നെപ്പോളിയൻ ബോണപ്പാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നെപ്പോളിയൻ ബോണപാർട്ട്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെപ്പോളിയൻ ഒന്നാമൻ
ഫ്രഞ്ചു ചക്രവർത്തി
Napoleon in His Study by Jacques-Louis David (1812)
ഭരണകാലം 20 March 18046 April 1814
1 March 181522 June 1815
സ്ഥാനാരോഹണം 2 December 1804
പൂർണ്ണനാമം Napoléon Bonaparte
പദവികൾ King of Italy
Mediator of the Swiss Confederation
Protector of the Confederation of the Rhine
അടക്കം ചെയ്തത് Les Invalides, Paris ഫ്രാൻസ്
മുൻ‌ഗാമി Louis XVI
പിൻ‌ഗാമി Louis XVIII
അനന്തരവകാശികൾ Napoleon II
രാജകൊട്ടാരം Bonaparte
പിതാവ് കാർലോ ബോണോപ്പാർട്ട്
മാതാവ് ലെറ്റിഷ്യ റുമോലിനോ
ഒപ്പ്
Firma Napoleón Bonaparte.svg

നെപ്പോളിയൻ ബോണപ്പാർട്ട് (ഫ്രഞ്ച്: Napoléon Bonaparte; 15 ഓഗസ്റ്റ് 1769 – 5 മെയ് 1821) ഒരു പതിറ്റാണ്ടു കാലം (1804- 1814) ഫ്രഞ്ച് ചക്രവർത്തിയും സൈനികമേധാവിയുമായിരുന്നു[1]. 1789-ലെ ഫ്രഞ്ചു വിപ്ലവത്തെ തുടർന്ന് 1792 സപ്റ്റമ്പറിൽ അധികാരമേറ്റ ഒന്നാം റിപ്പബ്ലിക്കൻ ഭരണകൂടത്തിന്, യൂറോപ്പിലെ മറ്റു രാജ്യങ്ങളുമായി നിരന്തരം പോരാടേണ്ടി വന്നു. ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ(French Revolutionary Wars)എന്ന് ചരിത്രത്തിൽ അറിയപ്പെടുന്ന ഈ യുദ്ധങ്ങളിലാണ് നെപ്പോളിയൻ സൈനികനെന്ന നിലയിൽ രാഷ്ട്രത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. അതേ സമയത്ത് ഫ്രാൻസിന്റെ ആഭ്യന്തരസ്ഥിതിയും സങ്കീർണമായിരുന്നു.വിപ്ലവാനന്തരം നിലവിൽ നിന്ന ജനപ്രതിനിധിസഭകളായിരുന്നു നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയും(1789 ജൂലൈ- 1791സപ്റ്റമ്പർ ), ലെജിസ്ലേറ്റീവ് അസംബ്ലിയും( 1791 ഒക്റ്റോബർ-1792 സപ്റ്റമ്പർ). 1792 sept-ലെ പൊതു തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ പ്രഥമ ഫ്രഞ്ചു റിപബ്ലിക്കിന്റെ(1792 സപ്റ്റമ്പർ.-1799 നവമ്പർ) ഭരണഭാരം നാഷണൽ കൻവെൻഷനിൽ നിക്ഷിപ്തമായിരുന്നു . 1793-94 കാലത്തെ ഭീകരവാഴ്ചക്കു ശേഷം 1795-ൽ നാഷണൽ കൺവെൻഷനു പകരമായി ഡയറക്റ്ററി എന്ന പേരിൽ നേതൃത്വകൂട്ടായ്മ ഭരണമേറ്റു. 1799-ൽ ഡയറക്റ്ററിയേയും രണ്ടു ജനപ്രതിനിധിസഭകളേയും അട്ടിമറിച്ച് '''കോൺസുലേറ്റ്'''' എന്ന ഭരണസംവിധാനം നടപ്പിലാക്കാൻ നെപ്പോളിയൻ മുൻകൈയെടുത്തു.[2] രാഷ്ട്രത്തലവനെന്ന് സ്വയം പ്രഖ്യാപിച്ചില്ലെങ്കിലും, കോൺസുലേറ്റിന്റെ നേതാവെന്ന നിലക്ക് തുടർന്നുള്ള അഞ്ചു കൊല്ലങ്ങൾ നെപ്പോളിയൻ സ്വേഛാഭരണം നടത്തി. 1804-ൽ കോൺസുലേറ്റ് പിരിച്ചുവിട്ട് സ്വയം ചക്രവർത്തി പദമേറ്റു[3], [4]ഫ്രാൻസിനെതിരെ അണിനിരന്ന യൂറോപ്യൻ സൈനിക ശക്തികളുടെ മേൽ നേടിയ വിജയം അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച പട്ടാളമേധാവികളിലൊരാൾ എന്ന പ്രശംസക്കു അർഹനാക്കി. നെപ്പോളിയൻ യൂറോപ്പിലാകമാനം തന്റെ ആധിപത്യം സ്ഥാപിക്കാൻ പരിശ്രമിച്ചു. നെപ്പോളിയന്റെ ഈ നീക്കത്തിനെതിരെ മറ്റു യൂറോപ്യൻ ശക്തികൾ പലതവണ സംഘം ചേർന്ന് യുദ്ധത്തിനിറങ്ങി. ബ്രിട്ടന്റെ നേതൃത്വത്തിൽ നടന്ന പ്രസിദ്ധമായ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ പരാജിതനായി[5] രാഷ്ട്രീയാഭയം തേടിയ നെപ്പോളിയനെ ബ്രിട്ടീഷു ഭരണാധികാരികൾ സെന്റ് ഹെലന ദ്വീപിലേക്ക് നാടു കടത്തി. 1821 മേയ് 5 ന് അൻപത്തിഒന്നാം വയസ്സിൽ സെന്റ് ഹെലെനയിലെ ലോംഗ്‌വുഡിൽ വച്ച് ഇദ്ദേഹം നിര്യാതനായി[6] ഉദരത്തിലെ കാൻസറായിരുന്നു മരണകാരണമെന്ന് പോസ്റ്റ് മോർട്ട റിപ്പോർട്ട് രേഖപ്പെടുത്തുന്നു[7]. ലോകം കണ്ട ഏറ്റവും മികച്ച ഈ പോരാളിക്ക് പൂച്ചയെ ഭയമായിരുന്നു (Ailurophobia)[അവലംബം ആവശ്യമാണ്].

"അസാധ്യമായി ഒന്നുമില്ല" എന്നത് നെപ്പോളിയന്റെ പേരിലുള്ള പ്രസിദ്ധമായ വാക്യമായി അറിയപ്പെടുന്നു. എന്നാല് അദ്ദേഹം കൃത്യമായി ഉപയോഗിച്ച വാക്കുകൾ ഇതല്ല. "അസാധ്യം; അതൊരു ഫ്രഞ്ച് വാക്കല്ല" എന്നാണ് അദ്ദേഹം പറഞ്ഞത്.[അവലംബം ആവശ്യമാണ്]

ഉള്ളടക്കം

ജനനം, ബാല്യം[തിരുത്തുക]

കോഴ്സിക്ക ദ്വീപിലെ അജാക്ഷിയോ എന്ന ഉൾനാടൻ പ്രദേശത്ത് കാർലോ ബോണപ്പാർട്ടിന്റെയും ലറ്റിഷ്യായുടെയും മകനായി 1769 ഓഗസ്റ്റ് 15 ന് നെപോളിയൻ ജനിച്ചു.[8]. നെപോളിയന്റെ ജനനത്തിന് തൊട്ടു മുമ്പ് 1768-ലാണ് ഇറ്റാലിയൻ ദ്വീപായിരുന്ന കോഴ്സിക്കാ ഫ്രാൻസിനു കൈമാറപ്പെട്ടത്[9], [10] . പാസ്കൽ പൗളിയുടെ നേതൃത്വത്തിൽ കോഴ്സിക്കക്കാർ, ഇതിനെതിരായി പ്രക്ഷോഭം നടത്തിയെങ്കിലും[11] ഫ്രഞ്ചു സൈന്യം അതൊക്കെ അടിച്ചമർത്തി. ഈ പ്രക്ഷോഭത്തിൽ കാർളോ ബോണപ്പാർട്ട് സജീവം പങ്കെടുത്തു. ഫ്രാൻസിന്റെ അധീനതയിലായെങ്കിലും കോഴ്സിക്കക്കാർ ഇറ്റാലിയൻ ഭാഷയോ ഇറ്റാലിയൻ സമ്പ്രദായങ്ങളോ, സ്വതന്ത്രകോഴ്സിക്ക എന്ന ആശയമോ കൈവിട്ടില്ല. ചെറുപ്പതിതൽ നെപ്പോളിയന് മാതൃഭാഷയായ ഇറ്റാലിയനേ അറിയുമായിരുന്നുള്ളു.[9],[12][13]. കുടുംബത്തിന് പരമ്പരാഗതമായി മുന്തിരിത്തോട്ടങ്ങളും ഒലീവു തോട്ടങ്ങളും ഉണ്ടായിരുന്നു. അഞ്ച് സഹോദരന്മാരും മൂന്ന് സഹോദരിമാരും ഉണ്ടായിരുന്നു. നെപ്പോളിയന്റെ ബാല്യത്തെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. പക്ഷെ അവയ്ക്കൊന്നും വ്യക്തമായ തെളിവുകളില്ല. ബാല്യകാലത്ത് താൻ കലഹക്കാരനായിരുന്നുവെന്ന് നെപ്പോളിയൻ പിന്നീട് പറയുകയുണ്ടായി. നെപ്പോളിയന് ഗണിതത്തിൽ വലിയ താത്പര്യമുണ്ടായിരുന്നു.[14].[15][16]

വിദ്യാഭ്യാസം[തിരുത്തുക]

പത്ത് വയസ്സ് വരെ നെപ്പോളിയൻ കോഴ്സിക്കയിലെ സ്കൂളിലാണ് പഠിച്ചത്. കോഴ്സിക്കയുടെ സ്വാതന്ത്രത്തിനുവേണ്ടി പൊരുതിയ ധീരയോദ്ധാക്കളോട് കരുണ തോന്നിയ ഫ്രഞ്ച് സർക്കാർ, അവർക്ക് സർക്കാർ ജോലി നൽകുക മാത്രമല്ല ചെയ്തത്, മറിച്ച് അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിന് വേണ്ടി സഹായവും അനുവദിച്ചു.അജാക്ഷിയോയിലെ ഫ്രഞ്ചു ഗവർണർ മാർബഫുമായി ബോണപാർട്ട് കുടുംബം സൗഹൃദത്തിലായിരുന്നു. മാർബഫ് വഴി കാർലോ ബോണപ്പാർട്ടിന് സർക്കാർ ജോലിയും മൂത്ത മകൻ ജോസെഫിന് വൈദികസ്കൂളിലും ഇളയമകൻ നെപ്പോളിയന് സൈനിക വിദ്യാലയത്തിലും പ്രവേശനവും തരപ്പെട്ടു.[17],[18]. 1779- ൽ ഉത്തര ഫ്രാൻസിലെ‘ബ്രിന്ന്യേ’ സൈനിക സ്കൂളിൽ (école militaire de Brienne)പഠനം ആരംഭിച്ചു. ഈ സ്കൂൾ ഒരു തരത്തിൽ പ്രാരംഭ പടവായിരുന്നു. പട്ടാളപരിശീലനത്തേക്കാൾ ചരിത്രവും, ഭൂമിശാസ്ത്രവും,ഗണിതവും, സയൻസും ലാറ്റിൻ, ഫ്രഞ്ചു ഭാഷകളുമായിരുന്നു വിഷയങ്ങൾ. ഈ സ്കൂളിലെ അവസാനപ്പരീക്ഷാഫലമനുസരിച്ച് വിദ്യാർഥികൾക്ക് ഉയർന്ന സൈനികസ്കൂളുകളിലേക്ക് പ്രവേശനം ലഭിച്ചു. ഭൂമിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും കേമനായ നെപ്പോളിയന് വായനാശീലവും ഉണ്ടായിരുന്നു[19],[20]. സീസർ, അലക്സാണ്ടർ എന്നിവരായിരുന്നു ആ ബാലന്റെ ആരാധനാപുരുഷന്മാർ[15]. ബ്രിന്ന്യേയിലെ സഹപാഠികൾ നെപോളിയന്റെ ഇറ്റാലിയൻ രീതികളെ പരിഹസിച്ചിരുന്നു[21]. നാപോളിയോൺ ബൂണോപാർതെ എന്ന് ഇറ്റാലിയൻ രീതിയിലാണ് നെപോളിയൻ തന്റെ പേർ ഉച്ചരിച്ചത്[22],[23]. Buonaparte എന്ന ഇറ്റാലിയൻ ചുവയുള്ള കുടുംബപ്പേര് ഫ്രഞ്ചു രീതിയിലുള്ള Bonaparte എന്നായി മാറിയത് വളരെക്കാലം കഴിഞ്ഞാണ്[24],[25]. 1784-ൽ ബ്രിന്ന്യേ പഠനം വിജയകരമായി പൂർത്തിയാക്കിയശേഷം നെപ്പോളിയന് വിഖ്യാതമായ പാരിസ് മിലിട്ടറി സ്തൂളിൽ ( Paris Ecole Militaire) പ്രവേശനം ലഭിച്ചു[19]. നാവികവിഭാഗമായിരുന്നു നെപോളിയൻ ഇച്ഛിച്ചതെങ്കിലും പീരങ്കിപ്പട്ടാളത്തിലാണ് (artillery division) ചേർക്കപ്പെട്ടത്[26].

