സിറാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബാർ ആസീറേ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പഴയനിയമത്തിലെ സന്ദിഗ്ദ്ധരചനകളിൽ പെടുന്ന ഒരു ജ്ഞാനസാഹിത്യഗ്രന്ഥമാണ് സിറാക്ക് അഥവാ പ്രഭാഷകൻ. യെരുശലേംകാരനായ മനീഷി, ബെൻ സിറായുടെ രചനയായ ഇതിന് "സിറായുടെ പുത്രൻ യേശുവിന്റെ വിജ്ഞാനം", "ബെൻ സിറായുടെ വിജ്ഞാനം", "എക്ലീസിയാസ്റ്റിക്കസ്" എന്നീ പേരുകളും ഉണ്ട്. ക്രി.മു. രണ്ടാം നൂറ്റാണ്ടിലെ രചനയായി ഇതു കരുതപ്പെടുന്നു. ബൈബിളിൽ പരിരക്ഷിക്കപ്പെട്ടിട്ടുള്ള ഇസ്രായേലിയ ജ്ഞാനസാഹിത്യരചനകളിൽ ഏറ്റവും ബൃഹത്തായ ഇത്, ബൈബിളിലെ ഏറ്റവും വലിയ ഗ്രന്ഥങ്ങളിൽ ഒന്നു കൂടിയാണ്.[1]

മൂലവും ഗ്രീക്കുപരിഭാഷയും[തിരുത്തുക]

"സിനായ് പുസ്തകം"(Codex sinaiticus) എന്ന പ്രാചീന കൈയെഴുത്തുപ്രതിയിൽ സിറാക്കിന്റെ ഗ്രീക്കു പരിഭാഷയിലെ ആമുഖഭാഗം

ഗ്രന്ഥപാഠത്തിൽ സൂചിപ്പിക്കപ്പെടുന്നയാളുടെ തന്നെ രചനയെന്നു ഉറപ്പു പറയാവുന്ന ചുരുക്കം പഴയനിയമഗ്രന്ഥങ്ങളിൽ ഒന്നാണിത്. യെരുശലേമിൽ ജീവിച്ചിരുന്ന വിജ്ഞാനപ്രേമിയായ ഒരു യഹൂദനായിരുന്നു ഗ്രന്ഥകാരനായ സിറാപുത്രൻ (ബെൻ സിറാ). കൃതിയുടെ അവസാനത്തോടടുത്ത് (50:27) "സിറായുടെ പുത്രൻ എലയാസറുടെ പുത്രൻ യേശുവാ" എന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നു. യുവാക്കൾക്കു വേണ്ടി ഒരു വിദ്യാലയം നടത്തിയിരുന്ന ഗ്രന്ഥകാരൻ(51:23), സ്വാർത്ഥലക്ഷ്യമൊന്നുമില്ലാതെ, അറിവ് തേടുന്ന എല്ലാവർക്കും വേണ്ടിയാണ് താൻ എഴുതുന്നതെന്ന് പറയുന്നുണ്ട്(51:25).

സിറാക്കിന്റെ എബ്രായമൂലം, റബൈനിക സാഹിത്യത്തിലെ ഒറ്റപ്പെട്ട ഉദ്ധരണികൾ ഒഴികെ, നൂറ്റാണ്ടുകളോളം നഷ്ടപ്പെട്ടിരുന്നു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഇതിന്റെ ഒട്ടേറെ ശകലങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. ഈജിപ്തിൽ പഴയ കെയ്റോ നഗരത്തിലെ ക്വാറൈറ്റ് സിനഗോഗിലെ സംഗ്രഹമുറിയിൽ 1896-നും 1900-ത്തിനും ഇടയ്ക്കു കണ്ടുകിട്ടിയ നാലു ശകലങ്ങളായിരുന്നു ഇവയിൽ ആദ്യത്തേത്. ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ കണ്ടുകിട്ടിയ ചാവുകടൽ ചുരുളുകളിലും സിറാക്ക് എബ്രായമൂലത്തിന്റെ ശകലങ്ങൾ ഉണ്ടായിരുന്നു. ഈ കണ്ടെത്തലുകൾ ചേർന്ന്, സിറാക്കിന്റെ എബ്രായമൂലം മൂന്നിൽ രണ്ടോളം ഇപ്പോൾ ലഭ്യമാണ്.[1]

ഗ്രന്ഥകാരന്റെ പൗത്രൻ ഈജിപ്തിൽ വച്ച് ഇതിനെ ഗ്രീക്കു ഭാഷയിലേക്കു പരിഭാഷപ്പെടുത്തുകയും എബ്രായ മൂലത്തിൽ ഇല്ലാതിരുന്ന ഒരു ആമുഖം[൧] എഴുതിച്ചേർക്കുകയും ചെയ്തു.

