Jump to content

ഭീകരവാഴ്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫ്രാൻസിന്റെ ചരിത്രത്തിൽ 1793 സപ്റ്റമ്പർ മുതൽ 1794 ജൂലൈ വരെയുള്ള രക്തരൂക്ഷിതമായ കാലഘട്ടത്തെയാണ് ചരിത്രകാരന്മാർ ഭീകരവാഴ്ച(Reign of Terror ഫ്രഞ്ച് : la Terreur) എന്ന് വിശേഷിപ്പിക്കുന്നത്. ജനാധിപത്യത്തെ സംരക്ഷിക്കാനുളള വ്യഗ്രതയിൽ, അത്തരമൊരു വ്യവസ്ഥക്ക് എതിരായേക്കാമെന്നു സംശയിക്കപ്പെട്ട രാജകുടുംബാംഗങ്ങളും പ്രഭുകുടുംബാംഗങ്ങളും മാത്രമല്ല ഉന്നതാധികാരികളും, സൈന്യാധിപന്മാരും സാധാരണ ഉദ്യോഗസ്ഥരുമടക്കം അനേകം പേർ വധിക്കപ്പെട്ടു. ഭീകരവാഴ്ചയുടെ തുടക്കത്തിലാണ് 1793 ഒക്റ്റോബർ 16-ന് മേരി ആന്റൊനൈറ്റ് പരസ്യമായി ഗില്ലോട്ടിന് ഇരയാക്കപ്പെട്ടത്. പ്രത്യക്ഷമായ അരാജകത്വവും അരക്ഷിതാവസ്ഥയും മുതലെടുത്ത് പലരും വ്യക്തിവൈരാഗ്യങ്ങൾ തീർക്കാനും മുതിർന്നു.[1]

പശ്ചാത്തലം[തിരുത്തുക]

ജാകോബൈൻ, ഗിറോൻഡിൻ,മോണ്ട്യേന്യ്[തിരുത്തുക]

സാമൂഹ്യ അനീതികൾക്കെതിരെ ശബ്ദമുയർത്തിയ ചിന്തകരുടെ കൂട്ടായ്മയായിരുന്നു ജാകോബൈൻസ് ക്ലബ്.[2],[3] വിപ്ലവം ജനസമൂഹത്തിന്റെ മുഴുവനും ആവേശമായി മാറിയപ്പോൾ സമൂഹത്തിന്റെ വിവിധശ്രേണികളിൽ നിന്നുള്ള പുരോഗമന ചിന്തകരായ വ്യക്തികൾ -രാജകുടുംബാംഗങ്ങളും കുലീനരും ബൂർഷ്വകളും സാധാരണക്കാരുമടക്കം- ഈ കൂട്ടായ്മയിൽ പങ്കു ചേർന്നു, ഇതൊരു മഹാപ്രസ്ഥാനമായി മാറി.ഷീയെസും, ബറാസ്സും, റോബേസ്പിയറും, ഡാന്റണും, മാറായും ഈ പ്രസ്ഥാനത്തിലെ സജീവ അംഗങ്ങളായിരുന്നു. ആശയപരമായ ഒട്ടേറെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും തത്കാലം വിപ്ലവം നടത്തി, ജനാധികാരം നടപ്പിലാക്കുക എന്ന ഏകലക്ഷ്യമാണ് അവരെ കോർത്തിണക്കിയത്. പക്ഷെ വിപ്ലവാനന്തരം ഈ കക്ഷി പല തവണ പിളർന്നു. ഓരോ തവണയും പുതിയ ശാഖ, കൂടുതൽ വിപ്ലവവീര്യമുള്ള ഇടതു പക്ഷമാണെന്ന് സ്വയം അവകാശപ്പെട്ടു. വിപ്ലവാനന്തരം,1792 സപ്റ്റമ്പർ 22-ന് എഴുനൂറ്റി നാല്പത്തൊമ്പത് അംഗങ്ങളുള്ള ജനപ്രതിനിധി സഭ, നാഷണൽ കണവെൻഷൻ നിലവിൽ വന്നു. നിയമനിർമ്മാണത്തിനും ഭരണനിർവഹണത്തിനും നീതിന്യായം നടപ്പാക്കാനുമായി വിവിധ കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. ഡിസമ്പർ ആദ്യവാരത്തിൽ ലൂയി പതിനാറാമന്റെ രാജദ്രോഹക്കുറ്റം നാഷണൽ കൺവെൻഷൻ വിചാരണക്കെടുത്തു. വിചാരണയും ക്രോസു വിസ്താരവും കഴിഞ്ഞ് ജനവരി 15-16-ന് ശിക്ഷക്കുള്ള പ്രമേയം വോട്ടിനിട്ടപ്പോൾ 361 പേർ വധശിക്ഷ ശരിവെച്ചും 319 പേർ ആജീവനാന്തം കഠിനതടവിനും വോട്ടു ചെയ്തു. ജനവരി 21-ന് ലൂയി പതിനാറാമൻ ഗില്ലോട്ടിന് ഇരയായി. ഈ വധശിക്ഷ ജനങ്ങളിൽ സമ്മിശ്രവികാരങ്ങളാണ് ഉണർത്തിയതെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.[4]. വധശിക്ഷയെ അനുകൂലിച്ചവർ വിപ്ലവവാദികളായും അല്ലാത്തവർ രാജ്യദ്രോഹികളായും ചിത്രീകരിക്കപ്പെട്ടു. ഗിറോൻഡിൻ(മിതവാദി)- ജാക്കോബൈൻ(തീവ്രവിപ്ലവവാദി) കക്ഷികൾ തമ്മിലുള്ള അകൽച്ചക്ക് ഇതു തുടക്കം കുറിച്ചതായും പറയപ്പെടുന്നു.[5] . ജാക്കോബൈൻ കക്ഷിക്കകത്തു തന്നെ കടുംതീവ്രവാദികളായ മറ്റൊരു ഗ്രൂപ്പും ഉണ്ടായിരുന്നു-മോണ്ടാന്യ്(Montagne). അവർ മിതവാദികളെ രാജപക്ഷക്കാരെന്നു(റോയലിസ്റ്റ്) മുദ്രകുത്തി.[6]. രാജ്യത്തിനകത്തുപുറത്തും നിലവിലുണ്ടായിരുന്ന ഭീഷണികളെ നേരിടാനായി 1793 മാർച്ച് മാസത്തിൽ ഭരണസമിതികൾ പുനഃസംഘടിപ്പിക്കപ്പെട്ടു. പുതുതായി രൂപംകൊണ്ട പൊതു സുരക്ഷാസമിതിയുടെ (Comité de salut public) ചുമതല,ജാക്കോബൈൻ കക്ഷിയിലെ മോണ്ട്യേന്യ് പക്ഷക്കാർക്കായിരുന്നു. ആദ്യത്തെ അധ്യക്ഷൻ ഡാന്റണായിരുന്നു. പിന്നീട് റോബേസ്പിയറും സാജിഷ്റ്റും ഈ സമിതിയുടെ നിർണായക അംഗങ്ങളായി. ജൂലൈ മാസത്തിൽ ജോക്കോബൈൻ കക്ഷിക്ക് നിയമസഭയിൽ ബഹുഭൂരിപക്ഷം ലഭിച്ചുതോടെ, റോബേസ്പിയറുടെ അധികാരപരിധിയും വിപുലമായി. ഭരണകൂടനയങ്ങളോടുള്ള വിയോജിപ്പിന് , വിശ്വാസവഞ്ചന എന്ന ഒരൊറ്റ വിവക്ഷ മാത്രം നല്കപ്പെട്ടു. [7].[8].അങ്ങനെയാണ് ഡാൻടണ് വധശിക്ഷ വിധിക്കപ്പെട്ടത്.