സൈനികജീവിതം -പ്രാരംഭം 1785-1791[തിരുത്തുക]

1785 സപ്റ്റമ്പർ -17896 സപ്റ്റമ്പർ -ഒന്നാം ആർട്ടിലറി റെജിമെന്റ്(വാലെൻസ്)[തിരുത്തുക]

1785 സപ്റ്റമ്പറിൽ നെപ്പോളിയന്റെ സൈനിക പരിശീലനം പൂർത്തിയായി. പതിനാറുകാരനായ നെപോളിയൻ ഒന്നാം പീരങ്കിപ്പടയിൽ(La Fere-Artillerie) വാലൻസ് എന്ന സ്ഥലത്ത് സബ് ലെഫ്റ്റനൻറായിട്ടായിരുന്നു ആദ്യ നിയമനം[27] [28]. ഒഴിവ് സമയത്ത് പുരാതന ഗ്രീക്ക് തത്ത്വചിന്തയും ചരിത്രപ്രസിദ്ധരായ പോരാളികളുടെ യുദ്ധനയതന്ത്രങ്ങളും വായിച്ച് മനസ്സിലാക്കുകയും വായിക്കുന്ന പ്രധാന ആശയങ്ങൾ കുറിച്ചെടുത്ത് സൂക്ഷിക്കുകയും ചെയ്യുന്ന സ്വഭാവവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. മറ്റ് രാജ്യങ്ങളുടെ ഭൂപടം വരയ്ക്കുന്നത് അദ്ദേഹത്തിന്റെ പ്രധാനവിനോദങ്ങളിൽ ഒന്നായിരുന്നു.[29]

1786 സപ്റ്റമ്പർ- 1788 ജൂൺ -അവധിയിൽ (കോഴ്സിക്ക)[തിരുത്തുക]

1786-സപ്റ്റമ്പറിൽ നെപോളിയൻ അവധിയെടുത്ത് കോഴ്സിക്കയിലേക്കു തിരിച്ചു. പത്തുവയസ്സിൽ പഠിക്കാൻ പോയതില്പിന്നെ ഏഴു വർഷക്കാലത്തിനു ശേഷമുള്ള ആദ്യത്തെ വരവായിരുന്നു ഇത്. 1785-ഫെബ്രുവരിയിൽ നെപോളിയന്റെ പിതാവ് കാർളോ ബോണപാർട്ട് ഉദരരോഗം ബാധിച്ച് നിര്യാതനായശേഷം[30] വീട്ടിലെ സാമ്പത്തിക നില തകരാറിലായിരുന്നു. മൾബറികൃഷിക്കായി ലൂയി പതിനാറാമന്റെ സർക്കാർ നല്കാമെന്ന് ഏറ്റിരുന്ന ധനസഹായം കിട്ടാതെ വന്നതായിരുന്നു പ്രധാന കാരണം[31][32]. അതൊക്കെ ശരിയാക്കിയെടുക്കാൻ രണ്ടു വർഷത്തോളമെടുത്തു. പിന്നീട് 1788 ജൂണിലാണ് നെപോളിയൻ തന്റെ റെജിമെന്റിൽ തിരിച്ചെത്തിയത്. അപ്പോഴേക്കും റെജിമെന്റ് വാലൻസിൽ നിന്ന് ഓക്സോണിലേക്ക് മാറിയിരുന്നു

1788 ജൂൺ- 1789 സപ്റ്റമ്പർ ഒന്നാം ആർട്ടിലറി റെജിമെന്റ് (ഓക്സോൺ)[തിരുത്തുക]

പതിനഞ്ചു മാസങ്ങൾ നെപോളിയൻ റെജിമ്ന്റിൽ സേവനമനുഷ്ഠിച്ചു. ഒഴിവു സമയം മുഴുവനും എഴുത്തും വായനയുമായി കഴിച്ചു കൂട്ടി. 1789-ജൂലൈ പതിനാലിന് നടന്ന ബസ്റ്റീൽ ഭേദനത്തിന്റെ അലകൾ അഞ്ചു ദിവസത്തിനകും ജൂലൈ 19-ന് ഓക്സോണിലുമെത്തി. പടയാളികളിൽ രാജഭക്തരും വിപ്ലവാനുകൂലികളും ഉണ്ടായിരുന്നു. വിപ്ലവാനുഭാവികൾ പ്രത്യക്ഷമായി ആഘോഷങ്ങൾ നടത്തി. ഫ്രാൻസിലെ മാറി വരുന്ന രാഷ്ട്രീയാന്തരീക്ഷം കോഴ്സിക്കയിൽ അധികാരസ്ഥാനം നേടാൻ തനിക്കു പ്രയോജനകരമായേക്കാമെന്ന കണക്കുകൂട്ടലുകളോടെ നെപോളിയൻ വീണ്ടും അവധിക്ക് അപേക്ഷിച്ചു. [33],[34].

1789 സപ്റ്റമ്പർ -1791 ഫെബ്രുവരി- അവധിയിൽ (കോഴ്സിക്ക)[തിരുത്തുക]

കോഴ്സിക്കയുടെ സ്വാതന്ത്ര്യമായിരുന്നില്ല നെപോളിയന്റെ ലക്ഷ്യമെന്നും, മറിച്ച് കോഴ്സിക്കൻ നേതാവെന്ന നിലക്ക് , ഫ്രഞ്ചുവിപ്ലവപ്രസ്ഥാനത്തിൽ അധികാരസ്ഥാനം നേടുകയായിരുന്നു നെപോളിയന്റെ ലക്ഷ്യമെന്നും ചരിത്രകാരന്മാർ വിലയിരുത്തുന്നു.[35]. കോഴ്സിക്കയിലെ പിന്തിരിപ്പൻ കൂട്ടായ്മകൾ വിപ്ലവത്തിനെതിരാണെന്ന സന്ദേശം നെപോളിയൻ പാരീസിലേക്കെത്തിച്ചു[36]. കോഴ്സിക്കൻ സ്വാതന്ത്ര്യസമരനേതാവ് പൗളിയുമായുള്ള വിരോധത്തിന് ഇതു തുടക്കം കുറിച്ചു. കോഴ്സിക്ക ഫ്രാൻസിന്റെ അവിഭാജ്യഘടകമാണെന്ന വിപ്ലവസർക്കാർ (നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി) പ്രഖ്യാപിച്ചു. നെപോളിയൻ നാഷണൽ അസംബ്ലിയുടെ ദൃഷ്ടിയിൽ ശ്രദ്ധേയനായി. അജാക്ഷിയോ മുനിസിപ്പൽ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ സഹോദരൻ ജോസെഫിനെ വിജയിപ്പിക്കാൻ നെപോളിയൻ കിണഞ്ഞു പരിശ്രമിച്ചതായി പറയപ്പെടുന്നു[37].

1791 ഫെബ്രുവരി-1791 ജൂൺ ഒന്നാം ആർട്ടിലറി റെജിമെന്റ് (ഓക്സോൺ)[തിരുത്തുക]

മറ്റു യൂറോപ്യൻ രാജ്യങ്ങൾ ഫ്രാൻസിനെതിരെ യുദ്ധസന്നാഹങ്ങൾ തുടങ്ങി. ഫ്രഞ്ചു സൈനികർക്ക് സ്വന്തം റെജിമെന്റുകളിൽ ഡ്യൂട്ടുിക്കു ഹാജരാവാനുള്ള ഉത്തരവു ലഭിച്ചു. 1791 ഫെബ്രുവരിയിൽ നെപോളിയൻ ഡ്യൂട്ടിക്കു ഹാജരായി. റെജിമെന്റിൽ നല്ലൊരു പങ്ക് രാജഭക്തരും (റോയലിസ്റ്റ്സ്) ഉണ്ടായിരുന്നു. നെപോളിയനെ അവർ സൗഹാർദ്ദത്തോടെയല്ല സ്വീകരിച്ചത്. നെപോളിയൻ പഴയപടി വായനയും എഴുത്തുമായി ഒഴിവു സമയം ചെലവഴിച്ചു.

1791 ജൂൺ- 1791 ഒക്റ്റോബർ നാലാം ആർട്ടില്ലറി റെജിമെന്റ് (വാലെൻസ്)[തിരുത്തുക]

ജൂൺ ഒന്നിന് വാലെൻസിൽ തമ്പടിച്ചിരുന്ന 4th ആർട്ടില്ലറി റെജിമെന്റിലേക്ക് നെപോളിയൻ മാറ്റപ്പെട്ടു. അതേ ആഴ്ചയാണ് വാറേനിൽ വെച്ച് ലൂയി പതിനാറാമനേയും മേരി അന്റോണൈറ്റിനേയും ഓടിരക്ഷപ്പെടുന്നതിനിടയിൽ വിപ്ലവകാരികൾ തിരിച്ചറിഞ്ഞു പിടികൂടിയത്. ഈ സംഭവത്തെത്തുടർന്ന് പട്ടാളക്കാർക്ക് പുതിയ പെരുമാറ്റച്ചട്ടങ്ങൾ നിലവിൽ വന്നു. തങ്ങളുടെ കൂറ് ഭരണഘടനയോടു മാത്രമാണെന്നും, നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയുടെ ( വിപ്ലവ സർക്കാർ) ഉത്തരവുകൾ മാത്രമേ തങ്ങൾ അനുസരിക്കൂ എന്നും എല്ലാ സൈനികരും പ്രതിജ്ഞയെടുക്കേണ്ടി വന്നു[38]. രാജാവിനോടും രാജഭരണത്തോടും കൂറുണ്ടായിരുന്ന അസംഖ്യം സൈനികർ പട്ടാളത്തിൽ നിന്നു പിരിഞ്ഞു പോയതോടെ ശേഷിച്ചവർക്ക് ഉദ്യോഗക്കയറ്റം എളുപ്പമായി.നെപോളിയന് ലഫ്റ്റനന്റ് പദവി ലഭിച്ചു[38]. ഇവിടേയും ഒഴിവു സമയങ്ങളിൽ നെപോളിയൻ ഒട്ടനേകം പുസ്തകങ്ങൾ വായിച്ചതായി പറയപ്പെടുന്നു[39].

1791 ഒക്റ്റോബർ 1792 മെയ് അവധിയിൽ (കോഴ്സിക്ക)[തിരുത്തുക]

നാഷണൽ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിക്കു പകരം പതിയൊരു ഭരണസംവിധാനം ലെജിസ്ലേറ്റീവ് അസംബ്ലി പ്രാബല്യത്തിൽ വന്നു[40] . വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിനായി നെപോളിയൻ അവധിയെടുത്ത് കോഴ്സിക്കയിൽ എത്തി[41] . ബോണപാർട്ട് കുടുംബത്തലവനെന്ന നിലയിൽ നെപോളിയൻ തറവാട്ടു കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങി. കോഴ്സിക്കൻ സന്നദ്ധസേന രൂപീകരിച്ച് അതിന്റെ ലെഫ്റ്റനന്റ് കേണൽ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത തനിക്കുണ്ടെന്ന് നെപോളിയൻ വിശ്വസിച്ചു[42]. ആ സ്ഥാനത്തിന് സൈനികവും രാഷ്ട്രീയവുമായ നിയമസാധുത ഉണ്ടാവുകയും ചെയ്യും.കോഴ്സിക്കയിൽ അധികാരമുറപ്പിക്കാൻ നെപ്പോളിയൻ പലതവണ ശ്രമിച്ചു പക്ഷെ ആ പദ്ധതികൾ നടന്നില്ല[43]. പൗളിയുടെ നേതൃത്വത്തിൽ സ്വതന്ത്ര കോഴ്സിക്കക്ക് പിന്തുണ നല്കാഞ്ഞതിനാൽ നെപോളിയനെതിരായി പ്രത്യേകിച്ചും ബോണപാർട്ട് കുടുംബത്തിനെതിരായി പൊതുവേയും ജനരോഷം തിരിഞ്ഞു . നെപോളിയൻ ഫ്രാൻസിലേക്ക് രക്ഷപ്പെട്ടു.[25]

സൈനിക ജീവിതം -ഒന്നാം ഘട്ടം 1792- 1795[തിരുത്തുക]

നെപ്പോളിയൻ ബോണപ്പാർട്ട്- 1792-ൽ

പശ്ചാത്തലം[തിരുത്തുക]

പ്രഥമ ഫ്രഞ്ചു റിപ്പബ്ലിക് : നാഷണൽ കൻവെൻഷൻ 1792- 1795[തിരുത്തുക]