കാനോനികത[തിരുത്തുക]

യഹൂദബൈബിളിന്റെ ഭാഗമായി അംഗീകരിക്കപ്പെടാതിരുന്ന ഈ ഗ്രന്ഥത്തിന്റെ എബ്രായമൂലം പരിരക്ഷിക്കാൻ യഹൂദസമൂഹം ശ്രദ്ധിക്കാതിരുന്നതിനാൽ ഗ്രന്ഥകാരനായ സിറാപുത്രന്റെ പൗത്രൻ നിർവഹിച്ച ഗ്രീക്കു പരിഭാഷയിൽ മാത്രമാണ് ഇതിന്റെ സമ്പൂർണ്ണപാഠം ഇന്നു ലഭ്യമായുള്ളത്. ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ യഹൂദലിഖിതങ്ങളുടെ അംഗീകൃത സംഹിതയെ നിർവചിച്ച ഫരിസേയർക്ക് മരണാനന്തരമുള്ള വിധിയെ നിഷേധിക്കുകയും മറ്റും ചെയ്യുന്ന ഇതിലെ ദൈവശാസ്ത്രത്തിന്റെ സദ്ദൂക്കിയ ചായ്‌വ് അസ്വീകാര്യമായിരുന്നതിനാലാണ് വിശുദ്ധലിഖിതസഞ്ചയത്തിൽ ഇത് ഒഴിവാക്കപ്പെട്ടതെന്നു കരുതപ്പെടുന്നു.[1] എങ്കിലും യഹൂദരുടെ താൽമൂദിലും റബൈനികസാഹിത്യത്തിന്റെ ഭാഗമായ രചനകളിലും ഇതിൽ നിന്നുള്ള ഉദ്ധരണികൾ കാണാം. യഹുദരുടെ ബൈബിൾകാനോനിൽ ഉൾപ്പെടാതെ പോയെങ്കിലും രണ്ടാം നൂറ്റാണ്ടിൽ എബ്രായ ബൈബിളിനുണ്ടായ ഗ്രീക്കു പരിഭാഷയായ സെപ്ത്വജിന്റിൽ സിറാക്ക് ഇടം കണ്ടെത്തി. കത്തോലിക്കരും, പൗരസ്ത്യ ഓർത്തഡോക്സ് സഭകളും ഇതിനെ ക്രിസ്തീയബൈബിൾ സംഹിതയുടെ ഭാഗമായി അംഗീകരിക്കുമ്പോൾ പ്രൊട്ടസ്റ്റന്റ് സഭകളുടെ ബൈബിൾ സംഹിതയിൽ ഇതൊഴിവാക്കപ്പെട്ടിരിക്കുന്നു. ആംഗ്ലിക്കൻ സഭയുടെ 39 വകുപ്പുകളടങ്ങുന്ന വിശ്വാസപ്രഖ്യാപനത്തിന്റെ ആറാം വകുപ്പ് ഇതിനെ ബൈബിളിലെ ഒരു ഉത്തരകാനോനിക(Deutero-Canonical) രചനയായി കണക്കാക്കുന്നു.[2] ഗ്രീക്കു ക്രിസ്തീയസഭാപിതാക്കന്മാർ ഈ ഗ്രന്ഥത്തെ "സർവനന്മയുടെ വിജ്ഞാനം"(All-Virtuous Wisdom) എന്നു വിളിച്ചപ്പോൾ കാർത്തേജിലെ സിപ്രിയനെപ്പോലുള്ള ലത്തീൻ സഭാപിതാക്കന്മാർ[3] സഭാഗ്രന്ഥം എന്നർത്ഥമുള്ള "എക്ലീസിയാസ്റ്റിക്കസ്" എന്ന പേരാണ് സ്വീകരിച്ചത്. സഭാസമ്മേളനങ്ങളിലെ ഇതിന്റെ പതിവുവായനയിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം.