പ്രക്ഷുബ്ധർ (Les Enragés)[തിരുത്തുക]

സാമ്പത്തികമായ ഏറ്റവും താഴെക്കിടയിലായിരുന്ന ജനസമൂഹം (sans-culottes ) വിപ്ലവത്തിൽ ആവേശത്തോടെ പങ്കെടുത്തവരായിരുന്നു. പക്ഷെ വിപ്ലവാനന്തരം അവർ പ്രതീക്ഷിച്ചവിധം സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ല. അവശ്യസാധനങ്ങളുടെ വില കുതിച്ചുകയറി, പൂഴ്ത്തിവെയ്പും കരിഞ്ചന്തയും സർവസാധാരണമായി.[9] വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന പ്രതിഷേധവുമായി ഷാക് റൂവിന്റെ നേതൃത്വത്തിൽ പ്രക്ഷുബ്ധരുടെ സംഘവും രംഗത്തിറങ്ങി.[10]. ഉപഭോക്തൃ താത്പര്യങ്ങളോടൊപ്പം ഉത്പാദകരുടേയും താത്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നു വാദിച്ച മിതവാദികളുടെ നിലപാടിനെ പ്രക്ഷുബ്ധർ കഠിനമായി എതിർത്തു. പ്രക്ഷുബ്ധരുടെ പിൻബലത്തോടേയാണ് പിന്നീട് ജാകോബൈൻ കക്ഷി നാഷണൽ കൻവെൻഷനിൽ ഭൂരിപക്ഷം സാധിച്ചെടുത്തത്.[11].

നിയമങ്ങളിലൂടെയുള്ള നിയന്ത്രണങ്ങൾ[തിരുത്തുക]

ഭീകരവാഴ്ച പടിപ്പടിയായാണ് ജനജീവിതത്തെ ഗ്രസിച്ചത്. നവജാത റിപബ്ലിക്കിനെതിരായി രാജ്യത്തിനകത്ത് രാജപക്ഷക്കാർ ഗൂഢാലോചനകൾ നടത്തിക്കൊണ്ടിരുന്നു.രാജവാഴ്ച നിലനിന്നിരുന്ന അയൽരാജ്യങ്ങൾ റിപബ്ലിക്കിനെ ഇല്ലായ് ചെയ്യാൻ സൈനികശക്തി സംഘടിപ്പിച്ചു. അകത്തും പുറത്തുമുള്ള ശത്രുക്കൾ സഖ്യം ചേർന്നു. ഈ ഭീഷണിക്കെതിരെ ഫ്രാൻസിന്റെ അഖണ്ഡതയും സുരക്ഷയും ഉറപ്പുവരുത്താനായി വിപ്ലവഭരണകൂടം എടുത്ത സങ്കുചിതവും ദൂരക്കാഴ്ചയില്ലാത്തതുമായ നടപടികൾ നിയന്ത്രണാതീതമായി ഒടുവിൽ ഭീകരഭരണത്തിൽ എത്തിച്ചേരുകയാണ് ഉണ്ടായത്.[12],[13]. ഫ്രഞ്ചുറിപബ്ലിക്കിനു വേണ്ടി യുദ്ധവിജയങ്ങൾ നേടിയ ജനറൽ ചാൾസ് ഡുമോറേ തികഞ്ഞ ദേശസ്നേഹിയും വിപ്ലവവാദിയാണെന്നായിരുന്നു പൊതുവേ ധാരണ. എന്നാൽ ലൂയി പതിനാറാമന്റെ ശിരച്ഛേദത്തിന് ഡുമോറ എതിരായിരുന്നു. രാജാവിന്റെ ജീവൻ രക്ഷിക്കുന്നതിൽ അസഫലനായ ജനറൽ 1793 ഏപ്രിലിൽ സ്ഥാനത്യാഗം ചെയ്ത് ഓസ്ട്രിയയിൽ അഭയം പ്രാപിച്ചത് റിപബ്ലിക്കൻ ഭരണകൂടത്തിന് വലിയ ക്ഷതമായി.[14]. ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ഏവരേയും സംശയദൃഷ്ടിയോടെ മാത്രം വീക്ഷിക്കുന്ന പതിവ് അങ്ങനെ തുടങ്ങി. തുടക്കത്തിൽ നാഷണൽ കണവെൻഷനും പിന്നീട് സുരക്ഷാസമിതിയും നടപ്പിലാക്കിയ നിയമങ്ങളിലും പെരുമറ്റച്ചട്ടങ്ങളിലും ഈ വിശ്വാസക്കുറവ് പ്രകടമായിരുന്നു. താനും ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നില്ല എന്ന് ബറാസ്സ് തന്റെ സ്മരണകളിൽ രേഖപ്പെടുത്തുന്നു.[15].

നാഷണൽ കൺവെൻഷൻ[തിരുത്തുക]

1793 മാർച്ച് 10 പ്രത്യേക ക്രിമിനൽ ട്രിബ്യൂണൽ [16][തിരുത്തുക]

വിപ്ലവത്തിന് എതിരായുള്ള പ്രസ്ഥാനങ്ങളെ, ഫ്രഞ്ചു ജനതയുടെ സ്വാതന്ത്ര്യത്തിനും ഫ്രാൻസിന്റെ അഖണ്ഡതക്കും എതിരായും രാജവാഴ്ച പുന-സ്ഥാപിക്കാനായും ഗൂഢാലോചന നടത്തുന്നവരെ ശിക്ഷിക്കാനുള്ള കോടതിയായിരുന്നു ഇത്. നീതിനിർവഹണത്തിനു വേണ്ടിയിരുന്ന ഘടകങ്ങളെല്ലാം ഉണ്ടായിരുന്നെങ്കിലും നിയമത്തിലെ അവ്യക്തത കാരണം ദുരുദ്ദേശപരമായി ഉപയോഗിക്കപ്പെട്ടു. നാഷണൽ കൺവെൻഷൻ ഭൂരിപക്ഷവോട്ടിലൂടെ തെരഞ്ഞെടുത്ത നാലു പേരായിരിക്കും ജഡ്ജിമാർ. പൊതുസമൂഹത്തിൽ നിന്നു തെരഞ്ഞെടുത്ത പന്ത്രണ്ടംഗ ജൂറിയും ഉണ്ടായിരിക്കും. കേസിന്റെ സകലരേഖകളും അതായത് കുറ്റാരോപണം, വിശദവിവരങ്ങൾ, തെളിവുകൾ, അറസ്റ്റു വിവരങ്ങൾ എന്നിങ്ങനെ എല്ലാത്തിന്റേയും പകർപ്പ് കോടതി ഉദ്യോഗസ്ഥർ നാഷണൽ കൺവെൻഷന് സമർപ്പിച്ചിരിക്കണം. ജൂറിയിലാരേയെങ്കിലും കുറിച്ച് കുറ്റവാളിക്ക് വിസമ്മതമുണ്ടെങ്കിൽ ഇരുപത്തിനാലു മണിക്കൂറിനകം കോടതിയെ രേഖാമൂലം ബോധിപ്പിക്കണം. ക്രിമിനൽ നിയമവ്യവസ്ഥയനുസരിച്ചാവും ശിക്ഷ. തിരുത്താമെന്നു തോന്നുന്നവരെ കോടതിക്ക് ഉചിത ഉപദേശം നല്കി വിട്ടയക്കാം. അല്ലാത്തവർക്ക് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് തടവോ, നാുടകടത്തലോ, വധശിക്ഷയോ വിധിക്കപ്പെടും.

പിന്നീട് 1793 മാർച്ചിലും 1793 സപ്റ്റമ്പറിലും 1794 ജൂണിലും വന്ന നിയമങ്ങളിലൂടെ(Decree on Press, Law of Suspects, 22 Priarial Law) ഈ ചട്ടവട്ടങ്ങൾ മുഴുവനും പടിപ്പടിയായി റദ്ദാക്കപ്പെട്ടു, നിയമങ്ങൾ കൂടുതൽ രൂക്ഷവും അയവില്ലാത്തതുമായി.