1792 സപ്റ്റമ്പർ 22-ന് ഫ്രാൻസിലെ ആദ്യത്തെ റിപ്പബ്ലിക്കൻ ഗവണ്മെൻറ് അധികാരത്തിൽ വന്നു. അന്നു തന്നെ calendrier républicain français എന്ന പുതിയ റിപബ്ലിക്കൻ കലണ്ടറും തുടക്കം കുറിച്ചു.(ഈ കലണ്ടർ ഫ്രഞ്ചു വിപ്ലവ കലണ്ടർ(calendrier révolutionnaire français) എന്നും അറിയപ്പെട്ടു). നാഷണൽ കൺവെൻഷൻ എന്ന ജനപ്രതിനിധിസഭയിലായിരുന്നു അധികാരം കേന്ദ്രീകൃതമായിരുന്നത്. ഭരണനിർവഹണത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. ഇവയിൽ പ്രധാനമായിരുന്നു പൊതു സുരക്ഷാ സമിതി (Committee for Public Safety).മാക്സിമില്യൻ റോബേസ്പിയറായിരുന്നു ഈ സമിതിയുടെ മുഖ്യൻ. രാജാവിന്റേയും രാജകുടുംബാംഗങ്ങളുടേയും കുറ്റവിചാരണകളും പരസ്യമായ വധശിക്ഷയും ഭീകര വാഴ്ചക്ക് വഴിതെളിച്ചു. മറ്റു യൂറോപ്യൻ രാജശക്തികളുടെ സൈനികക്കൂട്ടായ്മ (First Coalition) ഫ്രാൻസിനെതിരെ സംഘടിതമായ പോരാട്ടം തുടങ്ങി. 1792 മെയ് മാസം അവസാനത്തോടെ പാരിസിൽ തിരിച്ചെത്തിയ നെപോളിയൻ കാപ്റ്റൻ പദവിയിലേക്കുയർത്തപ്പെട്ടു[44]. പക്ഷെ അതേ വർഷം ഒക്റ്റോബറിൽ നെപോളിയൻ വീണ്ടും കോഴ്സിക്കയിലെത്തി. ഇതിനകം കോഴ്സിക്കയുടെ ജനപ്രതിനിധിയായി നാഷണൽ കൻവെൻഷനിലേക്ക് സാലിസെറ്റി എന്ന പുതിയൊരു നേതാവ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു[45]. നെപോളിയൻ സാലിസെറ്റിയുമായി സൗഹൃദബന്ധം സ്ഥാപിച്ചു. സ്വതന്ത്രകോഴ്സിക്ക എന്ന അവകാശവാദവുമായി പൗളിയും അനുയായികളും സജീവമായി രംഗത്തുണ്ടായിരുന്നു. കോഴ്സിക്കയോടു തൊട്ടു കിടക്കുന്ന സാർഡീനിയൻ ദ്വീപസമൂഹം ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു.അവിടെ താവളമടിച്ചിരുന്ന ബ്രിട്ടീഷു സൈന്യം പൗളിയുടെ സഹായത്തിനു തയ്യാറായി[46]. ഫ്രഞ്ചു റിപബ്ലിക്കിന്റെ അതിർത്തി താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഈ ദ്വീപുസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നായ മഡലേന ദ്വീപ് ആക്രമിക്കാനുള്ള ഉദ്യമത്തിൽ നെപോളിയൻ ആദ്യമായി യുദ്ധരംഗത്തിറങ്ങി. ഈ ഉദ്യമം പരാജയത്തിലാണ് കലാശിച്ചത്. പൗളിയുമായുള്ള സംഘർഷം മൂത്തതിനാൽ ബോണപാർട്ട് കുടുംബം ഒന്നടങ്കം കടൽ കടന്ന് ആദ്യം നൈസിലും പിന്നീട് മാഴ്സെയിലിലും വാസമുറപ്പിച്ചു. [47]

വിജയങ്ങൾ, ഉദ്യോഗക്കയറ്റങ്ങൾ[തിരുത്തുക]

നൈസിൽ വെച്ച് യാദൃച്ഛികമായിട്ടാണ് നെപോളിയൻ, കോഴ്സിക്കൻ നേതാവ് സാലിസെറ്റിയേയും ഫ്രഞ്ചു ജനറൽ ഡെഗീറിനേയും കണ്ടുമുട്ടിയത്. സാലിസെറ്റി സ്വാധീനമുള്ള രാഷ്ടീയനേതാവായിത്തീർന്നിരുന്നു. സാലിസെറ്റിയുടെ ശുപാർശയോടെ ഇറ്റലിയൻ റെജിമെന്റിൽ നെപോളിയന് ഇടം ലഭിച്ചു[48]. ഈ റെജിമെന്റിന്റെ പ്രഥമദൗത്യം ടൂലോണിലേക്കായിരുന്നു. അതിപ്രധാനമായ ടൂലോൺ തുറമുഖപട്ടണത്തിൽ രാജഭക്തർ (റോയലിസ്റ്റ്സ്) വിപ്ലവത്തിനെതിരെ പ്രതികരിച്ചു.അവർക്ക് സായുധപിൻബലവുമായി ബ്രിട്ടീഷ്-സ്പാനിഷ് യുദ്ധക്കപ്പലുകൾ തുറമുഖത്തോടടുത്തു[49]. ടൂലോൺ തിരിച്ചു പിടിക്കേണ്ടത് ഫ്രഞ്ചു റിപബ്ലിക്കിന്റെ അഭിമാനത്തിന്റെ മാത്രമല്ല നിലനില്പിന്റേയും പ്രശ്നമായിത്തീർന്നു. ഇതായിരുന്നു നെപോളിയന്റെ ആദ്യത്തെ വിജയകരമായ ദൗത്യം.

ടൂലോൺ യുദ്ധം 1793 നവമ്പർ-ഡിസമ്പർ[തിരുത്തുക]

നെപോളിുയൻ ടുലോൺ യുദ്ധക്കളത്തിൽ -വർണചിത്രം

ഫ്രാൻസിലെ പ്രധാന തുറമുഖമായ ടൂലോൺ തിരിച്ച് പിടിക്കാൻ സപ്റ്റമ്പറിൽ ജനറൽ ഫ്രാന്സ്വാ കാർതൂയുടെ കീഴിൽ പീരങ്കിപ്പടയുടെ ചുമതലയുമായി നെപോളിയൻ നിയോഗിക്കപ്പെട്ടു. നവമ്പറിൽ കാർതൂക്കു പകരം ജനറൽ ഡ്യൂഗോമിയർ പദവിയേറ്റു .നെപോളിയൻ പടയാളികൾക്കൊപ്പം നിന്നു പൊരുതി.[50] നെപോളിയൻ പ്രയോഗിച്ച യുദ്ധതന്ത്രങ്ങൾ ജനറൽ ഡുഗോമിയറുടേയും ജനനേതാവ് പോൾ ബറാസ്സിന്റേയും വിശേഷ പ്രശംസ നേടിയെടുത്തു.യുദ്ധാനന്തരം ഇരുപത്തിനാലുകാരനായ നെപോളിയന് ചീഫ് ഓഫ് ബറ്റാലിയൻ(ബ്രിഗേഡിയർ) ആയി പദോന്നതി ലഭിച്ചു[51], [52],[53]

തിരിച്ചടികൾ 1794 ജൂൺ- 1795 ഓഗസ്റ്റ്[തിരുത്തുക]

ഫ്രഞ്ചു മധ്യധരണ്യാഴിയുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി മാഴ്സെയിലുള്ള പഴയ സെന്റ് നികോളസ് കോട്ടയുടെ കേടുപാടുകൾ തീർക്കേണ്ട കാര്യം നെപോളിയൻ അധികാരികളുടെ പരിഗണനയിൽ പെടുത്തി. ആയുധങ്ങളും വെടിക്കോപ്പും സംഭരിച്ചു വെയ്ക്കാൻ ഇതു പ്രയോജനപ്പെടും എന്നായിരുന്നു നെപോളിയന്റെ കണക്കുകൂട്ടൽ. പക്ഷെ ഇതു പിന്നീട് പലേ തെറ്റിദ്ധാരണകൾക്കു വഴിവെച്ചു. റെജിമെന്റിലെ മേലധികാരികൾ നെപോളിയന്റെ പ്രവൃത്തികളെ ശക്തിയുക്തം ന്യായീകരിച്ചതിനാൽ നെപോളിയൻ വിവാദമുക്തനായി. ഭീകരവാഴ്ചയുടെ മുഖ്യനേതാവായിരുന്ന മാക്സിമിലിയൻ റോബേസ്പിയറുടെ സഹോദരൻ അഗസ്റ്റിൻ റോബേസ്പിയറുമായുള്ള സൗഹൃദവും പിന്നീട് നെപോളിയന് വിനയായി ഭവിച്ചു. മാക്സിമിലിയനും അഗസ്റ്റിനും വധശിക്ഷക്കിരയായശേഷം അവരോട് അനുഭാവമുണ്ടായിരുന്നവരുടെ നേർക്കും സംശയദൃഷ്ടികൾ നീണ്ടു. നെപോളിയൻ ആ സമയത്ത് ജെനോവയിലെ പ്രതിരോധം ശക്തിപ്പെടുത്തുന്ന തിരക്കിലായിരുന്നു. ആഗസ്റ്റ് ആദ്യത്തിൽ അറസ്റ്റു ചെയ്യപ്പെട്ടെങ്കിലും രണ്ടാഴ്ചക്കുശേഷം വിട്ടയക്കപ്പെട്ടു.[54]. നെപോളിയൻ വീണ്ടും മിലിറ്ററിയിലേക്ക് തിരിച്ചു വന്നു.

സൈനിക ജീവിതം രണ്ടാം ഘട്ടം 1795-1799[തിരുത്തുക]

പശ്ചാത്തലം : ഡയറക്റ്ററി ഭരണം 1795-1799[തിരുത്തുക]

ഭീകരവാഴ്ച ഫ്രാൻസിന്റെ രാഷ്ട്രീയ-സാമൂഹ്യ അന്തരീക്ഷത്തിൽ വലിയ കോളിളക്കങ്ങളുണ്ടാക്കി. 1792-ൽ ഏറെ പ്രതീക്ഷകോളോടെ നിലവിൽ വന്ന ഒന്നാം ഭരണഘടന അഴിച്ചു പണിയപ്പെട്ടു. നാഷണൽ കൻവെൻഷൻ റദ്ദാക്കി, പകരം രണ്ടു ജനപ്രതിനിധി സഭകൾ (Council of five hundred and Council of ancients)നിലവിൽ വന്നു ഭരണനിർവഹണത്തിനായി ഡയറക്റ്ററി എന്ന അഞ്ചംഗ സമിതിയെ തെരഞ്ഞെടുക്കാൻ തീരുമാനമായി. പക്ഷെ ഇതിനെതിരായി 1795 ഒക്റ്റോബർ ആദ്യത്തിൽ പാരിസിൽ ഒരു വിഭാഗം ജനങ്ങൾ പ്രക്ഷോഭണം കൂട്ടി. ഈ പ്രക്ഷോഭണത്തെ അടിച്ചമർത്താൻ പോൾ ബറാസ് നെപോളിയൻ ബോണപാർട്ടിനെയാണ് ചുമതല ഏല്പിച്ചത്. നെപോളിയൻ തന്റെ ചുമതല കാര്യക്ഷമതയോടെ നിർവഹിച്ചു[55]. നവമ്പർ 1795-ൽ ഡയറക്റ്ററി ഭരണം നിലവിൽ വന്നു. ഇതനുസരിച്ച് അഞ്ചംഗ ഡയറക്റ്ററിയും (executive) നിയമനിർമാണത്തിനായി (legislative) അഞ്ഞൂറംഗങ്ങളടങ്ങിയ കൗൺസെ ദുസൈക്സോയും (lower house) ഇരുനൂറ്റി അമ്പത് അംഗങ്ങളുള്ള കൗൺസെ ദുഓൻഷ്യയും (upper house) രൂപം കൊണ്ടു. അഞ്ചംഗ ഡയറക്റ്ററിയിൽ പോൾ ബറാസ് മുഖ്യ അംഗമായതോടെ നെപോളിയന്റെ പ്രാധാന്യവും വർദ്ധിച്ചു[56].പാരിസ് പ്രാന്തത്തിന്റെ പ്രത്യേക ചുമതലയോടൊപ്പം ഫ്രഞ്ച് ആഭ്യന്തരസേനയുടെ കമാൻഡർ ഇൻ ചീഫ് എന്ന പദവിയും നെപോളിയനു ലഭിച്ചു.[57].

യൂറോപ്- പതിനെട്ടാം ശതകത്തിൽ

രാജവാഴ്ച നിലവിലിരുന്ന യൂറോപ്യൻ രാജ്യങ്ങൾ ഫ്രഞ്ചു റിപബ്ലിക്കിനെതിരായി സംഘടിക്കാൻ തുടങ്ങി. ഓസ്ട്രിയയും ഇംഗ്ലണ്ടും പ്രഷ്യയുമടങ്ങുന്ന യൂറോപ്യൻ സൈനികക്കൂട്ടായ്മ (First Coalition) ഫ്രാൻസിന്റെ അതിർത്തികളിൽ അണിനിരന്നു. ഫ്രാൻസ് ഇതിനെതിരെ പ്രതികരിച്ചു. സൈനികശക്തിയുള്ള രാജ്യമായിരുന്ന ഓസ്ട്രിയ, ഇറ്റലിയിലെ പല നാട്ടുരാജ്യങ്ങളേയും കൈവശപ്പെടുത്തിയിരുന്നു. ഓസ്ട്രിയൻ-പ്രഷ്യൻ സേനകളെ തോല്പിച്ച് വിയന്നയിലെത്തി ഓസ്ട്രിയയെ മുട്ടുകുത്തിക്കുകയായിരുന്നു ഫ്രഞ്ചു റിപബ്ലിക്കിന്റെ ലക്ഷ്യം. അതിനായി നാലു ഫ്രഞ്ചു സൈന്യ വിഭാഗങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടു. ജനറൽ ജോർഡാനും മോറോയും കെല്ലർമാനും റൈൻ തിരത്തുകൂടെ വടക്കുകിഴക്കും നെപോളിയൻ തെക്കു കിഴക്കോട്ടും ആക്രമണം നയിക്കണം. പിന്നീട് മൂന്നു മുന്നണികളും ടൈറോളിൽ വെച്ച് ഒത്തുചേർന്ന് വിയന്നയുടെ നേരെ മുന്നേറണം. ഇതായിരുന്നു യുദ്ധതന്ത്രം. [25].

ഇറ്റാലിയൻ ദൗത്യം[തിരുത്തുക]

ഇറ്റാലിയൻ സൈനികദൗത്യം

1796 മാർച്ച് 10-ന് (ജോസ്ഫൈനുമായുള്ള വിവാഹം നടന്ന് രണ്ടു ദിവസത്തിനകം) ഇറ്റാലിയൻ സൈനികദൗത്യത്തിന്റെ തലവനായി നൈസിലേക്കു പുറപ്പെട്ടു. ഫ്രാൻസിന്റെ തെക്കുകിഴക്കൻ ഭാഗത്ത് ഇറ്റലിയുടെ വടക്കു പടിഞ്ഞാറൻ അതിർത്തിയിലെ പീഡ്മോൺ നാട്ടു രാജ്യമായിരുന്നു ആദ്യ ലക്ഷ്യം.