നാമ, പാഠഭേദങ്ങൾ[തിരുത്തുക]

എബ്രായഭാഷയിൽ മൂലരചന നടന്ന സിറാക്കിന്, ("ספר "בן סירא) "ബെൻ സിറായുടെ സുഭാഷിതങ്ങൾ" (משלי בן סירא) എന്നും "ബെൻ സിറായുടെ ജ്ഞാനം" (חכמת בן סירא) എന്നും പേരുണ്ട്. ഗ്രീക്കു പരിഭാഷ സെപ്ത്വജിന്റ് ബൈബിൾ സംഹിതയിൽ ചേർത്തപ്പോൾ രചയിതാവിന്റെ പേരിന്റെ ചുരുക്കമായ "സിറാക്ക്"(Σιραχ)എന്ന പേരാണ് ഗ്രന്ഥനാമമായി സ്വീകരിച്ചത്. ആ പേരിന്റെ ഒടുവിലുള്ള 'ക്ക്' ഉച്ചരിക്കാനുള്ളതല്ല. ചില ഗ്രീക്കു കൈയെഴുത്തുപ്രതികളിൽ "സിറാക്കിന്റെ പുത്രൻ യേശുവിന്റെ വിജ്ഞാനം" എന്നും "സിറാക്കിന്റെ വിജ്ഞാനം" എന്നും കാണാം. സെപ്ത്വജിന്റിനെ ആശ്രയിച്ചുള്ള ലത്തീൻ പരിഭാഷകൾ ഗ്രീക്കു ഭാഷയിലെ ഗ്രന്ഥനാമത്തെ വർണ്ണപരിവർത്തനം നടത്തി സ്വീകരിച്ചു.

ലത്തീൻ ഭാഷയിലുള്ള വുൾഗാത്ത പരിഭാഷയിൽ "സിറാക്കിന്റെ പുത്രൻ യേശുവിന്റെ വിജ്ഞാനം" (Liber Iesu filii Sirach) എന്ന പേരാണ്. എന്നാൽ വുൾഗാത്തയുടെ പുതിയ പതിപ്പുകളിൽ ലത്തീൻ സഭാപിതാക്കന്മാർ നൽകിയ "എക്ലിസിയാസ്റ്റിക്കസ്" എന്ന പേരു കാണാം.

ആധുനിക കാലത്ത് "ബെൻ സിറാ" എന്നോ "സിറാക്ക്" എന്നോ ആണ് ഇതു പൊതുവേ അറിയപ്പെടുന്നത്. "ബെൻ സിറാക്ക്" എന്ന പേര് എബ്രായ, ഗ്രീക്കു നാമങ്ങളെ കൂട്ടിക്കുഴക്കുന്നതിനാൽ ഒഴിവാക്കേണ്ടതാണ്. കൂടുതൽ അടുത്ത കാലത്ത് "സിറാസൈഡ്സ്" എന്ന പേരും പണ്ഡിതന്മാർ ഉപയോഗിക്കാറുണ്ട്.

ഉള്ളടക്കം[തിരുത്തുക]

സന്മാർഗോപദേശങ്ങളുടെ ഒരു ശേഖരമാണ് സിറാക്ക്. ആ നിലയ്ക്ക് ഈ രചന എബ്രായബൈബിളിലെ സുഭാഷിതങ്ങൾക്കു സമാനമാണ്. എന്നാൽ സുഭാഷിതങ്ങളെപ്പോലെ, പല സ്രോതസ്സുകളിൽ നിന്നു സമാഹരിക്കപ്പെട്ടവയല്ല ഇതിലെ ഉപദേശങ്ങൾ. എന്നാൽ ഈ ഉപദേശങ്ങളുടെ കർത്താവ് സിറാപുത്രൻ അല്ലെന്നും അദ്ദേഹം കേവലം സമാഹർത്താവു മാത്രമാണെന്നും കരുതുന്നവരും ഉണ്ട്.