1793 മാർച്ച് 21 വിപ്ലവസമിതികൾ [17][തിരുത്തുക]

ഓരോ വാർഡിലും പന്ത്രണ്ടംഗ വിപ്ലവസമിതികൾ രൂപീകരിക്കാനുള്ള നിയമമായിരുന്നു ഇത്. നിർദ്ദേശങ്ങൾ ഇപ്രകാരമായിരുന്നു. രാജ-പ്രഭു കുടുംബാംഗങ്ങൾ, മതപുരോഹിതന്മാർ എന്നിവർക്ക് ഈ സമിതിയിൽ അംഗത്വം നിഷേധിക്കപ്പെട്ടു. സ്ഥിരം സ്ഥലവാസികളല്ലാത്തവരുടെ വരവുപോക്കും, ചലനങ്ങളും നിരീക്ഷിച്ച് അധികാരികളെ ഉടനടി വിവരമറിയിക്കുകയായിരുന്നു ഈ സമിതികളുടെ ചുമതല.

1793 മാർച്ച് 29 അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു [18][തിരുത്തുക]

വിപ്ലവത്തിന്റെ മൂലാദർശങ്ങളിലൊന്ന് സ്വാതന്ത്ര്യം ആയിരുന്നെങ്കിലും അധികം താമസിയാതെ ഭരണകൂടം അതിൽ വിലക്കിട്ടു. 1793 മാർച്ച് 29-ന് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം(Decree on Press) ആശയപരമായ വിയോജിപ്പുകൾ പോലും അനുവദനീയമല്ലാതായി. രാഷ്ട്രത്തിന്റെ അഖണ്ഡതക്കെതിരായോ രാജവാഴ്ച പുനഃസ്ഥാപനത്തിന് അനുകൂലമായോ ആശയങ്ങൾ പ്രചരിപ്പിക്കുന്നവർക്കും ഇത്തരം ലേഖനങ്ങൾ അച്ചടിക്കുകയോ വിതരണം ചെയുകയോ കൈവശം വെക്കുകയോ ചെയ്യുന്നവർക്കും മരണശിക്ഷയോ കഠിനതടവോ ലഭിക്കും. വ്യക്തതയില്ലാത്ത ഈ നിയമം രാജപക്ഷക്കാരേയും മിതവാദികളേയും ഒരേതരത്തിൽ പ്രതികൂലമായി ബാധിച്ചു.

സുരക്ഷാസമിതി[തിരുത്തുക]

1793 ഏപ്രിൽ 6 സുരക്ഷാസമിതി [19][തിരുത്തുക]

നാഷണൽ കൻവെൻഷന്റെ നിയന്ത്രണത്തിലുള്ള ഘടകമായാണ് ഒമ്പതംഗ സുരക്ഷാസമിതി രൂപീകരിക്കപ്പെട്ടത്. ആരേയും പിടികൂടാനോ അറസ്റ്റു ചെയ്യാനോ ഉള്ള അധികാരം സുരക്ഷാസമിതിക്ക് ഉണ്ടായിരുന്നില്ല.രാജ്യത്തിനകത്തും പുറത്തും നടക്കുന്ന രാഷ്ട്രവിരുദ്ധപ്രവർത്തനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ അപ്പപ്പോൾ ഭരണസമിതിയെ അറിയിക്കുക മാത്രമായിരുന്നു സുരക്ഷാസമിതിയുടെ ചുമതല. ആഴ്ചതോറും പ്രവർത്തനറിപോർട്ട് സമർപ്പിക്കേണ്ടിയിരുന്ന സമിതിയുടെ കാലാവധി ഒരു മാസമായിരുന്നു. സമിതിയുടെ ആദ്യത്തെ അധ്യക്ഷൻ ഡാന്റൺ ആയിരുന്നു. സുരക്ഷാസമിതി നിലവിൽ വന്നതോടെ ഭരണഭാരം പതുക്കെപ്പതുക്കെ ഈ സമിതിയുടെ കൈകളിലായി. 1793 ജൂലൈ 27-ന് റോബേസ്പിയർ സുരക്ഷാസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആദർശധീരനെന്നും കളങ്കപ്പെടുത്താനകാത്തവനെന്നും പെരുമ നേടിയ റോബേസ്പിയർക്ക് സാധാരണ ജനതയുടെ പിന്തുണയുണ്ടായിരുന്നു. ഭരണവും നിയമനിർമ്മാണവും നീതിന്യായവും സുരക്ഷാസമിതി കൈകാര്യം ചെയ്തു. നാഷണൽ കൻവെൻഷന്റെ പ്രസക്തി നഷ്ടമായി.[20]. സുരക്ഷാസമിതിയിലെ അംഗങ്ങളുടെ കാലാവധി ഒരു മാസത്തേക്കു മാത്രമാണെന്നും ഓരോ മാസവും പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടതാണെന്നുമുള്ള വ്യവസ്ഥ എല്ലാവരും വിസ്മരിച്ചു പോയതായും ഇത് നാഷണൽ കൺവെൻഷനു പറ്റിയ ഭീമമായ അബദ്ധമായും ബറാസ്സ് രേഖപ്പെടുത്തുന്നു.[21]

മാക്സിമിലിയൻ റോബേസ്പിയർ

1793ഏപ്രിൽ 30 ഉദ്യോഗസ്ഥർക്കുള്ള പെരുമാറ്റച്ചട്ടങ്ങൾ [22][തിരുത്തുക]

1793 August 23 നിർബന്ധിത പട്ടാളസേവനം (Levee en Masse)[തിരുത്തുക]

രാജ്യത്തിനകത്തും പുറത്തുമുള്ള ഭീഷണികളെ നേരിടാൻ സൈന്യബലം ഉറപ്പിക്കാനായിരുന്നു ഈ നിയമം. പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടക്കു പ്രായമുള്ള അവിവാഹിതരായ യുവാക്കൾ യുദ്ധമുന്നണിയിലും മധ്യവയസ്കർ അനുബന്ധപ്രവർത്തനങ്ങളിലും സേവനമനുഷ്ഠിക്കണം. പരിക്കേറ്റവരെ പരിചരിക്കുക, യുദ്ധസാമഗ്രികൾ തയ്യാറാക്കുക എന്നീ ചുമതലകൾ സ്ത്രീകൾക്ക്. യാതൊരു കാരണവശാലും ഇതിൽ നീക്കുപോക്കുകൾ അനുവദിക്കില്ല. പൊതുകെട്ടിടങ്ങളും സ്ഥലങ്ങളും പട്ടാളക്കാമ്പുകളായി മാറ്റപ്പെടും.

1793 സപ്റ്റമ്പർ 17 സംശയത്തിന്റെ പേരിൽ (Law of Suspects) [23][തിരുത്തുക]

ജനസമൂഹത്തിൽ കൊടുംഭീതി ഉളവാക്കിയ നിയമമായിരുന്നു ഇത്. വെറും സംശയത്തിന്റെ പേരിൽ ആരും അറസ്റ്റു ചെയ്യപ്പെടാം. വാക്കിലോ, നോട്ടത്തിലോ പെരുമാറ്റത്തിലോ , ചിന്തയിലോ വിപ്ലവത്തിനും വിപ്ലവസർക്കാറിനും എതിരായി പ്രതികരിക്കുന്നവർ അറസ്റ്റു ചെയ്യപ്പെടും.ഈ നിയമം ഉടനടി പ്രാബല്യത്തിൽ വന്നു. സമൂഹത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാത്തവരും കുറ്റവാളികളാണ്. വിപ്ലവത്തിനോടു കുറുപുലർത്താത്ത വ്യക്തികൾ മാത്രമല്ല, അവരുടെ ഉറ്റവരും ഉടയവരും കുറ്റവാളികളായി കണക്കാക്കപ്പെടും. വാർഡുകളിലെ വിപ്ലവസമിതികൾ സംശയം തോന്നുന്നവരുടെ വിശദവിവരങ്ങൾ മേലധികാരികളെ ഉടനടി അറിയിക്കും. ഈ നിയമത്തിന്റെ മറ പറ്റി പലരും വ്യക്തിവൈരാഗ്യങ്ങൾ തീർത്തതായും സൂചനകളുണ്ട് .

