urs. The Birth of Orientalism. Philadelphia: University of Pennsylvania Press, 2010 (hardcover, ISBN 978-0-8122-4261-4); contains a 60-page chapter (pp. 15–76) on Voltaire as a pioneer of Indomania and his use of fake Indian texts in anti-Christian propaganda.
  • Besterman, Theodore, Voltaire, (1969).
  • Brumfitt, J. H. Voltaire: Historian (1958) online edition
  • Davidson, Ian, Voltaire. A Life, London, Profile Books, 2010. ISBN 978184668261
  • Durant, Will, The Story of Civilization. Vol. IX: The Age of Voltaire. New York: Simon and Schuster, 1965.
  • Gay, Peter, Voltaire's Politics, The Poet as Realist, Yale University, 1988.
  • Hadidi, Djavâd, Voltaire et l'Islam, Publications Orientalistes de France, 1974.
  • Knapp, Betina L. Voltaire Revisited (2000) 228pp
  • Mason, Haydn, Voltaire, A Biography
  • Muller, Jerry Z., 2002. The Mind and the Market: Capitalism in Western Thought. Anchor Books.
  • Pearson, Roger, 2005. Voltaire Almighty: a life in pursuit of freedom. Bloomsbury. ISBN 978-1-58234-630-4. 447pp
  • Quinones, Ricardo J. Erasmus and Voltaire: Why They Still Matter (University of Toronto Press; 2010) 240 pages; Draws parallels between the two thinkers as voices of moderation with relevance today.
  • Schwarzbach, Bertram Eugene, Voltaire's Old Testament Criticism, Librairie Droz, Geneva, 1971.
  • Torrey, Norman L., The Spirit of Voltaire, Columbia University Press, 1938.
  • Vernon, Thomas S. (1989). "Chapter V: Voltaire". Great Infidels. M & M Pr. ISBN 0-943099-05-6. Archived from the original on 2001-02-08. Retrieved 2013-02-16.
  • Wade, Ira O. (1967). Studies on Voltaire. New York: Russell & Russell.
  • Wright, Charles Henry Conrad, A History of French Literature, Oxford University Press, 1912.
  • "The Cambridge Companion to Voltaire", ed by Nicholas Cronk, 2009.

ഫ്രഞ്ച് ഭാഷയിൽ

[തിരുത്തുക]
  • Pomeau, René La Religion de Voltaire, Librairie Nizet, Paris, 1974.
  • Valérie Crugten-André, La vie de Voltaire [1]

പ്രാഥമിക സ്രോതസ്സുകൾ

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വോൾട്ടയർ&oldid=4085970" എന്ന താളിൽനിന്ന് ശേഖരിച്ചത്