ഖാലിദ് മിശ്‌അൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖാലിദ് മിശ്‌അൽ
خالد مشعل
ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ ചെയർമാൻ
ഓഫീസിൽ
1996–present
വ്യക്തിഗത വിവരങ്ങൾ
ജനനം1956 (1956)
സിൽവാദ്, വെസ്റ്റ് ബാങ്ക്
ദേശീയതപലസ്തീനിയൻ
രാഷ്ട്രീയ കക്ഷിഹമാസ്
വസതിsഡമാസ്കസ്, സിറിയ

പലസ്തീൻ രാഷ്ട്രീയ-സായുധ സംഘടനയായ ഹമാസിന്റെ നേതാവും രാഷ്ട്രീയകാര്യ വിഭാഗം തലവനുമാണ് ഖാലിദ് അബ്ദുല്ലാ മിശ്അൽ. ഇപ്പോൾ ഖത്തറിൽ താമസിക്കുന്നു.

ജീവിതരേഖ[തിരുത്തുക]

പലസ്തീനിലെ റാമല്ലക്കടുത്ത് സൽവാദ് ഖദാ ഗ്രാമത്തിൽ 1956 ൽ ജനനം. പ്രൈമറി വിദ്യഭ്യാസം നേടിയത് സ്വന്തം ഗ്രാമത്തിൽ നിന്നു തന്നെ. 1967ൽ കുടുംബത്തോടൊപ്പം കുവൈത്തിലേക്ക് പലായനം ചെയ്തു. അപ്പർ പ്രൈമറി, സെക്കണ്ടറി വിദ്യഭ്യാസം കുവൈത്തിൽ നിന്ന്. അവിടെ വെച്ച് മുസ്ലിം ബ്രദർഹുഡിൽ ചേർന്ന് രാഷ്ട്രീയപ്രവർത്തനത്തിന്‌ തുടക്കം കുറിച്ചു. അതിനിടെ കുവൈത്ത് യൂനിവേഴ്സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി പുറത്ത് വന്നു.

തുടർന്ന് ഒരു ഭൗതികശാസ്ത്ര അദ്ധ്യാപകനായി ഔദ്യോഗികജീവിതമാരംഭിച്ചു.1980ൽ വിവാഹം കഴിച്ചു.

70കളിലെ അറബ് കാമ്പസുകളിലെ രാഷ്ട്രീയ സാഹചര്യം ഖാലിദ് മിശ്‌അലിന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു. വിദ്യാർത്ഥി ആക്റ്റിവിസം ജ്വലിച്ചു നിന്നിരുന്ന കുവൈത്ത് യൂനിവേഴ്സിറ്റിയിലെ പഠനകാലമാണ്‌ അദ്ദേഹത്തിലെ രാഷ്ട്രീയ പ്രത്യയശാസ്ത്ര ചായ്‌വുകൾക്ക് വ്യക്തത വരുത്തിയത്. അക്കാലത്ത് യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക ചേരിയെ നയിച്ചത് മിശ്‌അൽ ആയിരുന്നു.

ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തോടെ കുവൈത്ത് വിട്ട മിശ്‌അൽ ജോർദാനിലെത്തി ഹമാസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെട്ടു. രൂപവത്കരണം തൊട്ടേ ഹമാസ് പോളിറ്റ് ബ്യൂറോയിൽ അംഗമായിരുന്ന മിശ്‌അൽ 1996ൽ അതിന്റെ ചെയർമാൻ ആയി തെരെഞ്ഞെടുക്കപ്പെട്ടു.

വധശ്രമം[തിരുത്തുക]

1997 സെപ്റ്റംബർ 25ന്‌ ഇസ്രയേൽ പ്രധാനമന്ത്രിയായിരുന്ന ബിൻയാമീൻ നെതന്യാഹുവിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ചാരസംഘടനയായ മൊസാദ് അദ്ദേഹത്തിനു നേരെ നടത്തിയ വധശ്രമം പരാജയപ്പെട്ടു.