1793 സപ്റ്റമ്പർ 29 വിലനിയന്ത്രണം[തിരുത്തുക]

ഗോതമ്പിന്റേയും ഗോതമ്പു പൊടിയുടേയും പരമാവധി വില മെയ് മാസത്തിൽ നിശ്ചയിച്ചിരുന്നു. സപ്റ്റമ്പറിലെ ഈ നിയമം ഇത് മറ്റു അവശ്യസാധനങ്ങളേയും ഉൾപ്പെടുത്തി. മാത്രമല്ല തൊഴിലാളികളുടെ വേതനവും നിശ്ചയിച്ചു. ജനജീവിതം സുഗമമാക്കാനായിട്ടാണ് ഭരണകൂടം ഈ നടപടി എടുത്തതെങ്കിലും ഇതിന്റെ മേൽനോട്ടം വഹിച്ച വിപ്ലവസേന കാര്യങ്ങൾ സുഗമമാക്കിയില്ല. കൈയിലൊതുക്കാനാകുന്ന ഗില്ലോട്ടിനുമായാണ് അവർ ക്രമക്കേടുകൾ പരിശോധിക്കാൻ എത്തുന്നതെന്നും കിംവദന്തി പരന്നു. [24]

അടിയന്തരാവസ്ഥ[തിരുത്തുക]

1793 ഒക്റ്റോബർ 10 വിപ്ലവ ഗവണ്മെന്റ് [25][തിരുത്തുക]

ഫ്രഞ്ചു റിപബ്ലിക്കിന്റെ ഭരണഘടന പൂർണരൂപത്തിൽ തയ്യാറായിക്കഴിഞ്ഞിരുന്നെങ്കിലും, അത് ഉടനടി പ്രാബല്യത്തിൽ വന്നില്ല. പകരം ഭരണകൂടം മറ്റൊരു ഉത്തരവ് ഇറക്കി. റിപബ്ലിക് ഭരണഘടന തത്കാലം മരവിപ്പിച്ചിരിക്കുന്നെന്നും രാജ്യത്തിനകത്തും പുറത്തുമുള്ള ഭീഷണികൾ നിലനില്ക്കും വരെ വിപ്ലവ ഗവണ്മെന്റ് ഭരണം കൈയാളുമെന്നും വിപ്ലവനിയമങ്ങളാവും (Revolutionary Laws) പ്രാബല്യത്തിൽ ഉണ്ടാവുകയെന്നും ഈ ഉത്തരവ് വ്യക്തമാക്കി. അതോടൊപ്പം സുരക്ഷാസമിതിയുടെ അധികാരപരിധിയും പ്രവർത്തനപരിധിയും വിസ്തൃതമായി.

1793 ഒക്റ്റോബർ 20-21 മതാധ്യക്ഷന്മാർക്കെതിരെ [26][തിരുത്തുക]

എന്നും രാജാവിന്റേയും വരേണ്യരുടേയും പക്ഷത്തായിരുന്ന കത്തോലിക്കാസഭക്ക്, ഭരണകാര്യങ്ങളിൽ അതിയായ സ്വാധീനം ഉണ്ടായിരുന്നു. ഇത് സാധാരക്കാരെ വല്ലാതെ ദുരിതത്തിലാക്കി. പഴയ വ്യവസ്ഥ (ancient regime) പാടെ ഉപേക്ഷിച്ച് പുതിയൊരു രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള പ്രക്രിയയിൽ മതവും നിരാകരിക്കപ്പെട്ടു. 1793 ജനവരി 11-ന് നാഷണൽ കൺവെൻഷൻ പുറപ്പെടുവിച്ച ഉത്തരവ് മതസഹിഷ്ണുതയിൽ അധിഷ്ഠിതമായിരുന്നു.[27].എന്നാൽ ഏപ്രിലിൽ ഒരുപാധികൂടി ചേർക്കപ്പെട്ടു.അതായത് ഭരണഘടനയോടു കൂറു പ്രഖ്യപിക്കാത്ത, സമത്വം, സ്വാതന്ത്ര്യവും പാലിക്കുമെന്നു ശപഥം ചെയ്യാത്ത മതാധിപന്മാരും മഠാധിപതികളും വിശ്വാസികളും ഉടനടി ഫ്രഞ്ചുഗയാനയിലേക്ക് നാടുകടത്തപ്പെടും., തിരിച്ചു വരാൻ ശ്രമിച്ചാൽ ഇരുപത്തിനാലു മണിക്കൂറിനകം മരണദണ്ഡന നല്കപ്പെടും.[28]. ഒക്റ്റോബറിൽ ആപല്ക്കാരികളായ മതാചാര്യന്മാർക്കെതിരെ നിയമം വന്നു.വാക്കിലോ പ്രവൃത്തിയിലോ റിപബ്ലിക്കൻ ഭരണകൂടക്കിനെതിരു നില്ക്കുന്ന മതാധികരികൾ, അവർക്ക് ആശ്രയവും അഭയും നല്കുന്നവർ-ഇവരൊക്കെ ശിക്ഷാർഹരാണ്. പ്രാർഥനാലയങ്ങളും മതാചരണങ്ങളും വാർഡുകമ്മിറ്റിയുടെ നിരീക്ഷണത്തിലായിരിക്കും.[29].

മെയ് മാസത്തിൽ റോബേസ്പിയർ പരമോന്നതനെ ആരാധിക്കുന്ന(cult of the Supreme Being) പുതിയൊരു മതം പ്രചിരിപ്പിക്കാൻ ശ്രമിച്ചു[30],അതിനുള്ള ഉത്തരവും ഇറക്കി.[31] പക്ഷെ ഫലപ്രദമായില്ല. കത്തോലിക്കൻ വൈദികർക്കുള്ള വിലക്കുകൾ നീക്കി, മതത്തെ നിയമാനുസൃതമായി ,പക്ഷെ ഭരണകൂടത്തിന്റെ വരുതിയിൽ ഫ്രാൻസിലേക്കു തിരിച്ചു കൊണ്ടു വന്നത് നെപോളിയനാണ്.[32]

1793 ഡിസമ്പർ 4 വിപ്ലവ ഗവണ്മെന്റ് -നിയമപുസ്തകം [33][തിരുത്തുക]

അഞ്ചു വിഭാഗങ്ങളിലായി 67 ചട്ടങ്ങൾ ഉണ്ടായിരുന്ന ഈ നിയമപുസ്തകം(Law of Frimaire) ഭരണാധികാരം പ്രത്യക്ഷമായും സുരക്ഷാസമിതിയുടെ കൈകളിൽ ഏല്പിച്ചുകൊടുത്തു.[34]. ഗവണ്മെന്റിന്റെ വേതനം പറ്റുന്ന എല്ലാ ഉദ്യോഗസ്ഥന്മാരും സുരക്ഷാസമിതിയുടെ കടുത്തനിരീക്ഷണത്തിലായിരിക്കുമെന്നും , ജനതാത്പര്യങ്ങൾക്കെതിരായി പ്രവർത്തിക്കുന്നവർ കടുത്തശിക്ഷക്കു വിധേയരാകുമെന്നും നിയമം വന്നു. മറ്റു സമിതികൾ ശുദ്ധീകരിച്ചടുത്ത് പുനഃസംഘടിപ്പിക്കാനുള്ള ചുമതലയും സുരക്ഷാസമിതി ഏറ്റെടുത്തു.

