നൈൽ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നൈൽ നദി
Country സുഡാൻ,ബുറുണ്ടി,റുവാണ്ട,
കോംഗൊ,താൻസാനിയ,കെനിയ,
ഉഗാണ്ട,എത്യോപിയ,ഈജിപ്റ്റ്
Basin
River mouth സമുദ്ര നിരപ്പ്
Physical characteristics
Length 6,650 കി. മീ.

നൈൽ നദി ഭൂഗോളത്തിലെ ഏറ്റവും നീളമേറിയ നദിയാണ്. [1] (അറബിയിൽ : النيل an-nīl, ഈജിപ്ഷ്യനിൽ : iteru, എന്നാൽ നദി ) 6,650 കിലോമീറ്റർ നീളമുള്ള ഈ നദി ആഫ്രിക്കൻ വൻ‌കരയിലൂടെ ഒഴുകുന്നു.(എന്നാൽ ഇതിനെക്കുറിച്ച്‌ വിവാദങ്ങൾ നിലവിലുണ്ട്‌. തെക്കേ അമേരിക്കയിലെ ആമസോൺ നദിയാണ്‌ എറ്റവും നീളമുള്ളത്‌ എന്നാണ്‌ ചിലർ വാദിക്കുന്നത്‌. എന്നിരുന്നാലും വ്യത്യാസം ഒന്നോ രണ്ടോ കി,മി. യെ വരൂ)[അവലംബം ആവശ്യമാണ്]. ഈജിപ്ഷ്യൻ സംസ്ക്കാരമുൾപ്പെടെ ഒട്ടേറെ പുരാതന സംസ്ക്കാരങ്ങളുടെ കളിത്തട്ടുകൂടിയാണ് നൈൽനദീതടം. ഈജിപ്തിന്റ്റെ തെക്കുള്ള മലനിരകളിൽ നിന്നുൽഭവിച്ചു വടക്കു മെഡിറ്ററേനിയൻ ഉൾക്കടലിൽ പതിയ്ക്കുന്നു.

പേരിന്റെ ഉൽപത്തി[തിരുത്തുക]

അറബിയിൽ നൈൽ ( النيلan-nī)എന്ന വാക്ക്‌, നദീതടം എന്നർത്ഥമുള്ള നൈലോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഉണ്ടായത്‌ . ഗ്രീക്കിൽഐജിപ്റ്റോസ് എന്ന മറ്റൊരു പേരുകൂടിയുണ്ട്. ഈജിപ്റ്റ് എന്ന പേരുണ്ടായത് ഈ വാക്കിൽ നിന്നാണ്. പുരാതന ഈജിപുകാർ നൈൽ നദിയെ അവരുടെ നാടിന്റെ പിതാവായും ഈജിപ്തിനെ ആ നദിയുടെ പുത്രിയായും കരുതിയിരുന്നു.

ചരിത്രം[തിരുത്തുക]

പ്രധാന ലേഖനം: ഈജിപ്ഷ്യൻ നാഗരികത

പുരാതന ഈജിപ്തുമായി ബന്ധപ്പെട്ട എല്ലാ ചരിത്രവും ഫലത്തിൽ നൈലുമായും ബന്ധമുള്ളവയാണ്‌.

പോഷകനദികൾ[തിരുത്തുക]

നൈൽ നദിക്കു രണ്ടു പോഷക നദികളാണുള്ളത്. കിഴക്കൻ ആഫ്രിക്കയിൽ നിന്ന് ഒഴുകിയേത്തുന്ന വൈറ്റ് നൈലും എത്യോപ്യയിൽ നിന്നും ഒഴുകിയെത്തുന്ന ബ്ലൂനൈലും. ആർബറ എന്ന മൂന്നാമതൊരു പോഷക നദികൂടെയുണ്ട്‌.[2]

വെൺനൈൽ[തിരുത്തുക]

