മനുഷ്യാവകാശ-പൗരാവകാശ പ്രഖ്യാപനം (ഫ്രാൻസ് 1789)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മനുഷ്യാവകാശ-പൗരാവകാശ പ്രഖ്യാപനം ( Déclaration des droits de l'homme et du citoyen) ഫ്രഞ്ചുവിപ്ലവത്തിന്റെ അടിസ്ഥാന പ്രമാണമായിരുന്നു. 1789 ഓഗസറ്റ് 26 -നാണ് അന്നത്തെ നാഷണൽ അസംബ്ലി ഇത് അംഗീകരിച്ച് ഘോഷിച്ചത്. ഇംഗ്ലണ്ടിലെ പൊതുജനം നേടിയെടുത്ത മാഗ്നാകാർട്ട, 1689-ലെ അവകാശ പ്രമാണം 1789-ൽ അമേരിക്കൻ ജനത രൂപം കൊടുത്ത മനുഷ്യാവകാശ നിയമങ്ങൾ ഇവയോടൊപ്പം തന്നെ മാനവചരിത്രത്തിലെ സുപ്രധാന രേഖയായി ഇതും കണക്കാക്കപ്പെടുന്നു. ഐക്യരാഷ്ട്രസഭയുടെ വിശ്വസ്മൃതികൾ (Memories of the World) എന്ന പദ്ധതിയിൽ ഈ പ്രമാണം, 2003-ൽ സ്ഥലം പിടിച്ചു.[1]

മനുഷ്യാവകാശ-പൗരാവകാശ പ്രഖ്യാപനം (ഫ്രാൻസ് 1789)

പശ്ചാത്തലം[തിരുത്തുക]

രാഷ്ട്രീയ-സാമൂഹ്യ ബോധവത്കരണം[തിരുത്തുക]

പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ ഉണ്ടായ ബോധവത്കരണത്തിലൂടെ യൂറോപ്പിലാകമാനവും ഫ്രാൻസിലും, ചിന്താസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വളർന്നു വികസിച്ചു. മതം, രാഷ്ട്രീയം, സമൂഹം,ഭരണവ്യവസ്ഥ, വ്യക്തി എന്നീ വിഷയങ്ങളെക്കുറിച്ചുള്ള ഗാഢമായ അപഗ്രഥനങ്ങളും പഠനങ്ങളും ഉണ്ടായി. വ്യക്തിക്ക് സ്വാതന്ത്ര്യവും സമൂഹത്തിൽ സമത്വവും നീക്കുപോക്കില്ലാത്ത ആശയങ്ങളാണെന്ന മോണ്ടെസ്ക്യൂ [2] വോൾട്ടയർ[3] റുസ്സോ എന്നിവരുടെ ചിന്താധാരകൾ ജനങ്ങളെ ആകർഷിച്ചു[4],[5]. സമൂഹവും ഭരണകൂടവും തമ്മിലുള്ള പരസ്പരബന്ധങ്ങൾ, വ്യക്തിസ്വാതന്ത്ര്യം, സമൂഹനന്മ എന്നീ വിഷയങ്ങൾ റുസ്സോ സാമൂഹ്യ ഉടമ്പടി (Du Contrat Social ou Principes du droit politique )എന്ന തന്റെ പുസ്തകത്തിൽ സവിസ്തരം ചർച്ച ചെയ്തു. മതവും ഭരണകൂടവും അകൽച്ച പാലിക്കേണ്ടതാണെന്നു മോൺടെസ്ക്യുവും[6] വോൾട്ടയറും യുക്തിയുക്തം വാദിച്ചു

മറ്റു സാഹചര്യങ്ങൾ[തിരുത്തുക]

