സെഫാനിയായുടെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എബ്രായ ബൈബിളിലും ക്രിസ്ത്യാനികളുടെ പഴയനിയമത്തിലും കാണപ്പെടുന്ന ഒരു ഗ്രന്ഥമാണ് സെഫാനിയായുടെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ" എന്ന വിഭാഗത്തിൽ എട്ടാമതായി, ഹബക്കുക്കിന്റേയും ഹഗ്ഗായിയുടേയും ഗ്രന്ഥങ്ങൾക്കിടയിലാണ് മിക്കവാറും ബൈബിൾ സംഹിതകളിൽ ഇതിന്റെ സ്ഥാനം. പ്രവാചകഗ്രന്ഥങ്ങളിലെ സാധാരണവിഷയങ്ങൾ തന്നെയാണ് ഇതിലും കൈകാര്യം ചെയ്യപ്പെടുന്നത്. അധർമ്മത്തിന്റേയും അന്യദൈവാരാധനയുടേയും പേരിൽ ഇസ്രായേൽ ജനത്തിനുള്ള വിമർശനവും വിനാശപ്രവചനവും ഇതിന്റെ ഭാഗമാണ്. അതിനൊപ്പം, ഇസ്രായേലിനെ ഔദ്ധത്യത്തോടെ പീഡിപ്പിച്ചതിന് ഇതരജനതകളുടെ നാശവും പ്രവചിക്കപ്പെടുന്നു. യെരുശലേമിന്റെ വിനാശത്തിന്റെ ദീർഘദർശനവും ഇതിൽ കാണാമെങ്കിലും വിനീതരും ധർമ്മിഷ്ടരുമായ ഒരു ജനത്തിന്റെ നിവാസസ്ഥാനമായുള്ള അതിന്റെ പുനരുദ്ധാരണത്തിന്റെ സദ്വാർത്ത പ്രവചിച്ചാണ് ഗ്രന്ഥം സമാപിക്കുന്നത്. യൂദയായിലെ യോശിയാ രാജാവിന്റെ കീഴിൽ ക്രി.മു.621-ൽ ആരംഭിച്ച മതനവീകരണത്തിനു തൊട്ടു മുൻപുള്ള ദശകമായിരിക്കാം ഈ പ്രവചനഗ്രന്ഥത്തിന്റെ പശ്ചാത്തലം.[1]

ഗ്രന്ഥകർത്താവ്[തിരുത്തുക]

"യഹൂദാരാജാവും അമ്മോന്റെ പുത്രനുമായ യോശിയായുദെ നാളുകളിൽ ഹിസ്കിയായുടെ പുത്രനായ, അമര്യായുടെ പുത്രനായ ഗദല്യായുടെ പുത്രനായ കൂശിയുടെ പുത്രൻ സെഫാനിയായ്ക്ക് കർത്താവിൽ നിന്നുണ്ടായ അരുളപ്പാട്" എന്നൊരു മേൽക്കുറിപ്പോടെയാണ്(superscription) ഈ കൃതിയുടെ തുടക്കം. ഇത്ര ദീർഘമായ മേൽക്കുറിപ്പുള്ള മറ്റൊരു പ്രവാചക ഗ്രന്ഥമില്ല. ഗ്രന്ഥകാരനെക്കുറിച്ച് ആകെ ലഭ്യമായ അറിവ് ഈ കുറിപ്പിൽ ഉള്ളതാണ്. പ്രവാചകന്റെ പിതാവിന്റെ 'കൂശി' എന്ന പേരിന് കറുപ്പു നിറമുള്ളവൻ, എത്യോപ്യാക്കാരൻ[൧] എന്നൊക്കെയാണർത്ഥം.[2] അബ്രാഹവും അദ്ദേഹത്തിന്റെ സന്തതികളുമായുള്ള യഹോവയുടെ ഉടമ്പടിബന്ധത്തിൽ വിശ്വസിച്ച യഹൂദ സമൂഹം വംശപാരമ്പര്യത്തിനു കല്പിച്ചിരുന്ന പ്രാധാന്യമായിരിക്കണം, നാലാം തലമുറവരെയെത്തുന്ന വംശാവലി ചരിത്രം വഴി സ്വന്തം എബ്രായപാരമ്പര്യം സ്ഥാപിച്ച് പ്രവചനം തുടങ്ങാൻ പ്രവാചകനെ പ്രേരിപ്പിച്ചത്. ആ വംശാവലി ചെന്നെത്തുന്ന ഹിസ്കീയാ എന്ന പൂർവികൻ, യൂദയായുടെ ഏറ്റവും ധർമ്മിഷ്ടരായ ഭരണകർത്താക്കളിൽ ഒരുവനായി കണക്കാക്കപ്പെടുന്ന ഹീസ്കീയാ രാജാവാണെന്നു വാദമുണ്ട്.[3]