പ്രധാന ലേഖനം: വെള്ള നൈൽ

ടാൻസാനിയ, ഉഗാണ്ട അതിർത്തിയിലുള്ള വിക്ടോറിയ തടാകമാണ് വെൺനൈലിന്റെ പ്രഭവകേന്ദ്രം എന്നു പൊതുവായി പറയുന്നുവെങ്കിലും ഈ തടാകത്തിന്‌ മറ്റു പോഷക അരുവികൾ ഉണ്ട്‌. ഇതിൽ ഏറ്റവും നീളം കൂടിയ അരുവി റുവണ്ടയിലെ ന്യുങ്ങ്‌വേ കാടുകളിൽ നിന്നും തുടങ്ങുന്നു. മറ്റൊരു അരുവിയായ കാഗ്ഗെറാ, ബറുണ്ടിയിൽ നിന്നുൽഭവിച്ചു ഇതുമായി ചേർന്ന് ബുകോബായ്ക്കടുത്ത്‌ വിക്ടോറിയതടാകത്തിൽ പതിയ്ക്കുന്നു. ഉഗാണ്ടയിലെ ജിൻജ്ജ എന്ന സ്ഥലത്തു വച്ച്‌ ലോക പ്രസിദ്ധമായ വിക്ടോറിയ വെള്ളച്ചാട്ടം സൃഷ്ടിച്ചശേഷം വിക്ടോറിയ നൈൽ രൂപമെടുക്കുന്നു. വിക്ടോറിയ നൈൽ പിന്നെ ക്യൊഗാ , ക്വാന്യ എന്നീ തടാകങ്ങളെയും സ്പർശിച്ച്‌ വടക്കോട്ടൊഴുകി ആൽബർട്ട്‌ തടാകത്തിൽ പതിയ്ക്കുന്നു.

എന്നാൽ ഇതേ പൊലെ കോംഗൊയിലും ഉഗാണ്ടയിലുമയി സ്ഥിതി ചെയ്യുന്ന എഡ്വേർഡ്‌ തടാകത്തിൽ നിന്നുൽഭവിക്കുന്ന മറ്റൊരരുവിയും നേരിട്ടല്ലെങ്കിലും ഇതിന്റെ പോഷകമാവാറുണ്ട്‌. ഈ അരുവി ആൽബർട്ട്‌ തടാകത്തിൽ വന്നു പതിയ്കുകയാണ്‌ ചെയ്യുന്നത്‌. ഇതേ ആൽബർട്ട്‌ തടാകത്തിന്റെ മറ്റൊരുവശത്താണ്‌ വിക്ടോറിയ നൈൽ ചേരുന്നത്‌.

ആൽബർട്ട്‌ തടാകത്തിൽ നിന്നു തുടങ്ങുന്ന നൈലിന്റെ പോഷക നദിയെ ആൽബർട്ട്‌ നൈൽ എന്നാണു വിളിക്കുന്നത്‌. ഇതാണ്‌ വൈറ്റ്‌ നൈൽ. നിരവധി തടാകങ്ങളിൽ നിന്ന് ഒഴുകിവരുന്നതു കൊണ്ട്‌ ഇതിൽ ഊറൽ ഇല്ലാത്തതും വെളളം തെളിമയാർന്നതുമാണ്‌. വടക്ക്‌ കിഴക്കോട്ടൊഴുകുന്ന ഈ പോഷകനദി സുഡാനിലെ ഖർത്തോമിൽ ബ്ലൂനൈലുമായി ചേരുന്നു. വിക്ടോറിയ തടാകം മുതൽ ഖർത്തോം വരെ ഏകദേശം 3700 കിലോമീറ്ററാണ് വൈറ്റ് നൈലിന്റെ നീളം.

ചിലഭാഗങ്ങളിൽ മൗണ്ടെയ്ൻ നൈലെന്നും അറിയപ്പെടുന്നു.

ഖർത്തോമാ ഭാഗത്തെത്തുമ്പോഴുള്ള വെളുത്ത എക്കൽമണ്ണാണ് ഈ പോഷകനദിക്ക് വൈറ്റ്നൈൽ എന്ന പേരു നൽകുന്നത് .

നീല നൈൽ[തിരുത്തുക]

പ്രധാന ലേഖനം: നീല നൈൽ
നൈൽ നദിയുടെ ഉപഗ്രഹചിത്രം.