വിപ്ലവക്കോടതി[തിരുത്തുക]

1794 ജൂൺ 10 പ്രയറിയാൽ നിയമം [35][തിരുത്തുക]

22 പ്രയറിയാൽ വിപ്ലവവർഷം II-ലെ നിയമം സമൂഹദ്രോഹികളെ ശിക്ഷിക്കാനുള്ള അപ്പീലില്ലാത്ത കോടതിക്ക് നിയമസാധുത നല്കി. രാജവാഴ്ച പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നവർ, നിലവിലുള്ള നാഷണൽ കൻവെൻഷനെ അവമതിക്കുന്നവർ,ദേശസ്നേഹികളെ പീഡിപ്പിക്കുന്നവർ, അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർ, പൂഴ്ത്തിവെയ്പുകാർ, എന്നിങ്ങനെയുള്ള എല്ലാ കുറ്റങ്ങൾക്കും ശിക്ഷ മരണമായിരിക്കും.കുറ്റം സ്ഥിരീകരിക്കാൻ രേഖാമൂലമുള്ള തെളിവുകൾ തന്നെ വേണമെന്നില്ല, പറഞ്ഞുകേട്ടതായാലും മതി. ഗൂഢാലോചനക്കാരേയും, സാമൂഹ്യദ്രോഹികളേയും കോടതിയുടെ മുന്നിൽ ഹാജരാക്കാൻ സാധാരണ പൗരന് അവകാവും അധികാരവുമുണ്ട്. കുറ്റവാളി പരസ്യവിചാരണക്ക് വിധേയനാക്കപ്പെടും.

ജൂൺ പത്തിന് സുരക്ഷാസമിതി 22 പ്രയറിയാൽ നിയമം അവതരിച്ചപ്പോൾ നാഷണൽ കൺവെൻഷൻ ധാർമികരോഷം കൊണ്ടതായി ബറാസ്സ് രേഖപ്പെടുത്തുന്നു.പക്ഷെ റോബേസ്പിയറുടെ വാചാലതക്കു മുന്നിൽ നിയമസഭ വഴങ്ങിക്കൊടുത്തു.[36].എന്നാൽ രഹസ്യപദ്ധതികൾക്കായി സൈന്യം ആവശ്യമാണെന്നു പ്രസ്താവിച്ചപ്പോൾ സഭ അതു നിരാകരിച്ചു. ഇത് റോബേസ്പിയറെ ക്ഷുഭിതനാക്കിയെന്നും ബറാസ്സ് പറയുന്നു.[37] റോബേസ്പിയറേയും സുരക്ഷാസമിതിയേയും എങ്ങനെ നേരിടേണമെന്നതേപ്പറ്റി ബറാസ്സും മറ്റു ചില അംഗങ്ങളും രഹസ്യമായി ചർച്ചകൾ തുടങ്ങി. ജൂൺ 27-ന് ഫ്രാൻസിന് ഓസ്ട്രിയക്കുമേൽ നിരുപാധികമായ സൈനികവിജയം നേടാനായത് ബറാസ്സിനേയും കൂട്ടരേയും ഉത്സാഹിതരാക്കി.

ഹത്യാകാണ്ഡം[തിരുത്തുക]

ഭീകരവാഴ്ചക്കാലത്ത് എത്രപേർ ഗില്ലോട്ടിനിരയായോ അല്ലാതേയോ വധശിക്ഷക്കു വിധേയരായി എന്നതിന് കൃത്യമായ കണക്കുകളില്ല. വിചാരണക്കുശേഷം വധശിക്ഷക്കു വിധിക്കപ്പെട്ടവർ ഏതാണ്ട് 40,000 എന്നും ([38] എന്നും അതല്ല നാലോ അഞ്ചോ ലക്ഷങ്ങളായിരിക്കുമെന്നും മതഭേദമുണ്ട്. [39]. ഭീകരവാഴ്ചക്കാലത്തെക്കുറിച്ച് അതിഗഹനമായ പഠനം നടത്തിയ ഗ്രീർ അഭിപ്രായപ്പെടുന്നത് ഏറ്റവുമധികം വധശിക്ഷകൾ നടപ്പാക്കപ്പെട്ടത് പാരീസിലും, യുദ്ധഭീതി നിലനിന്നിരുന്ന അതിർത്തി പ്രവിശ്യകളിലും ആഭ്യന്തരസംഘർഷങ്ങൾ നിലനിന്നരുന്ന പ്രവിശ്യകളിലും ആയിരുന്നുവെന്നും, മരിച്ചവരിൽ വരേണ്യർ വെറും എട്ടു ശതമാനം മാത്രമായിരുന്നു എന്നുമാണ്.([38], [39]

1793[തിരുത്തുക]

ജനവരി ഇരുപത്തിയൊന്നിന് ലൂയി പതിനാറാമന്റെ ശിരച്ഛേദം നടന്നു. ഫെബ്രുവരി ഒന്നിന് മറ്റു യുറോപ്യൻ രാജാക്കന്മാർ ഫ്രാൻസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.[40]. ഇതേസമയത്തു തന്നേയാണ് ജനറൽ ഡുമോറീസ് റിപബ്ലിക്കെനിതെരായി നടത്തുന്ന നീക്കങ്ങൾ വെളിപ്പെട്ടത്. വെൻഡി, മാഴ്സെ, ലിയോൺ എന്നിവിടങ്ങളിലും ആഭ്യന്തരകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തുടർന്നുള്ള മാസങ്ങളിൽ രാജ്യത്താകമാനം സംഘർഷഭരിതമായ അന്തരീക്ഷം സംജാതമായി. പലരും അറസ്റ്റിലായി.[41].ജൂലൈ പതിമൂന്നിന് ജാക്കോബൈൻ നേതാവ് മാറായെ ഗിറോൻഡിൻ അനുഭാവിയായിരുന്ന ഷാർലെറ്റ് കോർഡേ കൊലപ്പെടുത്തി. ജൂലൈ 27-ന് ഷാർലെറ്റിന് വധശിക്ഷ ലഭിച്ചു.[42]. ഓഗസ്റ്റിൽ ശത്രുസൈന്യത്തെ സഹായിച്ചെന്ന കുറ്റത്തിന് ജനറൽ കസ്റ്റീനും ഗില്ലോട്ടിനേറി. അധികാരത്തിലിരുന്ന ജാക്കോബൈൻ കക്ഷി, ഗിറോൻഡിൻ കക്ഷിയെ കക്ഷിരാജദ്രോഹികളെന്നു മുദ്രകുത്തി വേട്ടയാടാൻ തുടങ്ങി.പലരും അറസ്റ്റിലായി , ചെലർ വിദേശങ്ങളിലേക്ക് രക്ഷപ്പെട്ടു.[43] ഇതേത്തുടർന്ന് സപ്റ്റമ്പർ പതിമൂന്നിന് സംശയത്തിന്റെ പേരിൽ ആരേയും അറസ്റ്റു ചെയ്യാമെന്ന നിയമം പ്രാബല്യത്തിൽ വന്നു. ഇത് ഭീകരവാഴചയുടെ തുടക്കം കുറിച്ചതായി ചരിത്രകാരന്മാർ കണക്കാക്കുന്നു. ഒക്റ്റോബർ പതിനാറിന് മുൻ രാജ്ഞി മേരി അന്റോണൈറ്റിന്റെ ശിരച്ഛേദം നടന്നു.[44]. വിപ്ലവാനുകൂലിയെങ്കിലും മുൻ രാജ്ഞിക്കെതിരെ സാക്ഷി പറയാൻ വിസമ്മതിച്ച ഷോൺ സിൽവൻ ബെലിയടക്കം ഒട്ടേറെ ഗിറോൻഡിൻ നേതാക്കൾ ഒന്നിനുപുറകെ ഒന്നായി കഴുവിലേറ്റപ്പെട്ടു.[45]. ജനങ്ങളിൽ വിപ്ലവവീര്യം നിലനിർത്താൻ ഇത്തരം കൊടുംശിക്ഷകൾ അവശ്യമാണെന്ന പക്ഷക്കാരനായിരുന്നു റോബേസ്പിയർ. റോബേസ്പിയറും ഡാന്റണും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഈ സംഭവവികാസങ്ങളോടേയാണ് ആരംഭമായത് എന്നു പറയപ്പെടുന്നു.[46]

