കൂനൻ കുരിശുസത്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1653-ൽ കേരളത്തിലെ മാർ തോമാ നസ്രാണികൾ തങ്ങളുടെ സഭയെ പോർച്ചുഗീസുകാരും ജെസ്യൂട്ട് പാതിരികളും റോമൻ പോപ്പിന്റെ കീഴിൽ വരുത്തുവാൻ നടത്തിയ പീഡകൾ കാരണമായി ഇനി മുതൽ തങ്ങളും പിൻഗാമികളും സാമ്പാളൂർ പാതിരിമാരുമായി ഒരുമിക്കുകയില്ല എന്ന് സത്യമെടുക്കുകയുണ്ടായി. ഇത് കൂനൻ കുരിശ് കലാപം എന്നും സംഭവം കൂനൻ കുരിശ് പ്രതിജ്ഞ എന്നും അറിയപ്പെടുന്നു. ഒരു പക്ഷേ വൈദേശിക താല്പര്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടിത ചെറുത്തു നില്പ് ഇതായിരിക്കാം എന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.

മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ

പേരിനു പിന്നിൽ[തിരുത്തുക]

2500 ഓളം വരുന്ന വിശ്വാസികൾ [1] കുരുശിൽ വടം കെട്ടി അതിൽ പിടിച്ച് ഒരേ സമയം സത്യം ചെയ്യുകയും തൽഫലമായി കുരിശു വളഞ്ഞ് കൂനായതു കൊണ്ട് കൂനൻ കുരിശു എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.

ചരിത്രം[തിരുത്തുക]

കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികൾ അധികവും തോമാശ്ലീഹയുടെ കാലത്ത് മതപരിവർത്തനം നടത്തിയ യഹൂദന്മാരും നാട്ടുകാരും മദ്ധ്യപൗരസ്ത്യ ദേശത്ത് നിന്നും മറ്റും കുടിയേറി വന്നവരും ആയിരുന്നു. പ്രാദേശികമായ ആചാരങ്ങൾ അവർക്കിടയിൽ വേണ്ടുവോളം ഉണ്ടായിരുന്നു. അന്നത്തെ രാജാക്കന്മാരുടെ കാലത്ത് അവർക്ക് പ്രത്യേകം പരിഗണനകൾ കിട്ടിയിരുന്നു. ഹിന്ദുക്കളായ അദ്ധ്യാപകരുടെ കീഴിൽ വിദ്യ അഭ്യസിക്കുകയും പതിവായിരുന്നു.

മാർ തോമാ നസ്രാണികൾ 1502-ൽ വന്നെത്തിയ വാസ്കോ ഡ ഗാമയുടെ അടുത്ത് തങ്ങളെ പോർത്തുഗൽ രാജാവിന് കീഴിലാക്കണമെന്നും മറ്റും അഭ്യർത്ഥിച്ചു. അങ്ങനെ പോർട്ടുഗീസുകാർ അവരുടെ കൂടെ മിഷണറിമാർ കൊണ്ടുവന്നു തുടങ്ങി. ആദ്യം ഇവരോട് വളരെ സൗഹാർദ്ദപരമായാണ് കഴിഞ്ഞു വന്നത്. ആദ്യകാലങ്ങളിൽ വിശുദ്ധനായ ഫ്രാൻസിസ് സേവ്യറിന്റെ നേതൃത്വത്തിൽ മത പ്രവർത്തനങ്ങൾ നടന്നിരുന്നതൊന്നും ആരും എതിർത്തിരുന്നില്ല. എന്നാൽ പിൽക്കാലങ്ങളിൽ കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികളെ പൂർണ്ണമായും തങ്ങളുടെ വരുതിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ പോർട്ടുഗീസുകാരുടെ ഭാഗത്തുനിന്നുണ്ടായി.