ഫ്രഞ്ചു ജനത പരമ്പരാഗതമായി മൂന്നു ശ്രേണികളിലായി വിഭാഗിക്കപ്പെട്ടിരുന്നു. ഒന്നാം ശ്രേണിയിൽ പുരോഹിതരും(clergy) ,രണ്ടാമത്തേതിൽ പ്രഭുവംശവും (Nobles) ,മൂന്നാം ശ്രേണിയിൽ ഭൂരിപക്ഷം വരുന്ന സാധാരണക്കാരും (Commoners) ഉൾപ്പെട്ടു[7]. ന്യൂനപക്ഷക്കാരായ ഒന്നും രണ്ടും വിഭാഗങ്ങൾ നികുതിയിൽ നിന്ന് ഒഴി വാക്കപ്പെട്ടതു കൂടാതെ പലേ ആനുകൂല്യങ്ങൾക്കും അധികാരാവകാശങ്ങൾക്കും അർഹരുമായിരുന്നു. നികുതിഭാരം ചുമക്കേണ്ടി വന്നത് മൂന്നാം വിഭാഗത്തിനു മാത്രമായിരുന്നു[8].എറ്റാ ജെനെറോ (états généraux) എന്ന ഫ്രാൻസിന്റെ ജനപ്രതിനിധി സഭയിൽ ഈ മൂന്നു വിഭാഗത്തിലേയും പ്രതിനിധികൾ ഉണ്ടായിരുന്നു[9]. പക്ഷെ ഈ ജനപ്രതിനിധിസഭ അവസാനമായി സമ്മേളിച്ചത് 1614-ൽ ആയിരുന്നു[10]. 175 വർഷങ്ങൾക്കുശേഷം, 1789-ൽ സാമ്പത്തിക ഞെരുക്കങ്ങളെ മറികടക്കാനായി പുതിയ നികുതികൾ ചുമത്തണമെന്ന നില വന്നപ്പോൾ പുതിയ ജനപ്രതിനിധിസഭ വിളിച്ചുകൂട്ടാൻ [[ലൂയി പതിനാറാമൻ] നിർബന്ധിതനായി[11],[12]. സാധാരണക്കാരെ പ്രീണിപ്പിക്കാനായി നിലവിലുള്ളതിന്റെ ഇരട്ടി പ്രതിനിധികളായി തെരഞ്ഞെടുക്കാനുള്ള അനുവാദവും നല്തി[13]. സാധാരണജനതയോട് അനുഭാവമുണ്ടായിരുന്ന പുരോഹിതൻ സിയെസിന്റെ എന്താണ് മൂന്നാം വിഭാഗം? (Qu'est-ce que le tiers-état?(French)) എന്ന ലഘുലേഖ ജനങ്ങൾക്ക് വഴികാട്ടിയായി. സാധാരണക്കാർ നിസ്സഹായരല്ലെന്നും, അവരാണ് യഥാർഥരാഷ്ട്രമെന്നും സ്ഥിതിഗതികൾ മാറ്റിയെടുക്കാനുള്ള കഴിവ് അവർക്കുണ്ടെന്നും ലഘുലേഖയിൽ സിയെസ് വിശദീകരിച്ചിരുന്നു [14],[15].

