ദാനിയേലിന്റെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എബ്രായബൈബിളിന്റേയും ക്രിസ്ത്യാനികളുടെ പഴയനിയമത്തിന്റേയും ഭാഗമായ ഒരു ഗ്രന്ഥമാണ് ദാനിയേലിന്റെ പുസ്തകം. നബുക്കെദ്നസ്സർ രാജാവിന്റെ കാലത്ത് (ക്രി.മു. 605 - 562) ബാബിലോണിൽ പ്രവാസിയായിരുന്ന ദാനിയേൽ എന്ന യഹൂദയുവാവ് രാജസേവനത്തിൽ ഉന്നതസ്ഥാനം കൈവരിക്കുന്നതിന്റെ കഥയും അദ്ദേഹത്തിനു ലഭിച്ചതായ ദർശനങ്ങളുടേയും പ്രവചനങ്ങളുടേയും വിവരണവുമാണ് ഈ കൃതി. [1] ക്രി.മു. ആറാം നൂറ്റാണ്ടിലെ ബാബിലോൺ പ്രവാസകാലത്തെ ദൈവജ്ഞാനികളിൽ ഒരാളായി സങ്കല്പിക്കപ്പെട്ട ദാനിയേലിനെപ്പറ്റി മുൻനൂറ്റാണ്ടുകളിൽ പ്രചരിച്ചിരുന്ന കഥകൾ ക്രി.മു. രണ്ടാം നൂറ്റാണ്ടിൽ ലിഖിതരൂപത്തിൽ സമാഹരിക്കപ്പെട്ടത്, യഹൂദരെ നിർബ്ബന്ധപൂർവം യവനീകരിക്കാൻ സെല്യൂക്കിഡ് സാമ്രാട്ടായ അന്തിയോക്കസ് എപ്പിഫാനസ് നടത്തിയ ശ്രമം മൂലമുണ്ടായ മക്കബായ കലാപത്തിനിടെയാണ്. [2] ഇതിന്റെ രചനാകാലം അന്തിയോക്കസ് രാജാവിന്റെ ക്രി.മു. 164-ലെ മരണത്തിനു തൊട്ടുമുൻപായിരിക്കുമെന്നാണ് മിക്കവാറും ആധുനിക ബൈബിൾ പണ്ഡിതന്മാരുടേയും മതം.[3]


എബ്രായബൈബിളിലെ ഗ്രന്ഥങ്ങളിൽ, ഗണ്യമായൊരു ഭാഗം മറ്റൊരു ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നത് എന്ന നിലയേൽ ദാനിയേലിന്റെ പുസ്തകം വ്യത്യസ്തത പുലർത്തുന്നു. ഇതിൽ ഉപയോഗിച്ചിരിക്കുന്ന രണ്ടാമത്തെ ഭാഷ അരമായ ആണ്. എബ്രായ ഭാഷയിൽ തുടങ്ങുന്ന പുസ്തകം രണ്ടാം അദ്ധ്യായം നാലാം വാക്യത്തിന്റെ രണ്ടാം ഭാഗം മുതൽ ഏഴാം അദ്ധ്യായത്തിന്റെ അവസാനം വരെ (2:4b-7:28) അരമായ ഭാഷയിലാണ്. ഇതിലെ ആദ്യത്തെ ആറദ്ധ്യായങ്ങൾ മറ്റൊരാൾ പറയുന്ന രീതിയിലുള്ള ആറ് ആഖ്യാനങ്ങളാണ്. തുടർന്നു വരുന്ന ആറദ്ധ്യായങ്ങൾ പ്രവാചകൻ സ്വയം നടത്തുന്ന വിവരണമാണ്. ദാനിയേലിന്റേയും സുഹൃത്തുക്കളുടേയും വിശ്വാസദൃഢത തെളിയിക്കുന്ന കൊട്ടാരം കഥകളും (അദ്ധ്യായങ്ങൾ 1, 3, 6), രാജസ്വപ്നങ്ങൾക്കും ദർശനങ്ങൾക്കും ദാനിയേൽ നൽകുന്ന വ്യാഖ്യാനവുമാണ് (അദ്ധ്യായങ്ങൾ 2, 5) ആദ്യാദ്ധ്യായങ്ങളിൽ. രണ്ടാം ഭാഗത്ത് ദാനിയേലിന്റെ തന്നെ സ്വപ്നങ്ങളും ഗബ്രിയേൽ മാലാഖ അവയ്ക്കു നൽകുന്ന വ്യാഖ്യാനവുമാണ്.

അവലംബം[തിരുത്തുക]

  1. Daniel 2:48, Mesoretic text
  2. കേംബ്രിഡ്ജ് ബൈബിൾ സഹകാരി (പുറം 275)
  3. Brown, Raymond E.; Fitzmyer, Joseph A.; Murphy, Roland E., eds. (1999). The New Jerome Biblical Commentary. Prentice Hall. p. 448. ISBN 0138598363. അടുത്ത കാലം വരെ ദാനിയേലിന്റെ പുസ്തകം ശരിയായ പ്രവചനങ്ങൾ അടങ്ങിയ ചരിത്രമാണെന്ന് യഹൂദരും ക്രിസ്ത്യാനികളും കരുതിയിരുന്നു. [...] എന്നാൽ ഈ നിലപാടിനെ ഗൗരവപൂർവം പിന്തുണക്കുന്ന ആധുനിക ബൈബിൾ പണ്ഡിതന്മാർ തീരെയില്ല. അന്തിയോക്കസ് എപ്പിഫാനസ് രാജാവിന്റെ മരണത്തിനു തൊട്ടുമുൻപെങ്ങോ എഴുതപ്പെട്ടതാണ് ഇതെന്നതിന് അവഗണിക്കാനാവാത്ത തരം തെളിവുകളുണ്ട്. More than one of |pages= and |page= specified (help)
"https://ml.wikipedia.org/w/index.php?title=ദാനിയേലിന്റെ_പുസ്തകം&oldid=2640743" എന്ന താളിൽനിന്ന് ശേഖരിച്ചത്