(എത്യൊപ്യർക്ക്‌ ടിക്വുർ അബ്ബായും,Ṭiqūr ʿĀbbāy (Black Abay) സുഡാനികൾക്ക്‌ ബാ:ർ അൽ അസർഖ്‌ Bahr al Azraqഉം ആണീ നദി. എത്യൊപ്യയിലെ ടാനാ[3] എന്ന തടാകത്തിൽ നിന്നാണിത്‌ ജന്മമെടുക്കുന്നത്‌. 1400 കി. മീ. ആണിതിന്റെ നീളം. ഉൽഭവസ്ഥാനത്തുനിന്നും ആദ്യം കിഴക്കോട്ടും പിന്നെ തെക്കോട്ടും അതിനുശേഷം പടിഞ്ഞാറേയ്ക്കും ഗതി മാറ്റുന്ന ഈ ചെറിയ നദി ഒരു ചൂണ്ടക്കോളുത്തിന്റെ ആകൃതി സ്വീകരിയ്ക്കുന്നു. പടിഞ്ഞാറേയ്ക്കൊഴുകുന്ന നദി സുഡാനിലെ ഖാർതൂമിൽ വച്ച്‌ സഹോദര നദിയായ വെള്ള നൈലുമായി ചേർന്ന് ത്രിവേണി സംഗമമൊരുക്കുന്നു.

നൈൽ (Nile Proper)[തിരുത്തുക]

വേനലിൽ ഏത്യൊപിയയിൽ ലഭിക്കുന്ന ജലമാണിതിന്റെ അളവിന്റെ പ്രധാനകാരണം മറ്റുകാലങ്ങളിൽ തീരെ ശുഷ്കമാണ്‌ ജലത്തിന്റെ അളവ്‌. എത്യൊപിയയിലെ വേനലിൽ ഉണ്ടാകുന്ന പെരും മഴ അത്ബറയേയും ബ്ലൂ നൈലിനെയും നിറയ്ക്കുന്നു. അത്ബറ എന്നാൽ പെട്ടെന്നുണങ്ങിപ്പോവുന്നു. ബ്ലൂ നൈലിലും അധികം ജലം മറ്റു കാലങ്ങളിൽ ശേഷിക്കറില്ല. നൈൽ വറ്റിപ്പോവാത്തതിന്റെ ശരിക്കും കാരണം സ്ഥിരമായി ഒരേ അളവിൽ ഒഴുകുന്ന വൈറ്റ്‌(വെള്ള)നൈലാണ്‌.

സുഡാനിൽ[തിരുത്തുക]

ആറുപ്രധാന മലയിടുക്കുകൾ

രണ്ടു നദികളുറ്റെയും സംഗമത്തിനു ശേഷം എത്യൊപ്യയിലെ ഠാണാ തടാകത്തിൽ നിന്നുള്ള മറ്റൊരു നദിയായ അത്ബര മാത്രമെ (അർബറ) പ്രധാനമായും ഇതിന്റെ പോഷകമാകുന്നുള്ളു ഖാർതൂമിൽ നിന്നും 300 കി, മി, മാറിയാണിതു നൈലിൽ ചേരുന്നത്‌. എന്നാൽ പ്രകൃതി വിരുദ്ധമായി നൈ)ലിന്റെ ശക്തി കുറഞ്ഞുവരികയാണവിടുന്നു പിന്നീട്‌. ഇതിനു കാരണം പിന്നീട്‌ ഉള്ള പ്രദേശങ്ങളെല്ലാം മരുഭൂമികളാണെന്നുള്ളതാണ്‌,

കൂടാതെ ഇവിടങ്ങളിൽ നെയിൽ ആറു വെള്ളച്ചാട്ടങ്ങൾ സൃഷ്ടിക്കുന്നു. മലയിടുക്കുകളിലൂടെ സഞ്ചരിക്കുന്ന നൈൽ ഈ വെള്ളച്ചാട്ടങ്ങൾക്കു ശേഷം തുലോം കുഞ്ഞാവുന്നു. ആറു വെള്ളച്ചാട്ടങ്ങൾ താഴെപറയുന്നവയാണ്‌

