നാഹുമിന്റെ പുസ്തകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യഹൂദരുടെ ബൈബിൾ സംഹിതയായ തനക്കിലും ക്രിസ്തീയ ബൈബിളിന്റെ ആദ്യഭാഗമായ പഴയനിയമത്തിലും ഉൾപ്പെട്ട ഒരു ഗ്രന്ഥമാണ് നഹൂമിന്റെ പുസ്തകം. ദൈർഘ്യം കുറഞ്ഞ 12 പ്രവചനഗ്രന്ഥങ്ങൾ ചേർന്ന "ചെറിയ പ്രവാചകന്മാർ"(minor prophets) എന്ന വിഭാഗത്തിൽ ഏഴാമത്തേതായാണ് മിക്കവാറും ബൈബിൾ സംഹിതകളിൽ ഇതിന്റെ സ്ഥാനം. ക്രി.മു. 612-ൽ ബാബിലോണിന്റെ ആക്രമണത്തിൽ, അസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നിനവേയ്ക്കു സംഭവിച്ച പതനം "ആഘോഷിക്കുന്ന" രചനയാണിത്.[1] ഒരു നൂറ്റാണ്ടിലേറെ മുൻപ് ക്രി.മു. 722-ൽ വിഭക്തപലസ്തീനയിലെ ഉത്തര ഇസ്രായേൽ ദേശത്തെ കീഴടക്കി ദേശവാശികളിൽ ഏറെപ്പേരെ അടിമകളാക്കുകയും യൂദയാരാജ്യത്തെ മേൽക്കോയ്മയുടെ ഭാരം കൊണ്ടു വലയ്ക്കുകയും ചെയ്തിരുന്ന അസീറിയായുടെ ദുർഗ്ഗതിയിൽ അതിരില്ലാത്ത ആഹ്ലാദം പ്രകടിപ്പിക്കുന്ന നഹും, ആ ശത്രുസാമ്രാജ്യത്തിന്റെ പതനത്തെ മനുഷ്യചരിത്രത്തിനു മേലുള്ള ദൈവിക നിയന്ത്രണത്തിനു തെളിവായി കാണുന്നു.

കർതൃത്വം, കാലം[തിരുത്തുക]

ഗ്രന്ഥകർത്താവായ നഹൂം 'എൽക്കോശ്' സ്വദേശിയായിരുന്നെന്ന് ആദ്യവാക്യത്തിൽ തന്നെ പറയുന്നു. പ്രവാചകൻ ഗലീലാക്കാരൻ ആയിരുന്നെന്നും 'എൽക്കോശ്' ഗലീലായിലെ കഫർന്നഹൂം തന്നെയാണെന്നും[൧] മറ്റും കരുതുന്നവരുണ്ടെങ്കിലും 'എൽക്കോശ്' എവിടെയായിരുന്നു എന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമേയുള്ളു. നിനവേ നഗരത്തെക്കുറിച്ച് ഈ കൃതി പ്രകടിപ്പിക്കുന്ന വിശദമായ അറിവിന്റെ പശ്ചാത്തലത്തിൽ, നിനവേയിൽ തന്നെ ജീവിച്ചിരുന്ന ഒരു ഇസ്രായേൽക്കാരനായിർന്നു പ്രവാചകൻ എന്നു വാദിക്കപ്പെട്ടിട്ടുണ്ട്. നിനവേയുടെ സ്ഥാനത്ത് ഉത്തര ഇറാക്കിലുള്ള മൊസൂൾ നഗരത്തിലെ ഒരു ശവകുടീരം നഹൂമിന്റേതെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും അതിനെ പ്രവാചകനുമായി ബന്ധിപ്പിക്കുന്ന പാരമ്പര്യത്തിന് 16-ആം നൂറ്റാണ്ടിനപ്പുറം പഴക്കമില്ല എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[2] ഈ ഗ്രന്ഥത്തിന്റെ രചനാകാലത്തെക്കുറിച്ചും കൃത്യമായി എന്തെങ്കിലും പറയുക ബുദ്ധിമുട്ടാണ്. നിനവേയുടെ പതനത്തെക്കുറിച്ച് ഇതിലുള്ള പരാമർശം, സംഭവം നടന്നതിനു തൊട്ടുപിന്നെയുള്ള വിവരണമോ വീഴ്ചക്കുമുൻപുള്ള അസീറിയയുടെ അധോഗതിയുടെ പശ്ചാത്തലത്തിൽ നടത്തിയ പ്രവചനമോ ആകാം. ഈജിപ്തിലെ തീബ്സ് നഗരത്തിന് ക്രി.മു. 661-ൽ അസീറിയയുടെ ആക്രമണത്തിൽ സംഭവിച്ച നാശത്തെ നടന്നു കഴിഞ്ഞ കാര്യമെന്ന മട്ടിൽ ഈ കൃതി വിവരിക്കുന്നുണ്ട്.[3] ഈ സൂചനകൾ വച്ച് ക്രി.മു. 661-നും 612-നും ഇടയ്ക്കുള്ള കാലത്ത് രൂപപ്പെട്ടതാണ് ഈ രചന എന്നു കരുതാം.[4]