ഈ സന്ദർഭത്തിലാണ് Buonaparte എന്നത് Bonaparte ആയതെന്നും [25] അതല്ല ഫ്രഞ്ചു പൗരന്മാരായപ്പോൾത്തന്നെ അങ്ങനെ എഴുതിത്തുടങ്ങിയെന്നും[24] വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്.

പീഡ്മോൺ 1796 മാർച്ച്-ഏപ്രിൽ[തിരുത്തുക]

ആൽപ്സ് മലനിരകൾക്കിടയിലെ പീഡ്മോൺ നാട്ടുരാജ്യത്തെ സഹായിക്കാൻ ഓസ്ട്രിയൻ സൈന്യം എത്തിയിരുന്നു. മോൺടോനോട്ടിലും മോൺഡോവിയിലും ഡീഗോവിലും വെച്ചു നടന്ന യുദ്ധങ്ങളിൽ നെപോളിയൻ നിശ്ശേഷം പരാജയപ്പെടുത്തി. മെയ് മാസത്തിൽ നടത്തിയ ഉടമ്പടിയനുസരിച്ച് പീഡ്മോൺ രാജാവ് നിരുപാധികം കീഴടങ്ങി.

ലോഡി യുദ്ധം 1796 മെയ്[തിരുത്തുക]

ലോഡി പ്രവിശ്യയിലെ ഓസ്ട്രിയൻ സേനയെ നെപോളിയൻ പരാജയപ്പെടുത്തി. ഈ യുദ്ധത്തിൽ നെപോളിയൻ സൈനികരോടൊപ്പം നിന്നു പൊരുതിയതായും അങ്ങനെ സൈനികരുടെ സ്നേഹാദരങ്ങൾ നേടിയെടുത്തതായും പറയപ്പെടുന്നു[58]

മാൺടുവാ കീഴടക്കൽ 1796 ജൂലൈ 1797 ഫെബ്രുവരി-[തിരുത്തുക]

തടാകങ്ങളാൽ ചുറ്റപ്പെട്ട നാട്ടു രാജ്യമായിരുന്നു മാൺടുവാ. നാടുവാഴിയുടെ രക്ഷക്കായി ഓസ്ട്രിയൻ സൈന്യം അണി നിരന്നു. ലോണാറ്റോ, കാസ്റ്റിഗ്ലിയൻ,റോവെർട്ടേ, ബസ്സാനോ, കല്യാനോ, കാൾഡീറോ, അർകോൾ, റിവോളി എന്നിങ്ങനെ പലയിടത്തും വെച്ചു എട്ടു മാസങ്ങളോളം നടന്ന യുദ്ധങ്ങളിലൂടെ നെപോളിയൻ സൈനികരോടൊപ്പം നിന്ന് മാൺടുവ കീഴ്പെടുത്തി.[59]. വെനീസ് നിഷ്പക്ഷത പാലിക്കാൻ സമ്മതിച്ചു. തെക്കോട്ടു നീങ്ങിയ നെപോളിയന്റെ സൈന്യവും റോമുമായി മൂന്നു ദിവസത്തെ യാത്രയുടെ ദൂരമേ ഉണ്ടായിരുന്നുള്ളു. മാർപാപ്പ സമാധാന ഉടമ്പടിക്കു തയ്യാറായി[60]. ഓസ്ട്രിയൻ സൈനികമേധാവി ആർച് ഡ്യൂക് ചാൾസും സന്ധിസംഭാഷണങ്ങൾക്കു തയ്യാറായി[61]

കാംപോഫെർമിയോ ഉടമ്പടി 1797 നവമ്പർ[തിരുത്തുക]

വടക്കുകിഴക്കൻ ഇറ്റലിയിലെ ഒരു കൊച്ചു ഗ്രാമമായിരുന്ന കാംപോഫെർമിയോയിൽ വെച്ച് നെപോളിയൻ പരാജിത രാഷ്ട്രങ്ങളുമായി ഉടമ്പടി ചെയ്തു. തന്റെ ഇറ്റാലിയൻ ദൗത്യത്തിന് നെപോളിയൻ വിജയകരമായ അന്ത്യം കുറിച്ചത് ഈ ഉടമ്പടിയിലൂടേയാണ്. 1792 മുതൽ 1797 വരെ ഫ്രഞ്ചു റിപബ്ലിക്കിനെതിരെ പൊരുതിയ ഒന്നാം യുറോപ്യൻ സൈനിക കൂട്ടായ്മയുടെ (First Coalition) ചരമക്കുറിപ്പു കൂടിയായിരുന്നു ഇത്. ഓസ്ട്രിയയുടേയും ഇറ്റലിയുടേയും പല പ്രദേശങ്ങളും ഫ്രഞ്ചു റിപബ്ലിക്കിന്റേതായി.[62],[63].

പാരിസിൽ 1797-ഡിസമ്പർ-1798 മെയ്[തിരുത്തുക]

വിജയികളായി തിരിച്ചെത്തിയ നെപോളിയനും സൈന്യവും ഏറെ പ്രശംസകൾക്കു പാത്രമായി[64].നെപോളിയന്റെ വസതി നിന്നിരുന്ന പാതക്കുതന്നെ വിജയപഥം ( rue de la victoire) എന്നു പേരുമാറ്റം സംഭവിച്ചു[65]. നെപോളിയന് സമൂഹത്തിലെ വരേണ്യരുടെ സഭയായ ഫ്രഞ്ചു അകാദമിയിൽ( Institut de Francais) അംഗത്വം ലഭിച്ചു[66]. പക്ഷെ നെപോളിയന്റെ വർദ്ധിച്ചു വരുന്ന ജനസ്വാധീനം ഡയറക്റ്ററി അംഗങ്ങളെ അസ്വസ്ഥരാക്കി[67][68]. മാത്രമല്ല, ഡയറക്റ്ററിയിലെ അംഗത്വത്തിനും നെപോളിയൻ ശ്രമിച്ചതായി പറയപ്പെടുന്നു[69], [70]. ഈ കാലഘട്ടത്തിലാണ് നെപോളിയന്റെ മൂത്തസഹോദരൻ ജോസെഫ് ബോണപാർട്ട് റോമിലേക്കുള്ള അംബാസഡറായി നിയമിക്കപ്പെട്ടത്.[71] .

കാംപോഫെർമിയോ ഉടമ്പടിയിൽ ഇംഗ്ലണ്ട് ഭാഗഭാക്കായിരുന്നില്ല[72]. ഫ്രാൻസിന്റെ അതിർത്തി രേഖകൾ അംഗീകരിക്കാനും പിടിച്ചെടുത്ത കോളനികൾ കൈമാറാനും ഇംഗ്ലണ്ട് തയ്യാറായെങ്കിലും ഫ്രഞ്ചു റിപബ്ലിക്ക് ഒത്തുതീർപ്പിന് തയ്യാറായില്ല. സാമ്പത്തികമായി ഏറെ ഞെരുക്കത്തിലായിരുന്ന ഫ്രഞ്ചു റിപബ്ലിക് നോട്ടമിട്ടത് ഇംഗ്ലണ്ടിന്റെ സമ്പന്നവും വിപുലവുമായ പൗരസ്ത്യ കോളനികളേയായിരുന്നു. ഇതിൽ പ്രധാനമായിരുന്നു ഇന്ത്യ. മധ്യധരണ്യാഴിയിൽ ഫ്രഞ്ചു നാവികസേനക്കാണ് മേൽക്കോയ്മ എന്നിരിക്കേ ഈജിപ്ത് കീഴടക്കി, അതു വഴി ഇന്ത്യയിലെത്താനായിരുന്നു ഡയറക്റ്ററിയുടേയും നെപോളിയന്റേയും പദ്ധതി[73],[74]. ഈ പദ്ധതിയുടെ ആസൂത്രണം മുഴുവനായത് 1798 മാർച്ചിലാണ്. പൗരസ്ത്യസേനാവിഭാഗത്തിന്റെ (Army of the Orient) തലവനായി നെപോളിയൻ നിയമിക്കപ്പെട്ടു. [75]

ഈജിപ്കിലേക്ക് 1798 മെയ് -1799 ഓഗസ്റ്റ്[തിരുത്തുക]

നെപോളിയൻറെ ഈജിപ്ത് യുദ്ധങ്ങൾ

1798 മെയ് 19-ന് നെപോളിയനും സൈന്യവും ഈജിപ്തിലേക്കു പുറപ്പെട്ടു[76].ഈജിപ്ത് വാണിരുന്നത് മാമൂലെക്ക് എന്നറിയപ്പെട്ടിരുന്ന നാടുവാഴികളായിരുന്നു. ജൂലൈ രണ്ടിന് ഈജിപ്ഷ്യൻ തുറമുഖ പട്ടണം അലക്സാൻഡ്രിയ അതിക്രമിച്ചു കൈവശപ്പെടുത്തി. മൂവായിരത്തോളം സൈനികരേയും യുദ്ധക്കപ്പലുകളേയും കീഴുദ്യോഗസ്ഥൻ ക്ലീബറുടെ ചുമതലയിൽ അലക്സാൻഡ്രിയയിൽത്തന്നെ നിർത്തിയശേഷം നെപോളിയനും ബാക്കി സൈന്യവും കെയ്റോക്കു നേരെ നീങ്ങി. യുദ്ധക്കോപ്പുകളും മറ്റു ചരക്കുകളും ചങ്ങാടത്തിൽ കയറ്റി നൈൽ നദിയിലൂടെ അയക്കാനും അവക്ക് അകമ്പടിയെന്നോണം സൈന്യം കരയിലൂടെ പോകാനുമായിരുന്നു പ്ലാൻ. നെപോളിയനും സൈനികരോടൊപ്പം തന്നെ നീങ്ങി.[77],[78]

നെപോളിയനും സൈന്യവും ഈജിപ്തിൽ

കെയ്റോക്കു നാലഞ്ചു മൈലകലെ വെച്ച് ഫ്രഞ്ചു സൈന്യം മുറാദ് ബേയുടെ നേതൃത്വത്തിലുള്ള മാമുലെക്കു് സൈന്യവുമായി ഏറ്റുമുട്ടി[79]. ഈ ഏറ്റുമുട്ടലിന് പിരമിഡ് യുദ്ധമെന്നു(Battle of Pyramids) വിശേഷിപ്പിച്ചത് നെപോളിയൻ തന്നെയായിരുന്നു. കാരണം യുദ്ധഭൂമിയിൽ നിന്ന് പത്തു പതിനഞ്ചു മൈലകളേയുള്ള കൂറ്റൻ പിരമിഡുകൾ കാണാമായിരുന്നത്രെ.[80] പിരമിഡ് യുദ്ധം നെപോളിയൻ നിഷ്പ്രയാസം ജയിച്ചു. കാരണം മാമുലുക്കു സൈന്യത്തേക്കാളും മികച്ച ആയുധങ്ങളും യുദ്ധതന്ത്രങ്ങളും ഫ്രഞ്ചു സൈന്യത്തിനുണ്ടായിരുന്നു[81]. സൈന്യത്തെ ചതുരാകൃതിയിലാണ് നെപോളിയൻ വിന്യസിച്ചത്[82]. ഈ യുദ്ധത്തോടെ നെപോളിയൻ ഈജിപ്തിൽ ആധിപത്യം സ്ഥാപിച്ചു.

പക്ഷെ ഇതിനിടയക്ക് നെപോളിയന് അവശ്യം വേണ്ടിയിരുന്ന യുദ്ധസാമഗ്രികളുമായെത്തിയവയും അബൂക്കർ ഉൾക്കടലിൽ നങ്കുരമിട്ടിരുന്നവയുമായ എല്ലാ ഫ്രഞ്ചു കപ്പലുകളും 1798 ഓഗസ്റ്റ് ആദ്യവാരത്തിൽ ബ്രിട്ടീഷ് നാവികമേധാവി അഡ്നമിറൽ ഹൊറേഷ്യോ നെൽസൺ നശിപ്പിച്ചു[83],[84]. നൈൽ യുദ്ധം (Battle of Nile) എന്നറിയപ്പെട്ട ഈ പ്രതിക്രിയയോടെ നെപോളിയനും സൈന്യവും ഈജിപ്തിൽ കുടുങ്ങിപ്പോയി[85]. ഈ സാഹചര്യത്തിൽ ഈജിപ്ത് ഒരു ഫ്രഞ്ചു കോളനിയെന്ന നിലയിൽ പ്രയോജനപ്പെടുത്താനും കഴിയാതായി[86]. [87]

1798 സപ്റ്റമ്പറിൽ തുർക്കി സുൽത്താൻ ഫ്രഞ്ചു റിപബ്ലിക്കിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. സിറിയയിലെ ഗവർണർ ജെസ്സാർ പാഷയുടെ നേതൃത്വത്തിൽ പടയൊരുക്കം തുടങ്ങി. ഈജിപ്തിൽ നിന്ന് സിനായ് മരുഭൂമി താണ്ടി സിറിയയിലേക്കു കടന്ന് തന്ത്രപ്രാധാന്യമുള്ള അക്ര് കോട്ട (ഇന്ന് ഇസ്രായേലിലെ അക്കോ) കൈവശപ്പെടുത്താൻ നെപോളിയൻ തീരുമാനിച്ചു[88]. 1799 ഫെബ്രുവരിയോടെ തയ്യാറടുപ്പുകൾ പൂർത്തിയായി. സൈന്യത്തിന്റെ നീക്കം തുടങ്ങി. മൂന്നു മാസത്തോളം കോട്ട പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും പൂർണമായി വിഫലമായി. നെപോളിയനും സൈന്യവും കെയ്റോയിലേക്കു തിരിച്ചു വരാൻ തീർച്ചയാക്കി [89]. ഇതിനകം സൈനികരിൽ വലിയൊരു ഭാഗം പ്ലേഗു ബാധിതരായി. ആസന്ന മരണരായ സൈനികരെ അമിതമായ തോതിൽ ഓപിയം നല്കി കൊല്ലാൻ നെപോളിയൻ സൈനിക ഡോക്റ്റർക്ക് ആദേശം നല്കിയെന്ന് പ്രസ്താവങ്ങളുണ്ട്; എന്നാൽ അത് വെറും തെറ്റിദ്ധാരണയുടെ ഫലമാണെന്ന് നെപോളിയൻ പിന്നീട് സെന്റ് ഹെലേനയിൽ വെച്ചു പറഞ്ഞുവത്രെ. [90],[91]

ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനി പട്ടാളത്തിനെതിരെ യുദ്ധത്തിലേർപ്പെട്ടിരുന്ന ടിപു സുൽത്താനുമായി നെപോളിയൻ സമ്പർക്കം പുലർത്താൻ ശ്രമിച്ചതായി കാണുന്നു.[92].[93] [94],[95] എന്നാൽ നാലാം മൈസൂർ യുദ്ധത്തിൽ ടിപു സുൽത്താൻ മരിച്ചതോടെ(1799 മെയ് 4) ഈ പദ്ധതികളൊക്കെ അലസിപ്പോയി.

