ശമുവേലിന്റെ പുസ്തകങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എബ്രായ ബൈബിളിലും പഴയനിയമം എന്നു ക്രിസ്ത്യാനികൾ വിളിക്കുന്ന രചനാസമുച്ചയത്തിലും ഉൾപ്പെടുന്ന രണ്ടു ഗ്രന്ഥങ്ങളാണ് ശമുവേലിന്റെ പുസ്തകങ്ങൾ. എബ്രായ ഭാഷയിലാണ് ഇതിന്റെ മൂലം രചിക്കപ്പെട്ടത്. ഇസ്രായേലിൽ ന്യായാധിപന്മാരെന്നറിയപ്പെട്ടിരുന്ന ഗോത്രനേതാക്കളുടെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ ആരംഭിച്ച് രാജവാഴ്ചയുടെ സ്ഥാപനത്തിലൂടെ പുരോഗമിച്ച്, ആദ്യരാജാവായ സാവൂളിന്റേയും ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് ദാവീദിന്റേയും കഥ പറയുന്ന ഈ കൃതി, ദാവീദിന്റെ വയോവൃദ്ധാവസ്ഥയിൽ സമാപിക്കുന്നു. ശമുവേലിന്റെ പുസ്തകം എന്ന ഗ്രന്ഥനാമത്തിന്, ഇസ്രായേലിന്റെ അവസാനത്തെ ന്യായാധിപനും രാജവാഴ്ചയിലേക്കുള്ള ഗോത്രങ്ങളുടെ പരിവർത്തനത്തിൽ നിർണ്ണായക പങ്കുവഹിച്ചവനുമായ ശമുവേലിന്റെ പേരുമായാണ് ബണ്ഡം. ഈ കൃതിയിൽ ഏറെ പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെടുന്ന ഒരു കഥാപാത്രമാണ് ശമുവേൽ.

ശമുവേൽ ഒന്നാം പുസ്തകം, രണ്ടാം പുസ്തകം എന്നിങ്ങനെ വിഭജിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ കൃതി യഥർത്ഥത്തിൽ ഒരു പുസ്തകം തന്നെയാണ്. രണ്ടു ഭാഗങ്ങളായുള്ള വിഭജനം ആദ്യം സ്വീകരിച്ചത് പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിലാണ്. ക്രി.വ. നാലാം നൂറ്റാണ്ടിൽ ക്രിസ്തീയ ബൈബിൾ സമുച്ചയത്തിന്റെ ലത്തീൻ പരിഭാഷയായ വുൾഗാത്ത സൃഷ്ടിച്ച ജെറോം സെപ്ത്വജിന്റിലെ വിഭജന രീതി സ്വീകരിച്ചതോടെ അതിനു പ്രചാരം കിട്ടി. ഗ്രീക്ക്, ലത്തീൻ പരിഭാഷകളിൽ ശമുവേലിന്റെ പുസ്തകങ്ങൾ പ്രത്യക്ഷപ്പെടുന്നത് അവയെ തുടർന്നു വരുന്ന രാജാക്കന്മാരുടെ പുസ്തകങ്ങൾ കൂടി ചേർന്ന് നാലു പുസ്തകങ്ങൾ ഉൾപ്പെട്ട ഒരു പരമ്പരയുടെ ഭാഗമായാണ്. ഈ പരമ്പരയിൽ ശമുവേലിന്റെ പുസ്തകം രാജാക്കന്മാരുടെ ഒന്നും രണ്ടു പുസ്തകങ്ങളും, ഒന്നായിരുന്ന രാജാക്കന്മാരുടെ പുസ്തകം, രാജാക്കന്മാർ മൂന്നും നാലും പുസ്തകങ്ങളും ആയിത്തീർന്നു. പതിനാറാം നൂറ്റാണ്ടിൽ വെനീസിൽ മുദ്രണം ചെയ്യപ്പെട്ട ദാനിയേൽ ബോംബെർഗിന്റെ യഹൂദ ബൈബിൾ പോലും ഈ ക്രമീകരണം സീകരിച്ചു.[1]

ഘടന[തിരുത്തുക]

മൊത്തം 55 അദ്ധ്യായങ്ങളുള്ള ഈ ഗ്രന്ഥങ്ങളുടെ ഏകദേശഘടന ഇപ്രകാരമാണ്:-[2]

  • 1 ശമുവേൽ 1-15 ശമുവേലും സാവൂളും
  • 1 ശമുവേൽ 16-31 സാവൂളും ദാവീദും
  • 2 ശമുവേൽ 1-8 ദാവീദിന്റെ അധികാരപ്രാപ്തി
  • 2 ശമുവേൽ 9-20 ദാവീദിന്റെ ഭരണം
  • 2 ശമുവേൽ 21-24 വർണ്ണനകൾ, സങ്കീർത്തനങ്ങൾ, പട്ടികകൾ


അവലംബം[തിരുത്തുക]

  1. യഹൂദവിജ്ഞാനകോശം, ശമുവേലിന്റെ പുസ്തകങ്ങൾ
  2. ശമുവേലിന്റെ പുസ്തകം, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 674-77)