സൂസന്ന (ബൈബിൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദാനിയേൽ(പരിശിഷ്ടം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂസന്നയുടെ പക്ഷം വാദിക്കുന്ന ദാനിയേൽ, പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു സചിത്രബൈബിളിൽ നിന്ന്

എബ്രായബൈബിളിലെ ദാനിയേലിന്റെ പുസ്തകത്തിന്റെ ഗ്രീക്കു പരിഭാഷയിൽ കാണപ്പെടുന്ന ഒരു കഥയുടേയും അതിലെ നായികയുടേയും പേരാണ് സൂസന്ന. 'സൂസന്ന' അല്ലെങ്കിൽ 'ശോശന്ന' എന്ന വാക്കിന് 'ലില്ലിപ്പുഷ്പം' എന്നാണർത്ഥം. റോമൻ കത്തോലിക്കരുടേയും പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടേയും ബൈബിൾ സംഹിതകളിൽ ഇക്കഥ, ദാനിയേലിന്റെ പുസ്തകത്തിന്റെ ഭാഗമാണ്. പ്രൊട്ടസ്റ്റന്റ് ക്രിസ്തീയത ഇതിനെ ബൈബിളിന്റെ പ്രാമാണിക ഭാഗമായി അംഗീകരിക്കുന്നില്ല. ആംഗ്ലിക്കൻ സഭ സൂസന്നയുടെ കഥയെ ബൈബിൾ സംഹിതയുടെ ഭാഗമെങ്കിലും വിശ്വാസനിർണ്ണയത്തിൽ ആശ്രയിക്കാവുന്നതല്ലാത്ത ഖണ്ഡമായും കണക്കാക്കുന്നു.[1] യഹൂദരുടെ ബൈബിൾ സംഹിതയായി തനക്കിൽ ഇതിനു സ്ഥാനമില്ല. ആദ്യകാല യഹൂദസാഹിത്യം ഇതിനെ പരാമർശിക്കുന്നുമില്ല.[2][൧]

പൊതുവർഷം രണ്ടാം നൂറ്റാണ്ടിലെ യവനീകൃതയഹൂദൻ തിയോഡോഷൻ സൃഷ്ടിച്ച ബൈബിൾ പരിഭാഷയിൽ സൂസന്നയുടെ കഥ ചേർത്തിരിക്കുന്നത് ദാനിയേലിന്റെ പുസ്തകത്തിന്റെ തുടക്കത്തിലാണ്. തിയൊഡോഷന്റെ പാഠത്തെ ആശ്രയിക്കുന്ന മറ്റു ഭാഷ്യങ്ങളും ഈ ക്രമീകരണം പിന്തുടർന്നു. എന്നാൽ പുരാതന യവനപരിഭാഷയായ സെപ്ത്വജിന്റിലും ജെറോമിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്തയിലും ഇതു ചേർത്തിരിക്കുന്നത് ദാനിയേലിന്റെ പുസ്തകത്തിന്റെ അവസാനമാണ്. ആധുനിക കാലത്തെ കത്തോലിക്കാ, പൗരസ്ത്യ ഓർത്തഡോക്സ് സഭകളുടെ ബൈബിൾ സംഹിതകളും ഈ ക്രമീകരണം പിന്തുടരുന്നു.[3]

കഥ[തിരുത്തുക]

ബാബിലോണിലെ ധനികനായ യഹൂദൻ, യോവാക്കീമിന്റെ പതിവ്രതയും സുന്ദരിയുമായ പത്നിയാണ് കഥയിലെ നായിക 'സൂസന്ന'. സായാഹ്നത്തിൽ വീട്ടിലെ ഉദ്യാനത്തിൽ ഉലാത്തിയിരുന്ന അവൾ, ആയിടെ ന്യായാധിപന്മാരായി നിയമിക്കപ്പെട്ട രണ്ടു മുതിർന്ന മനുഷ്യരുടെ ശ്രദ്ധയിൽ പെട്ടു. കാമമോഹിതരായ അവർ തങ്ങളുടെ ആഗ്രഹനിവൃത്തിക്ക് വഴങ്ങാൻ അവളെ പ്രേരിപ്പിച്ചു. അവൾ വഴങ്ങാതിരുന്നതിനെ തുടർന്ന് അവർ അവൾക്കെതിരെ വ്യഭിചാരക്കുറ്റം ആരോപിച്ചു. അവളുടെ കുറ്റത്തിന് ദൃക്സാക്ഷികളാണു തങ്ങളെന്ന അവരുടെ അവകാശവാദത്തിന്റെ ആശ്രയത്തിൽ വധശിക്ഷ വിധിച്ചുകിട്ടിയ അവൾ, കൊലക്കളത്തിലേക്ക് ആനയിക്കപ്പെട്ടു.