ആദ്യകാലങ്ങളിൽ കേരളത്തിലെ നസ്രാണി സഭയെ പേർഷ്യയിൽ നിന്നും മറ്റുമുള്ള മെത്രാന്മാരായിരുന്നു ഭരിച്ചിരുന്നത്. വ്യാപാരപരമായ ബന്ധങ്ങൾ പേർഷ്യയുമായി അന്നു കൂടുതൽ ഉണ്ടായിരുന്നതും പേർഷ്യയിലെ ഭരണാധികാരികൾ ക്രിസ്ത്യാനികളെ പീഢിപ്പിച്ചിരുന്നതും മൂലം നിരവധി മെത്രാന്മാർ ഇന്ത്യയിലേയ്ക്ക് വന്നതുമാണ് കാരണങ്ങൾ എന്നു ശ്രീ. ജോസഫ് പുലിക്കുന്നേൽ സമർത്ഥിക്കുന്നു. [2] ഇക്കാരണത്താൽ പാരമ്പര്യമായി പാത്രിയാർക്കീസിൻ കീഴിലായിരുന്നു കേരളത്തിലെ ക്രൈസ്തവർ.

1541-ൽ ഫ്രാൻസിസ്കൻ വൈദികർ കൊടുങ്ങല്ലൂരിൽ ദേവാലയം നിർമ്മിച്ചു. 1542- ല് ഈശോസഭക്കാരും (ജെസ്യൂട്ട്) 1548-ൽ ഡൊമിനിക്കൻ സഭക്കാരും 1572-ൽ അഗസ്തീനിയൻ സഭക്കാരും ഇന്ത്യയിൽ എത്തി. ഇതിൽ ഇശോ സഭക്കാരുടെ പ്രവർത്തനങ്ങളാണ് ക്രിസ്തുമതത്തിന് ഇവിടെ കൂടുതൽ വേരോട്ടം നൽകിയത്. പോർട്ടുഗീസുകാർക്ക് അഭിമതരായിരുന്നു ഈശോ സഭക്കാർ.