എല്ലാ ജീവിതസാഹചര്യങ്ങളിലുള്ളവരേയും സംബന്ധിച്ച ഉപദേശങ്ങൾ ഇതിലുണ്ട്: മാതാപിതാക്കളും മക്കളും, ഭാര്യാഭർത്താക്കന്മാർ, യുവാക്കൾ, യജമാനന്മാർ, സുഹൃത്തുക്കൾ, ധനവാന്മർ, ദരിദ്രർ എന്നിവരെയൊക്കെ സിറാപുത്രൻ തന്റെ ഉപദേശങ്ങളുടെ ലക്ഷ്യമാക്കുന്നു. പല ഉപദേശങ്ങളും പെരുമാറ്റമര്യാദയുടേയും മാന്യതയുടേയും നിയമങ്ങളാണ്; വലിയൊരു പങ്ക്, അവനവനോടും മറ്റുള്ളവരോടും, പ്രത്യേകിച്ച് ദരിദ്രരോടും, സമൂഹത്തോടും രാഷ്ട്രത്തോടും അതിലുപരി ദൈവത്തോടുമുള്ള ഉത്തരവാദിത്തങ്ങളെ സംബന്ധിച്ചാണ്. പദ്യരൂപത്തിലുള്ള ഈ ഉപദേശങ്ങൾ അവയുടെ ബാഹ്യരൂപത്തെ അടിസ്ഥാനമാക്കി വിഭാഗങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഇതിൽ ഓരോ വിഭാഗത്തിന്റേയും അവതരണം വിജ്ഞാനത്തിന്റെ സ്തുതിയിലാണ്. ഈ ജ്ഞാനസ്തുതികൾ നോക്കി വിഭാഗങ്ങളുടെ എണ്ണം നിശ്ചയിക്കാൻ കഴിയും.

സിറാപുത്രന്റെ അഭിപ്രായത്തിൽ ജ്ഞാനമെന്നത് ദൈവഭയം തന്നെയാണ്. മോശെയുടെ അനുശാസനങ്ങളോടുള്ള അനുസരണത്തിലാണ് അതു പ്രകടമാകുന്നത്. കൃത്യമായ സമവാക്യങ്ങളുടെ രൂപത്തിൽ ആകഷകമായ ബിംബങ്ങളിൽ പൊതിഞ്ഞാണ് ഈ ഉപദേശങ്ങളുടെ അവതരണം. അഗാധമായ മനുഷ്യഹൃദയജ്ഞാനവും, അനുഭവങ്ങളുടെ തിക്തതയും, ദരിദ്രരോടും അടിച്ചമർത്തപ്പെടുന്നവരോടുമുള്ള പിതൃനിർവിശേഷമായ അനുകമ്പയും, സ്ത്രീവർഗ്ഗത്തിന്റെ നേക്കുള്ള അതിരില്ലാത്ത അവിശ്വാസവും അവയിൽ തെളിഞ്ഞു കാണാം. "നിന്റെ പ്രിയപ്പെട്ട ഭാര്യയെ സംശയിക്കരുത്" എന്ന ഉപദേശത്തിൽ തുടങ്ങുന്ന ഒൻപതാമദ്ധ്യായത്തിൽ തുടർന്നു വരുന്ന ഉപദേശങ്ങളിൽ ചിലതാണ് താഴെ:‌[4]

  • സ്ത്രീക്ക് നിന്നെ അടിയറ വയ്ക്കരുത്; അവൾ നിന്റെ ശക്തി ചവിട്ടിത്താഴ്ത്തും.
  • തോന്ന്യാസക്കാരിയുടെ അടുക്കൽ പോകരുത്; നീ അവളുടെ കെണിയിൽ കുടുങ്ങും.
  • പാട്ടുകാരിയുമായി കൂട്ടുകെട്ട് അരുത്; നീ അവളുടെ ചതിയിൽ പെടും.
  • കന്യകയെ ഉറ്റുനോക്കരുത്; നീ ഇടറി വീഴും; അവൾക്കു വേണ്ടി പിഴ ഒടുക്കേണ്ടി വരും.
  • വേശ്യകൾക്ക് അടിമയാകരുത്; നിന്റെ പൈതൃകാവകാശം നഷ്ടമാകും.
  • തെരുവീധികളിൽ അങ്ങുമിങ്ങും നോക്കി നടക്കരുത്; ആളൊഴിഞ്ഞ കോണുകളിൽ അലഞ്ഞു തിരിയരുത്.
  • അംഗലാവണ്യമുള്ളവളിൽ നിന്ന് ദൃഷ്ടി തിരിക്കുക; മറ്റൊരുവന്റെ വകയായ ലാവണ്യത്തെ ഉറ്റുനോക്കരുത്....
  • അന്യന്റെ ഭാര്യയോടൊത്തു ഭക്ഷണത്തിനിരിക്കരുത്; അവളോടൊത്തു വീഞ്ഞുകുടിച്ചു മദിക്കരുത്...
  • പഴയ സ്നേഹിതനെ ഉപേക്ഷിക്കരുത്; പുതിയവൻ അയാൾക്കു തുല്യനാകയില്ല....