1789 മെയ് 5-ന് ജനപ്രതിനിധിസഭ സമ്മേളിച്ചു. മൂന്നു ശ്രേണികളിലേയും പ്രതിനിധികൾ സന്നിഹിതരായിരുന്നു. പുരോഹിതപ്രതിനിധികളായി 293 പേരും പ്രഭുവംശത്തിന്റെ പ്രതിനിധികളായി 270പേരും വീതവും സാധാരണജനതയുടെ പ്രതിനിധികളായി 565പേരും ഉണ്ടായിരുന്നു[16],[17]. എന്നാൽ ഒരാൾക്ക് ഒരു വോട്ടല്ലെന്നും ഒരു വിഭാഗത്തിന് ഒരു വോട്ടെന്നുമുള്ള വരേണ്യരുടെ നിലപാട് സാധാരണക്കാർക്കു സമ്മതമായിരുന്നില്ല. സഭ അലസിപ്പിരിഞ്ഞു. സ്വന്തം ആവശ്യങ്ങൾ ഏകകണ്ഠമായി തീരുമാനിച്ചുറപ്പിക്കാനായി മൂന്നാംവിഭാഗം വേറിട്ട് സമ്മേളിക്കാൻ തീരുമാനിച്ചു. ഒന്നും രണ്ടും വിഭാഗത്തിലെ ഒട്ടേറെ പ്രതിനിധികൾ സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരായി ശബ്ദമുയർത്തി സാധാരണജനതയോടൊപ്പം നിന്നു[18]. ഇവരിൽ മുഖ്യരായിരുന്നു ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്ന റോബേസ്പിയർ[19], മിറാബോ[20], ലഫായെറ്റ് പ്രഭു[21]എന്നിവർ. സാധാരണക്കാരുടെ പ്രതിനിധികൾ സ്വന്തം നിലക്ക് സമ്മേളനം നടത്താൻ ഒരുക്കം കൂട്ടി. പക്ഷെ സഭാമണ്ഡപത്തിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. പ്രക്ഷുബ്ധരായ അംഗങ്ങൾ തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും ഉൾക്കൊള്ളുന്ന ഭരണഘടന രൂപീകരിക്കുംവരെ പിരിഞ്ഞുപോകില്ലെന്ന ശപഥവുമായി അടുത്തു തന്നെയുള്ള ടെന്നിസ് കോർട്ടിൽ സമ്മേളിച്ചു[22], ഫ്രഞ്ചു വിപ്ലവചരിത്രത്തിൽ ടെന്നിസ് കോർട്ട് ശപഥം ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. ബഹുഭൂരിപക്ഷം വരുന്ന സാധാരണജനതയുടെ പ്രതിനിധികളായ തങ്ങളാണ് യഥാർഥത്തിൽ ജനപ്രതിനിധികളെന്ന് ഉദ്ഘോഷിച്ച് നാഷണൽ അസംബ്ലി എന്ന പുതിയ പേരും സ്വീകരിച്ചു. [23],[24]. എന്നാൽ ഭരണഘടന എഴുതിയുണ്ടാക്കുംമുമ്പ് ഒരു വ്യക്തിയുടെ അടിസ്ഥാന അവകാശങ്ങൾ എന്തൊക്കെയെന്നതിനെപ്പറ്റി ഒരു തീരുമാനമുണ്ടാകുന്നത് അത്യവശ്യമാണെന്ന് നാഷണൽ അസംബ്ലിക്ക് ബോധ്യമായി. കൂട്ടായ ചർച്ചകൾ നടത്തി അവർ പ്രമാണം എഴുതിയുണ്ടാക്കി.

ജനപ്രതിനിധിസഭ 5 May 1789: മുദ്രണം- ശില്പി -ഹെൽമാൻ

പതിനേഴു പ്രസ്താവങ്ങളുണ്ടായിരുന്ന പ്രമാണത്തിൽ [25] റുസ്സോക്കും അദ്ദേഹത്തിന്റെ രചന, സാമൂഹ്യ ഉടമ്പടിക്കുമുള്ള [5]സ്വാധീനം സുവ്യക്തമായിരുന്നു. ആദ്യത്തെ പ്രമാണം തന്നെ റുസ്സോവിന്റെ വിശ്വപ്രസിദ്ധമായ "മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു" എന്ന വാചകത്തിൽ അധിഷ്ഠിതമായിരുന്നു.

പ്രഖ്യാപനം[തിരുത്തുക]

മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അജ്ഞതയും അവയോടുള്ള അവഗണനയും അവജ്ഞയുമാണ് ജനസമൂഹത്തിന്റെ ദുരിതങ്ങൾക്കും ഭരണകൂടങ്ങളുടെ അഴിമതിക്കും മൂലകാരണമെന്ന് ബോധ്യപ്പെട്ടതിനാൽ ഫ്രഞ്ചു ജനതയുടെ പ്രതിനിധിസഭയായ നാഷണൽ അസംബ്ലി വ്യക്തിയുടേയും പൗരന്റേയും അലംഘനീയവും അനിഷേധ്യവുമായ അവകാശങ്ങൾ പ്രമാണരൂപത്തിൽ പ്രഖ്യാപിക്കുന്നു. ഈ പ്രമാണം നിയമസഭകളിലേയും ഭരണകൂടത്തിലേയും അംഗങ്ങളെ അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സദാ ഓർമിപ്പിക്കുന്നു; രാഷ്ട്രീയ ലക്ഷ്യങ്ങളുമായി നിരന്തരം താരതമ്യത്തിനു വിധേയമാക്കുന്നതിനാൽ കൂടുതൽ നിഷ്കർഷയോടേയും ശുഷ്കാന്തിയോടേയും കാര്യനിർവഹണം നടത്തണമെന്ന് അവരെ ഉദ്ബോധിപ്പിക്കുന്നു; പൗരന്റെ ആവശ്യങ്ങൾ സരളവും അവിതർക്കിതവുമായ തത്ത്വങ്ങളിൽ അധിഷ്ഠിതമായിരിക്കുന്നതിനാൽ അവ എന്നെന്നും ഭരണഘടനാനുസൃതവും പൊതുനന്മയെ ലക്ഷ്യമാക്കിയും ആയിരിക്കുമെന്നും പ്രഖ്യാപിക്കുന്നു. തത്ഫലമായി നാഷണൽ അസംബ്ലി, പരമോന്നതനെ സാക്ഷി നിറുത്തി വ്യക്തിയെന്ന നിലക്കും പൗരനെന്ന നിലക്കും മനുഷ്യന്റെ അവകാശങ്ങൾ അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു.