1534-ൽ ഗോവാ രൂപത സ്ഥാപിതമായതോടെ ഇന്ത്യയിലെ ക്രൈസ്തവകേന്ദ്രം ഗോവയാക്കിത്തീർക്കാൻ പോർത്തുഗീസുകാരും അവരുമായി ചേർന്നു ഇശോസഭക്കാരും പ്രവർത്തനത്തിനു ആക്കം കൂട്ടി. ഗുഡ് ഹോപ്പ് മുനമ്പ് മുതൽ ചൈന വരെ പോർട്ടുഗീസ് സർവ്വാധിപത്യമുള്ള സ്ഥലങ്ങളിലെ സഭാഭരണവും ഗോവയുടെ കീഴിൽ കൊണ്ടുവന്നു. ഇവയുടെയെല്ലാം ആത്മീയ പരമാധികാരം റോമിലെ മാർപാപ്പയ്ക്കു തന്നെയായിരുന്നെങ്കിലും, സഭയുടെ ഭരണാധികാരം അഥവാ മെത്രാന്മരെ നിയോഗിക്കലും മറ്റും പോർട്ടുഗീസ് രാജാവിന് വിട്ടു കൊടുത്തുകൊണ്ട് ഒരു ഉടമ്പടി നിലവിൽ വന്നു, ഇതാണ് പാഡ്രുവാഡോ ഉടമ്പടി. ഇതനുസരിച്ച് പോർട്ടുഗൽ രാജ്യാധിപനാണ് അവരുടെ ഭരണഭൂവിഭാഗങ്ങളിലെ സഭാഭരണം നടത്തിയിരുന്നത്. എന്നാൽ പാഡ്രുവാഡൊ ഭരണത്തിലല്ലാത്ത സ്ഥലങ്ങളിൽ സഭാഭരണം നടത്താനായി മാർപാപ്പയുടെ മേൽനോട്ടത്തിൽ രൂപീകൃതമായ സമിതിയുണ്ടായിരുന്നു. ഇതാണ് പ്രൊപ്പഗാന്താ തിരുസംഘം. എന്നാൽ കേരളത്തിൽ പൂർണ്ണമായും പോർട്ടുഗീസ് ആധിപത്യം ഇല്ലാഞ്ഞതിനാൽ ഇവിടത്തെ നസ്രാണികൾ ഒരു തരം അനിശ്ചിതത്വത്തിൽ ആയിരുന്നു. പാഡ്രുവാഡോ ഭരണത്തിൽ കീഴിൽ ഒരു വിഭാഗം, പ്രൊപ്പഗാന്താ ഭരണത്തിൽ ഒരു വിഭാഗം ഇതല്ലാതെ ബാബിലോണിയൻ പാത്രിയാർക്കീസിന്റെ കീഴിലിരുന്നാൽ മതിയെന്നു വാദിച്ചിരുന്ന യാഥാസ്ഥിതിക വിഭാഗം. അവസാനത്തെ വിഭാഗങ്ങളെ ഇല്ലാതാക്കി പാഡ്രുവാഡോ ഭരണത്തിൽ കീഴിൽ എല്ലാവരെയും കൊണ്ടുവരാനായീ പോർട്ടുഗീസുകാരുടെ ശ്രമം. ഇതിൽ മുൻകൈയെടുത്തു പ്രവർത്തിച്ചിരുന്നത് ഈശോ സഭക്കാരായിരുന്നു. അവർക്ക് കൊടുങ്ങല്ലൂരിലെ അമ്പഴക്കാട് എന്ന സ്ഥലത്ത് വൈദിക പഠനകേന്ദ്രവും ദേവാലയവും ഉണ്ടായിരുന്നു. (ഇത് സെൻറ് പോൾസ് എന്നറിയപ്പെട്ടിരുന്നു. പ്രാദേശിക ഭാഷയിൽ ഇത് സെയിന്റ്പൊളൂർ എന്നും ഇന്നത്തെ സാമ്പാളൂർ എന്നും ആയി മാറി).

1553-ൽ കൊച്ചി രൂപത സ്ഥാപിക്കുകയും ഗോവാ അതിരൂപതയുടെ കീഴിലാക്കുകയും ചെയ്തെങ്കിലും സുറിയാനിക്കാർ അങ്കമാലി രൂപതയുടെ (അകത്തോലിക രൂപത) കീഴിൽ തന്നെ സ്വതന്ത്രമായി പ്രവത്തിച്ചു. ഇത് പോർട്ടുഗീസുകാർക്ക് അത്ര ഇഷ്ടമായിരുന്നില്ല. അങ്ങനെയിരിക്കെ അങ്കമാലി മെത്രൊപ്പോലീത്തയായിരുന്ന മാർ ആബ്രഹാം കാലം ചെയ്തു. ഇത് അവസരപ്പെടുത്തി ഗോവ മെത്രൊപ്പോലീത്തയായിരുന്ന ഡോ. അലെക്സിയൂസ് ഡെ മെനസിസ് ഉടനെ കേരളത്തിലെത്തി അങ്കമാലി യെ ഗോവയ്ക്കു കീഴിൽ കൊണ്ടുവരുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. [3] എന്നാൽ പാരമ്പര്യമനുസരിച്ച് അങ്കമാലി രൂപതയുടെ ഭരണം ഗീവർഗ്ഗീസ് ആർച്ച് ഡീക്കൺ ഏറ്റിരുന്നു. അദ്ദേഹം ഗോവ മെത്രൊപ്പോലീത്തയുടെ മേലധികാരം സമ്മതിക്കാൻ തയ്യാറായില്ല. എന്നാൽ മെനസിസ് അദ്ദേഹത്തെ തന്ത്രപൂർവ്വം തന്റെ വാസസ്ഥലത്തുവച്ച് ഒരു രേഖയിൽ ഒപ്പിടുവിച്ചു. അന്ത്യോക്യായിലെ പാത്രിയാർക്കീസുമായി ബന്ധം വിടുവിക്കുന്നതിന്റെ രേഖയായിരുന്നു അത്. അന്ന് കത്തോലിക്കാ വിഭാഗത്തിന്റെ തലവൻ മാർ ശെമയോനും[4] നെസ്തോറിയൻ വിഭാഗത്തിന്റേത് മാർ ഏലിയാസുമായിരുന്നു. എന്നാൽ ബാബേലിലെ എല്ലാവരും നെസ്തോറിയന്മാരാണെന്നും കത്തോലിക്കരല്ലെന്നും വരുത്തിത്തീർക്കാനുള്ള ശ്രമമായിരുന്നു മെനസിസിന്റേത്. ഇത് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളെ അസംതൃപ്തരാക്കിയ സംഭവമായിരുന്നു. അർക്കദിയാക്കോൻ, മെനസിസിന്റെ കയ്യിലെ പാവ മാത്രമായിത്തീർന്നിരുന്നു.