 • 1. ആദ്യത്തേത്‌ മേറോവ്‌ എന്ന പുരാതന നഗരത്തിനു സ്ഥലത്തിനു മുൻപായി കാണപ്പെടുന്ന അഗ്നിപർവ്വതശിലകളിലൂടെ സഞ്ചരിക്കുമ്പോഴാണ്‌ .(16.88° N 33.66° E)
 • 2. ആടുത്തത്‌ അത്ബറയുള്ള സംഗമസ്ഥലത്തിനു അരികെയാണ്‌ (17.677° N 33.970° E)
 • 3. മൂന്നാമത്തേത്‌ മാനസീർ മരുഭൂമിയിലാണ്‌. പണിപൂർത്തിയായിക്കൊണ്ടിരിക്കുന്ന മെറൊവ്‌ അണക്കെട്ട്‌ ഇതിനെ ജലസമ്പുഷ്ടമാക്കുന്നു. [4] പുരാതന ഖോഷ്‌ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഇവിടം [5]
 • 4. നാലാമത്തേത്‌ ഡങ്കോളയ്ക്കു ശേഷം ടോമ്പൊസിനടുത്താണ്‌. പുരാതനകാലത്ത്‌ പത്തു പിരമിഡുകൾ സ്ഥിതി ചെയ്തിരുന്നു എന്നു പറയപ്പെടുന്ന സ്ഥലമാണിത്‌ [6]
 • 5. ഇതു നുബിയയിലാണ്‌. പുരാവസ്തുശാസ്ത്രജ്നർക്ക്‌ പ്രിയപ്പെട്ട സ്ഥലമാണിത്‌. ഇന്നിത്‌ നാസ്സർ തടാകത്താൽ മൂടപ്പെട്ടുപോയിരിക്കുന്നു. അശ്വാനു ഖാർതൂമിനുമിറ്റയിലുള്ള സ്ഥലമാണ്‌ നുബിയ എന്നറിയപ്പെടുന്നത്‌.
 • 6 അവസാനത്തേത്‌ അസ്വാൻ നഗരത്തിനടുത്താണ്‌. (24.078° N 32.878° E)

ഇതു കൂടാതെ ചെറിയ മലഞ്ചരിവുകൾ നൈലിലുണ്ട്‌. ഇവയെല്ലാം ആദ്യകാലത്ത്‌ ഈ നദിയിലൂടെയുള്ള ജലഗതാഗതം ദുഷ്കരമാക്കിയിരുന്നു

നൈൽ ഈജിപ്തിൽ[തിരുത്തുക]

ഈജിപ്തിൽ കെയ്റോ നഗരത്തിൽ നിന്നുള്ള നൈലിന്റെ ഒരു കാഴ്ച

ഈജിപ്തിലെ സഞ്ചാരമാർഗ്ഗേന നൈൽ നദി സഹാറാ മരുഭൂമിയിൽ ആഴത്തിൽ അടയാളം സൃഷ്ടിക്കുന്നുണ്ട്‌. മലയിടുക്കുകളായി ഇവ രൂപപ്പെട്ടിരിക്കുന്നു.

അശ്വാനു വടക്കായി നൈൽ നദി യ്ക്ക്‌ നല്ല ആഴവും ഉപരിതലം തിരകൾ കുറഞ്ഞതുമാണ്‌ . ഇവിടെനിന്നും വടക്കോട്ടൊഴുകുന്ന നൈൽ ലക്സറിനു ശേഷം ക്വേന എന്ന സ്ഥലത്തു വച്ചു 'റ' പോലെ വളയുന്നു. 180 കി, മി വരുന്ന ഈ ഭാഗത്തെ തീരപ്രദേശത്തെ തെക്കു വടക്കായി വിഭജിച്ചുകൊണ്ടാണ്‌ നൈൽ ഒഴുകുന്നത്‌

വിതരണ നദികൾ[തിരുത്തുക]

ഈജിപ്തിന്റെ വടക്ക്‌ തീരങ്ങൾക്കടുത്ത്‌ നൈൽ നദി രണ്ടു ചെറിയ വിതരണ നദികളായി പിരിയുന്നു. പടിഞ്ഞാറോട്ടൊഴുകുന്ന റോസറ്റ നദിയും കിഴക്കോട്ടൊഴുകുന്ന ഡാമിയെറ്റ നദിയും. അവസാനം ഇവ രണ്ടും മെഡിറ്ററേനിയൻ കടലിൽ പതിയ്ക്കുന്നു.

