സംഖ്യ (ബൈബിൾ പഴയനിയമം)
എബ്രായ ബൈബിളിലേയും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന രചനാസമുച്ചയത്തിലേയും നാലാമത്തെ ഗ്രന്ഥമാണ് സംഖ്യ അല്ലെങ്കിൽ സംഖ്യാപുസ്തകം (ഇംഗ്ലീഷ്:Book of Numbers). പഞ്ചഗ്രന്ഥി എന്നു കൂടി അറിയപ്പെടുന്ന യഹൂദനിയമസംഹിതയായ തോറായിലെ അഞ്ചുഗ്രന്ഥങ്ങളിൽ നാലാമത്തേതും ഇതാണ്. ഇതിനെ മൂന്നു ഖണ്ഡങ്ങളായി തിരിക്കാനാകും:
- സിനായ് പർവതപ്രദേശത്തുവച്ച് മോശെ ജനങ്ങളെ എണ്ണി തിട്ടപ്പെടുത്തുന്നതും, വാഗ്ദത്തഭൂമിയിലേക്കുള്ള യാത്രയുടെ പുനരാരംഭത്തിനുള്ള ഒരുക്കങ്ങളും(1–10:10).
- സീനായ് മുതൽ മൊവാബ് വരെയുള്ള യാത്രയുടെ വിവരണം; ഇസ്രായേലിലേക്കുള്ള പ്രവേശനത്തിനു മുന്നോടിയായി അവിടേയ്ക്ക് ചാരന്മാരെ അയക്കുന്നതും അവർ കൊണ്ടുവരുന്ന വിവരങ്ങളും; വഴിയിൽ നേരിടേണ്ടിവന്ന കഷ്ടതകളെക്കുറിച്ചുള്ള ജനത്തിന്റെ എട്ടുവട്ടം ആവർത്തിച്ചുള്ള പിറുപിറുക്കലും അതുമൂലമുണ്ടായ ദൈവകോപവും; തുടർന്ന് നാലു ദശകങ്ങളോളം മരുഭൂമിയിൽ അലഞ്ഞുതിരിയാനുള്ള ദൈവവിധി(10:11–21:20).
- യോർദ്ദാൻ നദി കടക്കുന്നതിനു മുൻപ് മൊവാബിലെ സമതലത്തിൽ നടന്ന സംഭവങ്ങൾ; രണ്ടാമതൊരു കനേഷുമാരി ഇതിൽ ഉൾപ്പെടുന്നു. (21:21–36).
ഇസ്രായേൽ ജനത്തെ ഈ വാക്കുകളിൽ അനുഗ്രഹിക്കാൻ പുരോഹിതർ നിർദ്ദേശിക്കപ്പെടുന്നതായി സംഖ്യയിൽ വായിക്കാം: “യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും പരിരക്ഷിക്കുകയും ചെയ്യട്ടെ. യഹോവ തന്റെ മുഖശോഭ നിങ്ങൾക്കു കാണിച്ചു തരുകയും നിങ്ങളോട് കരുണകാണിക്കുകയും ചെയ്യട്ടെ. യഹോവ നിങ്ങൾക്കു നേരെ മുഖം തിരിക്കുകയും നിങ്ങൾക്ക് ശാന്തി തരുകയും ചെയ്യട്ടെ.”[1] ഈ പുരോഹിതാനുഗ്രഹം യഹൂദാരാധനകളിലും ആഘോഷങ്ങളിലും പതിവായി ആവർത്തിക്കപ്പെടുന്നു.[2] ചിലപ്പോൾ, വെള്ളിയാഴ്ച വൈകിട്ടുള്ള സാബത്തു ഭക്ഷണസമയത്ത് മാതാപിതാക്കൾ മക്കളേയും ഈ വാക്കുകളിൽ അനുഗ്രഹിക്കാറുണ്ട്.[3]
ഈ പുസ്തകം ഉൾക്കൊള്ളുന്ന ചരിത്രത്തിന്റെ ദൈർഘ്യം ഈജിപ്തിൽ നിന്നുള്ള പുറപ്പാടിനുശേഷം രണ്ടാം വർഷം രണ്ടാം മാസം മുതൽ നാല്പതാം വർഷം പതിനൊന്നാം മാസത്തിന്റെ തുടക്കം വരെയുള്ള 37 വർഷവും 9 മാസവുമാണ്; പൊതുവേ അലച്ചിലിന്റെ വിഷമം പിടിച്ച കാലഘട്ടമായിരുന്നു അത്. അതിന്റെ പൂർത്തിയിൽ ഇസ്രായേൽ ജനത്തിന്റെ എണ്ണം, ഈജിപ്തിൽ നിന്നു പുറപ്പെട്ടപ്പോഴുള്ളതിനേക്കാൾ കുറഞ്ഞിരുന്നു. പഞ്ചഗ്രന്ഥിയിലെ അഞ്ചുഗ്രന്ഥങ്ങളുടേയും കർത്താവ് മോശെ ആണെന്നാണ് യഹൂദപാരമ്പര്യം. ഇന്ന് പണ്ഡിതന്മാർ ഈ വിഷയത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നു. മൂലകൃതി പുരാതനകാലത്ത് മോശെ എഴുതിയതു തന്നെയാണെന്ന യാഥാസ്ഥിതിക പക്ഷവും, ഒന്നിലേറെ ലേഖകന്മാർ ചേർന്ന് പിൽക്കാലത്തെങ്ങോ രചിച്ചതാണെന്ന എതിർപക്ഷവും നിലവിലുണ്ട്.[4]
അവലംബം
[തിരുത്തുക]- ↑ Numbers 6:24-26 (NJB)
- ↑ Priests, in Illustrated Dictionary & Concordance of the Bible, 1986. Wigoder G, Paul S, Viviano B, Stern E, eds., G.G. Jerusalem Publishing House Ltd. And Reader’s Digest Association, Inc. ISBN 0895774070
- ↑ Blessing The Children article at judaism.about.com
- ↑ "Introduction to the Old Testament", chapter on Numbers, by T. Longman and R. Dillard, Zondervan Books (2006)