ഉദയംപേരൂർ സുന്നഹദോസ്[തിരുത്തുക]

Church in kerala.jpg

താമസിയാതെ ഡൊം മെനസിസ് മെത്രോപൊലീത്ത ഉദയം‍പേരൂർ സുന്നഹദോസ് (Synod of Diamper) വിളിച്ചു കൂട്ടി. ഇന്ത്യയിലെ ആദ്യത്തെ സുന്നഹദോസ് ഇതായിരുന്നു. [5] എങ്കിലും ഇതിന് മാർപാപ്പയുടെ അംഗീകാരം ഇല്ലായിരുന്നു. ആർച്ച് ഡീക്കനും 660 അൽമായ പ്രതി പുരുഷന്മാരും 153 കത്തനാർമാരും സുറിയാനികളെ പ്രതിനിധാനം ചെയ്തു. തങ്ങളുടെ പരമ്പരാഗതമായ ആചാരങ്ങളിൽ ചിലതെല്ലാം നെസ്തോറിയനാണെന്ന് വരുത്തിത്തീർക്കുകയും അതിനു പകരം ലത്തീൻ ആരാധനാക്രമങ്ങൾ അടിച്ചേൽപ്പിക്കുകയും പാഡ്രുവാഡോ ഭരണത്തിൻ കീഴിൽ അവരെയല്ലാം കൊണ്ടു വരികയായിരുന്നു സുന്നഹദോസിന്റെ ലക്ഷ്യം

പത്തുമാസം കേരളത്തിൽ ചുറ്റി സഞ്ചരിച്ച് ചരിത്ര രേഖകളും പാരമ്പര്യ ഗ്രന്ഥങ്ങളും മറ്റും നശിപ്പിച്ച് ‍മെനസിസ് ഗോവയിലേയ്ക്ക് തിരിച്ചു പോയി.[6] അങ്കമാലി രൂപത പോർട്ടുഗീസുകാരുടെ കീഴിലായി. എന്നാൽ കേരളത്തിലെ നസ്രാണികൾ ഈ നടപടിയിൽ ക്ഷുഭിതരായിരുന്നു. 1632-ൽ സുറിയാനിക്കാർ ഇടപ്പള്ളിയിൽ വച്ച് ഒരു മഹാ സമ്മേളനം വിളിച്ചു കൂട്ടി. സുറിയാനിക്രമങ്ങൾക്കു പകരം ലത്തീൻ ആരാധനാക്രമങ്ങൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നതിനെതിരായി യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഈശോ സഭക്കാരെ തങ്ങളുടെ ദേവാലയങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും അർക്കദിയാക്കോന്റെ ഒപ്പ് ഉണ്ടെങ്കിൽ മാത്രമേ മെത്രോപ്പൊലീത്തായുടെ കല്പന അനുസരിക്കേണ്ടതുള്ളു എന്നും മറ്റും യോഗം തീരുമാനിച്ചു. ഇത് പോർട്ടുഗൽ രാജാവിനേയും മാർപാപ്പയുടെ പ്രതിനിധിയേയും അറിയിച്ചു.