1799 ജൂണിൽ ഫ്രഞ്ചു റിപബ്ലിക്കിനെതിരെയുള്ള യൂറോപ്യൻ ശക്തികളുടെ രണ്ടാം സൈനികക്കൂട്ടായ്മയിൽ ബ്രിട്ടനും ഒപ്പു വെച്ചു[96]. ബ്രിട്ടന്റെ പിൻബലത്തോടെ അബുകീറിലിറങ്ങിയ ഓട്ടോമാൻ സൈന്യം നെപോളിയന്റെ സൈന്യത്തെ ആക്രമിച്ചു. ജൂലൈ 22-നു നടന്ന ഈ യുദ്ധത്തിൽ ഫ്രഞ്ചുസൈന്യം നിർണായകവിജയം നേടിയെടുത്തെങ്കിലും ഒരു മാസത്തിനകം, സൈന്യത്തിന്റെ ചുമതല കീഴുദ്യോഗസ്ഥൻ ക്ലീബറിനെ ഏല്പിച്ച് നെപോളിയൻ പാരിസിലേക്ക് തിരിച്ചു പോയി[97], [98]. കാരണം ഡയറക്റ്ററി അംഗങ്ങൾക്കിടയിലെ അധികാര വടംവലികളുടേയും ഫ്രാൻസിന്റെ അതിർത്തിപ്രവിശ്യകളിൽ രണ്ടാം യുറോപ്യൻ സൈനികക്കൂട്ടായ്മ തുടങ്ങിവെച്ച ആക്രമണങ്ങളുടേയും വിവരങ്ങൾ നെപോളിയനു ലഭിച്ചു[99]. മാത്രമല്ല ഈജിപ്തിൽനിന്ന് ഇന്ത്യയിലേക്കുള്ള പാതകളൊക്കെയും അടഞ്ഞു പോയിരുന്നു[100],[101]. ഡയറക്റ്ററിയിൽ നിന്ന് യാതൊരു വിധ നിർദേശങ്ങൾക്കും കാത്തു നില്ക്കാതെ നെപോളിയൻ സ്വേച്ഛയാ എടുത്ത തീരുമാനമായിരുന്നു ഇത്. ഇതേക്കുറിച്ച് ക്ലീബർ ഡയറക്റ്റിയോടു പരാതിപ്പെടുകയുണ്ടായി.[102]. പക്ഷെ നെപോളിയന്റെ ആകസ്മികമായ വരവ് ഡയറക്റ്ററിയും ജനങ്ങളും സ്വാഗതം ചെയ്യുകയാണുണ്ടായത്.

അധികാരത്തിലേക്ക് 1799-1804[തിരുത്തുക]

പശ്ചാത്തലം[തിരുത്തുക]

നെപോളിയനും അഞ്ചു കീഴുദ്യോഗസ്ഥന്മാരും ഓഗസ്റ്റ് 22-ന് അലെക്സാൻഡ്രിയയിൽ നിന്നു പുറപ്പെട്ട് ഒക്റ്റോബർ 9-ന് ഫ്രാൻസിലെ തെക്കുകിഴക്കേ തിരത്തുള്ള ഫ്രെജസ് എന്ന കൊച്ചു തുറമുഖപട്ടണത്തിൽ എത്തിച്ചേർന്നു. പിന്നീട് അവിടെനിന്ന് പാരിസിലേക്കു യാത്രയായി.അഞ്ചംഗ ഡയറക്റ്ററിയുടെ നേതൃത്വം പോൾ ബറാസിനും ഇമ്മാന്വേൽ ഷിയെസിനുമായിരുന്നു മറ്റു മൂന്നു പേർ മൂലാ, ഗോബിയർ,ഡൂക്കോസ് വെറും നാമമാത്ര അംഗങ്ങളും[103],[104]. ച്വാ എന്നറിയപ്പെട്ടിരുന്ന രാജഭക്തർ പശ്ചിമ പ്രവിശ്യകളിൽ ശക്തി പ്രാപിച്ചു വരികയായിരുന്നു. രണ്ടു നിയമസഭകളിലും സദാ ഉൾപ്പോരുകൾ നടന്നു[103]. ദേശഭക്തരെന്ന് സ്വയം വിശേഷിപ്പിച്ച വിപ്ലവവാദികൾ(Jacobines) എല്ലാ മിതവാദികളേയും രാജഭക്തരായി (റോയലിസ്റ്റ്) മുദ്രകുത്തി[105],[106],. വിപ്ലവവാദി ബറാസും ,മിതവാദി ഷിയെസും നെപോളിയനുമായി പ്രത്യേകം പ്രത്യേകം ചർച്ചകൾ നടത്തി[107],[108]. പാർലമെന്റിന്റെ രണ്ടു സഭകളും ഡയറക്റ്ററിയുടെ അധികാരപരിധിയെ വെട്ടിച്ചുരുക്കുന്നതിനാൽ കാര്യക്ഷമമായ ഭരണനിർവഹണം നടക്കാനാവുന്നില്ല എന്നതായിരുന്നു ഇരുവരുടേയും പരാതികൾ. രണ്ടു നിയമസഭകളും(legislative) പിരിച്ചു വിട്ട്, അധികാരം ഭരണാധികാരികളിൽ (executive) മാത്രം ഒതുങ്ങിനില്ക്കുന്ന പുതിയൊരു ഭരണസംവിധാനം നടപ്പാക്കാനായിരുന്നു ഇരുവരുടേയും പദ്ധതി. അധികാരകേന്ദ്രീകരണത്തിനായുള്ള ഉദ്യമത്തിൽ, ജനപ്രിയനായ സൈനികനേതാവ് നെപോളിയന്റെ പിൻബലം ഇരുവർക്കും വേണ്ടിയിരുന്നു. ഡയറക്റ്ററി അംഗത്വം വേണമെന്ന നെപോളിയന്റെ ആവശ്യം, വയസ്സ് 40 ആയിട്ടില്ലെന്ന കാരണത്താൽ വീണ്ടും നിരാകരിക്കപ്പെട്ടു.[109]. എന്നാൽ സൈന്യത്തലവനായി നെപോളിയനെ നിയമിക്കാൻ ഷിയേസ് ഒരുക്കമായിരുന്നു. അതിരഹസ്യമായി ആസൂത്രണം ചെയ്ത രാഷ്ട്രീയ ഗൂഢാലോചന നടപ്പാക്കുന്നതിൽ നെപോളിയൻ ഷിയെസിനെ പിന്താങ്ങി[110],[111].

ഡയറക്റ്ററിയുടെ പതനം -19 ബ്രുമേർ(10, നവമ്പർ)[തിരുത്തുക]

രാജ്യത്തിനകത്ത് ഭീകരവാദികൾ ആക്രമണത്തിനു മുതിരുന്നെന്നു ചൂണ്ടിക്കാട്ടി, നവമ്പർ ഒമ്പതിന് രാവിലെ എട്ടുമണിക്ക് പാർലമെന്റിന്റെ അസാധാരണയോഗം വിളിച്ചു കൂട്ടാൻ ഡയറക്റ്ററി തീരുമാനിച്ചു. നെപോളിയന്റെ ഇളയ സഹോദരൻ ലൂസിയൻ ബോണപാർട്ടായിരുന്നു അഞ്ഞൂറംഗ സമിതിയുടെ (lower house) അധ്യക്ഷൻ എന്നതും ഏറെ സഹായകരമായി[112]. മൂന്നു മണിക്കൂർ മുമ്പു മാത്രമേ ഈ വിവരം അംഗങ്ങളെ, (അതും തങ്ങളുടെ അനുകൂലികളെ മാത്രം) അറിയിച്ചിരുന്നുള്ളു. ഈ യോഗത്തിൽ, രാജ്യത്തിനകത്തെ ഭീഷണി മുൻനിർത്തി നെപോളിയൻ പാരീസിനകത്തുള്ള സകല സൈനികഘടകങ്ങളുടേയും സർവാധികാരിയായി(കമാൻഡർ ഇൻ ചീഫ്) നിയമിക്കപ്പെട്ടു; അടുത്ത പാർലമെന്റ് യോഗം പാരിസിനു പുറത്ത്, സാക്ലൂവിൽവെച്ച് പിറ്റേന്ന് കൂടുമെന്നും തീരുമാനമായി. ഈ തീരുമാനം പുറംലോകത്തെ അറിയിച്ചത് നെപോളിയൻ തന്നെയായിരുന്നു[113].

10 നവമ്പറിന് (വിപ്ലവ കലണ്ടർ 19 ബ്രൂമേർ) ഇരു സഭകളും സാക്ലൂവിൽ സമ്മേളിച്ചു.നെപോളിയൻ സൈന്യബലത്തോടെ രംഗത്തെത്തി. പ്രതിപക്ഷം അതിശക്തമായി പ്രതികരിച്ചെങ്കിലും രാഷ്ട്രീയ അട്ടിമറി നടന്നു. ജനപ്രതിനിധിസഭകൾ പിരിച്ചു വിടപ്പെട്ടു. ഡയറക്റ്ററി അംഗങ്ങൾ അനിഷ്ടത്തോടെയെങ്കിലും രാജിവെച്ചൊഴിഞ്ഞു. ഭരണം താത്കാലികമായി നെപോളിയൻ,ഷിയെസ് , ഡൂക്കോസ് എന്ന മൂന്നംഗ കൗൺസിലിൽ നിക്ഷിപ്തമായി[114],[115].

കോൺസുലേറ്റ് ഭരണം[തിരുത്തുക]

അന്നു രാത്രി പതിനൊന്നു മണിക്ക് നെപോളിയൻ ഫ്രഞ്ചു ജനതക്ക് ഒരു തുറന്ന കത്തെഴുതിയതായി ബൂറിയേൻ രേഖപ്പെടുത്തുന്നു[116]. ഈ കത്തിൽ താൻ അധികാരമേൽക്കാൻ ഇടയായ സാഹചര്യങ്ങൾ നെപോളിയൻ വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമുള്ള ഭീഷണികളും, ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും ഫ്രാൻസിന്റെ അഖണ്ഡതക്കും വിപ്ലവാദർശങ്ങൾക്കും ഭീഷണിയായി ഭവിച്ചതു കണ്ട് ധാർമികരോഷം കൊണ്ട താൻ, രാഷ്ട്രത്തോടും ഭരണഘടനയോടും പ്രതിബന്ധതയുള്ള പട്ടാളക്കാരനെന്ന നിലയിൽ, ചുമതലാബോധമുള്ള പൗരനെന്ന നിലയിൽ ജനാധിപത്യവും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്ന സദുദ്ദേശത്തോടെ എടുത്ത തീരുമാനമാണിതെന്ന് നെപോളിയൻ ജനങ്ങളെ അറിയിച്ചു.[116],[117]

പിറ്റേന്ന് നെപോളിയനും കുടുംബവും വിജയപഥത്തിലെ (rue de la victoire) വീട്ടിൽ നിന്ന് ലക്സംബുർഗ് കൊട്ടാരത്തിലേക്ക് താമസം മാറ്റി[118],[119],[117]. ഒന്നാം കൗൺസിൽ എന്ന നിലക്ക് നെപോളിയൻ പുറപ്പെടുവിച്ച അതിപ്രധാനമായ പല ഉത്തരവുകളിൽ ചിലത് ഇപ്രകാരമായിരുന്നു .