എബ്രായബൈബിൾ കാനോനിൽ പെട്ട സഭാപ്രസംഗിയിൽ എന്നപോലെ ഇതിലും പ്രകടമാകുന്നത്, ഗ്രന്ഥകാരനുള്ളിൽ മല്ലടിക്കുന്ന രണ്ടു വിരുദ്ധപ്രവണതകൾ ആണെന്നു തോന്നാം. പോയ കാലങ്ങളിലെ വിശ്വാസവും സന്മാർഗ്ഗികതയും വർത്തമാനകാലത്തെ ഭോഗലാലസതയും(Epicureanism) ആണ് ഈ പ്രവണതകൾ. ഇടയ്ക്ക്, അപകടകരമെന്നു താൻ കരുതുന്ന സിദ്ധാന്തങ്ങളെ ആക്രമിക്കാൻ സിറാപുത്രൻ വിഷയത്തിൽ നിന്നു വ്യതിചലിക്കുന്നു; ഉദാഹരണമായി, മനുഷ്യന് ഇച്ഛാസ്വാതന്ത്ര്യമില്ലെന്നും മനുഷ്യകർമ്മങ്ങളെ നിർമ്മമമായി വീക്ഷിക്കുന്ന ദൈവം നന്മയ്ക്ക് പ്രതിഫലം തരുകയില്ലെന്നുമുള്ള വാദത്തെ അദ്ദേഹം ചോദ്യം ചെയ്യുന്നു. അബദ്ധസിദ്ധാന്തങ്ങളുടെ മേലുള്ള ഈ ആക്രമണങ്ങളിൽ ചിലത് താരതമ്യേന ദീർഘമാണ്.

സന്മാർഗ്ഗവ്യഗ്രതകൾ നിറഞ്ഞ ഈ ഖണ്ഡങ്ങൾക്കിടെ ഇസ്രായേലിനു വേണ്ടി ദൈവത്തോടുള്ള പ്രാർത്ഥനയും കാണാം. ചിതറിപ്പോയ ദൈവജനത്തെ തിരികെ കൊണ്ടുവരണമെന്നും, പ്രവാചകരുടെ വാക്കുകൾ നിവൃത്തീകരിക്കണമെന്നും ദേവാലയത്തോടും ദൈവജനത്തോടും ദയ കാണിക്കണമെന്നുമാണ് പ്രാർത്ഥന. ദൈവത്തിന്റെ വഴികളുടെ ന്യായീകരണത്തോടെയാണ് ഗ്രന്ഥം സമാപിക്കുന്നത്. ദൈവത്തിന്റെ മഹത്ത്വം അവന്റെ എല്ലാ പ്രവർത്തികളിലും ഇസ്രായേലിന്റെ ചരിത്രത്തിലും തെളിഞ്ഞു കാണുന്നുവെന്ന ഏറ്റുപറച്ചിലും ഇവിടെയുണ്ട്. ലേഖകന്റെ പേരെഴുതി പൂർത്തിയാകുന്ന ഈ ഭാഗത്തെ തുടന്ന് രണ്ടു സ്തോത്രഗീതങ്ങളാണ്.

കുറിപ്പുകൾ[തിരുത്തുക]

^ "നിയമവും പ്രവാചകരും അവരുടെ പിൻഗാമികളും വഴി നിരവധി ഉൽകൃഷ്ടപ്രബോധങ്ങൾ നമുക്കു കൈവന്നിട്ടുണ്ട്"[4] എന്നാണ് ഈ ആമുഖത്തിന്റെ തുടക്കം. യഹൂദ പ്രവചനസംഹിതയുടെ ആദ്യത്തെ സാക്ഷ്യമായി ഈ ആമുഖം കണക്കാക്കപ്പെടുന്നു. അതിനാൽ ഇതിന്റെ ഇന്നു ലഭ്യമായ പാഠത്തിന്റെ രചനാകാലം നിശിതമായ അന്വേഷണങ്ങൾക്കു വിഷയമാണ്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 സിറാക്ക്(എക്ലീസിയാസ്റ്റിക്കസ്), ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറങ്ങൾ 697-99)
  2. "Thirty-Nine Articles" Wikisource
  3. Testimonia, ii. 1; iii. 1, 35, 51, 95, et passim
  4. 4.0 4.1 "പ്രഭാഷകൻ" അഥവാ സിറാക്കിന്റെ പുത്രനായ യേശുവിന്റെ വിജ്ഞാനം, ഓശാന മലയാളം ബൈബിൾ പരിഭാഷ
"https://ml.wikipedia.org/w/index.php?title=സിറാക്ക്&oldid=3090525" എന്ന താളിൽനിന്ന് ശേഖരിച്ചത്