കലാപം[തിരുത്തുക]

1650-ൽ തോമ്മാ ആർച്ച് ഡീക്കൻ അന്ത്യോക്ക്യയിലെ സുറിയാനി പാത്രിയാർക്കീസിനോടും അലക്സാണ്ട്രിയയിലെ കോപ്റ്റിക് പാത്രിയാർക്കീസിനോടും തങ്ങളെ ഭരിക്കുന്നതിന് ഒരു മെത്രാനെ അയച്ച് തരണമെന്ന് അഭ്യർത്ഥിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോൾ ഇഗ്നാത്തിയൂസ് അഹത്തുള്ള എന്ന മെത്രാൻ ഇതനുസരിച്ച് മൈലാപ്പൂരിൽ എത്തി. ഇദ്ദേഹം അന്ത്യോക്യ പാത്രിയാർക്കീസ് ആയിരുന്നു എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. അദ്ദേഹം കേരളത്തിലെ മാർ തോമാ നസ്രാണികൾക്ക് അവരെ ഭരിക്കുന്നതിന് അന്ത്യോക്യായിൽ നിന്ന് ലഭിച്ച അധികാരത്തോട് കൂടെ അദ്ദേഹം എത്തിയിരിക്കുന്നെന്നും രണ്ടു പട്ടക്കാരും നാല്പതു വൈദികരും കൂടെ മൈലാപ്പൂറിൽ നിന്ന് അദ്ദേഹത്തെ ക്രമപ്രകാരം ആനയിച്ച് കൊണ്ടുവരണമെന്നും സന്ദേശം അയച്ചു. ഇതറിഞ്ഞ സുറിയാനികൾ ആഹ്ലാദഭരിതരായി സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. പോർട്ടുഗീസുകാർ മൈലാപ്പൂരിൽ വച്ച് അഹത്തുള്ളയെ ബന്ധനസ്ഥനാക്കി. ഇതിനിടയ്ക്ക് മൈലാപ്പൂരിലേയ്ക്ക് തീർത്ഥാടനത്തിന് പോയ ഇട്ടി എന്നും കുര്യൻ എന്നും അറിയപ്പെടുന്ന രണ്ട് ശെമ്മാശന്മാർ അഹത്തുള്ളയെ കാണണനിടയാകുകയും മാർത്തോമാ ഒന്നാമനെ മലങ്കര സഭയുടെ എപ്പിസ്കോപ്പയായി താൽകാലികമായി വാഴിച്ചു കൊണ്ടുള്ള ‘സ്താത്തിക്കോൻ‘ വാങ്ങുകയും ചെയ്തു. ഇതിനുശേഷം അഹതുള്ളയെ കൊച്ചിയിലേയ്ക്ക് പോർട്ടുഗീസുകാർ കോണ്ടുവന്നു കോട്ടയിൽ പാർപ്പിച്ചു. ഇതറിഞ്ഞ് ആർച്ച ഡീക്കനും അനേകം വൈദികരും ആയിരക്കണക്കിന് നസ്രാണികളും കൂടി കൊച്ചിയിലെത്തി അഹത്തുള്ളയെ കാണുന്നതിനും അദ്ദേഹത്തിന്റെ അധികാരപത്രങ്ങൾ പരിശോധിക്കുന്നതിന് അനുവദിക്കണമെന്നും രേഖാമൂലം ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെടുകയും. ഇതിനുശേഷം അഹത്തുള്ളയെ ഗോവയിലേയ്ക്ക് കൊണ്ടുപോകുകയും തീവയ്ച്ച് കൊല്ലുകയോ കടലിൽ മുക്കിക്കൊല്ലുകയോ ചെയ്തു. ക്ഷുഭിതരായ സുറിയാനികൾ മാർത്തോമ്മാ ഒന്നാമന്റെയും ആഞ്ഞിലിമൂട്ടിൽ ഇട്ടിത്തൊമ്മൻ കത്തനാരുടേയും നേതൃത്വത്തിൽ കൊച്ചികോട്ടയിലേയ്ക്ക് ജാഥ നടത്തി.[7] ഒരുകൂട്ടർ കോട്ട വാതിൽ തകർത്തു. പോർട്ടുഗീസുകാർ ആയുധങ്ങൾ ഉപയോഗിച്ച് ചെറുത്തു, പിനീട് അവർ കൂട്ടം ചേർന്നു മട്ടാഞ്ചേരിയിലെ പഴയ കുരിശിന്റെ മുൻപിൽ കൂട്ടം ചേർന്ന് കുരിശിൽ തൊട്ട്‌ പ്രതിജ്ഞയെടുക്കുവാൻ തീരുമാനിച്ചു. എന്നാൽ എല്ലവർക്കും ഒരേ സമയം കുരിശിൽ തൊടാൻ കഴിയാത്തതിനാൽ കുരിശിൽ ആലാത്തുകെട്ടി അതിൽ പിടിച്ചു സത്യം ചെയ്തു. ‘മേലാൽ ഈ വർഗ്ഗമുള്ള കാലത്തോളം സാമ്പാളൂർ പാതിരിമാരുടെ കീഴിൽ ഇരിക്കുകയില്ലയില്ല ’ എന്നായിരുന്നു ആ ചരിത്ര വാചകം [8]. സത്യം ചെയ്യുന്നതിനടയിൽ വിശ്വാസികൾ വലിക്കുന്ന ശക്തിയാൽ കുരിശു വളഞ്ഞു പോയി. ഈ സംഭവം കൂനൻ കുരിശു പ്രതിജ്ഞ എന്ന പേരിൽ പിന്നീട് അറിയപ്പെട്ടു.