അഭിപ്രായസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നു[തിരുത്തുക]

രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കൾ ഫ്രാൻസിനെ തകർക്കാൻ തക്കം പാർത്തിരിക്കയാണെന്ന മുഖവുരയോടേയാണ് 16 ജനവരി 1800-ന് ഈ ഉത്തരവ് പ്രഖ്യാപിക്കപ്പെട്ടത്. നിലവിലിരുന്ന എഴുപത്തിമൂന്നു പത്രങ്ങളിൽ പതിമൂന്നു പത്രങ്ങൾക്കേ പ്രസിദ്ധീകരണാനുമതി നല്കിയുള്ളു. വർഷാന്ത്യത്തോടെ ഇത് ഇത് ഒമ്പതായി ചുരുങ്ങി. വാർത്തകളും പുസ്തകങ്ങളഉം ലഘുലേഖകളും കർശനമായ സെൻസർഷിപ്പിന് വിധേയമാക്കപ്പെട്ടു. തന്നെ ഇകഴ്ത്തിക്കാണിക്കുന്ന ഇംഗ്ലീഷുപത്രങ്ങൾക്ക് ഫ്രാൻസിനകത്ത് വിലക്കു കല്പിച്ചു. [120],[121]. ഇൻസ്റ്റിറ്റിയൂട്ട് ദു ഫ്രാൻസ് എന്ന വരേണ്യസഭയിലെ രാഷ്ട്രീയവിശകലനം ഉൾപ്പെടെ പല വിഭാഗങ്ങളും റദ്ദാക്കി. ഉയർന്ന ഉദ്യോഗസ്ഥരും, ബുദ്ധിജീവികളും സാധാരണജനതയും ചാരപ്പോലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു[122],[123]

ബാങ്ക് ദു ഫ്രാൻസ്[തിരുത്തുക]

ഫ്രാൻസിന്റെ സാമ്പത്തിക-വികസന പദ്ധതികൾക്കായി ബാങ്ക് ദു ഫ്രാൻസ് (Bank of France)18 ജനവരി 1800-ന് സ്താപിതമായി. [124]

പുതിയ ഭരണഘടന, ജനഹിതപരിശോധന, ഭരണകൂടം[തിരുത്തുക]

മൂന്നു കൗൺസിലുകൾ-കാംബസേഴ്സ്, നെപോളിയൻ, ലൂബ്രാൺ

പുതിയ ഭരണഘടനക്ക് രൂപം നല്കപ്പെട്ടു. മൂന്നംഗ കൗൺസിൽ ഭരണം നടത്തും. കൗൺസിലർമാരുടെ കാലാവധി പത്തുകൊല്ലം. കൗൺസിലിൽ തന്റെ സ്ഥാനം അദ്വിതീയമായിരിക്കണമെന്നും സഹകൗണസിലർമാരെ തെരഞ്ഞെടുക്കാനുള്ള അധികാരം തനിക്കുണ്ടായിരിക്കണമെന്നും നെപോളിയൻ ശഠിച്ചു. അങ്ങനെ അധികാരം നെപോളിയനിൽ കേന്ദ്രീകൃതമായി[114].സഹകൗൺസിലർമാരായി കാംബസേഴ്സ്, ലൂബ്രാൺ എന്നിവരെ നെപോളിയൻ നാമനിർദ്ദേശം ചെയ്തു. ട്രിബൂണാറ്റ്(lower house) ,സെനറ്റ് (upper house) പുതിയ ജനപ്രതിനിധിസഭകൾ നിലവിൽ വന്നു. ട്രിബൂണാറ്റിന് ബില്ലുകൾ അംഗീകരിക്കുകയോ നിരാകരിക്കാനോ ഉള്ള അധികാരമേ ഉണ്ടാവൂ. ഭേദഗതി ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ല. സെനറ്റിലെ പകുതി അംഗങ്ങളെ ഒന്നാം കൗൺസിൽ നാമനിർദ്ദേശം ചെയ്യും. അവർ മറ്റേ പകുതിയേയും.[114].

വിപ്ലവവർഷം എട്ടിലെ ഭരണഘടന (Constitution of the year VIII) എന്നറിയപ്പെട്ട ഈ പുതിയ ഭരണഘടന, 1799 ഡിസമ്പർ 13-ന് (22ഫ്രിമേർ, year VIII)ജനങ്ങൾക്കു മുമ്പാകെ സമർപ്പിക്കപ്പെട്ടു.1800 ഫിബ്രവരി 7-ന് (18 Pluviose, year VIII) വമ്പിച്ച ഭൂരിപക്ഷത്തോടെ ഫ്രഞ്ചു ജനത ഇതംഗീകരിച്ചു.[125]. കോൺസുലേറ്റ് ഭരണവ്യവസ്ഥക്ക് ജനകീയ അംഗീകാരം കൈവന്നു. [126]. ഫെബ്രുവരി 18-ന് (പ്ലൂവിയോസ്- 30)നെപോളിയൻ ട്യുല്ലെറി കൊട്ടാരത്തിലേക്ക് താമസം മാറ്റി[127],[128]

പുതിയ ഭരണസംവിധാനത്തിൽ പ്രതിരോധം, ധനകാര്യം, നാവികവിഭാഗം,നീതിന്യായം, ആഭ്യന്തരം, പോലീസ്, വിദേശകാര്യം എന്നീ വകുപ്പുകളാണുണ്ടായിരുന്നത്. താമസിയാതെ ആഭ്യന്തരവകുപ്പു മന്ത്രിയായി നെപോളിയന്റെ ഇളയസഹോദരൻ ലൂസിയെൻ ചുമതലയേറ്റു[129].

ഭരണം: നയങ്ങൾ, പരിഷ്കാരങ്ങൾ[തിരുത്തുക]

 • ഡയറക്റ്ററി വാഴ്ചക്കാലത്ത് രാഷ്ട്രീയക്കുറ്റം ചുമത്തി ഒരു പാടു പേർ തടവിലാക്കപ്പെട്ടിരുന്നു. ഒന്നാം കൗൺസിലെന്ന നിലക്ക് നെപോളിയൻ ആദ്യമായി ചെയ്ത പ്രവർത്തികളിലൊന്ന് അകാരണമായി അറസ്റ്റുചെയ്യപ്പെട്ടവരെ മോചിപ്പിക്കുക എന്നതായിരുന്നു. രാഷ്ട്രീയകാരണങ്ങളാൽ ദേശബഹിഷ്കൃതരായ ഫ്രഞ്ചുപൗരന്മാർക്ക് തിരിച്ചു വരാനുള്ള സുഗമമായ വഴികളും ഒരുക്കിക്കൊടുത്തു. ഈ നടപടികളിലൂടെ നെപോളിയൻ തന്റെ ജനപിന്തുണ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചു.[118],[130].
 • കേന്ദ്ര-പ്രാദേശിക ഭരണവ്യവസ്ഥകളും സ്ഥാപനങ്ങളും നെപോളിയൻ പുനഃസംഘടിപ്പിച്ചു. വകുപ്പുകളും ഉദ്യോഗസ്ഥരും ആഴ്ചതോറും നെപോളിയന്റെ നിരീക്ഷണത്തിന് വിധേയമായി. ഓരോമന്ത്രിയും പ്രതിദിന റിപോർട്ട് നല്കേണ്ടിയിരുന്നു.[131].
 • സൈന്യത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ നെപോളിയൻ മറന്നില്ല. വിശിഷ്ട സേവനം അനുഷ്ഠിച്ചവർ പ്രത്യേക പുരസ്കാരങ്ങൾക്ക് അർഹരായി[132].
 • സാമ്പത്തികനില മെച്ചപ്പെടുത്താനായി നെപോളിയൻ പല പദ്ധതികളും ആസൂത്രണം ചെയ്തു.ഫ്രഞ്ചു അധീനപ്രദേശങ്ങളായിരുന്ന സ്വിറ്റ്സർലാൻഡ്, ഹോളണ്ട്, ജനോവ എന്നീ രാജ്യങ്ങളിൽ നിന്ന് അധികകരം ഈടാക്കി[131]. ഭീഷണികളും അഴിമതിയും ഇല്ലാത്ത, നിയമാനുസൃതമായ ഭരണം നടത്തുമെന്ന ഉറപ്പു നല്കിയതിൽ ആശ്വാസം കൊണ്ട വ്യാപാരികളും ബാങ്കുടമകളും സർക്കാരിന് വായ്പ നല്കാൻ തയ്യാറായി[133].
 • ലൂയി പതിനാറാമനെ കഴുവിലേറ്റിയ ദിനം (ജനവരി 21) വലിയ ആഘോഷങ്ങളോടെ വർഷന്തോറും കൊണ്ടാടിയിരുന്ന പതിവ് നെപോളിയൻ നിർത്തലാക്കി. ഇത് സഭ്യരായ മനഷ്യർക്ക് ചേർന്നതല്ലെന്നായിരുന്നു നെപോളിയന്റെ വാദം[134].
 • വിപ്ലവസർക്കാർ നിർബന്ധപൂർവം അടച്ചു പൂട്ടിയ എല്ലാ മതസ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാനുള്ള സ്വതന്ത്ര്യം നെപോളിയൻ അനുവദിച്ചു കൊടുത്തു. ഈ നടപടി കുറെ പേരെ ,വിശേഷിച്ച് വിപ്ലവവാദികളേയും ബുദ്ധിജീവികളേയും പ്രക്ഷുബ്ധരാക്കി. കാരണം മതരഹിതരാഷ്ട്രം വിപ്ലവമൂല്യങ്ങളിൽ ഒന്നായിരുന്നു. പക്ഷെ നെപോളിയൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു, സാധാരണജനത നെപോളിയന്റെ കൂടെയായിരുന്നു.[135].നെപോളിയനും മാർപാപ്പയുമായുള്ള ഉടമ്പടിക്കു ശേഷം കതോലികാ സഭ വലിയ ആർഭാടത്തോടെ 11 ഏപ്രിൽ 1802-ന് നോത്ര് ദാം കത്തീഡ്രലിൽ പുനരുദ്ഘാടനം നടത്തി. ഈ ചടങ്ങിൽ നെപോളിയൻ പങ്കെടുത്തെങ്കിലും തിരുവോസ്തി സ്വീകരിച്ചില്ല..[136],[137]
 • ഫ്രാൻസിനുവേണ്ടി വേണ്ടി ആത്മാർപണബോധത്തോടെ സേവനമർപ്പിക്കുന്നവർക്കായി വിശിഷ്ടസേവാമെഡലുകൾ(Ordre national de la Légion d'honneur) നല്കാൻ നെപോളിയൻ തീരുമാനിച്ചത് വളരെയേറെ വിവാദങ്ങൾക്ക് വഴിയൊരുക്കി. എല്ലാ വിധത്തിലുമുള്ള സ്ഥാനമാനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള സമത്വം എന്ന വിപ്ലവാദർശത്തിനു ഇതു തികച്ചു വിരുദ്ധമാണെന്നും, വരേണ്യവർഗത്തിന്റേയും പഴയപാരമ്പര്യങ്ങളുടേയും (ancient regime) തിരിച്ചു വരവാണിതെന്നും പരക്കെ വാദമുയർന്നു. എന്നാൽ പഴയപാരമ്പര്യങ്ങൾ ജന്മാവകാശങ്ങളായിരുന്നെന്നും , താൻ നടപ്പാക്കുന്നത് യോഗ്യത(merit)മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നുമുള്ള നെപോളിയൻറെ നിലപാട് ജനങ്ങൾ അംഗീകരിച്ചു.[138].1802 മെയ് 19-ന് ഇതു നടപ്പിലായി.
 • പടിഞ്ഞാറൻ തീരപ്രവിശ്യയായ ലാവെൻഡി രാജഭക്തരുടെ ഒളിത്താവളവും ശക്തികേന്ദ്രവുമായിരുന്നു. അവർ നിരന്തരം ആഭ്യന്തരസമരങ്ങൾ നടത്തി ഫ്രാൻസിന്റെ ക്രമസമാധാനം അവർ അലങ്കോേലപ്പെടുത്തി. ഇവരെ സഹായിക്കാൻ ബ്രിട്ടീഷ് നാവിതസേനയും ഉണ്ടായിരുന്നു. നെപോളിയൻ അവരുടെ നേതാവിനേയും അനുയായികളേയും ചർച്ചകൾക്കായി പാരീസിലേക്കു ക്ഷണിച്ചു. ദേശഭക്തിയുടെ പേരിൽ അവരിൽ ബഹുഭൂരിപക്ഷം പേരേയും മനസാന്തരപ്പെടുത്താൻ നെപോളിയനു കഴിഞ്ഞു. [139].
 • നിയമങ്ങൾ ക്രോഡീകരിക്കാനുള്ള ഉദ്യമം ആരംഭിച്ചു. ഫ്രാൻസിലെ ബഹുമാന്യരായ ജഡ്ജിമാരെ അടങ്ങിയ സമിതി രൂപീകരിക്കപ്പെട്ടു.1801-ൽ നിയമാവലി പൂർത്തിയായെങ്കിലും 1804-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

യുദ്ധങ്ങൾ, സമാധാന ഉടമ്പടികൾ 1799-1802[തിരുത്തുക]

ഹോൺലിൻഡൻ യുദ്ധം 3ഡിസമ്പർ 1800. ചുവപ്പ് ഫ്രഞ്ചു സൈന്യം . നീല ഓസ്ട്രിയൻ സൈന്യം

അയൽശക്തികളായ ഓസ്ട്രിയയും ഇംഗ്ലണ്ടുമായി ഡയറക്റ്ററി വാഴ്ച ഏർപ്പെട്ടിരുന്ന വിപ്ലവയുദ്ധങ്ങളിൽ ഒത്തുതീർപ്പിലെത്താൻ നെപോളിയൻ ശ്രമിച്ചു. എന്നാൽ നെപോളിയന്റെ വർദ്ധിച്ചു വരുന്ന ജനസമ്മതി ഓസ്ട്രിയയും ഇംഗ്ലണ്ടും ആശങ്കയോടേയാണ് വീക്ഷിച്ചത്.