  1. മനുഷ്യർ ജന്മനാ സ്വതന്ത്രരും തുല്യരുമാണ്. വ്യക്തികൾക്കിടയിൽ പൊതുനന്മക്ക് ഉതകുന്ന വിവേചനങ്ങൾ മത്രമേ അനുവദിക്കാവൂ
  2. രാഷ്ട്രീയനിലപാടുകളുടേയും കൂട്ടായ്മകളുടേയും ഏക ലക്ഷ്യം വ്യക്തിയുടെ സ്വതസ്സിദ്ധവും അനിഷേധ്യവുമായ അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ്. സ്വാതന്ത്ര്യം, സ്വത്ത്, സുരക്ഷ, പീഡനത്തിനെതിരായുള്ള ചെറുത്തുനില്പ് എന്നിവയാണ് ഈ അവകാശങ്ങൾ
  3. പരമാധികാരം രാഷ്ട്രത്തിൽ നിക്ഷിപ്തമായിരിക്കുന്നു. രാഷ്ടത്തിന്റെ പ്രത്യക്ഷമായ അനുവാദമില്ലാതെ ഒരു വ്യക്തിക്കോ, സംഘടനക്കോ ഇത് കൈകാര്യം ചെയ്യാനുള്ള അധികാരമില്ല.
  4. അന്യനു ദോഷകരമല്ലാത്തതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം വ്യക്തിക്കുണ്ട്. അതായത് പ്രകൃത്യാ ഉള്ള അവകാശാധികാരങ്ങൾക്ക് അതിന്റേതായ പരിധിയുണ്ട്, അന്യർക്കും ഇതേ അവകാശാധികാരങ്ങൾ അനുഭവിച്ചാസ്വദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഈ പരിധികൾ നിയമപ്രകാരം നിർണയിക്കപ്പെടേണ്ടതാണ്.
  5. സമൂഹത്തിന് ഹാനികരമായേക്കാവുന്ന കൃത്യങ്ങൾ വിലക്കാനുള്ള അധികാരം നിയമത്തിനുണ്ട്. നിയമപ്രകാരം നിഷേധിക്കപ്പെടാത്തതൊന്നും തടസ്സപ്പെടുത്തരുത്. നിയമപ്രകാരമല്ലാത്തതു ചെയ്യാൻ ആരേയും നിർബന്ധിക്കാനുമാവില്ല.
  6. നിയമം സമൂഹത്തിന്റെ പൊതുവായ ഇച്ഛയുടെ പ്രകടനമാണ്. ആയതിനാൽ നിയമനിർമ്മാണ നടപടിയിൽ എല്ലാ പൗരന്മാരും നേരിട്ടോ പ്രതിനിധികൾ മുഖാന്തരമോ പങ്കെടുക്കേണ്ടതാണ്. ശിക്ഷക്കായാലും രക്ഷക്കായാലും നിയമം എല്ലാവർക്കും ഒരേ പോലെ ബാധകമായിരിക്കണം നിയമത്തിന്റെ ദൃഷ്ടിയിൽ എല്ലാ പൗരന്മാരും തുല്യരാണ്. അതുകൊണ്ടു തന്നെ എല്ലാ പൊതു സ്ഥലങ്ങളിലും, പദവികൾക്കും ജോലികൾക്കും എല്ലാവർക്കും തുല്യഅവസരങ്ങൾ ലഭിക്കും. യോഗ്യതയും കഴിവുമല്ലാതെ വ്യക്തികൾ തമ്മിൽ മറ്റു യാതൊരു വിധ വിവേചനവും പാടില്ല.
  7. നിയമപ്രകാരമല്ലാതെ, തക്കതായ രേഖകൾ കൂടാതെ ആരേയും കുറ്റം ചാർത്തുകയോ, അറസ്റ്റു ചെയ്യുകയോ തടഞ്ഞുവെക്കുകയോ ചെയ്യരുത്. നിയമപരമല്ലാത്ത ഇത്തരം കൃത്യങ്ങൾ നടത്തുകയോ നടത്താൻ ആവശ്യപ്പെടുകയോ ചെയ്യുന്നവർ ശിക്ഷാർഹരായിരിക്കും. പക്ഷെ നിയമപ്രകാരം അറസ്റ്റു ചെയ്യപ്പെട്ട പൗരൻ ഉടൻ അതിനു വിധേയനാകണം, ചെറുത്തു നില്ക്കുന്നത് ശിക്ഷാർഹമായിരിക്കും.