1794 ജനുവരി-മെയ് വെൻഡിയിലെ നരഹത്യ[തിരുത്തുക]

ലിയൺ, മാഴ്സെ, വെൻഡി എന്നീ പ്രവിശ്യകളിലെ ജനത പരമ്പരയായി രാജപക്ഷക്കാരും കത്തോലിക്കരുമായിരുന്നു. അത്തരക്കാർ വിപ്ലവാനന്തരം ഇവിടെ അഭയം തേടുകയും ചെയ്തു.[47] വിപ്ലവത്തിനെതിരെ ഇവിടത്തെ ജനത ഒറ്റക്കെട്ടായി പൊരുതി. ഈ ചെറുത്തുനില്പ് 1793 മുതൽ 1799-ൽ നെപോളിയൻ അധികാരത്തലെത്തും വരെ ഏറിയും കുറഞ്ഞും നിലനിന്നു. റിപബ്ലിക്കൻ ഗവണ്മെന്റിന് ഈ ആഭ്യന്തരപ്രശ്നം എന്തു വിലകൊടുത്തും അടിച്ചമർത്തേണ്ടിയിരുന്നു.[48] കാരണം തീരപ്രദേശമായ വെൻഡിയിലേക്ക് ശത്രുരാജ്യങ്ങൾക്ക് സുഗമമായി എത്തിച്ചേരാമായിരുന്നു. ഫെബ്രുവരിയിൽ നടത്തിയ പ്രഭാഷണത്തിൽ റോബേസ്പിയർ ഹിംസയെ ന്യായീകരിച്ചു. [49]

രാജ്യത്തിനകത്തും പുറത്തും ശാന്തിയും സമാധാനവും വിളയാടുമ്പോൾ ഭരണകൂടങ്ങൾ നീതിയും ധർമവും പാലിക്കണം. എന്നാൽ വിപ്ലവാവസ്ഥ നിലവിലിരിക്കേ സമൂഹത്തിൽ കൊടും ഭീതിയും(Terror) വിതക്കാനാകണം. ധാർമികതയില്ലാത്ത കൊടുംഭീതി പൈശാചികവും, കൊടുംഭീതി വിതക്കാനാകാത്ത ധാർമികത നിർവീര്യവുമാണ്. കൊടുംഭീതി അവിചലവും കഠിനവുമായ നീതിയാണ്. ധാർമികതയുടെ മറ്റൊരു രൂപം. നമ്മുടെ ഇന്നത്തെ ജനകീയഭരണത്തിന് ഇത് ആവശ്യമാണ്. [50]

സുരക്ഷാസമിതിയുടെ ആദേശപ്രകാരം ജനറൽ ടൂറുവിന്റെ നേതൃത്വത്തിൽ റിപബ്ലിക്കൻ സൈന്യം ("colonnes infernales")1794- ജനവരി മുതൽ മെയ് വരെ വെൻഡിയിൽ നരഹത്യ നടത്തി. ആരേയും ജീവനോടെ വിടരുതെന്നായിരുന്നു സൈന്യത്തിനു ലഭിച്ച നിർദ്ദേശം.[51].യുദ്ധത്തിൽ ഒരുപാടുപേർ മരിച്ചു. അനേകായിരം പേർ വിചാരണയില്ലാതെത്തന്നെ വധശിക്ഷക്കിരയായി [52].

ജനറൽ ടൂറൂ ഇതേപ്പറ്റി പുസ്തകമെഴുതുകയുണ്ടായി. [53]

1794 മാർച്ച് 31 ഡാന്റൺ: അറസ്റ്റം വധശിക്ഷയും[തിരുത്തുക]

വിപ്ലവത്തിൽ സജീവം പങ്കെടുത്ത ഡാന്റൺ, മൊണ്ടാന്യ് അംഗവും സുരക്ഷസമിതിയുടെ പ്രഥമ അധ്യക്ഷനും ആയിരുന്നു.പക്ഷേ പലേ അവസരങ്ങളിലും റബേസ്പിയറുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായി. മിതത്വം പാലിക്കാനുള്ള ഡാന്റണ്ന്റെ ആഹ്വാനങ്ങൾ വിപ്ലവപ്രസ്ഥാനത്തോടുള്ള വിയോജിപ്പായും, വിശ്വാസവഞ്ചനയായും വിവക്ഷിക്കപ്പെട്ടു. മാർച്ച് മുപ്പത്തൊന്നിന് അതിരാവിലെ ഡാന്റൺ അറസ്റ്റു ചെയ്യപ്പെട്ടു. പണസംബന്ധമായ ക്രമക്കേടുകളും രാജപക്ഷവുമായുള്ള ഗൂഢാലോചനയും വർഷങ്ങളായി നടത്തിക്കൊണ്ടു പോരുന്നു എന്നതായിരുന്നു കുറ്റം.ഏപ്രിൽ 5-ന് ഡാന്റണും അനുയായികളും പരസ്യമായി ഗില്ലോട്ടിനിരയായി.[54]. റോബേസ്പിയറുടെ നേതൃത്വത്തിൽ സുരക്ഷാസമിതിയുടെ അധികാരം ഉച്ചകോടിയിലെത്തി.[55]

1794 മെയ് 8 ലവോസിയെ[തിരുത്തുക]

പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞൻലവോസിയെ[56] വിപ്ലവത്തിന് അനുകൂലിയായിരുന്നു. തലമുറകളായി ലവോസിയെ കുടുംബക്കാർ നികുതി പിരിവുകാരായിരുന്നു. പിരിച്ചടുത്ത നികുതി സർക്കാറിലേക്ക് അടക്കുന്നതിൽ കൃത്രിമം കാട്ടി എന്ന പേരിലാണ് ലവോസിയെ അറസ്റ്റു ചെയ്യപ്പെട്ടത്. പക്ഷെ മാറാക്ക് വിശിഷ്ട ഫ്രഞ്ചു അകാദമി (Academie Royal de Sciences) അംഗത്വം നല്കാൻ ലവോസിയെ വിസമ്മതിച്ചതുകൊണ്ടാണ് ഗില്ലോട്ടിനിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്നതെന്നും അഭിപ്രായമുണ്ട്.[24]

1794 ജൂലൈ 17 കാർമലൈറ്റ് കന്യാസ്ത്രീകളുടെ വധം[തിരുത്തുക]

റിപബ്ലിക്കൻ ഭരണഘടനയോടു മാത്രമായിരിക്കും കൂറ് എന്നു പ്രഖ്യാപിക്കാൻ കയ്യാറാകാത്ത നിരവധി ക്രൈസ്തവവൈദികർ ഗില്ലോട്ടിനിരയായി. പലരും മറ്റു രാജ്യങ്ങളിൽ അഭയം തേടുകയും ചെയ്തു. ഇതേ കുറ്റം ചുമത്തിയാണ് കോംപിയാൻ പ്രവിശ്യയിലെ കാർമലൈറ്റ് മഠത്തിൽ നിന്ന് പതിനാറു കന്യാസ്ത്രീകളെ തടവുകാരാക്കി പാരീസിലേക്കു കൊണ്ടു വരികയും ഏതാനും ദിവസങ്ങൾ കാരാഗ്രഹത്തിലടച്ചശേഷം ജൂലൈ പതിനേഴിന് ഗില്ലോട്ടിനിരയാക്കിയതും.[57] ഈ കന്യാമഠത്തിന് രാജകുടുംബവുമായുണ്ടായിരുന്ന ബന്ധത്തിന്റെ പേരിലാണ് ഈ കൂട്ടഹത്യ നടന്നതെന്നും ചെലർ അഭിപ്രായപ്പെടുന്നു. ലൂയി പതിനാറാമന്റെ പിതൃസഹോദരി ലൂയിസാ മേരി ആ കന്യാമഠത്തിലെ അധ്യക്ഷയായിരുന്നു,1787-ൽ അവർ നിര്യാതയായി. രാജകുടുംബാംഗങ്ങൾ അവിടം സന്ദർശിക്കാറുണ്ടായിരുന്നെന്നും ആ പൂർവവൈരാഗ്യം കൂടി ഉൾക്കൊണ്ടാണ് കന്യാസത്രീകൾക്ക് വധശിക്ഷ ലഭിച്ചതെന്നും പിന്നീട് വിശദീകരണങ്ങൾ ഉണ്ടായി.[58] കന്യാസ്ത്രീകൾ നിസ്തോഭ്യരായി സ്രഷ്ടാവിനെക്കുറിച്ചുള്ള സ്തുതിഗീതങ്ങൾ പാടിക്കൊണ്ട് ഗില്ലോട്ടിനിലേക്കു കയറിയത് പൊതുജനങ്ങളെ വല്ലാതെ സ്പർശിച്ചുവെന്നു പറയപ്പെടുന്നു. ഈ സംഭവത്തെ പ്രമേയമാക്കി നോവലുകളും നാടകങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്.[59]