മാരെംഗോ, ഹോൺലിൻഡൻ യുദ്ധങ്ങൾ, ലൂണെവിൽ ഉടമ്പടി[തിരുത്തുക]

യൂറോപ് ലൂണെവിൽ ഉടമ്പടിക്കു ശേഷം

വടക്ക് ഇംഗ്ലീഷ് ചാനലിൽ ഇംഗ്ലീഷു നാവികസൈന്യവും കരയിൽ തെക്കു വടക്കായി ഓസ്ട്രിയൻ സൈന്യവും നിരന്നു. സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ഫ്രാൻസും യുദ്ധത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി[140]. തങ്ങളോളം സാമ്പത്തിക ശേഷിയും സൈന്യബലവും ഇല്ലാത്ത ഫ്രാൻസിനെ തോല്പിക്കുക എളുപ്പമാവുമെന്ന് ഇംഗ്ലണ്ടും ഓസ്ട്രിയയും കരുതി[141]. നെപോളിയന്റേയും കമാൻഡർ മോറോയുടേയും കീഴിൽ ഫ്രഞ്ചുസൈന്യം പൊരുതി.14 ജൂൺ 1800-നു നടന്ന മാരെംഗോ യുദ്ധത്തിൽ ഓസ്ട്രിയൻ സൈന്യത്തെ നിശ്ശേഷം പരാജയപ്പെടുത്തിയശേഷം നെപോളിയൻ ഓസ്ട്രിയയുമായി സമാധാന ഉടമ്പടിക്ക് തയ്യാറായി[142]. പക്ഷെ ഫ്രാൻസുമായി ഒറ്റക്ക് ഒത്തു തീർപ്പിലെത്താനുള്ള സ്വാതന്ത്ര്യം ഓസ്ട്രിയക്ക് ഇല്ലായിരുന്നു. കാരണം , ബ്രിട്ടന്റെ അറിവോ സമ്മതമോ ഇല്ലാതെ ഓസ്ട്രിയ ഫ്രാൻസുമായി യാതൊരു ഇടപാടും നടത്തില്ലെന്നതായിരുന്നു ഓസ്ട്രിയക്കു ബ്രിട്ടൻ നല്കിയ സാമ്പത്തിക വായ്പയിലെ മുഖ്യ നിബന്ധന[143]. ഈ വസ്തുത മറച്ചു വെച്ച് ഓസ്ട്രിയ സംഗതികൾ നീട്ടിക്കൊണ്ടു പോയി[144]. ശൈത്യമാസങ്ങളിൽ ആൽപ്സ് പർവതത്തിൽ മഞ്ഞുവീഴ്ച തുടങ്ങി. ഈ സാഹചര്യത്തിൽ ഫ്രഞ്ചുപടനീക്കങ്ങൾ ഉണ്ടാകില്ലെന്ന ഓസ്ട്രിയൻ കണക്കുകൂട്ടലുകളെ പാടേ അട്ടിമറിച്ച്, ഫ്രഞ്ചു സൈന്യം ഓസ്ട്രിയയെ തെക്കും വടക്കും ആക്രമിച്ചു[145].ഹോൺലിൻഡൻ എന്ന സ്ഥലത്തു വെച്ചു നടന്ന യുദ്ധത്തിൽ ഓസ്ട്രിയ പരാജയപ്പെട്ടു.വിയന്നക്കു മുപ്പതു മൈലകലെ ഫ്രഞ്ചു സൈന്യം നിലകൊണ്ടു. ഗത്യന്തരമില്ലാതെ ഓസ്ട്രിയ ഒത്തു തീർപ്പിനു വഴങ്ങി. 1801 ഫെബ്രുവരി 9-ന് പ്രാബല്യത്തിൽ വന്ന ലൂൺവിൽ ഉടമ്പടി പ്രകാരം റൈൻ നദി ഫ്രാൻസിന്റെ സ്വാഭാവികവും പ്രകൃതിദത്തവുമായ വടക്കു കിഴക്കൻ അതിർത്തിയായി ഓസ്ട്രിയ അംഗീകരിച്ചു[146].

അമിയേ ഉടമ്പടി[തിരുത്തുക]

ഫ്രാൻസിന് ഇംഗ്ലീഷുചാനലിലൂടേയുള്ള സഞ്ചാരസ്വാതന്ത്ര്യം ബ്രിട്ടീഷു കപ്പലുകൾ തടഞ്ഞു. ഇതോടെ ഫ്രാൻസിന്റെ സമുദ്രവാണിജ്യം മുടങ്ങി. അതുമാത്രമല്ല മറ്റേതൊരു രാജ്യത്തിന്റേയും കപ്പലുകൾ പരിശോധിച്ച് ഫ്രാൻസിലേക്കെന്നു സംശയിക്കപ്പെടാവുന്ന ചരക്കുകൾ കണ്ടുകെട്ടാനുള്ള അവകാശവും അധികാരവും തങ്ങൾക്കുണ്ടെന്ന് ഇംഗ്ലണ്ട് പ്രഖ്യാപിച്ചു[147]. ലൂണെവിൽ ഉടമ്പടിയിലൂടെ ഫ്രാൻസുമായി ഇതിനകം സഖ്യം സ്ഥാപിച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങളോടൊപ്പം റഷ്യയും കൂട്ടുചേർന്നു,പക്ഷെ ബ്രിട്ടീഷു നാവികസേന ചെറുത്തു നില്പ് തുടർന്നു. [148]. ബ്രിട്ടീഷ് നാവികസൈന്യത്തിന്റെ തലവൻ നെൽസൺ ആയിരുന്നു[149]. ചാനൽ കടന്ന് ഇംഗ്ലണ്ടിലെന്നല്ല, ലണ്ടനിൽത്തന്നെ ഫ്രഞ്ചു സൈന്യം എത്തുമെന്ന് നെപോളിയൻ പരസ്യമായി പ്രഖ്യാപിച്ചു[150]. ചാനലിന് ഇരു വശവത്തും ബാൾട്ടിക് തീരത്തും ഇരു സൈന്യങ്ങളും അണിനിരന്നു. ഓഗസ്റ്റ് പതിനാറിന് അർദ്ധരാത്രി നടന്ന അതിഘോരമായ യുദ്ധത്തിനു ശേഷം ബ്രിട്ടീഷ് പട പിന്മാറി[151]. ഇംഗ്ലണ്ട് സന്ധിസംഭാഷണത്തിനു തയ്യാറായി[152].

1802 മാർച്ച് 25-ന് അമിയേ എന്ന ഫ്രഞ്ചു ഉൾനാടൻ പട്ടണത്തിൽവെച്ച് ഇംഗ്ലണ്ടും ഫ്രാൻസും ഒത്തുതീർപ്പിലെത്തി. ഫ്രഞ്ചു റിപബ്ലിക്കനെ അംഗീകരിക്കാൻ ഇംഗ്ലണ്ട് തയ്യാറായി. ആഗോളാടിസ്ഥാനത്തിൽ എല്ലാ ആംഗ്ലോ-ഫ്രഞ്ചു യുദ്ധങ്ങളിലും ഇടപാടുകളിലും നീക്കുപോക്കുകളുണ്ടായി. നെപോളിയന്റെ പ്രതിനിധിയായി മൂത്തസഹോദരൻ ജോസെഫ് ആണ് ഇതിൽ ഒപ്പു വെച്ചത്. ഇംഗ്ലണ്ടിന്റെ പ്രതിനിധി കോൺവാലിസ് പ്രഭു ആയിരുന്നു[153].

ആജീവനാന്തം ഒന്നാം കൗൺസിൽ[തിരുത്തുക]

ഓസ്ട്രിയയുമായി ഒപ്പു വെച്ച ലൂണേവിൽ (1801 ഫെബ്രുവരി 9), ഇംഗ്ലണ്ടുമായി നടന്ന അമിയേ (1802 മാർച്ച് 25)ഉടമ്പടികൾ ഫ്രാൻസിനെതിരായി അണിനിരന്ന യൂറേപ്യൻ ശക്തികളുടെ രണ്ടാം സൈനികക്കൂട്ടായ്മയുടെ അന്ത്യം കുറിച്ചു. താത്കാലികമായെങ്കിലും ഫ്രാൻസിനകത്ത് ശാന്തിയും സമാധാനവും വിളയാടാൻ കാരണമായി. ഇതോടെ നെപോളിയന്റെ ജനസ്വാധീനവും വർദ്ധിച്ചു. ലണ്ടനിൽ രാഷ്ട്രീയാഭയം തേടിയിരുന്ന രാജവംശജർ അവകാശം സ്ഥാപിച്ചെടുക്കാൻ നേരിയ ശ്രമം നടത്തിയെങ്കിലും നെപോളിയൻ അതിനെ തീരെ അലക്ഷ്യപ്പെടുത്തി[141].

നെപോളിയന്റെ ജനസ്വാധീനം കണ്ടറിഞ്ഞ് ഒന്നാം കൗൺസലിന്റെ ഉദ്യോഗകാലാവധി ആജീവനാന്തമായിരിക്കണമെന്ന പരാമർശം ജനപ്രതിനിധിസഭകൾ ചർച്ച ചെയ്തു.കാംബേഴ്സാണ് ഇതിനു മുൻകൈ എടുത്തത്. നെപോളിയൻ ആജീവനാന്തം ഫ്രാൻസിന്റെ ഒന്നാം കൗൺസിലായിരിക്കും, തന്റെ പിൻഗാമിയെ നെപോളിയൻ തന്നെ നാമനിർദ്ദേശം ചെയ്യും എന്ന ഇരട്ട പ്രമേയം നെപോളിയനു മുമ്പാകെ സമർപ്പിക്കപ്പെട്ടു. പ്രമേയത്തിന്റെ രണ്ടാംഭാഗം നെപോളിയനു സമ്മതമായിരുന്നില്ല. ഒന്നാം ഭാഗം മാത്രം ജനഹിതപരിശോധനക്കു വിധേയമാക്കാൻ നെപോളിയൻ ശഠിച്ചു. 1802 ഓഗസ്റ്റ് ആദ്യവാരത്തിൽ ജനഹിതപരിശോധന നടന്നു. മൂന്നരലക്ഷത്തോളം പേർ അനുകൂലമായും എണ്ണായിരം പേർ പ്രതികൂലമായും വോട്ടു ചെയ്തു. ജനാധിപത്യ വ്യവസ്ഥകളിലൂടെത്തന്നെ എല്ലാ അധികാരങ്ങളും നെപോളിയനിൽ കേന്ദ്രീകൃതമായി[154],[155].

നെപോളിയന്റെ പേരിലിറങ്ങിയ സ്വർണ നാണയം: റിപബ്ലികൻ വർഷം 12 (1803-04)

ഭരണഘടന ഭേദഗതി ചെയ്യപ്പെട്ടു. ഈയവസരത്തിൽ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള നിർബന്ധത്തിനു നെപോളിയൻ വഴങ്ങിക്കൊടുത്തു. ഓഗസ്റ്റ് 15-ന് നെപോളിയന്റെ ജന്മദിനം ഫ്രാൻസ് ആഘോഷപൂർവം കൊണ്ടാടി. ഗവണ്മെന്റിലെ ഉയർന്ന ഉദ്യോഗസ്ഥരും മതസ്ഥാപനങ്ങളിലെ അധികാരികളും, വിദേശരാജ്യപ്രതിനിധികളും നെപോളിയനെ അഭിനന്ദിക്കാനെത്തി. ക്രൈസ്തവപള്ളികളിൽ നെപോളിയന്റെ പേരിൽ പ്രാർഥനകൾ നടന്നു. ശബ്ബാത്തു ദിവസങ്ങളിൽ നെപോളിയനും ജോസ്ഫൈനും പള്ളിയിലെത്തി പ്രാർഥനകളിൽ പങ്കെടുക്കാൻ തുടങ്ങി, ജനങ്ങളിൽ പലരും അത് അനുകരിച്ചു.[156]. ഒരു വശത്ത് നെപോളിയന്റെ ശിരസ്സു മുദ്രിതമായ സ്വർണനാണയങ്ങൾ ഇറങ്ങി. ആഗസ്റ്റ് പതിനഞ്ച്, നെപോളിയന്റെ ജന്മദിനം ദേശീയ അവധിയായി[155].