അസ്വാൻ അണക്കെട്ടിനു ശേഷം[തിരുത്തുക]

അസ്വാൻ അണക്കെട്ട്. ഉപഗ്രഹ ചിത്രം

അസ്വാൻ അണക്കെട്ടിന്റെ നിർമ്മാണത്തിനു മുൻപു ഈ ആറു മലയിടുക്കുകളിലൂടെയായിരുന്നു നൈൽ ഒഴുകിയിരുന്നത്‌. എന്നാൽ ഇന്ന് അത്‌ ദിശ മാറിയാണ്‌ ഒഴുകുന്നത്‌. [7] ചില മലയിടുക്കുകളെല്ലാം അണക്കെട്ടിലെ ജലത്തിന്റെ ഉയരം മൂലം മുങ്ങിപ്പോയിരിക്കുന്നു, ചില പുരാതന നഗരഭാഗങ്ങളെല്ലാം ശ്രദ്ധയോടെ സംരക്ഷിക്കപ്പെട്ടിട്ടുമുണ്ട്‌.

ആശ്വാൻ അണക്കെട്ടു ഇവിടെ ഉണ്ടാക്കിയ മാറ്റങ്ങൾ നിരവധിയാണ്‌.[8] എത്യോപ്യയിലെ വേനൽ മഴയിൽ ഇപ്പോൾ ഈജിപ്തിൽ പ്രളയം ഉണ്ടാകാറില്ല. ഈജിപ്തിലെ വൈദ്യുതിയുടെ പ്രധാന ഉറവിടം മറ്റൊന്നുമല്ല. എന്നാൽ അണക്കെട്ടു മൂലം ചരിത്ര പ്രധാന്യമർഹിക്കുന്ന പലസ്ഥലങ്ങളും ആയിരക്കണക്കിനു വീടുകളും വെള്ളത്തിനടിയിലായി. നാസ്സർ തടാകം ജന്മമെടുത്തു എന്നതും ശ്രദ്ധേയമാണ്‌. മറ്റൊരു വസ്തുത കാലാവസ്ഥയിലെ മാറ്റമാണ്‌. ഈ തടാകം ഗണ്യമായ തോതിൽ ചൂടു കുറച്ചിട്ടുണ്ട്‌. മലയിടുക്കുകൾ വെള്ളത്തിനടിയിലായതിനാൽ ഇപ്പോൾ ജലഗതാഗതവും സാദ്ധ്യമാണ്‌. വൈദ്യുതിക്കു പുറമേ ജലസേചനവും മീൻ പിടുത്തവും, തടാകത്തിൽ വിനോദ സഞ്ചാരവും സാധ്യമായിരിയ്ക്കുന്നു. പ്രശ്നമുണ്ടാക്കുന്ന വസ്തുത അവിടത്തെ കർഷകർക്കാണ്‌. ഫലഭൂയിഷ്ടമായ മേൽമണ്ൺ ഇപ്പോൾ വെള്ളത്തിനടിയിലായതിനാൽ അവർക്ക്‌ വളരെയധികം വളപ്രയോഗം നടത്തേണ്ടി വരുന്നു. പഴയ പോലത്തെ ശക്തിയായ ഒഴുക്ക്‌ അണക്കെട്ടു വന്നതിനുശേഷം ഇല്ലാത്തതിനാൽ മെഡിറ്ററേനിയൻ കടലിലെ ഉപ്പുവെള്ളം വേലിയേറ്റ സമയത്ത്‌ നദിയിൽ പ്രവേശിക്കുകയും തന്മൂലം അതിലെ ജൈവ സമ്പത്തിന്‌ ദോഷമായി ഭവിക്കുകയും ചെയ്യുന്നുമുണ്ട്‌.