ഉള്ളടക്കം[തിരുത്തുക]

മൂന്നദ്ധ്യായങ്ങൾ മാത്രം അടങ്ങുന്ന സെഫാനിയായുടെ പുസ്തകത്തിൽ ആദ്യാദ്ധ്യായം ഒന്നാം വാക്യം പ്രവാചകനേയും പ്രവചനകാലത്തേയും അവതരിപ്പിക്കുന്ന മേൽക്കുറിപ്പാണ്. കൃതിയുടെ ബാക്കി ഭാഗത്തെ ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ മൂന്നായി തിരിക്കാം.[4]

  • 1.2 മുതൽ 2.3 വരെ: അധർമ്മത്തിലും ദൈവനിഷേധത്തിലും മുഴുകിയ യൂദയായിലെ ജനതയുടെ വിമർശനവും പശ്ചാത്താപത്തിനുള്ള ആഹ്വാനവുമാണ് ഈ ഭാഗം. ദുരിതങ്ങൾ നിറഞ്ഞ കർത്താവിന്റെ ദിനത്തെക്കുറിച്ചുള്ള മുന്നറിയിപ്പും ഇവിടെ കാണാം.
  • 2.4 മുതൽ 2.15 വരെ: ഫിലിസ്തിയ, കാനാൻ, അമ്മോൻ, മൊവാബ്, എത്യോപ്യ, അസീറിയ എന്നിങ്ങനെ വിവിധ വിദേശജനതകൾക്കും രാഷ്ട്രങ്ങൾക്കും എതിരായുള്ള അരുളപ്പാടുകളാണ് ഈ ഭാഗത്തുള്ളത്.
  • മൂന്നാമദ്ധ്യായം: ഇതു മുഴുവൻ തന്നെ യെരുശലേമിനെക്കുറിച്ചാണ്. ആദ്യത്തെ എട്ടു വാക്യങ്ങൾ(3:1-8) ആ നഗരത്തിനെതിരെയുള്ള വിധിയും വിനാശപ്രവചനവുമാണ്. തുടർന്നുള്ള ഭാഗം (3:9-20) യെരുശലേമിന്റെ പുനരുദ്ധാരണത്തെക്കുറിച്ചുള്ള വാഗ്ദാനമാണ്. പുനരുത്ഥാനവാഗ്ദാനം അടങ്ങുന്ന അന്ത്യഭാഗം, പ്രത്യേകിച്ച് 14 മുതൽ 20 വരെ വാക്യങ്ങൾ, കൃതിയുടെ മറ്റുഭാഗങ്ങളിലെ ഭീഷണസന്ദേശവുമായി ചേർന്നു പോകാത്തതിനാൽ അതു പിൽക്കാലത്ത് കൂട്ടിച്ചേർത്തതാണെന്നു കരുതുന്നവരുണ്ട്. എന്നാൽ ഭീതിജനകമായ മുന്നറിയിപ്പുകൾക്കു ശേഷം ശോഭനമായ ഭാവിയുടെ സന്ദേശം വിളമ്പുകയെന്നത് പ്രവാചകപാരമ്പര്യത്തിൽ പതിവായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[4]

കുറിപ്പുകൾ[തിരുത്തുക]

^ കൃതിയുടെ ഒരു ഭാഗത്ത് പ്രവാചകൻ എത്യോപ്യാക്കാരുടെ നാശവും അസന്ദിഗ്ദ്ധമയി പ്രവചിക്കുന്നുണ്ട്. "എത്യോപ്യാക്കാരെ, നിങ്ങളും എന്റെ വാളിനിരയാകും" എന്നാണ് പ്രവചനം.[5]

അവലംബം[തിരുത്തുക]

  1. Introduction Zephaniah, Good News Bible with Deuterocanonicals (പുറം 1020)
  2. Smith's Bible Dictionary
  3. "..Zephaniah, about whom we know nothing except that he was possibly a descendant of King Hezekiah..." കേംബ്രിഡ്ജ് ബൈബിൾ സഹകാരി(പുറം 219)
  4. 4.0 4.1 Sophonias (Zephaniah), കത്തോലിക്കാ വിജ്ഞാനകോശം
  5. സെഫാനിയായുടെ പുസ്തകം 2:12
"https://ml.wikipedia.org/w/index.php?title=സെഫാനിയായുടെ_പുസ്തകം&oldid=1695241" എന്ന താളിൽനിന്ന് ശേഖരിച്ചത്