ഇസ്രയേൽ നിയോഗിച്ച10 മൊസാദ് ചാരൻമാർ വ്യാജകനേഡിയൻ പാസ്‌പോർട്ടുമായി ജോർദാൻ അതിർത്തി കടക്കുകയും തലസ്ഥാന നഗരിയായ അമ്മാനിൽ വെച്ച് മിശ്‌അലിനെ വിഷം കൊടുത്ത് വധിക്കാൻ ശ്രമിക്കുകയുമാണുണ്ടായത്. മിശ്‌അലിന്‌ വിഷബാധയേറ്റെങ്കിലും വധശ്രമം കണ്ടെത്തിയ ജോർദാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ കുറ്റകൃത്യത്തിൽ പങ്കാളികളായ രണ്ട് മൊസാദ് ഏജൻറുമാരെ അറസ്റ്റ് ചെയ്തു. ജോർദാനിലെ ഹുസൈൻ രാജാവ് നൈതന്യാഹുവിനോട് വിഷമിറക്കുന്നതിനുള്ള പ്രതിമരുന്ന് ആവശ്യപ്പെട്ടെങ്കിലും തുടക്കത്തിൽ അനുകൂലമായല്ല ഇസ്രയേൽ പ്രതികരിച്ചത്. എന്നാൽ സമ്മർദ്ദങ്ങൾക്കു വഴങ്ങി അവസാനം മിശ്‌അലിനേറ്റ വിഷത്തെ നിർവീര്യമാക്കുന്ന പ്രതിമരുന്ന് കൈമാറാൻ അവർ സമ്മതിച്ചു. ഇസ്രയേൽ ജയിലിൽ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടിരുന്ന ഹമാസ് നേതാവ് ശൈഖ് അഹ്‌മദ് യാസീനെ മോചിപ്പിക്കാമെന്ന ധാരണയിൽ പിടികൂടപ്പെട്ട ചാരൻമാരെ കൈമാറാൻ ജോർദാനും ഇസ്രയേലും ധാരണയിലെത്തി.

സംഭവ വികാസങ്ങൾ[തിരുത്തുക]

  • അമേരിക്കൻ സമ്മർദ്ദങ്ങൾക്കു വഴങ്ങി 1999 ആഗസ്റ്റിൽ ജോർദാൻ അധികൃതർ ഖാലിദ് മിശ്‌അലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. അന്നത്തെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മെഡലൈൻ ആൾബ്രൈറ്റ് അമ്മാനിൽ സന്ദർശനത്തിനെത്തുന്നതോടെയാണ്‌ വാറണ്ട് പുറത്ത് വന്നത്.
  • 2004 മാർച്ച് 23ന്‌ ഹമാസ് പ്രസിഡൻറായി മിശ്‌അൽ പ്രഖ്യാപിക്കപ്പെട്ടു. ഹമാസ് സ്ഥപകനേതാവായിരുന്ന ശൈഖ് അഹ്‌മദ് യാസീൻ ഇസ്രയേൽ ബോംബിംഗിൽ വധിക്കപ്പെട്ടതിനെത്തുടർന്നാണ്‌ സംഘടനയിലെ രണ്ടാമനായിരുന്ന ഖാലിദ് മിശ്‌അൽ പ്രസ്ഥാനത്തിന്റെ പരമോന്നത നേതൃത്വത്തിലെത്തുന്നത്
  • 2005 ൽ നടന്ന പാർലമെൻറ്‌ തെരെഞ്ഞെടുപ്പിൽ ഹമാസ് ഭൂരിപക്ഷം നേടിയതിനെത്തുടർന്ന് 2006 ജനുവരി 29 ന്‌ സിറിയൻ തലസ്ഥാനമായ ഡമസ്‌കസിൽ നിന്നും ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ഒരു പ്രസംഗം ഹമാസ് നേതാവ് നിർവ്വഹിച്ചു. പ്രസംഗത്തിൽ ഹമാസ് സായുധപ്രതിരോധം തുടരുമെന്നും നിരായുധീകരണത്തിന്‌ വഴങ്ങുകയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഫലസ്തീൻ പോരാളി പ്രസ്ഥാനങ്ങളെ ഏകോപിപ്പിച്ച് ഐക്യ ദേശീയസൈന്യം രൂപവത്കരിക്കാൻ ഹമാസ് ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
  • 2006 മാർച്ചിൽ റഷ്യൻ അധികൃതർ അദ്ദേഹത്തെ നയതന്ത്ര സംഭാഷണങ്ങൾക്കയി മോസ്കോയിലേക്ക് ക്ഷണിച്ചു. ഇസ്രയേലിനെ അംഗീകരിക്കുക, സായുധപ്രതിരോധം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ റഷ്യ മുന്നോട്ട് വെച്ചെങ്കിലും ഹമാസ് നിരാകരിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖാലിദ്_മിശ്‌അൽ&oldid=3981712" എന്ന താളിൽനിന്ന് ശേഖരിച്ചത്