  8. അത്യന്താപേക്ഷിതമെന്നു വരുന്ന ശിക്ഷകൾ മാത്രമേ നിയമം വിധിക്കാവൂ. ഒരു കൃത്യം കുറ്റമാണെന്ന നിയമം പ്രാബല്യത്തിൽ വരുന്നതിനു മുമ്പ് അതു കുറ്റമാകുന്നില്ല.
  9. കുറ്റം തെളിയിക്കപ്പെടുന്നതുവരെ വ്യക്തി നിരപരാധിയെന്നു പരിഗണിക്കപ്പെടും. ഈ വ്യക്തിയെ അറസ്റ്റു ചെയ്യേണ്ടത് ഒഴിവാക്കാനാവില്ലെന്നു വന്നാൽ , അനാവശ്യമായ കാർക്കശ്യം കാട്ടുന്നതിനെ നിയമം രൂക്ഷമായി വിലക്കണം .
  10. ഒരു വ്യക്തിയുടെ അഭിപ്രായങ്ങളെച്ചൊല്ലി അയാളെ ശല്യപ്പെടുത്തരുത്. അതായത് അവ സമൂഹത്തിന്റെ നിയമപരമായ ക്രമസമാധാനത്തിന് ഹാനികരമല്ലെങ്കിൽ.
  11. അഭിപ്രായങ്ങളും ആശയങ്ങളും സ്വതന്ത്രമായി പങ്കു വെക്കുക എന്നത് ഒരു വ്യക്തിയുടെ അമൂല്യമായ അവകാശമാണ്. അതുകൊണ്ട് നിയമവിരുദ്ധമായ രീതിയിൽ ഈ അവകാശം ദുരുപയോഗം ചെയ്യാതിരിക്കുന്നേടത്തോളം കാലം എന്തും പറയാനും എഴുതാനും അച്ചടിച്ചു വിതരണം ചെയ്യാനുമുള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും ഉണ്ട്.
  12. .വ്യക്തി-പൗര സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതിന് സുരക്ഷാസേന ആവശ്യമാണ്. ഈ സേന പൊതുനന്മക്കു വേണ്ടിയാണ് പ്രവർത്തിക്കേണ്ടത്, അല്ലാതെ അധികാരസ്ഥരുടെ സ്വന്തം താത്പര്യങ്ങളനുസരിച്ചല്ല.
  13. സുരക്ഷാസേനയുടെ നിലനില്പിനും ബന്ധപ്പെട്ട കാര്യനിവഹണത്തിനുമായുള്ള ചെലവിലേക്ക് പൊതുജനം സംഭാവന ചെയ്യേണ്ടതുണ്ട്. സ്വന്തം കഴിവനുസരിച്ചായിരിക്കണം ഓരോരുത്തരുടേയും വീതം.
  14. ഓരോ വ്യക്തിക്കും നേരിട്ടോ, പ്രതിനിധി മുഖാന്തരമോ പൊതു നികുതിയെപ്പറ്റി അറിയാനും സ്വതന്ത്രമായി തീരുമാനമെടുക്കാനുമുള്ള അവകാശമുണ്ട്. അതായത് നികുതിയുടെ ആവശ്യകത, അതെന്തിനു ഉപയോഗിക്കപ്പെടും, എന്തടിസ്ഥാനത്തിലും തോതിലുമാവും നികുതി ചുമത്തുക, എങ്ങനെ എത്ര തവണകളായി എത്രകാലം അടക്കേണ്ടി വരും എന്നൊക്കെ
  15. സമൂഹത്തിന് ഏതു പൗരപ്രതിനിധിയോടും ഭരണച്ചെലവിന്റെ കണക്കുകൾ ആവശ്യപ്പെടാം.
  16. അവകാശങ്ങൾ ഉറപ്പു വരുത്താത്ത, അധികാരവികേന്ദ്രീകരണം നടക്കാത്ത സമൂഹത്തിന് ഭരണഘടനയെന്നൊന്നില്ല.
  17. സ്വത്ത് അനിഷേധ്യവും അലംഘനീയവുമായ അവകാശമാണ്. അതുകൊണ്ട് സ്വകാര്യസ്വത്ത് പിടിച്ചെടുക്കാനാവില്ല. ഇനിയഥവാ നിയമപ്രകാരം പൊതുകാര്യത്തിന് അത്തരമൊരു നടപടി ആവശ്യമായിവന്നാൽത്തന്നെ ഉടമക്ക് മുൻ കൂറായി നഷ്ടപരിഹാരം നല്കിയശേഷം മാത്രം.