ഭീകരവാഴ്ച അവസാനിക്കുന്നു[തിരുത്തുക]

ജാകോബൈൻ ക്ലബ് 27–28 ജൂലൈ 1794
റോബേസ്പിയർ ഗില്ലോട്ടിനിൽ 28 ജൂലൈ 1794

ജാകോബൈൻ കക്ഷിയിലെ ഒരു വിഭാഗം റോബേസ്പിയർക്കും മറ്റു സുരക്ഷാസമിതി അംഗങ്ങൾക്കുമെതിരായി ഗൂഢാലോചനകൾ നടത്താൻ ആരംഭിച്ചു. അവരോടൊപ്പം മൊണ്ടാന്യരും മറ്രു ഇടതുപക്ഷങ്ങളും ചേർന്നു. അവർക്കിടയിൽ പ്രത്യശാസ്ത്രപരമായ ഐകമത്യം ഇല്ലായിരുന്നു. റോബേസ്പിയറുടെ സ്ഥാനഭൃംശം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. കാരണം കക്ഷിഭേദമെന്യെ റോബേസ്പിയർ തങ്ങൾക്കെതിരെ കേസെടുക്കുമെന്നും വിചാരണയില്ലാതെ നേരെ ഗില്ലോട്ടിനിലേക്കു നയിക്കുമെന്നും അവരൊക്കെ ഭയന്നു പോയിരുന്നു. ജൂലൈ ഇരുപത്തിയേഴിന് (തെർമിഡോർ 8) ഇത്തരമൊരു ഭീഷണി മുഴങ്ങുന്ന പ്രഭാഷണം റോബേസ്പിയർ നിയമസഭയിൽ നടത്തി. പിറ്റേന്നു തന്നെ റോബേസ്പിയർക്കെതിരായ പ്രതികരണമുണ്ടായി. ഈ സംഭവവികാസങ്ങൾ തെർമിഡോർ മാസത്തിൽ നടന്നതിനാൽ ഇത് തെർമിഡോറിയൻ പ്രതികരണമെന്നും, ഇതിൽ പങ്കെടുത്തവർ തെർമിഡോറിയൻസ് എന്നും അറിയപ്പെട്ടു.

1794 ജൂലൈ 27-28തെർമിഡോറിയൻ പ്രതികരണം[തിരുത്തുക]

രാവിലെ നിയമസഭ സമ്മേളിച്ചപ്പോൾ റോബേസ്പിയറുടെ മുഖ്യ അനുയായി സാജിഷ്റ്റിനെ പ്രമേയം അവതരിപ്പിക്കാൻ തെർമിഡോറിയൻകാർ അനുവദിച്ചില്ല. റോബേസ്പിയറേയും സുരക്ഷാസമിതിയിലെ മറ്റംഗങ്ങളേയും ഉടനടി അറസ്റ്റു ചെയ്യണമെന്ന് അവർ നിർബന്ധം പിടിച്ചു. പാരിസ് നഗരപ്പോലീസ് സ്ഥലത്തെത്തി റോബേസ്പിയറേയും കൂട്ടരേയും തന്ത്രപൂർവ്വും നഗരസഭയുടെ മറ്റൊരു കെട്ടിടത്തിലേക്ക് (hotel de villa )രക്ഷപ്പെടുത്തി. നിയമസഭ റോബേസ്പിയറേയും കൂട്ടരേയും നിയമലംഘകരായി പ്രഖ്യാപിച്ചു, ഇരുപത്തിനാലു മണിക്കൂറിനകം വിചാരണയില്ലാതെ വധശിക്ഷ വിധിച്ചു.

1794 ജൂലൈ 28 റോബേസ്പിയറുടെ പതനം[തിരുത്തുക]

പുലർച്ചെ രണ്ടു മണിക്ക് ബറാസ്സിന്റെ നേതൃത്വത്തിൽ ഒരു സംഘം കുറ്റവാളികളെ അറസ്റ്റു ചെയ്യാനെത്തി. റോബേസ്പിയർ ആത്മഹത്യക്കു ശ്രമിച്ചതായും അതല്ല മറ്റാരോ വെടിവെച്ചതാണെന്നും വിരുദ്ധാഭിപ്രായങ്ങൾ ഉണ്ട്. മണിക്കൂറുകൾക്കകം റോബേസ്പിയറും ഇരുപത്തൊന്ന് അനുയായികളും, അനുഭാവികളെന്നു സംശയിക്കപ്പെട്ട വേറേയും എഴുപതുപേരും ഗില്ലോട്ടിനിരയായി. ജാകോബൈൻ ക്ലബ് നിരോധിച്ചു.

1794 ജൂലൈ -1795 ഒക്റ്റോബർ തെർമിഡോറിയൻ ഭരണം[തിരുത്തുക]

നാഷണൽ കൺവെൻഷനിലെ തെർമിഡോറിയൻ അംഗങ്ങളുടെ കൈകളിലായി ഭരണഭാരം. ഈ കാലയളവിൽ ശത്രുരാജ്യങ്ങൾക്കുമേൽ റിപബ്ലിക്കിന് വിജയം നേടാനായെങ്കിലും ആഭ്യന്തരസംഘർഷത്തിന്റെ പിരിമുറുക്കം കുറഞ്ഞതേയില്ല. വധശിക്ഷകളും നിലച്ചില്ല. ചില ചരിത്രകാരന്മാർ ഈ കാലഘട്ടത്തെ White terror എന്നു വിശേഷിപ്പിക്കന്നു. വിപ്ലവവർഷം ഒന്നിലെ ഭരണഘടന അഴിച്ചു പണിത് പുതിയൊരു ഭരണഘടന എഴുതിയുണ്ടാക്കപ്പെട്ടു. വിപ്ലവവർഷം മൂന്നിലെ ഈ ഭരണഘടന അഞ്ചംഗ ഡയറക്റ്ററി ഭരണത്തിന് വഴിതെളിച്ചു.