നെപോളിയന്റെ നിയമാവലി (Code Napoléon)[തിരുത്തുക]

ഫ്രഞ്ചു (സിവിൽ) നിയമാവലി
നിയമാവലി ഒന്നാം പേജ്

(Code civil des Français)

നെപോളിയന്റെ യുദ്ധങ്ങൾ 1803-1815[തിരുത്തുക]

ഫ്രാൻസിന്റെ ചക്രവർത്തി 1804-1814[തിരുത്തുക]

സൈനിക പരാജയങ്ങൾ[തിരുത്തുക]

റഷ്യയിലേക്ക് നടത്തിയ പടയോട്ടമാണ് നെപ്പോളിയന്റെ ശക്തിക്ഷയത്തിന്റെ തുടക്കത്തിന് കാരണമായി കണക്കാക്കപ്പെടുന്നത്. ഫ്രഞ്ച് സൈന്യവുമായി നേരിട്ടു യുദ്ധം ചെയ്യാതെ, പട്ടണങ്ങളും മറ്റും ഉപേക്ഷിച്ച് പിന്മാറുന്ന തന്ത്രമാണ് ഈ ആക്രമണത്തെ നേരിടാൻ റഷ്യൻ സൈന്യാധിപനായിരുന്ന കുട്ടുസോവ് സ്വീകരിച്ചത്. റഷ്യയുടെ വിശാലതയിൽ, ആക്രമണ സൈന്യത്തിന് ഈ തന്ത്രത്തെ നേരിടുകയെന്നത് അസാധ്യമായിരുന്നു.[൧] ഒടുവിൽ, ക്ഷീണിച്ചവശരായി മോസ്കോയിലെത്തിയ ഫ്രഞ്ച് സൈന്യം കണ്ടത് തീരെ ഉപേക്ഷിക്കപ്പെട്ട തലസ്ഥാനമാണ്. പോരാഞ്ഞ് പട്ടണത്തിൽ പലയിടങ്ങളിലും അഗ്നിബാധയും ഉണ്ടായി. അവയുടെ കാരണം വ്യക്തമല്ല. പിൻ‌വാങ്ങിയ റഷ്യൻ സൈന്യമാണ് അവക്കു പിന്നിൽ എന്നും അല്ല ഉപേക്ഷിക്കപ്പെട്ട പട്ടണത്തിൽ സ്വാഭാവിക കാരണങ്ങൾ കൊണ്ടുടായ അഗ്നിബാധയാണ് എന്നുമൊക്കെ അഭിപ്രായമുണ്ട്. ഒടുവിൽ ഫ്രഞ്ച് സൈന്യത്തിന് തിരിച്ചോടുകയല്ലാതെ വഴിയില്ലെന്നായി. അഞ്ചര ലക്ഷം യോദ്ധാക്കളുണ്ടായിരുന്ന സൈന്യത്തിന്റെ അംഗബലം, പാരീസിൽ മടങ്ങിയെത്തിയപ്പോൾ, ഏതാനും ആയിരമായി ചുരുങ്ങിയിരുന്നു. ബാക്കിയുള്ളവർ റഷ്യൻ ഒളിപ്പോരാളികളുടെ ആക്രമണത്തിനും റഷ്യയുടെ കടുത്ത കാലാവസ്ഥക്കും വിശപ്പിനും ഒക്കെ ഇരകളായി നശിച്ചു. അങ്ങനെ മടങ്ങി വന്ന നെപ്പോളിയനെതിരെ ഫ്രാൻസിന്റെ ശത്രുസൈന്യങ്ങൾ ഒത്തുചേർന്ന് നീങ്ങി. ശക്തമായ ആക്രമണം നെപ്പോളിയൻ സൈന്യത്തെ തളർത്തി. ഫ്രാൻസിൽ ലൂയി പതിനെട്ടാമൻ രാജാവാവുകയും നെപ്പോളിയനെ എൽബ ദ്വീപിലേക്ക് നാട് കടത്തുകയും ചെയ്തു.


എന്നാൽ താമസിയാതെ എൽബയിൽ നിന്ന് രക്ഷപെട്ട് നെപ്പോളിയൻ ഫ്രാൻസിലെത്തി. പുതിയ രാജാവ് ഇതിനകം ജനങ്ങളുടെ അപ്രീതിക്ക് പാത്രമായിരുന്നു. അങ്ങനെ നെപ്പോളിയൻ വീണ്ടും ചക്രവർത്തിയായി. അതിനൊപ്പം ശത്രുക്കളും ഏറി. തുടർന്ന് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെട്ടു. ഫ്രഞ്ച് സർക്കാർ നെപ്പോളിയനെ സ്വീകരിച്ചില്ല. അങ്ങനെ ചക്രവർത്തി സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിന്റെ അതിഥിയായി കഴിയാൻ ആഗ്രഹിച്ചെങ്കിലും ഇംഗ്ലീഷുകാർ അദ്ദേഹത്തെ തടവിലാക്കി. ഒടുവിൽ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപായ സെയിന്റ് ഹെലീനയിലേക്ക് നാടുകടത്തി.

മരണം[തിരുത്തുക]

1821 ൽ സെന്റ് ഹെലീന ദ്വീപിൽ വച്ച് ഉദരരോഗം നിമിത്തം മരിച്ചു. മരണസമയത്ത് ഫ്രാൻസ്, സൈന്യം, സൈന്യത്തലവൻ, ജോസഫൈൻ എന്നീ വാക്കുകൾ ഉച്ചരിച്ചിരുന്നു.

മരണകാരണം[തിരുത്തുക]

സെന്റ് ഹെലീനയിൽ വച്ചുള്ള നെപ്പോളിയന്റെ മരണകാരണം ചരിത്രത്തിൽ പലവട്ടം വിവാദത്തിന്‌ കാരണമായിട്ടുണ്ട്. നെപ്പോളിയന്റെ കുടുംബാംഗങ്ങൾ തെരഞ്ഞെടുത്തതനുസരിച്ച് അദ്ദേഹത്തിന്റെ മൃതദേഹപരിശോധനക്ക് നേതൃത്വം നൽകിയ വിദഗ്ദ്ധൻ ഫ്രാൻസെസ്കോ അന്റോമാർക്കി, ഉദരാർബുദം ആണ്‌ മരണകാരണമായി അദ്ദേഹത്തിന്റെ മരണസർട്ടിഫിക്കറ്റിൽ ചൂണ്ടിക്കാണിച്ചത്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആർസെനിക് വിഷബാധയാണ്‌ മരണകാരണം എന്ന അഭിപ്രായം ശക്തി പ്രാപിച്ചു.

സ്വകാര്യ ജീവിതം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

^  ഫ്രഞ്ചുകാരുടെ ആക്രമണസൈന്യത്തിന് മുൻപിൽ പിന്മാറി ഓടുമ്പോഴും "ഞാൻ അവരെ കുതിരയിറച്ചി തീറ്റിക്കും" എന്ന് വീമ്പടിച്ചു കൊണ്ടിരുന്ന കുട്ടുസോവിനെ ഒരു കോമാളിയായാണ് അന്ന് പലരും കണക്കാക്കിയത്. റഷ്യയുടെ കാലാവസ്ഥ തന്നെ ആക്രമണസൈന്യത്തെ നശിപ്പിക്കാൻ മതി എന്ന വിശ്വാസമായിരുന്നു കുട്ടുസോവിന്റെ തന്ത്രത്തിന് അടിസ്ഥാനം[157]

അവലംബം[തിരുത്തുക]

 1. AbbottI 1883.
 2. AbbottI 1883, p. 258.
 3. AbbottI 1883, p. 272.
 4. നെപോളിയാനിക വെബ്സൈറ്റ്
 5. വാട്ടർലൂ യുദ്ധം: രേഖകൾ -ജോൺ ബൂത്ത് 1815
 6. Barnet 1978, p. 213.
 7. Arnott 1822, p. 27.
 8. Abbott 1883, p. 18.
 9. 9.0 9.1 Abbott 1883, p. 17.
 10. Barnett 1978, p. 15.
 11. Sloane, p. 19.
 12. Scott 1839, p. 141.
 13. Sloane, p. 40.
 14. Abbott 1883, p. 20.
 15. 15.0 15.1 Barnett 1978, p. 16.
 16. Bourrienne I 1831, p. 20.
 17. Scott 1839, p. 142.
 18. Sloane, p. 41,42,43.
 19. 19.0 19.1 Scott 1839, p. 143.
 20. Sloane, p. 51-52.
 21. Bourrienne I 1831, p. 32.
 22. Barnett 1978, p. 17.
 23. Sloane, p. 37-38.
 24. 24.0 24.1 Gaurgaud 1903, p. 35.
 25. 25.0 25.1 25.2 25.3 Barnett 1978, p. 43.
 26. Barnett 1978, p. 19.
 27. Scott 1839, p. 145.
 28. Barnett 1978, p. 21.
 29. LockhartI 1835, p. 16.
 30. Gaurgaud 1903, p. 36.
 31. Barnett 1978, p. 22.
 32. Sloane, p. 70-71.
 33. Barnett 1978, p. 25.
 34. Sloane, p. 77.
 35. Barnett 1978, p. 25,26.
 36. Sloane, p. 102.
 37. Sloane, p. 115.
 38. 38.0 38.1 Barnett 1978, p. 26.
 39. Sloane, p. 127-128.
 40. Scott 1839, p. 54.
 41. Scott 1839, p. 146.
 42. Sloane, p. 135-136.
 43. Sloane, p. 118-119.
 44. Sloane, p. 153-154.
 45. Sloane, p. 157-158.
 46. Scott 1839, p. 147.
 47. Scott 1839, p. 148.
 48. Sloane, p. 191-192.
 49. abbott 183, p. 50,51.
 50. abbott 183, p. 53,55.
 51. Scott 1839, p. 151.
 52. Barnett 1978, p. 35.
 53. LockhartI 1835, p. 21-27.
 54. Scott 1839, p. 152.
 55. LockhartI 1835, p. 33-35.
 56. abbott 183, p. 65.
 57. Barnett 1978, p. 37-39.
 58. ലോഡി യുദ്ധം]
 59. Abbott 1883, p. 129-130.
 60. Abbott 1883, p. 144.
 61. Abbott 1883, p. 145.
 62. Abbott 1883, p. 160,164.
 63. LockhartI 1835, p. 99.
 64. Bourrienne I, p. 111.
 65. Bourrienne I, p. 126.
 66. Bourrienne I 1831, p. 126.
 67. Abbott 1883, p. 166,172.
 68. LockhartI 1835, p. 101-102.
 69. Bourrienne I 1831, p. 127.
 70. Barras, p. 215,317.
 71. CorJoseph, p. 30, Letter43.
 72. Abbott 1883, p. 170.
 73. Abbott 1883, p. 170,174.
 74. LockhartI 1835, p. 108.
 75. Barnett 1978, p. 55-56.
 76. LockhartI 1835, p. 112.
 77. Abbott 1883, p. 189.
 78. Bourrienne I 1831, p. 147.
 79. Abbott 1883, p. 193.
 80. LockhartI 1835, p. 117-118.
 81. Barnett 1978, p. 58.
 82. Abbott 1883, p. 192-194.
 83. Abbott 1883, p. 200-201.
 84. LockhartI 1835, p. 120.
 85. Abbott 1883, p. 202.
 86. Barnett 1978, p. 61.
 87. Bourrienne I 1831, p. 154-155.
 88. Abbott 1883, p. 204.
 89. LockhartI 1835, p. 130.
 90. LockhartI 1835, p. 131-132.
 91. Bourrienne I 1831, p. 183,196.
 92. Watson 2003, p. 12-13.
 93. ടിപു സുൽത്താൻ-ഫ്രാൻസ് സൗഹൃദം- ഔദ്യോഗിക രേഖകൾ 1799
 94. Historical Sketches of the South of India, in an Attempt to Trace the History of Mysoor: From the Origin of the Hindoo Government of that State, to the Extinction of the Mohammedan Dynasty in 1799 by Mark Wilks 1817. page 380
 95. Bourrienne I 1831, p. 171.
 96. Abbott 1883, p. 206.
 97. Barnett 1978, p. 65.
 98. Abbott 1883, p. 238-240.
 99. LockhartI 1835, p. 135-136.
 100. Gaurgaud 1903, p. 70.
 101. Bourrienne I 1831, p. 211.
 102. Bourrienne I 1831, p. 262-265.
 103. 103.0 103.1 BarrasIII 1831, p. xv.
 104. CorJoseph, p. 2.
 105. BarrasIII, p. xv.
 106. Barnett 1978, p. 67.
 107. Gaurgaud 1903, p. 73.
 108. Bourrienne I 1831, p. 225.
 109. Bourrienne I 1831, p. 232.
 110. Gaurgaud 1903, p. 76.
 111. Bourrienne I 1831, p. 233.
 112. Bourrienne I 1831, p. 231.
 113. Bourrienne I 1831, p. 237.
 114. 114.0 114.1 114.2 Barnett 1978, p. 69.
 115. Bourrienne I 1831, p. 248.
 116. 116.0 116.1 Bourrienne I 1831, p. 246.
 117. 117.0 117.1 Abbott 1883, p. 271.
 118. 118.0 118.1 Barnett 1978, p. 70.
 119. Bourrienne I 1831, p. 253,257.
 120. Bourrienne I 1831, p. 285-286.
 121. Barnett 1978, p. 84.
 122. Bourrienne I 1831, p. 299-304.
 123. Barnett 1978, p. 85.
 124. ബാങ്ക് ദു ഫ്രാൻസ്
 125. Abbott 1883, p. 280.
 126. Bourrienne I 1831, p. 253- 254.
 127. Bourrienne I 1831, p. 305-307, 309-310.
 128. Abbott 1883, p. 282.
 129. Bourrienne I 1831, p. 254.
 130. Abbott 1883, p. 277.
 131. 131.0 131.1 Barnett 1978, p. 70-71.
 132. Abbott 1883, p. 285-286.
 133. Abbott 1883, p. 285.
 134. Abbott 1883, p. 284-85.
 135. Abbott 1883, p. 277,367-369,372.
 136. Abbott 1883, p. 370-371.
 137. Barnett 1978, p. 86-87.
 138. Abbott 1883, p. 382-384.
 139. Abbott 1883, p. 290-291.
 140. Abbott 1883, p. 291-298.
 141. 141.0 141.1 Abbott 1883, p. 299.
 142. Abbott 1883, p. 321-330.
 143. Abbott 1883, p. 332.
 144. Abbott 1883, p. 333-34.
 145. Abbott 1883, p. 335.
 146. Abbott 1883, p. 336-339.
 147. Abbott 1883, p. 353.
 148. Abbott 1883, p. 354.
 149. Abbott 1883, p. 358.
 150. Abbott 1883, p. 357.
 151. Abbott 1883, p. 358-359.
 152. Abbott 1883, p. 360.
 153. Abbott 1883, p. 361.
 154. Abbott 1883, p. 385-388.
 155. 155.0 155.1 Barnett 1978, p. 88.
 156. Abbott 1883, p. 390.
 157. ലിയോ ടൊൾസ്റ്റോയിയുടെ യുദ്ധവും സമാധാനവും എന്ന നോവൽ

ഗ്രന്ഥസൂചിക[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Bonaparte, Napoleon
ALTERNATIVE NAMES Napoleon I Bonaparte, Emperor of the French, King of Italy
SHORT DESCRIPTION French general and ruler
DATE OF BIRTH 15 August 1769
PLACE OF BIRTH Ajaccio, Corsica
DATE OF DEATH 5 May 1821
PLACE OF DEATH Saint Helena