പ്രഖ്യാപനത്തിനുശേഷം[തിരുത്തുക]

രാജവാഴ്ച അവസാനിപ്പിക്കുകയായിരുന്നില്ല ഈ പ്രമാണത്തിന്റെ ലക്ഷ്യം. മറിച്ച്, രാജാവിനെ ഭരണഘടനാ വിധേയനാക്കുകയും പ്രജകളെ വർഗഭേദമില്ലാതെ, ഒരേ നിയമസംഹിതയുടെ പരിധിക്കകത്ത് കൊണ്ടു വരികയുമായിരുന്നു നാഷണൽ അസംബ്ലിയുടെ ലക്ഷ്യം. പക്ഷെ ലൂയി പതിനാറാമൻ വഴങ്ങിയില്ല. 1791 ജൂൺ 20–21-ന് രാജാവും കുടുംബവും രക്ഷപ്പെടാൻ ശ്രമിച്ചതായിരുന്നു സ്ഥിതിഗതികളെ പ്രതിസന്ധിയിലേക്കു നയിച്ചത്[26]

പോരായ്മകൾ[തിരുത്തുക]

നാഷണൽ അസംബ്ലി പൗര സമൂഹത്തെ സക്രിയ-നിഷ്ക്രിയ പൗരന്മാരായി തരം തിരിച്ചു. അന്നു നിലവിലുള്ള ദിവസക്കൂലിയുടെ മൂന്നിരട്ടി കരമായി അടക്കുന്ന പുരുഷന്മാരായിരുന്നു സക്രിയ പൗരന്മാർ.അതായത് സ്വത്തുടമകൾ. വോട്ടവകാശം അവർക്കു മാത്രം നല്കപ്പെട്ടു. ഭൂരിഭാഗം വരുന്ന സാധാരണ തൊഴിലാളികൾ അങ്ങനെ പാർശ്വവത്കരിക്കപ്പെട്ടു. ഇക്കാരണം കൊണ്ടാണ് ഫ്രഞ്ചു വിപ്ലവം ബൂർഷ്വാ വിപ്ലവം എന്നറിയപ്പെടുന്നത്. സ്ത്രീവർഗവും നിഷ്ക്രിയ പൗരവർഗത്തിൽ പെട്ടു. പുരുഷമേധാവിത്വത്തിനെതിരെ സ്ത്രീകൾ പരാതിപ്പെട്ടുവെങ്കിലും നാഷണൽ അസംബ്ലി ഒന്നും ചെയ്തില്ല. 1804-ൽ നെപോളിയന്റെ നിയമാവലി പൗരാവകാശങ്ങൾക്ക് നിയമത്തിന്റെ അടിത്തറ നല്കിയെങ്കിലും കുടുംബത്തിലും സമൂഹത്തിലും പുരുഷാധിപത്യം നിലനിർത്തി, സ്ത്രീകൾക്ക് വോട്ടവകാശം നല്കിയില്ല. 1944- ലാണ് ഫ്രഞ്ചു സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്.[27]

പ്രാധാന്യം[തിരുത്തുക]

ഈ പ്രമാണം ഫ്രഞ്ചു ഭരണഘടനയുടെ 1791, 1793, 1795 പതിപ്പുകളിലേയും മുഖവുരയായി മാറി[28] 1958-ലെ ഭരണഘടനയും ഈ പ്രമാണത്തിന്റെ അലംഘനീയത സ്ഥിരീകരിച്ചു. [29] .

അവലംബം[തിരുത്തുക]

  1. വിശ്വസ്മൃതികൾ 2003
  2. മോൺടെസ്ത്യൂ -എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ശേഖരിച്ചത് സപ്റ്റമ്പർ 11, 2015
  3. വോൾട്ടയർ- എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ശേഖരിച്ചത് സപ്റ്റമ്പർ 11, 2015
  4. AlisonI, പുറം. 67-68.
  5. 5.0 5.1 Rousseau.
  6. Montesquieu. The spirit of Law. {{cite book}}: External link in |title= (help)
  7. AlisonI, പുറം. 69-70.
  8. AlisonI, പുറം. 70-71.
  9. Estates-General
  10. AlisonI, പുറം. 88.
  11. Carlyle, പുറം. 156-164.
  12. AlisonI, പുറം. 76-77, 84,86.
  13. AlisonI, പുറം. 89-91.
  14. Sieyes.
  15. Carlyle, പുറം. 185.
  16. Carlyle, പുറം. 169.
  17. AlisonI, പുറം. 102.
  18. AlisonI, പുറം. 93,100-101.
  19. Carlyle, പുറം. 181.
  20. Carlyle, പുറം. 180.
  21. Marquis de Lafayette
  22. Carlyle, പുറം. 208.
  23. Carlyle, പുറം. 215.
  24. AlisonI, പുറം. 104.
  25. മനുഷ്യാവകാശ-പൗരാവകാശ പ്രഖ്യാപനം, ഫ്രാൻസ് 1789
  26. ഫ്രഞ്ചു വിപ്ലവം -എനസൈക്ലേപീഡിയ ബ്രിട്ടാനിക്കാ ശേഖരിച്ചത് സപ്റ്റമ്പർ 12, 2015
  27. "സ്ത്രീകൾക്ക് വോട്ടവകാശം (ഫ്രാൻസ്)". Archived from the original on 2015-05-12. Retrieved 2015-09-12.
  28. മനുഷ്യവകാശ-പൗരാവകാശ പ്രഖ്യാപനം എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ശേഖരിച്ചത് സപ്റ്റമ്പർ 11, 2015
  29. ഫ്രഞ്ചുഭരണഘടന 1958 ശേഖരിച്ചത് സപ്റ്റമ്പർ 11, 2015