കൂനൻ കുരിശിനു ശേഷം[തിരുത്തുക]

കൂനൻ കുരിശു സത്യം മാർപാപ്പയുടെ സർവ്വാധിപത്യത്തിനെതിരായിട്ടായിരുന്നു എന്ന് വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ശരിയല്ല എന്നാണ് ചില കത്തോലിക്കാ ആഭിമുഖ്യമുള്ള ചരിത്രകാരന്മരും മതസന്ന്യാസികളും വിശ്വസിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ അത് മുഖ്യമായും പോർട്ടുഗീസുകാർക്കും അവരുടെ വക്താക്കളായ ഈശൊ സഭക്കാർക്കുമെതിരായിരുന്നു. അന്നത്തെ ക്രിസ്ത്യാനികൾ പാപ്പായുടെ അധികാരം അംഗീകരിച്ചു കൊടുത്തിരുന്നില്ല എന്നതും സുവിദമാണ്. ഡോ. ക്ലോഡിയസ് ബുക്കാനൻ അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്. [9]

കൂനൻ കുരിശിനു ശേഷം ആലങ്ങാട്ടു ഒരു മഹായോഗം കൂടി [10] നെസ്തോറിയൻ ആണെന്ന് ആക്ഷേപിക്കപ്പെട്ട അവരുടെ വ്രണിത വികാരം അവസാനം ഒരു പ്രമേയം പാസ്സാക്കി അതിൽ ഇപ്രകാരം പറയുന്നു.