വിശകലനങ്ങളും പഠനങ്ങളും[തിരുത്തുക]

ഭീകരവാഴ്ച ചരിത്രകാരന്മാരുടെ വിശദമായ പഠനവിഷയമായിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നിലനിന്ന സംഘർഷാത്മകമായ സാഹചര്യങ്ങൾ ജനങ്ങളേയും ഭരണാധികാരികളേയും ഒരു പോലെ ഭയാക്രാന്തരും ഉത്തേജിതരുമാക്കിയതാണെന്ന് ചെലർ പറയുന്നു.[60]അതല്ല സമൂഹത്തിൽ നിലനിന്നിരുന്ന വർഗവിവേചനമാണ് കാരണമെന്നും സാമ്പത്തികശ്രേണിയിൽ ഏറ്റവും താഴെക്കിടയിൽ നിന്നിരുന്ന സാൻസ്-കൂലോട്ടുകാരുടെ നൂറ്റാണ്ടുകളായുള്ള ചൂഷണമാണ് മൂലകാരണമെന്ന് ഇടതുപക്ഷ ചിന്തകരും അവകാശപ്പെടുന്നു. [61], [62] എന്നാൽ വേറെ ചിലർ ഫ്രാൻസിന് ജനായത്തഭരണനിർവ്വഹണം എന്തെന്ന് അറിഞ്ഞു കൂടായിരുന്നു എന്ന് വാദിക്കുന്നു. സ്വേച്ഛാധിപത്യ രാജവാഴ്ചയിൽ നിന്ന് ആകസ്മികമായാണ് ഫ്രാൻസ് ജനാധിപത്യത്തിലേക്ക് പരിണമിച്ചത്. ജനാധിപത്യ സമ്പ്രദായത്തിനാവശ്യമായ സ്ഥാപനങ്ങളോ, വ്യവസ്ഥകളോ ഫ്രാൻസിൽ ഇല്ലായിരുന്നു. അഭിപ്രായഭിന്നതകളും കക്ഷിരാഷട്രീയവും ഫ്രാൻസിനു പുതിയതായിരുന്നു. സ്വയം ഇരയായിത്തീരുമോ എന്ന ഭീതി കൂടുതൽ ഭീതിക്ക് വഴിവെച്ചതായി ലിൻടൺ അഭിപ്രായപ്പെടുന്നു.[3]

വിപ്ലവചത്വരം ഇന്ന്[തിരുത്തുക]

ലൂയി പതിനഞ്ചാമൻ 1755-ൽ സ്വന്തം പേരിൽ പണിത ചത്വരം വിപ്ലവക്കാർ വിപ്ലവചത്വരമെന്ന് പുനർനാമകരണം ചെയ്തു. ലൂയി പതിനഞ്ചാമന്റെ അശ്വാരൂഢപ്രതിമ തകർത്ത് അതേ സ്ഥാനത്ത് ഗില്ലോട്ടിൻ സ്ഥാപിച്ചു. ലൂയി പതിനാറാമൻ മേരി അന്റോണൈറ്റ്, ഷാർലെറ്റ് കോർഡേ, ഡാന്റൺ, റോബേസ്പിയർ എന്നിവരൊക്കെ ഈ ഗില്ലോട്ടിനിൽ ശിരച്ഛേദം ചെയ്യപ്പെട്ടു. 1795-ൽ ഡയറക്റ്ററി ഭരണകാലത്ത് ഈ ചത്വരത്തിന്റെ പേർ കോൺകൊഡ്(സൗഹൃദം) ചത്വരം എന്നായി മാറി. 1815 രാജവാഴ്ച പുന-സ്ഥാപിക്കപ്പെട്ടപ്പോൾ ലൂയി പതിനഞ്ചാമൻ ചത്വരമെന്നും 1826-ൽ ലൂയി പതിനാറാമൻ ചത്വരമെന്നും പേരുമാറ്റം സംഭവിച്ചു. -1830-ൽ വീണ്ടും കോൺകോഡ് ചത്വരമെന്ന പേരു തന്നെയായി. പാരീസ് നഗരത്തിന്റെ അതിപ്രധാന ചത്വരങ്ങളിൽ ഒന്നാണ് ഇത്.

അവലംബം[തിരുത്തുക]

 1. BarrasI, പുറം. 163-5, 177.
 2. Michael L. Kennedy (2000). The Jacobin Clubs in the French Revolution, 1793-1795 Berghahn Series Volume 3 of The Jacobin clubs in the French revolution. Berghahn Books. ISBN 9781571811868.preview accessed 21 Oct.2015
 3. 3.0 3.1 Marisa Linton (2013). Choosing Terror: Virtue, Friendship, and Authenticity in the French Revolution. OUP Oxford. ISBN 9780199576302.preview accessed 21 Octber 2015
 4. AlisonI, പുറം. 201-2.
 5. AlisonI, പുറം. 209.
 6. BarrasI, പുറം. 175.
 7. BarrasI, പുറം. 163-5.
 8. BarrasI, പുറം. 106.
 9. Shepard, പുറം. 6.
 10. പ്രക്ഷുബ്ധരുടെ മാനിഫെസ്റ്റോ
 11. shepard, പുറം. 9.
 12. BarrasI, പുറം. 164-5.
 13. BarrasI, പുറം. 176-7.
 14. BarrasI, പുറം. 174-5.
 15. BarrasI, പുറം. 160-3.
 16. Anderson, പുറം. 151-3.
 17. Anderson, പുറം. 157-8.
 18. Anderson, പുറം. 158.
 19. Anderson, പുറം. 159-60.
 20. BarrasI, പുറം. 188.
 21. BarrasI, പുറം. 198.
 22. Anderson, പുറം. 164-7.
 23. Anderson, പുറം. 185-7.
 24. 24.0 24.1 James Maxwell Anderson (2007). Daily Life During the French Revolution, p=19. Greenwood Publishing Group. ISBN 9780313336836. {{cite book}}: Cite has empty unknown parameter: |1= (help)
 25. Anderson, പുറം. 189-91.
 26. Anderson, പുറം. 133-6.
 27. Anderson, പുറം. 134.
 28. Anderson, പുറം. 134-5.
 29. Anderson, പുറം. 135-7.
 30. Festival of the Supreme Beingaccessed on 26 October 2015
 31. Anderson, പുറം. 137-8.
 32. Anderson, പുറം. 296-308.
 33. Anderson, പുറം. 194-204.
 34. Law of Frimaire YearII
 35. Anderson, പുറം. 154-7.
 36. BarrasI, പുറം. 188-9.
 37. BarrasI, പുറം. 195.
 38. 38.0 38.1 Greer, Donald (1935). Incidence of Violence during French Revolution. Harvard University Press.
 39. 39.0 39.1 Hanson, Paul R. Hanson (2009). Contesting the French Revolution Volume 9 of Contesting the Past. John Wiley & Sons. ISBN 9781405160834. {{cite book}}: Cite has empty unknown parameter: |1= (help); horizontal tab character in |author= at position 9 (help); line feed character in |title= at position 33 (help) preview accessed 21 Oct.2015
 40. Alison, പുറം. 202.
 41. AlidonI, പുറം. 212.
 42. AlisonI, പുറം. 220-1.
 43. Alison, പുറം. 212-214.
 44. AlisonI, പുറം. 221-3.
 45. AlisonI, പുറം. 225-229.
 46. AlisonI, പുറം. 227-9.
 47. AlisonI, പുറം. 250-2.
 48. AlisonI, പുറം. 253-7.
 49. On the Justification of the use of Terror accessed 26 Oct.2015
 50. Sutherland, പുറം. 219.
 51. വെൻഡിയിലെ യുദ്ധം
 52. Alison, പുറം. 271-3.
 53. Louis Marie TURREAU DE GARAMBOUVILLE (Baron de Linières.) (1796). Memoirs for the History of the War of La Vendée ... Translated from the French. Pelter. Memoirs for the History of the War of La Vendée ...
 54. BarrasI, പുറം. 180-6.
 55. AlisonI, പുറം. 232.
 56. Lavoisierretrieved 16 Oct.2015
 57. Sutherland, പുറം. 106.
 58. William Bush (1999). To Quell the Terror: The Mystery of the Vocation of the Sixteen Carmelites of Compiègne Guillotined July 17, 1794 preview accessed 17 Oct.2015. ICS Publications. ISBN 9780935216677.
 59. Gertrude Von Le Fort (2011). The Song at the Scaffold. Ignatius Press. ISBN 9781586175252.preview accessed 17 Oct.2015
 60. Palmer,R.R. (1941). Twelve who ruled. Princeton University Press.
 61. Soboul,Albert (1980). The sans-coulottes The popular movement and the revolutionary government. Princeton University Press. ISBN 9780691007823. preview accessed 21 Oct.2015
 62. Cobb, Richard (1987). People's armies: Instruments of terror in the departments. Yale University Press. ISBN 978-0300040425.


"https://ml.wikipedia.org/w/index.php?title=ഭീകരവാഴ്ച&oldid=3779248" എന്ന താളിൽനിന്ന് ശേഖരിച്ചത്