ഉള്ളടക്കം[തിരുത്തുക]

ദൈവപ്രതാപം[തിരുത്തുക]

മൂന്നദ്ധ്യായങ്ങളുള്ള ഈ കൃതിയുടെ ഒന്നാം അദ്ധ്യായത്തിന്റെ ആദ്യപകുതി, പ്രതാപപൂർവമുള്ള ദൈവപ്രതികാരത്തിന്റെ പേടിപ്പെടുത്തുന്ന ചിത്രം അവതരിപ്പിക്കുന്ന മുദ്രാലങ്കാരത്തിലുള്ള (acrostic) കവിതയാണ്.[4][൨]

ഈ അദ്ധ്യായത്തിന്റെ ബാക്കി ഭാഗത്ത് പ്രവാചകൻ നിനവേയുടെ നേതാക്കന്മാരെ അവരുടെ അഹങ്കാരത്തിന്റെ പേരിൽ കുറ്റപ്പെടുത്തുകയും ദൈവത്തിൽ നിന്നുള്ള ഇസ്രായേലിന്റെ സദ്വാർത്തയെക്കുറിച്ച് പറയുകയും ചെയ്യുന്നു.

നിനവേയുടെ പതനം[തിരുത്തുക]

നിനവേയുടെ പതനത്തിന്റെയും നഗരവാസികളുടെ പരിഭ്രാന്തിയുടേയും നാടകീയമായ വിവരണമാണ് രണ്ടാം അദ്ധ്യായം മിക്കവാറും.

എന്നാൽ അതിനിടെ നഗരത്തിന്റെ ക്രൗര്യം നിറഞ്ഞ പഴയ പ്രതാപത്തിന്റെ അനുസ്മരണവുമുണ്ട്.

പരിഹാസം[തിരുത്തുക]

വിനാശത്തിനു വിധിക്കപ്പെട്ട നിനവേയെ പരിഹാസപൂർവം സംബോധന ചെയ്യുന്ന കവിതയാണ് മൂന്നാമത്തെ അദ്ധ്യായത്തിന്റെ മുഖ്യഭാഗം. അതിലൊരിടത്ത് ദൈവം നഗരത്തോടു പറയുന്നു: "ഞാൻ നിന്റെ പാവാട നിന്റെ മുഖം വരെ ഉയർത്തും. അങ്ങനെ നിന്റെ നഗ്നത ദർശിക്കാൻ ജനതകളേയും നിന്റെ അപമാനം ദർശിക്കാൻ രാജ്യങ്ങളേയും ഞാൻ അനുവദിക്കും. ഞാൻ നിന്റെ മേൽ ചെളിവാരി എറിയും; നിന്നോടു ഞാൻ അവജ്ഞ കാട്ടും.[8]

കുറിപ്പുകൾ[തിരുത്തുക]

^ 'കഫർന്നഹൂം' എന്ന പേരിന് "നഹൂമിന്റെ ഗ്രാമം" (കഫർന്നഹൂം) എന്നാണ് അർത്ഥം.[9]

^ ...an awesome statement of the avenging majesty of God.

അവലംബം[തിരുത്തുക]

  1. Nahum, Introduction, Good News Bible with Deuterocanonicals "....a poem celebrating the fall of Nineveh...."
  2. നഹൂമിന്റെ പുസ്തകം, യഹൂദവിജ്ഞാനകോശം
  3. നഹൂമിന്റെ പുസ്തകം 3:8-10
  4. 4.0 4.1 കേംബ്രിഡ്ജ് ബൈബിൾ സഹകാരി, പുറങ്ങൾ 213-5
  5. നാഹുമിന്റെ പുസ്തകം 1:3-7
  6. നാഹുമിന്റെ പുസ്തകം 2:6-7
  7. നാഹുമിന്റെ പുസ്തകം 2:11-12
  8. നാഹുമിന്റെ പുസ്തകം 3:5-6
  9. നഹൂം, കത്തോലിക്കാ വിജ്ഞാനകോശം
"https://ml.wikipedia.org/w/index.php?title=നാഹുമിന്റെ_പുസ്തകം&oldid=3753698" എന്ന താളിൽനിന്ന് ശേഖരിച്ചത്