നൈലിന്റെ സംഭാവനകൾ[തിരുത്തുക]

ഗ്രീക്ക്‌ ചരിത്രകാരനായിരുന്ന് ഹെറൊഡൊട്ടസ്‌ പറഞ്ഞത്‌ ഈജിപ്ത്‌ നൈൽ നദിയുടെ സമ്മാനമാണ്‌ എന്നാണ്‌. നൈൽ നദി ഏല്ലാവർഷവും പ്രളയവുമായിട്ടാണെത്തുന്നത്‌. പ്രളയത്തിനോടൊപ്പം ഫലഭൂയിഷ്ടമായ എക്കൽ മണ്ണും അതു കൊണ്ടുവന്നു തള്ളുന്നു. ഈ എക്കൽ മണ്ണിൽ അവിടത്തെ കർഷകർ പൊന്നു വിളയിച്ചു വന്നു. ഇത്‌ ദശലക്ഷക്കണക്കിനു വർഷങ്ങൾ മുതലുള്ള പ്രക്രിയയായതിനാൽ, ഈജിപ്തിയൻ സംസ്കാരം ഇതിന്റെ തീരങ്ങളിൽ തഴച്ചു. കൃഷി ചെയ്തിരുന്ന കർഷകർക്ക്‌ വളം ഉപയോഗിക്കേണ്ട ആവശ്യം ഇല്ലയിരുന്നു, നദിയിലെ ജലം ഒട്ടകങ്ങളെയും പോത്തുകളെയും ആകൃഷിച്ചിരുന്നു. ഇവയെ പിടിച്ചു ഭക്ഷണത്തിനും, മെരുക്കി വളർത്തി കൃഷിയിടങ്ങൾ ഉഴുന്നതിനും മറ്റും ഉപയോഗിച്ചിരുന്നു. ചരിത്രത്താളുകളിൽ ഈജിപ്തിന്റെ സ്ഥിരത അമ്പരപ്പിക്കുന്നതാണ്‌. യഥാർത്ഥത്തിൽ അത്‌ ഫലഭൂയിഷ്ടതയുടെ മറുപുറം തന്നെ. ആധുനിക കാലങ്ങളിലെ പല സമൂഹങ്ങളുമായും താരതമ്യമോ, അതിനപ്പുരമോ വരുന്നതാണ്‌ ഈജിപ്തിന്റെ സ്ഥിരത. നദിമാർഗ്ഗമുള്ള വാണിജ്യത്തിന്‌ നൈൽ വളരെ സഹായകരമായിരുന്നു. ഗോതമ്പ്‌ ആയിരുന്നു അവരുടെ പ്രധാന വരുമാന മാർഗ്ഗം. മധ്യേഷ്യയിലെ നിത്യ സംഭവങ്ങളായിരുന്ന വരൾച്ചക്കാലത്ത്‌ ഈ ഗോതമ്പ്‌ വ്യാപാരം അവൈടത്തെ രാജ്യങ്ങളുമായി നയതന്ത്ര തലത്തിൽ ഉറച്ച ബന്ധം ഉണ്ടാക്കുന്നതിന്‌ സഹായിച്ചു.

