കായംകുളം ഫിലിപ്പോസ് റമ്പാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1811-ലെ ബൈബിൾ വിവർത്തനയത്നത്തിൽ പ്രമുഖസ്ഥാനം വഹിച്ച സഹകാരിയാണ് കായംകുളം ഫിലിപ്പോസ് റമ്പാൻ. റമ്പാൻ ബൈബിൾ എന്ന പേരിൽ അറിയപ്പെട്ട ഈ ഗ്രന്ഥം മലയാളത്തിലെ ആദ്യത്തെ ഗദ്യപുസ്തകങ്ങളിലൊന്ന് എന്ന നിലയിലും പ്രസക്തമാണ്.[1]

ജീവിതരേഖ[തിരുത്തുക]

കായംകുളം മണങ്ങനഴികത്ത് കുടുംബത്തിൽ ഫിലിപ്പോസിന്റെയും ആച്ചിയമ്മയുടെയും മകനായിട്ടാണ് ജനനം. ഫിലിപ്പോസ് റമ്പാന്റെ കഴിവും പാണ്ഡിത്യവും കണ്ടറിഞ്ഞ ആറാം മാർത്തോമ്മാ വലിയ മാർ ദീവന്നാസിയോസ് തന്റെ സെക്രട്ടറിയായി ഫിലിപ്പോസ് കത്തനാരെ നിയമിച്ചു. 1794 ഏപ്രിൽ 18-ന് ആറാം മാർത്തോമാ, വിദേശ മെത്രാൻ മാർ ഈവാനിയോസ് തിരുമേനിയുടെ സഹകാർമ്മികത്വത്തിൽ മാവേലിക്കരയിൽ വെച്ച് ഇദ്ദേഹത്തിന് റമ്പാൻ സ്ഥാനം നൽകി.

സുറിയാനി ഭാഷയിൽ പ്രാവീണ്യം നേടിയതിനൊപ്പം വിജ്ഞാന ദാഹിയായ ഇദ്ദേഹം പ്രാചീനവും പ്രശസ്തവുമായ വിവിധ മല്പാൻ പാഠശാഖകൾ സന്ദർശിക്കുകയും താളിയോലകളും ചുരുളുകളും ശേഖരിച്ച് പഠനവിധേയമാക്കി വിശുദ്ധ വേദപുസ്തകം പകർത്തി എഴുതി. സഭയിൽ സന്ദർശനത്തിനെത്തുന്ന വിദേശീയർക്കും സ്വദേശീയർക്കും കാര്യങ്ങൾ പറഞ്ഞു കൊടുക്കാനുള്ള ചുമതലയും ഇദ്ദേഹത്തിനായിരുന്നു. മെക്കാളെ, ബുക്കാനൻ, മാർ ഈവാനിയോസ് തുടങ്ങി നിരവധി ആളുകളുമായി ഫിലിപ്പോസ് റമ്പാന് ബന്ധം ഉണ്ടായിരുന്നുവെന്നും തെളിവുകൾ സാക്ഷ്യപ്പെടുത്തുന്നു.

റമ്പാൻ ബൈബിളിന്റെ ഒരു പകർപ്പ്

ഏഴാം മാർത്തോമ്മായുടെ കാലത്തും റമ്പാൻ സെക്രട്ടറിയായി തുടർന്നു. എട്ടാം മാർത്തോമ്മയുടെ സെക്രട്ടറിയായി നിയമതിനായെങ്കിലും ആ പദവിയിൽ തുടർന്നില്ല. വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് തീർത്ഥാടകനായി ശിഷ്ടകാലം ചെലവഴിച്ചു. അവസാന കാലത്ത് ഇദ്ദേഹം അടൂർ കണ്ണങ്കോട് സെന്റ് തോമസ് പള്ളിയിലായിരുന്നു താമസിച്ചിരുന്നത്. റമ്പാൻ ഫിലിപ്പോസ് 1811-ൽ അന്തരിച്ചു, അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ മലങ്കര ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ കണ്ണംകോട് കത്തീഡ്രലിൽ (കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ) സംസ്കരിച്ചു, ഇത് ഇന്ത്യയിലെ കേരളത്തിലെ അടൂരിലെ പ്രമുഖ ആരാധനാലയങ്ങളിലൊന്നാണ്.

അവലംബം[തിരുത്തുക]

  1. "ഫിലിപ്പോസ് റമ്പാൻ; വേദപുസ്തകത്തിന്റെ മലയാളവഴി തുറന്ന പുണ്യജീവിതം". മാതൃഭൂമി. സെപ്റ്റംബർ 23, 2012. Retrieved സെപ്റ്റംബർ 25, 2012.[പ്രവർത്തിക്കാത്ത കണ്ണി]