അന്ന് കേവലം ബാലനായിരുന്ന ദാനിയേൽ പ്രവാചകൻ അപ്പോൾ അവളുടെ രക്ഷക്കെത്തി. സൂസന്നയുടെ ആരോപകരെ വെവ്വേറെ ചോദ്യം ചെയ്ത ദാനിയേൽ അവരുടെ ആരോപണത്തിന്റെ കാപട്യം തുറന്നു കാട്ടി. സൂസന്ന ചെയ്തതായി അവർ ആരോപിച്ച കുറ്റം ഉദ്യാനത്തിൽ ഏതു വൃക്ഷത്തിൽ കീഴിലാണ് നടന്നതെന്ന ചോദ്യത്തിന് ആരോപകർ ഇരുവരും വ്യത്യസ്ത മറുപടികൾ നൽകിയതാണ് അവർക്കു വിനയായത്. ഒടുവിൽ സൂസന്നക്കു വിധിച്ചിരുന്ന ശിക്ഷ കുറ്റാരോപകർക്കു ലഭിക്കുന്നതോടെ കഥ ശുഭമായി സമാപിക്കുന്നു. ബാലനായ ദാനിയേലിന്റെ പ്രശസ്തി ഇതുമൂലം ഉയർന്നതായും കഥയിൽ പറയുന്നു.[4]

വിലയിരുത്തൽ[തിരുത്തുക]

സൂസന്നയുടെ കഥയുടെ പശ്ചാത്തലത്തേയും, രചനാലക്ഷ്യങ്ങളേയും കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ നിലവിലുണ്ട്. ഇതൊരു കല്പിതകഥയാണെന്ന കാര്യത്തിൽ സാമാന്യമായ അഭിപ്രായസമന്വയം ഉണ്ടെങ്കിലും ജെറമിയാ പ്രവാചകൻ ശപിച്ച രണ്ടു വ്യാജപ്രവാചകന്മാരുടെ ഗതിയാണ് ഇതു സൂചിപ്പിക്കുന്നതെന്ന പക്ഷവുമുണ്ട്. റബൈനിക കോടതികളിലെ നടപടിക്രമങ്ങൾ പരിഷ്കരിക്കണം എന്നു വാദിക്കുന്ന താർക്കിക രചനയാണ് ഇതെന്ന് ചിലർ കരുതുന്നു. എന്നാൽ, ജനപ്രീതി നേടിയ ഒരു മതേതര കഥയാണിതെന്ന അഭിപ്രായമാണ് പ്രബലം. അതിന്റെ പശ്ചാത്തലം യഹൂദേതരം ആയിരിക്കാൻ പോലും ഇടയുണ്ട്. പുരാതനലോകത്തിൽ സ്വതന്ത്രമായി പ്രചരിച്ചിരുന്ന ഒട്ടേറെ ദാനിയേൽ കഥകളിൽ ഒന്നാകാം ഇതിനു പിന്നിൽ. അത്തരം ദാനിയേൽ ഐതിഹ്യങ്ങളുടെ ശകലങ്ങൾ ചാവുകടൽ ചുരുളുകളുടെ ഭാഗമായി കണ്ടു കിട്ടിയിട്ടുണ്ടെന്നത് ഇതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.[3]

ഇതിന്റെ മൂലഭാഷ ഗ്രീക്ക് ആയിരിക്കണം. എന്നാൽ ഇത് ഒരു സെമെറ്റിക് ഭാഷയിൽ എഴുതപ്പെട്ടതാണെന്നും ആ ഭാഷ അരമായയോ എബ്രായ ഭാഷ തന്നെയോ ആകാം എന്നുമുള്ള വാദം അടുത്തകാലത്ത് ഉന്നയിക്കപ്പെട്ടിട്ടുണ്ട്. പേർഷ്യൻ ഭരണകാലം മുതൽ പൊതുവർഷം ഒന്നാം നൂറ്റാണ്ടിനു മുൻപ് എന്നെങ്കിലും എഴുതപ്പെട്ടതാകാം ഇത്.[3]

കുറിപ്പുകൾ[തിരുത്തുക]

^ യഹൂദർ ഇക്കഥ മറച്ചുവെച്ചെന്ന് ക്രിസ്തീയചിന്തകൻ ഒരിജൻ പരാതിപ്പെടുക പോലും ചെയ്തു.[2]

അവലംബം[തിരുത്തുക]

  1. Article VI at anglicansonline.org
  2. 2.0 2.1 സൂസന്ന, യഹൂദവിജ്ഞാനകോശത്തിലെ ലേഖനം
  3. 3.0 3.1 3.2 സൂസന്ന, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 720-21)
  4. പി.ഓ.സി. മലയാളം ബൈബിൾ പരിഭാഷ, ദാനിയേലിന്റെ പുസ്തകം 13:64
"https://ml.wikipedia.org/w/index.php?title=സൂസന്ന_(ബൈബിൾ)&oldid=2286533" എന്ന താളിൽനിന്ന് ശേഖരിച്ചത്