രാഷ്ട്രീയരംഗത്തിലും നൈൽ ഒഴിച്ചുകൂടാനാവത്തതായിരുന്നു. ഈജിപ്തിന്റെ ഭരണാധികാരിയായിരുന്ന ഫറൊവയാണ്‌ വെള്ളപ്പൊക്കം സൃഷ്ടിക്കുന്നെന്ന് മിഥ്യധാരണ ജനങ്ങളിൽ നിലനിന്നിരുന്നു. ഇതിനു പകരമായി കർഷകർ അവരുടെ വിളയുടെ ഒരു ഭാഗം ഫറവോയ്ക്കു നൽകി വന്നിരുന്നു. ഫറവോ അതു ജനങ്ങളുടെ പൊതുനന്മക്കായി ഉപയോഗിച്ചിരുന്നു. ആദ്ധ്യാത്മിക മാനദണ്ഡങ്ങളിലും മികച്ച പ്രകടനമാണ്‌ നൈൽ നദിയുടേത്‌. ഈജിപ്തിലെ ജനങ്ങളുടെ ജീവിതത്തെ മൊത്തമായിത്തന്നെ അതിന്റെ പ്രളയം സ്വാധീനിച്ചിട്ടുണ്ട്‌. നൈൽ നദിയുടെ ഈ പ്രത്യേക സവിശേഷതയ്ക്കു കാരണം ഹപി എന്ന ദേവതയാണെന്നവർ കരുതിപ്പോന്നു, ഫറവോയ്ക്കും ഹപിയ്ക്കും പ്രളയം സൃഷ്ടിക്കാൻ കഴിയുമായിരുന്നു എന്നുമവർ വിശ്വസിച്ചിരുന്നു. ജനനം, മരണം, പുനർജ്ജനനം എന്നിവയ്ക്കെല്ലാം ആധാരവും നൈൽ നദിയാണെന്ന് അവർ വിശ്വസിച്ചിരുന്നു. റാ എന്ന സൂര്യദേവൻ കിഴക്കുദിച്ചു നദിയുടെ പടിഞ്ഞാറ്‌ അസ്തമിക്കുന്നതും വീണ്ടും കിഴക്കുദിയ്ക്കുന്നതും ഇതിന്റെ പ്രതീകമായി അവർ കണ്ടു, ഇക്കാരണത്താൽ നദിയുടെ കിഴക്കുഭാഗം ജനനത്തെയും പടിഞ്ഞാറു വശം മരണത്തെ യും പ്രതിനിധീകരിക്കുന്നു എന്നും അവർ കരുതിപ്പോന്നു. അങ്ങനെ എല്ലാ ശവകുടീരങ്ങളും നദിയുടെ പടിഞ്ഞാറുവശത്തു പണികഴിക്കപ്പെട്ടു, വീണ്ടും ജനിക്കണമെങ്കിൽ ഈ വശത്തുതന്നെ അടക്കം ചെയ്യപ്പെടണമെന്ന വിശ്വാസം ഊട്ടി ഉറപ്പിക്കുന്ന പ്രവൃ‍ത്തിയായിരുന്നു അത്‌.

മൂവായിരം വർഷങ്ങൾ നിലനിൽക്കുന്ന ഏല്ലാ വർഷവും സമ്പുഷ്ടമാക്കപ്പെടുന്ന തരത്തിലുള്ള ഒരു മഹത്തായ സമ്മാനം തന്നെയായിരുന്നു ഈജിപ്തിനു നൈൽ നൽകിയതെന്ന കാര്യത്തിൽ സംശയമില്ല. ഒരിക്കൽ നൈൽ നദി തന്നെയും ഇന്നു അസ്വാൻ അണക്കെട്ടുമായി ചേർന്നു ഇവിടത്തെ ജനങ്ങളുടെ ജീവസ്പന്ദനമായി നൈൽ മാറിയിരിക്കുന്നു.

അവലംബം[തിരുത്തുക]

 • സർവ്വവിജ്ഞാനകോശം ബ്രിട്ടാണിക്ക. 2004. പതിപ്പ്‌
 1. [http://encarta.msn.com/encyclopedia_761558310/Nile.html "Nile," Microsoft® Encarta® Online Encyclopedia 2007 ശേഖരിച്ചത് 2007 ഏപ്രിൽ 19]
 2. ആർബറ എന്ന പോഷക നദി
 3. ഹൊളിവാർ2006 എന്ന സൈറ്റിലെ ലേഖനം പിഡി‌എഫിൽ ശേഖരിച്ചത് 2007 ഏപ്രിൽ 19
 4. http://en.wikipedia.org/wiki/Merowe_Dam
 5. http://www.sudani.co.za/tourism_areas.htm
 6. [1]
 7. http://www.website1.com/odyssey/week1/nile.html
 8. http://geography.about.com/od/specificplacesofinterest/a/nile.htm

കൂടുതൽ അറിവിന്/ബന്ധപ്പെട്ട വിഷയങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൈൽ_നദി&oldid=2457753" എന്ന താളിൽനിന്നു ശേഖരിച്ചത്