നാം പാഷാണ്ഡരാണെന്ന് പറഞ്ഞുകൊള്ളട്ടേ. ആകയാൽ ഇവിടെ കൂടിയിരിക്കുന്ന നാം നിശ്ചയിച്ചിരിക്കുന്നതെന്തെന്നാൽ അവർ മാർപ്പാപ്പയുടെയും വിശുദ്ധമാതാവായ റോമ്മാസഭയുടെയും നമ്മുടെ അധ്യക്ഷന്റെയും കല്പന വകവക്കാതിരുന്നതുകൊണ്ടും, പൗലീസ്തപുരോഹിതന്മാർ നമ്മുടെയും നമ്മുടെ മാതാവായ റോമ്മാസഭയുടെയും ശത്രുക്കളായിരിക്കുന്നതുകൊണ്ടും, പാതിയാർക്കീസിനെ നമ്മുടെ കണ്ണുകൊണ്ട് കാണുന്നതുവരെ നാം അവരോട് സ്നേഹത്തിലിരിക്കേണ്ടതല്ല. ആ സന്ന്യാസ സമൂഹത്തിന്റെ കല്പന നാം ശ്രദ്ധിക്കേണ്ടതുമല്ല.

പിന്നീട് അവർ ആലങ്ങാട്ട് വച്ച് പന്ത്രണ്ട് വൈദികർ കൂടി അന്നത്തെ ആർച്ച് ഡീക്കനെ സുറിയാനിക്കാരുടെ മെത്രാനായി വാഴിച്ചു. ആചാരപരമായി ഇത് തെറ്റായിരുന്നു. ഒരു മെത്രാനുമാത്രമേ മറ്റൊരു വൈദികനെ മെത്രാനായി വാഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. എന്നാൽ നസ്രാണികളുടെ ക്ഷമ അത്രയ്ക്കും നശിച്ചു പോയിരുന്നു. പക്ഷെ അത്കൊണ്ടുതന്നെ തോമാ അർക്കദിയാക്കോൻ അധികാരപരമായ മെത്രാന്റെ ഉത്തരവാദിത്തങ്ങൾ മാത്രമേ നിർവഹിച്ചിരുന്നുള്ളു. അദ്ദേഹം ആത്മീകമായ കാര്യങ്ങൾ ചെയ്തിരുന്നില്ല. അന്നു വാഴിക്കപ്പെട്ട തോമാ ആർച്ച് ഡീക്കനാണ് പിന്നീട് ഒന്നാം മാർത്തോമ എന്നറിയപ്പെട്ടത്. ഇട്ടിത്തൊമ്മൻ കത്തനാരായിരുന്നു ഈ നടപടികളുടെ പ്രധാന പ്രചോദകൻ.

വിവരങ്ങൾ കേട്ടറിഞ്ഞ് ഗോവയിൽ നിന്ന് അന്വേഷണ സംഘം (inquisition) ഒരു കമ്മീഷനെ കേരളത്തിലേയ്ക്ക് അയച്ചു. അവർ ഒന്നാം മാർത്തോമ്മായേയും അനുയായികളെയും അനുനയിപ്പിക്കാൻ ഒരു ശ്രമം നടത്തി. ശരിയായ കൈവയ്പില്ലാതെ മെത്രാൻ പട്ടം സ്വീകരിച്ചതായും അധികാരവും വേഷവും ഉപയോഗിച്ചതായും ഒന്നാം മാർത്തോമ്മാ സമ്മതിച്ചു. കമ്മീഷൻ മറ്റൊരാളെ ബദൽ ആർച്ച് ഡീക്കനായി കോണ്ടുവന്നു. ഇതോടെ സുറിയാനികളുടെ ഇടയിലുള്ള പിളർപ്പ് പൂർത്തിയായി. പിന്നീട് വന്ന മാർ ജോസേപ് സെബസ്തീനി കൊടുങ്ങല്ലൂർ മെത്രാസനത്തിലിരുന്നു കൊണ്ട് മാർത്തോമ്മായുടെ കൂടെ പോയ പലരെയും തിരിച്ചു കോണ്ടുവന്നു. 30 പള്ളികൾ മാത്രം മാർത്തോമ്മായുടെ പക്ഷത്തു അവശേഷിച്ചു.

മാർത്തോമ്മാ തനിക്ക് ശരിയായ കൈവയ്പ് അഭിഷേകം ലഭിക്കാനായി പലസ്ഥലങ്ങളിലേയ്ക്കും എഴുത്തുകുത്തുകൾ നടത്തിവരികയായിരുന്നു. പോർത്തുഗീസുകാർക്ക് കടൽ വാണിരുന്നതിനാൽ അത് പ്രയാസമായിരുന്നു. എന്നാൽ അവസാനം 1665-ൽ പാലസ്തീനിൽ നിന്ന് യെരുശലേമിന്റെ മെത്രാപ്പൊലിത്ത എന്ന പദവി ഉള്ള മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ എന്ന സുറിയാനി ഓർത്തഡോക്സ് മെത്രാൻ കേരളത്തിൽ വന്നു. അദ്ദേഹത്തിന്റെ കൈവശം മാർത്തോമ്മായുടെ അധികാരം ഉറപ്പിക്കാൻ ഉള്ള അന്ത്യോക്യാ പാത്രിയാർക്കിസിന്റെ അനുമതിപത്രം ഉണ്ടായിരുന്നു. അദ്ദേഹത്തിലൂടെ മാർത്തോമാ തനിക്ക് വേണ്ടിയിരുന്ന കൈവെയ്പ് നേടി. എന്നാൽ ഇതിന് ശേഷം ഇങ്ങനെ കത്തോലിക്ക വിശ്വാസത്തിൽ നിന്നും തിരിച്ചു വന്നവരെ പുത്തൻ‌കൂറുകാർ എന്ന് കേരളത്തിലെ കത്തോലിക്കർ വിളിച്ചു തുടങ്ങി. അവർ സ്വയം പഴയകൂറുകാർ എന്നും വിളിച്ചു. [11]

അവലംബം[തിരുത്തുക]

 1. http://kottayamad.org/knanaya-history/
 2. ജോസഫ് പുലിക്കുന്നേൽ; കേരള ക്രൈസ്തവ ചരിത്രം- വിയോജനക്കുറിപ്പുകൾ, ഭാരതീയ ക്രൈസ്തവ പഠനകേന്ദ്രം. 1999
 3. എൻസൈക്ലോപീഡിയ ബ്രീട്ടാനിക്കയിൽ ഉദയം‍പേരൂർ സുന്നഹദോസിനെക്കുറിച്ചുള്ള ഭാഗം
 4. നെസ്റ്റോറീയൻ പാത്രിയാർക്കുകളെപറ്റി
 5. http://www.synodofdiamper.com/synod.php
 6. St. Mor Gregorios Abdul'Galeel, unknown date. Unknown, M. മോർ ഗ്രീഗോറിയോസിനെ പറ്റിയെഴുതിയ ലേഖനം
 7. http://www.gsbkerala.com/christ/christian.htm#coonan
 8. പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982
 9. ഡോ. ക്ലോഡിയസ് ബുക്കാനൻ, ഡോ. കുരിയാക്കോസ് കോർഎപ്പിസ്ക്കോപ്പ മൂലയിൽ; Four Historic Documents; മോർ ആദായ് സ്റ്റഡി സെന്റർ . 2002
 10. വർഗീസ് അങ്കമാലി, ഡോ. ജോമോൻ തച്ചിൽ; അങ്കമാലി രേഖകൾ; മെറിറ്റ് ബുക്സ് എറണാകുളം. 2002
 11. ലെസ്ലി, ബ്രൌൺ (1956). ദ ഇന്ത്യൻ ക്രിസ്ത്യൻസ് ഓഫ് സെന്റ്. തോമസ്. കേംബ്രിഡ്ജ് സർവ്വകലാശാല പ്രസ്സ. 
"https://ml.wikipedia.org/w/index.php?title=കൂനൻ_കുരിശുസത്യം&oldid=2380956" എന്ന താളിൽനിന്നു ശേഖരിച്ചത്